സിനിമ തിയേറ്ററില്‍ ഷോയ്ക് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും കാഴ്ചക്കാരെല്ലാം അപ്പോള്‍ അതിനെ ബഹുമാനിക്കണമെന്നും ഒരു ഉത്തരവ് സുപ്രീംകോടതി ജഡ്ജി ഇറക്കി. സത്യത്തില്‍ തെറ്റായതും അപ്രായോഗികവുമായ ഒരു ഉത്തരവാണത്. ആര്‍ക്ക്, എപ്പോള്‍, എങ്ങനെ ദേശീയ പതാക പാറിക്കാമെന്നതിനെക്കുറിച്ച് ധാരാളം നിയമങ്ങളുണ്ട്. എന്നാല്‍ ദേശീയ ഗാനത്തിന് അങ്ങനെയൊരു നിയമമില്ലേ? തീര്‍ച്ചയായും നിയമം ഉണ്ടാകണം. അത് ജനകീയ ചര്‍ച്ചകളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ച് ജനങ്ങളാല്‍ തെരഞ്ഞെടുത്ത ജന പ്രതിനിധികളാവണം രൂപീകരിക്കേണ്ടത്. അല്ലാതെ കോടതിയല്ല. അപ്രായോഗികമല്ലാത്ത നിയമങ്ങളുണ്ടാക്കി, ജനത്തെ കുറ്റക്കാരെന്ന് വിധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.
കാഷ്മീരില്‍ അതിര്‍ത്തി കടന്ന് 8 കിലോമീറ്റര്‍ യാത്ര ചെയ്ത്, നമ്മുടെ സൈനിക താവളത്തിലെത്തി സൈനികരെ വെടിവെച്ച് കൊല്ലുന്നവര്‍ക്ക് ഒരു തടസവുമില്ല. ലാഹോറില്‍ നിന്ന് ബോട്ടില്‍ കയറി ബോംബേ തീരത്തെത്തി നൂറുകണക്കിന് ആളെ കൊന്ന് രണ്ട് മൂന്ന് ദിവസം രാജ്യത്തെ മുള്‍ മുനയില്‍ നിര്‍ത്തുന്നവര്‍ക്കും ഒരു പ്രതിബന്ധവുമില്ല. കോടതികളില്‍ കുന്നു കൂടുന്ന കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനാവാതെ വൈകുന്നത് നീതിനിഷേധമാണ്. അപ്പോഴാണ് പോലീസിനും കോടതിക്കും പണിയായി തിയേറ്ററിലെ രാജ്യസ്നേഹ പഠനക്കളരി.
എന്നാല്‍ ഇതിലൊരു മാതൃക നിങ്ങള്‍ കാണുന്നുണ്ടോ? ന്യായമെന്ന് തോന്നുന്ന ഒരു വാചകം. അതിനെ തീവൃമായി അനുകൂലിക്കുന്ന ഒരു വിഭാഗം ഒരു പക്ഷത്തും അതിനെ എതിര്‍ക്കുന്ന ചെറിയൊരു പക്ഷം മറുഭാഗത്തും. ബഹുഭൂരിപക്ഷം എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നില്‍ക്കുന്നു. രണ്ട് മൂന്ന് വര്‍ഷമായി നടന്നവരുന്ന ഒരു സമൂഹ പാഠമാണ് ഇത്.
രഹസ്യാന്വേഷണം
ചലചിത്രമേളയില്‍ പോലീസ് നിരീക്ഷണമില്ലായിരുന്നു. എന്നിട്ടും ആരോ പോലീസിനെ വിളിച്ച് വരുത്തി ആളുകളെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നു. പണ്ട് ജര്‍മ്മനിയില്‍ നിലനിന്നിരുന്ന രീതിയുടെ തുടക്കമാണത്. നിങ്ങള്‍ നിങ്ങളുടെ അയല്‍ക്കാരെ നിരീക്ഷിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. അതുപോലെ അവരും നിങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യണം. നിങ്ങളുടെ അയല്‍ക്കാരന്‍ സര്‍ക്കാരിന് എതിരായ പ്രവര്‍ത്തി ചെയ്യുന്നത് നിങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നിങ്ങളാകും കുറ്റവാളി. ഇത്തരത്തില്‍ ജനത്തെ എപ്പോഴും ഭീതിയുടെ നിഴലില്‍ നിര്‍ത്തി അടിച്ചമര്‍ത്തുകയാണ് അധികാരികള്‍.
