സഖാക്കളെ ഉന്മൂലനം ചെയ്യാന്‍ സിനിമകളും

ചുവപ്പും കൊടിയും ഇപ്പോള്‍ സിനിമാ രംഗത്തെ ഒരു ഫാഷനായി മാറിക്കഴിഞ്ഞു. എന്താണതിന് കാരണം. സാധാരണ രാഷ്ട്രീയ സംഘടനകളെക്കുറിച്ചുള്ള സിനിമകള്‍ക്ക് സമൂഹത്തിന്റെ അംഗീകരാരമോ സാമ്പത്തികവിജയമോ കിട്ടുന്നവയല്ല. ചിലപ്പോള്‍ താരങ്ങളുടെ സാന്നിദ്ധ്യം കാരണം ശ്രദ്ധിക്കപ്പെട്ടാമെന്നുമാത്രം. എന്നാല്‍ ഇപ്പോള്‍ അതല്ല ട്രന്റ്. നിര നിരയായി കമ്യൂണിസ സിനിമകള്‍ പടച്ച് വിടപ്പെടുന്നു. ഇടതുപക്ഷം അധികാരത്തില്‍ വന്നതാവാം ഒരു കാരണം. പക്ഷേ മുമ്പും ഇടത് പക്ഷം അധികാരത്തില്‍ വന്നിട്ടുണ്ടല്ലോ. ഇപ്പോള്‍ ചില വ്യത്യാസങ്ങള്‍ കൂടിയുണ്ട്. അംബാനി നേതൃത്വം കൊടുക്കുന്ന ഫാസിസ്റ്റ് സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്നു എന്നതാണ് അതിലൊന്ന്. കേരളത്തിലാണെങ്കില്‍ കമ്യൂണിസ്റ്റ് ഉദ്യോഗസ്ഥര്‍ (തങ്ങള്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ പേര് കമ്യൂണിസ്റ്റ് എന്നതായതുകൊണ്ട് അതിലെ സ്ഥാനം വഹിക്കുന്നതിനാല്‍ കിട്ടുന്ന കമ്യൂണിസ്റ്റ് പട്ടം) ഭരണം നടത്തുന്നു എന്നതാണ് വേറൊരു വ്യത്യാസം.

എന്താണ് സിനിമ

നിര്‍മ്മാതാവ് പണം മുടക്കി, പണിക്കാര്‍ അദ്ധ്വാനിച്ച്, അവതരിപ്പിച്ച്, റിക്കോഡ് ചെയ്ത് പുറത്തുകൊണ്ടുവരുന്ന പ്ലാസ്റ്റിക് നാടയോ ഡിസ്കോ ആണ് സിനിമ. ഇപ്പോള്‍ കൂടുതലും ഡീവീഡീ ഡിസ്കോ ആണ് ഉപയോഗിക്കുന്നത്. മറ്റെല്ലാ സംരംഭങ്ങളും പോലെ മുതലാളിത്ത രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. നിര്‍മ്മാതാവെന്ന മുതലാളി പണം മുടക്കുന്നു. തൊഴിലാളികള്‍ അദ്ധ്വാനിക്കുന്നു. ഉല്‍പന്നമുണ്ടാകുന്നു. അത് വിപണയിലെത്തിക്കുന്നു. ഉപഭോക്താക്കള്‍ വാങ്ങുന്നു. ഈ പ്രവര്‍ത്തനത്തിന്റെ അവസനം മുതലാളിക്ക് മുടക്കിയ പണത്തേക്കാള്‍ കൂടുതല്‍ പണം എത്തിച്ചേരുന്നു. അതിനെ ലാഭം എന്ന് നാം പറയുന്നു. (ലാഭം നെഗറ്റീവ് ആണെങ്കില്‍ നഷ്ടം.) ഇങ്ങനെ കിട്ടിയ ലാഭത്തിന്റെ പങ്ക്, നായകന് കോടികളിലും, നായികക്ക് ലക്ഷങ്ങളിലും, സഹനടീനടന്‍മാര്‍ക്ക് പതിനായിരങ്ങളിലും, കൂലിപ്പണിക്കാര്‍ക്ക് ആയിരങ്ങളിലുമൊക്കെയായി മുതലാളി പങ്ക് വെക്കുന്നു.

ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം ഒരിക്കലേ നടക്കുന്നുള്ളു. പിന്നീട് റിക്കോഡ് ചെയ്ത ഡിസ്കാണ് കോടിക്കണക്കിന് സ്ഥലത്ത് പ്രത്യേകിച്ചൊരു അദ്ധ്വാനവും ഇല്ലാതെ ആദ്യത്തെ അദ്ധ്വാത്തിന്റെ ഫലം പുനരാവിഷ്കരിക്കുന്നു. ഡിസ്ക് എന്നത് എളുപ്പം കോപ്പിചെയ്യാന്‍ പറ്റുന്നതാണ്. പക്ഷേ ജനം അങ്ങനെ കോപ്പിചെയ്താല്‍ നിര്‍മ്മാതാവിന് പണം കിട്ടില്ല. അയാള്‍ പാപ്പരാകും. അത് തടയനായി അയാള്‍ പകര്‍പ്പവകാശനിയമം നിര്‍മ്മിക്കുന്ന ഭരണകൂടത്തേയും അത് നടപ്പാക്കുന്ന പോലീസിനേയും നന്നായി ഉപയോഗിച്ച് ജനത്തെ കോപ്പി ചെയ്യുന്നതില്‍ നിന്ന് തടയുന്നു. റെയ്ഡുകള്‍ നടത്തി ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു. ദിവസം 20 രൂപയില്‍ താഴെ വരുമാനമുള്ള 80 കോടി ആളുകള്‍ താമസിക്കുന്ന രാജ്യത്ത് സിനിമാക്കാര്‍ക്ക് കോടിക്കണക്കിന് രൂപ പ്രതിഫലം കിട്ടണമെങ്കില്‍ അത് കൂടിയേ തീരൂ.

ആരാണ് സഖാവ്

മാര്‍ക്സ്, ഏംഗല്‍സ് തുടങ്ങിയ സൈദ്ധാന്തികര്‍ മുന്നോട്ട് വെച്ച് ആശയങ്ങളിടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുകളില്‍ പറഞ്ഞ മുതലാളിത്ത രീതിയിലുള്ള ഉത്പാദന വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും സമ്പത്തിന്റെ അടിസ്ഥാനമെന്തെന്നും കണ്ടെത്തിയതാണ് അവരുടെ ഏറ്റവും വലിയ സംഭാവന. ആ ഉത്പാദന വ്യവസ്ഥ ബഹുഭൂരിപക്ഷത്തിന്റെ കൈയ്യില്‍ നിന്നും സമ്പത്ത് വലിച്ചെടുത്ത് നിര്‍മ്മാതാക്കളേയും താരങ്ങളേയും പോലെ വളരെ കുറവ് എണ്ണം വരുന്ന ആളുകളിലേക്ക് എത്തിക്കുന്നു. അങ്ങനെയുണ്ടാകുന്ന സമ്പത്തിന്റെ കേന്ദ്രീകരണം മൊത്തം സമൂഹത്തിനും, പ്രകൃതിക്കും ദോഷകരമായതിനാല്‍ ആ വ്യവസ്ഥ മാറ്റി എല്ലാവര്‍ക്കും ഗുണകരമായ വ്യവസ്ഥ നിര്‍മ്മിക്കാന്‍ അവര്‍ ആഹ്വാനം ചെയ്യുന്നു. ആ ലക്ഷ്യം നടപ്പാനായി രൂപീകരിക്കപ്പെട്ടതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ആ പാര്‍ട്ടിക്കാര്‍ പരസ്പരം സഖാക്കെന്നാണ് അഭിസംബോധന ചെയ്യുന്നത്. (ഓര്‍ക്കുക, ഇവിടെ ആ ആശയത്തിന്റെ തെറ്റും ശരിയും പരിശോധിക്കയല്ല ചെയ്യുന്നത്.)

അങ്ങനെ സമൂഹത്തില്‍ സാമ്പത്തിന്റെ കേന്ദ്രീകരണം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ കഥ സിനിമയിലൂടെ പറയുമ്പോള്‍ അത് തന്നെ സമ്പത്ത് താരങ്ങളിലേക്കും നിര്‍മ്മാതാക്കളേക്കും കേന്ദ്രീകരിക്കുന്നു എന്ന് വരുന്നുവെങ്കില്‍ അത് ജുഗുപ്സാവഹമായ കാര്യമല്ലേ. അതേ വളരെ ജുഗുപ്സാവഹമായ കാര്യമാണ്. സിനിമയുടെ ടിക്കറ്റ് വാങ്ങുന്ന ഓരോരുത്തവരും കൂടുതല്‍ ദരിദ്രരാവുകയും അത് ലഭിക്കുന്ന താരങ്ങളും മറ്റുള്ളവരും അതി സമ്പന്നരും ആയി മാറുന്നു.

അകത്ത് നിന്ന് പൊളിക്കുക

ഇനി ഉള്ളടക്കത്തിന്റെ കാര്യം നോക്കിയാലോ. ഫാസിസത്തിന്റെ അടിത്തറയെന്ന് പറയുന്ന നായകാരാധനയാണ് മറ്റെല്ലാ സിനിമകളിലേതും പോലെ കപട ചുവപ്പന്‍ സിനിമകളുടേയും കേന്ദ്രം. കടുത്ത വൈകാരകമായ ഇതിവൃത്തങ്ങള്‍ അവതരിപ്പിച്ച് മുതലാളിത്തം എന്ന വ്യവസ്ഥയിലേക്ക് ചോദ്യമുണ്ടാകാതെ എല്ലാ പ്രശ്നങ്ങളും വില്ലനെന്ന ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിച്ച് അവനെ അക്രമ മാര്‍ഗ്ഗത്തിലൂടെ ഇല്ലാതാക്കി സ്വര്‍ഗ്ഗരാജ്യം പണിയാം എന്ന നിരന്തരം പ്രചരിപ്പിക്കുന്ന കള്ളം ഇവിടെയും ആവര്‍ത്തിക്കും. അല്ലെങ്കില്‍ ത്യാഗസമ്പന്നമായ ജീവിതം നയിക്കുന്ന തടിമിടുക്കുള്ള മീശപിരിക്കുന്ന നായകന്‍, വില്ലന്‍ മുതലാളിക്കെതിരായ സമരത്തില്‍ സ്വയം ജീവന്‍ വെടിയുന്നതുമാകാം കഥ. സ്ഥിരം ഫോര്‍മുലയിലേ പോരെ അല്‍‍പ്പം പ്രണയവും, അല്‍‍പ്പം പാട്ടും, അല്‍‍പ്പം ആട്ടവും, അല്‍‍പ്പം കോമഡിയും, പുളകം കൊള്ളിക്കുന്ന വാചക കസര്‍ത്തുകളും ഒക്കെ ചേര്‍ത്ത് ഒരു മസാല. എന്തുതന്നെയായാലും വ്യക്തി ആരാധനമാത്രമാണ് അടിസ്ഥാനം. അത് ഏകാധിപത്യവും ഫാസിസവും ഒക്കെ സാധാരണവും മാന്യവുമായ ഒന്നാണെന്ന ചിന്ത അതിന്റെ ഫലം. ഞാന്‍ നടത്തുന്ന ഗുണ്ടായിസം നല്ല ഗുണ്ടായിസമാണ് എന്ന് അര്‍ത്ഥം. കാരണം ഞാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗം സഹിക്കുകയാണല്ലോ!

തീര്‍ച്ചയായും ആശയപരമായി ഈ പാര്‍ട്ടികള്‍ മുമ്പ് പറഞ്ഞ സമ്പന്ന ന്യൂനപക്ഷത്തിന് ദോഷകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പണ്ട് സമ്പന്നര്‍ക്ക് അവരെ ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്താമായിരുന്നു. എന്നാല്‍ അത് കൂടുതല്‍ ആ ആശയം പടരുന്നതിന് കാരണമാകും. അതിനേക്കാള്‍ ഫലപ്രദമായ മാര്‍ഗ്ഗം അവരെ അവരുടെ ഉള്ളില്‍ നിന്ന് തകര്‍ക്കുകയാണ്. അതാണ് സിനിമ പോലുള്ള മാധ്യമങ്ങളിലൂടെ ചെയ്യുന്നത്. അത്തരം തകര്‍ച്ച എന്നന്നേക്കുമായി വിജയപ്രദമായിരിക്കും. എന്തുകൊണ്ട് മുതലാളിത്തത്തിനെതിരെ സമരം ചെയ്യണമെന്നതിന്റെ ശാസ്ത്രീയ അടിത്തറ മനസിലാക്കാതെ സംഘശക്തിയുടെ ഗുണ്ടായിസം ആണ് സമരത്തിന്റെ അടിത്തറ എന്ന പ്രചരിപ്പിക്കുന്നത് വഴി തങ്ങള്‍ ആരാണെന്ന് പോലുമറിയാത്ത അണികളെ സൃഷ്ടിക്കാന്‍ ചുവന്നതോ അല്ലാത്തതോ ആയ മുതലാളിമാര്‍ക്ക് എളുപ്പം കഴിയുന്നു.

നിങ്ങളുടെ പാര്‍ട്ടി എന്തിന് വേണ്ടിയുള്ളതാണെന്ന് അറിയാത്ത ഒരു അണിയുണ്ടായാല്‍ പിന്നെ എല്ലാം എളുപ്പമല്ലേ. അതിന്റെ ഫലം ഇപ്പോള്‍ തന്നെ കാണുന്നതാണല്ലോ.

കല കലക്ക് വേണ്ടിയോ അതോ പണത്തിന് വേണ്ടിയോ

കല കലക്ക് വേണ്ടിയോ സമൂഹത്തിന് വേണ്ടിയോ ചോദ്യം മുമ്പ് വലിയ ചോദ്യമായിരുന്നു. എന്നാല്‍ ഇന്ന് ചേദ്യം പണത്തിന് വേണ്ടിയോ എന്നാണ്. എല്ലാറ്റിനേയും വിപണിയിലെ ഉല്‍പ്പന്നമാക്കുന്ന മുതലാളിത്തം കലയേയും വെറുതെ വിടില്ല. അങ്ങനെ കല പണത്തിന് വേണ്ടിയായി. അതായത് മുതലാളിത്ത വ്യവസ്ഥക്ക് വേണ്ടിയായി. ഓരോ സമയത്തും ഓരോ ട്രന്റുണ്ടാക്കി അതില്‍ നിന്ന് പണമടിച്ച് മാറ്റയാണ് ഇവറ്റകളുടെ ശ്രമം. സ്ത്രീകളെ മോശമായി ചിത്രീകരിച്ച് പണമുണ്ടാക്കും. പിന്നെ അതേ സ്ത്രീകള്‍ തെരുവിലും വീടുകളിലും ആക്രമിക്കപ്പെടുമ്പോള്‍ ധിക്കാരി ഗുണ്ടാ സ്ത്രീ-കഥാപാത്രത്തെ കേന്ദ്രമാക്കി ചിത്രീകരിച്ച് പണമുണ്ടാക്കും. (അപ്പോഴും അവള്‍ ലൈംഗികാകര്‍കത്വമുള്ള വെളുത്തവളായിരിക്കുമെന്നതില്‍ തര്‍ക്കം വേണ്ട.) അതുപോലെയൊന്നാണ് ഇപ്പോള്‍ കണ്ടുവരുന്ന ചുവപ്പന്‍ പടങ്ങള്‍. ഇനി സിനിക്കാര്‍ക്ക് ഇപ്പോള്‍ ചെയ്ത ത്യാഗം പോരാ എന്ന് തോന്നിയാല്‍ കിട്ടിയതിന്റെ ഒരു ചെറിയ ഭാഗം ദാനം ചെയ്യുകയുമാകാം. അതും വലിയ പ്രചരണമാകും, ഭാവിയില്‍ കൂടുതല്‍ അടിച്ച് മാറ്റാന്‍ സഹായിക്കത്തക്ക രീതിയില്‍.

