ജനാധിപത്യമെന്നാല്‍ അക്രമവും രക്തച്ചൊരിച്ചിലുമില്ലാതെ ഭരണാധികാരികളെ മാറ്റാനുള്ള വ്യവസ്ഥയായി ചിലര്‍ വിശദീകരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ അമേരിക്ക, ബ്രിട്ടണ്‍, ക്യാനഡ, ആസ്ട്രേലിയ, ഇന്‍ഡ്യ ഉള്‍പ്പടെ ലോകത്തിലെ മിക്കവാറും രാജ്യങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നവയാണ്. വോട്ടെടുപ്പോടുകൂടിയ തെരഞ്ഞെടുപ്പാണ് ഈ അധികാരമാറ്റത്തിന്റെ ഉപകരണം. ജനം വോട്ട് കൊടുത്ത് ഒരു ചെറിയ കൂട്ടം ആളുകളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി കൊടുക്കുന്നു. ആ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനത്തിന് അതൃപ്തിയുണ്ടെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മറ്റാര്‍ക്കെങ്കിലും കൊടുത്ത് പഴയ ആളുകളെ അധികാരത്തില്‍ നിന്ന് മാറ്റി പുതിയ ആളുകള്‍ക്ക് അധികാരം കൊടുക്കാം. എത്ര നല്ല രീതി, അല്ലേ?
അമേരിക്കയുടെ ജനാധിപത്യം
അമേരിക്ക ഇന്ന് ഭരിക്കുന്നത് ഡൊണാള്‍ഡ് ട്രമ്പ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരാണ്. ട്രമ്പിനെക്കുറിച്ച് ഞാന്‍ പറയാതെ തന്നെ താങ്കള്‍ക്ക് അറിയാമായിരിക്കും. സവര്‍ണ്ണാധിപത്യക്കാരനും, സ്ത്രീവിരുദ്ധനും, കുടിയേറ്റ വിരുദ്ധനും, നുണയനും തുടങ്ങിയ സകല ചീത്തക്കാര്യങ്ങളുടേയും പ്രതീകമായാണ് അദ്ദേഹത്തെ പൊതുവേ ലോകം കാണുന്നത്. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നല്ലവനായ പ്രതിനിധി ഒബാമ തന്റെ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിന്റെ നേരെ വിപരീത സ്വഭാവമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായ ട്രമ്പിനെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്.
ഒബാമയുടെ കാര്യത്തിലും ഇതേപോലാണ് കാര്യങ്ങള്‍ നടന്നത്. അദ്ദേഹത്തിന് മുമ്പ് അമേരിക്ക ഭരിച്ചിരുന്നത് മണ്ടനെന്നും, 2003 ലെ ഇറാഖ് യുദ്ധം നടത്തിയവനും, 2008 ല്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയിലെത്തിച്ചവനും ആയ റിപ്പബ്ലിക്കനായ ബുഷ് ആയിരുന്നു. അതില്‍ നിന്ന് നേരെ വ്യത്യസ്ഥനും ഭരണഘടനാ വക്കീലും, മികച്ച വാഗ്മിയും, കറുത്തവനും സര്‍വ്വോപരി മാറ്റത്തിന്റെ പ്രതീകവുമായി വന്ന ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഒബാമക്ക് ജനം വോട്ട് കൊടുത്ത് വിജയിപ്പിച്ചു. ആദ്യമായായിരുന്നു ഒരു കറുത്തവന്‍ അമേരിക്കയില്‍ പ്രസിഡന്റായത്. വലിയ മാറ്റമായിരുന്നു. അടിമത്തത്തിന്റെ പ്രായശ്ചിത്തം എന്നും ആളുകള്‍ പറയുന്നുണ്ടായിരുന്നു.
