ഭാഗ്യം, ഇത്തവണ ഓണത്തിന് താരങ്ങളുടെ ഓണത്തള്ള് ഉണ്ടാവില്ല

നടിയേ ആക്രമിച്ച പ്രശ്നം കൈവിട്ട് പോയതിനെ തുടര്‍ന്ന് താരങ്ങള്‍ ചാനലുകളിലെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുകയില്ല എന്നൊരു വാര്‍ത്ത പരക്കുന്നുണ്ട്. എന്തായാലും മലയാളികള്‍ക്ക് സന്തോഷിക്കാനുള്ള കാര്യമാണ്. അല്ലെങ്കില്‍ ഈ കഴുതകളുടെ പൊങ്ങച്ചവും, ത്യാഗവും, ലോക വീക്ഷണവും ഒക്കെ കേള്‍ക്കേണ്ടിവന്നേനെ.

എന്നാല്‍ അധികം അങ്ങ് നെഗളിക്കാന്‍ വരട്ടേ. കാരണം ഇത് അവര്‍ സ്വയം എടുക്കുന്ന തീരുമാനമാണ്. അതായത് അവര്‍ തരുന്ന ഒരു ഔദാര്യം. ഈ ഓണത്തിന് നീയൊക്കെ ഞങ്ങളെ കാണണ്ട. അല്ലാതെ മാധ്യമങ്ങള്‍ താരങ്ങള്‍ക്ക് പ്രാധാന്യം കൂടുതല്‍ കൊടുക്കുന്നതിന് ഒരു നിയന്ത്രണം കൊണ്ടുവരുകയൊന്നുമല്ല. അതാണ് പ്രശ്നം.

മാനസികമായ അടിമത്തം

ഇതുവരെ കണ്ടെത്തിയിട്ടുള്ള കലാരൂപങ്ങളില്‍ മനുഷ്യ മനസിനെ ഏറ്റവും ശക്തമായി സ്വാധീനിക്കാന്‍ കഴിയുന്ന കലാരൂപമാണ് സിനിമ. അതിന് അനേകം വശങ്ങളുണ്ടെങഅകിലും പ്രേക്ഷകനുമായി നേരിട്ട് സംവദിക്കുന്നത് കഥാപാത്രങ്ങളെ അവതരിപ്പുിക്കുന്ന നടീ നടന്‍മാരാണ്. ബാക്കിയുള്ളവരെല്ലാം പശ്ഛാത്തലത്തിലേ നില്‍ക്കുന്നുള്ളു. അതുകൊണ്ട് പ്രേക്ഷകര്‍ നടീനടന്‍മാര്‍ക്കേ പ്രാധാന്യം കൊടുക്കൂ. 80% ആളുകള്‍ ദിവസം 20 രൂപയില്‍ താഴെ വരുമാനത്തില്‍ കഴിയുന്ന രാജ്യത്ത്, കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന ഒരു രാജ്യത്ത്, വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് താല്‍ക്കാലിക മോചനം നേടാനായി ജനം, മയക്ക് മരുന്ന് പോലെ അഭ്രപാളിയില്‍ തെളിയുന്ന ഇവരുടെ അയഥാര്‍ത്ഥ ചിത്രങ്ങളില്‍ അടിമപ്പെടുകയാണ്. മനുഷ്യന്റെ ജീവശാസ്ത്രപരമായ കാരണങ്ങളാലാണിത്.

ലാഭത്തിനായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ സംബന്ധിച്ചടത്തോളം ആ അടിമത്തവും ആ ജനപിന്‍തുണയും തങ്ങളുടെ സ്വര്‍ണ്ണ ഖനിയാണ്. ഇന്ന് സിനിമയെക്കുറിച്ച് സംസാരിക്കാത്ത ഏതെങ്കിലും ഒരു മാധ്യമമുണ്ടോ? ആരെങ്കിലും സിനിമ എടുക്കാന്‍ പദ്ധതിയിടുമ്പോള്‍ വാര്‍ത്തയായി. അഭിമുഖമായി. ചിത്രീകരണം നടക്കുമ്പോഴും, റിലീസ് ചെയ്യുമ്പോഴും, കൊള്ള ലാഭം നേടുമ്പോഴും, നഷ്ടം നേരിടുമ്പോഴും ഒക്കെ അത് തന്നെ വാര്‍ത്തയാക്കുകയാണ്. വിനേദ ചാനലുകളുടെ കാര്യമാണെങ്കില്‍ പറയേണ്ട. സിനിമയുമായി ബന്ധമില്ലാത്ത എതെങ്കിലും പരിപാടിയുണ്ടോ? പാട്ട്, ഡാന്‍സ്, കോമഡി, അഭിമുഖം അങ്ങനെ എന്തെല്ലാം.