വിദേശ ശക്തികളുടെ ഇടപെടല്‍ കാണാനാവുമോ

2007 ല്‍ വിക്കീലീക്സ് പ്രസിദ്ധപ്പെടുത്തിയ രേഖകളില്‍ ഒന്ന് ബോളിവുഡ്ഡിലെ അമേരിക്കന്‍ ഇടപെടലാണ്. ഭീകരതക്കെതിരായ യുദ്ധത്തിന്റെ ഭാഗമായി യുവാക്കളെ സമാധാനത്തിന്റെ വഴിയിലേക്ക് പ്രേരിപ്പിക്കുന്ന ആശയമുള്ള സിനിമകളിറക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഹോളീവുഡ്ഡിലും അത്തരം പ്രവര്‍ത്തികളുണ്ടായിട്ടുണ്ട്. അത്തരം സിനിമകളും ഇറങ്ങുകയുണ്ടായി. സത്യത്തില്‍ വ്യംഗ്യമായി പല ആശയങ്ങളും സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനോടൊപ്പം ഇത് അമേരിക്കയിലെ പൌരന്‍മാരുടെ നികുതി പണം തട്ടാനായി സര്‍ക്കാര്‍ നടത്തുന്ന തട്ടിപ്പിനപ്പുറം ഒന്നുമല്ല.

ആരും സിനിമ കണ്ട് അതിന്റെ സാരാംശം മനസിലാക്കി സ്വഭാവം മാറ്റുന്നവരല്ല. പകരം സിനിമയില്‍ നിഗൂഢമായി കുത്തിനിറക്കുന്ന ചെറിയ ചെറിയ ആശയങ്ങള്‍ തൊ​ണ്ട തൊടാതെ വിഴുങ്ങുകയാണ് ജനം ചെയ്യുന്നത്. (സംവിധായകര്‍ അത് ബോധപൂര്‍വ്വം ചെയ്യുന്നു എന്ന് അതിന് അര്‍ത്ഥമില്ല. നിലനില്‍ക്കുന്ന ചൂഷണവ്യവസ്ഥയിലെ ഒരുപാട് കാര്യങ്ങളും നാം അറിയാതെ തന്നെ പ്രചരിപ്പിക്കുന്നുണ്ട്.) പാര്‍ട്ടിയെ അനുകൂലിക്കുന്ന സിനിമയായലും അതില്‍ മറച്ച് വെച്ചിരിക്കുന്ന ആശയങ്ങള്‍ അതിനെ തകര്‍ക്കുകയേ ചെയ്യൂ. ഇനി ഈ ചുവപ്പന്‍ സിനിമകള്‍ക്കും ഇതുപോലെ അമേരിക്കന്‍ ബന്ധമുണ്ടോ എന്നറയാന്‍ നാം ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും.

കമ്യൂണിസ്റ്റ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രചാരവേലയോ

ഹിറ്റലറും സ്റ്റാലിനും മറ്റ് ഏകാധിപകളെല്ലാം അണികളെ സൃഷ്ടിക്കാന്‍ വന്‍ പ്രചാരവേല പദ്ധതികള്‍ നടപ്പാക്കിയിരുന്നു. ജനങ്ങളുടെ വലിയ പ്രതീക്ഷയോടെ വന്ന ഒരു സര്‍ക്കാരിന് 10 വയസുകാരന്റെ സാമാന്യയുക്തി പോലും കാണിക്കാതെ സ്വയം കുഴിക്കുന്ന കുഴികളില്‍ അടിക്കടി വീഴുമ്പോള്‍, അണികളെ മൂഢസ്വര്‍ഗ്ഗത്തില്‍ നിലനിര്‍ത്താന്‍ എന്തെങ്കിലും ചെപ്പടിവിദ്യകള്‍ വേണ്ടിവരും.

സിനിമയെ പണത്തില്‍ നിന്ന് മോചിപ്പിക്കുക

എന്തൊക്കെയായാലും കഥാ സിനിമകള്‍ പൂര്‍ണ്ണമായും സാമൂഹ്യദ്രോഹകരമായതാണ്. അതുകൊണ്ട് കഴിവതും അവ കാണാതിരിക്കുക, അവരെ പ്രോത്സാഹിപ്പിക്കാതിരിക്കുക. ഇനി അഥവാ താങ്കള്‍ക്കത് ശരിക്കും കാണമമെന്ന് ആഗ്രഹമുണ്ടെങ്കില്‍ സൌജന്യമായ രീതിയില്‍ കാണുക. ഒരിക്കലും സിനിമക്ക് പണം കൊടുക്കരുത്. ആര്‍ക്കെങ്കിലും നിങ്ങളെ വിനോദിപ്പിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ അത് സൌജന്യമായി ചെയ്യട്ടേ. നിങ്ങളെന്തിന് അതിന് പണം കൊടുക്കുന്നു.

പണം കൊടുക്കുന്നത് മാത്രമല്ല ഇവറ്റകള്‍ അഭിനയിക്കാന്‍ വേണ്ടി എടുത്ത ത്യാഗത്തെക്കുറിച്ച് സ്വയം പ്രശംസിച്ച് വാര്‍ത്താമാധ്യമങ്ങളുടെ താളുകളും സമയവും അപഹരിക്കും. അതിനേക്കാളേറെ ആക്റ്റിവിസ്റ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍ രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെട്ട് വസ്തുതകളെ മറച്ച് വെക്കും. അവര്‍ക്ക് താരമൂല്യമുള്ളതിനാല്‍ മറ്റാരും പറയുന്നത് ആരും കേള്‍ക്കുകയുമില്ല.

കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുന്ന നാട്ടില്‍ പാവപ്പെട്ടവന്റെ വേദനയും സ്വപ്നങ്ങളും, അവരെ കളിയാക്കാനും ഒരു ചെറുന്യൂനപക്ഷത്തിന് അതി സമ്പന്നരാകാനും ഏകാധിപത്യ രാഷ്ട്രീയവീക്ഷണത്തെ വളര്‍ത്താനുമായി ഉപയോഗിക്കാന്‍ അനുവദിക്കരുത്.

ഓടോ:
മുതലാളിത്ത വ്യവസ്ഥയെ സംബന്ധിച്ചടത്തോളം നിങ്ങള്‍ കമ്യൂണിസ്റ്റോ, കോണ്‍ഗ്രസോ, ഇടത് പക്ഷമോ, വലത് പക്ഷമോ, നിരീശ്വരവാദിയോ യുക്തിവാദിയോ എന്ന ഒരു വ്യത്യാസമില്ല. ലാഭമുണ്ടാക്കുന്ന പണത്തിടിസ്ഥാനമായ പ്രവര്‍ത്തികള്‍ നിങ്ങള്‍ ഒറ്റക്കൊറ്റക്ക് സ്വാര്‍ത്ഥയോയെ ചെയ്യണം എന്ന് മാത്രമേ അത് ആവശ്യപ്പെടുന്നുള്ളു. പിന്നെ ചില്ലിക്കാശുകള്‍ ദാനം ചെയ്തോളൂ, അത് കേമം.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )