മനുഷ്യർക്ക് നിങ്ങളെ മനസ്സിലാക്കാം, പക്ഷെ യന്ത്രങ്ങൾക്ക് കഴിയില്ല

72 വയസ്സുള്ള ആദിലക്ഷ്മിയുടെ വീട്ടിലേക്കുള്ള വഴി കുത്തനെയുള്ള ഒരു കയറ്റമാണ്. കഴിഞ്ഞ വർഷം കാലിനു ശസ്ത്രക്രിയ കഴിഞ്ഞ ശേഷം അവർ അതുപോലും കയറാൻ ബുദ്ധിമുട്ടുകയാണ്. തെക്കേ ബംഗലൂരുവിലെ സുദ്ധഗുണ്ടേ പാളയ പ്രദേശത്തെ ഭവാനി നഗർ ചേരിയിലെ കോളനിയിലാണ് അവരുടെ ഒറ്റമുറി വീട്. മറ്റ് ആറംഗങ്ങൾ ഉള്ള കുടുംബവുമായി അവർ അവിടെയാണ് കഴിയുന്നത്.

ആദിലക്ഷ്മിയും ഭർത്താവ് കുന്നയ്യറാമും (83) മുപ്പത് വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാട്ടിലെ മധുര ജില്ലയിൽ നിന്നും ജോലിതേടി ബംഗലൂരുവിലേക്ക് കുടിയേറിയവരാണ്. ഭർത്താവിന് ആശാരിയായി ജോലി കിട്ടിയപ്പോൾ ആദിലക്ഷ്മി രണ്ടു ആണ്മക്കളെയും രണ്ടു പെൺമക്കളെയും വളർത്തി.

“എനിക്ക് വയസ്സായി എന്നതുകൊണ്ട് എനിക്ക് ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ല എന്നർത്ഥമുണ്ടോ?” അവർ ചോദിക്കുന്നു. ഇതേ ചോദ്യം തന്നെ നിർഭാഗ്യവശാൽ കഴിഞ്ഞ ആറു മാസമായി അവർ ആവർത്തിച്ചുകൊണ്ടേ ഇരിക്കുന്നു. അവർക്കും അവരുടെ ഭർത്താവിനും മാസം തോറും ലഭിക്കേണ്ട 7 കിലോ സൗജന്യ അരി ലഭിക്കാത്തതിനെ തുടർന്നാണിത്. അരിയോടൊപ്പം 150 രൂപ കൊടുത്തു ലഭിച്ചിരുന്ന സബ്‌സിഡി നിരക്കിലുള്ള ഉപ്പ്, പഞ്ചസാര, പാമോയിൽ, സോപ്പ് എന്നിവയും നിലച്ചിരിക്കുന്നു.

എന്തുകൊണ്ടാണ് ഈ വയോധിക ദമ്പതികൾക്ക് റേഷൻ നിഷേധിക്കപ്പെട്ടത്? വീട്ടിൽ നിന്നും 2 കിലോമീറ്റർ അകലെയുള്ള സ്ഥിരമായി അവർ പോകാറുള്ള റേഷൻ കടയിലെ യന്ത്രത്തിൽ രണ്ടുപേരുടെയും ആധികാരികമായ കൈവിരലടയാളം പ്രവർത്തിക്കുന്നില്ല എന്നതാണ് കാരണം. ബംഗലൂരുവിലെ 1800 ഓളം റേഷൻ കടകളിൽ ഇത്തരം ചെറിയ യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. റേഷൻ കടയിലെ വിരലടയാളം പതിയാത്തതിനാൽ കുന്നയ്യറാമിനും ആദിലക്ഷ്മിക്കും കഴിഞ്ഞ ആറുമാസമായി സബ്‌സിഡി നിരക്കിലുള്ള റേഷൻ ലഭിച്ചിട്ടില്ല.

