ഡിങ്കോയിസം ശരിയാണ്…പക്ഷേ നശിപ്പിക്കരുത്

പുതിയ ഒരു മത സംഘടന കേരളത്തില്‍ രൂപീകരപ്പെട്ടു എന്ന കാര്യം ഇതിനകം താങ്കള്‍ അറിഞ്ഞിരിക്കുമല്ല. ഡിങ്കമതം എന്നാണ് അതിന്റെ പേര്. ധാരാളം ചെറുപ്പക്കാര്‍ ഈ മത സംഘടനയിലേക്ക് ഒഴുകി എത്തുന്നതായും വാര്‍ത്തയുണ്ട്. ഞാന്‍ ഒരു വിശ്വാസത്തിനും എതിരല്ല. താങ്കള്‍ എന്തിലെങ്കിലും വിശ്വസിക്കുന്നത് കൊണ്ട് താങ്കള്‍ക്ക് സമാധാനം കിട്ടുന്നുവെങ്കില്‍ ഞാന്‍ എന്തിന് അതിനെ എതിര്‍ക്കണം. എല്ലാവരുടേയും സമാധാനമാണ് എനിക്ക് പ്രധാനം. സത്യത്തില്‍ മനുഷ്യ സമൂഹത്തിന്റെ അടിസ്ഥാനം തന്നെ വിശ്വാസമാണ്.

എല്ലാ മതങ്ങളേയും അതിന്റെ വിശ്വാസങ്ങളേയും ബഹുമാനിക്കുന്ന എനിക്ക് ഈ പുതിയ മതത്തേക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടായി. അങ്ങനെ ഇന്റര്‍നെറ്റില്‍ നിന്ന് അവരുടെ ആചാര്യന്‍മാരുടെ ചില പ്രഭാഷണങ്ങളും ലേഖനങ്ങളും പഠിച്ചു. അവര്‍ പറയുന്നതനുസരിച്ച് അനാദി കാലം മുതല്‍ക്കുള്ള ഡിങ്കന്റെ മതത്തിലാണ് എല്ലാ മനുഷ്യരും ജനിക്കുന്നത്. കുട്ടികള്‍ക്ക് ആദ്യം വരുന്ന രണ്ട് പല്ലുകള്‍ മൂഷിക വംശത്തിന്റെ സൂചനയാണെന്ന് അതിന് ഉദാഹരണമായി അദ്ദേഹം പറയുന്നു. അങ്ങനെ സാര്‍വ്വത്രികമായ ഒരു മതത്തിന് പ്രത്യേകം പ്രചരണത്തിന്റെ ആവശ്യമില്ലല്ലോ. ചിന്തിക്കാന്‍ ശേഷിയുള്ളതിനാല്‍ ഡിങ്കന് ഏറ്റവും പ്രീയപ്പെട്ട ജീവികള്‍ മനുഷ്യരാണ്. എന്നാല്‍ 21 ആം നൂറ്റാണ്ടില്‍ മനുഷ്യര്‍ മുമ്പ് കണ്ടിട്ടില്ലാത്ത വിധം മതത്തിന്റെ പേരില്‍ തമ്മിലടിച്ച് ചാവുന്നത് കണ്ടിട്ട് ഇനി നിശബ്ദരായി ഇരിക്കാനാവില്ല എന്ന ആഹ്വാനം ഡിങ്കന്‍ വിശ്വാസികള്‍ക്ക് അരുളിച്ചെയ്തെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഡിങ്കോയിസം പ്രചരിപ്പിക്കാനായി ഒരു സംഘടന തന്നെ രൂപീകരിച്ചത് എന്നും ആചാര്യന്‍മാര്‍ വിശദീകരിച്ചു. അമേരിക്കയില്‍ വരെ ഡിങ്കമതം സംഘം രൂപീകരിച്ചിട്ടുണ്ട്.

തീര്‍ച്ചയായും ന്യായമായ കാര്യം. ഒരു മതത്തിലും വിശ്വസിക്കാത്ത എന്നാല്‍ എല്ലാവരുടേയും വിശ്വസിക്കാനുള്ള അവകാശത്തെ ബഹുമാനിക്കുകയും ചെയ്യുന്ന എനിക്ക് അവരുടെ വിശ്വാസത്തോടും ബഹുമാനമാണുള്ളത്. ഇവിടെ അതൊന്നുമല്ല പ്രശ്നം. ഡിങ്കോയിസത്തിന്റെ പ്രസക്തി കണ്ടിട്ട് എല്ലാ മതങ്ങളേയും എതിര്‍ക്കുന്ന മതമില്ലെന്ന് പറയുന്ന ചില ‘മത’ വിശ്വാസികള്‍ ഡിങ്കമതത്തില്‍ നുഴഞ്ഞ് കയറി മറ്റ് മതങ്ങളെ അടിക്കുന്ന ഒരു പ്രവണത കണ്ടുവരുന്നു. മറ്റ് ചിലര്‍ ഈ മതത്തിന്റേ വിശകലനവും മറ്റും നടത്തി മറ്റ് മതങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടുന്നു എന്ന സ്വന്തം അഭിപ്രായം തിരുകിക്കയറ്റുന്നു. അതെല്ലാം തെറ്റാണ്.

മറ്റുള്ളവരെ കളിയാക്കാനുള്ള ഒരു ഉപകരണമായി അവര്‍ ഡിങ്കമതത്തെ തരംതാഴ്ത്തുകയാണ് അവര്‍ ചെയ്യുന്നത്. ഡിങ്കോയിസത്തിനെതിരാണ് അത്. എല്ലാവരേയും ബഹുമാനിക്കാനാണ് ഡിങ്കന്‍ പഠിപ്പിക്കുന്നത്. കൂടാതെ ഇത് തമാശയല്ല. ഡിങ്കമത ആചാര്യന്‍മാര്‍ പറയുന്നത് ശ്രദ്ധിക്കൂ അവര്‍ ആരും തമാശയല്ല പറയുന്നത്. എത്ര ഗൌരവും ഗാംഭീര്യവുമാണ് അവര്‍ക്ക്. അതുകൊണ്ട് നിങ്ങളുടെ ശത്രുക്കളെ അടിക്കാനുള്ള ഉപകരണമായി ഈ മതത്തെ കാണരുത്.

രണ്ടാമത്തെ തെറ്റ് കൂടുതല്‍ ചരിത്രപരവും അടിസ്ഥാനപരമാണ്. ഇത്രയും കാലം മതമില്ലെന്നും ദൈവമില്ലെന്നും പറഞ്ഞവര്‍ ഒരു സുപ്രഭാതത്തില്‍ ഡിങ്കനെ കണ്ടു എന്ന് പറഞ്ഞ് ഡിങ്കമതത്തിലേക്ക് കയറിക്കൂടുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇത് ഡിങ്കമതത്തെ നശിപ്പിക്കാനുള്ള ശ്രമമായി അതിന്റെ വിശ്വാസികള്‍ മനസിലാക്കണം. ഓരോരുത്തവരും പ്രവര്‍ത്തിക്കുന്ന അവരുടേതായ വ്യത്യസ്ഥ മേഖലകളെ ബഹുമാനിക്കുന്ന ദൈവമാണ് ഡിങ്കന്‍. അങ്ങനെയുള്ള ഡിങ്കന് ആരേയും മതം മാറ്റി അംഗബലം കാണിക്കാന്‍ കൊണ്ടു നടക്കേണ്ട കാര്യമില്ല. അവരവരുടെ മേഖലകളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുക.

ഡിങ്കമത പ്രവര്‍ത്തകരേയും അതിന്റെ നേതാക്കളേയും നോക്കൂ. അവര്‍ എല്ലാവരും കേരള സമൂഹം മുമ്പ് കണ്ടിട്ടില്ലാത്ത പുതിയ ആള്‍ക്കാരാണ്. അതിനിടയിലേക്ക് സുപരിചിതനായ, loaded മുഖം പ്രത്യക്ഷപ്പെടുന്നത് ഡിങ്ക മതത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. ഇത്രയും കാലം അവര്‍ ദൈവ വിശ്വാസത്തെ ശക്തമായി എതിര്‍ത്തവരാണ് അവര്‍. അവര്‍ക്ക് ഒരിക്കലും ഡിങ്ക ഭഗവാനെക്കുറിച്ച് പറയാന്‍ അവകാശമില്ല. അത്തരക്കാര്‍ അതുകൊണ്ട് ഈ മതത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്താതിരിക്കുകയും ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇന്‍ഡ്യയില്‍ മറ്റ് മതങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സൌകര്യങ്ങളുമെല്ലാം നേടിയെടുത്ത് ഡിങ്കമതം കൂടുതല്‍ ഉയരങ്ങളിലേക്കെത്തെട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു.

അനുബന്ധം:
വീഡിയോ-൧: പ്ലാസ്റ്റിക് കുപ്പിയുടെ കണ്ടു പിടിത്തത്തോട് കൂടെ മായാവിസം കാലഹരണപ്പെട്ടു
വീഡിയോ-൨: മൂഷിക സംഗമം
വീഡിയോ-൩: ഡിങ്കന്‍ ഇംഗ്ലീഷ് കവിത
വീഡിയോ-൪: പങ്കിലതന്‍ നാഥനായി വാഴും (ഡിങ്ക സ്തുതി) യേം.
വീഡിയോ-൫: ഡിങ്കോപനിഷത്ത് ഇത് ഇത്തിരി കൂടിയ സംഭവമാണ്.
____________
ഓടോ: എല്ലാ പ്രശ്നങ്ങളിലും എല്ലാവരും ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യണമെന്നില്ല. ചിലപ്പോള്‍ ഇടപെടാതിരിക്കുന്നതാവും ഗുണം ചെയ്യുക.
ടെലിവിഷന്‍, ഇന്റര്‍നറ്റ്, സിനിമ, തുടങ്ങി എല്ലാ മാധ്യമങ്ങളുലൂടെയും പ്രചരിക്കുന്ന multi-dimensional delusion ല്‍ അകപ്പെട്ടിരിക്കുന്ന ഒരു ജന സമൂഹത്തിന് അതില്‍ നിന്ന് മോചനം സാദ്ധ്യമാകണമെങ്കില്‍ multi-dimensional പ്രതികരണങ്ങള്‍ ആവശ്യമാണ്. അതുകൊണ്ട് അതിലെ dimensions ഇല്ലാതാക്കാന്‍ ശ്രമിക്കരുത്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )