കാലാവസ്ഥയെ തകര്‍ക്കാന്‍ പ്രതിദിനം 140 കോടി ഡോളര്‍ സര്‍ക്കാര്‍ ധനസഹായം

ഫോസില്‍ ഇന്ധനങ്ങളുടെ വിലയേക്കുറിച്ച് ആലോചിക്കുമ്പോള്‍ അത് കത്തിക്കുന്നത് വഴിയുണ്ടാകുന്ന ആരോഗ്യ പാരിസ്ഥിതിക ചിലവിനെ നാം പരിഗണിക്കാറില്ല. സര്‍ക്കാര്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തിന് ധാരാളം സബ്സിഡി നല്‍കി പ്രോത്സാഹിപ്പിക്കുന്നത് ഈ യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ വികൃതമാക്കുന്നു. 2010 ല്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ നേരിട്ടുള്ള ധനസഹായം $50,000 കോടി ഡോളറായിരുന്നു. ഇതില്‍ ഇന്ധന ഉത്പാദന രംഗത്തിന് നല്‍കിയത് $10,000 കോടി ഡോളര്‍. ഫോസില്‍ ഇന്ധന ഉപഭോഗത്തിന് നല്‍കിയ ധനസഹായം $40,000 കോടി ഡോളറില്‍ അധികം. അതില്‍ $19,300 കോടി ഡോളര്‍ എണ്ണക്കും, $9100 കോടി ഡോളര്‍ പ്രകൃതിവാതകത്തിനും $300 കോടി ഡോളര്‍ കല്‍ക്കരിക്കും ആണ് നല്‍കിയത്. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി ഫോസില്‍ ഇന്ധനം ഉപയോഗിക്കുന്നതിന് നല്‍കിയ ധനസഹായം $12,200 കോടി ഡോളര്‍ ആണ്. എല്ലാം കൂടെ സര്‍ക്കാരുകള്‍ പ്രതിദിനം $140 കോടി ഡോളര്‍ ധനസഹായം നല്‍കി ഭൂമിയുടെ കാലാവസ്ഥ തകരാറിലാക്കുന്നു.

2010 ല്‍ ഫോസില്‍ ഇന്ധന ഉപഭോഗത്തിന് ഏറ്റവും അധികം ധനസഹായം നല്‍കിയ രാജ്യം ഇറാനാണ്. $8100 കോടി ഡോളര്‍. രാജ്യത്തിന്റെ gdp യുടെ 20% ല്‍ അധികമാണ് ഇത്. സൌദിറേബ്യ $4400 കോടി ഡോളറും. ആദ്യത്തെ അഞ്ചിലെ ബാക്കിയുള്ള മൂന്ന് രാജ്യങ്ങള്‍ റഷ്യ ($3900 കോടി ഡോളര്‍), ഇന്‍ഡ്യ ($2200 കോടി ഡോളര്‍), ചൈന ($2100 കോടി ഡോളര്‍) ഉപഭോഗത്തന് ധനസഹായം നല്‍കി.


കുവെയ്റ്റിന്റെ ഫോസില്‍ ഇന്ധന ധനസഹായമാണ് വ്യക്തിഗത കണക്കില്‍ ഏറ്റവും അധികം. ഒരു പൌരന് $2,800 ഡോളറാണ് അവര്‍ നല്‍കിയത്. United Arab Emirates, ഖത്തര്‍ എന്നിവര്‍ $2,500 ഡോളര്‍ ചിലവാക്കി തൊട്ടു പിന്നിലുണ്ട്.

ഫോസില്‍ ഇന്ധന സബ്സിഡി നിര്‍ത്തലാക്കിയാല്‍ തന്നെ കാര്‍ബണ്‍ ഉദ്‌വമനം വന്‍തോതില്‍ കുറക്കാനാവും. ചില രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ അങ്ങനെ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് ബല്‍ജിയം, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കല്‍ക്കരിക്കുള്ള സബ്സിഡി എടുത്തുകളഞ്ഞു. കമ്പോള വിലയേക്കാള്‍ കുറഞ്ഞ് എണ്ണ വിതരണം ചെയ്തിരുന്ന ധാരാളം രാജ്യങ്ങള്‍ എണ്ണവില കൂടിയതോടെ സാമ്പത്തിക ബാദ്ധ്യത കാരണം വാഹന ഇന്ധന സബ്സിഡികള്‍ എടുത്തുകളഞ്ഞുകൊണ്ടിരിക്കുന്നു. ചൈനയും ഇന്തോനേഷ്യയുമാണ് ആ രാജ്യങ്ങള്‍. എന്തിന് കമ്പോള വിലയുടെ അഞ്ചിലൊന്ന് വിലക്ക് എണ്ണ വിതരണം ചെയ്ത ഇറാന്‍ പോലും 2010 ഡിസംബറില്‍ വലിയ ഊര്‍ജ്ജ പരിഷ്കാരങ്ങളുടെ ഭാഗമായി എണ്ണയുടെ സബ്സിഡി വന്‍ തോതില്‍ കുറച്ചു.

2010 ല്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് $50000 കോടി ഡോളര്‍ സബ്സിഡി ലഭിച്ചപ്പോള്‍ , പുനരുത്പാദിതോര്‍ജ്ജത്തിന് വെറും $6600 കോടി ഡോളര്‍ സബ്സിഡിയാണ് ലോകം മൊത്തമുള്ള രാജ്യങ്ങള്‍ നല്‍കിയത്. അതില്‍ മൂന്നില്‍ രണ്ട് പവനോര്‍ജ്ജം, biomass, തുടങ്ങിയവയില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനത്തിനും മൂന്നിലൊന്ന് ജൈവ ഇന്ധനങ്ങള്‍ക്കുമായി വിഭജിച്ചു.

സാമ്പത്തികമായി ലോകത്തെ തകര്‍ക്കാന്‍ പോകുന്ന കാലാവസ്ഥാ മാറ്റത്തെ നാം നേരിടുന്ന സമയത്ത് എണ്ണയും കല്‍ക്കരിയും കത്തിക്കാന്‍ ഇത്രയേറെ സബ്സിഡി നല്‍കുന്നത് ന്യായീരിക്കാനാവില്ല. 2020 ഓടെ എണ്ണക്കുള്ള സബ്സിഡി പൂര്‍ണ്ണമായി ഇല്ലാതാക്കിയാല്‍ എണ്ണയുടെ ഉപയോഗം 37 ലക്ഷം ബാരല്‍ കുറക്കാനാവും എന്ന് International Energy Agency പറയുന്നു. എല്ലാ ഫോസില്‍ ഇന്ധന സബ്സിഡികളും ഇല്ലാതാക്കിയാല്‍ 2020 ല്‍ കാര്‍ബണ്‍ ഉദ്‌വമനം 5% കുറക്കാനാവും. ഒപ്പം സര്‍ക്കാരിന്റെ കടവും. കാറ്റ്, സൂര്യന്‍, ഭൌമതാപോര്‍ജ്ജം തുടങ്ങിയ കാലാവസ്ഥാ സൌഹൃദമായ ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് സബ്സിഡി മാറ്റിയാലാ‍ല്‍ ഭൂമിയുടെ കാലാവസ്ഥ സുസ്ഥിരമാവാന്‍ സഹായിക്കും.

– സ്രോതസ്സ് grist.org

പ്രകൃതി സംരക്ഷണമെന്ന സര്‍ക്കാരുകളുടെ തട്ടിപ്പ് തിരിച്ചറിയുക. സംരക്ഷിക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള ധനസഹായം ഇല്ലാതാക്കുക മാത്രം ചെയ്താല്‍ മതി. എണ്ണയുടെ ഉപയോഗം കുറക്കുക.

ഒരു അഭിപ്രായം ഇടൂ