എല്ലാത്തിനും കുറ്റക്കാര്‍ രാഷ്ട്രീയക്കാര്‍

എന്തിന് രാഷ്ട്രീയക്കാരെ കുറ്റം പറയുന്നു. മാധ്യമങ്ങളുള്‍പ്പടെ മുതലാളിയുടെ പാവയായ അവര്‍ അതല്ലേ ചെയ്യൂ. പക്ഷേ നമുക്ക് എന്താണ് വേണ്ട്. അടിസ്ഥാനമായി യാത്ര ചെയ്യണം. അതിന് ഏറ്റവും മെച്ചപ്പെട്ട മാര്‍ഗ്ഗമല്ലേ നാം സ്വീകരിക്കേണ്ടത്? എണ്ണ വാഹനങ്ങള്‍ക്ക് 15% ഇന്ധന-വീല്‍ ദക്ഷത. അതായത് 70 രൂപക്ക് എണ്ണ അടിച്ചാല്‍ അതില്‍ 10.5 രൂപമാത്രമേ നമുക്ക് ഉപയോഗപ്പെടു. ബാക്കി മുഴുവന്‍ വെറുതെ കത്തി പോകും. എണ്ണയുടെ ഉത്പാദനത്തിലും വിതരണത്തിലുമൊന്നും അടുത്ത കാലത്ത് ഒരു മാറ്റവും വന്നിട്ടില്ല. അതായത്, ഒരു കിണറില്‍ നിന്ന് വെള്ളം കോരുന്നതുപോലെ ചിലവില്ലാതെയാണ് എണ്ണ കമ്പനികള്‍ എണ്ണ ഖനനം ചെയ്യുന്നത്. എണ്ണ കമ്പനികള്‍ എന്നത് വ്യകത്മായി തിരിച്ചറിയണം. അവ നമ്മുടെ പൊതുമേഖലാ കമ്പനികളോ, റിലയന്‍സോ അല്ല. അവ അമേരിക്കയിലേയും, യൂറോപ്പിലേയും വമ്പന്‍ കമ്പനികളാണ്. എക്സോണ്‍-മോബില്‍, ബിപി, ഷെല്‍, ഷെവ്റോണ്‍, ഹാലിബര്‍ട്ടണ്‍, Baker Hughes, Weatherford International, Schlumberger തുടങ്ങി അനേകം കമ്പനികള്‍. അറേബ്യന്‍ നാടുകളോട് അനുഭാവമുള്ള ആളുകള്‍ തിരിച്ചറിയാത്ത കാര്യമാണിത്. ആ രാജ്യങ്ങളില്‍ പാവ ഏകാധിപതികളെ അവരോധിച്ച് ഈ കമ്പനികള്‍ അവരുടെ എ​ണ്ണ ഊറ്റി നമുക്ക് വില്‍ക്കുന്നു.
ഇറാഖ് യുദ്ധത്തിന്റെ പ്രധാനകാരണം അവിടുത്തെ എണ്ണ പാടം സ്വന്തമാക്കാനുള്ള എണ്ണ ഭീമന്‍മാരുടെ ശ്രമമായിരുന്നു. അതില്‍ അവര്‍ വിജയിച്ചു.

നാം എണ്ണ വാങ്ങുമ്പോള്‍ ഈ കുറ്റകൃത്യങ്ങള്‍ക്കും പരിസരമലിനീകരണങ്ങള്‍ക്കും പങ്കാളികളാകുന്നതോടൊപ്പം നമ്മുടെ കീശയും കാലിയാക്കുകയാണ്. ശരിക്കും ഇത് വേണോ എന്ന് നാം സ്വയം ചോദിക്കണം. വേറെ വഴിയില്ലേ.

തീര്‍ച്ചയായതും ഉണ്ട്. 100 വര്‍ഷം മുമ്പ് ജനം വൈദ്യുത വാഹനങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. അവ ഉയര്‍ന്ന ദക്ഷത നല്‍കുന്നു. അതുപോലെ പൊതു ഗതാഗത മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഉപയോഗിക്കാം. കാറില്‍ എപ്പോഴും നാലുപേരെകൂട്ടിയേ യാത്ര ചെയ്യാവൂ.

നമ്മുടെ നാട്ടില്‍ വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത് ഇവരാണ്.

http://www.ekovehicle.com/
http://www.heroelectric.in/
http://www.bsamotorsindia.com/index.asp

പൊതു ഗതാഗതവും വൈദ്യുത വാഹനങ്ങളും ഉപയോഗിച്ച് എണ്ണവില വര്‍ദ്ധനവിനെതിരെ പ്രതികരിക്കുക.

