യുക്തിവാദിയുടെ വിശ്വാസം, അതോ മനുഷ്യന്റെ വിശ്വാസമോ

നിങ്ങള്‍ ഒരു വിശ്വാസി ആണോ? സാധാരണ കേള്‍ക്കാറുള്ള ഒരു ചോദ്യമാണ്. എന്ത് വിശ്വാസമാണെന്ന് പറയാതെ തന്നെ എന്താണ് ചോദ്യകര്‍ത്താവുന്നയിയിച്ചതെന്തെന്ന് എല്ലാവര്‍ക്കും മനസിലാകും. ശരിക്കും ചോദ്യം ദൈവവിശ്വാസത്തേക്കുറിച്ചാണ്. വിശ്വാസം എന്നാല്‍ ഇതുമാത്രമാണോ? ദൈവവിശ്വാസികള്‍ മാത്രമേ വിശ്വസിക്കാന്‍ പാടുള്ളു എന്നുണ്ടോ?

നിങ്ങള്‍ക്ക് രോഗം വന്നപ്പോള്‍ ഡോക്റ്ററെ കാണുകയും അദ്ദേഹം നല്‍കിയ മരുന്ന് രോഗം മാറ്റുമെന്ന വിശ്വാസത്തോടെ കഴിക്കുകയും ചെയ്യാം. കുട്ടിക്ക് അസുഖം വന്നത് നിങ്ങളുടെ വീടിന്റെ വാതില്‍ കിഴക്കോട്ടായതുകൊണ്ടാണെന്ന് നമുക്ക് വിശ്വസിക്കാം. കേടായ വാഹനം മെക്കാനിക്കിനെ കാണിച്ചപ്പോള്‍ അയാള്‍ പറയുന്നത് നാം വിശ്വസിച്ച് പരിഹാരങ്ങള്‍ തേടിയേക്കാം. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയാണെന്നുള്ള മാധ്യമക്കാരുടെ വാര്‍ത്ത നമുക്ക് വിശ്വസിക്കാം. വക്കീലിനെ വിശ്വസിച്ചാണ് കേസ് വാദിക്കാനേല്‍പ്പിക്കുന്നത്. കുട്ടികള്‍ സ്കൂളില്‍ നിന്ന് തിരികെ വരുമ്പോള്‍ വീട്ടില്‍ മാതാപിതാക്കള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നു. ഭാര്യാഭര്‍ത്താക്കന്‍മാരും അങ്ങനെ തന്നെ. അങ്ങനെ വിശ്വാസങ്ങള്‍ എത്ര അനവധി.

ശരിക്കും വിശ്വാസം എന്നാല്‍ മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ ആധാരമയ ഒരു സ്വഭാവവിശേഷമാണ്. ദേഷ്യം, സ്ലേഹം തുടങ്ങിയ മറ്റ് സ്വഭാവങ്ങള്‍ പോലുള്ള ഒരു സ്വഭാവം. മനുഷ്യരല്ലാതെ വേറൊരു ജീവിയും ഇത് പ്രകടിപ്പിക്കുന്നില്ല. ശാരീരികമായി മറ്റ് ജീവികളേക്കാള്‍ ദുര്‍ബലനായ മനുഷ്യന് നിലനില്‍ക്കാനായതും അതുകൊണ്ടാണ്. ഒരു സംഘം ഉണ്ടാകണമെങ്കില്‍ അതിലെ അംഗങ്ങള്‍ തമ്മില്‍ വിശ്വാസം വേണം. സംഘം ആഹാരത്തിനായി മൃഗങ്ങളേ വേട്ടയാടാന്‍ പോകുമ്പോള്‍ അവന്റെ കുഞ്ഞുങ്ങളെ സുരക്ഷിതമായി വേറേ ആരോ സംരക്ഷിക്കുന്നു എന്ന് വിശ്വാസം വേണം. അക്കാലം തുടങ്ങി ഇന്നുവരെ മനുഷ്യനുള്ള പരസ്പര വിശ്വാസമാണ് സമൂഹത്തെ ഇത്രയേറെ വളര്‍ച്ചയിലെത്തിച്ചത്.

ഒരു മനുഷ്യന് 10 ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കാനാവുന്ന ഒരു ജോലി ഉണ്ടെന്ന് കരുതുക. അത് വേഗത്തില്‍ ചെയ്ത് തീര്‍ക്കാനായി നമുക്ക് ചിലപ്പോള്‍ 10 പേരെ നിയോഗിക്കാം. 10 പേരുണ്ടെങ്കില്‍ പണി ഒറ്റ ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കാം. അവര്‍ തമ്മില്‍ വിശ്വാസമുള്ളതിനാണ് അങ്ങനെ ചെയ്യാന്‍ കഴിയുന്നത്. ഒരാള്‍ തന്റെ തൊഴില്‍ ചെയ്യുമ്പോള്‍ അതിന്റെ പ്രതിഫലമായി പണം കിട്ടുമെന്ന് വിശ്വസിക്കുന്നു. ആ പണം അടുത്തുള്ള പലചരക്ക് കടയില്‍ കൊടുത്താല്‍ അയാള്‍ക്ക് വേണ്ട അരി പച്ചക്കറി തുടങ്ങി എല്ലാ സാധനങ്ങളും ലഭിക്കും എന്ന് വിശ്വസിക്കുന്നു. ഇതൊന്നും അയാള്‍ക്ക് നിര്‍മ്മിക്കുന്നവയല്ല. അയാള്‍ക്ക് വേണ്ടി എവിടെയോയുള്ള കര്‍ഷകരും മീന്‍പിടുത്തക്കാരും മറ്റ് തൊഴിലാളികളും ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുവെന്ന് അയാള്‍ വിശ്വസിക്കുന്നു.