ഇന്ത്യയിലുടനീളം വ്യക്തികളുടെ ആധാർ കാർഡിലെ വിവരങ്ങൾ റേഷൻ കടകളുമായി ബന്ധിപ്പിച്ചിരിക്കയാണ്. മാസം തോറുമുള്ള റേഷൻ വാങ്ങാനായി ആളുകൾ പോകുമ്പോൾ അവരെ തിരിച്ചറിയാനായി വിരലടയാളം പതിപ്പിക്കണമെന്നത് നിർബന്ധമാണ്‌. കർണാടകയിൽ ബി.പി.എൽ. റേഷൻ കാർഡുകളെല്ലാം ആധാറുമായി ബന്ധിപ്പിക്കുന്നത് എന്നുമുതലാണ് നിർബന്ധമാക്കിയത് എന്നതിനെ കുറിച്ച് വ്യത്യസ്ത റിപ്പോർട്ടുകളാണുള്ളത്. ജൂൺ 2017 ആണ് അവസാന സമയം എന്ന് പറയപ്പെടുന്നുവെങ്കിലും ഇത് സംസ്ഥാനത്തെ 8 ദശലക്ഷത്തോളം (കണക്കുക്കൾ വ്യത്യസ്തമാണ്) വരുന്ന ബി.പി.എൽ. കാർഡ് ഉടമകളെ ബാധിക്കുമെന്ന് കണക്കുകൾ പറയുന്നു. കർണാടകയിലെ ഭക്ഷ്യവകുപ്പ് പൊതുവിതരണ മന്ത്രി യു. ടി. ഖാദർ മാധ്യമപ്രവർത്തകരോട് പറഞ്ഞതായി അറിയുന്നത് ആധാറുമായി ബന്ധിപ്പിക്കാത്ത റേഷൻ കാർഡുകൾ വ്യാജമായി കണക്കാക്കുമെന്നാണ്.

2009 ൽ ആധാർ സംവിധാനം ആരംഭിച്ചപ്പോൾ പൊതുവിതരണ സംവിധാനത്തെ മെച്ചപ്പെടുത്താൻ സഹായിക്കാനുള്ള ഒരു പദ്ധതി മാത്രമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ കാലക്രമേണ ഗ്യാസ് കണക്ഷനുകൾ, സ്കോളർഷിപ്പുകൾ തുടങ്ങിയ വിവിധ ഗവണ്മെന്‍റ് പദ്ധതികൾ എന്നിവ ലഭിക്കാനായി ആധാറുമായി റേഷൻ കാർഡുകൾ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കി. ബാങ്ക് അക്കൗണ്ടുകളും മൊബൈൽ കണക്ഷനുകളും (പ്രൈവറ്റ് സേവനദാതാക്കളുടെ പോലും) ഉള്‍പ്പെടെ മറ്റു വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് ആധാർ നമ്പർ ബന്ധിപ്പിക്കേണ്ടത് നിർബന്ധമാക്കി. ഇങ്ങനെയുള്ള ഒരു സംവിധാനത്തിൽ ഉണ്ടായേക്കാവുന്ന കുറവുകൾ, വഞ്ചനക്കുള്ള സാദ്ധ്യതകൾ, ഇന്ത്യൻ പൗരന്മാരുടെ മേലുള്ള രാഷ്ടത്തിന്‍റെ വൻ നിരീക്ഷണം ഇതെല്ലം ഉയർന്നുവരുന്ന വിമർശനങ്ങളാണ്. ആധാറിന്‍റെ ഭരണഘടനാപരമായ സാധുതയെ ചോദ്യംചെയ്തുകൊണ്ടുള്ള നിരവധി നിവേദനങ്ങളിന്മേലുള്ള വാദം നിലവിൽ സുപ്രീം കോടതി കേട്ടുകൊണ്ടിരിക്കയാണ്.

അതേസമയം 2016-ൽ ആധാർ കാർഡ് ലഭിച്ചിട്ടും കുന്നയ്യറാമും ആദിലക്ഷ്മിയും ആശയകുഴപ്പത്തിലാണ്. വയസ്സായതുകൊണ്ടും വിരലടയാളം ചേരാത്തതിനാലും ഞങ്ങൾക്ക് നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ. “അവർ ഞങ്ങളോട് വീണ്ടും ഒരു ആധാർ സെന്‍ററിൽ പോയി പേര് വിവരപ്പട്ടികയിൽ ഉൾപ്പെടാനായി വിരലടയാള പ്രക്രിയ ആവർത്തിക്കാനാണ് പറഞ്ഞത്,” റാം പറഞ്ഞു.

ഇവിടെയുള്ള പ്രധാന പ്രശ്‍നം എന്തെന്നാൽ “പേര് വിവരപ്പട്ടികയിൽ ഉൾപ്പെടാൻ നിങ്ങൾക്ക് നിങ്ങളുടെ വിരലടയാളം ഉപയോഗിക്കേണ്ടി വരുന്നു. അത് നിങ്ങളുടെ പാസ്സ്‌വേർഡ് ആയി മാറുന്നു. വിവിധ ആനുകൂല്യങ്ങൾ ലഭിക്കാനായി നിങ്ങൾ തന്നെയാണെന്ന് ആധികാരികമായി തെളിയിക്കണം. എന്നാൽ കൈവേലക്കാർക്ക് അവർ ചെയ്യുന്ന ജോലിക്കനുസരിച്ച് വിരലടയാളങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നുള്ള യാഥാർഥ്യം സാങ്കേതികവിദ്യ മനസിലാക്കുന്നില്ല. അതുപോലെതന്നെ വയസ്സാകും തോറും വിരലടയാളങ്ങളിൽ മാറ്റങ്ങൾ ഉണ്ടായേക്കാം,” ആർട്ടിക്കിൾ 19 എന്ന ഒരു ആഗോള മനുഷ്യാവകാശ സംഘടനയിലെ നിയമ ഗവേഷകയായ വിദുഷി മർദ പറയുന്നു. ബംഗലൂരുവിലെ സെന്‍റർ ഫോർ ഇന്‍റർനെറ്റ് ആൻഡ് സൊസൈറ്റി എന്ന സംഘടനയിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. “ആധാർ സംവിധാനത്തിലൂടെ ആരെയാണോ രക്ഷിക്കുമെന്ന് അവകാശപ്പെടുന്നത് അവർക്കായി പ്രശ്നമുള്ള സാങ്കേതികവിദ്യയാണ് ആധാർ സംവിധാനം ഉപയോഗിക്കുന്നത്.”

ആദിലക്ഷ്മിയും കുന്നയ്യറാമും അവരുടെ മൂത്ത മകനോടൊപ്പമാണ് താമസിക്കുന്നത്. അയാൾ ഒരു നിർമാണ തൊഴിലാളിയാണ്. ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബമാണ് അയാൾക്കുള്ളത്. അവരുടെ ഇളയ മകൻ ഒരു ആശാരിയാണ്. അയാൾ വേറെയാണ് താമസിക്കുന്നത്.

“ഇപ്പോഴും മകനെ ആശ്രയിച്ച് ജീവിക്കുക എന്നത് ഞങ്ങളുടെ ആത്മാഭിമാനത്തിനു യോജിക്കാത്തതാണ്. അവന് മൂന്നു കുട്ടികളയേയും വളർത്തണം, അവരെ പഠിപ്പിക്കണം. അവരുടെ റേഷൻ ഞങ്ങളുമായി പങ്കുവക്കണമെന്ന് പറയുന്നത് ശരിയല്ല,” ആദിലക്ഷ്മി പറയുന്നു.

മാസംതോറും അവർക്ക് ലഭിക്കുന്ന 500 രൂപ പെൻഷൻ ആരോഗ്യ സംബന്ധമായ കാര്യങ്ങൾക്കായി ചെലവാക്കുന്നു. ആദിലക്ഷ്മിക്ക് അടുത്തിടെ തിമിരത്തിനുള്ള ശസ്ത്രക്രിയ ഉണ്ടായിരുന്നു. അതോടൊപ്പം അടുത്തിടെ ഒരു അപകടത്തിൽ ഒടിഞ്ഞ കാൽ ഭേദമായി വരുന്നതേയുള്ളൂ. കുന്നയ്യാറാമിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ട്, കാൽമുട്ടുകൾക്ക് ബലക്ഷയമുണ്ട്, ഇടക്കിടെ തലകറക്കവുമുണ്ട്.

വളരെ വയസ്സായ ആളുകളുടെ കാര്യത്തിൽ ബി.പി.എൽ. കാർഡുകൾ മതിയാകുമെന്നാണ് ഞാൻ സംസാരിച്ച (പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത) ഒരു റേഷൻ കടയിലെ ജീവനക്കാരൻ പറഞ്ഞത്. എന്നാൽ കുടുംബത്തിലെ ഒരു അംഗമെങ്കിലും വിരലടയാളം ആധികാരികമാക്കണം. എന്നാൽ ഭർത്താവിന്‍റെയും ഭാര്യയുടെയും വിരലടയാളങ്ങൾ ചേർന്നില്ലെങ്കിൽ എന്താകും സ്ഥിതി?

“എനിക്കവരെ ഏറെക്കാലമായി അറിയാമെങ്കിലും അവർ മെഷീൻ ടെസ്റ്റിൽ പരാജയപ്പെട്ടാൽ എനിക്കവർക്ക് റേഷൻ നൽകാനാവില്ല. അവരെ വീണ്ടും പേര് വിവരപ്പട്ടികയിൽ ഉൾപ്പെടുത്തുകയും വിരലടയാളങ്ങൾ യോജിക്കുകയും ചെയ്യണം. ഭക്ഷ്യ വിതരണ വകുപ്പ്, ബംഗലൂരു വികസന അതോറിറ്റി എന്നീ ഗവണ്മെന്‍റ് ഓഫീസുകളിൽ പോയോ, അല്ലെങ്കില്‍ പേര് ചേർക്കുന്ന മറ്റു സെന്‍ററുകളില്‍ പോയോ വീണ്ടും പേര് ചേർക്കേണ്ടി വരും,” അവർ പറഞ്ഞു. എന്നിട്ടും വിരലടയാളങ്ങൾ ചേർന്നില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ആർക്കും ഒരു വിവരവുമില്ല. അതെ വിരലുകൾ തന്നെയാണല്ലോ?

