ഞാന്‍ വൈദ്യുത സ്കൂട്ടര്‍ ബാറ്ററി മാറ്റിവെച്ചു

ബാംഗ്ലൂരിലെ കോറമംഗലക്കടുത്തുള്ള സുദാമാ സ്കൂട്ടര്‍സില്‍ നിന്ന് 2006 ല്‍ ആണ് ഞാന്‍ ആദ്യമായി വൈദ്യുത സ്കൂട്ടര്‍ വാങ്ങിയത്. Eko Vehicle ന്റെ Eko Cosmic ആയിരുന്നു അത്. അന്ന് ഇന്‍ഡ്യയില്‍ Eko Vehicle മാത്രമേ വൈദ്യുത സ്കൂട്ടര്‍ നിര്‍മ്മിക്കുന്നുണ്ടായിരുന്നുള്ളു.

ഒരു ചാര്‍ജ്ജിങ്ങില്‍ 50 കിലോമീറ്റര്‍ മൈലേജ് തരുന്ന അതിന് കൂടിയ വേഗത 45kmph ആണ്. ഒരു യൂണിറ്റ് കറന്റാണ് അതിന് ഫുള്‍ ചാര്‍ജ്ജ് ചെയ്യാന്‍ വേണ്ടത്. 500 വാട്ടിന്റെ മോട്ടര്‍ ആണ് ഇതില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് ലൈസന്‍സ് വേണം.

6000 km കഴിഞ്ഞ് അതിന്റെ സ്പീഡോമീറ്റര്‍ കേബിള്‍ പൊട്ടിപോയി. അത്ര അത്യാവശ്യ ഘടകമല്ലാത്തതിനാല്‍ അത് മാറിവെച്ചില്ല. പിന്നീട്  ബാംഗ്ലൂരില്‍ നിന്ന് നാട്ടിലെത്തിയപ്പോള്‍ അതും കൂടെ കൊണ്ടുവന്നു. വീട്ടില്‍ അമ്മ ഒഴിച്ചുള്ള എല്ലാവര്‍ക്കും ഉപകാരിയായി പുതിയ സ്കൂട്ടര്‍.  നാല് വര്‍ഷം കഴിഞ്ഞതിന് ശേഷം മൈലേജ് കാര്യമായി കുറഞ്ഞു. ഏറ്റവും അവസാനം 15 km വരെയായി. നാല് വര്‍ഷം വരെയൊക്കെ ബാറ്ററി പ്രവര്‍ത്തിക്കൂ. അഞ്ചാമത്തെ വര്‍ഷവും അവസാനത്തെത്തുള്ളി വരെ ഉപയോഗിക്കണമെന്നുള്ളതുകൊണ്ട് ഓടിച്ചോണ്ടിരുന്നു. അങ്ങനെ രണ്ടാഴ്ച്ചക്ക് മുമ്പ് അവന്‍ പൂര്‍ണ്ണമായി പണി മുടക്കി.

ഒരു ദിവസം കുറഞ്ഞത് 10 km യാത്ര ചെയ്തിരുന്നു എന്ന് കരുതിയാല്‍  ഈ അഞ്ച് വര്‍ഷം കൊണ്ട് 18,250 km എങ്കിലും യാത്ര ചെയ്തിട്ടുണ്ടാവണം. എണ്ണ സ്കൂട്ടറുമായി താരതമ്യം ചെയ്യുമ്പോള്‍ വൈദ്യുത സ്കൂട്ടര്‍ ഒരു കിലോമീറ്റര്‍ ഓടുമ്പോള്‍ ഒരു രൂപയെങ്കിലും ലാഭമുണ്ടാക്കണം. വെറും 5 ഓ 10 ഓ പൈസയേ വൈദ്യുത സ്കൂട്ടര്‍ ഒരു കിലോമീറ്റര്‍ ഓടാനെടുക്കൂ.  18,250 രൂപാ ലാഭം. കൂടാതെ എഞ്ജിനോയില്‍ മാറ്റല്‍ തുടങ്ങിയ മറ്റ് പരിപാലന നഷ്ടവുമില്ല. എണ്ണ വണ്ടിക്ക് 2500 കിലോമീറ്റര്‍ കഴിയുമ്പോള്‍ എഞ്ജിന്‍ ഓയില്‍ മാറ്റണമല്ലോ. 18,250 കീലോമീറ്റര്‍ ഓടുമ്പോഴേക്കും 7 പ്രാവശ്യമെങ്കിലും എഞ്ജിന്‍ ഓയില്‍ മാറണം. ഒരു പ്രാവശ്യത്തേക്ക് 1000 രൂപയെന്ന് കൂട്ടിയാല്‍ മൊത്തം 7000 രൂപാ ഈ 5 വര്‍ഷം എഞ്ജിന്‍ ഓയില്‍ മാറാന്‍ വേണ്ടി ചിലവാകും. വൈദ്യുത വാഹനത്തിന് എഞ്ജിന്‍ ഓയില്‍ വേണ്ടാത്തതുകൊണ്ട് ഈ 7000 രൂപായും ലാഭം.

പരിപാലന ചിലവായി എനിക്ക് വന്നത് ഒരു പ്രാവശ്യം ബ്രേക് ഷൂ മാറി 250 രൂപാ ചിലവായി. മൂന്നു മാസം മുമ്പ് മൊത്തമൊന്ന് സര്‍വ്വീസ് ചെയ്തു. 5 വര്‍ഷം ആയില്ലേ. അതിന് 750 രൂപാ ആയി.

പക്ഷേ ബാറ്ററി ചീത്തയായാല്‍ മാറി വെക്കണം. 20 AH ന്റെ നാല് ബാറ്ററിയാണ് വേണ്ടത്. Exide ഇപ്പോള്‍ വൈദ്യുത സ്കൂട്ടറിന് വേണ്ടി ബാറ്ററി നിര്‍മ്മിക്കുന്നുണ്ട്. കഴിഞ്ഞ ദീവസം Exide ബാറ്ററി വാങ്ങി വെച്ചു. 10,000 രൂപയാണ് ബാറ്ററിയുടെ വില. ലഡ്-ആസിഡ് ബാറ്ററി 85% വും റീസൈക്കിള്‍ ചെയ്യുന്നതാണ്. പഴയ ബാറ്ററി കടക്കാര്‍ തിരിച്ചെടുക്കും. ഒരണ്ണത്തിന് 200 രൂപവെച്ച് മൊത്തം 800 രൂപാ കിട്ടി. ഇപ്പോള്‍ Eko Cosmic പഴയുപോലെ ഉഷാറായി. അടുത്ത അഞ്ച് വര്‍ഷം ഇത് ഓടണം.

വൈദ്യുത സ്കൂട്ടറിന്റെ ഹൃദയമാണ് ബാറ്ററി. ഏറ്റവും വിലപിടിച്ച ഘടകവും അത് തന്നെയാണ്. അതുകൊണ്ട് വൈദ്യുത സ്കൂട്ടര്‍ ഉള്ളവര്‍ ബാറ്ററി ശരിക്കും നന്നായി സൂക്ഷിക്കണം.

  • ഒടിക്കുമ്പോള്‍ പതിയെ പതിയയേ വേഗതയെടുക്കാവൂ. പെട്ടെന്ന് വേഗതയെടുന്നത് ബാറ്ററിക്ക് നല്ലതല്ല.
  • കഴിയുമ്പോഴൊക്കെ ചാര്‍ജ്ജ് ചെയ്യണം. ഫുള്‍ ഡിസ്ചാര്‍ജ്ജാവുന്നത് ലഡ്-ആസിഡ് ബാറ്ററികളുടെ ആയുസിനെ ബാധിക്കും. അതുകൊണ്ട് കഴിവതും 50% ല്‍ അധികം ഡിസ്ചാര്‍ജ്ജാവാതെ നോക്കണം. എപ്പോഴും ഫുള്‍ ചാര്‍ജ്ജാക്കി ഇട്ടിരുന്നാല്‍ നന്ന്.

വൈദ്യുത വാഹനങ്ങളും പൊതു ഗതാഗതവും ഉപയോഗിക്കുക. മലിനീകരണമുണ്ടാക്കുകയും കാലാവസ്ഥാമാറ്റമുണ്ടാക്കുകയും നിരപാധികളെ കൊന്നൊടുക്കുന്ന യുദ്ധങ്ങള്‍ക്ക് കാരണവുമാകുന്ന എണ്ണ ഉപയോഗിക്കാതിരിക്കുക.

എണ്ണ ഉപയോഗിക്കാതിരിക്കുകയാണ് എണ്ണ വില വര്‍ദ്ധിക്കുന്നതിനെതിരെയുള്ള ശരിയായ സമരം.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

7 thoughts on “ഞാന്‍ വൈദ്യുത സ്കൂട്ടര്‍ ബാറ്ററി മാറ്റിവെച്ചു

  1. എന്റെ വൈദ്യുതസ്കൂട്ടര്‍ മേടിച്ചിട്ട് ഇപ്പോള്‍ ഒന്നരവര്‍ഷം കഴിഞ്ഞു. കഴിഞ്ഞ മൂന്ന് നാല് മാസം മുന്‍പ് വരെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. പക്ഷേ ആയിടക്ക് ചാര്‍ജര്‍ എന്തോ പ്രശ്നം പറ്റി ബാറ്റിറി ഓവര്‍ചാര്‍ജ് ആയി. വല്ലാതെ ചൂടായി. പീന്നീടും ഇത് സംഭവിച്ചു. അതോടെ മൈലേജ് വല്ലാതെ കുറഞ്ഞു. അതു വരെ 50കിലോമീറ്റര്‍ ഒരു ചാര്‍ജില്‍ ഓടിയിരുന്ന സ്കൂട്ടര്‍ ഇപ്പോള്‍ 20കി.മീ മാത്രമായി ചുരുങ്ങി. ഇപ്പോള്‍ 7100 കിലോമീറ്ററോളം ഓടിച്ചിട്ടുണ്ട്. ബാറ്ററിക്ക് 8000 രൂപയോളം വരും. ജഗദീശിന്റെ അനുഭവം വച്ചാണെങ്കില്‍ 10000വരെ വരും എന്നു തോന്നുന്നു. അധികം താമസിയാതെ ബാറ്ററി മാറ്റേണ്ടിവരും..
    എങ്കിലും ഇപ്പോഴും എന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇ-സ്കൂട്ടര്‍ തന്നെ ധാരാളം.. 32000രൂപയായിരുന്നു വാങ്ങിയപ്പോള്‍ ഉള്ള ചിലവ്. (ഇപ്പോള്‍ 4000രൂപ സബ്സിഡിയും കിട്ടും. ). ഒരു 500 -600രൂപയോളം മെയിന്റനന്‍സ് ഇനത്തില്‍ ചിലവായിട്ടുണ്ട്. വീട്ടിലെ വൈദ്യുതി ആയതിനാല്‍ അധികം ചിലവ് ആയിനത്തില്‍ വരുന്നില്ല. (യൂണിറ്റിന് 2.5 -3.5 രൂപ മാത്രം).
    സാധാരണ സ്കൂട്ടറുകളോ ബൈക്കോ ഒരു കിലോമീറ്റര്‍ ഓടാന്‍ 1രൂപയിലധികം ചിലവുണ്ട്. ആയിനത്തില്‍ നോക്കിയാല്‍ 7200 രൂപയോളം എനിക്ക് ഒന്നരവര്‍ഷത്തിനിടയില്‍ ചിലവ് വന്നേനേ.. ഇനി ബാറ്ററി മാറ്റിയാല്‍ അതിന്റെ കാശ് കൂടി കണക്കാക്കേണ്ടിവരും എന്ന് മാത്രം.

    1. എണ്ണ വണ്ടിക്ക് 2500 കിലോമീറ്റര്‍ കഴിയുമ്പോള്‍ എഞ്ജിന്‍ ഓയില്‍ മാറ്റണമല്ലോ. ഒരു പ്രാവശ്യത്തേക്ക് 1000 രൂപയെന്ന് കൂട്ടിയാല്‍ ബാറ്ററി വാങ്ങാന്‍ വേണ്ട പണം എഞ്ജിന്‍ ഓയില്‍ വേണ്ടാത്തതില്‍ നിന്ന് ലഭിക്കും.

        1. എനിക്ക് എണ്ണ വണ്ടിഉണ്ടായിരുന്ന കാലത്ത് ഓരോ 2500 കിലോമീറ്റര്‍ കഴിയുമ്പോളും സര്‍വ്വീസ് ചെയ്യുമായിരുന്നു. എഞ്ചിന്‍ ഓയില്‍ മാറുക ഉള്‍പ്പടെ മൊത്തം 800-1000 രൂപാ ചിലവ് വരും. 2004 ന് ശേഷം എണ്ണവണ്ടി ഉപയോഗിച്ചിട്ടില്ല. മൊത്തം സര്‍വ്വീസിങ്ങിന് 300 രൂപയേയൊള്ളോ? എന്നാലും എണ്ണവില വീണ്ടു കൂടിയതിനാല്‍ എന്റെ കണക്ക് മൊത്തത്തില്‍ ശരിയാകും!

  2. “വൈദ്യുത വാഹനങ്ങളും പൊതു ഗതാഗതവും ഉപയോഗിക്കുക. മലിനീകരണമുണ്ടാക്കുകയും കാലാവസ്ഥാമാറ്റമുണ്ടാക്കുകയും നിരപാധികളെ കൊന്നൊടുക്കുന്ന യുദ്ധങ്ങള്‍ക്ക് കാരണവുമാകുന്ന എണ്ണ ഉപയോഗിക്കാതിരിക്കുക.”

    നാം ഉപയോഗിക്കുന്ന വൈദ്യുതിയില്‍ നല്ലൊരു പങ്കും എണ്ണ/fossil fuel ഉപയോഗിച്ചായതുകൊണ്ടു് വൈദ്യുത വാഹനങ്ങള്‍ യഥാര്‍ത്ഥത്തില്‍ മലിനീകരണം കേന്ദ്രീകരിക്കപ്പെടാന്‍ കാരണമാകുന്നു എന്നതും വസ്തുതയാണു്? അതിനാല്‍ അനാവശ്യ വാഹനയാത്ര ഒഴിവാക്കുന്നതും വേണ്ടതുതന്നെ.

    1. വൈദ്യുത വാഹനങ്ങള്‍ റോഡില്‍ മലിനീകരണം ഉണ്ടാക്കുന്നില്ല. എണ്ണ വണ്ടിയില്‍ നിന്ന് പുറത്തുവരുന്ന പുക, കാണാന്‍ കഴിയാത്തവ കൂടി, ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങളുണ്ടാക്കുന്നതാണ്.
      വൈദ്യുത വാഹനങ്ങളില്‍ നമുക്ക് വൈദ്യുതി സ്രോതസ് മാറ്റാന്‍ കഴിയും. ഭാവിയില്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ വില കുറഞ്ഞാല്‍ നമുക്ക് തന്നെ വൈദ്യുതി ഉത്പാദിപ്പിക്കാനാവും. ഇത്തരത്തിലുള്ള ഒരു മാറ്റം എണ്ണ വണ്ടികളില്‍ ചെയ്യാന്‍ പറ്റില്ല. അവിടെ എണ്ണ കത്തിച്ചേ മതിയാവൂ.
      ദക്ഷതയും വൈദ്യുത വാഹനങ്ങള്‍ക്ക് കൂടുതലാണ്. ട്രാഫിക് ജാമിലും സിഗ്നലിലുമൊക്കെ വൈദ്യുത വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ ഒട്ടും വൈദ്യുതി നഷ്ടപ്പെടുന്നില്ല. എന്നാല്‍ എണ്ണ വാഹനങ്ങള്‍ ഐഡില്‍ ചെയ്യുകയാണ് അപ്പോള്‍ ചെയ്യുന്നത്. ആ നഷ്ടം വളരെ ഭീമമാണ്.
      പിന്നെ പരിപലന ചിലവ് കുറവാണെന്നുള്ളത് സ്വകാര്യമായ ലാഭം.

  3. “..വൈദ്യുത വാഹനങ്ങളും പൊതു ഗതാഗതവും ഉപയോഗിക്കുക. മലിനീകരണമുണ്ടാക്കുകയും കാലാവസ്ഥാമാറ്റമുണ്ടാക്കുകയും നിരപാധികളെ കൊന്നൊടുക്കുന്ന യുദ്ധങ്ങള്‍ക്ക് കാരണവുമാകുന്ന എണ്ണ ഉപയോഗിക്കാതിരിക്കുക…” 🙂

Leave a reply to jagadees മറുപടി റദ്ദാക്കുക