ഇടത് സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി. നല്ല കാര്യം, ഇന്റര്‍നെറ്റ് ലഭ്യമായ കുട്ടികള്‍ക്ക്. ഇനി എല്ലാ കുട്ടികള്‍ക്കും പാഠ പുസ്തകങ്ങള്‍ക്ക് പകരം ഇ-റീഡറുകള്‍ കൊണ്ടുവരാന്‍ പോകുന്നു എന്നൊരു വാര്‍ത്തയും കണ്ടു. കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാം, പുസ്തകങ്ങള്‍ അച്ചടിക്കാനുള്ള സമയം ലാഭിക്കാം, കടലാസ് ലാഭിക്കുന്നതിലൂടെ മരങ്ങളും സംരക്ഷിക്കാം, പരിസ്ഥിതി സംരക്ഷിക്കാം തുടങ്ങിയവയാണ് അതിന്റെ വക്താക്കള്‍ പറയുന്ന ഗുണങ്ങള്‍.
ബാഗിന്റെ ഭാരം കുറയ്ക്കാന്‍ ടൈംടേബിളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ പോരേ. ഒരു ദിവസം രണ്ട് വിഷയം മാത്രം പഠിപ്പിക്കുക. രണ്ട് പുസ്തകവും രണ്ട് ബുക്കും കൊണ്ടുപോയാല്‍ മതിയല്ലോ. ഞങ്ങളുടെയൊക്കെ കാലത്ത് വീടിന് അടുത്തുള്ള സ്ക്ലൂളുകളിലായിരുന്നു കുട്ടികള്‍ പഠിച്ചിരുന്നത്. രാവിലയുള്ള വിഷയങ്ങളുടെ പുസ്തകങ്ങളും ബുക്കുകളും കൊണ്ടുപോകും. ഉച്ചക്ക് ചോറുണ്ണാന്‍ വീട്ടിലാണ് വരുന്നത്. അപ്പോള്‍ ഉച്ചക്ക് ശേഷമുള്ള ബുക്കുകളും കൊണ്ടുപോകും. സത്യത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തം വീടിനടുത്ത് നടക്കാവുന്ന ദൂരത്തിലുള്ള സ്കൂളുകളിലാണ് പഠിക്കേണ്ടത്. (എന്നാല്‍ ഇന്ന് കുട്ടികള്‍ക്ക് ദിവസം 4 മണിക്കൂര്‍ വരെ യാത്രക്ക് നഷ്ടപ്പെടുന്നു. 10 വര്‍ഷത്തെ വിദ്യാഭ്യാസം കൊണ്ട് അവന് അവന്റെ ജീവിതത്തില്‍ നിന്ന് തന്നെ നഷ്ടപ്പെടുന്ന സമയം എത്രയാണ്? അത് വേറൊരു വലിയ പ്രശ്നം)
പുസ്തകം അടിക്കുക എന്നത് പെട്ടെന്ന് വരുന്ന ഒരു പ്രശ്നമല്ലല്ലോ. അത് മുന്‍കൂട്ടികണ്ട് അച്ചടിക്കാന്‍ കഴിയുന്നോ എന്നത് സര്‍ക്കാരിന്റെ ആസൂത്രണത്തിനുള്ള ഒരു മാറ്റുരക്കല്‍ പരിപാടിയായും കാണാം.
സത്യത്തില്‍ ഇതൊക്കെ വെറും ആര്‍ഭാട പ്രകടനങ്ങളാണ്. ബഹുഭൂരിപക്ഷം വരുന്ന കുട്ടികളുടെ പഠനത്തില്‍ അടിസ്ഥാനപരമായ എന്ത് മാറ്റമാണ് അതുണ്ടാക്കുന്നത്? വളരെ ചെറിയ സൌകര്യങ്ങള്‍ മാത്രം.
പരിസ്ഥിതി പ്രശ്നം
എന്നാല്‍ മരവും പരിസ്ഥിതിയും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇ-റീഡറുകള്‍ കടലാസുകൊണ്ടുണ്ടാക്കുന്നതല്ല. അതുകൊണ്ട് മരം മുറിക്കേണ്ട. മരം മുറിക്കാതിരുന്നാല്‍ പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യാം. ഹാ എത്ര ഉദാത്തമായി ആശയം. അല്ലേ?
എന്നാല്‍ അതില്‍ വളരെ വലിയ ഒരു തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നുണ്ട്. നിങ്ങള്‍ കടയില്‍ പോയി ഇ-റീഡര്‍ വാങ്ങി. എന്നാല്‍ ആ ഇ-റീഡര്‍ കടയില്‍ താനേ മുളച്ച് വരുന്നതല്ല. അത് മറ്റെവിടെ നിന്നെങ്കിലുമോ വന്നതാണ്. നിങ്ങളെ കൊണ്ട് ആ കടക്ക് അപ്പുറമുള്ള കാര്യങ്ങള്‍ നിങ്ങളില്‍ നിന്ന് മറച്ച് വെക്കാന്‍ കഴിയുന്നു എന്നതാണ് മുതലാളിത്തത്തിന്റെ ഏറ്റവും വലിയ ഒരു വിജയം. അതുകൊണ്ട് നിങ്ങള്‍ക്ക് അത് നേരിട്ട് കാണാനാവില്ല. ഇടത് പക്ഷക്കാരില്‍ പോലും ഇ-റീഡര്‍ പരിസ്ഥിതി സംരക്ഷിക്കും എന്ന തോന്നലുണ്ടാക്കുന്നത് അങ്ങനെയാണ്.
കൊടിയ പരിസ്ഥിതി നാശത്തിന്റേയും, ചൂഷണത്തിന്റേയും, പീഡനത്തിന്റേയും, കൊലപാതകങ്ങളുടേയും ഒക്കെ വലിയ ചിത്രമാണ് നാം ഇന്ന് ഉപയോഗിക്കുന്ന ഓരോ ഇലക്ട്രോണിക് ഉപകരണങ്ങളുടേയും പിറകിലുള്ളത്.
ഇവ നിര്‍മ്മിക്കുന്നത് ചൈന പോലുള്ള രാജ്യങ്ങളിലാണ്. ചൈനയിലെ തൊഴിലാളി ചൂഷണം ലോകപ്രസിദ്ധമാണ്. ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫോക്സ്കോണ്‍ എന്ന ചൈനയിലെ കമ്പനി ഫാക്റ്ററിയുടെ ചുറ്റും വല കെട്ടിയിട്ടുണ്ട്. ജോലിഭാരം താങ്ങാനാവാതെ തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുന്നത് നടയാനാണത്. ലോകം മൊത്തമുള്ള sweat shopകളുടെ അവസ്ഥ അതില്‍ നിന്ന് വ്യക്തമാകുമല്ലോ.
ഈ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ലോഹങ്ങളുടെ ഖനനമാണ് വേറോരു പ്രശ്നം. ആഫ്രിക്കയിലെ കോംഗോ പോലുള്ള രാജ്യങ്ങളില്‍ നിന്നാണ് അവക്ക് വേണ്ട ലോഹങ്ങള്‍ ഖനനം ചെയ്യുന്നത്. ചില ലോഹങ്ങള്‍ അപൂര്‍വ്വങ്ങളാണ്. തദ്ദേശീയരായ ജനത്തെ വംശഹത്യനടത്തി അവിടെ നിന്ന് ഓടിച്ച് ഖനികള്‍ നിര്‍മ്മിക്കുന്നു.
ഇലക്ടോണിക് ഉപകരണങ്ങള്‍ക്ക് മൂന്നോ നാലോ വര്‍ഷങ്ങളേ ആയുസുണ്ടാവൂ. അത് കഴിഞ്ഞാന്‍ നാം അത് വലിച്ചെറിയുന്നു. ഇ-മാലിന്യ പരിസ്ഥിതി പ്രശ്നം വേറൊരു കുഴപ്പമാണ്.
ഖനനത്തിന്റേയും, നിര്‍മ്മാണത്തിന്റേയും, വലിച്ചെറിയുന്നതിന്റേയും പരിസ്ഥിതി ആഘാതം നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇല്ല. നമ്മളെ സംബന്ധിച്ചടത്തോളം അത് കടയില്‍ തിളക്കത്തോടെ എത്തുന്നതായാണ്. കേരളത്തിലെ കുട്ടികള്‍ക്ക് ഇ-റീഡറുകള്‍ കൊടുക്കാന്‍ വേണ്ടി എത്ര കോംഗോക്കാരെ കൊല്ലുകയും ബലാല്‍ക്കാരം ചെയ്യുകയും വേണ്ടിവരും? എത്ര മലകള്‍ നിരത്തേണ്ടിവരും? എത്ര ചൈനക്കാര്‍ മാനസിക, ശാരീരിക പീഡനം സഹിക്കേണ്ടിവരും? മരത്തെ രക്ഷിക്കാനുള്ള തട്ടിപ്പ് നാം വിശ്വസിക്കരുത്. കാര്യങ്ങള്‍ അതിനേക്കാള്‍ വളരെ വലുതാണ്.
കമ്പോളമാണ് എല്ലാം
ഇ-റീഡറുകള്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ സാവധാനം പുസ്തകങ്ങളും ഇല്ലാതാകും. കുട്ടികള്‍ ചെയ്യേണ്ട ഗൃഹപാഠം ഉള്‍പ്പടെ എല്ലാം ഇതുവഴിയാവും. ഇന്റര്‍നെറ്റവും വേണ്ടിവരും. അതായത് നിങ്ങള്‍ക്ക് ഒരു പാഠം പഠിക്കണമെങ്കില്‍ പണ്ട് തലയും സമയവും പാഠപുസ്തകവും മതിയായിരുന്ന അവസ്ഥയില്‍ നിന്ന് സ്വകാര്യ കമ്പനികള്‍ നിര്‍മ്മിക്കുന്ന ചില ഉല്‍പ്പന്നങ്ങളും സേവനങ്ങളും വേണ്ടതായിവരുന്നു. ഉദാഹരണത്തിന് ഇന്റര്‍നെറ്റില്ലാത്തതിനാല്‍ ഗൃഹപാഠം ചെയ്യാന്‍ വിഷമിക്കുന്ന അമേരിക്കയിലെ കുട്ടികളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് (ഇംഗ്ലീഷ് neritam) പ്രസിദ്ധപ്പെടിത്തിയിരുന്നു. (സക്കര്‍ബക്ക് ഇന്‍ഡ്യയിലെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതില്‍ വ്യാകുലനാകുന്നു എന്നതിന്റെ തട്ടിപ്പും ഇതില്‍ നിന്ന് വ്യക്തമാകും.) നമ്മുടെ കുട്ടികളെ അത്തരം കുടുക്കില്‍ കൊണ്ടുപോയി ചാടിക്കരുത്.
കാറിനെ അടിസ്ഥാനപ്പെടുത്തി നഗരം ആസൂത്രണം ചെയ്താല്‍ കാറില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തും. ഏത് പ്രവര്‍ത്തിയേയും സമ്പദ്‌വ്യവസ്ഥയുടെ ഘടകമാക്കുക എന്നതാണ് ഇന്നത്തെ മുതലാളിത്തത്തിന്റെ രീതി. അതിനായി എല്ലാറ്റിനേയും കമ്പോളത്തിലെ ഉല്‍പ്പന്നമാക്കുന്നു. ഇനി നാം ശ്വസിക്കുന്ന വായുവിനേ പോലും അത് ഉല്‍പന്നമാക്കും. അതുവഴി മുതലാളിത്തത്തിന്റെ എഞ്ജിനെ ഇടിച്ച് നില്‍ക്കാതെ മുന്നോട്ട് കൊണ്ടുപോകുകയാണ് ലക്ഷ്യം. ഇ-റീഡര്‍ വാങ്ങാന്‍ നിങ്ങള്‍ ചിലപ്പോള്‍ ആയിരം രൂപയോ അതില്‍ താഴെയോ മാത്രമായിരിക്കും ചിലവാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് നേരിട്ടി നല്‍കുന്ന ധനസഹായം, സബ്സിഡി, നികുതി ഇളവ്, പിന്നെ പരിസ്ഥിതി, തൊഴില്‍ ചൂഷങ്ങളായി externalized costs ഉം കൂടി കണക്കാക്കുമ്പോള്‍ പതിനായിരങ്ങള്‍ തന്നെ വില ഒരു ഉപകരണത്തിന് വന്നേക്കാം. നമ്മുടെ സമൂഹത്തിലെ അടിസ്ഥാന പ്രശ്നം അതാണ്. ദുരിതമനുഭവിക്കുന്ന 99% ആളുകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ എല്ലാത്തരം ഉല്‍പന്നവല്‍ക്കരണത്തേയും ചെറുതാക്കിക്കൊണ്ടുവരികയാണ് ചെയ്യേണ്ടത്.
ലളിതവും ഫലപ്രദവും ആയ വിദ്യാഭ്യാസം
എന്തിന് നാം ഇത്തരം സങ്കീര്‍ണ്ണതകളിലേക്ക് പോകുന്നു. വിദ്യാഭ്യാസം ലളിതവും ഫലപ്രദവും സാമൂഹ്യ ചിലവ് കുറഞ്ഞതുമാകണം. എന്ത് ഉപയോഗിച്ച് പഠിപ്പിക്കുന്നു എന്നല്ല, കുട്ടികള്‍ എങ്ങനെ എന്ത് പഠിക്കുന്നു എന്നാവണം ശ്രദ്ധിക്കേണ്ടത്.
എന്നുകരുതി സാങ്കേതികവിദ്യയെ തള്ളിക്കളയണമെന്നല്ല പറയുന്നത്. അതിനെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കണം എന്നാണ്. പരീക്ഷണ നിരീക്ഷണങ്ങളിലുടെയും ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും active ആയി വേണം കുട്ടികള്‍ പഠിക്കാന്‍. അല്ലാതെ passive ആയി ദ്വിമന പ്രതലത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങള്‍ കണ്ടാവരുത്. ഇപ്പോള്‍ തന്നെ അവന്‍ ടെലിവിഷന്റേയും തിരശീലയുടേയും മുമ്പില്‍ അവന്‍ ധാരാളം സമയം passive ആയി ഇരിക്കുന്നുണ്ട്. സ്കൂളിലും അത് വേണ്ട.
അതുകൊണ്ട് സര്‍ക്കാര്‍ പൊങ്ങച്ച വിദ്യാഭ്യാസ രീതികളിലേക്കുള്ള പോക്ക് അവസാനിപ്പിക്കുക.
ഇരുണ്ടയുഗത്തിലേക്ക്
ഇന്ന് കുട്ടികളെ സ്കൂളില്‍ ചേര്‍ക്കണമെങ്കില്‍ പോലും അവരുടെ റെറ്റിനാ സ്കാന്‍ (ആധാര്‍) ചെയ്യണം. സകല മനുഷ്യരുടേയും വിവരങ്ങള്‍ സര്‍ക്കാര്‍ മുമ്പൊന്നും കണ്ടിട്ടില്ലാത്ത രീതിയില്‍ ശേഖരിക്കുന്നു. എല്ലാവരും സ്വന്തം വിവരങ്ങള്‍ പൊച്ചങ്ങ പ്രകടനമായി വിദേശ രാജ്യത്തെ രഹസ്യപോലീസിന്റെ സെര്‍വ്വറില്‍ രേഖപ്പെടുന്നു. നാം ലൈക്ക് കിട്ടിയതില്‍ സന്തോഷിക്കുന്നു. പക്ഷേ വിക്കിലീക്സ്, വില്യം ബിന്നി, എഡ്വേര്‍ഡ് സ്നോഡന്‍, തോമസ് ഡ്രേയ്ക്, ജോണ്‍ കരിയാകു, ജെഫ്രി സ്റ്റെര്‍ലിങ്, ജെയിംസ് റൈസന്‍ തുടങ്ങി കഴിഞ്ഞ ഒരു പത്തുവര്‍ഷമായി ഒബാമയുടെ പോലീസ് പീഡിപ്പിക്കുന്ന ധീരരമായ ധാരാളം മനുഷ്യസ്നേഹികള്‍ ജീവന്‍ പണയപ്പെടുത്തി പുറത്തുകൊണ്ടുവന്ന, നാം ശ്രദ്ധിക്കാതെ തള്ളിക്കളഞ്ഞ വിവരങ്ങള്‍ സത്യത്തില്‍ ഞെട്ടിപ്പിക്കുന്നതാണ്.
സാമ്പത്തിക തകര്‍ച്ചയാലും, യുദ്ധത്താലും, കാലാവസ്ഥാമാറ്റത്താലും ലോകത്തെ 90% ആളുകളും സമീപ ഭാവിയില്‍ അഭയര്‍ത്ഥികളാക്കപ്പെടും. വലിയ അസ്വസ്ഥാ ജനകമായ ആ കാലത്ത് അധികാരികള്‍ക്ക് നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമല്ല വേണ്ടത്. നിങ്ങള്‍ ഭാവിയില്‍ എന്തൊക്കെ ചെയ്യുമെന്ന് പ്രവചിക്കാനുള്ള കഴിവും വേണം. എങ്കിലേ ഉന്നത സമൂഹത്തിന് നിലനില്‍ക്കാനാവൂ. നാം ഇന്റര്‍നെറ്റോ ഫേസ്ബുക്കോ ഒന്നും ഉപയോഗിച്ചില്ലെങ്കില്‍ കൂടെ നമ്മുടെ സുഹൃത്തുക്കള്‍ നമ്മളേക്കുറിച്ച് ഇന്റര്‍നെറ്റില്‍ പറയുന്ന വിവരങ്ങള്‍ ശേഖരിച്ച് നമ്മുടെ ഒരു shadow image നിര്‍മ്മിക്കുന്ന രീതി ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. നാളെ എല്ലാവരുടേയും കുറ്റവും ശിക്ഷയുമൊക്കെ വിധിക്കുന്നത് അള്‍ഗോരിഥങ്ങളായി മാറും. ചില സമ്പന്ന രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ കുറേയൊക്കെ അങ്ങനെയാണ്.
അങ്ങനെ എല്ലാ സൌകര്യങ്ങളുമുള്ള ഒരു വളരെ ചെറിയ ഒരു ന്യൂന പക്ഷവും കൊടിയ ദുരിതമനുഭവിക്കുന്ന മഹാഭൂരിപക്ഷത്തിന്റേയും ആ പുതിയ ഇരുണ്ട യുഗത്തിലേക്കാണ് നാം പോയ്കൊണ്ടിരിക്കുന്നത്.
അതുകൊണ്ട് നാം കാണുന്ന ഒറ്റപ്പെട്ട കാര്യങ്ങള്‍ വെറും താല്‍ക്കാലിക സൌകര്യത്തിനായുള്ളതല്ല എന്നും അത് വളരെ വലിയ ഫലങ്ങളുണ്ടാക്കുന്നതാണെന്നും നാം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
നല്ലൊരു ആശയമാണ് ഇതിൽ മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ ഒരു ഉൽപ്പന്നം വാങ്ങുന്നത് അതിനു മുൻപ് ഇതുണ്ടാക്കുമ്പോൾ ആരൊക്കെ എന്തൊക്കെ ത്യാഗം സഹിച്ചിട്ടാണ് എന്നൊക്കെ തിരക്കേണ്ടത് ഒരു സാധാരണക്കാരന് ദഹിക്കുന്നതിനുമപ്പുറമാണ് . കുട്ടികൾ ബുക്കുകളിൽ എഴുതി, പേപ്പറുകളിൽ വായിച്ച് പഠിക്കട്ടെ ….