ചിത്തംപള്ളി പരമേശ്വരിക്ക് പലപ്പോഴും എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ തോന്നും. “പക്ഷെ എനിക്ക് എന്റെ മക്കളെ ഉപേക്ഷിക്കാനാകില്ല. അവർക്ക് ഞാൻ മാത്രമേയുള്ളൂ,” 30 വയസ്സുകാരിയായ ആ അമ്മ പറയുന്നു.
പരമേശ്വരിയുടെ ഭർത്താവ്, ചിത്തംപള്ളി കമൽ ചന്ദ്ര 2010 നവംബറിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരുപതുകളിൽ മാത്രം പ്രായമുള്ള ഒരു കർഷകനായിരുന്നു അദ്ദേഹം. “നല്ലവണ്ണം എഴുതാൻ അറിയാത്തത് കൊണ്ടാവണം അദ്ദേഹം ആത്മഹത്യാക്കുറിപ്പ് ഒന്നും എഴുതിവച്ചിരുന്നില്ല,” ഒരു പുഞ്ചിരിയോടെ അവർ പറയുന്നു.
അങ്ങനെയാണ് പരമേശ്വരി അവരുടെ മക്കളായ ശേഷാദ്രിക്കും അന്നപൂർണ്ണക്കും ആകെയുള്ള രക്ഷിതാവായി മാറിയത്. സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഇരുവരും ഇപ്പോൾ 30 കിലോമീറ്റർ അകലെയുള്ള ഒരു ഹോസ്റ്റലിലാണ് താമസിക്കുന്നത്. “കുട്ടികളെ പിരിഞ്ഞിരിക്കുന്നതിൽ എനിക്ക് ഒരുപാട് വിഷമമുണ്ട്,” എന്ന് പറയുമ്പോഴും ആ അമ്മ സ്വയം ആശ്വസിപ്പിക്കുന്നു, “അവർക്ക് സമയത്തിന് ഭക്ഷണം കിട്ടുന്നുണ്ടെന്ന സമാധാനമുണ്ടല്ലോ.”
ഭർത്താവിന്റെ ആത്മഹത്യക്ക് ശേഷം, ആസര പെൻഷൻ പദ്ധതിയ്ക്ക് കീഴിൽ ലഭിക്കുന്ന വിധവാ പെൻഷനാണ് പരമേശ്വരിയുടെ പ്രധാന വരുമാനമാർഗ്ഗം. “2019 വരെ എനിക്ക് 1000 (രൂപ) ആണ് കിട്ടിക്കൊണ്ടിരുന്നത്, എന്നാൽ ഇപ്പോൾ എല്ലാ മാസവും 2,016 (രൂപ) കിട്ടുന്നുണ്ട്.”
പെൻഷന് പുറമെ, ചിൽതംപള്ളി ഗ്രാമത്തിൽ തന്നെ കമൽ ചന്ദ്രയുടെ മാതാപിതാക്കൾക്ക് സ്വന്തമായുള്ള ചോളപ്പാടങ്ങളിൽ ജോലി ചെയ്ത് പരമേശ്വരി മാസം 2500 രൂപ സമ്പാദിക്കുന്നുണ്ട്. 150-200 രൂപ ദിവസക്കൂലിയ്ക്ക് മറ്റുള്ള പാടങ്ങളിലും അവർ ജോലിയ്ക്ക് പോകുമെങ്കിലും വല്ലപ്പോഴുമേ അത്തരം ജോലി അവർക്ക് ലഭിക്കാറുള്ളൂ.
ഭർത്താവ് മരണപ്പെട്ട് 13 വർഷം കഴിഞ്ഞിട്ടും അദ്ദേഹം ബാക്കിവച്ച കടങ്ങൾ വീട്ടാൻ പരമേശ്വരി പാടുപെടുന്നത് കൊണ്ടാണ് അവർക്ക് ലഭിക്കുന്ന വരുമാനം മതിയാകാതെ പോകുന്നത്.
— സ്രോതസ്സ് ruralindiaonline.org | വിവര്‍ത്തനം: പ്രതിഭ ആർ. കെ | Mar 17, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.