ആവര്‍ത്തിക്കുന്ന മാതൃക
ബീഫ് നിരോധിക്കണം, രാജ്യസ്നേഹം, കള്ളപ്പണം ഇല്ലാക്കാനുള്ള നോട്ട് നിരോധനം, ഡിജിറ്റല്‍ പണം. ഇതിലെല്ലാം ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം നില്‍ക്കണം അല്ലെങ്കില്‍ നിങ്ങള്‍ തെറ്റുകാരാണ് എന്ന് വരുത്തി തീര്‍ക്കുന്ന തന്ത്രമാണ് അവര്‍ പയറ്റുന്നത്. ജനത്തെ തമ്മിലടിപ്പിക്കുക, യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധയെ വഴിമാറ്റിവിടുക എന്നതാണ് അവരുടെ ശരിക്കുള്ള ലക്ഷ്യം. അത് വഴി മുതലാളിമാര്‍ക്ക് എതിര്‍പ്പുകളില്ലാതെ ജനത്തെ കൂടുതല്‍ അടിമപ്പെടുത്താനും അവരില്‍ നിന്ന് സമ്പത്ത് ചൂഷണം ചെയ്യാനും കഴിയും.
എന്നാല്‍ ഇതാ ഇപ്പോള്‍ സിനിമാശാലകളില്‍ ദേശീയഗാനം പാടി ബഹുമാനം കാണിക്കണം എന്നതാണ് പുതിയ തിട്ടൂരം. ബഹുമാനിച്ചാലും ഇല്ലെങ്കിലും ദേശീയഗാനം രാജ്യത്തിന് മൊത്തമായ ഒന്നാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും അവരുടെ പോഷക സംഘടനകളുടേയും കുത്തകയല്ല. ദേശീയഗാനത്തെ പോലും സ്വന്തം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയും മനുഷ്യരില്‍ അതിവൈകാരികമായി വെറുപ്പ് കുത്തിവെക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്നത് അതി ഗൌരവകരമായ രാജ്യദ്രോഹ പരിപാടിയാണ്. ആ കുറ്റകൃത്യത്തിനാണ് ആദ്യം കേസെടുക്കേണ്ടത്.
പ്രതിഷേധത്തിന്റെ മാര്‍ഗ്ഗം
ഈ പുതിയ പ്രശ്നത്തില്‍ ഒരു താത്വികമായ കാര്യം അവശേഷിക്കുന്നുണ്ട്. ജനാധിപത്യ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഒരു നിയമം നമ്മള്‍ പാലിക്കാന്‍ ബാദ്ധ്യസ്ഥരല്ലേ എന്നതാണ് അത്. തീര്‍ച്ചയായും നാം അനുസരിക്കണം. പക്ഷേ ജന പ്രതിനിധികളും കോടതിയിലെ ജഡ്ജിയും ഒക്കെ മനുഷ്യരാണ്. അവര്‍ക്ക് തെറ്റ് പറ്റാം. തെറ്റായ നിയമമാണെങ്കില്‍ ജനങ്ങളില്‍ നിന്ന് എതിര്‍പ്പുകളുണ്ടാവും. ഭരണകൂടത്തിന് ശക്തി ഉപയോഗിച്ച് അത് അടിച്ചമര്‍ത്താനായേക്കാം, ചിലപ്പോള്‍ അതിനെ അതിജീവിച്ച് ജനം നിയമം മാറ്റുകയും ചെയ്യാം. നമുക്ക് ഇപ്പോഴുള്ള ഭരണഘടനയും ദേശീയഗാനവുമൊക്കെ അങ്ങനെ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനെ അതിജീവിച്ച നിയമ ലംഘന പ്രതിഷേധത്തിന്റെ ഫലമാണെന്ന് നാം തിരിച്ചറിയണം. അല്ലാതെ ഏതെങ്കിലും ഒരു ജഡ്ജിയുടെ ഉത്തരവില്‍ നിന്നല്ല.
അമേരിക്കയുടെ ദേശീയഗാനം
അമേരിക്കക്കാര്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ കൈ നെഞ്ചത്ത് പിടിച്ചുകൊണ്ട് എഴുനേറ്റ് നില്‍ക്കും. നമുക്കെന്താ അങ്ങനെ ദേശസ്നേഹം തോന്നാത്തത്. നമ്മളെ വിദൂരത്തുള്ള ആളുകളുമായി താരതമ്യം ചെയ്യിക്കുക മറ്റൊരു വാചാടോപ തന്ത്രമാണ്. കാരണം നമുക്ക് പെട്ടെന്ന് ആ സ്ഥലത്തെ ശരിക്കുള്ള യാഥാര്‍ത്ഥ്യം എന്തെന്ന് അറിയാന്‍ പറ്റില്ലല്ലോ.
അമേരിക്കയില്‍ ജനം അവരുടെ രാജ്യത്തെക്കുറിച്ച് വലിയ അഭിമാനം കാണിക്കുന്നവരാണ്. നൂറ്റാണ്ടുകളായുള്ള പ്രചാരവേലയുടെ ഭാഗമായി വളര്‍ത്തിയെടുത്തതാണ് ആ ബോധം. കാരണം അമേരിക്ക ഒരു ഫാസിസ്റ്റ് രാജ്യമാണ്. അവര്‍ക്ക് ലോകം മൊത്തം 1000ല്‍ അധികം സൈനിക കേന്ദ്രങ്ങളുണ്ട്. സമാധാനത്തിന് നോബല്‍ സമ്മാനം കിട്ടിയ അമേരിക്കന്‍ പ്രസിഡന്റ് തന്നെ 7 രാജ്യങ്ങളില്‍ പുതിയ യുദ്ധങ്ങളാണ് തുടങ്ങിയത്. അതിനൊക്കെ പോകാന്‍ ആള് വേണമെങ്കില്‍ തീവൃ ദേശീയ ഉയര്‍ത്തിയേ മതിയാവൂ.
പക്ഷേ എന്നിട്ടും ഈ അടുത്ത കാലത്ത് ആ ദേശീയഗാനം പാടിയപ്പോള്‍ കോളിന്‍ കോപ്പര്‍നിക്ക് എന്ന് പേരായ NFL 49 ന്റെ കളിക്കാരന്‍ എഴുനേറ്റ് നിന്നില്ല. പകരം അദ്ദേഹം മുട്ടുകുത്തി നിന്നു. “കറുത്തവരേയും നിറമുള്ളവരേയും അടിച്ചമര്‍ത്തുന്ന ഒരു രാജ്യത്തിന്റെ കൊടിയെ ബഹുമാനിക്കാന്‍ ഞാന്‍ ഇല്ല”, എന്നാണ് അദ്ദേഹം സധൈര്യം പറഞ്ഞത്. അമേരിക്കയില്‍ ഇപ്പോള്‍ പോലീസിന്റെ വെടിയേറ്റ് വര്‍ഷം തോറും 1000 ല്‍ അധികം നിരപരാധികളായ കറുത്തവരാണ് മരിക്കുന്നത്. കോപ്പര്‍നിക്കിന്റെ പ്രതിഷേധം അവിടെ നിന്നില്ല ധാരാളം കളിക്കാര്‍ അതിനെ പിന്‍തുണച്ച് ദേശീയഗാനത്തെ ബഹുമാനിക്കാതെ പ്രതിഷേധ പ്രകടനം നടത്തി. അമേരിക്കയുടെ പ്രസിഡന്റ് ഒബാമ പോലും കോപ്പര്‍നിക്കിന്റെ പ്രതിഷേധം അദ്ദേഹത്തിന്റെ “ഭരണഘടനാപരമായ അവകാശമാണ് പ്രകടിപ്പിക്കുന്നത്” എന്ന് പറഞ്ഞു.

അത് ആദ്യ സംഭവമല്ല. 1968 ലെ ഒളിമ്പിക്സ് ന്യൂ മെക്സിക്കോ സിറ്റിയില്‍ നടന്നപ്പോള്‍ അമേരിക്കയുടെ കായിതാരങ്ങളില്‍ രണ്ടുപേര്‍ ദേശീയഗാനാലാപന സമയത്ത് മുഷ്ടിചുരുട്ടി കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് (Black Power salutes) പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കയിലെ അടിച്ചമര്‍ത്തപ്പെട്ട കറുത്തവര്‍ വിയറ്റ്‌നാമിലെ ദരിദ്രരെ കൊല്ലാന്‍ പോകരുത് എന്നായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍കിങ് പറഞ്ഞത്. യുദ്ധകാലത്തും ശക്തമായ യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങള്‍ അമേരിക്കയിലുണ്ടായി. വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്ക തോല്‍ക്കാന്‍ ഒരു കാരണം സ്വന്തം ജനങ്ങളുടെ പ്രതിഷേധമാണ്. (എന്നാല്‍ 2003 ആയപ്പോഴേക്കും ജനത്തെ ബൌദ്ധികമായി അടിച്ചമര്‍ത്താനുള്ള കരുക്കളെല്ലാം അവര്‍ നിരത്തിയാണ് ഇറാഖില്‍ യുദ്ധത്തിന് പോയത്.)
മാറ്റുവിന്‍ ചട്ടങ്ങളെ
ലോകം മൊത്തമുള്ള ചരിത്രം അതിന്റെ സാക്ഷിയാണ്. നമ്മുടെ രാജ്യമുണ്ടായതും അതിന് ദേശീയഗാനമുണ്ടായതും നിയമ ലംഘനത്തില്‍ നിന്നാണ്. അടിമത്തം ഇല്ലാതാക്കിയത്, സ്ത്രീകള്‍ക്ക് വോട്ടവകാശം, 8 മണിക്കൂര്‍ ജോലി തുടങ്ങി എല്ലാ പുരോഗമനപരമായതും പൊതുജനത്തിന് ഗുണകരമായ നിയമങ്ങളെല്ലാം ജനത്തിന്റെ ദീര്‍ഘകാലത്തെ സമരത്തില്‍ നിന്നും നിയമ ലംഘനത്തില്‍ നിന്നുമാണുണ്ടായത്. അപ്പോഴെല്ലാം നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്. കാരണം നിയമങ്ങള്‍ തെറ്റായിരുന്നു. അങ്ങനെ മനുഷ്യന്റെ ചരിത്രത്തെ നിയമലംഘനത്തിന്റെ ചരിത്രം എന്ന് പോലും വേണമെങ്കില്‍ പറയാം.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം തടവിലാക്കിയ നാസികള്‍ വിചാരണ സമയത്ത് പറഞ്ഞത്, തങ്ങള്‍ നിയമം പാലിക്കുക മാത്രമായിരുന്നു എന്നാണ്. എന്നാല്‍ ആ വാദത്തെ വിചാരണ കോടതി തള്ളിക്കളയും അവരെ കുറ്റക്കാരായി തന്നെ വിധിക്കുകയാണുണ്ടായത്.
നിയമപരവും നിയമ വിരുദ്ധവും എന്നതില്‍ നിന്ന് വളരെ വ്യത്യസ്ഥമായ കാര്യമാണ് തെറ്റും ശരിയും എന്നത്. നിയമം എന്നത് ധാര്‍മ്മികതക്ക് പകരമല്ല. നിയമത്തെക്കാള്‍ വലുതാണ് ധാര്‍മ്മികത. നിയമ വിരുദ്ധമാണെങ്കിലും നിങ്ങള്‍ ശരിയെന്ന് വിശ്വസിക്കുന്ന ഒരു കാര്യത്തില്‍ അടിയുറച്ച് നിന്ന് സമാധാനപരമായി നിയമം ലംഘിക്കുന്നത് ഓരോ പൌരന്റേയും കടമയാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.