“വീര്‍ നാരായണ്‍ സിംഗ്?”, ഛത്തീസ്ഗഢിലെ സോനാഖന് ഗ്രാമത്തിലെ സഹസ്രം കാംവര്‍ പറഞ്ഞു. “അയാള്‍ ഒരു കൊള്ളക്കാരനായിരുന്നു. കുറച്ചുപേര്‍ അയാളെ ഒരു മഹാനാക്കിയിരിക്കുന്നു. ഞങ്ങളല്ല.” ചുറ്റുമുള്ള കുറച്ചുപേര്‍ സമ്മതത്തില്‍ തലയാട്ടുകയും ചെയ്തു. മറ്റു ചിലരും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു.
ഇത് ഹൃദയഭേദകമായിരുന്നു. സോനാഖന് അന്വേഷിച്ച് ഞങ്ങള്‍ കുറച്ചുദൂരത്തുനിന്നും വരികയാണ്. 1850-കളുടെ മദ്ധ്യത്തില്‍ ഛത്തീസ്ഗഢില്‍ നടന്ന ആദിവാസി ലഹളയുടെ സിരാകേന്ദ്രമായിരുന്നു ഇത്. 1857-ലെ മഹാലഹളയ്ക്ക് മുമ്പ് തുടങ്ങിയ ഒന്ന്. അത് ഒരു നാടോടി നായകന് ജന്മംനല്കി.
ഈ ഗ്രാമത്തില്‍ വച്ചാണ് വീര്‍ നാരായണ്‍ സിംഗ് ബ്രിട്ടീഷുകാര്‍ക്കെതിരെ മുന്നേറിയത്.
1850-കളില്‍ ക്ഷാമത്തിന് അടുത്തെത്തിയ അവസ്ഥകള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. അപ്പോള്‍ സോനാഖനിലെ നാരായണ്‍ സിംഗിന് പ്രദേശത്തെ ഫ്യൂഡലുകളെ നേരിടേണ്ടിവന്നു. “അദ്ദേഹം കാരുണ്യം തേടിയില്ല”, മുഖ്യമായും ആദിവാസികള്‍ വസിക്കുന്ന ഈ ഗ്രാമത്തിലെ ഏറ്റവുംമുതിര്‍ന്ന ആദിവാസിയായ ചരണ്‍ സിംഗ് പറഞ്ഞു. നാരായണ്‍ സിംഗിനെപ്പറ്റി കൂടുതല്‍ ഉദാരമായ അഭിപ്രായം പുലര്‍ത്തിയതായി തോന്നിയത് അദ്ദേഹം മാത്രമാണ്.
“അദ്ദേഹം വ്യാപാരികളോടും പ്രഭുക്കന്മാരോടും സംഭരണശാലകള്‍ തുറന്ന് പാവങ്ങള്‍ക്ക് ഭക്ഷണം നല്കാന് ആവശ്യപ്പെട്ടു.” എല്ലാ ക്ഷാമങ്ങളുടെയും കാര്യത്തിലെന്നപോലെ ഇവിടെയും ധാന്യപ്പുരകള്‍ നിറഞ്ഞു തന്നെയിരുന്നു. “ആദ്യത്തെ വിളവ് ലഭിക്കുമ്പോള്‍ ആളുകള്‍ അവര്‍ക്ക് ലഭിച്ച ധാന്യങ്ങള്‍ തിരിച്ചുനല്‍കുമെന്ന് എന്ന് അദ്ദേഹം പറഞ്ഞു. അവര്‍ വിസമ്മതിച്ചപ്പോള്‍ ധാന്യങ്ങള്‍ പിടിച്ചെടുക്കാനും വിതരണം ചെയ്യുന്നതിനുമായി അദ്ദേഹം പാവപ്പെട്ട മനുഷ്യരെകൂട്ടി.” അതെത്തുടര്‍ന്നുണ്ടായ സമരം, ആദിവാസികള്‍ അവരുടെ മര്‍ദ്ദകരെ നേരിട്ടതിനെത്തുടര്‍ന്ന്, പ്രദേശം മുഴുവന്‍ പടര്‍ന്നുപിടിച്ചു.
“1857-ലെ വിപ്ലവത്തിനു വളരെമുന്‍പുതന്നെ സംഘട്ടനം തുടങ്ങി”, ഭോപാലിലെ ബര്കതുള്ള സര്‍വ്വകലാശാലയിലെ പ്രൊഫ. ഹീരാലാല്‍ ശുക്ല പറയുന്നു. എന്നിരിക്കിലും “പിന്നീടിത് 1857-ലെ വിപ്ലവകാരികളുമായി ബന്ധം സ്ഥാപിച്ചു” എന്നും പ്രൊഫ. ശുക്ല പറഞ്ഞു. ഇതിനര്‍ത്ഥം ബോംബെയിലെയും കല്‍ക്കട്ടയിലെയും വരേണ്യവിഭാഗം ബ്രിട്ടീഷുകാരുടെ വിജയത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനായി യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത ഏകദേശ സമയത്താണ് ഛത്തീസ്ഗഢിലെ ആദിവാസികള്‍ ത്യാഗം സഹിച്ചത് എന്നാണ്.
1857-ല്‍ ബ്രിട്ടീഷുകാര്‍ നാരായണ്‍ സിംഗിനെ റായ്പൂരില്‍ തൂക്കിക്കൊന്നു.
സോനാഖന് നിവാസികള്‍ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ത്യാഗങ്ങളെ പരിഹസിക്കില്ല. അവര്‍തന്നെ പല ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. ചെറുകിട കര്‍ഷകനായ ജയ്സിംഗ് പൈക്ര വിശ്വസിക്കുന്നത് “ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തത് ശരിയായിരുന്നുവെന്നാണ്. ഇത് നമ്മുടെ രാജ്യമാണ്.” അദ്ദേഹം കഴിഞ്ഞ 50 വര്‍ഷത്തിന് വലിയമൂല്യം കാണുന്നു, അതില്‍നിന്നും “പാവപ്പെട്ടവര്‍ക്ക് കാര്യമായൊന്നും ലഭിച്ചിട്ടില്ലെങ്കിലും”
“ഏതാണ്ട് 13 വർഷങ്ങൾക്കു മുൻപ് അർജുൻ സിംഗ് വന്നു [തന്റെ ഹെലികോപ്ടറിൽ]”, ചരൺ സിംഗ് ഓർമ്മിച്ചു. അദ്ദേഹം അവിടെ ഒരു ആശുപത്രി തുടങ്ങി. ഈ ഏപ്രിലിൽ അവിടെ വലിയ ആളുകള്‍ കൂടുതലുണ്ടായിരുന്നു [മന്ത്രിമാരായ ഹർവംശ് സിംഗ്, കാന്തിലാൽ ഭൂരിയ, കൂടാതെ വിദ്യാചരൺ ശുക്ലയും]. അവരും ഹെലികോപ്ടറിലാണ് വന്നത്. ഇടയ്ക്ക് മറ്റുചിലരും വന്നു.”
പിന്നെയെന്തായിരുന്നു “വലിയ ആൾക്കാര്“ ഇവിടെത്താന്‍ കാരണം? കൂടാതെ, എന്താണ് അവർ യഥാർത്ഥത്തിൽ ചെയ്തത്?
“അവര്‍ വരുന്ന ഓരോ സമയത്തും ഇങ്ങനെതന്നെ”, പൈക്ര പറഞ്ഞു. “അവർ നാരായൺ സിംഗിനെക്കുറിച്ച് പ്രസംഗിക്കുകയും ഒരു കുടുംബത്തിന് പണവും പാരിതോഷികങ്ങളും നൽകുകയും ചെയ്യും: അദ്ദേഹത്തിന്റെ പിൻഗാമികൾക്ക്.” പക്ഷെ ഞങ്ങൾക്ക് പിൻഗാമികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
“അവർ ഒരിക്കലും ഇവിടെ ഉണ്ടായിരുന്നില്ല. ആർക്കറിയാം, അവർ യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയാണോയെന്ന്”, ചരൺ സിംഗ് പറഞ്ഞു. അവർ പറയുന്നു അവർ ആണെന്ന്. പക്ഷെ അവർ ഗ്രാമത്തിലെ ദേവന്റെ കോവിലിൽ ആരാധിക്കുന്നു പോലുമില്ല.*
“എന്നിരിക്കലും അവരാണ് എല്ലാം നേടുന്നത്”, പൈക്ര പരാതിപ്പെടുന്നു.
മദ്ധ്യപ്രദേശ് സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെ പട്ടികപ്രകാരമുള്ള ഔദ്യോഗിക വാള്യങ്ങൾ പ്രശ്നങ്ങള്‍ നിറഞ്ഞതാണ്. ആയിരക്കണക്കിന് ആദിവാസികൾക്കാണ് ബ്രിട്ടീഷുകാരുമായി പോരാടി ജീവൻ നഷ്ടപ്പെട്ടത്. പക്ഷെ പട്ടികകളിൽ ആദിവാസികളുടെ പേരുകൾ കണ്ടെത്തുക ഫലത്തില്‍ അസാദ്ധ്യമാണ്. ഛത്തീസ്ഗഢിലുമില്ല, ബസ്തറിലുമില്ല. പക്ഷെ മിർധകൾ, ശുക്ലമാർ, അഗർവാൾമാർ, ദുബെകൾ എല്ലാവരും വാള്യങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. വിജയികൾ എഴുതിയ ചരിത്രം.
നാരായൺ സിംഗിനെ കൂടുതൽ ഉയര്‍ത്തിയത് യഥാർത്ഥത്തിൽ ശുക്ലമാരുടെ വലിപ്പം കുറയ്ക്കുന്നതിനായിരുന്നു. ആരായിരുന്നു ഛത്തീസ്ഗഢിന്റെ യഥാർത്ഥ വീരന്മാർ? ആദിവാസി നേതാവായിരുന്നോ? അല്ലെങ്കിൽ വരേണ്യരായ ശുക്ലമാരായിരുന്നോ? ഛത്തീസ്ഗഢിന്റെ മഹത്തായ പാരമ്പര്യം ആരോടൊപ്പമാണ്? വളരെ സമകാലികമായ രാഷ്ട്രീയ യുദ്ധങ്ങളെ ഒളിച്ചുവയ്ക്കുന്നതിനുള്ള ഇടമായിരുന്നോ കഴിഞ്ഞ കാലം? വീർ നാരായണെ മഹത്വവത്കരിക്കുന്നതിലൂടെ അർജുൻ സിംഗ് ശുക്ലമാർക്കെതിരെ സ്വയം ആദിവാസികളോടൊപ്പം പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു.
പെട്ടെന്നുതന്നെ സംസ്ഥാന സംവിധാനം വീർ നാരായൺ സിംഗിന്റെ ഒരു ഔദ്യോഗിക അവതാരത്തെ പുനഃസൃഷ്ടിക്കുകയായിരുന്നു. ഇതിന് ചില ഗുണാത്മക ഫലങ്ങളുണ്ടായിരുന്നു. അറിയപ്പെടാതിരുന്ന ഒരു നായകന് അവസാനം അർഹിച്ചത് കിട്ടുകയായിരുന്നു. ആർക്കും അതിൽ കുറ്റം കാണാൻ കഴിയില്ല. പക്ഷെ, താത്പര്യങ്ങൾക്കൊക്കെ അതിന്റെ യുക്തിയുണ്ടായിരുന്നു. സോനാഖനിലേക്കുള്ള സന്ദർശനങ്ങൾ ഉണ്ടായത് നേതാക്കന്മാർ അതിന്റെ പാരമ്പര്യത്തിനായി മത്സരിച്ചപ്പോഴാണ്. ആശുപത്രികളും മറ്റ് കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യപ്പെട്ടു. അവ കുറച്ചേ പ്രവർത്തിച്ചിള്ളൂ. ജോലികളും “ആശ്വാസ പാദ്ധതികളും” പ്രഖ്യാപിക്കപ്പെട്ടു. ജലസംഭരണികളും പൂന്തോട്ടങ്ങളും വീർ നാരായൺ സിംഗിന്റെ പേരിൽ അറിയപ്പെടാൻ തുടങ്ങി.
പക്ഷെ ഒരു കുടുംബത്തിനു മാത്രമാണ് നേട്ടമുണ്ടായതെന്ന് ഗ്രാമവാസികള്‍ കുറ്റപ്പെടുത്തുന്നു.
നാരായൺ സിംഗിന്റെ പേര് മറ്റ് ഭാഗങ്ങളിൽ ആരാധകരെ നേടിയപ്പോൾ സ്വന്തം ഗ്രാമത്തില്‍ അങ്ങനെയായിരുന്നില്ല. ഒരു കുടുംബത്തെ മാത്രമായി ആനുകൂല്യങ്ങൾ നൽകുന്നതിൽ സോനാഖന് അതൃപ്തിയുണ്ട്.
വീർ നാരായൺ പ്രതീകാത്മകമാക്കിയ പ്രതിഷേധത്തിന്റെ രാഷ്ട്രീയം നഷ്ടപ്പെട്ടു. രക്ഷകർതൃത്വത്തിന്റെ രാഷ്ട്രീയം നേട്ടം കൊയ്തു. വരേണ്യരുടെ പരിലാളനത്താൽ തകർക്കപ്പെട്ട യഥാര്‍ത്ഥ നാടോടി നായകന്. അദ്ദേഹം നിലകൊണ്ട ഐക്യം ശിഥിലമായിരിക്കുന്നു. 80’കൾ എത്തിയിരിക്കുന്നു.
ഞങ്ങൾ അവിടെ ചിലവഴിച്ച സമയം തീരാറായപ്പോള്‍ ഗ്രാമവാസികൾ മയപ്പെട്ടു. തെറ്റിയാല്‍പ്പോലും അവരുടെ ദേഷ്യത്തിന്റെ കാരണം യുക്തിഭദ്രമായി തോന്നുന്നു. “അദ്ദേഹം യഥാർത്ഥത്തിൽ ഒരു നല്ല മനുഷ്യനായിരുന്നു”, വിജയ് പൈക്ര പറഞ്ഞു. “അപ്പോൾ അദ്ദേഹം ഞങ്ങൾക്കെല്ലാവർക്കും വേണ്ടിയല്ലേ പൊരുതിയത്? അദ്ദേഹത്തിന്റെ കുടുംബത്തിനുവേണ്ടി മാത്രമല്ല. അദ്ദേഹം സ്വാർത്ഥനായിരുന്നില്ല. എന്തിന് ഒരു കുടുംബത്തിനുമാത്രം ആനുകൂല്യം നല്‍കണം?”
സോനാഖനിൽ വീർനാരായൺ സിംഗ് രണ്ടുതവണ മരിച്ചു. ആദ്യം ബ്രിട്ടീഷ് സർക്കാരിന്റെ കരങ്ങളിൽ. രണ്ടാമത് മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ കരങ്ങളിൽ. എന്നിരിക്കിലും അദ്ദേഹം ഉയർത്തിയ പ്രശ്നങ്ങളൊക്കെ ഇപ്പോഴും നിലനിൽക്കുന്നു.
— സ്രോതസ്സ് ruralindiaonline.org | P. Sainath (പരിഭാഷ: റെന്നിമോന്‍ കെ. സി.) | Aug. 14, 2015
* [നമ്മുടെ നാട്ടിലെ നങ്ങേലി കഥാനായികയുടെ പിന്‍ഗാമികളെന്ന് അവകാശപ്പെടുന്നവര്‍ ഇപ്പോള്‍ ചേര്‍ത്തലയിലുണ്ട്. ഒരു രേഖയുമില്ലാത്ത അത് ഇതുപോലൊരു അവകാശ വാദമായിരിക്കും.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.