അടുത്തകാലത്ത് ഒരു സിനിമ നടി ഒരു പൊതു പരിപാടിയില്‍ ഒരു പ്രത്യേക വേഷം കെട്ടി വരുകയും അത് വളരേറെ വിമര്‍ശനത്തെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. സദാചാരവാദികളായ ഒരു കൂട്ടര്‍ നടി വലിയ പാതകമാണ് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ വ്യക്തിമാഹാത്മ്യവാദികളായ മറ്റൊരു കൂട്ടര്‍ നടിക്ക് എന്തും ചെയ്യാനുള്ള വ്യക്തിസ്വാതന്ത്ര്യമുണ്ടെന്നും ആര്‍ക്കും അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും വാദിച്ചു. മനുഷ്യരെ തമ്മിലടിപ്പിച്ച് ലാഭം കൊയ്യുന്ന സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങള്‍ ഈ തര്‍ക്കം മുതലാക്കുകയും ചെയ്തു.
കേരളത്തിലെ പണ്ടുള്ള ആളുകളുകളുടെ വസ്ത്രങ്ങളുടെ ചരിത്രവും മറ്റും കൊണ്ട് വാദം നടത്തിയ ലിബറലുകളുടെ മുന്നില്‍ സദാചാരവാദികളുടെ വാദം തെളിവുകളും ചരിത്രവും ഒന്നുമില്ലാത്ത വെറും വൈകാരിക പ്രകടനമായി മാറി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ വൈകാരികതക്ക് അപ്പുറത്ത് നടിയും അത്തരക്കാരും വലിയ തെറ്റ് ചെയ്യുന്നുണ്ട് എന്നതാണ് സത്യം. അത് രാഷ്ട്രീയ പ്രശ്നമാണ്. മുതലാളിത്ത സമൂഹത്തില്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഒരിക്കലും മുന്‍നിരയിലേക്ക് തനിയെ വരില്ല. നാം അത് ബോധപൂര്‍വ്വം ചര്‍ച്ചാ വിഷയമാക്കേണ്ടതുണ്ട്. അവ നമുക്കൊന്ന് പരിശോധിക്കാം.
യഥാര്‍ത്ഥ പ്രശ്നങ്ങള്‍
സ്ത്രീവിരുദ്ധതയും, ശ്രദ്ധാമാറ്റവും, അരാഷ്ട്രീയവല്‍ക്കരണവും എന്നീ മൂന്ന് വലിയ പ്രശ്നങ്ങളാണ് പൊതു പരിപാടിയിലെ നടിയുടെ ആ വേഷം കെട്ട് ഉണ്ടാക്കുന്നത്.
1. സ്ത്രീയെ ഒരു ഉപഭോഗവസ്തു എന്ന് മുദ്ര കുത്തുന്നു
തലച്ചോറ് ചിന്തിക്കുന്നത് neural conceptual frames ന്റേയും metaphors ന്റേയും അടിസ്ഥാനത്തിലാണ് എന്ന് മുമ്പ് എഴുതിയിരുന്നല്ലോ (1). ഇന്ദ്രിയങ്ങളിലൂടെ നമുക്ക് കിട്ടുന്ന എല്ലാ സിഗ്നലുകളും ഈ frames നേയും metaphors നേയും ഒക്കെ സൃഷ്ടിക്കുകയും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നതാണ്.
നമ്മുടെ നാട്ടില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു വേഷമല്ല നടി ധരിച്ചിരുന്നത്. അത് ആകെ പ്രത്യക്ഷപ്പെടുന്നത് സ്ത്രീ ശരീരത്തെ വില്‍പ്പനച്ചരക്കാക്കുന്ന പരസ്യങ്ങളിലും സിനിമകളിലും ആണ്. അതുകൊണ്ട് അത്തരം വേഷം കാണുമ്പോള്‍ കാഴ്ചക്കാരില്‍ ആ വേഷവുമായി ബന്ധപ്പെട്ട neural frames ഉം metaphors പ്രവര്‍ത്തനക്ഷമമാകും. അത് സ്ത്രീകളെന്നാല്‍ വെറും ലൈംഗിക ഉപഭോഗ വസ്തുക്കള്‍ മാത്രമെന്ന ബോധം ആള്‍ക്കാരില്‍ അബോധമായി സൃഷ്ടിക്കുന്നു.
1.1 സ്ത്രീകളുടെ ധൈഷണിക ശേഷിയെ തളര്‍ത്തുന്നു
തന്റെ ശരീരത്തിന്റെ എത്രമാത്രം മറ്റുള്ളവര്‍ കാണുന്നു എന്ന വ്യാകുലത നിരന്തരം അവരെ വേട്ടയാടുന്നതിനാല്‍ ആ വിശകലനത്തിനായി തലച്ചോറിന്റെ ശേഷിയുടെ ഒരു ഭാഗം അബോധമായി മാറ്റിവെക്കുന്നവരാണ്. അത് അവരുടെ ധൈഷണിക ശേഷിയെ തളര്‍ത്തുന്നു. തങ്ങള്‍ അതിന് അതീതരാണെന്ന തോന്നല്‍ വെറും അറിവില്ലായ്മയാണ്. കാരണം നമ്മുടെ ബോധപൂര്‍വ്വമായ ചിന്തയുടെ പോലും 99% ഉം തലച്ചോറിന്റെ ആഴങ്ങളിലെ അബോധ ഭാഗങ്ങളിലാണ് നടക്കുന്നത്.
1.2 സ്ത്രീകളെ മൈനറാക്കുന്നു
ഈ പ്രത്യേക വേഷം സാധാരണ കുട്ടികള്‍ ഉപയോഗിക്കുന്നതാണ്. കുട്ടികളെന്നാല്‍ പൂര്‍ണ്ണ പൌരന്‍മാരല്ലാത്ത മറ്റുള്ളവരുടെ സംരക്ഷണയില്‍ കഴിയുന്ന നിയമ അധികാരമില്ലാത്ത മൈനര്‍മാരാണ്. മുതിര്‍ന്ന ഒരു സ്ത്രീയെ അത്തരം വേഷത്തിലേക്ക് കയറ്റുമ്പോള്‍ പുരുഷാധിപത്യ സമൂഹം അവളെ മറ്റുള്ളവരുടെ സംരക്ഷണം ആവശ്യമുള്ള സ്വയംഭരണമില്ലാത്ത ഒരു മൈനറായി ചുളുവില്‍ മാറ്റുന്നു. അവളെ കൊണ്ട് സ്വയം അങ്ങനെ പറയിപ്പിക്കുന്നു.
1.3 കുട്ടികള്‍ക്കെതിരായ അക്രമം ഉണ്ടാക്കുന്നു
മുതിര്‍ന്ന സ്ത്രീകള്‍ ഈ കുട്ടിവേഷം ധരിക്കുന്നത് വഴി ആ വേഷത്തിന് തന്നെ ഒരു ലൈംഗിക ചുവ വരുന്നു. അപ്പോള്‍ കുട്ടികള്‍ ആ വേഷം ധരിക്കുന്നത് കുട്ടികളേയും ഒരു ലൈംഗിക ഉപഭോഗ വസ്തുവായി കാണാന്‍ ആളുകളെ പഠിപ്പിക്കുന്നു. കുട്ടികള്‍ക്കെതിരായ അക്രമം കൂടാന്‍ കാരണത്തില്‍ ഇതിനും ഒരു പങ്ക് ഉണ്ട്.
2. ജനത്തെ അരാഷ്ട്രീയവല്‍ക്കരിക്കുന്നു
ഇത് ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീകളെ അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ച് നടക്കാന്‍ പോലും സാധിക്കാത്ത സമൂഹമാണോ എന്ന ചോദിച്ച് മുതലക്കണ്ണീരൊഴുക്കുന്ന വലിയ ഒരു മുഖ്യധാര ഇന്നുണ്ട്. പ്രശ്നങ്ങളെ വ്യക്തിയിലേക്ക് ചുരുക്കിക്കൊണ്ടുവരുന്നത് അരാഷ്ട്രീയതയാണ്. നിരന്തരം അത് ആവര്‍ത്തിക്കുന്നത് വഴി ഏത് പ്രശ്നത്തേയും വ്യക്തിയുടെ തലത്തിലേക്ക് ചുരുക്കിക്കൊണ്ടുവരാന്‍ ജനങ്ങള്‍ക്കുള്ള ഒരു പരിശീലനവും കൂടിയാണിത്.