എന്താണ് മാറ്റം
അങ്ങനെ നോക്കുമ്പോള്‍, അക്രമമില്ലാതെ ആശയപരമായി വിരുദ്ധനിലപാടുള്ളവരെ പോലും മാറി മാറി തെരഞ്ഞെടുക്കുന്നുണ്ട്. പക്ഷേ ശരിക്കും എന്തെങ്കിലും മാറ്റങ്ങളുണ്ടാവുന്നുണ്ടോ? എല്ലാറ്റിനേയും സംശയിക്കണം എന്നാണല്ലോ ചൊല്ല്. അമേരിക്കയിലെ ഭരണത്തില്‍ കഴിഞ്ഞ 50 വര്‍ഷങ്ങളായി എന്ത് മാറ്റങ്ങളാണ് ഉണ്ടായത്? സത്യത്തില്‍ നേതാക്കളായി പ്രത്യക്ഷപ്പെടുന്ന ഇവര്‍ക്ക് അടിസ്ഥാനപരമായി എന്ത് വ്യത്യാസമാണുള്ളത്?
ബുഷ് തുടങ്ങിയ രണ്ട് യുദ്ധങ്ങള്‍, സമാധാനത്തിനുള്ള നോബല്‍ സമ്മാനം വാങ്ങിയ ഒബാമ 7 രാജ്യങ്ങളിലേക്ക് വര്‍ദ്ധിപ്പിച്ചു. ഇറാഖിന്റെ കാര്യത്തില്‍ അമേരിക്കയുടെ നയം കഴിഞ്ഞ 58 വര്‍ഷങ്ങളായി ഒരു മാറ്റവും സംഭവിച്ചിട്ടില്ല. സാമ്പത്തിക തകര്‍ച്ചക്ക് കാരണക്കാരായ ബാങ്കുകാര്‍ക്കെതിരെ ഒരു നടപടിയുമെടുക്കാതെ വെറുതെ വിട്ടു എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ക്യാബിനറ്റിലെ അധികാരികളെ തീരുമാനിച്ചിരുന്നത് പോലും ഗോള്‍ഡ്മന്‍ സാച്ചെസ് എന്ന ബാങ്കിന്റെ ആള്‍ക്കാരായിരുന്നു. വാള്‍സ്ട്രീറ്റ് ഏറ്റവും അധികം തെരഞ്ഞെടുപ്പ് സംഭവാന കൊടുത്തതും ഒബാമക്ക് ആയിരുന്നു.
ചാരപ്പണിക്കുറ്റം ആരോപിച്ച് അമേരിക്കയുടെ ചരിത്രത്തിലെ മൊത്തം പ്രസിഡന്റുമാരും ജയിലില്‍ അടച്ചവരേക്കാള്‍ കൂടുതല്‍ പേരെ ആ കുറ്റം ആരോപിച്ച് ഒബാമ ജയിലിലടച്ചു. അതില്‍ കൂടുതല്‍ പേരും പത്രപ്രവര്‍ത്തകരായിരുന്നു എന്നതാണ് സത്യം. അഭയാര്‍ത്ഥികളായി എത്തുന്നവരോടുള്ള നിലപാട് കാരണം ഒബാമയെ Deporter in Chief എന്നാണ് പ്രതിഷേധക്കാര്‍ വിശേഷിപ്പിച്ചിരുന്നത്. കറുത്തവനായിരുന്ന ഇദ്ദേഹം പ്രസിഡന്റായിരിക്കുമ്പോഴും അമേരിക്കയിലെ പോലീസ് പ്രതിവര്‍ഷം ആയിരത്തിലധികം നിരപരാധികളായ കറുത്തവരെ റോഡില്‍ വെടിവെച്ച് കൊല്ലുകയോ ജയിലില്‍ പീഡിപ്പിച്ച് കൊല്ലുകയോ ചെയ്തിരുന്നു.
ഗ്വാണ്ടാനമോ അടച്ചുപൂട്ടുമെന്ന് പറഞ്ഞുവെങ്കിലും ഒന്നും ചെയ്യാതെ കാലാവധി പൂര്‍ത്തിയാക്കി. ലോകത്ത് ആരെ കൊല്ലണമെന്നതിന്റെ ഒരു പട്ടിക അദ്ദേഹം കൈവശം വെച്ചു. അമേരിക്കന്‍ പൌരന്‍മാരേ പോലും വിചാരണ കൂടാതെ വെടിവെച്ച് കൊന്ന് സ്വയം വക്കീലും, ജഡ്ജിയും, ആരാച്ചാരും ആയി മാറി. പിന്നീട് വന്ന ട്രമ്പും ഇതെല്ലാം അതേ പോലെ തുടരുകയും കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയും മാത്രമാണ് ചെയ്യുന്നത്.
തെരഞ്ഞെടുപ്പിന്റെ ഫലം
അപ്പോള്‍ ചോദ്യം അവശേഷിക്കുന്നത്, അധികാരിയെ മാറ്റിയതില്‍ നിന്ന് എന്താണ് മാറ്റമുണ്ടാകുന്നത് എന്നതാണ്? സത്യത്തില്‍ ഭരണ തുടര്‍ച്ചയാണ് സംഭവിക്കുന്നത് എന്ന് സ്വബോധമുള്ള ആര്‍ക്കും മനസിലാകും. ഒരു മാറ്റവും ഉണ്ടാകുന്നില്ല. ഇപ്പോഴത്തെ ഭരണത്തിന്റെ ദുരിതമനുഭവിക്കുന്ന ജനം ഒരു മാറ്റമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. ആ പ്രതീക്ഷയില്‍ പ്രചരിക്കുന്ന പരസ്യങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റൊരു താര മോഡലിനെ അവര്‍ തെരഞ്ഞെടുക്കുന്നു. (2008 ലെ ഏറ്റവും നല്ല പരസ്യക്കാരനുള്ള അവാര്‍ഡ് കിട്ടിയത് ഒബാമക്കായിരുന്നു എന്ന് ഓര്‍ക്കുക.) അമേരിക്കയില്‍ ഒരു പാര്‍ട്ടിയേയുള്ളു. വാള്‍സ്ട്രീറ്റ് (പണം) എന്നാണ് അതിന്റെ പേര്. അതിന് രണ്ട് ശാഖകളുണ്ട്. ഒന്ന്, ഡമോക്രാറ്റുകള്‍, രണ്ട്, റിപ്പബ്ലിക്കന്‍മാര്‍. ഇവര്‍ പരസ്പരം മാറിയാലും ശരിക്കും ഭരണം നടത്തുന്നത് വാള്‍സ്ട്രീറ്റ് ആണ്.
തെരഞ്ഞെടുപ്പ് കൊണ്ടുള്ള ഈ അധികാര മാറ്റമെന്നത് കമ്പനികള്‍ ബ്രാന്റ് അംബാസിഡര്‍മാരെ മാറ്റുന്നത് പോലെയാണ്. ഉല്‍പ്പന്നത്തിന് ഒരു മാറ്റവും ഉണ്ടാവില്ല. പക്ഷേ പരസ്യത്തില്‍ വരുന്ന ആള് മാറിയിട്ടുണ്ടാവും. ജനാധിപത്യത്തിനും സംഭവിക്കുന്നത് അതാണ്.
ജനാധിപത്യ നാടകം ഇന്‍ഡ്യയില്‍
നമ്മുടെ നാട്ടിലും ഇത്തരത്തിലുള്ള ഒരു ഭരണ നാടക്കത്തിന്റെ തുടക്കമാണെന്ന് തോന്നുന്നു. കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തിനോടുള്ള എതിര്‍പ്പിന്റേയും അനുഭവിക്കുന്ന കഷ്ടപ്പാടിന്റേയും പ്രതികരണമായി മോഡിയെ അധികാരത്തിലെത്തിച്ചു. മോഡിയോ സാധാരണ ജനത്തിന്റെ ജീവിതത്തില്‍ കാര്യമായ മാറ്റമൊന്നുമുണ്ടാക്കിയതുമില്ല. എന്നാല്‍ ആധാര്‍ പോലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയം അതിനേക്കാള്‍ ശക്തമായി നടപ്പാക്കുന്നു.
ഈ ഭരണത്തിനെതിരെ ധാരാളം പ്രതിഷേധങ്ങളുണ്ടാകുന്നുണ്ട്. അവരെല്ലാം കരുതുന്നത് മോഡിയെ മാറ്റി വേറെ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചാല്‍ തങ്ങളുടെ ദുരവസ്ഥകള്‍ മാറും എന്നാണ്. അത് ഒരിക്കലും വിശ്വസിക്കരുത്. ഇനി അടുത്ത തവണ വേറെ മോഡലിനെ അധികാരത്തിലെത്തിച്ചാലും യഥാര്‍ത്ഥത്തില്‍ സംഭവിക്കുക ഭരണ തുടര്‍ച്ചതന്നെയാവും.
നിങ്ങള്‍ക്കിഷ്ടമില്ലാത്ത ഭരണം മാറ്റാനായി വോട്ട് ചെയ്തിട്ട് വീട്ടില്‍ പോയിരുന്നു ടിവി കണ്ടിരുന്നാല്‍ ഒരു മാറ്റവും ഉണ്ടാകില്ല. ഒരു മാറ്റവും ഉണ്ടാകാതെ നിലനില്‍ക്കുന്ന വ്യവസ്ഥയെ അതെ പോലെ മുന്നോട്ട് നയിക്കുക എന്നതാണ് ഭരണമാറ്റം. ജനമാണ് ശരിക്കും അധികാരികള്‍. ഒരു 10% ആളുകള്‍ വിസമ്മതം പ്രകടിപ്പിച്ച് നിരത്തിലേക്ക് ഇറങ്ങിയാല്‍ എത് ഭരണകൂടവും തകര്‍ന്ന് വീഴും. ഒപ്പം അവരുടെ പിറകിലുള്ള മുതലാളിമാരും. അങ്ങനെ സംഭവിക്കാതെ അസ്വസ്ഥരായ ജനങ്ങളെ തങ്ങളെന്തോ ചെയ്തു എന്ന തോന്നലുണ്ടാക്കി അവരുടെ പ്രതിഷേധത്തെ തണുപ്പിച്ച് ഉറക്കിക്കിടത്തുകയാണ് ഇത് ചെയ്യുന്നത്.
ഇനി മാറ്റത്തിനായി വന്നവര്‍ മാറ്റമൊന്നുമുണ്ടാക്കാതെ ജനദ്രോഹമാണ് ചെയ്യുന്നതെങ്കില്‍ പോലും ഈ തെരഞ്ഞെടുപ്പ് വാദികള്‍ക്ക് ന്യായമുണ്ട്. ഓ ഇയാള്‍ ചീത്ത മനുഷ്യനാണ്. അതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. പക്ഷേ ഇനിവരുന്നയാളുണ്ടല്ലോ അയാള് തങ്കമാണ് എന്നാവും പറയുക. അയാളും നമ്മേ വഞ്ചിക്കുമ്പോഴും ഇവര്‍ പുതിയ ന്യായങ്ങളിറക്കിക്കൊണ്ടിരിക്കും. എന്തിന്, തനി തങ്കം പോലുള്ള ഭരണഘടന നിനക്കൊക്കെ തന്നിട്ട് അത് ഉപയോഗിക്കാന്‍ നിനക്കൊന്നും അറിയല്ലാത്തതിന് ഭരണഘടനയെകുറ്റം പറയേണ്ട എന്ന് പറഞ്ഞ്, കുറ്റം മുഴുവന്‍ ജനത്തിന്റെ തലയില്‍ വെക്കാനും മടിയില്ലാത്തവരാണവര്‍.
തെരഞ്ഞെടുപ്പിന്റെ തട്ടിപ്പ്
അമേരിക്കയിലെ തെരഞ്ഞെടുപ്പ് പോലും ഒരു തട്ടിപ്പാണ്. ധാരാളം ആളുകള്‍ക്ക് വോട്ട് അവകാശം ഫലത്തില്‍ കിട്ടുന്നു പോലുമില്ല.
ശരി താങ്കള്‍ വോട്ട് ചെയ്ത് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ അധികാരത്തിലെത്തിച്ചെന്ന് കരുതുക. അധികാരം കിട്ടിയവര്‍ എന്താണ് ചെയ്യുന്നത്? Princeton സര്‍വ്വകലാശാല നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയിലെ സര്‍ക്കാര്‍ എടുക്കുന്ന നയങ്ങളില്‍ കൂടുതലും ജനവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. അതായത് ജനം സ്വന്തം താല്‍പ്പര്യത്തിനെതിരായാണ് വോട്ട് ചെയ്യുന്നത്. അതിനെയാണ് നാം ജനാധിപത്യമെന്ന് പറയുന്നത്.
ഇനി നിങ്ങള്‍ വോട്ട് ചെയ്യുന്നത് നിങ്ങളുടെ സ്വന്തം സ്വാഭാവികമായ യുക്തി അനുസരിച്ചാണെന്നതിന് എന്താണ് ഉറപ്പ്? Cambridge Analyticaയും ഫേസ്‌ബുക്കും കാണിച്ചുതരുന്നത് അതാണ്. ലോകം മൊത്തമുള്ള തെരഞ്ഞെടുപ്പുകളില്‍ ഈ ബ്രിട്ടീഷ് സ്ഥാപനം രഹസ്യമായി പ്രവര്‍ത്തിക്കുന്നു എന്ന് കമ്പനിയുടെ ceo ആയ Alexander Nix പറയുന്നു. അതാണ് പുതിയ അവസ്ഥ. നിങ്ങളെന്തെല്ലാം സൂഷ്മപ്രചാരവേലയുടെ ഇരയാണെന്ന് കണ്ടെത്തുക തന്നെ വിഷമമാണ്. അതുകൊണ്ട് നിങ്ങള്‍ ചെയ്യുന്ന വോട്ട് പോലും ആത്മാര്‍ത്ഥമായ നിങ്ങളുടെ അഭിപ്രായമാകണമെന്നില്ല.
ശരിയായ ജനാധിപത്യം
മനുഷ്യ സമൂഹത്തിലെ മനുഷ്യര്‍ നിര്‍മ്മിച്ച വ്യവസ്ഥകളൊന്നും പ്രകൃതി നിയമം പോലെ പ്രവര്‍ത്തിക്കുന്നവയല്ല. ആരാണോ ജാഗ്രതയോടിരിക്കുന്നത് അവര്‍ക്ക് വേണ്ടിയാവും ആ വ്യവസ്ഥകള്‍ പ്രവര്‍ത്തിക്കകു. ജനത്തിന് ജാഗ്രതയുണ്ടെങ്കില്‍ ജനത്തിന് വേണ്ടിയും, പണക്കാര്‍ക്ക് ജാഗ്രതയുണ്ടെങ്കില്‍ പണക്കാര്‍ക്ക് വേണ്ടിയും അത് പ്രവര്‍ത്തിക്കും.
സത്യത്തില്‍ ആര് ഭരിക്കുന്നു എന്നത് പ്രധാനമല്ല. ഭരിക്കുന്നവര്‍ ജനത്തിന്റെ താല്‍പ്പര്യ പ്രകാരമാണോ ഭരിക്കുന്നത് എന്നതാണ് പ്രധാനം. ആര് വേണമെങ്കിലും ഭരിച്ചോട്ടേ. പക്ഷേ അവര്‍ ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കണം. അതിന് ഉണര്‍ന്നിരിക്കുന്ന രാഷ്ട്രീയമായി സജീവമായ ഒരു പൌര സമൂഹത്തിന്റെ ആവശ്യമുണ്ട്. അല്ലാതെ വോട്ട് ചെയ്ത് മാറ്റമുണ്ടാക്കാം എന്ന വ്യാമോഹത്തില്‍ മതിമറന്നിരിക്കരുത്.
ജനം പാട്ടും, ഡാന്‍സും, കോമഡിയും, സിനിമയും, സോഷ്യല്‍ കണ്‍ട്രോള്‍ മീഡിയയും കണ്ട് മണ്ടാന്‍മാരാകുകയും, കള്ള സമരങ്ങളില്‍ പെട്ട് തെറ്റിധരിക്കപ്പെട്ടവരായിരിക്കുകയും ചെയ്യുന്നടത്തോളം കാലം, പഴയ ജന്മിമാരും രാജാക്കന്‍മാരും പുതിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട് പണ്ടുണ്ടായിരുന്നതിലും മോശമായ ജീവിത ചുറ്റുപാടായിരിക്കും പ്രദാനം ചെയ്യുക.
അതുകൊണ്ട് ഉണരുക. എപ്പോഴും ഉണര്‍ന്നിരിക്കുക, സംശയിക്കുക, ചോദ്യം ചോദിക്കുക, ശ്രദ്ധമാറാതിരിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.