പല കാരണങ്ങളാല്‍ വളരേറെ തെറ്റിധരിക്കപ്പെട്ട ഒരു വാക്കാണ് സ്വകാര്യത. ശരിക്കും എന്താണ് സ്വകാര്യത?
തന്നെ മറ്റാരെങ്കിലുമോ, സ്ഥാപനങ്ങളോ, സര്‍ക്കാരോ നിരീക്ഷിക്കുന്നില്ല എന്ന് ഒരു വ്യക്തിക്ക് സ്വയം തോന്നുന്ന ബോധമാണ് സ്വകാര്യത. അതായത് വ്യക്തിയുടെ പ്രവര്‍ത്തിയല്ല അവിടെ പരിശോധിക്കപ്പെടുന്നത്. വ്യക്തിക്ക് പുറത്തുള്ള എല്ലാറ്റിനേയും ആണ് പരിഗണിക്കുന്നത്. വ്യക്തിക്ക് പുറത്തുള്ളത് എന്നത് മറ്റ് വ്യക്തികളോ, പോലീസോ, cia, nsa പോലുള്ള വിദേശ രഹസ്യാന്വേഷണ സ്ഥാപനങ്ങളോ, ഫേസ്‌ബുക്ക്, ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍ പോലുള്ള കോര്‍പ്പറേറ്റുകളോ ആകാം.
ഉദാഹരണത്തിന് ഒരു ബസിലിരുന്ന് ഒരു സ്ത്രീ കുട്ടിയെ മുലയൂട്ടുന്നു എന്ന് കരുതുക. തന്നെ ആരും തുറിച്ച് നോക്കില്ല എന്ന് ആ സ്ത്രീക്ക് തോന്നുന്ന വിശ്വാസമാണ് അവരുടെ സ്വകാര്യത. നിങ്ങള്‍ കമ്പ്യൂട്ടറില്‍ ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോള്‍ ആരും ആ പ്രവര്‍ത്തി ട്രാക്ക് ചെയ്യുന്നില്ല എന്ന ഉറപ്പാണ് സ്വകാര്യത. എന്നാല്‍ ആരെങ്കിലും അത് തെറ്റിച്ചാലോ? അപ്പോള്‍ വ്യക്തിയുടെ സ്വകാര്യത നഷ്ടപ്പെട്ടു എന്നും സ്വകാര്യത ലംഘിച്ച വ്യക്തിയോ, സ്ഥാപനമോ, സര്‍ക്കാരോ കുറ്റവാളിയായി മാറുകയും ചെയ്യും.
പക്ഷേ അധികാരികള്‍ അവരുടെ ഗുണത്തിനായി ഈ ആശയത്തെ നേരെ തിരിച്ചിട്ടാണ് ഇന്ന് പ്രചാരവേല നടത്തുന്നത്. ഒരു വ്യക്തിക്ക് മറ്റുള്ളവരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും മറച്ച് വെക്കുന്നതിനെയാണ് സ്വകാര്യതയായി അവര്‍ മുഖ്യധാരയില്‍ പ്രചരിപ്പിക്കുന്ന ആശയം. അത് തട്ടിപ്പ് ആശയമാണ്. നേരത്തെ പറഞ്ഞ സ്വകാര്യത ലംഘിക്കുന്ന കുറ്റവാളികള്‍, അവര്‍ക്ക് പകരം നമ്മേ കുറ്റവാളിയാണെന്ന് വരുത്തിത്തീര്‍ക്കാനും, അവരുടെ പ്രവര്‍ത്തികള്‍ക്ക് ന്യായീകരണം ഉണ്ടാക്കാനും വേണ്ടിയുണ്ടാക്കിയ കുതന്ത്രമാണ് അത്. മാധ്യമങ്ങളും ബുദ്ധിജീവികളും മറ്റ് സെലിബ്രിറ്റികളും എല്ലാം അത് ആവര്‍ത്തിക്കുകയാണ് പതിവ്. അത് വിശ്വസിക്കരുത്.
സ്വകാര്യതയും രഹസ്യവും
നിങ്ങള്‍ എന്തെങ്കിലും മറച്ച് വെക്കുന്നുണ്ടെങ്കില്‍ അത് രഹസ്യം അല്ലേ? അതിനെ രഹസ്യം എന്നല്ലെ വിളിക്കേണ്ടത്.
എന്നാല്‍ രഹസ്യത്തേയും സ്വകാര്യതേയും കൂട്ടികുഴക്കുന്നത് അധികാരികളുടെ ഈ തട്ടിപ്പാണ്. ഈ രണ്ട് വാക്കിലും ഒരു പ്രതിയും ഒരു വാദിയും ഉണ്ട്. സ്വകാര്യതയുടെ കാര്യത്തില്‍ വാദി എന്നത് വ്യക്തിയാണ്. പ്രതി എന്നത് ആ വ്യക്തിയെ നിരീക്ഷിക്കുന്ന വ്യക്തികളും, സ്ഥാപനങ്ങളും, സര്‍ക്കാരുകളും ആണ്. എന്നാല്‍ രഹസ്യത്തിലോ? രഹസ്യത്തില്‍ വ്യക്തി പ്രതിയാകുന്നു. മറ്റുള്ളവരാണ് വാദികളാകുന്നത്. അതായത് അയാള്‍ എന്തോ മറച്ച് വെക്കുന്നു. എത് എന്തോ കുഴപ്പമാണ് അതുകൊണ്ട് പരിശോധിക്കണം എന്നാകുന്നു വാദം. രഹസ്യത്തേയും സ്വകാര്യതേയും കൂട്ടികുഴക്കുന്നത് വഴി കുറ്റവാളികളായ അധികാരികള്‍ക്ക് ഈ ഗുണം കിട്ടുന്നു.
സ്വകാര്യതയുടെ കാര്യത്തില്‍ വ്യക്തി ചെയ്യുന്നതിനെ പരിഗണിക്കുന്നതേയില്ല. വ്യക്തിക്ക് പുറത്താണ് ശ്രദ്ധ. നിങ്ങള്‍ ചെയ്യുന്നത് രഹസ്യമായാലും പരസ്യമായാലും രണ്ടിനും സ്വകാര്യത ബാധകമാണ്. രഹസ്യം അങ്ങനെ അല്ലല്ലോ. അത് രഹസ്യമായി തന്നെ ഇരുന്നാലേ അങ്ങനെ വിളിക്കാനാകൂ. പരസ്യമായി ചെയ്യുന്നതിനെ ആരും രഹസ്യം എന്ന് വിളിക്കില്ലല്ലോ.
ഒന്നും മറച്ചുവെക്കാനില്ലാത്ത ഒന്നുമല്ലാത്തവര്‍
നട്ടെല്ലില്ലാത്ത താനാരാണെന്ന് അറിയാത്ത ഒരു കൂട്ടം മനുഷ്യരുണ്ട്. അവര്‍ പറയുന്നത് അവര്‍ക്ക് മറച്ച് വെക്കാനൊന്നുമില്ല. രഹസ്യങ്ങളില്ല. എന്നൊക്കെയാണ്. എങ്കില്‍ അവര്‍ അവരുടെ എല്ലാ ഓണ്‍ലൈന്‍ അകൌണ്ടുകളും പാസ്‌വേഡുകളും പ്രസിദ്ധീകരിക്കാമോ? എല്ലാം വേണം. ഈ പറഞ്ഞ ആരും ഒരിക്കലും അത് ചെയ്യുന്നായി കണ്ടിട്ടില്ലാ.
നാം ജനിച്ച കാലം മുതല്‍ മരണം വരെ നമ്മോടൊപ്പമുള്ള ഒരു കാര്യമാണ് നമ്മുടെ സ്വകാര്യത. നമ്മുടെ ചിന്തകള്‍ നമ്മുടെ സ്വകാര്യതയാണ്. കടയില്‍ പോയി സാധനം വാങ്ങുമ്പോള്‍ നമ്മുടെ മനസിലൂടെ പോകുന്ന ചിന്തകള്‍ കടക്കാരന് അറിയാന്‍ കഴിഞ്ഞാല്‍ അവന്‍ ചിലപ്പോള്‍ വില വര്‍ദ്ധിപ്പിക്കും. നാം ഒരു ആശയ പ്രകടനം നടത്തുന്നിന് മുമ്പ് എപ്പോഴും നമ്മുടെ മനസില്‍ അതിനെക്കുറിച്ച് ആലോചിച്ചിട്ടാണ് അത് അവതരിപ്പിക്കുന്നത്. പുറത്തിറങ്ങുന്നതിന് മുമ്പ് ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് വീഡിയോ എടുക്കുമ്പോള്‍ ഏതൊക്കെ ഭാഗങ്ങള്‍ മുറിച്ച് മാറ്റണണെന്ന് തീരുമാനിക്കുന്നത് അതെല്ലാം സ്വകാര്യതയാണ്.
നിങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നു എന്ന തോന്നല്‍ നിങ്ങളിലുണ്ടായാല്‍ പിന്നെ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സ്വതന്ത്രമായി അല്ലായിരിക്കും. നിങ്ങള്‍ വീട്ടില്‍ ഇരുന്ന് കുടുംബാംഗങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു അതിഥി വന്നാല്‍ പെട്ടെന്ന് തന്നെ നിങ്ങളുടെ ഭാവം, വേഷം, സംഭാഷണം ഒക്കെ മാറും. ഓഫീസിലെ ക്യാന്റീനില്‍ സുഹൃത്തുക്കളുമായി ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ പരിചയക്കാരനായ മറ്റൊരാള്‍ കൂടെ ചേര്‍ന്നാല്‍ പിന്നെ നിങ്ങള്‍ മുമ്പത്തെ പോലെ സ്വതന്ത്രമായി സംസാരിക്കില്ല.
വേറൊരാള്‍ നിരീക്ഷിക്കുന്നു എന്ന തോന്നല്‍ നമ്മുടെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. മൂന്നാമന്റെ സാന്നിദ്ധ്യമോ സാന്നിദ്ധ്യമുണ്ടെന്ന തോന്നലോ നമ്മുടെ സ്വകാര്യത ഇല്ലാതാക്കുന്നതുകൊണ്ടാണിത്.
ജയിലിലെ തടവുകാരെ അനുസരണയുള്ളവാരാക്കാനും നിയന്ത്രിക്കാനും ജയിലിന്റെ നടുവില്‍ കൂറ്റന്‍ നിരീക്ഷണ ഗോപുരം നിര്‍മ്മിക്കുന്ന പദ്ധതി വളരെ ഫലപ്രദമായിരുന്നു. എപ്പോഴും തങ്ങളെ ആരോ നിരീക്ഷിക്കുന്നുണ്ട് എന്ന തോന്നല്‍, ശരിക്കും നിരീക്ഷിക്കണണെന്നില്ല, തടവുകാരെ അനുസരണയുള്ളവരാക്കി. അധികാരികള്‍ക്കും അനുസരണയുള്ള പ്രജകളെയാണ് വേണ്ടത്. ആരെങ്കിലും നിങ്ങളെ നിരീക്ഷിക്കുമ്പോള്‍ നിങ്ങളുടെ പ്രവര്‍ത്തികള്‍ ചുരുങ്ങും.
സ്വകാര്യതയാണ് ജനാധിപത്യത്തിന്റെ അടിത്തറ
നമ്മുടെ സാമൂഹ്യ ജീവിതത്തിന്റേയും നിലനില്‍പ്പിന്റേയും അടിസ്ഥാനം സ്വകാര്യതയാണ്. താല്‍ക്കാലികമായ അല്‍പ്പം സുരക്ഷിതത്വത്തിന് വേണ്ടി സ്വകാര്യതയെ ബലികഴിക്കുന്നവര്‍ക്ക് ഭാവിയില്‍ രണ്ടും കിട്ടില്ല. കാരണം സുരക്ഷിതത്വത്തിന്റേയും അടിസ്ഥാനം സ്വകാര്യതയാണ്. അഭിപ്രായ സ്വാതന്ത്ര്യം വരുന്നത് സ്വകാര്യതയില്‍ നിന്നാണ്. ഭരണഘടന നല്‍ക്കുന്ന എല്ലാ അവകാശങ്ങളുടേയും അടിസ്ഥാനം സ്വകാര്യതയാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് മറച്ച് വെക്കാനൊന്നുമില്ലെങ്കില്‍ നിങ്ങള്‍ ഒന്നുമല്ല.
അപ്പോള്‍ വ്യക്തിക്ക് സ്വകാര്യത കൊടുത്താല്‍ പിന്നെ അയാള്‍ കുറ്റകരമായ എന്തോ രഹസ്യം ചെയ്താലെന്ത് ചെയ്യും?
ഇത് പുതിയ കാര്യമൊന്നുമല്ല. പണ്ടുതൊട്ടേ അധികാരികള്‍ അതിന് പരിഹാരം കണ്ടിരുന്നു. അത്തരത്തിലെ സംശയം തോന്നുമ്പോള്‍ സര്‍ക്കാര്‍ അതിന്റെ ലഭ്യമായ തെളിവുകളും സംശയവും ഒരു ജഡ്ജിയെ ബോധിപ്പിക്കും. ജഡ്ജി അത് പരിശോധിച്ച് ന്യായമാണെന്ന് തോന്നിയാല്‍ ഒരു വാറന്റ് ഇറക്കും. അതിന് ശേഷം സര്‍ക്കാരിന് സംശയത്തിന് കാരണമായ വ്യക്തിയെ രഹസ്യമായി നിരീക്ഷിക്കുകയോ വീട് പരിശോധിക്കുയോ മറ്റോ ചെയ്യുന്നു. ഇത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു രീതിയാണ്.
അതുകൊണ്ട് വീണ്ടും പറയുന്നു, സ്വകാര്യതയും രഹസ്യവും രണ്ടും രണ്ടാണ്. തെറ്റിധരിക്കരുത്. സ്വകാര്യത എന്നാല്‍ ഒരു വ്യക്തിക്ക് തന്നെ മറ്റാരെങ്കിലുമോ, സ്ഥാപനങ്ങളോ, സര്‍ക്കാരോ നിരീക്ഷിക്കുന്നില്ല എന്ന് സ്വയം തോന്നുന്ന ബോധമാണ്, ഉറപ്പാണ്. ആധുനിക ജനാധിപത്യത്തിലെ എല്ലാ പൌരന്‍മാരുടേയും അവകാശവുമാണ് അത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.