ആധാര്‍ കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം

സ്‌കൂളില്‍ ചേര്‍ന്നാലും സര്‍ക്കാരിന്റെ കണക്കില്‍പ്പെടണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ കുട്ടികളുടെ വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നെന്ന് ആക്ഷേപം. ആധാറില്ലാത്ത വിദ്യാര്‍ഥികളുടെ ജനനത്തീയതി കണക്കാക്കാനുള്ള ആധികാരികരേഖയായ ജനനസര്‍ട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്ന വ്യവസ്ഥയാണ് ഈ പ്രശ്‌നത്തിനിടയാക്കുന്നത്.

ആറാം പ്രവൃത്തിദിവസത്തില്‍ ‘സമ്പൂര്‍ണ’ പോര്‍ട്ടലില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ മാത്രമേ സര്‍ക്കാരിന്റെ കണക്കില്‍പ്പെടൂ. ആ വിവരങ്ങള്‍ അന്ന് ‘സമന്വയ’ പോര്‍ട്ടലിലേക്ക് സിംക്രണൈസ് ചെയ്യപ്പെടും. അതിനുശേഷം നല്‍കുന്ന വിവരങ്ങള്‍ സ്വീകരിക്കപ്പെടുകയില്ലെന്നാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. സ്‌കൂളില്‍ ചേരുന്ന കുട്ടിയുടെ ആധാര്‍ അധിഷ്ഠിതവിവരങ്ങളാണ് ‘സമ്പൂര്‍ണ’യില്‍ ഉള്‍പ്പെടുത്തേണ്ടത്. ജനനത്തീയതിയും ആധാര്‍ അടിസ്ഥാനമാക്കിയാണ് എടുക്കുന്നത്.

ആധാറില്ലാത്ത കുട്ടികളാണെങ്കില്‍ ആറാം പ്രവൃത്തിദിവസത്തിനകം അവര്‍ക്ക് ആധാര്‍ ലഭ്യമാക്കാനുള്ള നടപടിയെടുക്കണമെന്നാണ് സര്‍ക്കാര്‍നിര്‍ദേശം. കുറഞ്ഞ സമയപരിധിക്കുള്ളില്‍ അത് പ്രായോഗികമല്ലെന്നത് പരിഗണിക്കാതെയാണ് നിര്‍ദേശം. ആധാറില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കരുതെന്നും ഇതേ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതോടൊപ്പം, എങ്ങനെയായാലും ആറാം പ്രവൃത്തിദിനത്തില്‍ ആധാര്‍ ഇല്ലാത്ത വിദ്യാര്‍ഥി കണക്കില്‍പ്പെടില്ലെന്ന് ഉറപ്പിച്ചുപറയുന്നുമുണ്ട്. അത്തരം കുട്ടികളെ തസ്തികനിര്‍ണയത്തിന് പരിഗണിക്കുകയുമില്ല. പിന്നീട് ആധാര്‍ ഉണ്ടാക്കിയാലും അത് പരിഗണിച്ച് തസ്തികനിര്‍ണയം നടത്തുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷകള്‍ പരിഗണിക്കില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്, ഫലത്തില്‍ കുട്ടിയുടെ പഠിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന നടപടിയാണെന്നാണ് ആക്ഷേപം. കെ സ്മാര്‍ട്ട് വഴി ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കും. അതിന്റെ സത്യാവസ്ഥ പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. ജനനത്തീയതിക്കുള്ള ആധികാരിക രേഖയല്ല ആധാര്‍ എന്ന് സുപ്രീംകോടതി വിധികളിലും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലും വ്യക്തമാക്കിയിട്ടുണ്ട്.

ആധാര്‍കാര്‍ഡ് നല്‍കുന്ന യുണീക് ഐഡന്‍ഡിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നിട്ടും ആധാര്‍ വേണമെന്ന് സംസ്ഥാനസര്‍ക്കാര്‍ വാശിപിടിക്കുന്നതിനാലാണ് ഈ പ്രതിസന്ധി ഉണ്ടായതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

— സ്രോതസ്സ് mathrubhumi.com | 06 Jun 2025

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