പൊതുവെ അധികാരത്തിലുള്ളവര്‍ ശൈശവാവസ്ഥയിലുള്ള പുനരുത്പാദിതോര്‍ജ്ജത്തെ അവഗണിക്കുയാണ് പതിവ്. വൈദ്യുതി ബോര്‍ഡിലെ സിവില്‍ എഞ്ജിനീയര്‍മാരുടെ സ്വാധീനത്താലാവാം ഇടതു പക്ഷത്തിനും പുനരുത്പാദിതോര്‍ജ്ജത്തെ അവജ്ഞയാണ്. വികേന്ദ്രീകൃത സ്വഭാവമുള്ളതിനാല്‍ അണക്കെട്ടുകള്‍, കല്‍ക്കരി, ആണവ നിലയങ്ങള്‍ പോലെ വമ്പന്‍ യൂണിയനുകള്‍ സൃഷ്ടിക്കാന്‍ പുനരുത്പാദിതോര്‍ജ്ജ രംഗത്ത് കഴിയാത്തതാവാം കാരണം. സമ്പത്തിന്റെ സമവാക്യത്തില്‍ ഇടപെടുന്നതിനാല്‍ വലതുപക്ഷത്തിനും പുനരുത്പാദിതോര്‍ജ്ജം പ്രീയമല്ല.
എന്നാല്‍ തെറ്റൊന്നും പറയാനില്ലാത്ത ഇടത് പക്ഷ സര്‍ക്കാരിനെ അട്ടിമറിച്ച്* അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലെ വലതു പക്ഷം തുടക്കം മുതലേ പുനരുത്പാദിതോര്‍ജ്ജത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പറയുന്നത് ശ്രദ്ധിക്കപ്പെട്ടു. അത് പുതുമയാണ്. സൌരോര്‍ജ്ജത്തെക്കുറിച്ച് പത്രങ്ങളിലും മാസികകളിലും ധാരാളം പരസ്യം സര്‍ക്കാര്‍ നല്‍കി. പവര്‍ കട്ടില്‍ നിന്നുള്ള രക്ഷക്കായി വീട്ടില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ മന്ത്രിമാര്‍ പ്രസംഗിക്കുന്നതും പത്രപ്രസ്ഥാവന നല്‍കുന്നതും മിക്കപ്പോഴും പ്രധാന മാധ്യമവാര്‍ത്തകളാവുമായിരുന്നു.
എന്താണ് ഈ പ്രചരണത്തില്‍ പറയുന്ന സോളാര്‍ പദ്ധതികള്‍?
സോളാര്‍ പാനല്‍(1), കണ്ട്രോളര്‍(2), ബാറ്ററി(3), ഇന്‍വെര്‍ട്ടര്‍(4) എന്നിവ ഉപയോഗിച്ചുള്ള പദ്ധതികളാണ് ഇവര്‍ നടപ്പാക്കിയ പദ്ധതി. വീട്ടികാര്‍ അംഗീകൃ സ്വതന്ത്ര ഏജന്‍സികളില്‍ നിന്ന് വാങ്ങി സ്ഥാപിക്കുന്ന ഈ സൌരോര്‍ജ്ജ നിലയത്തിന് സര്‍ക്കാര്‍ സബ്സിഡിയും നല്‍കുന്നു. അങ്ങനെ എല്ലാ വീട്ടിലും ഇത് സ്ഥാപിച്ചാല്‍ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായെന്ന് അവര്‍ പറയുന്നു.
ഇതാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലെ UDF സര്‍ക്കാര്‍ ഔദ്യോഗിക പദ്ധതിയാ ഓരോ വീടുകളിലും സ്ഥാപിക്കാന്‍ പദ്ധതിയിട്ടത്. ആദ്യഘട്ടത്തില്‍ 1kw ന്റെ 10000 നിലയങ്ങള്‍ അങ്ങനെ 10 മെഗാവാട്ട്. 2.5 ലക്ഷം രൂപ വരെ ചിലവാകുന്ന നിലയത്തിന് സര്‍ക്കാര്‍ 92262/- രൂപ വരെ സബ്സിഡി നല്‍കും. അതായത് മൊത്തം ചിലവ് 250 കോടി രൂപ. മൊത്തം സബ്സിഡി 92 കോടി രൂപ. അങ്ങനെ എത്ര ഘട്ടങ്ങളാണ് ഇവര്‍ പദ്ധതിയിട്ടതെന്ന് അറിയില്ല. ഏതായാലും ആദ്യ ഘട്ടം നികുതി ദായകരുടെ 92 കോടി രൂപ ഉപയോഗിച്ചുള്ള 250 കോടി രൂപയുടെ പദ്ധതികള്‍.
