2021-ലെ ഫോബ്സ് പട്ടിക വിശ്വസിക്കാമെങ്കിൽ ഇന്ത്യൻ ഡോളർ ശതകോടീശ്വരന്മാരുടെ എണ്ണം 12 മാസത്തിനുള്ളിൽ 102-ൽ നിന്നും 140-ലേക്ക് ഉയർന്നു (ശതകോടീശ്വരന്മാരുടെയും അവരുടെ സമ്പത്തിന്‍റെയും കാര്യത്തിൽ ഫോബ്സ് മാഗസിനാണ് ഏറ്റവും കൂടുതൽ വിശ്വസിക്കപ്പെടുന്നത്). ഇവരുടെ മുഴുവൻ സമ്പത്ത് ഒരുമിച്ചു കൂട്ടി നോക്കിയിൽ ഇക്കഴിഞ്ഞ വർഷം “അത് ഇരട്ടിയായി ഏകദേശം 596 ബില്യൺ” ആയിത്തീര്‍ന്നുവെന്നും പ്രസ്തുത പട്ടിക പറയുന്നു.
ഇതിനർത്ഥം 140 വ്യക്തികൾക്ക്, അല്ലെങ്കിൽ ജനസംഖ്യയുടെ 0.000014 ശതമാനത്തിന്, നമ്മുടെ മൊത്തം ആഭ്യന്തര ഉത്പാദനമായ 2.62 ട്രില്യൺ ഡോളറിന്‍റെ 22.7 ശതമാനത്തിനു (അല്ലെങ്കിൽ അഞ്ചിലൊന്നിലധികം) തുല്യമായ വർദ്ധിത സമ്പത്ത് ഉണ്ടെന്നാണ്. ഇത് ‘മൊത്തം’ എന്ന വാക്കിന് മറ്റെല്ലാ അർത്ഥവും നല്കുന്നു.
മിക്ക പ്രമുഖ ഇന്ത്യൻ ദിനപത്രങ്ങളും ഫോബ്സ് പ്രഖ്യാപനം അവ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ച രീതിയില്‍ത്തന്നെ പ്രസിദ്ധീകരിച്ചു – ഒറാക്കിള്‍ ഓഫ് പെല്‍ഫ് കൂടുതൽ തുറന്നതും സത്യസന്ധവുമായ രീതിയല്‍ എന്താണോ പറയുന്നത് അത് പ്രസ്താവിക്കാതെ.
ഫോബ്സ് ഈ രാജ്യത്തെക്കുറിച്ചുള്ള അതിന്‍റെ റിപ്പോർട്ടിന്‍റെ ആദ്യത്തെ ഖണ്ഡികയിൽ പറയുന്നു: “അടുത്ത കോവിഡ്-19 തരംഗം ഇന്ത്യ മുഴുവൻ വ്യാപിക്കുകയും ആകെയുള്ള കേസുകൾ 12 ദശലക്ഷം കഴിയുകയും ചെയ്തു. പക്ഷെ രാജ്യത്തിന്‍റെ ഓഹരി വിപണി മഹാമാരിയെക്കുറിച്ചുള്ള ഭീതി പുതിയ ഉയർച്ച പ്രാപിക്കാനായി മാറ്റി വയ്ക്കുന്നു. ബെഞ്ച്മാർക് സെൻസെക്സ് കഴിഞ്ഞ വർഷത്തേതിനേക്കാൾ 75% ഉയർന്നു. ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആകെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ 102-ൽ നിന്നും 140 ആയി ഉയർന്നു. അവരുടെ ആകെ സ്വത്ത് ഏകദേശം 596 ബില്യൺ ഡോളറായി ഇരട്ടിച്ചു.
അതെ, ഈ 140 ധനാധിപതികളുടെയും ആകെ സമ്പത്ത് 90.4 ശതമാനമായി ഉയർന്നു – ഒരു വർഷത്തിനുള്ളിൽ ജി.ഡി.പി. 7.7 ശതമാനമായി ചുരുങ്ങിയപ്പോൾ . ഈ നേട്ടങ്ങളുടെ വാർത്തകൾ പുറത്തു വരുന്നത് നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് തൊഴിലാളി കുടിയേറ്റത്തിന്‍റെ ഒരു രണ്ടാം ഘട്ടം നമ്മൾ വീക്ഷിക്കുന്ന സമയത്താണ്. ഇത്തവണയും എണ്ണാൻ വയ്യാത്ത വിധം വലിപ്പത്തില്‍ ചിതറിക്കിടക്കുകയുമാണ് അവർ. കുടിയേറ്റം മൂലമുണ്ടാകുന്ന തൊഴിൽ നഷ്ടങ്ങൾ ജി.ഡി.പി.ക്ക് ഒരു ഗുണവും ചെയ്യില്ല. പക്ഷെ, ദയാപൂര്‍വ്വം നമ്മുടെ ശതകോടീശ്വരന്മാരെ കൂടുതല്‍ ഉപദ്രവിക്കരുത്. അക്കാര്യത്തിൽ നമുക്ക് ഫോബ്സിന്‍റെ ഉറപ്പുണ്ട്.
കൂടാതെ ശതകോടീശ്വരന്മാരുടെ സമ്പത്ത് കോവിഡ്-19-ന്‍റെ വിപരീത ദിശയിലാണ് പ്രവർത്തിക്കുന്നത് എന്നു കാണാം. എത്രമാത്രം സമ്പത്ത് കേന്ദ്രീകരിക്കുന്നുവോ വിതരണം ചെയ്യപ്പെടാനുള്ള ശേഷി അത്രമാത്രം കുറയുന്നു.
“ഏറ്റവും മുകളിൽ വാഴുന്നത് സമൃദ്ധിയാണ്”, ഫോബ്സ് പറയുന്നു. “ഏറ്റവും സമ്പന്നരായ മൂന്ന് ഇന്ത്യക്കാർ മാത്രം 100 ബില്യണിലധികമാണ് സമ്പാദിച്ചത് .” ആ മൂന്നു പേരുടെ ആകെയുള്ള സമ്പത്ത് – 153.5 ബില്യൺ ഡോളർ – 140 ക്ലബ്ബിന്‍റെ 25 ശതമാനത്തിലധികം വരും. ഏറ്റവും മുകളിലുള്ള രണ്ടുപേരുടെ – അംബാനി (84.5 ബില്യൺ ഡോളർ), അദാനി (50.5 ബില്യൺ ഡോളർ) – സമ്പത്ത് പഞ്ചാബിന്‍റെയോ (85.5 ബില്യൺ ഡോളർ) ഹരിയാനയുടെയോ (101 ബില്യൺ) ആകെ സംസ്ഥാന ആഭ്യന്തര ഉത്പാദനത്തേക്കാൾ വളരെ വലുതാണ്.
മഹാമാരിയുടെ വർഷത്തിൽ അംബാനി നിലവിലുള്ള സമ്പത്തിനു പുറമെ സമ്പാദിച്ചത് 47.7 ബില്യൺ ഡോളർ (3.57 ട്രില്യൺ രൂപ) ആണ് – അതായത് ഓരോ സെക്കൻഡിലും ശരാശരി 1.13 ലക്ഷം രൂപ . ഇത് പഞ്ചാബിലെ 6 കർഷക കുടുoബങ്ങളുടെ (ഒരു കുടുംബത്തിലെ അംഗങ്ങളുടെ ശരാശരി എണ്ണം 5.24) ശരാശരി മാസ വരുമാനത്തേക്കാള്‍ (ഒരു കുടുംബത്തിന്‍റെ വരുമാനം ശരാശരി 18,059 രൂപ) കൂടുതലാണ്.
അംബാനിയുടെ മുഴുവൻ സമ്പത്ത് മാത്രം ഏതാണ്ട് പഞ്ചാബിന്‍റെ ജി.എസ്.ഡി.പി.ക്ക് (മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനം) തുല്യമാണ്. പുതിയ കാർഷിക നിയമങ്ങളുടെ ഫലങ്ങൾ പൂർണ്ണമായി ഉണ്ടാകുന്നതിനു മുമ്പുള്ള കാര്യമാണ് ഇത്. മുഴുവൻ ഫലം ഉണ്ടായാൽ ഇതു വീണ്ടും വർദ്ധിക്കും. ഒരു പഞ്ചാബ് കർഷകന്‍റെ മാസ ശരാശരി പ്രതിശീർഷ വരുമാനം ഏകദേശം 3,450 രൂപയാണെന്ന കാര്യം ഓർമ്മിക്കുക (എൻ.എസ്.എസ്. 70-ാം റൗണ്ട് പ്രകാരം).
ഫോബ്സ് റിപ്പോർട്ട് കാര്യങ്ങളെ ബന്ധിപ്പിക്കുകയോ അഥവാ ചേർത്തു വയ്ക്കുകയോ ചെയ്യുന്ന രീതി ഒരിടത്തും പിന്തുടരാതെ പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോർട്ടാണ് മിക്ക ദിനപത്രങ്ങളും വെറുതെ പ്രസിദ്ധീകരിച്ചത് (അഥവാ പരിഷ്കരിച്ചത്). കോവിഡ് അഥവാ കൊറോണ അഥവാ മഹാമാരി എന്നീ വാക്കുകളൊന്നും പി.റ്റി.ഐ. കഥകളില്‍ ഇല്ല. “ലോകം മുഴുവൻ മഹാമാരി പടർന്നു പിടിക്കുന്നത് ആസ്വദിക്കുന്ന ആരോഗ്യ സംരക്ഷണ മേഖലയിൽ നിന്നാണ് ഏറ്റവും സമ്പന്നരായ 10 ഇന്ത്യക്കാരിലെ രണ്ടുപേർ സമ്പത്ത് നേടുന്നത്” എന്ന ഫോബ്സ് റിപ്പോർട്ടിന് ഈ റിപ്പോര്‍ട്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും റിപ്പോര്‍ട്ടോ പ്രാമുഖ്യം കൊടുക്കുന്നില്ല. ‘ആരോഗ്യ സംരക്ഷണം’ എന്ന വാക്ക് പി.റ്റി.ഐ. റിപ്പോർട്ടിലോ അല്ലെങ്കിൽ മറ്റു മിക്ക കഥകളിലോ കാണുന്നില്ല. എന്നിരിക്കിലും ഫോബ്സ് നമ്മുടെ 140 ഡോളർ ശതകോടീശ്വരന്മാരിൽ 24 പേരെ ‘ആരോഗ്യസുരക്ഷ’ വ്യവസായത്തിൽ പ്രതിഷ്ഠിക്കുന്നു.
ഫോബ്സ് പട്ടികയിലെ ആ 24 ഇന്ത്യൻ ആരോഗ്യസുരക്ഷാ ശതകോടീശ്വരന്മാരിൽ ഏറ്റവും മുകളിലുള്ള 10 പേർ മഹാമാരി വർഷത്തിൽ 24.9 ബില്യൺ ഡോളർ സമ്പാദിച്ചുകൊണ്ട് (എല്ലാ ദിവസവും ശരാശരി 5 ബില്യൺ വീതം) തങ്ങളുടെ ആകെ സമ്പാദ്യം 75 ശതമാനം വര്‍ദ്ധിപ്പിച്ച് 58.3 ബില്യൺ ഡോളറിൽ (4.3 ട്രില്യൺ രൂപ) എത്തിച്ചു. കോവിഡ്-19 ഒരേനിലയിലാക്കുന്നതിനുള്ള ഒരു വലിയ മാര്‍ഗ്ഗം എന്ന നിലയില്‍ ആലോചിച്ചു നോക്കുക.
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന, എവിടെ നിന്നും സമ്പാദിക്കുന്ന, നമ്മുടെ പണച്ചാക്കുകൾ ഫോബ്സ് പട്ടികയുടെ മുകളിൽ തന്നെയുണ്ട്. മുകളിൽ നിന്നും രണ്ടെണ്ണം മാത്രം താഴെയായി. 140-ൽ നോട്ട് ഔട്ട് ആയി ബാറ്റ് ചെയ്തുകൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സിനും ചൈനയ്ക്കും പിന്നാലെ ഇപ്പോൾ ഇന്ത്യയാണ് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാർ ഉള്ള മൂന്നാമത്തെ രാജ്യം. ജർമ്മനിയേയും റഷ്യയേയും പോലെ അവകാശപ്പെട്ടിരുന്ന രാജ്യങ്ങള്‍ മുൻപ് പട്ടികകളിൽ നമ്മളെ മറി കടന്ന സമയമുണ്ടായിരുന്നു. പക്ഷെ അവരെ നമ്മുടെ സ്ഥാനം നമ്മൾ ഈ വർഷം കാണിച്ചിരിക്കുന്നു.
ഇന്ത്യൻ പണചാക്കുകളുടെ സമ്പത്തെല്ലാം കൂട്ടിച്ചേർക്കുമ്പോഴുള്ള 596 ബില്യൺ ഡോളർ ഏകദേശം 44.5 ട്രില്യൺ രൂപ വരും. ഇത് 75 റഫേൽ ഇടപാടുകളുടെ പണത്തേക്കാള്‍ കുറച്ചു മുകളിലാണ്. ഇന്ത്യക്ക് സാമ്പത്തിക നികുതിയില്ല. പക്ഷെ നമ്മൾ അത് ഏർപ്പെടുത്തുകയും 10 ശതമാനം മിതമായ നിരക്കിൽ ചുമത്തുകയും ചെയ്താൽ 4.45 ട്രില്യൺ രൂപ ഉണ്ടാക്കാൻ സാധിക്കും. അതുപയോഗിച്ച്, ഒപ്പം ഇപ്പോഴുള്ള വാർഷിക നീക്കിവയ്ക്കലായ 73,000 കോടി രൂപ (2021-22 വർഷത്തിൽ) നിലനിർത്തിക്കൊണ്ടു, നമുക്ക് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആറു വർഷത്തേക്ക് നടപ്പാക്കാൻ പറ്റും. ഈ തുകകൊണ്ട് ഗ്രാമീണ ഇന്ത്യയിൽ 16.8 ബില്യൺ തൊഴില്‍ ദിനങ്ങൾ അടുത്ത ആറു വർഷംകൊണ്ട് സൃഷ്ടിക്കാൻ കഴിയും.
കുടിയേറ്റക്കാരുടെ അടുത്ത വിഭാഗം നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നും – വളരെ ദു:ഖകരമായി എന്നാൽ പൂര്‍ണ്ണമായും ന്യായീകരിക്കത്തക്ക വിധത്തിൽ ഒരു സമൂഹമെന്ന നിലയിൽ നമ്മിൽ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് – ഗ്രാമങ്ങളിലേക്കു തിരിക്കുമ്പോൾ എം.ജി.എൻ.ആർ.ഇ.ജി.എസ്.ലെ ഈ തൊഴിൽ ദിനങ്ങൾ മുമ്പത്തേതിനേക്കാൾ ആവശ്യമാണ്.
അദ്ഭുതകരമായ ഈ 140 പേര്‍ക്ക് അവരുടെ സുഹൃത്തുക്കളിൽ നിന്നും കുറച്ചു സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. രണ്ടു പതിറ്റാണ്ടിലേറെയായി അതീവ വേഗതയില്‍ ചരിക്കുന്ന കോർപ്പറേറ്റുകൾക്കുള്ള വൻ നികുതിയിളവുകളാണത് – 2019 ഓഗസ്റ്റു മുതൽ അതു കൂടുതൽ ത്വരിത ഗതിയിലായി.
മഹാമാരിയുടെ വർഷത്തിൽ കർഷകർക്ക് ഒരു പൈസയുടെ പോലും ആനുകൂല്യം താങ്ങുവില ഉറപ്പിച്ചുകൊണ്ട് നല്‍കിയിട്ടില്ലെന്നത് പരിഗണിക്കേണ്ട കാര്യമാണ്; തൊഴിലാളികളെ പ്രതിദിനം 12 മണിക്കൂർ തൊഴിൽ ചെയ്യാൻ അനുവദിച്ചുകൊണ്ട് ഓർഡിനൻസുകൾ പാസ്സാക്കി (ചില സംസ്ഥാനങ്ങളിൽ കൂടുതലുള്ള നാലു മണിക്കൂറുകൾക്ക് അധിക ജോലിക്കുള്ള കൂലി നൽകാതെയാണിത്); വൻ കോർപ്പറേറ്റ് സമ്പന്നർക്കായി കൂടുതൽ പ്രകൃതി വിഭവങ്ങളും പൊതു സ്വത്തും കൈമാറി. ഈ മഹാമാരിയുടെ വർഷത്തിൽ ഭക്ഷ്യധാന്യങ്ങളുടെ കരുതൽ ശേഖരം ഒരു ഘട്ടത്തിൽ 104 ദശലക്ഷം ടൺ വരെയെത്തി. പക്ഷെ ആളുകൾക്ക് 5 കിലോഗ്രാം ഗോതമ്പ് അല്ലെങ്കില്‍ അരിയും ഒരു കിലോ ഗ്രാം ധാന്യവും 6 മാസക്കാലത്തേക്ക് ‘അനുവദിച്ചു’. അതും ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്‍റെ പരിധിയിൽ വരുന്നവർക്കു മാത്രം. ആവശ്യക്കാരായ ഗണ്യമായ ഒരു വിഭാഗത്തെ ഭക്ഷ്യ സുരക്ഷാ നിയമം ഒഴിവാക്കുന്നു. ഇത് നൂറു ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ മുൻ പതിറ്റാണ്ടുകളിൽ ആയിരുന്നതിനേക്കാൾ കൂടുതൽ പട്ടിണി അനുഭവിക്കുന്ന ഒരു വർഷത്തിൽ ആണ്.