3. രാഷ്ട്രീയ ജനശ്രദ്ധയില്‍ പൊടിയിടുന്നു
വലിയ ബഹളം പൊതു സമൂഹത്തില്‍ അതുണ്ടാക്കി. ധാരാളം വാര്‍ത്തകളും അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായ പ്രകടനങ്ങളും, പ്രഭാഷണങ്ങളുമൊക്കെ ഉണ്ടായി. ഇതൊന്നും നടി അവിടെ പറഞ്ഞ കാര്യത്തെക്കുറിച്ചായിരുന്നില്ല. തമാശയെന്താന്നാല്‍ നടിക്കും അനുയായികള്‍ക്കും അവരുണ്ടാക്കിയ ശ്രദ്ധാ മാറ്റം എന്താണെന്ന് പോലും തിരിച്ചറിയാനാകാതെ പറഞ്ഞതെന്തെന്ന് ശ്രദ്ധിക്കൂ മാലോകരെ എന്ന് വിലപിക്കേണ്ട ഗതിയുണ്ടായി.
ലോകത്ത് ഇന്ന് ആണവയുദ്ധം, സാമ്പത്തികതകര്‍ച്ച മുതല്‍ കാലാവസ്ഥാ മാറ്റം വരെ വളരെ പ്രാധാന്യമുള്ള ധാരാളം രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്. അതിന് പരിഹാരം കണ്ടെത്താന്‍ എല്ലാ ജനങ്ങളുടേയും പങ്കാളിത്തം അത്തരം കാര്യങ്ങള്‍ക്ക് വേണം. എന്നാല്‍ ഇന്ന് നമ്മുടെ പൊതുബോധത്തിലോ വാര്‍ത്താ മാധ്യമങ്ങളിലോ എന്തെങ്കിലും അടിസ്ഥാനപരമായ ചര്‍ച്ച അത്തരം വിഷയങ്ങളിലുണ്ടാകുന്നുണ്ടോ? ഒരിക്കലുമില്ല. ജന ശ്രദ്ധ മുതലാളിത്ത സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിലേക്ക് എത്താതിരിക്കേണ്ടത് മുതലാളിത്തത്തിന്റെ ആവശ്യമാണ്. അതനുള്ള ധാരാളം വഴികളില്‍ ഒന്നാണ് ഒരു വ്യക്തി ധരിച്ച വസ്ത്രത്തെക്കുറിച്ച് കേവലമായ ചര്‍ച്ചകള്‍ ഉണ്ടാകുന്നത്. എന്നാല്‍ അത് പോലും ഈ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത് പോലെ രാഷ്ട്രീയമായി മാറ്റാനാകുമെങ്കിലും അത്തരം എഴുത്തുകള്‍ ആരും കാണാതിരിക്കാനുള്ള സംവിധാനങ്ങളും ഈ വ്യവസ്ഥയില്‍ ഒളിഞ്ഞിരിപ്പുണ്ട്.
പണ്ട് ആര്‍ക്കും ഒന്നും തോന്നിയില്ലല്ലോ
പണ്ടത്തെ സ്ത്രീകള്‍ ഇതിലും കുറവ് വസ്ത്രം ധരിച്ചവരായിരുന്നു. എന്നിട്ടും ഒരു പ്രശ്നവും അന്നുണ്ടായില്ലല്ലോ. അതുപോലെ നടന്‍മാരും സമാനമായ വിദേശ വേഷം ധരിക്കാറുണ്ടല്ലോ. അതിനും ഒരു പ്രശ്നവും ഇല്ല.
നമ്മുടെ കേവലവാദപരമായ ചിന്തകൊണ്ടാണ് ഇത്തരം തോന്നലുകളുണ്ടാകുന്നത്. പണ്ട് കാലത്തെ നമ്മുടെ ജീവിതവും ഇപ്പോഴത്തെ ജീവിതവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മതവും ജാതിയും ഒക്കെ ഭരിക്കുന്ന ശക്തമായ നിയമ സംവിധാത്തില്‍ ജീവിച്ച അന്നത്തെ ജനം പ്രജകളായിരുന്നു. കൂടാതെ അന്ന് ഇന്നത്തെ പോലെ ആരും സ്ത്രീയുടെ ഛായാചിത്രം എടുത്ത് പ്രചരിപ്പിക്കുന്ന സംവിധാനം ഇല്ലായിരുന്നു. പരസ്യങ്ങളും സിനിമയും ഇല്ലായിരുന്നു.
പഴയ വേഷങ്ങള്‍ക്കും അത് ഇന്നൊരു പ്രശ്നമാകുന്നത് സിനിമകളിലൂടെ സൃഷ്ടിച്ചെടുത്ത സ്ത്രീവിരുദ്ധതയാണ്. കാരണം 80 കള്‍ വരെ പോലും സ്ത്രീകള്‍ മേല്‍ വസ്ത്രമില്ലാതെ പൊതുസ്ഥലത്ത് കാണപ്പെട്ടിരുന്നു. പിന്നീടാണ് സിനിമ പുതിയ കാഴ്ച എല്ലാവരേയും പഠിപ്പിച്ചത്.
പുരുഷ വേഷത്തിന് അത് ഒരു പ്രശ്നമാകാത്തതും അത് ആ രീതിയിലെ പൊതുബോധം സൃഷ്ടിക്കാത്തതിനാലാണ്. ഇനി അങ്ങനെയുള്ള ആശയം നിരന്തരം പ്രചരിപ്പിച്ചാല്‍ നാളെ പുരുഷ വേഷവും അതേ പ്രശ്നമുണ്ടാക്കും. എന്നാല്‍ നാം ജീവിക്കുന്നത് പുരുഷാധിപത്യ സമൂഹത്തിലായതിനാല്‍ അത് പോലും സ്ത്രീവിരുദ്ധമായാകും കാണപ്പെടുക.
അതായത് സിനിമയും, ചാനലും, ഇന്റര്‍നെറ്റും, ചിത്രങ്ങളുമെല്ലാം പുതിയ ഒരു പൊതുസമ്മതിയുണ്ടാക്കുന്ന ഉപകരണമാണ്. അവയിലൂടെ പ്രചരിക്കുന്ന വെറും ഒരു ചിത്രം പോലും ഒരുപാട് കാര്യങ്ങള്‍ ആപാലവൃദ്ധം ജനങ്ങളെ പഠിപ്പിക്കുന്നുണ്ട്. അത്തരത്തിലെ പാഠ്യപദ്ധതിയിലൂടെ ഗര്‍ഭാവസ്ഥ മുതല്‍ മരണം വരെ നിരന്തരം കടന്നുപോകുന്ന ജനങ്ങളെ തങ്ങളുടെ സ്ഥാനവും മാനവും മാത്രമാണ് പരിധി കൈവിടാതിരിക്കാനുള്ള നിയന്ത്രണം. പലപ്പോഴും അത് തെറ്റുമ്പോള്‍ നാം വീണ്ടും വീണ്ടും ഒരേ അക്രമ വാര്‍ത്തകള്‍ കാണും.
വലതുപക്ഷ രാഷ്ട്രീയ കെണി
മനുഷ്യ സമൂഹം എന്നത് നാം കൃത്രിമമായി നിര്‍മ്മിച്ചെടുത്തതാണ്. അവിടെ ആത്യന്തികമായ ഒന്നുമില്ല. പൊതുബോധമാണ് പ്രശ്നമായി വരുന്നത്. പൊതു ബോധവും സ്ഥിരമല്ല. ഇന്നത്തെ വ്യവസ്ഥ മുതലാളിത്തമായതുകൊണ്ട് അത് അതിന്റെ നിലനില്‍പ്പിനായി കൃത്രിമമായി നിര്‍മ്മിച്ചെടുക്കുന്നതാണ് ഇപ്പോഴത്തെ പൊതുബോധം. പ്രക്ഷേപണം ചെയ്യുന്ന കോടിക്കണക്കിന് ആളുകള്‍ കാണുന്ന എല്ലാ കാര്യങ്ങളും പൊതുബോധം സൃഷ്ടിക്കും. ആ ബോധം പലപ്പോഴും അവര്‍ ഉദ്ദേശിച്ച കാര്യം ആകണമെന്നില്ല. കൂടുതലും അത് അരാഷ്ട്രീതയാണ്.
അരാഷ്ട്രീയതക്ക് രാഷ്ട്രീയം ഉണ്ട്. തല്‍സ്ഥിതി തുടരുക എന്നതാണ് അത്. സത്യത്തില്‍ ഇത് പ്രശ്നമായി വരുന്നത് ഈ വസ്ത്രങ്ങള്‍ വിലക്ക് വാങ്ങാന്‍ ശേഷിയുള്ളവര്‍ക്കാണ്. കോടിക്കണക്കിന് ആളുകള്‍ പട്ടിണികിടക്കുന്ന രാജ്യത്ത്, കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന രാജ്യത്ത് ഇത്തരം വ്യക്തിമാഹാത്മ്യവാദ വിവാദങ്ങളുണ്ടാക്കുന്നത് കമ്പോള ഫെമിനിസമാണ്(4). വലതുപക്ഷത്തിന്റെ നയമാണത്. അതുകൊണ്ട് നടിയുടെ വസ്ത്രധാരണ വിവാദം വലതുപക്ഷ രാഷ്ട്രീയമാണ്. യാഥാസ്ഥിതിക വലതുപക്ഷവും ലിബറല്‍ വലതുപക്ഷവുമാണ് അവിടെ തമ്മിലടിക്കുന്നത്. നാം അതറിയാതെ ആ കെണിയില്‍ പോയി ചാടരുത്.
***
കുറിപ്പ്:
ഇനി നടിക്ക് ശരിക്കും അത്തരം വേഷം വിമര്‍ശനമില്ലാതെ ധരിച്ച് നടക്കാനാഗ്രഹിക്കുന്നുവെങ്കില്‍ അതിന് ആദ്യം ചെയ്യേണ്ടത് അതിന് ചേരുന്ന പൊതുബോധം സൃഷ്ടിക്കുക എന്നതാണ്. സത്യത്തില്‍ നടിയും അത്തരക്കാരും അവര്‍ സ്വയം അറിയാതെ ചെയ്യുന്നതും അതാണ്. അങ്ങനെ മാറിയ ഒരു ലോകത്ത് നമ്മുടെ അമ്മമാരും, സഹോദരിമാരും, അമ്മായിമാരും, അമ്മുമ്മമാരും ഒക്കെ ആ വേഷം ധരിച്ച് നടക്കുന്നവരായിരിക്കും. ആര്‍ക്കും ഒരു വിമര്‍ശനവും ഉണ്ടാകില്ല. പക്ഷെ ഒരു കുഴപ്പമുണ്ടാകുക, അപ്പോള്‍ ശ്രദ്ധ കിട്ടാനായി ആ വേഷം ധരിക്കാനാകില്ല എന്നതാണ്. അപ്പോള്‍ പുതിയ വസ്ത്ര വിവാദം വീണ്ടും ഉണ്ടാകും. മുതലാളിത്തത്തിന് സുഗമമായി മുന്നോട്ട് പോകാനും കഴിയും. അമേരിക്കയിലെ കൌമാരക്കാരായ ഈ പെണ്‍കുട്ടികളുടെ സംസാരം കേള്‍ക്കൂ. (6)
അനുബന്ധം:
1. https://neritam.com/2015/12/15/introduction-to-cognitive-linguistics
2. https://neritam.com/2012/01/17/gender-equality
3. https://neritam.com/2011/02/08/media-and-crime-against-women
4. https://neritam.com/2011/07/20/market-feminism
5. https://neritam.com/2010/06/01/crime-against-women-2
6. https://neritam.com/2015/09/14/the-sexualization-of-girls
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.