ഇത്രയേറെ വലിയ തുക ചിലവാക്കുമ്പോള്‍ ശരിക്കും ഇതു തന്നെയാണോ ശരി എന്ന് ചോദിക്കേണ്ട കടമ സാങ്കേതിക ഉപദേശകര്‍ക്കും പരിപാടിയുടെ നടത്തിപ്പ്‌കാര്‍ക്കുമുണ്ട്.
തട്ടിപ്പ്
വേഗം പണമുണ്ടാക്കാന്‍ എളുപ്പ വഴി സര്‍ക്കാര്‍ ബഡ്ജറ്റ് അറിയുകയാണ്. അങ്ങനെയുള്ള ഒരാളായിരുന്നു അംബാനി. എല്ലാ ബഡ്ജറ്റിലും അവശത അനുഭവിക്കുന്ന ജന വിഭാഗങ്ങളെ (സ്വാതന്ത്ര്യം കിട്ടിയ കാലം തൊട്ട് ഇന്ന് വരെയുള്ള സഹായം ആദിവാസികളിലോരോരുത്തരേയും കോടിപതികളാക്കാനുതകുന്നതാണ്) സഹായിക്കുന്ന പോലെ അവശത അനുഭവിക്കുന്ന വ്യവസായങ്ങള്‍ക്കും കൃഷിക്കും സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. ഉദാഹരണത്തിന് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന തുണിമില്ലുകളെ സഹായിക്കാനാണ് ഒരു വര്‍ഷത്തെ പരിപാടിയെങ്കില്‍ അത് ഉദ്യോഗസ്ഥരില്‍ നിന്ന് നേരത്തെ മനലിലാക്കുന്ന അംബാനി ചുളുവ് വിലക്ക് തുണിമില്ലുകള്‍ വാങ്ങിക്കൂട്ടും. പിന്നീട് വലിയ സര്‍ക്കാര്‍ സഹായം നേടിയെടുക്കുകയും ചെയ്യും. ഇതാണ് അംബാനിയുടെ സ്വത്തിന്റെ രഹസ്യം എന്ന് ഒരു സുഹൃത്ത് പറയുന്നു.
അതുപോലെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വലിയ ഒരു പദ്ധതിയാണ് സൌരോര്‍ജ്ജം. പരാതി പറയാന്‍ സാദ്ധ്യതയില്ലാത്ത ആളുകളെ കേന്ദ്രീകരിച്ച് വെറും ഗ്ലാസ് പാനലുകള്‍, കാറ്റാടി തുടങ്ങിയവ വൈദ്യുതി ലൈനില്‍ നിന്നുള്ള വൈദ്യുതി തിരികെ കടത്തിവിട്ട് ഊര്‍ജ്ജമൊന്നും ഉത്പാദിപ്പാതെ ഉടമസ്ഥനെ കബിളിപ്പിക്കാം എന്ന തരത്തില്‍ പോലും അവര്‍ തട്ടിപ്പ് ആസൂത്രണം ചെയ്തു.
ഈ തട്ടിപ്പുകള്‍ പുനരുത്പാദിതോര്‍ജ്ജത്തെ ആക്രമിക്കുന്ന സംഘങ്ങള്‍ക്ക് ശക്തി പകര്‍ന്നു. മൊത്തത്തില്‍ ബദല്‍ ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ വിജയിക്കില്ലെന്ന് കാണിക്കാന്‍ ഇത് അവസരമാകുകയും ചെയ്തു. അവര്‍ക്ക് മുമ്പില്‍ വമ്പന്‍ ഡാമുകളും ആണവ നിലയങ്ങളുമേയുള്ളു.
സര്‍ക്കാര്‍ ചെയ്തത് ഗുണമോ ദോഷമോ
ഒറ്റപ്പെട്ട വൈദ്യുത നിലയം എന്ന ആശയം പ്രചരിപ്പിക്കാനുതകുന്ന അന്തരീക്ഷം ആദ്യം തന്നെ സര്‍ക്കാര്‍ സൃഷ്ടിച്ചിരുന്നു. അതുവരെ കാണാത്ത തരത്തില്‍ പവര്‍കട്ട് കേരളത്തിലങ്ങളോളമിങ്ങോളം കണ്ടു. ഞങ്ങളുടെ ഗ്രാമപ്രദേശത്ത് 10 മണിക്കൂര്‍ വരെ ദിവസം പവര്‍കട്ട് അനുഭവപ്പെട്ടു. അത് സ്വാഭാവികമായും കാശുള്ള ജനത്തെ ഇന്‍വര്‍ട്ടര്‍ വാങ്ങാന്‍ പ്രേരിപ്പിച്ചു. ഇന്‍വര്‍ട്ടര്‍ വൈദ്യുതോപയോഗം വീണ്ടും കൂട്ടും. കൂടുതല്‍ പവര്‍കട്ട്. അങ്ങനെയുള്ള അവസരത്തില്‍ രക്ഷകനായി സോളാര്‍ പാനലുകള്‍ പ്രത്യക്ഷപ്പെട്ടു. ഒരു കിലോവാട്ട് പാനല്‍ 5 യൂണീറ്റ് വരെ വൈദ്യുതി നല്‍കും. സാധാരണ വീടിന് അത് മതിയാവും. അങ്ങനെ കേരളത്തിലെ കോടിക്കണക്കിന് വീടുകളിലേക്ക് സൌരോര്‍ജ്ജം എത്തിയാല്‍? അതിന്റെ ഇടനിലക്കാര്‍ക്ക് എത്ര ലാഭം അല്ലെ?
സരിതോര്‍ജ്ജത്തിന്റെ സാങ്കേതികവിദ്യ
ഫോടോ വോള്‍ടേയിക് സോളാര്‍ പാനലുകള്‍ സൂര്യപ്രകാശത്തെ നേര്‍ധാരാ(DC) വൈദ്യുതിയായി മാറ്റുന്നു. അത് ഒരു കണ്ട്രോളര്‍ ഉപയോഗിച്ച് ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നു.
പ്രകാശോര്‍ജ്ജം ->(A) വൈദ്യുതോര്‍ജ്ജം ->(B) രാസോര്‍ജ്ജം ഇതാണ് ഒന്നാം ഘട്ടം.
പിന്നീട് വൈദ്യുതി ആവശ്യമുള്ളപ്പോള്‍ ഒരു ഇന്‍വര്‍ട്ടര്‍ ഉപയോഗിച്ച് ബാറ്ററിയില്‍ നിന്ന് വൈദ്യുതി തിരികെയെടുക്കുന്നു.
രാസോര്‍ജ്ജം ->(C) നേര്‍ധാരാ(DC) വൈദ്യുതി ->(D) AC വൈദ്യുതി -> ഉപയോഗം.
൧. ഊര്‍ജ്ജ ദക്ഷത
ഊര്‍ജ്ജം ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറ്റുമ്പോള്‍ വലിയ നഷ്ടം സംഭവിക്കും. താപഗതികത്തിന്റെ നിയമനുസരിച്ച് അത് നമുക്ക് ഒരിക്കലും ഉപയോഗയോഗ്യമാക്കാനാവില്ല. അതുകൊണ്ട് കുറവ് രൂപമാറ്റം മാത്രമുള്ള സാങ്കേതിക വിദ്യകളുപയോഗിച്ചാല്‍ ദക്ഷത കൂടും, ലാഭവും കൂടും. എന്നാല്‍ ഇവിടെ പാനല്‍ നല്‍കുന്ന വൈദ്യുതി ശേഖരിച്ച് വെക്കുന്നതിനാലും പിന്നീട് തിരിച്ച് പല തരത്തിലുള്ള വൈദ്യുതിയാക്കുന്നതിനാലും ദക്ഷത കുറയും.
൨. അനാവശ്യ നിക്ഷേപം
ഓരോ വീട്ടിലും വൈദ്യുതി സംഭരിക്കുന്ന ബാറ്ററി, ഇന്‍വെര്‍ട്ടര്‍ ഒരനാവശ്യമാണ്. ബാറ്ററി ഓരോ 5 വര്‍ഷം കഴിയുമ്പോഴും മാറ്റിവെക്കണം. ബാറ്ററിയും ഇന്‍വെര്‍ട്ടറും നിര്‍മ്മിക്കാന്‍ വൈദ്യുതിയും വിഭവങ്ങളും വേണം.
ഈ രണ്ട് കാര്യങ്ങളില്‍ നിന്നും ഒരു കാര്യം നിങ്ങള്‍ക്ക് മനസിലായിക്കാണും. ഇന്‍വെര്‍ട്ടര്‍,ബാറ്ററി ഇവ ഒഴുവാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന ചോദ്യം ചോദിക്കല്‍.
സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്
തീര്‍ച്ചയായും അത് കഴിയും. പാനലില്‍ നിന്ന് വരുന്ന വൈദ്യുതി കണ്ട്രോളര്‍ ഉപയോഗിച്ച് ഗ്രിഡ്ഡിലേക്ക് ഒഴുക്കിവിടാം. അപ്പോള്‍ നമ്മുടെ മീറ്റര്‍ തിരികെ കറങ്ങും. നെറ്റ് മീറ്ററിങ് എന്നാണ് ഇതിന് പറയുന്ന പേര്. പക്ഷേ അതിന് ഗ്രിഡ്ഡില്‍ മാറ്റങ്ങളും മറ്റ് വരുത്തേണം.
അതിനേക്കാള്‍ എളുപ്പം ഓരോ വീട്ടിലും പാനല്‍ സ്ഥാപിക്കുന്നതിന് പകരം 1ഓ 5ഓ 10ഓ മെഗവാട്ടിന്റെ സൌരോര്‍ജ്ജ നിലയം ഒരിടത്ത് സ്ഥാപിച്ച് അതില്‍ നിന്നുള്ള വൈദ്യുതി ഗ്രിഡ്ഡിലേക്ക് കൊടുക്കാം. പകല്‍ സമയം ജല-താപ വൈദ്യുത നിലയങ്ങള്‍ കുറഞ്ഞ ശേഷിയില്‍ പ്രവര്‍ത്തിപ്പിക്കുകയും സൌരോര്‍ജ്ജ നിലയം പൂര്‍ണ്ണ ശക്തിയില്‍ പ്രവര്‍ത്തിപ്പിക്കുകയുമാവാം. രാത്രിയില്‍ തിരിച്ചും.
സോളാര്‍ പാനല്‍(1), കണ്ട്രോളര്‍(2) ഇവ നിര്‍മ്മിക്കുന്നത് അര്‍ദ്ധചാലക വ്യവസായം(semi conductor) ആണ്. നഗര-ഗ്രാമങ്ങളില്‍ കിഴക്കനേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ടെലിവിഷന്‍ സെറ്റുകളെത്തിച്ച, ഇന്‍ഡ്യയില്‍ സാങ്കേതികവിദ്യാ വിപ്ലവം കൊണ്ടുന്ന മഹാനായ പ്രധാനാമന്ത്രി സത്യത്തില്‍ ഇവിടെ പിച്ച വെച്ച് തുടങ്ങിയ ഇലക്ട്രോണിക്സ് വ്യവസായം ഇല്ലാതാക്കി. ഫലമായി നമുക്കിന്ന് സോളാര്‍ പാനല്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യേണ്ടതായി വന്നു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നമുപയോഗിച്ച് ഒരിക്കലും ഒരു രാജ്യത്തിന് ഒരു കാര്യത്തിലും സ്വയം പര്യാപ്തത നേടാനാവില്ല. എപ്പോഴും ഒരു ഉപഭോക്തൃ രാജ്യമായി നിലനില്‍ക്കേണ്ടി വരും.
അര്‍ദ്ധചാലക വ്യവസായം സ്വയംപര്യാപ്തത നേടി സോളാര്‍ പാനലുകള്‍ ഇവിടെ നിര്‍മ്മിക്കുന്ന കാലമുണ്ടാകാന്‍ പോകുന്നില്ല. എന്നാല്‍ അതിനേക്കാള്‍ സങ്കീര്‍ണ്ണത കുറഞ്ഞ സൌരോര്‍ജ്ജ സാങ്കേതിക വിദ്യകളുണ്ട്. അതാണ് സൌരതാപോര്‍ജ്ജം. ഭൂമദ്ധ്യ രേഖക്ക് അടുത്ത പ്രദേശമായതുകൊണ്ട് നമുക്ക് കൂടുതല്‍ അനുയോജ്യവുമാണ് ആ സാങ്കേതിക വിദ്യ. രാത്രിയില്‍ പോലും പ്രവര്‍ത്തിക്കുന്ന സൌരതാപോര്‍ജ്ജ നിലയങ്ങള്‍ വിദേശ രാജ്യങ്ങളിലുണ്ട്. സൂര്യ പ്രകാശത്തെ പരന്ന കണ്ണാടികളോ പാരബോളിക് കണ്ണാടികള്‍ ഉപയോഗിച്ചോ ഒരു സ്ഥലത്തേക്ക് കേന്ദ്രീകരിച്ച് അവിടെ വെള്ളം ചൂടാക്കി, നീരാവിയുണ്ടാക്കി, ടര്‍ബൈന്‍ തിരിച്ച് വൈദ്യുതിയുണ്ടാക്കുന്നു.
വേറൊരു വലിയ സാധ്യത കാറ്റാടികളാണ്. അതും നാട്ടില്‍ നിര്‍മ്മിക്കാനാവും. പക്ഷേ ലക്ഷ്യ ബോധമുള്ള നേതൃത്വമുണ്ടാവണം. ഒരു ദിവസംകൊണ്ട് നേടിയെടുക്കാവുന്നതല്ല മെഗാവാട്ട് കണത്തിന് ശേഷിയുള്ള വമ്പന്‍ കാറ്റാടികള്‍. നാട്ടില്‍ തന്നെ അവ നിര്‍മ്മിച്ചാല്‍ വില വലുതായി കുറക്കാനും ഒപ്പം നാട്ടില്‍ തൊഴിലവസരങ്ങളുണ്ടാകാനും സഹായിക്കും.
എന്നാല്‍ ഇതൊന്നുമല്ല മുന്‍ഗണനാ ക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. സംരക്ഷിച്ച ഊര്‍ജ്ജമെന്നാല്‍ സൃഷ്ടിച്ച ഊര്‍ജ്ജമെന്നര്‍ത്ഥം. അതായത്, ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജ ദക്ഷത. ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ വലിയൊരു പങ്ക് മോശമായ ഉപയോഗം മൂലം നഷ്ടപ്പെടുകയാണ്. സാദാ ബള്‍ബുകള്‍ നിരോധിക്കുകതന്നെ വേണം, അവ സത്യത്തില്‍ ഹീറ്റര്‍ ആണ്. പകരം LED, CFL വിളക്കുകള്‍ ഉപയോഗിക്കാം. അങ്ങനെ ധാരാളം കാര്യങ്ങള്‍.
അതൊക്കെയാണ് സര്‍ക്കാരെന്ന നിലയില്‍ ആസൂത്രിതമായി അധികാരികള്‍ ചെയ്യേണ്ട കാര്യം. പൊതു പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ടത് പൊതുവായ മാര്‍ഗ്ഗത്തിലൂടെയാവണം. പണമുള്ളവര്‍ സ്വന്തം വീട്ടില്‍നിന്ന് സരിതോര്‍ജ്ജം ഉത്പാദിപ്പിക്കുന്നതില്‍ തെറ്റില്ലെങ്കിലും ചാണ്ടിയൂര്‍ജ്ജം എന്ന് വിളിക്കാവുന്ന ഒരു സര്‍ക്കാര്‍ പരിപാടിയായി അത് മാറരുത്. വിപരീത ഗുണമേ അത് സൃഷ്ടിക്കൂ.
സൌരോര്‍ജ്ജത്തെക്കുറിച്ചും പുനരുത്പാദിതോര്‍ജ്ജത്തെക്കുറിച്ചും ധാരാളം ലേഖനങ്ങള്‍ ഈ സൈറ്റില്‍ കൊടുത്തിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ സൌരോര്‍ജ്ജം, പുനരുത്പാദിതോര്‍ജ്ജം തുടങ്ങിയ വിഭാഗങ്ങള്‍ കാണുക.
*വിമോചന സമരകാലത്തെ പോലുള്ള കള്ളപ്രചരണങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് ചാണ്ടി രണ്ട് സീറ്റ് ഭൂരിപക്ഷം നേടിയത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, after neritam. append wordpress. and then press enter key.
താങ്കൾ പറഞ്ഞ സൗരോർജ്ജ നിലയങ്ങളും സരിതോർജ്ജ പദ്ധതിയിൽ ഉൾപെട്ടിരുന്നു. അതിനെപറ്റിയുള്ള പാഠങ്ങൾ അശ്വമുഖത്തു് നിന്നു് തന്നെ കേൾക്കാൻ കഴിഞ്ഞയാളെന്ന നിലയിൽ പറയുന്നതാണു്. ഈ തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണു്.
ലോകം മുഴുവനുള്ള പുനരുത്പാദിതോര്‍ജ്ജത്തിന്റെ വാര്‍ത്തകള്‍ ഇവിടെ കൊടുത്തിട്ടുണ്ട്. അതില്‍ ഏതൊക്കെ പദ്ധതികളാണ് തട്ടിപ്പുകള്‍ എന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു.
https://neritam.com/2012/10/04/incentives-and-jobs-in-renewables/
കാറ്റിൽ നിന്നുള്ള വൈദ്യുതി കേരളത്തിൽ പ്രായോഗികമാവും എന്ന് തോന്നുന്നില്ല. കാറ്റുള്ള കുറെ സ്ഥലവും (മിക്കവാറും വനനശീകരണവും ) ആവിശ്യമുള്ള ഒരു എര്പ്പടാണ് ഇതെന്ന് കേട്ടിട്ടുണ്ട്. ഏറ്റവും പ്രദാനം പാഴാക്കാതെ ഉപയോഗിക്കുക എന്നുള്ളതാണ്. ഏറ്റവും ഊർജ്ജ ക്ഷമതയുള്ള LED Lights(http://www.designrecycleinc.com/led%20comp%20chart.html)ഉപയോഗിക്കാൻ ഒരു വലിയ പ്രചരണം തന്നെ വേണം.
-അര മണിക്കൂർ പവർകട്ട് ഉള്ളതും ഒരുകണക്കിന് നല്ലത് തന്നെ. അത്രേം സമയം റിയാലിറ്റി ഷോയും സീരിയലും കാണാതിരിക്കുമല്ലോ . ഇന്‍വര്‍ട്ടര്‍ അവിടേം ശാപമായി. ഇരുട്ടിൽ പരസ്പരം സംസാരിക്കുന്നത് നല്ല അനുഭവമായി തോന്നിയിട്ടുണ്ട്.. ആരും തന്നെ ഇപ്പൊ ഇരുട്ടിൽ ഇരിക്കാറില്ല…സാദാ സമയം വെളിച്ചം തന്നെ…
പക്ഷേ നമുക്ക് നീളമുള്ള കടല്‍ തീരമുണ്ടല്ലോ. ഉള്‍ക്കടല്‍ കാറ്റാടികള്‍ അവിടെ ഉപയോഗിക്കാം. പ്രാദേശികമായി നിര്‍മ്മിച്ചാല്‍ ചിലവ് കുറയുകയും ചെയ്യും.
ശരിയാണ് വെളിച്ചത്തിനാണ് വലിയ അളവ് ഊര്‍ജ്ജം ഉപയോഗിക്കുന്നത്. അത് ഏറ്റവും ദക്ഷതയുള്ളതാക്കാം.
പവര്‍ക്കട്ടും ആവശ്യമാണ്. പിന്നെ സ്ഥിരമായ വൈദ്യുതി നിരക്കിന് പകരം സമയം അനുസരിച്ചുള്ള വൈദ്യുതി നിരക്ക് വേണം. അതായാത് peak load ഉള്ള വൈകുന്നേരം കൂടിയ നിരക്കം രാത്രി 10 കഴിഞ്ഞുള്ള സമയം കുറവ് നിരക്കും.