8 thoughts on “എല്ലാത്തിനും കുറ്റക്കാര്‍ രാഷ്ട്രീയക്കാര്‍

  1. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അതിന്റെ പോരായ്മകളും ഉണ്ട്. ഒറ്റ ചാര്‍ജില്‍ കുറഞ്ഞ ദൂരമേ സഞ്ചരിക്കാന്‍ പറ്റൂ എന്നതാണ് ഏറ്റവും വലിയ ന്യുനത. മറ്റൊന്ന് അതിന്‍റെ ബാറ്ററി പാക്‌ രണ്ടോ മൂനോ വര്ഷം കൂടുമ്പോള്‍ മാറ്റണം. അതിനു ഇന്നത്തെ സാഹചര്യം അനുസരിച്ച് വണ്ടിയുടെ പകുതി വിലയോളം വരും അത് കാര്‍ ആയാലും ബൈക്ക് ആയാലും.

    അപ്പൊ അതൊരു ശാശ്വത പരിഹാരം ആയികാണന്‍ കഴിയില്ല.

    പകരം പെട്രോള്‍ / ഡീസല്‍ ഉപയോഗം എങ്ങനെ നിയന്ത്രിക്കാം, ഒപ്പം ഡീസലിനുള്ള സബ്സിഡി എടുത്തു കളഞ്ഞു , നികുതി കുറച്ചു പെട്രോള്‍ ഡീസല്‍ വില ഏകീകരിച്ചു വില്‍ക്കുനതാണ് ഇന്ത്യയുടെ ഭവിക്കു നല്ലത്

    1. ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന യോ ബൈക്കിന്റെ Yo Exl വണ്ടി ഒരു ചാര്‍ജ്ജില്‍ 70 കിലോമീറ്റര്‍ യാത്ര ചെയ്യും. നാം മിക്കവരും പ്രതിദിനം 10-20 കിലോമീറ്ററേ യാത്ര ചെയ്യൂ. നിലനില്‍ക്കാന്‍ പാടുപെടുന്ന ഈ വ്യവസായത്തെ നാം സഹായിച്ചാല്‍ ഭാവിയില്‍ പെട്രോള്‍ പമ്പ് പോലെ fast ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ ഉണ്ടാകും. വൈദ്യുത വാഹന റീചാര്‍ജ്ജ് പമ്പുകള്‍. . ഇപ്പോള്‍ തന്നെ പല സ്ഥാപനങ്ങളും വൈദ്യുത വാഹനം ചാര്‍ജ്ജ് ചെയ്യാനുള്ള പാര്‍ക്കിങ്ങ് സ്ഥലം നല്‍കുന്നുണ്ട്. ഉദാ, ബാംഗ്ലൂരിലെ ഫോറം.

      ബാറ്ററി മാറ്റുന്നതിനെക്കുറിച്ച് ഒരു ലേഖനം ഞാന്‍ മുമ്പ് എഴുതിയിരുന്നു. ഞാന്‍ വൈദ്യുത സ്കൂട്ടര്‍ ബാറ്ററി മാറ്റിവെച്ചു. ബാറ്ററി മാറ്റുന്നതിനെക്കുറിച്ചുള്ള താങ്കളുടെ സംശയം അവിടെ വ്യക്തമാക്കുന്നുണ്ട്.

      എണ്ണ എന്നും കിട്ടുന്ന ഒന്നല്ല. അത് തീര്‍ന്നാലെന്തു ചെയ്യും. അതുകൊണ്ട് പടിപടിയായി എണ്ണയുടെ അടിമത്തം കുറച്ചുകൊണ്ടു വരികയാണ് ചെയ്യേണ്ടത്.

      വൈദ്യുത വാഹനങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ ഇവിടെ കൊടുത്തിട്ടുണ്ട്.

  2. കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുമ്പോള്‍ എലക്ട്രിക്ക് വാഹനങ്ങള്‍ കൂടുതല്‍ വികസിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.കൂടുതല്‍ വില്പ്പന വരുമ്പോള്‍ കൂടുതല്‍ ഗവേഷണവും നടക്കും.
    നമ്മുടെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഉണ്ടാക്കുന്ന ഇന്ധന നഷ്ടം കാണാതെ പോകരുത്.

    1. ശരിയാണ് vrajesh.
      80 ല്‍ എണ്ണ വില കൂടിയപ്പോള്‍ EV1 എന്ന വൈദ്യുത കാര്‍ അമേരിക്കയില്‍ GM ഇറക്കിയിരുന്നു. പരിപാലിക്കാന്‍ ചിലവ് കുറവാണ് എന്ന കാരണം പറഞ്ഞ് അവ മൊത്തം തിരിച്ചെടുത്ത് നശിപ്പിച്ചു. Who killed electric car എന്ന സിനിമ അതിനെക്കുറിച്ചാണ്. ഇനി ഒരിക്കലും അതുപോലൊരവസ്ഥ വൈദ്യുത വാഹനത്തിന് സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന, കാലാവസ്ഥാമാറ്റം അനുഭവിക്കുന്ന ലോകത്തിനുണ്ടാവരുത്.
      അതുകൊണ്ട് ഉപഭോക്താവ് എന്ന നിലയില്‍ നാം പരസ്യ, സിനിമ മുതലാളിമാരുടെ വാക്കുകള്‍ കേള്‍ക്കാതെ മെച്ചപ്പെട്ട ചിലവ് കുറഞ്ഞ മലിനീകരണമില്ലാത്ത, സുസ്ഥിര ഗതാഗത വ്യവസ്ഥ സ്ഥാപിക്കുന്നതിന് മുന്നോട്ട് വരണം.

  3. അവ നമ്മുടെ പൊതുമേഖലാ കമ്പനികളോ, റിലയന്‍സോ അല്ല. അവ അമേരിക്കയിലേയും, യൂറോപ്പിലേയും വമ്പന്‍ കമ്പനികളാണ്. എക്സോണ്‍-മോബില്‍, ബിപി, ഷെല്‍, ഷെവ്റോണ്‍, ഹാലിബര്‍ട്ടണ്‍, Baker Hughes, Weatherford International, Schlumberger തുടങ്ങി അനേകം കമ്പനികള്‍.

    എണ്ണക്കമ്പനികളെക്കുറിച്ച് പൊതുവെ നിലനിൽക്കുന്ന ചില തെറ്റിദ്ധാരണകളും കെട്ടുകഥകളും, അന്ധവിശ്വാസങ്ങളും ജഗദീശും ഇവിടെ ആവർത്തിച്ചിരിക്കുന്നു എന്നേ ഉള്ളൂ. ലോകത്തിലെ എണ്ണയുടെ ബഹുഭൂരിപക്ഷവും സർക്കാർ ഉടമസ്ഥതയിലാണ്. വാൾ സ്റ്റ്രീറ്റ് ജേർണ്ണലിലെ ഈ റിപ്പോർട്ട് കാണുക: http://online.wsj.com/article/SB10001424052748704852004575258541875590852.html
    Name the biggest oil company in the world. ExxonMobil? British Petroleum? Royal Dutch Shell? In fact, the 13 largest energy companies on Earth, measured by the reserves they control, are now owned and operated by governments. Saudi Aramco, Gazprom (Russia), China National Petroleum Corp., National Iranian Oil Co., Petróleos de Venezuela, Petrobras (Brazil) and Petronas (Malaysia) are all larger than ExxonMobil, the largest of the multinationals. Collectively, multinational oil companies produce just 10% of the world’s oil and gas reserves. State-owned companies now control more than 75% of all crude oil production.

    അതായത് എണ്ണ എന്നത് ഒരു സോഷ്യലിസ്റ്റ് വിഭവമാണ്. അതുകൊണ്ടുതന്നെ എണ്ണക്കമ്പോളം ഒരു സ്വതന്ത്ര കമ്പോളമല്ല. പെട്രോളിന് അടിക്കടി വിലകയറുന്നത് എന്തുകൊണ്ടാണെന്ന് ഇനി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

    പിന്നെ അമേരിക്കയുടെ ‘പാവ സർക്കാരുകൾ’. അതോ മറിച്ചോ? അമേരിക്കയിലെ യൂണിവേഴ്സിറ്റികളിലെ ഡിപ്പാർട്ട്മെന്റുകൾ, ‘ബുദ്ധിജീവികൾ’, തുടങ്ങി മാധ്യമ ഭീമൻമാർ വരെയുള്ള ഒട്ടനവധി സ്ഥാപനങ്ങൾ ഇപ്പോൾ സൗദി അറേബ്യ അടക്കമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ എണ്ണപ്പണത്തിന്മേലാണ് ഓടുന്നത്. അമേരിക്കൻ നിയോകോൺ-കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ മുഖപത്രമെന്ന പേരിൽ അറിയപ്പെടുന്ന ഫോക്സ് ന്യൂസിന്റെ പിതൃസ്ഥാപനമായ ന്യൂസ് കോർപ്പറേഷന്റെ (‘വെറുക്കപ്പെട്ടവനായ’ റൂപ്പർട്ട് മർഡോക്ക് മുതലാളിയുടെ സ്വന്തം) രണ്ടാമത്തെ വലിയ ഓഹരിയുടമ സൌദി രാജകുമാരനായ അല്‍‌വലീദ് ബിന്‍ തലാലാണെന്നകാര്യമൊന്നും ഇടതർക്ക് അറിയേണ്ടതില്ലല്ലോ. പടിഞ്ഞാറൻ രാജ്യങ്ങളെല്ലാം തന്നെ ഏതാണ്ട് മുഴുവനായി സൗദി-ചൈനീസ് പണത്തിൽ ഓടുന്നകാലം അത്ര ദൂരത്തൊന്നുമല്ല.

    ഇലക്ട്രിക്ക് കാറുകൾ ക്ലച്ചുപിടിക്കാത്തത് അവയുടെ സാങ്കേതിക ന്യൂനതകളും പ്രായോഗിക ബുദ്ധിമുട്ടുകളും മൂലമാണ്. അല്ലാതെ സ്വകാര്യ എണ്ണക്കമ്പനികളുടെ ഗൂഢാലോചനമൂലമല്ല. പിന്നെ വൈദ്യുത കാറുകൾക്കുള്ള വൈദ്യുതി ശൂന്യതയിൽനിന്നും ഒന്നും വരികയില്ലല്ലോ – അതിന് എണ്ണയും കൽക്കരിയുമെല്ലാം കത്തിക്കുകയേ നിവൃത്തിയുള്ളൂ. പ്രായോഗികമായ വൈദ്യുത വാഹനങ്ങൾ ഒരുകാലത്ത് സാധാരണമായേക്കാം. പക്ഷെ ഒബാമ സ്റ്റൈലിലുള്ള ‘ഗ്രീൻ സ്റ്റിമുലസ്സുകൾ’ ഉള്ളിടത്തോളം കാലം അതിനുള്ള സാധ്യത തീരെയില്ല. Renewables-നും പ്രതീക്ഷവേണ്ട. Solyndra യുടെ കഥയൊക്കെ വായിച്ചിരിക്കുമല്ലോ അല്ലേ.

    1. എണ്ണ ആരുത്പാദിപ്പിച്ചാലും വിറ്റലും ഗുണം ഈ കമ്പോളത്തെ നിയന്ത്രിക്കുന്നവര്‍ക്ക് തന്നെയാണ്. അതില്‍ ഈ അറബ് രാജ്യങ്ങള്‍ക്ക് ഒരു പങ്കുമില്ല. പെട്രോഡോളര്‍ ഉടമക്ക് മാത്രം ഗുണം. ഡോളറില്‍ നിന്ന് യുറോയിലേക്ക് എണ്ണ വിപണനം മാറ്റാശ്രമിച്ച സദ്ദാമന്റെ കാര്യം ഓര്‍മ്മയില്ലേ.

      രാജ്യമായാലും, സംസ്ഥാനമായാലും, വീടായാലും സ്വയംപര്യപ്തതയാണ് വിജയത്തിലേക്കുള്ള വഴി. നമ്മുക്ക് അന്യരാജ്യക്കാന്റെ ഊര്‍ജ്ജം ആവശ്യമില്ലെങ്കില്‍ നാം അവരില്‍ നിന്നുള്ള സാമ്പത്തിക അടിമത്തത്തില്‍ നിന്ന് മോചിതരായി എന്ന് അര്‍ത്ഥം. അതിനുള്ള വഴികളാണ് നാം ആലോചിക്കേണ്ടത്. എണ്ണയും കല്‍ക്കരിയും കത്തിക്കാതെ വൈദ്യുതി ഉണ്ടാവും. നോക്കിയിരുന്നോ!

      ഒബാമ അയാളുടെ പണച്ചാക്കായ George Kaiser ക്ക് സൗജന്യം ചെയ്തതും ഈ വ്യവസായത്തിന്റെ തലയില്‍ വെക്കേണ്ട.

  4. “ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അതിന്റെ പോരായ്മകളും ഉണ്ട്. ഒറ്റ ചാര്‍ജില്‍ കുറഞ്ഞ ദൂരമേ സഞ്ചരിക്കാന്‍ പറ്റൂ എന്നതാണ് ഏറ്റവും വലിയ ന്യുനത. മറ്റൊന്ന് അതിന്‍റെ ബാറ്ററി പാക്‌ രണ്ടോ മൂനോ വര്ഷം കൂടുമ്പോള്‍ മാറ്റണം. അതിനു ഇന്നത്തെ സാഹചര്യം അനുസരിച്ച് വണ്ടിയുടെ പകുതി വിലയോളം വരും അത് കാര്‍ ആയാലും ബൈക്ക് ആയാലും.”

    യാതൊരു തരത്തിലുമുള്ള സ്വാനുഭവമോ പഠനമോ ഇല്ലാതെ നിരുത്തരവാദപരമായ അനുമാനങ്ങൾ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും നമുക്കെത്ര മിടുക്കുണ്ടെന്നു കാണിക്കുന്നതാണു് ഈ കമന്റ്.

    നാട്ടിൽ തിരിച്ചെത്തിയിട്ടു് കഴിഞ്ഞ മൂന്നുമാസമായി, സ്വന്തം വാഹനമോടിക്കുന്ന പല ആളുകളുമായി (അവരിൽ ലഘുസഞ്ചാരികൾ മുതൽ തൊഴിലുമായി ബന്ധപ്പെട്ടു് ദീർഘയാത്ര ചെയ്യുന്നവർ വരെയുണ്ടു്) അവരുടെ വാഹനങ്ങലെക്കുറിച്ചും അവയ്ക്കുവേണ്ടി വരുന്ന ചെലവുകളെക്കുറിച്ചും ശരാശരി ഒരു ദിവസം ഓടുന്ന ദൂരത്തെക്കുറിച്ചും സംസാരിച്ചു.
    ദിവസം ശരാശരി 50 കിലോമീറ്ററിൽ കൂടുതൽ വണ്ടി ഓടിക്കേണ്ടിവരുന്ന ആളുകൾ വളരെ ചെറിയ ശതമാനമേ ഉണ്ടായിരുന്നുള്ളൂ. മിക്കവാറും ആളുകൾക്കു് 20-30 കിലോമീറ്ററാണു് പ്രതിദിന സഞ്ചാരദൈർഘ്യം.
    മൂന്നു വർഷംകൂടുമ്പോൾ മാറ്റേണ്ട ബാറ്ററിയുടെ വില താരതമ്യം ചെയ്യേണ്ടതു് സാധാരണ ബൈക്കുകളിൽ ഇടയ്ക്കിടെ മാറ്റേണ്ട ഓയിൽ, ഫിൽടർ, മറ്റു സങ്കീർണ്ണമായ സ്പെയർ പാർട്ടുകൾ എന്നിവയോടാണു്. ബാറ്ററിയുടെ വിലയും വൈദ്യുതി ചാർജ്ജും ഒരുമിച്ചു കണക്കിലെടുത്താൽ തന്നെ ഇപ്പോഴത്തെ പെട്രോൾ ചെലവിന്റെ പകുതിയിലും വളരെ കുറവേ വരൂ.
    അതും കൂടാതെ, തുടക്കത്തിൽ ബൈക്ക് വാങ്ങാൻ വേണ്ടി വരുന്ന ചെലവു് (ബൈക്കിന്റെ വില) ഗണ്യമായി കുറവാണു്.

    വേണ്ടത്ര സ്പീഡും പിക്കപ്പും കിട്ടില്ലെന്നുള്ളതാണു് വേറൊരു ശുദ്ധമായ അന്ധവിശ്വാസം. പടപടാ ശബ്ദം കുറവാണെന്നുള്ളതായിരിക്കാം ഇങ്ങനെ തോന്നാൻ ഒരു കാരണം. കൂടുതൽ ആളുകൾ വാങ്ങാൻ താല്പര്യം കാണിക്കുന്ന ശക്തി കുറഞ്ഞ (ലൈസൻസോ രെജിസ്റ്റ്രേഷനോ ആവശ്യമില്ലാത്ത) വാഹനങ്ങൾ കണ്ടുപരിചയിച്ചിട്ടുമാവാം. ശക്തി കൂടിയ ഈ-ബൈക്കുകളും ലഭ്യമാണു്. അവ വേഗതയിലോ പിക്കപ്പിലോ മറ്റു ബൈക്കുകളേക്കാൾ ഒട്ടും പിന്നിലല്ല. 6 KWനു സമമായ ശക്തിയുള്ള വിഷംതുപ്പി എഞ്ചിനുകളോടാണു് ഒന്നോ ഒന്നരയോ മാത്രം KW ഉള്ള ഇത്തരം ബൈക്കുകൾ മത്സരിക്കുന്നതു് എന്നും ഓർക്കണം.
    നഗരത്തിലെ ട്രാഫിൿ തിരക്കുകളിലും സിഗ്നലുകളിലും ക്രോസ്സ് റോഡുകളിലും ഓടിക്കാതെ ഇരപ്പിച്ചുനിർത്തുന്ന സമയത്തും 50 ശതമാനമെങ്കിലും പെട്രോൾ കുടിച്ചുകൊണ്ടിരിക്കുന്ന ബൈക്കുകൾക്കു പകരം ഈ-ബൈക്കുകൾ ഉള്ളതു് തത്സമയം സ്വയം കട്ട്-ഓഫ് ആവുന്ന മോട്ടോർ സർക്യൂട്ടുകളാണു്. അതും കൂടാതെ ബ്രേക്ക് ചെയ്യുമ്പോളും ഇറക്കം ഇറങ്ങുമ്പോളും ബ്രേക്കും ടയറുമായുള്ള ഘർഷണം മൂലം വെറുതെ നഷ്ടമാവുന്ന ഊർജ്ജം കൂടി തിരിച്ചെടുത്തുപയോഗിക്കാവുന്ന regenerative
    breaking system കൂടി ഈ-ബൈക്കുകളിൽ സാദ്ധ്യമാണു്.

    ശരാശരി നഗര/ഗ്രാമപാതകളിലൂടെ ഓടിച്ചുപോകുമ്പോൾ സാദ്ധ്യമായ / ആവശ്യമുള്ള വേഗം (15 മുതൽ പരമാവധി 45 വരെ kmph) മിക്ക ഈ-ബൈക്കുകളിലും സാദ്ധ്യമാണു്.

    പെട്ടെന്നു കണക്കിലെടുക്കാവുന്ന വ്യക്തിപരമായ ഇത്തരം നേട്ടങ്ങളേക്കാൾ എത്രയോ പ്രധാനപ്പെട്ട സാമൂഹ്യനേട്ടമാണു് എലക്ട്രിൿ വാഹനങ്ങൾ ഉപയോഗിക്കുന്നതു വഴി അന്തരീക്ഷത്തിലേക്കു് പുറന്തള്ളുന്ന CO2 അളവു് ചുരുക്കൽ. സമീപഭാവിയിൽത്തന്നെ ലോകത്തെ ഒന്നടങ്കം ബാധിക്കാവുന്ന എത്ര ഭീകരമായ ഒരു പാപമാണു് CO2 എമിഷനിലൂടെ നാം ചെയ്യുന്നതു് എന്നു് സാധാരണ ജനങ്ങൾ ഇനിയും മനസ്സിലാക്കാനിരിക്കുന്നതേ ഉള്ളൂ.
    ഒരു ലിറ്റർ പെട്രോൾ നാം കത്തിക്കുമ്പോൾ (എത്ര ശ്രേഷ്ഠമായ എഞ്ചിൻ വെച്ചായാലും) 2.5 കിലോ കാർബൺ ഡയോക്സൈഡ് ആണു പുറത്തുവിടുന്നതു്. സാധാരണ താപനിലയിലും മർദ്ദത്തിലും വാതകാവസ്ഥയിൽ ഇതു് ഏകദേശം 550 ലിറ്ററിൽ കൂടുതൽ വരും! )

    പെട്രോളിനും പെട്രോൾ വിലയ്ക്കുമെതിരെയുള്ള ഏറ്റവും ഫലവത്തായ സമരവും രാഷ്ട്രീയവും സാദ്ധ്യമായ എല്ലാ രംഗത്തും ഇലക്ട്രിൿ വാഹനങ്ങളുടെ പരമാവധി ഉപയോഗം ഉറപ്പുവരുത്തുക എന്നതാണു്.

    ഇന്നല്ലെങ്കിൽ നാളെത്തന്നെ എല്ലാവരും ഈ വഴി തിരിയും. ആ വലിയ ഘോഷയാത്രയിൽ നമുക്കു മുന്നിൽ നിൽക്കനോ അതോ എപ്പോഴും പതിവുള്ളതുപോലെ, വൈകിയെത്തണോ എന്നു മാത്രമേ ഇപ്പോൾ തീരുമാനിക്കേണ്ടതുള്ളൂ.

Leave a reply to vrajesh മറുപടി റദ്ദാക്കുക