വീട്ടിലേക്കുള്ള 10 അടി കയറ്റം പോലും കയറാൻ ആദിലക്ഷ്മി ബുദ്ധിമുട്ടുന്നു. അങ്ങനെയുള്ളപ്പോൾ എങ്ങനെയാണു വയോധികരായ പൗരന്മാർ പട്ടണത്തിലും ഓഫിസുകളിലും മറ്റും കയറി ഇറങ്ങണമെന്ന് ഗവണ്മെന്‍റ് പ്രതീക്ഷിക്കുന്നത്?

മുതിർന്ന പൗരന്മാർ, കുട്ടികൾ, ഭിന്നശേഷിക്കാർ, കായികമായി അധ്വാനം ചെയ്യുന്ന തൊഴിലാളികൾ എന്നിങ്ങനെ ആധാർ നമ്പറുകളുള്ള ലക്ഷകണക്കിന് ആളുകൾക്ക് ബയോമെട്രിക് മെഷീനുകൾ തങ്ങളെ തിരിച്ചറിയുന്നില്ല എന്ന സത്യവുമായി പൊരുത്തപ്പെടേണ്ട അവസ്ഥയാണ്. എങ്ങനെ ഈ പ്രശ്നത്തെ പരിഹരിക്കാമെന്നതിന് സാങ്കേതിക സംവിധാനത്തിന് യാതൊരു വിവരവുമില്ല. അതുകൊണ്ടുതന്നെ ഈ ദുരിതമനുഭവിക്കുന്നവർക്ക് പല ഓഫീസികളിലും കയറി ഇറങ്ങി അവർ ആരാണെന്നു തെളിയിക്കേണ്ട അവസ്ഥയാണിപ്പോൾ,” ബംഗലൂരുവിലെ ഒരു ‘റൈറ്റ് ടു ഫുഡ്’ പ്രവർത്തകനും, നാഷണൽ കോളേജിലെ പ്രഫസറുമായ ക്ഷിതിജ് ഉർസ് പറഞ്ഞു.

ആദിലക്ഷ്മിയുടെ വീട്ടിൽ നിന്നും 200 മീറ്റർ അകലെ താമസിക്കുന്ന വിജയലക്ഷ്മിക്കും ബയോമെട്രിക്ക് ടെസ്റ്റിൽ പരാജയപ്പെട്ടത് കാരണം കഴിഞ്ഞ ഒരു വർഷമായി റേഷൻ ലഭിച്ചിട്ടില്ല. അവർ മുൻപ് ഒരു നിർമാണ തൊഴിലാളിയായിരുന്നു. ഇപ്പോൾ അവർ പച്ചക്കറി വില്പന നടത്തി വരുന്നു. ”ഞാൻ രണ്ടു തവണ ഈ പ്രശ്‍നം പരിഹരിക്കാനായി ശ്രമിച്ചു. പക്ഷെ ഫലമില്ല,” അവർ പറഞ്ഞു. ദിവസവും പച്ചക്കറി വിറ്റുകിട്ടുന്ന 150 രൂപയാണ് അവരെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്നത്.

വയസ്സായവരും കൂലിപ്പണിക്കാരും മാത്രമല്ല ആധാറിന്‍റെ ഇത്തരം സാങ്കേതിക പോരായ്മകൾ കാരണം വിലകൊടുക്കേണ്ടി വരുന്നത്. കുട്ടികളും ഇതിൽ ഉൾപ്പെടുന്നു.

ബയോമെട്രിക് വിവരം ചേരാത്തതിനാൽ രണ്ടു വർഷമായി സ്വന്തം പേരിലുള്ള റേഷൻ ലഭിക്കാത്തവരാണ് കിഷോറും (14), കീർത്തനയും (13). പടിഞ്ഞാറൻ ബംഗലൂരുവിലുള്ള തിരക്കുപിടിച്ച കോട്ടൺപെട്ട് ബസാറിലെ ഒരു ചേരിയിലെ വീട്ടിലാണ് ഈ സഹോദരങ്ങൾ താമസിക്കുന്നത്. 15 വയസ്സിനു മുൻപ് പേരുചേർക്കപ്പെട്ട ഒരു കുട്ടിക്ക് 5 വയസ്സാകുമ്പോൾ വീണ്ടും അതെ പ്രക്രിയ അവർത്തിക്കേണ്ടി വരുന്നു. അതിനിടക്ക് ബയോമെട്രിക് വിവരം ചേരുന്നില്ലെങ്കിൽ എന്ത് ചെയ്യും? നിങ്ങൾക്ക് നിങ്ങളുടെ പേരിലുള്ള റേഷൻ ലഭിക്കില്ല എന്നതാണ് ഉത്തരം. അവരുടെ മാതാപിതാക്കൾ മുനിസിപ്പൽ കോർപറേഷനിൽ ജോലി ചെയുന്ന തൂപ്പുകാരാണ്. അവരുടെ ഒരുമിച്ചുള്ള വരുമാനം പ്രതിമാസം 12,000 രൂപയാണ്.

പഠിക്കാൻ മിടുക്കനായ കിഷോർ രണ്ടു വർഷം മുൻപ് ഒരു പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർന്നു. പക്ഷെ വലിയ ചെലവുകളും റേഷൻ ലഭിക്കാത്തതും മൂലം മാതാപിതാക്കൾക്ക് അവനെ ആ സ്കൂളിൽ നിന്നും മാറ്റി ഒരു ഗവണ്മെന്‍റ് സ്കൂളിൽ ചേർത്തേണ്ടതായി വന്നു. ഇപ്പോൾ തൊട്ടടുത്തുള്ള വീടുകളിൽ പാൽ വിതരണം ചെയ്തുകൊണ്ട് അവൻ കുടുംബ വരുമാനത്തിൽ സഹായിക്കുന്നു. രാവിലെ 4 മണിക്ക് എണീറ്റ് 6 മണിയാകുമ്പോൾ അവൻ പാൽ വിതരണത്തിന് പോകുന്നു, 9 മണിയാകുമ്പോൾ സ്കൂളിലേക്കുള്ള ഓട്ടത്തിലാണവൻ. സ്കൂൾ കഴിഞ്ഞു 4 മണിക്ക് ശേഷം വൈകിയുള്ള പാൽ വിതരണത്തിന് പോകുന്നു. ഒരു ദിവസത്തെ അവന്‍റെ ജോലി വൈകീട്ട് 8 മണിയോടെയാണ് അവസാനിക്കുന്നത്.

അപ്പോൾ ഹോംവർക്? ഞാൻ സ്കൂളിൽ വച്ചുതന്നെ പരമാവധി ഹോംവർക് ചെയ്തു തീർക്കാനായി ശ്രമിക്കാറുണ്ട്,” കിഷോർ പറയുന്നു. 8 മണിക്കൂർ നേരമുള്ള അവന്‍റെ ജോലിയിൽ നിന്നും 3500 രൂപയാണ് ലഭിക്കുന്നത്. അവനത് മാതാപിതാക്കളെ ഏല്പ്പിക്കുന്നു. ഈ അധിക വരുമാനം കൊണ്ട് കുടുംബത്തിന്‍റെ മറ്റു ചെലവുകൾ അവർക്കു മുന്നോട്ട് കൊണ്ടുപോകാനാകുന്നുണ്ട്. മിക്കവാറും അവർ അയൽക്കാരിൽ നിന്ന് കിലോഗ്രാമിന് 15 രൂപ നിരക്കിൽ അരി വാങ്ങുകയാണ് പതിവ്. എന്നാൽ രണ്ടു കുട്ടികൾക്കും കൂടി അവരുടെ പേരിലുള്ള റേഷൻ ലഭിക്കുകയാണെങ്കിൽ ഓരോരുത്തർക്കും 7 കിലോ അരി വീതം സൗജന്യമായി ലഭിച്ചേനെ.

വർഷങ്ങളായി അവർ ഒരേ റേഷൻ കടയിലേക്കാണ് പോകുന്നതെന്നതിന് ഒരു ഗുണവുമില്ല. “ഇടപാടുകാരന് നിങ്ങളെ അറിയാമായിരിക്കും പക്ഷെ യന്ത്രത്തിന് നിങ്ങളെ അറിയില്ല,” റൈറ്റ് ടു ഫ്രീഡം കാമ്പയ്നുവേണ്ടി പ്രവർത്തിക്കുന്ന രേഷ്മ പറയുന്നു.

— സ്രോതസ്സ് ruralindiaonline.org | Vishaka George (പരിഭാഷ: നിധി ചന്ദ്രന്‍) | May 1, 2022

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )