പരിണാമ സിദ്ധാന്തവും സാംസ്കാരിക മാറ്റങ്ങളും

ഇത്ര വൈവിദ്ധ്യമുള്ള ജീവജാലങ്ങള്‍ എങ്ങനെ ഉണ്ടായി എന്നതിനുള്ള ഉത്തരമാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം. ആ സിദ്ധാന്തത്തിന് സാമൂഹികമായോ മാനുഷികമായോ ആയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന നിയമങ്ങളുമായി ഒരു ബന്ധവുമില്ല. എന്നാല്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ ചിലര്‍ നമ്മുടെ സാമൂഹികവും സാങ്കേതികവുമായ ചരിത്രങ്ങളെ വിശദീകരിക്കാന്‍ ഉപയോഗിക്കാറുണ്ട്. അതിന്റെ ഉദാഹരണത്തിന് പരിണാമം എന്ന വാക്ക് മാറ്റങ്ങള്‍ക്ക് പകരം ഉപയോഗിക്കുന്നത്. സാമൂഹ്യ പരിണാമം, സാംസ്കാരിക പരിണാമം, കാറിന്റെ പരിണാമം, സിനിമയുടെ പരിണാമം തുടങ്ങി പലതും. ഇവിടെ പരിണാമം എന്നതിനെ ബോധപൂര്‍‌വ്വം മനുഷ്യന്‍ നടത്തുന്ന മാറ്റം എന്ന രീതിയിലാണ് മനസിലാക്കുന്നതെങ്കില്‍ അത് തെറ്റല്ല. എന്നാല്‍ അത് ഒരു ശാസ്ത്രീയ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള മാറ്റം എന്നാണ് ഉള്‍ക്കൊള്ളുന്നതെങ്കില്‍ അത് തെറ്റാണ്.

മനുഷ്യന്‍ നിര്‍മ്മിക്കുന്ന മാറ്റങ്ങളെ പൊതുവെ നമുക്ക് സാംസ്കാരിക മാറ്റങ്ങള്‍ എന്നു വിളിക്കാം. ഈ സാംസ്കാരിക മാറ്റങ്ങളും പരിണാമവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ട്.

മാറ്റങ്ങള്‍ക്ക് വേണ്ടി വരുന്ന സമയം. സാംസ്കാരിക മാറ്റങ്ങള്‍ ഞോടിയിടയിലാണ് നടക്കുന്നത്. പരിണാമ സിദ്ധാന്തപ്രകാരമായ മാറ്റങ്ങള്‍ കൊണ്ട് ഒരു പുതിയ സ്പീഷീസ് ഉണ്ടാകുവാന്‍ ദശ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടി വരും.

സ്പീഷീസിന്റെ നിലയില്‍ പ്രവര്‍ത്തിക്കുന്ന പരിണാമം തുടര്‍ച്ചയുള്ളതും തിരികെ വരാന്‍ കഴിയാത്തതുമാണ്. ഒരിക്കല്‍ സ്പീഷീസ് അതിന്റെ പൂര്‍‌വ്വികരുടെ പാതയില്‍ നിന്ന് മാറിക്കഴിഞ്ഞാല്‍ അത് എന്നന്നേക്കുമായി വേറിട്ടതാകുകയാണ്. (മറ്റൊരു ജീവിയുമായി ചേര്‍ന്ന് പ്രത്യുല്‍പ്പാദനം നടത്താന്‍ കഴിയാത്ത് അവസ്ഥയിലെത്തുമ്പോഴാണ് രണ്ടും വ്യത്യസ്ഥ സ്പീഷീസായി കണക്കാക്കുന്നത്) അതിന് ഒരിക്കലും തിരിച്ചുവരാന്‍ കഴിയില്ല. പ്രകൃതിയിലെ പരിണാമം സ്ഥിരമായി നടക്കുന്നതുമാണ്.

ഒരു യാത്രക്കാരന്‍ അയാള്‍ പുതിയ സ്ഥലത്ത് നിന്നും ലഭിച്ച വിവരങ്ങള്‍ സ്വന്തം നാട്ടില്‍ പ്രാവര്‍ത്തികമാക്കിയേക്കാം. അവിടെ പുതിതായുണ്ടാകുന്ന മാറ്റം സംസ്കാരങ്ങളുടെ കൂടിച്ചേരലുകള്‍ മൂലമാണ്. ഉദാഹരണത്തിന് വാസ്തുവിദ്യ. വാസ്തുവിദ്യയുടെ പരിണാമം എന്നു പറയുന്നയിനേക്കാള്‍ ശരി വാസ്തുവിദ്യയുടെ മാറ്റം എന്ന് പറയുന്നതാണ്. സാംസ്കാരിക മാറ്റങ്ങള്‍ പല സംസ്കാരങ്ങളുടെ കൂടിച്ചേരലാണ്. എന്നാല്‍ പരിണാമത്തില്‍ സ്പീഷീസുകള്‍ക്ക് കൂടിച്ചേരാനാവില്ല.

നേരിട്ടല്ലാത്തതും ദക്ഷത ഇല്ലാത്തതുമായ (inefficient) പ്രകൃതി നിര്‍ദ്ധാരണം എന്ന പ്രവര്‍ത്തനം വഴിയാണ് പരിണാമ സിദ്ധാന്തം പ്രവര്‍ത്തിക്കുന്നത്. ആകസ്മികമായ വ്യതിയാനമാണ് പ്രകൃതി നിര്‍ദ്ധാരണത്തിന് വേണ്ട അടിത്തറ നല്‍കുന്നത്. ഒരു പ്രതിലോമ ശക്തിയായ ഈ മാറ്റത്തിന് തനിയേ ഒന്നും ചെയ്യാന്‍ കഴിയില്ല. പ്രാദേശിക ചുറ്റുപാടുകള്‍ക്കനുകൂലമായ വ്യതിയാനങ്ങള്‍ ഉള്ള ജീവികള്‍ നിലനില്‍ക്കുകയും അല്ലാത്തവ ഇല്ലായാകുകയും ചെയ്യുകയാണ് അടുത്ത പ്രവര്‍ത്തനം. പല തലമുറകള്‍ നീണ്ടുനില്‍ക്കുന്ന അനുകൂലമായ വ്യതിയാനങ്ങളുടെ ഒത്തുചേരലാണ് പരിണാമത്തില്‍ കലാശിക്കുന്നത്.

എന്തുകൊണ്ടാണ് ജീവികള്‍ക്ക് അവര്‍ക്ക് ഭാവിയില്‍ ഉപകാരപ്രദമായമാറ്റങ്ങള്‍ സ്വയം നിര്‍മ്മിക്കാന്‍ കഴിയാത്തത്? അവരുടെ കാലത്തുതന്നെ ആ മാറ്റങ്ങള്‍ നേടി അടുത്ത തലമുറക്ക് നല്‍കിക്കൂടെ? ഇത് ആര്‍ജ്ജിത സ്വഭാവങ്ങളുടെ പാരമ്പര്യ കൈമാറ്റമാണ്. അതായത് ലാമാര്‍ക്കിസം. എന്നാല്‍ പാരമ്പര്യമെന്നത് ലാമാര്‍ക്കിയന്‍ അല്ല. പകരം അത് മെന്‍ഡലീയന്‍ ആണ്. ആര്‍ജ്ജിത സ്വഭാവങ്ങള്‍ പാരമ്പര്യമായി കൈമാറ്റം ചെയ്യാന്‍ കഴിയില്ല കാരണം അതിന് അടുത്ത തലമുറയെ നിര്‍മ്മിക്കുന്ന ജനിതക ഘടനയില്‍ മാറ്റം വരുത്തുവാനാവാത്തതുകൊണ്ട്.

എന്നാല്‍ സാംസ്കാരിക മാറ്റങ്ങള്‍ ലാമാര്‍ക്കിന്റെ പരികല്‍പ്പനയില്‍ അടിസ്ഥാനമായിട്ടുള്ളതാണ്. ഒരു തലമുറ ആര്‍ജ്ജിക്കുന്ന സാംസ്കാരിക മാറ്റങ്ങള്‍ നേരിട്ട് അടുത്ത തലമുറയിലേക്ക് വിദ്യാഭ്യാസം എന്ന പ്രവര്‍ത്തനം വഴി കൈമാറാവുന്നതാണ്. അങ്ങനെയാണ് ആദിമനുഷ്യനില്‍ തുടങ്ങി സാംസ്കാരിക മാറ്റങ്ങള്‍ ഒന്നുകൂടി തലമുറകള്‍, തലമുറകള്‍ കൈമാറി ഇന്ന് നമുക്ക് ലഭ്യമായിട്ടുള്ളത്. നമ്മുടെ സാംസ്കാരിക ചരിത്രത്തിലെ ലാമാര്‍ക്കിയന്‍ ഉത്തേജനമാണ് വിദ്യാഭ്യാസം. ലാമാര്‍ക്കിയന്‍ രീതിയിലുള്ള മനുഷ്യന്റെ സാംസ്കാരിക പാരമ്പര്യമാണ് നമുടെ സാങ്കേതിക ചരിത്രത്തിന് ദിശാ ബോധവും ഒത്തുചേര്‍ക്കാനുള്ള (cumulative) സ്വഭാവവും നല്‍കിയത്. അത് ഒരു ഡാര്‍വീനിയന്‍ പരിണാമത്തിനും നല്‍കാന്‍ കഴിയില്ല.

പുരോഗതിയോ കൂടിവരുന്ന സങ്കീര്‍ണ്ണതയോ പ്രകൃതിയിലെ പരിണാമത്തിന്റെ സ്വഭാവമല്ല. എന്നാല്‍ സാംസ്കാരിക മാറ്റങ്ങള്‍ പുരോഗമനപരവും സ്വയം സങ്കീര്‍ണ്ണമാകുന്നതുമാണ്. ലാമാര്‍ക്കിന്റെ രീതിയിലുള്ള മനുഷ്യന്റെ സാംസ്കാരിക പാരമ്പര്യം കാരണം ഏത് സമൂഹവും മറ്റ് സമൂഹങ്ങളില്‍ നിന്ന് പ്രയോജനപ്രദമായ പുതിയ രീതികളേയും ആചാരങ്ങളേയും സ്വാംശീകരിക്കുകയും അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യുന്നതുകൊണ്ടാണിത്.

സാംസ്കാരിക മാറ്റങ്ങളില്‍ പൊതുവായിട്ടും ബോധപൂര്‍‌വ്വവുമായ സാങ്കേതിക പുരോഗതിയുടെ ഒരു ഗതി കാണാന്‍ കഴിയും. എന്നാല്‍ ഡാര്‍വിന്റെ രീതിയിലുള്ള പരിണാമം ചെറുതും നേരിട്ടല്ലാത്തതുമായ (passive) ഗതിയിലാണ് പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ വായനക്കായി Stephen Jay Gould ന്റെ Life’s Grandeur വായിക്കുക.

ശാസ്ത്ര സത്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അത് നിര്‍‌വ്വചിക്കുന്ന വ്യാപ്തിക്കകത്തു നിന്നു തന്നെ ചര്‍ച്ച ചെയ്യണം. മാധ്യമങ്ങള്‍ ചെയ്യുന്ന സിദ്ധാന്തങ്ങളുടെ കാല്‍പ്പനികതയും സാമാന്യവത്കരണവും ഒക്കെ സാഹിത്യത്തിന് നല്ലതാണ്. ശാസ്ത്രത്തിനും സമൂഹത്തിനും അത് ദോഷമേ ചെയ്യൂ.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

16 thoughts on “പരിണാമ സിദ്ധാന്തവും സാംസ്കാരിക മാറ്റങ്ങളും

  1. താങ്കള്‍ ഏത് OS ഉം browser ഉം ആണ് ഉപയോഗിക്കുന്നത്?
    കമന്റ് സബ്സ്ക്രിപ്ഷന്‍ ടെസ്റ്റ് ചെയ്തു നോക്കി. അത് ശരിക്ക് പ്രവര്‍ത്തിക്കുന്നുണ്ട്.
    സബ്സ്ക്രിപ്ഷന്‍ ചെക്ക് ബോക്സ് ചെക്ക് ചെയ്യാനായി അതിന്റെ ടെക്സ്ററില്‍ ക്ലിക്ക് ചെയ്താല്‍ മതി. ചിലപ്പോള്‍ << ചിത്രം ചെക്ക് ബോക്സിനെ മറക്കാന്‍ സാദ്ധ്യതയുണ്ട്.

  2. കൂടുതല്‍ വിശദമായ അഭിപ്രായം ഈ ലേഖനത്തെ കുറിച്ച് പറയാനുള്ള ആധികാരികത എനിക്കില്ല. പക്ഷെ, ആകെ മൊത്തം വായിച്ചപ്പോള്‍ കുറെ അധികം വിവരങ്ങള്‍ കൂടി ഇതേ കുറിച്ച് അറിയാന്‍ പറ്റി. പറഞ്ഞു തുടങ്ങിയ വിഷയം നന്നായി തോന്നി..പക്ഷെ അവസാനിപ്പിച്ചത്‌ അപൂര്‍ണതയിലാണ് എന്നാണു എനിക്ക് തോന്നുന്നത്. വലിയ ഒരു ചര്‍ച്ചയിലെ ചില പ്രസക്ത ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത പ്രതീതി അത് കൊണ്ടാകാം എനിക്ക് തോന്നിയത്.

    ആശംസകള്‍..വീണ്ടും വരാം..

    1. നന്ദി പ്രവീണ്‍.
      ശാസ്ത്ര വിഷയങ്ങള്‍ അത് നിര്‍വ്വചിക്കുന്ന വ്യപ്തിക്കകത്ത് നിന്ന് മാത്രമേ ചര്‍ച്ച ചെയ്യാവൂ എന്ന പൊതു തത്വം വിശദീകരിക്കുകയാണ് ഇവിടെ ചെയ്തത്. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വിജയം കാരണം എന്തും ശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ളതാണെന്ന് അവകാശപ്പെട്ടാല്‍ അത് സ്ഥാപിച്ചെടുക്കാന്‍ എളുപ്പമാകും. പരസ്യക്കാരും അതാണല്ലോ ചെയ്യുന്നത്. പരിണാമ സിദ്ധാന്തം അങ്ങനെ വന്‍തോതില്‍ ഉപയോഗിക്കപ്പെട്ട ഒരു സിദ്ധാന്തമാണ്. survival of fitest പോലുള്ള ഉദാഹരണം. മിക്കപ്പോഴും ചൂഷണത്തേയും ഗുണ്ടായിസത്തേയും ന്യായീകരിക്കാനാണ് ആ വാദം ഉപയോഗിക്കുന്നത്. ശൂന്യാകാശത്ത് വലിയ ഒരു നക്ഷത്രം ചെറിയ ഒന്നിനെ വലിച്ചെടുക്കുന്ന വാര്‍ത്ത പോലും മാധ്യങ്ങള്‍ survival of fitest എന്ന് വിശേഷിപ്പിച്ചിരുന്നു. പക്ഷേ അതും മനുഷ്യ സമൂഹത്തിലെ സംഭവങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല. അതുകൊണ്ട് പരിണാമം എന്നോ survival of fitest എന്ന് നാം കേള്‍ക്കുമ്പോള്‍ അതിന് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവുമായി ഒരു ബന്ധവുമില്ല എന്ന് മനസിലാക്കണം. അത്ര മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളു. പരിണാമത്തെക്കുറിച്ചുള്ള ഒരു ലേഖനമല്ല ഇത്.

  3. വയനാ സുഖം നല്‍കിയ പോസ്റ്റിനു നന്ദി…!

    സാംസ്‌കാരികവും സാമൂഹികവുമായ കൈമാറ്റവും കൊള്ളകൊടുക്കലുകളും, തലമുറകളിലൂടെയും, ഒരു നാട്ടില്‍ നിന്നും മറുനാട്ടിലേക്കും കൈമാറ്റം ചെയ്യപ്പെട്ടതാണ് മനുഷ്യപുരോഗതിയുടെ നിദാനമായി വര്‍ത്തിച്ചത്…ജനിതമാറ്റത്തില്‍ ഊന്നിയുള്ള ഡാര്‍വിന്‍ പരിണാമവാദവുമായി ഈ മാറ്റങ്ങള്‍ക്കു ബന്ധമില്ല…ഇത്രയും കാര്യങ്ങള്‍ പറഞ്ഞത് അംഗീകരിക്കുന്നു.

    എന്നാല്‍ ഡാര്‍വിന്‍ പരിണാമ സിദ്ധാന്ത പ്രകാരം കുരങ്ങില്‍ നിന്നും മനുഷ്യന്‍ ഉണ്ടായത് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണല്ലോ…പരിണാമവാദ പ്രകാരം അവക്ക്‌ ഇനിയൊരു തിരിച്ചു പോക്ക് സാധ്യവുമല്ല. എന്നിട്ടും ലോകത്ത് കുരങ്ങുകള്‍ കാണപ്പെടുന്നത് എങ്ങിനെയാണ് നിര്‍വചിക്കുക….ഡാര്‍വിന്‍ എത്തിപ്പെട്ട നിഗമനങ്ങള്‍ എത്രമാത്രം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്..?

    1. നല്ല ചോദ്യം.
      പരിണാമം മൂലം ചെറിയ സങ്കീര്‍ണ്ണയതുള്ള ജീവികളില്‍ നിന്ന് കൂടുതല്‍ സങ്കീര്‍ണ്ണതയുള്ള ജീവികളുണ്ടാകുന്നു. ഇതാണ് പുരോഗതി എന്നൊക്കെ നാം പഠിക്കുന്നുണ്ട്. എന്നാല്‍ ഇത് തെറ്റായ വ്യാഖ്യാനമാണ്. ഭൂമിയുള്ള എല്ലാത്തിനും തുല്യ സ്ഥാനമേ ശാസ്ത്രത്തിന്റെ (പ്രകൃതി) മുമ്പിലുള്ളു. അത് പുരോഗതിയും അല്ല. കുരങ്ങിന്റെ കാര്യം പോട്ടെ, ആദിമ കാലത്തുള്ളതുപോലെ എക കോശ ജീവികള്‍ ധാരാളം ഇന്നും ജീവിക്കുന്നു. സത്യത്തില്‍ അവയുടെ ഭാരം മൊത്തം മറ്റ് ജീവജാലങ്ങളേക്കാള്‍ കൂടുതലാണ്. കുരങ്ങിന് ജീവിക്കാന്‍ അനുകൂലമായ സാഹചര്യം നിലനിന്നാല്‍ അവ ജീവിക്കും. അത്ര മാത്രം. പരിണാമം എന്നാല്‍ competition അല്ല co-operation ആണ്.

      നാം ഇന്ന് കാണുന്ന കുരങ്ങില്‍ നിന്നല്ല മനുഷ്യനുണ്ടായത്. നമ്മുടെ പൂര്‍വ്വികര്‍ 40-80 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇപ്പോഴത്തെ കുരങ്ങ് വര്‍ഗ്ഗങ്ങളുടെ പൂര്‍വ്വികരില്‍ നിന്ന് വേര്‍പിട്ടിരുന്നു. ഇതായത് ഈ കുരങ്ങുകള്‍ നമ്മുടെ അടുത്ത ബന്ധുക്കള്‍ മാത്രം. 98% വരെ ജീന്‍ സാമ്യം നമുക്ക് ഇവയോടുണ്ട്.

      പരിണാമ സിദ്ധാന്തം വെറും ഒരു സിദ്ധാന്തം മാത്രല്ല, അത് വളരേറെ വിജ്ഞാന ശാഖകള്‍ക്ക് തന്നെ തുടക്കം കുറിച്ചു. ഇവയെല്ലാം ഡാര്‍വ്വിന്റെ സിദ്ധാന്തത്തിന് കൂടുതല്‍ വ്യക്തതയോടെ ശക്തിപകരുകമാത്രമാണ് ചെയ്തത്.

      എന്നുകരുതി ഡാര്‍വിന്‍ എല്ലാം എഴുതി എന്നല്ല പറഞ്ഞത്. ജനിതക ശാസ്ത്രം പോലെ അദ്ദേഹത്തിന് അറിയാത്ത ധാരാളം കാര്യങ്ങള്‍ ഉണ്ടായിരുന്നു. ആദ്ദേഹം പാത വെട്ടിതുടങ്ങുകയാണ് ചെയ്തത്. അതുപോലെ അദ്ദേഹം ശരിയാണ് എന്ന് എപ്പോഴും സ്ഥാപിക്കേണ്ടതിന്റെ ആവശ്യം ശാസ്ത്രജ്ഞര്‍ക്കോ മറ്റുള്ളവര്‍ക്കോ ഇല്ല എന്നും നാം മനസിലാക്കണം.

      1. 98 ശതമാനംവരെ ജീന് സാമ്യത എന്ന് പറഞല്ലോ.കുരങ്ങന് 98ശതമാനം സാമ്യത മനുഷ്യ ജീനിനോട് ഉണ്ട് എന്നതിനര്ഥം 98 ശതമാനം മനുഷ്യനാണ് കുരങ്ങന് എന്നാണോ

  4. വിഞ്ജാനം പകരുന്ന ലേഖനം ജഗദീശ്…. നന്നായി… കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ നന്നായിരിക്കില്ലേ….

Leave a reply to Saleem മറുപടി റദ്ദാക്കുക