താരങ്ങള്‍ ലാഭകരമാണ്

അറിവുള്ള ഒരാളുമായി നല്ല ഒരു അഭിമുഖം നടത്തണമെങ്കില്‍ മാധ്യമപ്രവര്‍ത്തകന് അയാളെക്കാളും അറിവുണ്ടാകേണ്ടാതായുണ്ട്. എന്നാല്‍ താരവുമായി നടത്തുന്ന അഭിമുഖത്തിന് അതിന്റെ ആവശ്യമില്ല. താഴ്ന്ന ബൌദ്ധികനിലവാരത്തിലുള്ള അവരുടെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചാവും മിക്കപ്പോഴും ചര്‍ച്ച. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ലാഭം നേടാം എന്നതാണ് മാധ്യമങ്ങളെ സംബന്ധിച്ചടത്തോളം ഇതിന്റെ ഗുണം. അരാഷ്ട്രീയവും, കമ്പോള സ്വാതന്ത്ര്യവാദവും(liberalism) നിറഞ്ഞ അവരുടെ ജനല്‍പ്പനങ്ങള്‍ മുതലാളിമാര്‍ക്കും വ്യവസ്ഥക്കും ഗുണകരമാണ്.

സര്‍ക്കാര്‍ പോലും ഇപ്പോള്‍ താരങ്ങളെ ഉപയോഗിച്ചാണ് സര്‍ക്കാര്‍ പരിപാടികള്‍ പ്രചരിപ്പിക്കുന്നത്. അടവുനയമെന്ന കഴിവ് കേടിന്റെ പേരില്‍ ഇവറ്റകളെ ജനപ്രതിനിധികളാക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ മടിക്കുന്നില്ല. കേരളത്തെ അവര്‍ താമസിയാതെ ഒരു തമിഴ്നാടാക്കും. ഇങ്ങനെ നടീനടന്‍മാരെ ജനങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തിലേക്ക് മാധ്യമങ്ങളും സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും കൊണ്ടുവരുന്നത് അവരുടെ സ്വതേയുള്ള സ്വാധീന ശക്തിയെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

പ്രമുഖ നടിയെ ആക്രമിക്കുന്നു

എന്നാല്‍ നടിയെ ആക്രമിച്ച സംഭവം കാര്യങ്ങള്‍ക്ക് ഒരു ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്. ഇതുവരെ വിധേയരായി നിന്നിരുന്ന മാധ്യമങ്ങള്‍ സടകുടഞ്ഞെഴുനേറ്റ് ‘മാധ്യമ ധര്‍മ്മം’ എന്ത് വിലകൊടുത്തും പാലിക്കുമെന്ന് പ്രഖ്യാപിക്കുന്നു. നിരന്തരം ചാനല്‍ ചര്‍ച്ചകളും വിചാരണകളും നടന്നു.

നടി ആക്രമിക്കപ്പെട്ടതിന് രണ്ടാഴ്ചക്ക് ശേഷവും ഒരു പ്രമുഖ നടന്‍ പരാതി കൊടുക്കുന്നു എന്ന വാര്‍ത്ത വരുന്നതിനും ഇടയില്‍ നിശബ്ദമായ ഒരു മൂന്ന് മാസമുണ്ടായിരുന്നു. ആ കാലത്ത് മാധ്യമങ്ങളും അതുവഴി പൊതുജനവും മറന്ന ഒരു കേസായിരുന്നു ഇത്. നടന്‍ പരാതി കൊടുത്തതിന് ശേഷമാണ് ഇത് ബ്രേക്കിങ് ന്യൂസായി നിരന്തരം വാര്‍ത്തകളും ചര്‍ച്ചകളും അരങ്ങേറിയത്. ചിലപ്പോള്‍ ഇവര്‍ പറയുന്നത് ശരിയായിരിക്കാം. വേണ്ട തെളിവുകളൊക്കെ ലഭ്യമാക്കി കേസിനെ മുന്നോട്ട് നീക്കിയത് ഈ എട്ടുകാലി മമ്മൂഞ്ഞുക്കളാവാം.

കണ്ണില്‍ പൊടിയിടുന്ന മാധ്യമപ്രവര്‍ത്തനം

എന്നാല്‍ അതല്ല ചോദ്യം. ഇവര്‍ ഇത്രകാലം എവിടെയായിരുന്നു? ആ മൂന്ന് മാസക്കാലത്തിന്റെ കാര്യമല്ല ചോദിക്കുന്നത്. മലയാള സിനിമയുടെ കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ മാധ്യമങ്ങള്‍ എവിടെയായിരുന്നു? ചോദിക്കാന്‍ കാരണമുണ്ട്. നസീറിന്റെ നായികയായി അഭിനയച്ച ഒരു വലിയ നടിയെ അമേരിക്കയിലേക്ക് വിളിച്ച് വരുത്തി, ക്വട്ടേഷന്‍ നടപ്പാക്കിയതായി ഒരു വ്യക്തി പറഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു. അതായത് മലയാള സിനിമക്കുള്ള മാഫിയാ ബന്ധം പുതിയതൊന്നുമല്ല.

എവിടെയായിരുന്നു ഈ മാധ്യമ വീരന്‍മാരും വീരത്തികളും? മദ്യം, മയക്കുമരുന്ന് പോലെ കോടിക്കണക്കിന് പണമൊഴുകുന്ന, സുതാര്യതയില്ലാത്ത, സര്‍ക്കാര്‍ നിയന്ത്രണങ്ങളൊന്നുമില്ലാത്ത ഒരു മേഖലയില്‍ സ്വാഭാവികമായും മാഫിയുണ്ടാകാനുള്ള സാദ്ധ്യത പരിശോധിക്കാനല്‍പ്പം അന്വഷണാത്മക മാധ്യമപ്രവര്‍ത്തനം കാഴ്ചവെക്കാതിരുന്നതെന്താ?

മറുപടിയൊന്നും വേണ്ട. ആളുകളെ വളര്‍ത്തി താരങ്ങളാക്കുമ്പോഴും പിന്നീട് അവസരം കിട്ടുമ്പോള്‍ അവരെ ചവിട്ടി താഴ്ത്തുമ്പോഴും നിങ്ങള്‍ ശരിക്കും ചെയ്യുന്നത് യഥാര്‍ത്ഥ വാര്‍ത്തകള്‍ ജനങ്ങളില്‍ നിന്ന് മറച്ച് വെക്കുക എന്ന കാര്യമാണ്. ഒപ്പം ലോകത്തെ ഒരു കല്‍പ്പിതകഥാ യാഥാര്‍ത്ഥ്യമായി മാറ്റുകയും. പതിനായിരം വര്‍ഷങ്ങളായി തുടരുന്ന അടിമത്ത വ്യവസ്ഥയെ പോറലുപോലുമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ആ ജന ശ്രദ്ധാമാറ്റം യജമാനന്‍മാരെ സഹായിക്കുന്നു.

സത്യത്തില്‍ ഇവര്‍ മാധ്യമപ്രവര്‍ത്തകരേയല്ല എന്ന സത്യമാണ് ജനം തിരിച്ചറിയേണ്ടത്. അവര്‍ കൊട്ടുന്ന താളത്തിന് തുള്ളുകയും ചെയ്യരുത്. ജനകീയമായ (ജനപ്രിയമല്ല) കാര്യങ്ങള്‍ ജനങ്ങള്‍ക്കറിയാനുള്ള സംവിധാനമുണ്ടാകണം എന്നത് സമൂഹത്തിന്റെ ഒരു ആവശ്യകതയാണ്. അതിനെ കച്ചവടമാധ്യമങ്ങള്‍ ഹൈജാക്ക് ചെയ്യുമ്പോള്‍ ജനങ്ങളുടെ മാധ്യമ വിശ്വാസതന്നെയാണ് തകര്‍ന്ന് പോകുന്നത്. അതും യജമാനന്‍മാര്‍ക്ക്(മൂലധനത്തിന്) ഗുണകരമാണ്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

2 thoughts on “ഭാഗ്യം, ഇത്തവണ ഓണത്തിന് താരങ്ങളുടെ ഓണത്തള്ള് ഉണ്ടാവില്ല

    1. ശരിയാണ്. അത് കൂടാതെ സിനിമ താരങ്ങളില്‍ തന്നെ നല്ല താരം ചീത്ത താരം എന്ന വിഭജനമുണ്ടാക്കി. നല്ല താരങ്ങളെ പുകഴ്ത്തുന്ന പരിപാടിയാവും നടക്കുക. പിന്നെ അവരേയും താഴ്ത്തും. അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )