അക്ഷയ സെന്ററില്‍ ആധാര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറി 38 ആധാര്‍ സൃഷ്ടിച്ചു

ആധാര്‍ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറി അധാര്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചെടുത്തു. മലപ്പുറം തിരൂരിലെ അക്ഷയസെന്ററിലാണ് സംഭവം നടന്നത്. ആധാര്‍ മെഷീനില്‍ റിമോട്ട് ആക്സസ് മുഖേന നുഴഞ്ഞുകയറി ആധാര്‍ എന്റോള്‍മെന്റ് നടത്തുകയായിരുന്നു. അതിര്‍ത്തി പ്രദേശത്തുനിന്നാണ് ആധാറിലേക്കുള്ള നുഴഞ്ഞുകയറ്റമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ കണ്ടെത്തിയത്. ഇന്ത്യയില്‍ വിലാസമോ രേഖകളോ ഇല്ലാത്തവര്‍ക്ക് വേണ്ടിയാകും ഇത് ചെയ്തിരിക്കുന്നതെന്നാണ് സൂചന. ചാരപ്രവര്‍ത്തനത്തിനു വേണ്ടിയാണെന്നും സംശയിക്കുന്നു.

തിരൂരിലെ അക്ഷയസെന്ററിലെ ആധാര്‍ മെഷീനില്‍ നിന്നും എന്റോള്‍ ചെയ്ത 38 എന്‍ട്രികള്‍ ഇത്തരത്തിലുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ ആധാറുകള്‍ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സംസ്ഥാന പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും രഹസ്യാന്വേഷണവിഭാഗവും ആധാര്‍ നുഴഞ്ഞുകയറ്റം അന്വേഷിക്കുമെന്നാണ് സൂചന.

രാജ്യത്തെ 139 കോടിയിലേറെ എന്‍ റോള്‍മെന്റുള്ള ആധാര്‍ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി യു.ഐ.ഡി. തന്നെ വെളിപ്പടെുത്തിയിട്ടുള്ളതാണ്. പക്ഷേ, നുഴഞ്ഞുകയറി ആധാര്‍ സൃഷ്ടിച്ചെടുത്ത സംഭവം കേട്ടുകേള്‍വിയില്ലാത്തതാണ്. ജനുവരി 12-ന് ആണ് തിരൂര്‍ ആലിങ്ങലിലെ അക്ഷയ സെന്ററിലേക്ക് ഡല്‍ഹിയില്‍നിന്നും യു.ഐ.ഡി. അഡ്മിന്‍ ആണെന്ന് പരിചയപ്പെടുത്തി ഫോണ്‍കോള്‍ വന്നത്. അക്ഷയയിലെ ആധാര്‍ മെഷീന്‍ പതിനായിരം എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയതിനാല്‍ വെരിഫിക്കേഷന്‍ ആവശ്യമാണെന്ന് വ്യക്തമാക്കി. തുടര്‍ന്ന് ‘എനിഡെസ്‌ക്’ എന്ന സോഫ്റ്റ്വെയര്‍ കണക്ട് ചെയ്യാന്‍ പറഞ്ഞു. യു.ഐ.ഡിയില്‍ നിന്നാണെന്നതിനാല്‍ സംശയമേതുമില്ലാതെ എനിഡെസ്‌ക്ക് കണക്ട് ചെയ്തു. ഇതോടെ മറ്റൊരു കമ്പ്യൂട്ടറില്‍ നിന്നും ആധാര്‍ മെഷീന്‍ ഉപയോഗിക്കാമെന്ന സ്ഥിതിയായി.

അല്‍പസമയം കഴിഞ്ഞ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായെന്നും ടെസ്റ്റിങ്ങിന്റെ ഭാഗമായി ഒരാളുടെ എന്റോള്‍മെന്റ് നടത്താന്‍ ആവശ്യപ്പെടുന്നു. അക്ഷയ സെന്റര്‍ ഇത് ചെയ്യുന്നു. ഇതിന് ശേഷം യു.ഐ.ഡി. അഡ്മിനാണെന്ന് പരിചയപ്പെടുത്തിയ ആള്‍ എല്ലാം ഓക്കെയാണ് നിങ്ങള്‍ തുടര്‍ന്നോളൂ എന്നുപറഞ്ഞ് എനിഡെസ്‌ക് കണക്ഷന്‍ വിച്ഛേദിച്ചു. ഇതിനിടയില്‍ തിരൂരിലെ അക്ഷയ സെന്ററിലെ ആധാര്‍ മെഷീനിലേക്ക് അവര്‍ക്ക് ആവശ്യമുള്ള ഡേറ്റ കയറ്റിവിട്ടു. ഇത് അക്ഷയ സെന്റര്‍ അറിഞ്ഞതേയില്ല. ജനുവരി 12-ന് 65 ആധാര്‍ എന്റോള്‍മെന്റാണ് അക്ഷയസെന്റര്‍ നടത്തിയത്. ഇതില്‍ 38 എണ്ണവും സംശയാസ്പദമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഓരോ ആധാര്‍ എന്റോള്‍മെന്റും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വിശദമായ പരിശോധനയിലൂടെയാണ് കടന്നുപോവുക. അപ് ലോഡ് ചെയ്യുന്ന രേഖകളും വിരലടയാളം, കണ്ണ് എന്നിവയും പരിശോധിക്കും. ഈ പരിശോധനയിലൂടെയെല്ലാം 38 ആധാര്‍ എന്റോള്‍മെന്റും കടന്നുപോവുകയും അന്തിമഅംഗീകാരം ലഭിക്കുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷമുള്ള വിരലടയാളം, കണ്ണ് എന്നിവ പകര്‍ത്തിയതിലുള്ള ഗുണനിലവാരം പരിശോധിക്കുന്നതിനിടെയാണ് സംശയം തോന്നിയത്. ജനുവരി 25-നായിരുന്നു ഈ കണ്ടെത്തല്‍. തുടര്‍ന്ന് വിശദമായ പരിശോധന നടത്തി. അപ് ലോഡ് ആയിരിക്കുന്നത് മലപ്പുറത്തെ ആധാര്‍ മെഷീനില്‍ നിന്നാണെങ്കിലും വിരലുകളും കണ്ണും ഉള്‍പ്പടെയുള്ള പകര്‍ത്തലുകളുടെ ലൊക്കേഷന്‍ പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണെന്ന് വ്യക്തമായി. ഇതില്‍ പശ്ചിമബംഗാളിലെ ലൊക്കേഷന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ളതാണ്.

ഇതേതുടര്‍ന്ന് യു.ഐ.ഡി. അധികൃതര്‍ ജനുവരി 30-ന് കേരളത്തെ വിവരം അറിയിച്ചു. ജനുവരി 31-ന് മലപ്പുറം ജില്ലാ അക്ഷയ ഓഫീസില്‍ നിന്നും തിരൂരിലെ അക്ഷയ സംരഭകന് നോട്ടീസ് നല്‍കി വിളിപ്പിച്ച് മൊഴിയെടുക്കുകയും ഡേറ്റകള്‍ ശേഖരിക്കുകയും ചെയ്തു. ആധാര്‍ മെഷീന്‍ മരവപ്പിച്ചു. ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അക്ഷയസംരംഭകന്‍ തന്നെ തിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മലപ്പുറം ജില്ലാ ഓഫീസില്‍ നിന്നും സൈബര്‍ പോലീസിലേക്കും പരാതി ഓണ്‍ലൈനായി നല്‍കി.

— സ്രോതസ്സ് mathrubhumi.com | ടി.ജെ. ശ്രീജിത്ത് | 13 Feb 2024

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