മനുഷ്യ സമൂഹം അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്റെ വിജ്ഞാന ശാഖകളും അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. അങ്ങനെ ചെയ്യാന്‍ കഴിയുന്നത് പരസ്പരമുള്ള വിശ്വാസം കൊണ്ടാണ്. അതുമാത്രമല്ല, നാം നേടിയ വിവരങ്ങള്‍ നാം അടുത്ത തലമുറക്കും വിദ്യാഭ്യാസം വഴി പങ്കുവെക്കുന്നു. അവര്‍ അതിനെ അടുത്ത പടിയിലെത്തിക്കുന്നു. അങ്ങനെ പരസ്പര വിശ്വാസത്തിന്റെ വലിയ ചങ്ങല. എന്നാല്‍ മൃഗങ്ങള്‍ അങ്ങനെയല്ല. അവക്കൊരിക്കലും പരസ്പരം വിശ്വസിക്കാനാവില്ല. അതുകൊണ്ട് അവ വളര്‍ച്ചയില്ലാതെ നിന്നടത്തു തന്നെ നിന്ന് തിരിയുന്നു.

എന്നാല്‍ വിശ്വാസമെന്നാല്‍ ദൈവവിശ്വാസം ആണെന്നത് തെറ്റിധാരണയാണ്. വിശ്വാസം എന്നത് ആത്മീയതക്കാര്‍ക്ക് മാത്രമുള്ളതെന്നുമുള്ള വിചാരം തെറ്റാണ്. വിശ്വാസം മനുഷ്യന്റെ സ്വഭാവമാണ്. അങ്ങനെയെങ്കില്‍ യുക്തിവാദിയുടെ വിശ്വാസവും ദൈവവിശ്വാസിയുടെ വിശ്വാസവും തമ്മില്‍ വ്യത്യാസമില്ലേ?

പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട കാര്യങ്ങളേ യുക്തിവാദി അല്ലെങ്കില്‍ ഭൗതികവാദി അംഗീകരിക്കുന്നുള്ളു. അവര്‍ ശരിക്കും എല്ലാം തെളിയിച്ചാണോ ജീവിക്കുന്നത്? ഭൂമി ഉരുണ്ടതാണെന്നാണ് പറയുന്നത്. പക്ഷേ നാം നോക്കുമ്പോള്‍ അത് പരന്നതായാണ് കാണുന്നത്. വസ്തുക്കള്‍ ആറ്റത്താല്‍ നിര്‍മ്മിതമെന്നും പറയുന്നു. നാം ആരും ആറ്റത്തേയും കണ്ടിട്ടില്ല. ആങ്ങനെ വരുമ്പോള്‍ യുക്തിവാദികളൊക്കെ ഇതുന്നും പരീക്ഷിച്ച് അറിയാതെ ശരിക്കും വിശ്വസിക്കുകയല്ല? മഹാ ചോദ്യമാണ്.

യുക്തിവാദി സ്വയം എല്ലാം പഠിച്ച്, പരീക്ഷിച്ച്, തെളിയിച്ച് കാര്യങ്ങള്‍ ഗ്രഹിക്കേണ്ടകാര്യമില്ല. സ്വയം കൃഷിചെയ്ത് ഭക്ഷ്യവസ്തുക്കളുത്പാദിപ്പിക്കാം. മെഡിസിന്‍ പുസ്തകങ്ങളെല്ലാം പഠിച്ച് സ്വയം ചികിത്സിക്കാം. നിയമ പുസ്തകങ്ങളെല്ലാം പഠിച്ച് നമുക്ക് സ്വയം കേസ് വാദിക്കാം. അങ്ങനെയെല്ലാം. എന്നാല്‍ ആ രീതി മനുഷ്യവിരുദ്ധമാണ്. മൃഗങ്ങളുടെ രീതിയാണെന്ന് നേരത്തേ പറഞ്ഞല്ലോ. അങ്ങനെയെങ്കില്‍ യുക്തിവാദിയും ആശയവാദിയും വിശ്വാസങ്ങളെ അംഗീകരിക്കുന്നുവെങ്കില്‍ അവ തമ്മിലുള്ള വ്യത്യാസം എന്താണ്?

