മാപ്പിള ഒൗട്ട്റേജ്യസ് ആക്റ്റ് പ്രകാരം തടവിലായ ഹിന്ദുനേതാവായിരുന്നു എം.പി. ഹിന്ദു-മുസ്‌ലിം മതമൈത്രിയുടെ അപ്പോസ്തലൻ. ‘മലബാറിലെ അബുത്വാലിബ്’. മാപ്പപേക്ഷ എഴുതിക്കൊടുക്കാൻ തയ്യാറാകാതെ 14 വർഷം അദ്ദേഹം ജയിലിൽ നരകയാതനയനുഭവിച്ചു. കുടിയാൻമാരെയും കർഷകരെയും സംഘടിപ്പിച്ച് ദേശീയപ്രസ്ഥാനത്തിൽ കൊണ്ടുവന്ന ഭൂപരിഷ്കരണത്തിന് ബീജാവാപം ചെയ്ത എം.പി.ക്ക് പക്ഷേ, കേരളം അർഹിക്കുന്ന ഒരംഗീകാരവും നൽകിയില്ല.
മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ നെടുംതൂണുകളിൽ ഒന്നായിരുന്നു എം.പി. നാരായണമേനോൻ. 1887-ൽ വള്ളുവനാട് താലൂക്കിലാണ് വിസ്മൃതനായിപ്പോയ ഈ ധീരദേശാഭിമാനി ജനിച്ചത്. ഹിന്ദു-മുസ്‌ലിം മൈത്രിക്കുവേണ്ടി അഹോരാത്രം പടപൊരുതിയ ജ്ജ്വലവ്യക്തിത്വം. കർഷകരെ സംഘടിപ്പിച്ച് കുടിയാൻ സങ്കടനിവാരണസംഘം സ്ഥാപിച്ച അദ്ദേഹം കോൺഗ്രസ് പ്രവർത്തനങ്ങളുമായി ഈ സംഘത്തിന്റെ പ്രവർത്തനം സംയോജിപ്പിച്ചു. 1916-ൽ അങ്ങാടിപ്പുറത്ത് കുടിയാൻ സമ്മേളനം വിളിച്ചുചേർത്ത് തന്റെ പ്രവർത്തനങ്ങൾ സാധാരണക്കാർക്കുവേണ്ടിയാണെന്ന് അദ്ദേഹം തെളിയിച്ചു. 1910 മുതൽ 1921 വരെയുള്ള കാലയളവിൽ എം.പി. നാരായണമേനോനും അദ്ദേഹത്തിന്റെ സന്തതസഹചാരി കട്ടിലശ്ശേരി മുഹമ്മദ് മൗലവിയും കോൺഗ്രസ് പ്രവർത്തനത്തിന്റെ കൂടെ കർഷകരെയും സംഘടിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരായി.
യഥാർഥത്തിൽ ഭൂപരിഷ്കരണത്തിന്റെയും കുടിയാൻ പ്രശ്നത്തിന്റെയും ബീജാവാപം മലബാറിൽ നടത്തിയത് എം.പി. നാരായണമേനോനായിരുന്നു. എം.പി.യുടെ ധൈര്യത്തെയും നിസ്വാർഥത്തെയും ത്യാഗത്തെയുംപറ്റി തന്റെ പുസ്തകത്തിൽ വാനോളം പുകഴ്ത്തിയ ഇം.എം.എസ്. പോലും കാർഷികപരിഷ്കാരങ്ങൾ മലബാറിൽ ഉടലെടുത്തത് കമ്യൂണിസ്റ്റുകാരുടെ വരവോടെയാണെന്നാണ് വികലമായി രേഖപ്പെടുത്തിയത്. ഇടതുചേരിയിലല്ലാതിരുന്ന എം.പി.യെ ഈ പരിഷ്കരണപ്രക്രിയയുടെ അമരക്കാരനെന്നു പറയാൻ ഇ.എം.എസ്. ബോധപൂർവം മടിച്ചു.
അല്ലങ്കിലും മനുഷ്യരെ തമ്മിലടിപ്പിക്കുന്നവര്‍ക്കേ പ്രചാരം കിട്ടൂ. കാരണം മുതലാളിത്തത്തിന് അതുകൊണ്ടാണ് ഗുണം കിട്ടുക.