സമ്പത്തിന്‍റെ “കുതിപ്പ്”, ഫോബ്സ് വിളിക്കുന്നതു പോലെ, ലോകവ്യാപകമാണ്. “കഴിഞ്ഞ ഒരു വർഷമായി ഓരോ 17 മണിക്കൂറിലും ശരാശരി ഒരു പുതിയ ശതകോടീശ്വരൻ വീതം ഉണ്ടാകുന്നു. മൊത്തത്തിൽ നോക്കുമ്പോള്‍, ലോകത്തിലെ ഏറ്റവും സമ്പന്നർ കഴിഞ്ഞ വർഷത്തേക്കാൾ 5 ട്രില്യൺ ഡോളർ കൂടുതൽ ധനാഢ്യരാണ്. ഇന്ത്യയിലെ സമ്പന്നര്‍ ഈ പുതിയ 5 ട്രില്യൺ ഡോളറിന്‍റെ 12 ശതമാനം. ഇതിനർത്ഥം, ഇന്ത്യയുടെ കാര്യത്തില്‍, അസമത്വം എല്ലാ മേഖലകളിലും വളരെ വേഗം വളരുന്ന ഒന്നായി ചോദ്യം ചെയ്യപ്പെടാതെ നിലനിൽക്കുന്നു എന്നാണ്.
അത്തരത്തിലുള്ള സമ്പത്തിന്‍റെ കുതിപ്പ് ദുരിതത്തിന്‍റെ കുതിപ്പായാണ് തുടരുന്നത്. ഇത് മഹാമാരിയുടെ കാര്യത്തില്‍ മാത്രമല്ല. അത്യാഹിതം മികച്ച ഒരു ബിസിനസാണ്. പലരുടെയും ദുരിതത്തിലാണ് പണം ഉണ്ടാക്കപ്പെടുന്നത്. ഫോബ്സ് വിശ്വസിക്കുന്നതിൽ നിന്നും വ്യത്യസ്തമായി നമ്മുടെ ആൾക്കാർ മഹാമാരി കണ്ടു ഭയന്നു വിറയ്ക്കുന്നില്ല. അതിന്‍റെ വേലിയേറ്റങ്ങളെ അവർ വളരെ മികച്ച രീതിയിൽ നയിക്കുന്നു. “ലോകമൊട്ടാകെയുള്ള മഹാമാരിയുടെ വളർച്ച”യെ ആരോഗ്യ സംരക്ഷണ മേഖല ആസ്വദിക്കുന്നുവെന്ന് ഫോബ്സ് പറയുന്നത് ശരിയാണ്. പക്ഷെ, ഈ വളർച്ചകളും കുതിപ്പുകളും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിപത്തുകളെ ആശ്രയിച്ച് മറ്റു മേഖലകളുടെ കാര്യത്തിലും സംഭവിക്കാം.
2004 ഡിസംബറിലെ സുനാമി കഴിഞ്ഞ് കഷ്ടി ഒരാഴ്ചക്കു ശേഷം എല്ലായിടത്തും ഒരു ഓഹരി വിപണി ഉണർവ്വുണ്ടായിരുന്നു – സുനാമി ഏറ്റവും നാശം വിതച്ച രാജ്യങ്ങളിൽ വരെ. ദശലക്ഷക്കണക്കിന് വീടുകളും ബോട്ടുകളും പാവപ്പെട്ടവരുടെ ഒരുപാട് സാധനങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. സുനാമി മൂലം ഒരു ലക്ഷത്തിനു മുകളിൽ ആളുകൾ മരിച്ച ഇൻഡോനേഷ്യയില്‍ ‘ജക്കാർത്ത സംയോജിത സൂചിക’ (Jakarta Composite Index) മുൻവർഷ റെക്കാർഡുകളേക്കാൾ തകരുകയും എക്കാലത്തെയും ഉയർന്ന നിലയിലെത്തുകയും ചെയ്തു. നമ്മുടെ സ്വന്തം സെൻസെക്സും അങ്ങനെ തന്നെ. നിർമ്മാണ, അനുബന്ധ മേഖലകളിലെ വൻ വളർച്ചയെ നയിക്കുന്ന പുനർനിർമ്മാണത്തിനുള്ള ഡോളറിനെയും രൂപയെയും ഇതു സൂചിപ്പിക്കുന്നു.
ഈ സമയത്ത് ‘ആരോഗ്യ സുരക്ഷയും’, മറ്റു മേഖലകൾക്കിടയിൽ സാങ്കേതികവും (പ്രത്യേകിച്ച് സോഫ്റ്റുവേര്‍ സേവനങ്ങൾ) സ്വന്തം താല്‍പര്യത്തിനായി നന്നായി പ്രവർത്തിച്ചിരുന്നു. പട്ടിക പ്രകാരം ഇന്ത്യയിലെ ഏറ്റവും ഉയർന്ന 10 ടെക് വ്യവസായ പ്രമുഖർ അവരുടെ മൊത്തം സമ്പാദ്യം 52.4 ബില്യൺ ഡോളറിലേക്ക് (3.9 ട്രില്യൺ രൂപ) എത്തിച്ചു കൊണ്ട് 12 മാസത്തിനുള്ളിൽ 22.8 ബില്യൺ ഡോളറാണ് (അഥവാ എല്ലാ ദിവസവും ശരാശരി 4.6 ബില്യൺ രൂപ) മൊത്തത്തില്‍ വർദ്ധിപ്പിച്ചത്. ഇത് 77 ശതമാനത്തിന്‍റെ വർദ്ധനവാണ്. മറ്റൊന്നുള്ളത് ഓൺലൈൻ വിദ്യാഭ്യാസം – പ്രധാനമായും സർക്കാർ വിദ്യാലയങ്ങളിലുള്ള ദശലക്ഷക്കണക്കിന് പാവപ്പെട്ട വിദ്യാർത്ഥികൾ ഒരു തരത്തിലുള്ള വിദ്യാഭ്യാസവും ലഭിക്കാതെ പുറന്തള്ളപ്പെടുമ്പോൾ – കുറച്ചുപേർക്ക് നേട്ടമുണ്ടാക്കി എന്നുള്ളതാണ്. ആകെ വരുമാനം 2.5 ബില്യൺ ഡോളർ (187 ബില്യൺ രൂപ) ആയി ഉയർത്തിക്കൊണ്ട് ബൈജു രവീന്ദ്രൻ തന്‍റെ സമ്പത്തിന്‍റെ 39 ശതാമാനം നേടി.
ലോകത്തിന്‍റെ മറ്റു ഭാഗങ്ങളെ നമ്മൾ അവയുടെ സ്ഥാനം കാണിച്ചു കൊടുത്തു എന്നു പറയുന്നത് ശരിയാണെന്നു ഞാൻ കരുതുന്നു. യു.എൻ. മനുഷ്യ വികസന സൂചികയിൽ നമ്മുടെ സ്ഥാനം നമ്മൾക്കും കാണിച്ചു നല്‍കപ്പെട്ടു – 189 രാജ്യങ്ങളിൽ 131-ാം സ്ഥാനം. എൽസാവഡോർ, താജിക്കിസ്ഥാൻ, കാബോ വെർഡെ, ഗ്വാട്ടിമാല, നിക്കരാഗ്വ, ഭൂട്ടാൻ, നമീബിയ എന്നീ രാജ്യങ്ങൾ നമുക്കു മുകളിലാണ്. മുന്‍വര്‍ഷത്തേക്കാള്‍ നമ്മളെ ഒരുപടി താഴ്ത്തുന്നതിനായുള്ള ആഗോള ഗൂഢാലോചനയെക്കുറിച്ച് ഉയർന്ന തലത്തിലുള്ള വലിയൊരന്വേഷണത്തിന്‍റെ ഫലം നമ്മള്‍ കാത്തിരിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. ഈ ഇടം കാണുക.
— സ്രോതസ്സ് ruralindiaonline.org | P. Sainath (പരിഭാഷ: റെന്നിമോന്‍ കെ. സി.)| Apr 18, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.