നിങ്ങള്‍ വിശ്വസിക്കുന്ന ഒരു കാര്യം ഭൗതികമാണോ അഭൗതികമാണൊ എന്നതനുസരിച്ചാണ് ഇവതമ്മിലുള്ള വ്യത്യാസം പ്രകടമാകുന്നത്. ഭൗതികമായ വിശ്വാസം നിങ്ങള്‍ക്ക് വേണമെങ്കില്‍ പരീക്ഷിച്ച് നോക്കാം. നിങ്ങള്‍ക്ക് ചോദ്യം ചെയ്യാം. പഠിക്കാം. തെറ്റെന്ന് തെളിയിക്കാനായാല്‍ പുതിയ സിദ്ധാന്തങ്ങള്‍ കൊണ്ടുവരാം. ഡല്‍ഹിയില്‍ ചെന്ന് പാര്‍ലമെന്റില്‍ പോയിനോക്കിയാല്‍ ആരാണ് പ്രധാനമന്ത്രി എന്ന് മനസിലാക്കാം. സ്പേസ് ഷട്ടിലില്‍ കയറി ശൂന്യാകാശത്ത് പോയാല്‍ ഭൂമി ഉരുണ്ടതാണെന്ന് കാണാം. (പേറ്റന്റ് ഓഫീസിലെ ഒരു ഗുമസ്ഥനായിരുന്നു ന്യൂട്ടണിന്റെ സിദ്ധാന്തങ്ങളുടെ അപര്യാപ്തത തെളിയിച്ചത്.) എന്നാല്‍ ദൈവ വിശ്വാസം, ജ്യോതിഷം മറ്റ് തുടങ്ങി അനുബന്ധ വിശ്വാസങ്ങള്‍ തെളിയിക്കാനാവുമോ? എന്തിന് ചോദ്യം ചെയ്യാനെങ്കിലുമാവുമോ?

പക്ഷേ നമുക്ക് എന്തും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. കാരണം അത് നമുക്കുള്ളിലുള്ളതാണ്. അല്ലെങ്കില്‍ നമ്മുടെ വീടിനകത്തുള്ളതാണ്. ഏത് വിശ്വാസം ആയാലും അത് വ്യക്തിപരമാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ സൃഷ്ടാവായി ദൈവത്തെ അവരോധിച്ച് അതില്‍ വിശ്വസിക്കാം അല്ലെങ്കില്‍ പ്രപഞ്ചം സ്വയം നിലനില്‍ക്കുന്നതാണെന്നും അതിന് സൃഷ്ടാവിന്റെ ആവശ്യമില്ലെന്നും വിശ്വസിക്കാം. അതിലോന്നും ഒരു തെറ്റുമില്ല. പക്ഷേ എന്തുകൊണ്ട് യുക്തിവാദികളും ഭൗതികവാദികളും ദൈവവിശ്വാസികളേയും മറ്റ് അനുബന്ധ വിശ്വാസികളേയും വിമര്‍ശിക്കുന്നത്?

നാം വിശ്വസിക്കുന്ന ഭൗതിക കാര്യങ്ങളെല്ലാം വി‍ജ്ഞാനങ്ങളാണ്. അവക്ക് കേവലമായ നിലനില്‍പ്പേയുള്ളു. ഭൂമി ഉരുണ്ടതാണെന്നുള്ളത് കേവലമായ അറിവാണ്. എന്നാല്‍ ദൈവവിശ്വാസവും മറ്റ് അനുബന്ധ വിശ്വാസങ്ങളും അങ്ങനെയല്ല. അവക്ക് വേറൊരു തലം ഉണ്ട്. അവയെല്ലാം സ്വാര്‍ത്ഥതയിലടിസ്ഥാനമായ വിശ്വാസങ്ങളാണ്. തനിക്ക് ജീവിതത്തില്‍ ഉന്നതിയുണ്ടാകുമെന്നോ (അയല്‍ക്കാരന് നാശവും, നാട്ടില്‍ ശത്രുസംഹാര പൂജ നടത്തുന്നവരുടെ എണ്ണം കൂടുതലാണ്.) മരണ ശേഷം സ്വര്‍ഗ്ഗത്തില്‍ പോകാന്‍ കഴിയുമെന്നോ എന്നുള്ള സ്വാര്‍ത്ഥമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരും ദൈവത്തില്‍ വിശ്വസിക്കുന്നത്. വളരെചെറിയൊരു കൂട്ടം ആളുകള്‍ സ്വാര്‍ത്ഥത ഇല്ലാതെ അലസതയും ഉറക്കവും ഉത്തരവാദിത്തമില്ലായ്മയും നല്‍കുന്ന ആശയതത്വചിന്തയില്‍ മാത്രം ആകൃഷ്ടരാണെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല.

ഇന്‍ഡ്യയില്‍ 80% ആളുകള്‍ ദിവസം 20രൂപയില്‍ കുറവ് വരുമാനമുള്ളവരാണ്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ bonded labour എന്ന് വിളിക്കുന്ന പാരമ്പര്യമായി സമ്പന്നര്‍ക്ക് അടിമപ്പണിചെയ്യുന്നവരുണ്ട്. ഇവരുടെയൊക്കെ തുച്ഛമായ വരുമാനത്തിന്റെ വലിയ പങ്ക് ദൈവവിശ്വാസവും അതിന്റെ മറ്റ് അനുബന്ധ വിശ്വാസങ്ങളും ഊറ്റിയെടുക്കുന്നു. അറിവില്ലായ്മയില്‍ അകപ്പെട്ടുകഴിയുന്നവര്‍ക്ക് ഉള്ള സാഹചര്യം വെച്ചുപോലും നന്നായി ജീവിക്കാനാവുന്നില്ല. എന്നാല്‍ സ്വാര്‍ത്ഥതക്കും പണത്തിനും അതീതമായി ദൈവവിശ്വാസത്തിന് നിലനില്‍ക്കാനാവില്ല. അതാണ് യുക്തിവാദികള്‍ വിമര്‍ശിക്കുന്ന ഒരു കാര്യം.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് താന്‍ ദൈവമാണെന്നോ ദൈവത്തിന്റെ അവസാനത്തെ പ്രവാചകനാണെന്നോ പ്രചരണം നടത്തുന്നെന്ന് കരുതുക. ജീവിതകാലം മുഴുവന്‍ പ്രധാനമന്ത്രി ആയി ഇന്‍ഡ്യയേ പരിപാലിക്കുക എന്ന് ദൈവം അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ്. കൂടാതെ സ്വപ്നത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ട് പുതിയൊരു ഭരണഘടനയോ ദിവ്യഗ്രന്ഥമോ പറഞ്ഞുകൊടുക്കുന്നു. മുഴുവനാളുകളും അതിലെ നിയമങ്ങള്‍ക്കനുസരിച്ച് ‍ജീവിക്കണമെന്നാണ് ദൈവം അഗ്രഹിക്കുന്നത് എന്ന് മന്‍മോഹന്‍സിംഗ് പറയുന്നു.

ഇത് നമുക്ക് വിശ്വസിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. വിശ്വസിക്കുകയാണെങ്കില്‍ അത് വെറും കേവല വിശ്വാസമല്ല. അതിന് ഒരു രാഷ്ട്രീയമാനമുണ്ട്. ആ വിശ്വാസത്തെ അംഗീകരിക്കാത്തവരെ കൊന്നുകളയുമ്പോള്‍ അതിന് മനുഷ്യാവകാശ മാനമുണ്ട്. അങ്ങനെ പല പ്രശ്നങ്ങളും അത് ഉയര്‍ത്തുന്നു. ദൈവവിശ്വാസവും അതിന്റെ മറ്റ് അനുബന്ധ വിശ്വാസങ്ങളും ഇതുതന്നെയാണ് ചെയ്യുന്നത്.

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനും ഇക്കാലത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ കാരണം കഴിയുന്നില്ല. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തണമെന്ന് ബൈബിളില്‍ പറഞ്ഞിട്ടുള്ള കാര്യമല്ല. ശരിയാണ് പള്ളി വിദ്യാഭ്യാസ പ്രവര്‍ത്തങ്ങള്‍ക്ക് ഒരു കാലത്ത് നല്ല സംഭാവന നല്‍കിയിട്ടുണ്ട്. (എന്നാല്‍ അത് ഒരു ഔദാര്യമോ വിശാലമനസ്കതകൊണ്ടോ അല്ല. ആദ്യം മിഷണറിമാര്‍ വരും, പിന്നീട് കച്ചവടക്കാര്‍ വരും, അതിന് ശേഷം പട്ടാളം വരും. ഇതായിരുന്നു ലോകം മൊത്തം നടന്നത്. ഉന്നത മാനുഷിക മൂല്യങ്ങളുള്ള പൗരസ്ത്യ, പാശ്ചാത്യ(അമേരിക്കാവന്‍കരകള്‍) സംസ്കാരങ്ങളേയെല്ലാം കാടന്‍മാരായ യൂറോപ്യന്‍മാര്‍ ഉന്‍മുലനം ചെയ്തു. ഇവിടെയും അതാണ് നടന്നത്. ക്യിറ്റ് ഇന്‍ഡ്യാ സമരം നടക്കുമ്പോള്‍ ജയിലുകള്‍ നിറഞ്ഞതിനാല്‍ സ്വാതന്ത്ര്യസമരക്കാരെ പള്ളിയുടെ അധീനതയിലുള്ള സ്കൂളുകളിലായിരുന്നു തടവിലിട്ടെത്. )

അത് എന്തുതന്നെയെങ്കിലുമായിക്കോട്ടേ, ഇന്‍ഡ്യ സ്വതന്ത്രമായി. ജനങ്ങള്‍ തെരെഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ സ്വകാര്യ സ്കൂളുകളിന്റെ/കോളേജിന്റെ നടത്തിപ്പിലും അഡ്മിഷന്‍ കാര്യങ്ങളിലും ഇടപെട്ടത് എത്ര വല്യ കോലാഹലമാണ് ഉണ്ടാക്കിയത്. ഇറാഖ്-അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങള്‍ യഥാര്‍ത്ഥത്തില്‍ കുരുശുയുദ്ധമാണ്. രാമന് വേണ്ടി അമ്പലം., മറ്റുള്ളവരുടെ ഭൂമി കൈവശപ്പെടുത്താന്‍ അത് ദൈവം അവര്‍ക്ക് കൊടുത്ത ഭൂമിഎന്ന് പ്രചരിപ്പിക്കുന്നു, ഏതോ വിദൂരസ്ഥലത്ത് ആരോ കാര്‍ട്ടൂണ്‍ വരച്ചതിന് നാട്ടില്‍ കോലാഹലം, മതനിരപേക്ഷത പ്രചരപ്പിക്കുന്ന പാഠം പഠിപ്പിച്ചതിനാല്‍ അധ്യാപകന്‍ കൊല്ലപ്പെടുന്നു, വിശ്വാസികളുടെ സംഘബലം കണ്ട് മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികളും സ്വതന്ത്രമായി സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കാന്‍ വിസമ്മതിക്കുന്നു. എത്രമാത്രം അസഹിഷ്ണതയാണ് ഈ വിശ്വാസങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുന്നത്. എത്രമാത്രം പിന്നോക്കാവസ്ഥയാണിവ സമൂഹത്തിന് സമ്മാനിക്കുന്നത്.

വിശ്വാസികള്‍(ദൈവ) ദൈവീക കാര്യങ്ങളില്‍ ഇടപെട്ടാല്‍ പോരേ? “പിന്നേ ഞമ്മക്കെന്താ പ്രാന്താണോ”, എന്നവര്‍ പറയുമായിരിക്കും. പണത്തേപോലെ അധികാരവും ദൈവവിശ്വാസത്തിന്റെ അടിസ്ഥാന ആവശ്യമാണ്. അവയില്ലാതെ ദൈവവിശ്വാസത്തിന് നിലനില്‍ക്കാനാവില്ല.

തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളേയും സാധാരണക്കാരേയും ബാധിക്കുന്ന സാമൂഹ്യവിരുദ്ധമായ പുരോഗതിക്ക് തടസമായ വിശ്വാസമായതിനാലാണ് യുക്തിവാദികളും/ഭൗതികവാദികളും ദൈവവിശ്വാസത്തിനെ എതിര്‍ക്കുന്നത്. നിങ്ങളുടെ വിശ്വാസം നിങ്ങളുടെ സ്വകാര്യതയാണ്. അത് ആ നിലയില്‍ നിന്നാല്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. ആ നിലയില്‍ അതിന് നിലനില്‍ക്കാനാവില്ല എന്നതാണ് സത്യം.

വിശ്വാസികളേ, ദൈവത്തെ പണത്തിന്റേയും അധികാരത്തിന്റേയും ചങ്ങലയില്‍ നിന്ന് മോചിപ്പിക്കൂ.
____
എഴുതിയത്: ജഗദീശ്.എസ്സ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

20 thoughts on “യുക്തിവാദിയുടെ വിശ്വാസം, അതോ മനുഷ്യന്റെ വിശ്വാസമോ

 1. ആകെ നോക്കിയിട്ട് സ്നേഹമെന്ന ഒരു വികാരത്തിനെയാണ് ദൈവം എന്ന് വിളിക്കേണ്ടത് എന്ന് മനസ്സിലാകുന്നു.
  അതിനെ ചൂഷണം ചെയ്തു കുറേപേര്‍ ജീവിക്കുന്നും ഉണ്ട്. അതാണ്‌ കഷ്ടം.
  പക്ഷെ ദൈവ വിശ്വാസത്തിന്റെ പേര് പറഞ്ഞു ആളുകള്‍ യോജിച്ച് പ്രവര്‍ത്തിക്കുകയും (ആക്രമിക്കുകയും) ചെയ്തു ഭൂമിയിലെ വിഭവങ്ങള്‍ അടിച്ചു മാറ്റുന്നതും കാണുന്നുണ്ട്.

 2. നല്ല പോസ്റ്റ്. എന്നാല്‍ കുറച്ചു കാര്യങ്ങളോട് വിയോജിക്കുന്നു.
  1)”എന്നാല്‍ മൃഗങ്ങള്‍ അങ്ങനെയല്ല. അവക്കൊരിക്കലും പരസ്പരം വിശ്വസിക്കാനാവില്ല.” താന്കള്‍ അതുവരെ പറഞ്ഞു വന്ന ഉദാഹരണങ്ങള്ക്ക് കടക വിരുദ്ധമാണ്‍ ഈ കണ്ക്ളൂഷന്‍. അല്ലെന്കില്‍ പോലും ഈ നിഗമനം ശരിയല്ല. ശരിയല്ലാത്ത ഒരു വാദത്തിനു പുറത്തു നിന്ന് ബാക്കി ആശയങ്ങള്‍ സ്ഥാപിക്കാനാവില്ലല്ലോ?
  2)”എന്നാല്‍ ആ രീതി മനുഷ്യവിരുദ്ധമാണ്.” ഇത് താത്വികമായി എങ്ങിനെയാണ് മനുഷ്യ വിരുദ്ധമാകുന്നത്?ഡോക്ടറുടേയും വക്കീലിന്റേയും ഉദാഹരണം പറഞ്ഞത് നിലവിലുള്ള നിയന്ത്രണങ്ങള്ക്ക് വിരുദ്ധമാകാം, അല്ലാതെ എങ്ങിനെയാണ് മനുഷ്യവിരുദ്ധമാകുന്നത്?
  3)വിശ്വാസം സ്വകാര്യതയായി നിന്നാല്‍ യുക്തിവാദികള്ക്ക് എതിര്പ്പുണ്ടാവുകയില്ല എന്ന വാദം എത്രമാത്രം ശരിയാണ് എന്നെനിക്ക് സമ്ശയമുണ്ട്. അതങ്ങിനെയല്ല എന്നാണ്‍ ഇടമറുകിന്റെയും മറ്റും പുസ്തകങ്ങളില്‍ നിന്നും (ഇടമറുകിനെ നന്നായി വായിച്ചിട്ടുണ്ട്. ഞാന്‍)എനിക്ക് തോന്നിയിട്ടുള്ളത്. യുക്തിവാദം ഒരു മതവിശ്വാസത്തിന്റെ തലങ്ങളിലോളം പോകുന്നതായാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ഈ വാദം , മതവിശ്വാസികള്‍ നടത്തുന്ന ‘മത സൊവ്ഹാര്ദ്ദ’ ഗിമ്മിക്കിനപ്പുറം ഒന്നുമില്ല എന്നാണെനിക്ക് തോന്നിയിട്ടുള്ളത്

 3. 1. മൃഗങ്ങള്‍ എങ്ങനെയാണ് പരസ്പരം വിശ്വസിക്കുന്നത്? മനുഷ്യന്‍ കഴിഞ്ഞാല്‍ ഏറ്റവും ബുദ്ധിയുള്ള ആള്‍ക്കുരങ്ങ് വര്‍ഗ്ഗത്തേ നോക്കൂ. അവ പരസ്പരം സഹകരിക്കുന്നുണ്ടെങ്കില്‍ തന്നെ അത് സ്വാര്‍ത്ഥതയിലടസ്ഥാനമായ സഹകരണമാണ്. “അതാ അവിടെ ഒരാപ്പിള്‍ ഇരിപ്പമുണ്ട്, എനിക്കിപ്പോള്‍ വിശപ്പില്ല, താങ്കള്‍ എടുത്തുകൊള്ളു” എന്ന് ഒരു ചിമ്പാന്‍സിയും പറയില്ല. എന്നാല്‍ മനുഷ്യന്‍ അങ്ങനെയല്ലല്ലോ. എന്നാല്‍ ചില ജീവികള്‍ സഹകരിച്ച് ജീവിക്കുന്നുണ്ട്. ഉദാഹരണ ഉറുമ്പ്. പക്ഷേ അവയൊക്കെ ഒരു ജന്മ വാസനയുടെ അടിസ്ഥാനത്തിലാണ് അതൊക്കെ ചെയ്യുന്നത്. ഭൂരിഭാഗം മൃഗങ്ങകളും ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്.
  2. ആധുനിക മനുഷ്യന് ഒറ്റക്ക് ജീവിക്കുക എന്നത് അസാദ്ധ്യമാണ്. ഡോക്ടറുടേയും വക്കീലിന്റേയും കൃഷിക്കാരന്റെയും മാത്രമല്ല എല്ലാ കാര്യത്തിലും നാം സമൂഹത്തിന്റെ സഹകരണം ആവശ്യപ്പെടുന്നു. നാം ഉരുദിവസം ചെയ്യുന്ന കാര്യങ്ങളില്‍ എത്ര ശതമാനം ജോലികള്‍ സ്വയം പര്യാപ്തമായതാണ്. ഏത് ഉദാഹരണമെടുത്തുനോക്കു. നമ്മുടെ 99.9% കാര്യങ്ങളും നാം സമൂഹത്തില്‍ നിന്ന് സ്വീകരിക്കുകയാണ്. മൃഗങ്ങകളാണ് ഒറ്റപ്പെട്ട് ജീവിക്കുന്നത്. (ഒറ്റക്ക് താമസിക്കുന്നതുകൊണ്ട് ഒറ്റപ്പെട്ട് ജീവിതമാകില്ല. അപ്പോഴും നാം വസ്ത്രങ്ങള്‍, വീട്, ടീവി, ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങി എത്രയനവധി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നു. മനുഷ്യന്റെ പരസ്പര വിശ്വാസവും സഹകരണവുമാണ് അവയുടെയൊക്കെ ഉത്പത്തിക്ക് കാരണം). അതുകൊണ്ടാണ് ഒറ്റപ്പെട്ട ജീവിതം മനുഷ്യവിരുദ്ധം എന്ന് പറഞ്ഞത്.
  3. ഇടമറുകിന്റെയും മറ്റ് യുക്തിവാദികളുടേയും പുസ്തകങ്ങളൊന്നും ഞാന്‍ വായിച്ചിട്ടില്ല. ഈ ലേഖനത്തിനം എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഗിമ്മിക്കിനപ്പുറം ഇതിന് ഒരു പ്രസക്തിയും ഇല്ലായിരിക്കാം.

 4. jagadees, നല്ല ലേഖനം, ശാസ്ത്രീയ ലേഖനങ്ങളിൽ നിന്നും സാമൂഹിക ലേഖനത്തിലേക്കുള്ള ജഗദീഷിന്റെ മാറ്റം സാധാരണ ജനതക്ക് ഒത്തിരി ഗുണം ചെയ്യും എന്ന കാര്യത്തിൽ രണ്ടപിപ്രായമില്ല. നന്നായി എഴുതിയിരിക്കുന്നു, നമോവാകം.

