“ക്വിറ്റ് ഇൻഡ്യ സമരകാലത്ത് താങ്കളുടെ ഭർത്താവ് ബൈദ്യനാഥ് 13 മാസങ്ങൾ ജയിലിലായിരുന്നത് താങ്കളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടായിരുന്നിരിക്കണം?” പുരുലിയയിൽ വച്ച് ഞാൻ ഭവാനി മഹാതോയോട് ചോദിച്ചു. “അത്തരം വലിയൊരു കൂട്ടുകുടുംബം നടത്തുന്നതും…”
“ഞങ്ങളുടേത് വലിയൊരു കൂട്ടുകുടുംബമായിരുന്നു”, അവർ പറഞ്ഞു. “എല്ലാ ഉത്തരവാദിത്തങ്ങളും എനിക്കായിരുന്നു. എല്ലാ വീട്ടുജോലികളും ഞാനാണ് ചെയ്തത്. എല്ലാ കാര്യങ്ങളും ഞാൻ ശ്രദ്ധിച്ചു. ഞാൻ കുടുംബം നടത്തി. 1942-43-ൽ ആ സംഭവങ്ങളെല്ലാം നടന്നപ്പോൾ ഞാൻ എല്ലാവരേയും നോക്കി.” ‘സംഭവങ്ങൾ’ക്ക് ഭവാനി പേരൊന്നും നൽകുന്നില്ല. പക്ഷെ മറ്റു പലതിനുമിടയിൽ അവർ ക്വിറ്റ് ഇൻഡ്യ ലഹളയും ഉൾപ്പെടുത്തി. കൂടെ, അന്ന് ബംഗാളിലെ ഏറ്റവും ദാരിദ്ര്യം അനുഭവിച്ചിരുന്ന പ്രദേശങ്ങളിലൊന്നിലെ 12 പോലീസ് സ്റ്റേഷനുകളിൽ 1942 സെപ്റ്റംബർ 30-ന് സ്വാതന്ത്ര്യസമര സേനാനികൾ ത്രിവർണ്ണ പതാക ഉയർത്താൻ ശ്രമിച്ചതും.
ആകെയുള്ള കുടുംബങ്ങളിലെ മൂന്നിലൊന്നും ഇന്നും ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന ഒരു ജില്ല. ഇതിനെയാണ് പശ്ചിമ ബംഗാളിലെ ഏറ്റവും ഉയർന്ന ദാരിദ്ര്യനിലയായി ഇന്നും റിപ്പോർട്ട് ചെയ്യുന്നത്. ഭവാനിയുടെ വലിയ കുടുംബത്തിന് ഏതാനും ഏക്കർ ഭൂമിയുണ്ടായിരുന്നു (ഇന്നുമുണ്ട്). അതാണ് അവരുടെ അവസ്ഥയെ മറ്റുള്ളവരുടേതിനേക്കാൾ ആപേക്ഷികമായി മെച്ചമാക്കിയത്.
അവരുടെ ഭർത്താവ് ബൈദ്യനാഥ് ഒരു പ്രാദേശിക നേതാവായിരുന്നു. ബ്രിട്ടീഷ് ഭരണ വിരുദ്ധ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. അന്ന് ഏതു തരത്തിലുള്ള വാർത്തയും വിദൂര പ്രദേശങ്ങളിൽ എത്തിയിരുന്നത് വളരെ താമസിച്ചായിരുന്നുവെന്ന് പുരുലിയയിലെ പിറ ഗ്രാമത്തിൽ ഇന്നും ജീവിച്ചിരിക്കുന്ന രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ ഠേലു മഹാതോയും ‘ലോഖി’ മഹാതോയും പറഞ്ഞു. “ഒരുപക്ഷെ ക്വിറ്റ് ഇൻഡ്യ പ്രസ്ഥാനത്തിന്‍റെ ആഹ്വാനത്തെക്കുറിച്ചുള്ള വാർത്ത ഞങ്ങൾ കേട്ടത് ആഹ്വാനത്തിന് ഒരു മാസത്തിന് ശേഷമാണ്”, ഠേലു മഹാതോ പറഞ്ഞു.
അങ്ങനെയാണ് അതിന്‍റെ ഭാഗമായി ആസൂത്രണം ചെയ്ത പ്രവർത്തനം 1942 സെപ്റ്റംബർ 30-ന് സംഭവിച്ചത് – 1942 ഓഗസ്റ്റ് 8-ന് മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനിൽ വച്ച് മഹാത്മാ ഗാന്ധി ബ്രിട്ടീഷുകാരോട് ‘ഇന്ത്യ വിടുക’ എന്ന് പറഞ്ഞതിന് 53 ദിവസങ്ങൾക്കു ശേഷം. അടിച്ചമർത്തലിൽ ബൈദ്യനാഥ് അറസ്റ്റിലാവുകയും അതെത്തുടർന്നുള്ള മർദ്ദനത്തിന് അദ്ദേഹം വിധേയനാവുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം അദ്ധ്യപകനാകാനുള്ള ആളായിരുന്നു അദ്ദേഹം. അന്ന് അദ്ധ്യാപകർ രാഷ്ട്രീയ ഏകോപനത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയിലേക്ക് നയിക്കുന്നതിൽ കുറെ ദശകങ്ങളോളം വഹിച്ച ഒരു പങ്ക്.
ബ്രിട്ടീഷ് ഭരണം അവരെ 1913-ൽ പട്ടികവർഗ്ഗത്തിൽ പെടുത്തി. എന്നിരിക്കിലും പിന്നീട് 1931-ലെ സെൻസസിൽ അവരെ പട്ടികവർഗ്ഗത്തിൽ നിന്നും ഒഴിവാക്കി. 1950-ലെ ഇന്ത്യയിൽ അവരെ ഓ.ബി.സി. പട്ടികയിൽ പെടുത്തി. ഈ സംസ്ഥാനത്തെ കുർമികളുടെ പ്രധാന ആവശ്യം അവരുടെ ഗോത്രവർഗ്ഗ പദവി പുന:സ്ഥാപിക്കുക എന്നതായി ഇപ്പോഴും തുടരുന്നു.
— സ്രോതസ്സ് ruralindiaonline.org | P. Sainath. Translator : Rennymon K. C. | Apr 18, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.