  എനിക്ക് തോന്നിയിട്ടുള്ളത് മതവിശ്വാസികൽ ലോകത്തെ മൊത്തത്തിൽ ഏറ്റവും ചുരുങ്ങിയത് ഒരു നൂറ് വർഷമെങ്കിലും പിറകിലാക്കിയിട്ടുണ്ടാവും, കാരണം ഓരോ പുതിയ കണ്ടുപിടുത്തങ്ങളും മതത്തിനെതിരാണെങ്കിൽ അതിനെ തടസ്സപ്പെടുത്താൻ എല്ലാകാലങ്ങളിലും വിശ്വാസികൽ ശ്രമിച്ചിട്ടുണ്ട്. മതവിശ്വാസികളില്ലായിരുന്നെങ്കിൽ ക്ലോണിങ്ങും മറ്റും നൂറ് വർഷം മുംബ് കണ്ടെത്തി അതിന്റെ അടുത്തപടികളിലേക്ക് ശാസ്ത്രം കയറിപോകുമായിരുന്നു. ഇന്നും മന്ത്രങ്ങളും തന്ത്രങ്ങളും ഉപയോഗിക്കാൻ പ്രേരിപ്പിച്ച് മനുഷ്യരുടെ ആയുസ്സ് കുറക്കുന്ന ശുദ്രജീവികൾ സസുഖം വായുന്നു നമ്മുടെ നാട്ടിൽ. ഇതൊക്കെ ഇല്ലാതാക്കാൻ വിദ്യാഭ്യാസത്തിലൂടേയും ബോധവൽക്കരണത്തിലൂടെയും ജനങ്ങളെ ഉൽബുദ്ധരാക്കുക മാത്രമേ നിർവാഹമുള്ളൂ. ഒരിക്കൽക്കൂടി നന്ദി.

   1. ഗ്നൂ-ലിനക്സില്‍ മലയാളം വളരെ എളുപ്പം എഴുതാമല്ലോ.

    KDE desktop
    Start menu | System settings | Regional & Language | Keyboard layout | Select India Double click
    Select India in Right side view Change Layout Varient to Malayalam Press Apply.

    Gnome desktop
    System | Preferences | Keyboard
    Layout tab. Click Add button
    In the Available layouts select India node. Expand it. Select Malayalam and press ok

    For KDE panel will show language selector by default. For Gnome Add Keyboard Indicator widget to Panel by right clicking on bottom Pannel and Add to Panel

    http://malayalam.kerala.gov.in/index.php/InputMethods കാണുക.

 5. 1.“അതാ അവിടെ ഒരാപ്പിള്‍ ഇരിപ്പമുണ്ട്, എനിക്കിപ്പോള്‍ വിശപ്പില്ല, താങ്കള്‍ എടുത്തുകൊള്ളു” എന്ന് ഒരു ചിമ്പാന്‍സിയും പറയില്ല.” വാസ്തവമാണ്. കാരണം ചിമ്പാന്സികള്ക്ക് മലയാളം അറിയില്ല. 🙂 ജന്തു ലോകത്തെപ്പറ്റി താന്കള്ക്ക് വായിക്കാന്‍ സമയമില്ലെന്കില്‍ വല്ലപ്പോഴും ആനിമല്‍ പ്ളനറ്റോ ഡിസ്കവറിയോ കാണുക.
  2 വിശദീകരണം ചോദ്യത്തിന്റേതല്ല. Be specific.
  3. പോസ്റ്റിന്റെ തലക്കെട്ട് “എന്റെ വിശ്വാസം , ….” എന്നാക്കാമായിരുന്നു.
  സുഹ്രൃത്തെ,
  എനിക്ക് വീണ്ടും തിരിച്ചു വരേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. പക്ഷെ ഈ വക വിഷയങ്ങള്‍ എഴുതുമ്പോള്‍ ഇങ്ങനെ വെറുതെ വായില്‍ തോന്നിയത് എഴുതരുത്. അങ്ങിനെ ചെയ്യുമ്പോള്‍ ഇതൊക്കെ ഗൗരവമായി കൈകാര്യം ചെയ്യുന്നവരുടെ നിലപാടുകളെ കൂടെ ദുര്ബലപ്പെടുത്തുമെന്നോര്ക്കുക.

 6. നന്നായി വളരെ നന്നായി. ലോകത്തെ,ഇൻഡ്യയെ , കേരളത്തെ സംബൻധിച്ചിടതോളം കാലിക പ്രസക്തിയുള്ള ലേഖനം. ഓടിച്ചു വായിച്ചതേയുള്ളു. ഡൗൺലോഡ് ചെയ്തു വച്ചിട്ടുണ്ട്, വിശദമായി വായിച്ചെഴുതാം.

  1. നന്ദി സുഹൃത്തേ,
   എവിടെയാണ് animal behaviour ന്റെ കാര്യത്തില്‍ തെറ്റ് പറ്റിയതെന്നും ശരിയേതെന്നും താങ്കള്‍ വ്യക്തമാക്കിയാല്‍ സൌകര്യമായിരുന്നു.
   bonobo പോലുള്ള മനുഷ്യകുരങ്ങുകള്‍ മനുഷ്യരോട് അടുത്ത് സാദൃശ്യമുണ്ടെങ്കിലും മനുഷ്യര്‍ നിര്‍മ്മിച്ചതുപോലെ വലിയ സാമൂഹ്യവ്യവസ്ഥകള്‍ നിര്‍മ്മിച്ചിട്ടില്ല. മനുഷ്യരുമായി താരതമ്യം ചെയ്യുമ്പോള്‍ മൃഗ സമൂഹങ്ങള്‍ നിസാരമണന്നേ ഉദ്ദേശിച്ചുള്ളു. കൂടാതെ ഈ ലേഖനം മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസത്തേക്കുറിച്ചുമല്ലല്ലോ!

   .ബാബുരാജ് പറയുന്നതുപോലെ ചിമ്പാന്‍സിയുടെ സംഭാഷണത്തേക്കുറിച്ചാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഒരു കാര്യം കൂട്ടിച്ചേര്‍ക്കാനുണ്ട്. ചിമ്പാന്‍സിയുടെ ആശയവിനിമയമാണ് ഞാന്‍ ഉദ്ദേശിച്ചത്. അവക്ക് 200 ശബ്ദങ്ങളുള്ള ഭാഷയുണ്ട്. കൂടാതെ ചിമ്പാന്‍സിയേക്കുറിച്ച് National Geographic Channel ല്‍ വന്ന ഒരു പരിപാടിയില്‍ ജര്‍മ്മനിയിലെ Max Planck Institute for Evolutionary Anthropology യുടെ Department of Primatology ലെ ഗവേഷക പറഞ്ഞ അതേ വാചകം പരിഭാഷപ്പെടുത്തുകയാണ് ഞാന്‍ ചെയ്തത്. അതു കണ്ടിട്ട് ചിമ്പാന്‍സി മലയാളം പറയുന്നു എന്ന് തോന്നുന്നവരോട് എന്ത് പറയാന്‍!

  1. വിശ്വാസം മനുഷ്യ മനസ്സിന്റെ ഒരവസ്ഥയാണ് .
   മനസ്സിനെ കണ്ടെത്തുക അസാധ്യമാണ് .
   സത്യത്തെ കണ്ടെത്തലാണ് യെധാർത്ത വിശ്വാസം
   മനുഷ്യന്റെ പ്രത്യേകതയും അത് തന്നെ

 7. വായിച്ചു. വിയോജിപ്പുകളുണ്ട്.

  മൃഗങ്ങൾക്ക് വിശ്വാസം എന്നത് ഇല്ലായെന്നും സ്വാർത്ഥതയിലടിസ്ഥാനമായ സഹകരണമേയുള്ളൂവെന്നും നിങ്ങൾ അഭിപ്രായപ്പെടുന്നുവെന്ന് ലേഖനത്തിൽ നിന്നും കമന്റുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. അതിനോട് ഞാൻ യോജിക്കുന്നില്ല. മാത്രവുമല്ല, സ്വാർത്ഥതയിലടിസ്ഥനമായ സഹകരണത്തെ വിശ്വാസം എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും മനസ്സിലാക്കുന്നു. അതിനോട് യോജിക്കുന്നു.

  പിന്നെ താങ്കൾ പറഞ്ഞതുപോലെ ഒരു രാഷ്ട്രീയ നേതാവ് ഒരു സുപ്രഭാതത്തിൽ വെളിപാടുണ്ടായതുപോലെ പുതിയഭരണഘടനയും നിയമങ്ങളുമായി ഇറങ്ങുകയാണെങ്കിൽ, അപ്പോൾ അനുയായികൾ അതിനെ ഉൾക്കൊള്ളുകയാണെങ്കിൽ,…………. ഇത് യുക്തിവാദികളുടെ നിർവ്വചനത്തിലുള്ള ഈശ്വരനാണ്‌. പക്ഷെ ഇതുതന്നെയാണ്‌ മിക്ക മതവിശ്വാസികളുടെ കാര്യത്തിലും കാര്യത്തിലും സംഭവിക്കുന്നത്. ഇത് ഞങ്ങളുടെ വിശ്വാസമാണെന്നുപറഞ്ഞ് അനുയായികൾക്ക് മുന്നോട്ടുപോകാമെങ്കിൽ ഇതിൽ ഞങ്ങൾ ഇവിശ്വസിക്കുന്നില്ലായെന്നുപറഞ്ഞ് മറ്റുള്ളവർക്ക് മാറിനിൽക്കാം. വിശ്വാസത്തിനപ്പുറം ഒരു യാഥാർത്ഥ്യമില്ലെങ്കിൽ. യഥാർത്ഥത്തിൽ ആ നേതാവിന്‌ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ അത് മുന്നിൽ നിൽക്കുന്നവരുടെ വിശ്വാസത്തിനും അവിശ്വാസത്തിനും അതീതമായി പ്രവർത്തിക്കണമല്ലോ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )