വര്‍ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്‍

“നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന കെപിഏസിയുടെ നാടകത്തിന്റെ അവസാന രംഗത്ത് ഒരു സംഭവമുണ്ട്. ജന്മിയുടെ ഗുണ്ടകള്‍ തല്ലിതകര്‍ത്ത തൊഴിലാളിനേതാവായ നായകന്‍ ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുന്നു. സഹനായകന്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങി അവിടെ തടിച്ച് കൂടിയ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷം ഇങ്ങനെ ഒരു ആഹ്വാനം നടത്തുന്നു: “ഈ അനീതിക്കെതിരെ എല്ലാ ആളുകളും റോഡിലേക്കിറങ്ങട്ടേ. കൊടുംകാറ്റ് പോലെ പ്രക്ഷോഭണം ഉയരട്ടേ. ആര്‍ത്തിരമ്പുന്ന പ്രതിഷേധത്തിന്റെ മുമ്പില്‍ അക്രമികള്‍ മാളത്തിലൊളിക്കും. അത് ഒരു പുതുയുഗത്തിന്റെ പിറവിയായിരിക്കും.” ഇത് കേട്ട് ആവേശഭരിതരായ ജനക്കൂട്ടം കൂടുതല്‍ ആളുകളെ സംഘടിപ്പിച്ച് ജന്മിക്കെതിരെ തെരുവിലേക്കിറങ്ങുന്നു.

ഇതുപോലെയുള്ള സംഭവങ്ങള്‍ ഫാക്റ്ററികളും മറ്റ് തൊഴിലിടങ്ങളിലും സംഭവിക്കാറുണ്ട്. തൊഴിലാളി വര്‍ഗ്ഗം സംഘടിച്ച് ജന്മിമാര്‍ക്കും മുതലാളിമാര്‍ക്കും എതിരെ സമരം നടത്തുന്നു. ഇതിനെയാണ് വര്‍ഗ്ഗ സമരം എന്ന് വിളിക്കുന്നത്. ഇതാണ് വലതും ഇടതുമുള്ള എല്ലാവരുടേയും അഭിപ്രായം. ഒരു സംശയവും ആര്‍ക്കും ഉണ്ടാകില്ല. ഒരു തര്‍ക്കവും ഉണ്ടാകാനിടയില്ല.

തൊഴിലാളികളുടെ സംഘമാണ് ഈ വര്‍ഗ്ഗ സമരം നടത്തുന്നത്. അത് സഹിക്കുന്നതോ? പാവം മുതലാളിമാരും. നിങ്ങള്‍ക്ക് തൊഴില്‍ തരുന്ന, ഐഫോണ്‍ മുതല്‍ ഐരാവതം വരെയുള്ള ഉല്‍പന്നങ്ങള്‍ നമുക്ക് നല്‍കുന്ന, അത്തരം ഉല്‍പ്പന്നങ്ങളും സേവനങ്ങളും പൊതുജനത്തില്‍ നല്‍കാന്‍ വേണ്ടി സ്വന്തം ജീവിതം തന്നെ പണയം വെക്കുന്ന ഈ പാവങ്ങള്‍ക്കെതിരെയല്ലേ യൂണിയന്‍കാര്‍ സംഘം ചേര്‍ന്ന് ഗുണ്ടായിസം കാണിച്ച് അവരില്‍ നിന്ന് പണവും അവകാശവും തട്ടിയെടുക്കുന്നത്. കഷ്ടം. പാവം മുതലാളിമാര്‍. ഇതാണ് നമ്മുടെ നാട്ടില്‍ പ്രചരിക്കുന്ന ആശയം.

എന്നാല്‍ ഈ പാവം മുതലാളിമാര്‍ക്ക് അവരുടെ അവസ്ഥയെക്കുറിച്ച് എന്തായിരിക്കാം പറയാനുണ്ടാവുക. അതറിയാന്‍ ഏറ്റവും നല്ലത് ലോകത്തെ ഏറ്റവും വലിയ മുതലാളിത്ത രാജ്യത്തിലെ ഒരു മുതലാളിയോട് തന്നെ ചോദിക്കുന്നതാവും. എന്തായാലും അമേരിക്ക പോലുള്ള മുതലാളിത്ത രാജ്യങ്ങളില്‍ ഇത്തരം ഗുണ്ടായിസമൊന്നും നടക്കില്ലല്ലോ. അവിടെ വര്‍ഗ്ഗ സമരമൊന്നുമുണ്ടാവില്ല.

nytimes.com November 26, 2006

“There’s class warfare, all right, but it’s my class, the rich class, that’s making war, and we’re winning”. “ശരിയാണ്, അമേരിക്കയില്‍ വര്‍ഗ്ഗ സമരമുണ്ട്. എന്നാല്‍ എന്റെ വര്‍ഗ്ഗം, അതായത് പണക്കാരുടെ വര്‍ഗ്ഗം, ആണ് ആ യുദ്ധം നിര്‍മ്മിക്കുന്നതും, അതില്‍ വിജയിക്കുന്നതും”.

അയ്യോ.. നമുക്ക് തെറ്റിയല്ലോ. അമേരിക്കയില്‍ വര്‍ഗ്ഗ സമരമുണ്ടെന്ന്. അത് പറയുന്നത്. യൂണിയന്‍കാരൊന്നുമല്ല കേട്ടോ. അമേരിക്കയിലെ ഏറ്റവും വലിയ പണക്കാരില്‍ മൂന്നാമനായ സാക്ഷാല്‍ ശതകോടീശ്വരാനായ വാറന്‍ ബഫറ്റാണ് അങ്ങനെ പറഞ്ഞത്. അതാണ് നാം കാണാത്ത മഹത്തായ സത്യം. വിശ്വാസം വരുന്നില്ലായിരിക്കും. അതാണ് മാജിക്ക്. പക്ഷേ ലോകം മുഴുവന്‍ ഇതാണ് ശരിക്ക് സംഭവിക്കുന്നത്.

ഏറ്റുമുട്ടലിന്റെ രീതികള്‍

“ഇന്ന് വൈകിട്ട് നാല് മണിക്ക് കട്ടപ്പനയില്‍ ഫുട്ട്ബാള്‍ കളിയുണ്ടാവും. അവിടെ കോട്ടയം ടീമും ഇടുക്കി ടീമും ഏറ്റുമുട്ടുന്നു..” എന്നൊരു അറീപ്പ് കേട്ടു എന്ന് കരുതുക. ഇതില്‍ നിന്ന് നാം എന്ത് മനസിലാക്കി? അതായത് കട്ടപ്പന എന്ന സ്ഥലത്ത്, നാല് മണി എന്ന സമയത്ത് രണ്ട് ടീമുകള്‍ ഒരു കളി നടത്തുന്നു. വളരെ കൃത്യമാണ് അത്. ഒരേ പ്രവര്‍ത്തിയാണ് രണ്ട് ടീമുകളും ചെയ്യുന്നത്. അവര്‍ക്ക് ഗോളടിക്കുക എന്ന ഒറ്റ ലക്ഷ്യമാണുള്ളത്. ഒരേ സമയത്ത് ഒരേ സ്ഥലത്താണ് അത് സംഭവിക്കുന്നത്. അവര്‍ക്ക് നിയമവും ആണ്.

യുദ്ധം, മല്‍സരം തുടങ്ങിയെല്ലാത്തിനും ഇതേ രീതിയാണുള്ളത്. അപ്പോള്‍ സമരത്തിനും വേറൊരു രീതിയുണ്ടാവാന്‍ സാദ്ധ്യതയില്ലല്ലോ.

എന്താണ് വര്‍ഗ്ഗസമരം

ഏത് കളിയിലും യുദ്ധത്തിലും ഒക്കെ രണ്ട് പക്ഷമുള്ളതു പോലെ സമരത്തിലും രണ്ട് പക്ഷങ്ങളുണ്ടാകണമല്ലോ. മനുഷ്യ സമൂഹത്തിന്റെ അടിസ്ഥാനം സാമ്പത്തികമാണ്. ഈ സമൂഹത്തില്‍ രണ്ട് തരത്തിലുള്ള ആള്‍ക്കാരുണ്ട്. സമ്പത്തുള്ളവരും സമ്പത്തില്ലാത്തവരും. ഇതില്‍ സമ്പത്തില്ലാത്തവര്‍ അവരുട അദ്ധ്വാനശക്തി വിറ്റ് ജീവിക്കുന്നു. മറ്റേക്കൂട്ടര്‍ സാമൂഹ്യമായ ആസൂത്രണം നടത്തി സമൂഹത്തെ സമയത്തില്‍ മുന്നോട്ട് നയിച്ച് സ്വയം ജീവിക്കുന്നു. മൊത്തം ജനസംഖ്യയുടെ 99% വും അദ്ധാനം വിറ്റ് ജീവിക്കുന്നവരാണ്. അവരെ പണിക്കാരെന്ന് വിളിക്കാം. ബാക്കിവരുന്ന 1% പേരാണ് പണക്കാര്‍. അധികാരികള്‍. ഈ രണ്ട് കൂട്ടര്‍ തമ്മില്‍ നടത്തുന്ന സമരമാണ് വര്‍ഗ്ഗ സമരം. സമരം ആയതുകൊണ്ട് രണ്ട് കൂട്ടരും അത് ചെയ്യണം. ഒരുകൂട്ടര്‍ക്ക് വെറുതെയിരിക്കാനാവില്ലല്ലോ.

തൊഴിലാളികളുടെ വര്‍ഗ്ഗസമരം

നിങ്ങള്‍ രാവിലെ ജോലിക്ക് പോകുന്നു. വൈകിട്ട് കൂലി വാങ്ങി തിരികെ പോകുന്നു. നിങ്ങളുടെ പ്രവര്‍ത്തിയും അതിന്റെ ആസൂത്രണവും ദൈനംദിനമുള്ളതാണ്. ചിലര്‍ക്ക് മാസാവസാനം ഒന്നിച്ച് കൂലി കിട്ടുന്നു എന്ന വ്യത്യാസമുണ്ടെങ്കില്‍ കൂടിയും 99% ആളുകളും ഈ കൂലിപ്പണിയാണ് ചെയ്യുന്നത്. ഇവിടെ ഇവരുടെ പ്രവൃത്തി ചക്രത്തിന്റെ ദൈര്‍ഖ്യം 8 മണിക്കൂര്‍ ആണ്. (അല്ല, ഈ 8 മണിക്കൂര്‍ എവിടെനിന്ന് വന്നതാണ്? താങ്കള്‍ക്കൊരു ഗൃഹപാഠമാകട്ടേ അത്!) ആ 8 മണിക്കൂറില്‍ പണിക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കും കാര്യങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ ആസൂത്രണം നടത്തുന്നത്.

സഹികെടുമ്പോള്‍ പെട്ടെന്ന് യാദൃശ്ഛികമായി ഉണ്ടാകുന്നതാണ് തൊഴിലാളികളുടെ വര്‍ഗ്ഗ സമരത്തില്‍ കൂടുതലും. ചിലത് തൊഴിലാളി സംഘടനകള്‍ ആസൂത്രണം ചെയ്യുന്നതാണ്. മിക്കപ്പോഴും വേതനം, ആനുകൂല്യം, തൊഴിലിടത്തെ സൌകര്യങ്ങള്‍ ഇവ മതിയാവുന്നില്ലന്നോ, തൊഴിലവസരം നഷ്ടപ്പെടുന്നതോ തൊഴിലുടമയുടേയോ രാഷ്ട്രത്തിന്റേയോ നയങ്ങള്‍ ദീര്‍ഘകാലത്തേക്ക് തൊഴിലാളിക്കും തൊഴില്‍ ദാദാവിനും ഗുണം ചെയ്യില്ല എന്നൊ ആകും സമരത്തിന് കാരണമാകുന്ന കാര്യങ്ങള്‍. എന്തായാലും ഈ വര്‍ഗ്ഗസമരത്തിന് ചെറിയ ഒരു കാലയളവലെ ഒരു കൃത്യമായ തുടക്കമുണ്ട്, പ്രവര്‍ത്തന കാലമുണ്ട്. അവസാനമുണ്ട്. ചിലപ്പോള്‍ അത് തൊഴിലാളികള്‍ക്ക് ഗുണകരമായി ഭവിക്കും മിക്കപ്പോഴും ഒന്നും സംഭവിക്കാതെ കെട്ടടങ്ങുകയും ചെയ്യുന്നു. ഗുണകരമായി ഭവിച്ചാലും ഗ്രീക്കുകാര്‍ പണ്ട് പറഞ്ഞത് പോലെ എപ്പോഴും ചരിത്രം ആവര്‍ത്തിക്കുന്നതായി കാണാം.

പക്ഷേ ചിലപ്പോള്‍ ഈ ഒറ്റപ്പെട്ട സമരങ്ങള്‍ പടര്‍ന്ന് പിടിക്കും. സമൂഹമാകെ പല സമരങ്ങളിലേക്ക് അണിചേരും. ആ സമയം പണക്കാരുടെ വര്‍ഗ്ഗത്തിന് വ്യവസ്ഥ പഴയതുപോലെ നടത്തിക്കൊണ്ട് പോകാനാകാതെ വരും. അപ്പോള്‍ അവര്‍ വ്യവസ്ഥയുടെ പഴയ വേഷം മാറ്റി പുതിയ വേഷം ഇടും. അതായത് വ്യവസ്ഥയുടെ ഘടന മാറുന്നു. അടിത്തില്‍ നിന്ന് ജന്മിത്തത്തിലേക്കും അതില്‍ നിന്ന് മുതലാളിത്തത്തിലേക്കും, അവിടെ നിന്ന് ജനാധിപത്യത്തിലേക്കും, പിന്നീട് ക്ഷേമരാഷ്ട്ര ജനാധിപത്യത്തിലേക്കും, പിന്നീട് ധനകാര്യ മുതലാളിത്തത്തിലേക്കുമൊക്കെയുള്ള മാറ്റം ഉണ്ടായത് അങ്ങനെയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഡിജിറ്റല്‍ മുതലാളിത്തമാണ്. പക്ഷേ ഈ മാറ്റങ്ങള്‍ക്കടിയിലും പഴയ ചൂഷണ വ്യവസ്ഥയാണ് നിലനില്‍ക്കുന്നത്.

അമേരിക്കയില്‍ അടിമത്തം നിരോധിച്ചത് നോക്കൂ. വെറും രണ്ട് വര്‍ഷത്തിന് ശേഷം 13 ആം ഭേദഗതി വന്ന് ജയിലില്‍ അടിമത്തം അനുവദിച്ചു. ഇന്നും അത് തുടരുന്നു. കോളനികളിലെ സ്വാതന്ത്ര്യ സമരങ്ങള്‍ ഘടനാപരമായ ആഴം വ്യക്തമാക്കുന്ന വേറൊരു ഉദാഹരണമാണ്. ഭരണം തുടര്‍ന്ന് കൊണ്ടുപോകുന്നത് അസാദ്ധ്യമായപ്പോള്‍ ബ്രിട്ടീഷുകാര്‍ കോളനികള്‍ സ്വതന്ത്രമാക്കുകയും പകരം സാമ്പത്തിക സാമ്രാജ്യമായി മാറുകയും ചെയ്തു. ഇന്ന് ലോകത്തെ മൊത്തം സാമ്പത്തിക സേവനങ്ങളുടേയും 25% നടക്കുന്ന ബ്രിട്ടീഷ് അധീന പ്രദേശങ്ങളിലാണ്. സ്വതന്ത്ര രാജ്യങ്ങളില്‍ എന്ത് നടക്കണമെന്ന് City of London (ലണ്ടന്‍ നഗരമല്ല) ആണ് തീരുമാനിക്കുന്നത്. (കാണുക ബ്രിട്ടണിന്റെ രണ്ടാം സാമ്രാജ്യം)

ഇങ്ങനെ ഘടനാപരമായി വ്യവസ്ഥ മാറുമ്പോള്‍ അതുമായി ബന്ധപ്പെട്ട് പുതിയ ഉല്‍പ്പന്നങ്ങള്‍, പുതിയ ഉപകരണങ്ങള്‍, പുതിയ ബന്ധങ്ങള്‍, പുതിയ സ്വഭാവങ്ങള്‍ തുടങ്ങി ഒരുപാട് മാറ്റങ്ങള്‍ എല്ലാ രംഗത്തും സംഭവിക്കും. നേരിട്ടല്ലെങ്കിലും വിസമ്മതിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന ആളുകളുടെ സമ്മര്‍ദ്ദ ഫലമായാണ് ഈ മാറ്റങ്ങളെല്ലാം ഉണ്ടായത്. അതുകൊണ്ടാണ് മനുഷ്യ ലിഖിത ചരിത്രം വര്‍ഗ്ഗസമരങ്ങളുടെ ചരിത്രമാണ് എന്ന് പറയുന്നത്.

മുതലാളിമാരുടെ വര്‍ഗ്ഗസമരം

വാറന്‍ ബഫറ്റ് പറയുന്നത് അനുസരിച്ചെങ്കിലും സമ്പന്നര്‍ വര്‍ഗ്ഗ സമരം നടത്തുന്നുണ്ടെന്ന കാര്യത്തെ താങ്കള്‍ നിഷേധിക്കില്ലായിരിക്കും. പക്ഷെ ഇവിടെ സമ്പന്നര്‍ സംഘം ചേര്‍ന്ന് റോഡിലിറങ്ങുകയോ പ്രകടനം നടത്തുകയോ ചെയ്യുന്നോ? ഇല്ല. പിന്നെ എങ്ങനെ സമരം നടത്തും? അവര്‍ ചിലപ്പോള്‍ തൊഴിലാളി സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രേമിച്ചേക്കും. ഗുണ്ടകളേയും പോലീസിനേയും അവര്‍ ഉപയോഗിക്കും. ചിലപ്പോള്‍ ജോലിയില്‍ നിന്ന് പറഞ്ഞ് വിടും. ജയിലിലടക്കും. ചിലപ്പോള്‍ കൊല്ലും. അതിനേയാണോ മുതലാളിയുടെ വര്‍ഗ്ഗസമരമായി പറയുന്നത്?

അല്ലേ അല്ല. പണിക്കാരുടെ സമരത്തോടുള്ള അവരുടെ പ്രതികരണങ്ങള്‍ ആണ് അതെല്ലാം. ശരിക്കും അവരുടെ പ്രവര്‍ത്തി അതൊന്നുമല്ല. നാം അത് കാണുന്നില്ല എന്ന് മാത്രം. അദൃശ്യമാണത്. അല്ലെങ്കില്‍ അദൃശ്യമാക്കി നിര്‍ത്തപ്പെടുന്നു. മിക്കപ്പോഴും അത് പേന കൊണ്ട് ചെയ്യുന്നതുമാണ്.

സമരത്തിന്റെ ഘടന

അവിടെയാണ് നമ്മുടെ ചിന്താരീതിയുടെ വലിയ പ്രശ്നം കിടക്കുന്നത്. നാം ഒരേ വീക്ഷണത്തില്‍ [frame of reference] എല്ലാത്തിനേയും കാണാന്‍ ശ്രമിക്കുന്നു. പക്ഷേ സമൂഹമോ പ്രപഞ്ചമോ ഒരേ frame of reference ല്‍ തന്നെ നില്‍ക്കുന്നതല്ല. അങ്ങനെ നോക്കുമ്പോള്‍ ഒരു ഫുട്ബോള്‍ കളിപോലെ എല്ലാവരും ശ്രദ്ധിക്കുന്ന ഒരു നിമിഷത്തെ സംഭവം എന്ന രീതിയിലല്ലാത്ത കാര്യങ്ങളും നടക്കുന്നുണ്ടാവണം. അത് മനസിലാക്കണണമെങ്കില്‍ നമുക്ക് നമ്മുടെ frame of reference മാറ്റയേ പറ്റൂ.

സമ്പന്നര്‍ നടത്തുന്ന വര്‍ഗ്ഗ സമരത്തിന്റെ ഘടന തന്നെ വേറെയാണ്. കാരണം പ്രവര്‍ത്തി, സ്ഥലം, കാലം എന്നീ വീക്ഷണത്തില്‍ പണക്കാരും പണിക്കാരും വ്യത്യസ്ഥമായാണ് ഇടപെടുന്നത്.

  • ഒരേ പ്രവര്‍ത്തിയല്ല അവര്‍ ചെയ്യുന്നത്. സമ്പന്നര്‍ നിക്ഷേപം നടത്തുമ്പോള്‍ ജോലിക്കാര്‍ സ്വന്തം അദ്ധ്വാനശക്തിയും സമയവും വില്‍ക്കുന്നു.
  • ഒരു സ്ഥലത്തല്ല അവര്‍ പ്രവര്‍ത്തിക്കുന്നത്. ജോലിക്കാര്‍ തദ്ദേശീയരാണെങ്കില്‍ സമ്പന്നര്‍ അന്യദേശക്കാരനോ ചിലപ്പോള്‍ വിദേശിയോ ആകാം.
  • ഒരേ സമയത്തല്ല അവര്‍ പ്രവര്‍ത്തിക്കുന്നത്. ജോലിക്കാര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. സമ്പന്നര്‍ വര്‍ഷങ്ങളിലോ ദശാബ്ദങ്ങളിലോ പ്രവര്‍ത്തിക്കുന്നു.
  • ഒരേ ലക്ഷ്യമല്ല അവര്‍ക്കുള്ളത്. പണിക്കാരെ സംബന്ധിച്ചടത്തോളം അവരുടെ ദൈനം ദിന കാര്യങ്ങള്‍ മുന്നോട്ട് പോകണമെന്നേയുള്ളു. എന്നാല്‍ പണക്കാര്‍ക്ക് വേണ്ടത് കൂടുതല്‍ കൂടുതല്‍ ലാഭം.

പ്രവര്‍ത്തനങ്ങളില്‍ ഇത്ര വ്യത്യാസമുണ്ടെങ്കില്‍ തീര്‍ച്ചായായും വര്‍ഗ്ഗസമരങ്ങളും വ്യത്യസ്ഥമാകേണ്ടേ. തീര്‍ച്ചയായും. വര്‍ഗ്ഗസമരങ്ങളും വ്യത്യസ്ഥമാണ്.

പണക്കാരുടെ വര്‍ഗ്ഗ സമരം സ്ഥലത്തിലും സമയത്തിലുമുള്ള കളികളാണ്. അവരുടെ പ്രവര്‍ത്തിയുടെ ഫലം അറിയാന്‍ ചിലപ്പോള്‍ ദശാബ്ദങ്ങളെടുക്കും. ചിലപ്പോള്‍ അന്യ ദേശങ്ങളില്‍ നടന്ന കാര്യത്തിന്റെ ഫലം നമ്മളാവും അനുഭവിക്കുക. അതുതൊണ്ടത് അദൃശ്യമാണ്. സമ്പന്നരുടെ വര്‍ഗ്ഗ സമരത്തെ നിങ്ങള്‍ അറിയുക കൂടിയില്ല. മിക്കപ്പോഴും നമ്മേ തന്നെ വഞ്ചിച്ച് കൊണ്ട് നമ്മള്‍ തന്നെയാകും അത് പ്രചരിപ്പിക്കുക.

സമ്പന്നരുടെ വര്‍ഗ്ഗസമം വ്യവസ്ഥ തന്നെ ചെയ്യുന്നതാണ്. കൂടുതല്‍ ലാഭം നിങ്ങള്‍ നേടിയില്ലെങ്കില്‍ നിങ്ങള്‍ കളിയില്‍ നിന്ന് പുറത്താകും. അതുകൊണ്ട് എല്ലാ പണക്കാരും എലിയെപോലെ ഓടുകയാണ്. ഈ വ്യവസ്ഥയുടെ ഒരു സ്വാഭാവിക സ്വഭാവമാണത്. ആരും മുതലാളിത്തത്തിന് വേണ്ടി ഗൂഢാലോചനയൊന്നും ചെയ്യുന്നില്ല. അതിന്റെ കാര്യവും ഇല്ല. ലാഭവും വളര്‍ച്ചയും അതിനെ നയിച്ചോളും. (എന്തിന് വളര്‍ച്ച വേണം. താങ്കള്‍ക്കൊരു ഗൃഹപാഠം)

മാര്‍ഗ്ഗങ്ങള്‍

പല മാര്‍ഗ്ഗങ്ങളിലൂടെയാണ് പണക്കാര്‍ അവരുടെ വര്‍ഗ്ഗ സമരം നടത്തുന്നത്. അവയില്‍ ചിലത്.

1. രാജ്യത്ത് നിയമങ്ങള്‍ നിര്‍മ്മിക്കുക, പരിപാലിക്കുക (പാര്‍ളമെന്റും ജുഡീഷ്യറിയും).
2. രാജ്യത്ത് നയങ്ങള്‍ രൂപികരിക്കുക, നടപ്പാക്കുക (പാര്‍ളമെന്റും എക്സിക്യുട്ടീവ്).
3. സാമ്പത്തിക വ്യവസ്ഥ.
4. അന്തര്‍ ദേശീയ കരാറുകള്‍ ആവിഷ്കരിക്കുക, രാജ്യങ്ങളെ അതില്‍ ഒപ്പുവെപ്പിക്കുക.
5. പൊതു ആവശ്യങ്ങള്‍ക്ക് വേണ്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്നത് വഴി വ്യക്തികളുടെ ജീവിതത്തെ പുനരാവിഷ്കരിക്കുക.
6. ആ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപയോഗിച്ച് സാമൂഹ്യ നിയമങ്ങള്‍ രൂപീകരിക്കുക.
7. സമ്പന്നര്‍ക്കനുകൂലമായ വര്‍ഗ്ഗ ബോധവും വര്‍ഗ്ഗ യാഥാര്‍ത്ഥ്യവും സൃഷ്ടിക്കുക.

പാര്‍ളമെന്റും ജുഡീഷ്യറിയും എക്സിക്യുട്ടീവും

ഇന്ന് ലോകത്ത് മിക്ക രാജ്യങ്ങളിലും ഭരണം നടത്തുന്നത് ജനാധിപത്യ സര്‍ക്കാരുകളാണെന്നാണ് നമ്മുടെയൊക്കെ വിശ്വാസം. ഈ സര്‍ക്കാര്‍ അല്ലെങ്കില്‍ രാഷ്ട്രം എന്നത് മുതലാളിത്തത്തിന്റെ അടിസ്ഥാനമായ ഘടകമാണ്. ഒരു ഭരണകൂടം ഇല്ലാതെ അത് നിലനില്‍ക്കില്ല. സര്‍ക്കാരിന്റെ ജോലി നിയമങ്ങള്‍ ആവിഷ്കരിക്കുകയും അവ നടപ്പാക്കുകയും ചെയ്യുകയാണ്. ആധുനിക ജനാധിപത്യ സര്‍ക്കാരുകളെ വോട്ടെടുപ്പോടെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണെങ്കിലും ഏറ്റവും കൂടതല്‍ സംഭാവന കിട്ടിയ വ്യക്തിയോ പാര്‍ട്ടിയോ ആകും ആ വിജയം കൈക്കലാക്കുക. ഇവര്‍ അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ അതുവരെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തി, തങ്ങളുടെ യജമാനന്‍മാരായ പണക്കാരുടെ താല്‍പ്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ച് തുടങ്ങും. ഒപ്പം ജനങ്ങളുടെ ശ്രദ്ധ മാറ്റാന്‍ പൊതുരംഗത്ത് ധാരാളം നാടകങ്ങളും നടക്കുന്നുണ്ടാവും.

1971 ല്‍ ലൂയിസ് പവല്‍ US Chamber of Commerce ന്റെ ഡയറക്റ്റര്‍ക്ക് “Attack on the American Free Enterprise System” എന്നൊരു മെമ്മോറാണ്ടം കൊടുത്തു. അതില്‍ പറയുന്നത് അമേരിക്കയില്‍ ജനാധിപത്യം അധികമായി, സ്ഥാപനങ്ങളെ അത് ആക്രമിക്കുന്നു, അതിനെ നിയന്ത്രിക്കണം എന്നാണ് അതില്‍ ആവശ്യപ്പെടുന്നത്. (താമസിയാതെ പവലിനെ സുപ്രീം കോടതി ജഡ്ജി ആയി നിക്സണ്‍ നാമനിര്‍ദ്ദേശം ചെയ്തു. എന്തുകൊണ്ട്? HW) അമേരിക്കയിലെ മുതലാളിത്തത്തിന്റെ സുവര്‍ണ്ണകാലം അതോടെ അവസാനിച്ചു. മുമ്പത്തെ പോലെ സമ്പന്നരുടെ വര്‍ഗ്ഗസമരം വീണ്ടും വിജയത്തിലേക്കെത്തി. 1960 കള്‍ക്ക് ശേഷം അമേരിക്കയിലെ ജോലിക്കാരുടെ യഥാര്‍ത്ഥ ശമ്പളം ഇന്നും വര്‍ദ്ധിച്ചിട്ടില്ല.

Princeton University യിലെ Martin Gilens ഉം Benjamin I. Page നടത്തിയ ഒരു പഠനപ്രകാരം അമേരിക്കന്‍ സര്‍ക്കാര്‍ എടുക്കുന്ന 70% തീരുമാനങ്ങളും നിയമങ്ങളുമൊക്കെ സാധാരണ ജനത്തിന് ദോഷമായി പ്രവര്‍ത്തിക്കുന്നതാണ്. അവയെല്ലാം 1% ല്‍ വളരെ താഴെ വരുന്ന സമ്പന്നര്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്നതാണ്. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ വോട്ടോടുകൂടി അധികാരത്തില്‍ വന്നിട്ട് എത്രയെളുപ്പം അവരെ വഞ്ചിക്കാന്‍ കഴിയുന്നു എന്ന് നോക്കൂ.

ഏത് നിയമമാണെങ്കിലും അത് പണക്കാര്‍ക്ക് ലംഘിക്കാന്‍ വേണ്ടിയുണ്ടാക്കുന്നതാണ്. എഴുതുമ്പോള്‍ തന്നെ അവര്‍ അതില്‍ പഴുതുകളിടും. പിന്നീട് അത് പോരാതാകുമ്പോള്‍ നിയമം വളച്ചൊടിക്കും. അവസാനം നിയമം തന്നെ തര്‍ക്കും, ഇല്ലാതാക്കും. ഇതൊന്നും ജനകീയ ചര്‍ച്ച പോയിട്ട് ജനം അറിയുന്നുപോലുമുണ്ടാവില്ല.

നികുതിയുടെ കാര്യം നോക്കുക. സര്‍ക്കാരിനെ സ്വാധീനിച്ച് നികുതി ഇളവ് നല്‍കുന്ന നിയമങ്ങള്‍ വലിയ കമ്പനികള്‍ കൊണ്ടുവരുന്നു. അത് അതേ സമയം ഇപ്പോഴുള്ള നിയമമനുസരിച്ചുള്ള നികുതി കൊടുക്കാതെ വെട്ടിപ്പ് നടത്തുകയും ചെയ്യുന്നു. Paradise Papers, Panama Papers, Luxembourg Leaks തുടങ്ങി എത്രയേറെ സംഭവങ്ങളാണ് നേരിട്ട് ഇക്കാര്യം പൊതു മണ്ഡലത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്.

സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കുന്നതും ഇങ്ങനെ തന്നെയാണ്. മുതലാളിമാര്‍ക്ക് ഗുണകരമായ നയങ്ങളാവും രൂപീകരിക്കുക. മറയായി പാവം ജനത്തിന്റെ പേരും പറയും. ആധാറിന്റെ കാര്യം നോക്കൂ. പണ്ട് തിരിച്ചറിയല്‍ നടത്തുന്നത് നമ്മളും ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനും തമ്മിലായിരുന്നത് വിദൂരത്തിലുള്ള ഒരു സെര്‍വ്വറിലേക്ക് മാറ്റി. ഫലമോ പണ്ട് തിരിച്ചറിയല്‍ സൌജന്യമായിരുന്നത് ഇപ്പോള്‍ അനേകം സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കുനുള്ള സംഗതിയായി. ഡിജിറ്റല്‍ ഇന്‍ഡ്യ, gst തുടങ്ങിയെല്ലാം പുതിയ പണ കൊയ്ത് മേഖലകള്‍ സമ്പന്നര്‍ക്ക് വേണ്ടി സൃഷ്ടിക്കുകയാണ്.

എല്ലാം ഡിജിറ്റലായി. ദേ… അപ്പോള്‍ വരുന്നു… ഡാറ്റാ മോഷ്ടിക്കപ്പെടുന്നേ എന്ന നിലവിളി… പേടിക്കേണ്ട… ഞങ്ങളുണ്ടെന്ന് പറഞ്ഞ് ഡാറ്റാ സുരക്ഷിതത്വത്തിന് വേറെ കമ്പനികള്‍. ഈ പരിപാടികള്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയക്കാര്‍ കഴിഞ്ഞ പത്ത് കൊല്ലം എന്തിനെയൊക്കെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്, പറഞ്ഞിട്ടുണ്ട് എന്ന് നോക്കൂ. എന്നാണ് അവര്‍ക്ക് ഈ ഡിജിറ്റല്‍ കേറി വന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഇന്നുണ്ടായ ഒന്നല്ലല്ലോ. ഇതെല്ലാം ഓരോ കോര്‍പ്പറേറ്റ് പിന്നാമ്പുറങ്ങളില്‍ എഴുതി തയ്യാറാക്കി, പാവകളായ രാഷ്ട്രീയക്കാരെക്കൊണ്ട് പറയുന്നതെന്ന് വ്യക്തമല്ലേ. പണക്കാരുടെ വര്‍ഗ്ഗ സമരം ആണിത്.

സാമ്പത്തിക വ്യവസ്ഥ

നോട്ട് നിരോധനം വന്നപ്പോഴാണ് ആളുകള്‍ പണത്തെക്കുറിച്ച് ചിന്തിച്ചത്. പക്ഷേ അപ്പോഴും എന്താണ് പണം എന്ന അടിസ്ഥാന ചോദ്യം ചോദിക്കാതെ പണത്തിന്റെ ഉപഭോക്താവ് എന്നതരത്തിലുള്ള ചര്‍ച്ചയാണുണ്ടായത്. നമ്മുടേതുള്‍പ്പടെ മിക്ക രാജ്യങ്ങളിലും പണം നിര്‍മ്മിക്കുന്നത് ബാങ്കുകളാണ്. ആരാണോ ബാങ്കുകളെ നിയന്ത്രിക്കുന്നത് അവരാണ് ലോകം ഭരിക്കുക. പണം എന്ന ആശയവും അതിന്റെ പ്രയോഗവും സമ്പന്നരുടെ വര്‍ഗ്ഗസമരമാണ്.

atmല്‍ പൈസ ഇല്ലാതാകുന്ന അവസ്ഥ 4 കൊല്ലം മുമ്പ് ഉണ്ടായിട്ടുണ്ടോ? atm വന്നത് തന്നെ ജനത്തിന് 24 മണിക്കൂറും പണ ലഭ്യതയുറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. കോടിക്കണക്കിന് atmകള്‍ ഇന്‍ഡ്യയില്‍ വിറ്റഴിച്ചു. ഇപ്പോള്‍ അവര്‍ക്ക് atm വേണ്ട. ഡിജിറ്റല്‍ മതി. ഇത് ഒറ്റപ്പെട്ട സംഭവമാണോ? അല്ല. ഇന്ന് ലോകം മൊത്തം നോട്ടിനെതിരായ യുദ്ധം നടക്കുകയാണ്. നോട്ടിന്റെ വിശ്വാസ്യത നശിപ്പിക്കാനായി കള്ളനോട്ട് അടിച്ചിറക്കുന്നതും അവര്‍ക്ക് വേണ്ടിയാണ്. സാങ്കേതികവിദ്യയുടെ പൊങ്ങച്ചത്തിനപ്പുറം ഇത് പണക്കാരുടെ വര്‍ഗ്ഗ സമരം ആണ്.

അന്തര്‍ ദേശീയ കരാറുകള്‍

ജനാധിപത്യ സര്‍ക്കാരുകള്‍ മറ്റ് രാജ്യങ്ങളുമായി കരാറുകളുണ്ടാക്കും. പക്ഷേ ഈ കരാറുകളൊന്നും ജനകീയമായ ചര്‍ച്ചയൊന്നും കൂടാതെ ആകും ഒപ്പുവെക്കുക. അഥവാ ചര്‍ച്ചയുണ്ടാകുന്നെങ്കില്‍ തന്നെ, സാമ്പത്തിക വളര്‍ച്ചയുടെ പേരിലോ, 10 വര്‍ഷം കഴിഞ്ഞ് രാജ്യം സ്വര്‍ഗ്ഗമാകും ലോകത്തെ ഒന്നാമത്തെ രാജ്യമാകും എന്ന വ്യാമോഹങ്ങള്‍ പ്രചരിപ്പിച്ച് വിമര്‍ശനങ്ങളെ ഇല്ലാതാക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നു. 10 വര്‍ഷം കഴിയുമ്പോള്‍ ആ രാജ്യമോ കമ്പനിയോ തന്നെ കാണുമോ എന്ന് സംശയമുള്ള കാലമാണിതെന്ന കാര്യം ആരും ചിന്തിക്കുന്നേയില്ല.

കരാറുകളില്‍ ഏറ്റവും രസകരമായ ഒന്ന് നമ്മുടെ എന്‍റോണ്‍ കരാറാണ്. വാജ്പെയ് പ്രധാനമന്ത്രിയായിരിന്ന കാലത്ത് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയായ മാഡലീന്‍ ആള്‍ബ്രൈറ്റാണ് ആ കമ്പനിക്ക് വേണ്ടി സ്വാധീനിക്കാനായി ഡല്‍ഹിയില്‍ വന്നത്. വൈദ്യുതി ഉത്പാദിപ്പിച്ചാലും ഇല്ലെങ്കിലും കമ്പനിക്ക് മഹാരാഷ്ട്ര കൃത്യമായി കരാറനുസരിച്ച പണം കൊടുത്തുകൊണ്ടിരിക്കണമെന്ന വ്യവസ്ഥ പോലും അതിലുണ്ടായിരുന്നു. അവസാനം എന്‍റോണ്‍ പൊട്ടി, മഹാരാഷ്ട്ര വൈദ്യുതി ബോര്‍ഡ് പാപ്പരായി. അംബാനി ചുളിവ് വിലക്ക് മഹാരാഷ്ട്ര വൈദ്യുതി ബോര്‍ഡിനെ വിലക്ക് വാങ്ങി. ശതകോടിക്കണക്കിന് വില വരുന്ന ബോര്‍ഡിന്റെ ബോംബേയിലെ സ്ഥങ്ങളും. (ഇതിലൊക്കെ പ്രധാന പങ്ക് ഉണ്ടായിരുന്ന പ്രമോദ് മഹാജന്‍ തന്റെ സഹോദരന് റിലയന്‍സില്‍ ഉന്നത ജോലിയും വാങ്ങിക്കൊടുത്തു.)

Investor State Dispute Settlement (ISDS) ഓരോ രാജ്യത്തും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് അതത് രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാനുള്ള ഒരു രഹസ്യ കോടതിയാണത്. അതായത് ജനാധിപത്യപരമായ പരമാധികാര രാജ്യങ്ങള്‍ക്ക് മുകളിലുള്ള ജനങ്ങളറിയാത്ത കോടതി. ജനത്തിന്റെ തീരുമാനത്തിന് മേലെയുള്ള ഒരു മൂക്ക് കയര്‍. സര്‍ക്കാരിന്റെ നയങ്ങള്‍ തങ്ങളുടെ ലാഭം കുറക്കുന്നു എന്ന തോന്നലുണ്ടായാല്‍ കമ്പനികള്‍ക്ക് ഈ കോടതിയേക്ക് പോയി രാജ്യങ്ങള്‍ക്കെതിരെ കേസ് കൊടുത്ത് നഷ്ടപരിഹാരം വാങ്ങാം. നമ്മുടെ രാജ്യം എന്തൊക്കെ കരാറുകള്‍ ഒപ്പിടുന്നു എന്ന് ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ? RCEP എന്താണെന്ന് അറിയാമോ? Regional Comprehensive Economic Partnership? ആര്‍ക്കറിയാം.

ഉല്‍പ്പന്നങ്ങള്‍ വ്യക്തിജീവിതത്തെ നിര്‍മ്മിക്കുന്നു

പണക്കാര്‍ ഒരു ദിവസത്തേക്കല്ല ആസൂത്രണം നടത്തുന്നത്. ഒരു ഉല്‍പ്പന്നമോ സേവനമോ ജനത്തിന് നല്‍കുന്ന ഒരു സംരംഭം ആരംഭിക്കണമെങ്കില്‍ അനേകം വര്‍ഷത്തെ ആസൂത്രണവും പ്രവര്‍ത്തിയും വേണം. ചിലപ്പോള്‍ ദശാബ്ദങ്ങളോളം എടുക്കും. ചിലപ്പോള്‍ കമ്പോളം തന്നെ നിര്‍മ്മിച്ചെടുക്കേണ്ടതായി വരും.

by Joe Mohr based on “A Sunday Afternoon on the Island of La Grande Jatte” by Georges-Pierre Seurat

ഒരു തലമുറയെ മുഴുവന്‍ സ്വന്തം കൈവെള്ളയിലേക്ക് മാത്രം നോക്കിയിരിത്തി വെറ്റിലക്ക് ചുണ്ണാമ്പ് തേക്കുന്നത് പോലെ വിരല്‍ ഓടിക്കുന്നവരാക്കിയത് ആകസ്മികമായ ഒരു നിമിഷം നടന്ന കാര്യമല്ല. വര്‍ഷങ്ങളെടുത്തു അതിനായി. പടിപടിയായ മാറ്റങ്ങള്‍. (ആരും അത് ബോധപൂര്‍വ്വം ചെയ്തന്നല്ല എന്നല്ല ഉദ്ദേശിച്ചത്). ഇന്ന് സോഷ്യല്‍ മീഡിയയുടെ അടിമകളാണ് മിക്കവരും. അനന്തമായി സ്ക്രോള്‍ ചെയ്ത് ഏതോ സെര്‍വ്വറില്‍ ഓടുന്ന അള്‍ഗോരിഥത്തിന്റെ ഇരകളായി അത്മനിര്‍വൃതിയിലാണ്ട് കഴിയുന്നു.

വേറൊരു ഉദാഹരണം കമ്പ്യൂട്ടര്‍ ആണ്. തുടക്കത്തില്‍ കമ്പ്യൂട്ടര്‍ വലിയ കണക്ക് കൂട്ടുന്ന യന്ത്രമായിരുന്നു. അതിന് ഒരു സ്ക്രീന്‍ പോലും ഇല്ലായിരുന്നു. പിന്നീട് പടിപടിയായാണ് നാം ഇന്ന് കാണുന്ന കമ്പ്യൂട്ടറുണ്ടായത്. അതുപോലെ മറ്റെല്ലാ ഉത്പന്നങ്ങളും സേവനങ്ങളും.

ഇതെല്ലാം ദീര്‍ഘ കാലത്തേക്കുള്ള ആസൂത്രണത്തിന്റെ മാത്രം കാര്യമല്ല. ആദ്യം ആര് അത് ചെയ്യുന്നു എന്ന സമയത്തെ തോല്‍പ്പിക്കുന്ന മല്‍സര ഓട്ടം കൂടിയാണ്. കാരണം നിങ്ങള്‍ക്ക് മുമ്പേ വേറെ ആരെങ്കിലും അത് ചെയ്താല്‍ നിങ്ങള്‍ പുറത്താകും. പണ്ട് ഇത് ഒറ്റപ്പെട്ട വ്യക്തികളാണ് ചെയ്തത്. ഇന്ന് അത് വലിയ കമ്പനികള്‍ ചെയ്യുന്നു. (പണിക്കാരുടെ കൂട്ടത്തിലുള്ള ചിലരും ഒറ്റപ്പെട്ട രീതിയിലെ ആസൂത്രണം നടത്തുന്നുണ്ടെങ്കിലും അത് വളരെ പരിമിതമാണ്. പക്ഷെ അതിന് പാവം ഗവേഷകന്‍, പാവം സംരംഭകന്‍ എന്ന പേരില്‍ വലിയ പ്രചരണമുണ്ടാകും. അവ പിന്നീട് വലിയ കമ്പനികളില്‍ ലയിക്കും)

കമ്പനികളുടെ ലയനം

1970കള്‍ക്ക് ശേഷം പുതിയ ചെറുകിട വ്യവസായങ്ങള്‍ അമേരിക്കയില്‍ കുറഞ്ഞ് വരുകയാണ്. 2000 ല്‍ 10 വലിയ വിമാനക്കമ്പനികളുണ്ടായിരുന്നത് ഇപ്പോള്‍ 4 ആയി. കാര്‍ വാടകക്ക് കൊടുക്കുന്നത് 3 വലിയ കമ്പനികള്‍. ഓണ്‍ലൈന്‍ തിരയലിന് ഒരു കമ്പനി. 1983ല്‍ അമേരിക്കയിലെ 90% മാധ്യമങ്ങളും 50 കമ്പനികളുടേയതായിരുന്നു. 2011 ആ 90% വും 6 കമ്പനികളുടെ നിയന്ത്രണത്തിലായി. 1934 ല്‍ അമേരിക്കയില്‍ FDIC ഇന്‍ഷുറന്‍സുള്ള 14,146 വാണിജ്യ ബാങ്കുകളുണ്ടായിരുന്നു. ഇപ്പോള്‍ 5260 ബാങ്കുകളേയുള്ളു. ലോകത്തെ മൊത്തം വിത്തുകളുടേയും 75% കൈവശം വെച്ചിരിക്കുന്നത് വെറും 4 കമ്പനികളാണ്. മൊണ്‍സാന്റോ ബെയറുമായി ലയിച്ചു. എല്ലാ രംഗത്തും ഇത് പ്രകടമാണ്. ലയനത്തിന്റേയും ഏറ്റെടുക്കലിന്റേയും കാലമാണിത്.

മുതലാളിത്തത്തിന്റെ മെച്ചമായി പറയുന്നത് ഒരുത്പന്നമോ സേവനമോ നിര്‍മ്മിക്കുന്ന വിവധ കമ്പനികള്‍ ഉപഭോക്താവിനെ മെച്ചപ്പെട്ട ചിലവ് കുറഞ്ഞ ഉല്‍പ്പന്നം നല്‍കും എന്ന വിശ്വാസമാണ്. കമ്പനികള്‍ ലയിച്ചാലെന്ത് സംഭവിക്കും. മല്‍സരമില്ലാതായി. അതായത് കമ്പനി കുത്തകയായി. ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില കൂടും. ജോലിക്കാര്‍ക്ക് ജോലി നഷ്ടപ്പെടും. രാഷ്ട്രങ്ങളെ കമ്പനികള്‍ വിലക്ക് വാങ്ങും. പക്ഷേ അവര്‍ ഇപ്പോഴും പറയുക ചെറിയ ബിസിനസുകളാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്നാണ്.

ഉല്‍പ്പന്നങ്ങള്‍ സാമൂഹ്യ നിയമങ്ങള്‍ രൂപീകരിക്കുന്നു

ഏത് ഉല്‍പ്പന്നമായാലും സേവനമായാലും അത് സമൂഹത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത് മുതല്‍ സമൂഹത്തിന്റെ മൊത്തത്തിലും വ്യക്തികള്‍ തമ്മിലുമുള്ള ബന്ധത്തേയും സ്വഭാവത്തേയും അതിന്റെ നിയമങ്ങളേയും ബാധിക്കുന്നു. കാറിന്റെ സ്റ്റിയറിങ്ങിന് പിറകിലിരിക്കുമ്പോള്‍ നാം എന്തുകൊണ്ടാണ് ആ സ്റ്റിയറിങ്ങ് ഉപയോഗിച്ച് റോഡില്‍ നീതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്? കാരണം ആ ഉപകരണം നമ്മുടെ ധാര്‍മ്മികതയെ വരെ ബാധിക്കുന്നു. (wind shield effect എന്നാണതിനെ വിളിക്കുന്നത്.) ചെവിയില്‍ ആപ്പ് കുത്തിവെച്ച് യഥാര്‍ത്ഥ ശബ്ദം കേള്‍ക്കാതെ ആളുകളുടെ മുഖത്ത് നോക്കാതെ എപ്പോഴും കൈവെള്ളയിലേക്ക് നോക്കിയിരുത്തുന്നതും അതാണ്.

എല്ലാ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇപ്പോഴുള്ള ബന്ധങ്ങളേയും നിയമങ്ങളേയും സ്വഭാവങ്ങളേയും മാറ്റുകയോ പുതിയവ സൃഷ്ടിക്കുകയോ ചെയ്യുന്നു. പലപ്പോഴും ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയല്ല ആ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നിര്‍മ്മിക്കുന്നത്. മൂലധനത്തിന്റെ താല്‍പ്പര്യത്തിന് വേണ്ടിയാണ് എല്ലാം സംഭവിക്കുന്നത്. ഒരു വശത്ത് ജനത്തിന് ജീവിക്കാന്‍ വീടില്ലാതിരിക്കുമ്പോള്‍ മറുവശത്ത് ആഡംബര ഫ്ലാറ്റുകളില്‍ താമസിക്കാന്‍ ആളില്ലാതിരിക്കുന്ന അവസ്ഥയും നമുക്ക് കാണാം. കാരണം വീട് എന്നത് താമസിക്കാനുള്ള സ്ഥലമല്ല. അത് നിക്ഷേപത്തിനുള്ള വിഭവമായിട്ടാണ് മൂലധനം കണക്കാക്കുന്നത്.

Stanford പോലുള്ള ഉന്നത സര്‍വ്വകലാശാലകളിലൊക്കെ ഇപ്പോള്‍ persuasive technology design ക്ലാസുകളും ലാബുകളുമൊക്കെയുണ്ട്. persuasive psychology തത്വങ്ങള്‍ സാങ്കേതിക വിദ്യയിലേക്ക് കൊണ്ടുവന്ന് ആളുകളെ ഉല്‍പ്പന്നങ്ങള്‍ അവര്‍ ഉദ്ദേശിക്കുന്ന പ്രത്യേക രീതിയില്‍ തന്നെ ഉപയോഗിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് അവര്‍ നടത്തുന്ന കണ്ടെത്തലുകള്‍. സാമൂഹ്യമാധ്യമങ്ങളെന്ന് നിങ്ങള്‍ വിളിക്കുന്ന സേവനങ്ങളൊക്കെ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാന്‍ വേണ്ടിയുള്ളതല്ല. മുതലാളിയുടെ ലാഭം ഉറപ്പിക്കാനും നിങ്ങളെ ഒറ്റുകൊടുക്കാനും നിങ്ങളുടെ ശ്രദ്ധമാറ്റാനുമുള്ളവയാണ്.

ഉല്‍പ്പന്നളും സേവനങ്ങളാലും ഇങ്ങനെ രൂപീകരിക്കപ്പെടുന്ന സാമൂഹ്യ നിയമങ്ങള്‍ സമ്പന്ന വര്‍ഗ്ഗത്തിന് ഗുണകരമായുള്ളതാണ്. കാരണം അവര്‍ തന്നെയാണല്ലോ അത് നിര്‍മ്മിക്കുന്നത്.

ബാങ്കിങ്ങും സാമ്പത്തിക തകര്‍ച്ചയും

നിയമം തകര്‍ക്കുന്നതിന്റെ നല്ല ഉദാഹരണം അമേരിക്കയിലെ Glass-Steagall നിയമം ആണ്. 1930കളിലെ മഹാ സാമ്പത്തിക തകര്‍ച്ചയും ജനങ്ങളുടെ പ്രതിഷേധവും (പണിക്കാരുടെ വര്‍ഗ്ഗസമരം) കാരണമാണ് പിന്നീട് അമേരിക്കയില്‍ വന്ന സര്‍ക്കാര്‍ സാമ്പത്തിക രംഗത്ത് Glass-Steagall പോലുള്ള കര്‍കശമായ നിയമങ്ങളുണ്ടാക്കിയത്. എന്നാല്‍ കാലക്രമത്തില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തി. അവസാനം 1990കളില്‍ ക്ലിന്റണിന്റെ കാലത്ത് പൂര്‍ണ്ണമായി എടുത്തുകളഞ്ഞു. ഫലമോ 2008 ല്‍ വീണ്ടും സാമ്പത്തിക തകര്‍ച്ചയുണ്ടായി. വീണ്ടും സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കാനായി Dodd-Frank നിയമം കൊണ്ടുവന്നു. ദാ ഇപ്പോള്‍ 2018 ല്‍ ആ നിയമവും ഇല്ലാതാക്കിയിരിക്കുകയാണ്.

അമേരിക്കയിലെ സാമ്പത്തിക തകര്‍ച്ച ശരിക്കും ബാധിച്ചത് അവിടുത്തെ കറുത്തവരേയും സ്ത്രീകളേയും ആണ്. അതും യാദൃശ്ഛികമായല്ല. കറുത്തവരും സ്ത്രീകളും പരമ്പരാഗതമായിത്തന്നെ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ആളുകളായിരുന്നു. 1980കളില്‍ അതിന് മാറ്റമുണ്ടാക്കാനെന്ന പേരില്‍ കറുത്തവര്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് ബാങ്കുകളെത്തി. കൂടുതല്‍ അകൌണ്ടുകളും വായ്പകളും കൊടുത്തു. ഭവന വായ്പകള്‍ക്ക് വളരെ കുറവ് പലിശയേയുണ്ടായിരുന്നുള്ളു. ആളുകള്‍ കണ്ടമാനം വായ്പകളെടുക്കാന്‍ തുടങ്ങി. അത് പിന്നെ നിയന്ത്രണം വിട്ടു. predatory lending എന്ന് തന്നെ വിളിക്കുന്ന പ്രത്യേക തരം ഭവനവായ്പകള്‍ കറുത്തവരെ പ്രത്യേകം ലക്ഷ്യം വെച്ചുകൊണ്ടുള്ളവയായിരുന്നു. ശതകോടീശ്വരനായ വാറന്‍ ബഫറ്റിന് പോലും കൊടുക്കാത്ത AAA റേറ്റിങ് ആണ് റേറ്റിങ് സ്ഥാപനങ്ങള്‍ അത്തരം വായ്പകള്‍ക്ക് കൊടുത്തത്. അവസാനം 2008ല്‍ ഭവനവായ്പാ കുമിള പൊട്ടി. പലിശ വളരെ അധികമായി. വായ്പകള്‍ തിരിച്ചടക്കാനാവതെ കോടിക്കണക്കിന് വീടുകള്‍ ജപ്തിചെയ്യപ്പെട്ടു. 1960 കളില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന പൌരാവകാശ സമരത്തിന്റെ ഫലമായി കറുത്തവര്‍ നേടിയെടുത്ത സാമ്പത്തിക നേട്ടങ്ങളേക്കാള്‍ കൂടുതല്‍ നഷ്ടം കറുത്തവര്‍ക്കുണ്ടായി. സമ്പന്നരുടെ വര്‍ഗ്ഗസമരം പണിക്കാരുടെ വര്‍ഗ്ഗസമരത്തെ അതിജീവിച്ചു.

ജപ്പാന്റേയും കിഴക്കേനേഷ്യന്‍ കടുവകളുടേയും സാമ്പത്തിക തകര്‍ച്ച നോക്കൂ. സാമാന്യം നല്ല രീതിയില്‍ പൊയ്കൊണ്ടിരുന്ന രാജ്യങ്ങളായിരുന്നു. അവിടെ ഒരു സാമ്പത്തിക വളര്‍ച്ചാ കുമിളയുണ്ടാക്കി. സൂഷ്മമായി നോക്കുന്നവര്‍ക്ക് ആ നയങ്ങള്‍ തെറ്റായതും രാജ്യത്തെ തകര്‍ക്കുന്നതുമാണെന്ന് കാണാന്‍ കഴിയും. എന്നാല്‍ രാജ്യം കുതിച്ചുയരുമ്പോള്‍ അത് തെറ്റെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ വെച്ചേക്കുമോ? പിന്നട് ഈ രാജ്യങ്ങള്‍ തകരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ പണക്കാര്‍ അവരുടെ നയങ്ങള്‍ ഈ രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു. രണ്ട് ദശാബ്ദമെടുത്തു ഇത് സംഭവിക്കാന്‍. ഫലമോ പണക്കാര്‍ കൂടുതല്‍ പണക്കാരായി ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായി. ഇതാണ് പണക്കാരുടെ വര്‍ഗ്ഗ സമരം.

പണക്കാരുടെ സോഷ്യലിസം

സര്‍ക്കാര്‍ ദരിദ്രരെ സഹായിക്കുന്ന പരിപാടികള്‍ എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ ഇത് സോഷ്യലിസമാണ്, കുഴപ്പമാണെന്നൊക്കെ പറഞ്ഞ് അമേരിക്കയില്‍ വലിയ ബഹളമുണ്ടാകും. എന്നാല്‍ തിരികെ സര്‍ക്കാര്‍ പണം സമ്പന്നര്‍ക്ക് വിതരണം ചെയ്താലോ? ഒരു പ്രശ്നവും ഇല്ല. അവശ്യമായ നടപടി എന്ന് പുകഴ്ത്തുകയും ചെയ്യും. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം 11 ട്രില്യണ്‍ ഡോളറാണ് തകര്‍ന്ന ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ കൊടുത്തത്. ഇതിനെ സമ്പന്നരുടെ സോഷ്യലിസം എന്ന് വിളിക്കാം. അതും വര്‍ഗ്ഗസമരമാണ്. നമ്മുടെയല്ലെന്ന് മാത്രം.

കോടിക്കണക്കിന് വീടുകള്‍ ജപ്തി ചെയ്തു. അത് തടയാന്‍ പാടില്ല. പക്ഷെ തെറ്റായ കാര്യം ചെയ്ത് തകര്‍ന്ന ബാങ്കോ? തകരാന്‍ പാടില്ല. ജപ്തി അനുഭവിക്കുന്നവര്‍ പോലും അത് അവരുടെ വിധിയാണ്, തങ്ങള്‍ തെറ്റ് ചെയ്തു എന്നാണ് വിശ്വസിക്കുന്നത്. അത്ര ശക്തമാണ് സിനിമ ഉള്‍പ്പടെയുള്ള മാധ്യമങ്ങളിലൂടുള്ള പ്രചാരവേല.

ഓരോ സാമ്പത്തിക തകര്‍ച്ചയും പണക്കാര്‍ക്ക് കൂടുതല്‍ പണക്കാരാകാനുള്ള അവസരമാണ്.

ഇന്റര്‍നെറ്റ്

ഇന്റെര്‍നെറ്റ് കൊട്ടിഘോഷിക്കുന്നത് അത് ജനാധിപത്യം കൊണ്ടുവരും സുതാര്യത കൊണ്ടുവരും എന്നൊക്കെയാണെങ്കിലും Evgeny Morozov നെ പോലുള്ളവരുടെ പഠനങ്ങള്‍ കാണിക്കുന്നത് ഇന്റെര്‍നെറ്റ് ഏകാധിപതികളെയാണ് കൂടുതല്‍ സാഹായിക്കുന്നത് എന്നാണ്.

When they boost your co-pay,
It’s a war on the workers,
When they talk privatization
It’s a war on the workers,
And co-operation,
It’s a war on the workers,
When they call you a “team,”
It’s a war on the workers,
When they talk “flexibility,”
It’s a war on the workers,
When they poison your water,
It’s a war on the workers,
When they foul up the air,
It’s a war on the workers,
When they talk WTO,
It’s a war on the workers,
It’s a war on public education,
It’s a war on child labor protection,
It’s a war on the 8 hour day,
It’s a war on occupational health and safety,
It’s a war on Social Security,
Now thanks to WTO, GATT, and NAFTA, MAI, the IMF, and the World Bank
it’s a world wide war.
It’s a war on the workers
വേള്‍ഡ് വൈഡ് വാര്‍ – Anne Feeney

ഇന്റെനെറ്റ് തുടക്കത്തില്‍ ജനാധിപത്യവും, തുല്യതയും, സുതാര്യതയുടേയും വക്താവായി കാട്ടിയിരുന്നുവെങ്കില്‍ ഇപ്പോള്‍ അമേരിക്കയില്‍ net neutrality ഇല്ലാതാക്കിയിരിക്കുകയാണ്. കാരണം വ്യക്തമാണല്ലോ. അതുപോലെ സെന്‍സര്‍ഷിപ്പ്, fake news എന്ന കള്ളപ്പേര് ചാര്‍ത്തി നല്ല മാധ്യമങ്ങളെ ഇല്ലാതാക്കല്‍ തുടങ്ങി അനേകം കലാപരിപാടികള്‍. ഇതിന്റെ ഒക്കെ അവസാനം kill switch. പ്രശ്നമാകും എന്നറിയുമ്പോള്‍ നെറ്റ് തന്നെ ഇല്ലാതാക്കുക. ഈജിപ്റ്റിലേയും മറ്റും സമാധാനപരമായ ജനകീയ പ്രക്ഷോഭത്തിന്റെ തുടക്കത്തില്‍ തന്നെ അവര്‍ നെറ്റ് ഇല്ലാതാക്കിയിരുന്നു. നമ്മുടെ നാട്ടിലും ഇന്റെര്‍നെറ്റ് തെറ്റായി ഉപയോഗിക്കുന്നു എന്ന ഒരു പ്രസ്ഥാവന രാജ്നാഥ് സിംഗ് അടുത്ത കാലത്ത് മുമ്പേ കൂട്ടി പറയുകയുണ്ടായി.

ഫേസ്‌ബുക്ക്-കേംബ്രിഡ്ജ് അനലറ്റിക്ക പ്രശ്നം കാണിക്കുന്നത് നമ്മുടെ പ്രവര്‍ത്തികളെ സ്വാധീനിക്കത്തക്ക തരത്തില്‍ പണക്കാര്‍ ഇടപെടുന്നതാണ്. നമുക്ക് നമ്മുടെ വ്യക്തിത്വം തന്നെ നഷ്ടമാകുന്നു. വിദൂരത്തെ ഏതോ സെര്‍വ്വറില്‍ പ്രവര്‍ത്തിക്കുന്ന അള്‍ഗോരിഥമാണ് നമ്മെ നിയന്ത്രിക്കുന്നത്. പണക്കാരുടെ വര്‍ഗ്ഗസമരത്തിന് ഇതിലും നല്ല ഉദാഹരണം കിട്ടുമോ.

പരിസ്ഥിതി നാശവും കാലാവസ്ഥാ മാറ്റവും

പ്രകൃതി വിഭവങ്ങള്‍ ഖനനം ചെയ്യുന്നതിന്റേയും ശുദ്ധീകരിക്കുന്നതിന്റേയും, ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന്റേയും, ഉല്‍പ്പന്നങ്ങള്‍ പുറത്തുവിടുന്ന വിഷരാസവസ്തുക്കളുടേയും, ഉല്‍പ്പന്നങ്ങള്‍ വലിച്ചെറിയുന്നതിന്റേയും ഒക്കെ പാരിസ്ഥിതിക നാശം പരിഹരിക്കാനുള്ള ഉത്തരവാദിത്തം പണക്കാര്‍ ഏറ്റെടുക്കില്ല. അതിന്റെ ഫലമായി വിഷമയമാകുന്ന ചുറ്റുപാടുകള്‍ ദരിദ്രരെ രോഗികളാക്കുന്നു. അവരുടെ ആയുസ് കുറയുന്നു. അതിനനുസരിച്ച് ചികില്‍സാ വ്യവസായത്തിന് വളര്‍ച്ചയുണ്ടാകുകയും പണക്കാര്‍ വീണ്ടും കൂടുതല്‍ പണക്കാരായി മാറുകയും ചെയ്യുന്നു.

മനുഷ്യരെ മാത്രം ബാധിക്കുന്ന പ്രശ്നങ്ങളല്ല ഇത്. ലോകത്ത് ഇന്ന് 6 ആമത്തെ മഹാ ഉന്‍മൂലനം (mass extinction) നടന്നുകൊണ്ടിരിക്കുന്നു. സ്പീഷീസുകളുടെ വംശനാശത്തിന്റെ സാധാരണ തോതിനേക്കാല്‍ 1,000 മടങ്ങ് വേഗത്തിലാണ് അത് സംഭവിക്കുന്നത്. പവിഴപ്പുറ്റുകളള്‍, പക്ഷികള്‍, സസ്തനികള്‍, ഉഭയജീവികള്‍ തുടങ്ങിയ വലിയ നാശത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. 40% തേനീച്ച സ്പീഷീസുകള്‍ നശത്തിന്റെ വക്കിലാണ്. മനുഷ്യന്റെ പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ ഉന്‍മൂലനത്തിന്റെ കാര​ണം. അതായത് സമ്പന്നരുടെ വര്‍ഗ്ഗസമരം.

ഫോസിലിന്ധനങ്ങള്‍ ഉപയോഗിക്കുന്നത് വഴി അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടുകയും അത് ആഗോള തപനത്തിനും കാലാവസ്ഥമാറ്റത്തിനും കാരണമാകുന്നു. അതിന്റെ ഫലം പോലും രണ്ട് വര്‍ഗ്ഗങ്ങളേയും രണ്ടായാണ് ബാധിക്കുന്നത്. ഭൂമിയിലെ മനുഷ്യന്റെ നിലനില്‍പ്പിനെ തന്നെ നാശത്തിലാക്കുന്ന ഈ പ്രശ്നത്തെ പണക്കാരുടെ വര്‍ഗ്ഗം ലാഭമുണ്ടാക്കാനായുള്ള ഒരു വഴിയായിട്ട് കണക്കാക്കുന്നു. ഉദാഹരണത്തിന് ആര്‍ക്ടിക്കിലെ മഞ്ഞ് ഉരുകുന്നത് കൊണ്ട് അതുവഴി കപ്പല്‍ പാത തുറന്ന് കിട്ടുന്നു. ആ കുറുക്കുവഴിയെ കപ്പല്‍ കടത്തിവിടുന്നത് കമ്പനികള്‍ക്ക് ലാഭകരമാണ്. അങ്ങനെ പണക്കാര്‍ക്ക് കൂടുതല്‍ പണം. അതുപോലെ മഞ്ഞുരുകുന്നത് ആര്‍ക്ടിക്കില്‍ ഖനനം നടത്തുന്നതിന്റെ ചിലവും കുറഞ്ഞുകിട്ടുന്നു. പിന്നെ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുണ്ടാകുന്ന വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ ദുരന്തങ്ങളില്‍ ജനത്തെ സഹായിക്കുന്നത് പുതിയ ബിസിനസ് സാദ്ധതകളും തുറന്ന് തരുന്നു. ഇതൊക്കെ മനസില്‍ വെച്ചാവും ഫോസിന്ധന കമ്പനികള്‍ക്ക് 1950 കളില്‍ മുതലേ അറിയാവുന്ന ആഗോളതപനം തട്ടിപ്പാണെന്ന കള്ള പ്രചരണം അവര്‍ നടത്തിയത്. എന്നാല്‍ പണിക്കാരുടെ വര്‍ഗ്ഗമോ? അവര്‍ ഇപ്പോഴും പ്രശ്നമെന്തെന്ന് പോലും അറിയാതെ സ്വപ്ന ലോകത്താണ്.

കാലാവസ്ഥാമാറ്റവും മറ്റ് പരിസ്ഥിതി പ്രശ്നങ്ങളും രണ്ട് വര്‍ഗ്ഗങ്ങളും വ്യത്യസ്ഥ രീതിയിലാവും അനുഭവിക്കുക. ദരിദ്ര രാജ്യങ്ങള്‍ക്ക് അതില്‍ ഒരു പങ്കുമില്ല. എന്നാലും അവരാകും ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുക.

വര്‍ഗ്ഗ യാഥാര്‍ത്ഥ്യവും വര്‍ഗ്ഗ ബോധവും

സിനിമയും മറ്റ് കലാരൂപങ്ങളും ഉള്‍പ്പടെയുള്ള മാധ്യമങ്ങളാണ് വ്യക്തികള്‍ക്ക് അറിവും ആശയങ്ങളും നല്‍കുന്നത്. അത് ഒരു വര്‍ഗ്ഗയാഥാര്‍ത്ഥ്യവും വര്‍ഗ്ഗ ബോധവും സൃഷ്ടിക്കുന്നു. മാധ്യമങ്ങളുടെ ഉടമകള്‍ പണക്കാരാണ്. അതുകൊണ്ട് അതിലൂടെ വരുന്ന വിവരങ്ങള്‍ എപ്പോഴും പണക്കാരുടെ വര്‍ഗ്ഗത്തിന് അനുകൂലമായിരിക്കും.

വളരെ ഫലപ്രദമായി അവര്‍ ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധയെ വഴിമാറ്റി വിട്ട്, ജനത്തെ സിനിമ, കോമഡി, പാട്ട്, നൃത്ത, കപട റിയാലിറ്റി വിനോദ കലാപ പരിപാടികള്‍ മാത്രം കാണുന്നവരായി മാറ്റുന്നു. കാഴ്ചയിലൂടെ കിട്ടുന്ന ആത്മസംതൃപ്തി അനുഭവിച്ചും അവര്‍ കൊടുക്കുന്ന കപട വ്യാകുലതകളില്‍ ആധിപിടിച്ചും ഒരു ചോദ്യവുമില്ലാതെ അവര്‍ തളര്‍ന്നുറങ്ങുന്നു, അടുത്ത ദിവസം പണിക്ക് പോകാനായി. അത് മാത്രമല്ല വ്യക്തികളുടെ സ്വഭാവത്തെ രൂപീകരിക്കുന്നതിലും സിനിമയുള്‍പ്പടെയുള്ള മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണ്.

99% ജനങ്ങള്‍ സ്വന്തം വര്‍ഗ്ഗത്തെക്കുറിച്ച് ബോധമില്ലാതെ പരസ്പരം തമ്മിലടിക്കുകയാണ്. ചില സ്ഥലങ്ങളില്‍ പണിക്കാര്‍ തങ്ങളുടെ ജോലിസ്ഥലങ്ങളില്‍ സംഘടിതരാണ്. അത്തരം സ്ഥലങ്ങളില്‍ തൊഴിലാളി സമരങ്ങളൊക്കെയുണ്ടാകുന്നുണ്ട്. പക്ഷേ അവര്‍ അവരുടെ സ്വന്തം കാര്യങ്ങളേ നോക്കൂ. മറ്റ് ജോലിക്കാരുടെ പ്രശ്നം അവര്‍ കാണുന്നതേയില്ല. സമരങ്ങള്‍ക്ക് പൊതുജന പിന്‍തുണ കിട്ടാതാകുന്നു. അതുകൊണ്ട് അത്തരം സമരങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്യുന്നു. കുറച്ച് കാലം മുമ്പ് അദ്ധ്യാപകര്‍ നടത്തിയ സമരവും, SBT ലയനത്തിനെതിരെ നടത്തിയ സമരവും ഒക്കെ അങ്ങനെ പൊളിഞ്ഞ് പോയതാണ്.

മുതലാളിത്തത്തിന്റെ തുടക്കത്തിലും മദ്ധ്യകാലത്തും പണക്കാരുടെ വര്‍ഗ്ഗസമരം നടത്തിയിരുന്നത് പ്രകൃതിയുടെ മേലും തൊഴിലാളികളുടെ മേലുമാണ്. പൊതുജനങ്ങളുടെ കാര്യം ക്ഷേമരാഷ്ട്രങ്ങളാണ് നോക്കിയിരുന്നത്. (എന്തുകൊണ്ട് ക്ഷേമരാഷ്ട്രങ്ങളുണ്ടായി? താങ്കള്‍ക്കൊരു ഗൃഹപാഠം ആകട്ടെ!) എന്നാല്‍ 21 ആം നൂറ്റാണ്ടില്‍ മുതലാളിത്തം ഫാക്റ്ററി വിട്ട് പുറത്ത് വന്നിരികിക്കുകയാണ്. ക്ഷേമ രാഷ്ട്രങ്ങളില്ലാതായി. പകരം പണക്കാരുടെ ഭരണമായി. ഇപ്പോള്‍ പണക്കാരുടെ വര്‍ഗ്ഗസമരം നേരിട്ട് ജനങ്ങളുടെ മേലെയാണ് നടക്കുന്നത്. ആ സാഹചര്യത്തില്‍ പഴയതുപോലെ സ്വന്തം തൊഴിലിടത്ത് മാത്രം സംഘടിച്ച് തൊഴിലാളികളുടെ വര്‍ഗ്ഗസമരം നടത്തിയാല്‍ അത് വിജയിക്കില്ല.

എന്നാല്‍ മുമ്പ് പറഞ്ഞത് പോലെ മാധ്യമങ്ങളെല്ലാം വിരലിലെണ്ണാവുന്ന പണക്കാരുടെ കൈകളിലാണ്. അവര്‍ അതുകൊണ്ട് പണക്കാര്‍ക്ക് അനുകൂലമായ വര്‍ഗ്ഗയാഥാര്‍ത്ഥ്യമേ പ്രചരിപ്പിക്കൂ. അതിന്റെ ഫലമായി പണിക്കാര്‍ എപ്പോഴും ജാതിയോ മതമോ മറ്റെന്തിന്റെയെങ്കിലും പേരില്‍ തമ്മിലടിച്ച് നില്‍ക്കുന്നു. പണിക്കാര്‍ മാത്രമല്ല. എല്ലാ പുരോഗമന പ്രസ്ഥാനങ്ങളിലും ഈ സ്വഭാവം കാണാം. പരിസ്ഥിതി വാദികള്‍, ദളിതവാദം കേള്‍ക്കില്ല. ദളിതവാദികള്‍ക്ക് സ്ത്രീ പക്ഷ ചിന്തയുണ്ടാകില്ല. അത് കൂടാതെ ഈ ഓരോ വിഭാഗത്തിനകത്തും ധാരാളം ചേരിതിരിവുണ്ടാകും. ഉദാഹരണത്തിന് പ്ലാസ്റ്റിക് വിരുദ്ധ പരിസ്ഥിതി വാദി മരം സമരക്ഷിക്കാന്‍ പോകില്ല. അങ്ങനെ ജനങ്ങളെ തമ്മിലടിപ്പിച്ച് നിര്‍ത്തുന്നതും പണക്കാരുടെ വര്‍ഗ്ഗസമരമാണ്.

അതേ സമയം പണക്കാരുടെ വര്‍ഗ്ഗത്തിന് ശക്തമായ വര്‍ഗ്ഗബോധമുള്ളവരാണ്. കൂടുതല്‍ ലാഭം എന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അവര്‍ ലാഭത്തിനായി തമ്മില്‍ തല്ലുമെങ്കിലും അവരുടെ വര്‍ഗ്ഗത്തേയും വര്‍ഗ്ഗ യാഥാര്‍ത്ഥ്യത്തേയും വഞ്ചിക്കുന്നില്ല. പണിക്കാരുള്‍പ്പടെ എല്ലാവരും നേരിട്ടും അല്ലാതെയും പണക്കാരുടെ വര്‍ഗ്ഗയാഥാര്‍ത്ഥ്യം പ്രചരിപ്പിച്ച് അവര്‍ക്ക് വേണ്ടി അവരുടെ വര്‍ഗ്ഗസമരം നടത്തുന്നു.

മനുഷ്യ ലിഖിത ചരിത്രം വര്‍ഗ്ഗസമരങ്ങളുടെ ചരിത്രമാണ്

പണക്കാരുടെ വര്‍ഗ്ഗസമരത്തെ ആരും തുടക്കത്തില്‍ മുതലേ ആ രീതിയില്‍ ശ്രദ്ധിക്കുകയോ എതിര്‍ക്കുകയോ ചെയ്യുകയില്ല. പുരോഗമനകാരികളും എന്തിന് കമ്യൂണിസ്റ്റുകാര്‍ പോലും അതിനെ ഒരു പുരാതനമായ, സ്ഥിരമായ, സ്വാഭാവികമായ ഒന്നായിട്ടാണ് (Status quo) കണക്കാക്കുന്നത്. അതുകൊണ്ട് പണക്കാര്‍ ചെയ്യുന്ന വര്‍ഗ്ഗ സമരം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ആ അദൃശ്യത പോലും പണക്കാരുടെ വര്‍ഗ്ഗ സമരത്തിന്റെ ഭാഗമാണ്. അതുവഴി വര്‍ഗ്ഗ സമരത്തെ തൊഴിലാളികള്‍ നടത്തുന്ന സമരമായി മാത്രം നിര്‍വ്വചിക്കാന്‍ അവര്‍ക്ക് കഴിയുന്നു. ഇരയെ കുറ്റവാളിയാക്കുന്നത് പോലെ അത് വഴി അവരുടെ പ്രവര്‍ത്തികളെ ഇരുട്ടില്‍ നിര്‍ത്താനും സമരം നടത്തുന്ന തൊഴിലാളികളെ പൊതുജനത്തെക്കൊണ്ട് വെറുപ്പിക്കാനും കഴിയുന്നു.

നമ്മുടെ സമൂഹത്തിലേയും, നമ്മുടെ ജീവിതത്തിലേയും എല്ലാ ആശയങ്ങളും, സാധനങ്ങളും, പ്രവര്‍ത്തികളും എല്ലാം വര്‍ഗ്ഗസമരത്തിലെ ഏതെങ്കിലും ഒരു പക്ഷത്തെ സഹായിക്കുന്ന കാര്യമായിരിക്കും. Oxfam വര്‍ഷങ്ങളായി നടത്തിവരുന്ന പഠനം അനുസരിച്ച് സമ്പന്നരുടെ സമ്പത്ത് വര്‍ദ്ധിച്ച് വരുന്നതായും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായും ചെയ്തുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാണ്. ഇന്ന് വെറും നാല് അതിസമ്പന്നര്‍ക്ക് ലോകത്തെ 350 കോടി ജനത്തേക്കാള്‍ സമ്പത്തുണ്ട്. അതായത് വാറന്‍ ബഫറ്റ് പറയുന്നത് പോലെ വര്‍ഗ്ഗസമരത്തില്‍ സമ്പന്നരുടെ വര്‍ഗ്ഗം വിജയിച്ചുകൊണ്ടിരിക്കുന്നു.

വര്‍ഗ്ഗ സമരത്തെ ഒരു നിമിഷം നടക്കുന്ന സംഭവമായി കാണുന്നതുകൊണ്ടാണ് നാം ബഫറ്റിന്റെ പക്ഷം കാണാതെ പോയത്. വര്‍ഗ്ഗ സമരം ഒരു നിമിഷത്തെ ഒരു സംഭവമല്ല. അത് വെറും സമരമല്ല. അത് തുടര്‍ച്ചയുള്ള ഒരു പ്രക്രിയയാണ്. വര്‍ഗ്ഗങ്ങള്‍ അവരുടെ വര്‍ഗ്ഗ താല്‍പ്പര്യങ്ങള്‍ നേടാന്‍ നടത്തുന്ന സമഗ്രമായ പ്രവര്‍ത്തികളുടെ ആകെ തുകയെയാണ് ആ വര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗ സമരം. പണക്കാരും അത് ചെയ്യുന്നുണ്ട് പണിക്കാരും അത് ചെയ്യുന്നുണ്ട്. അതില്‍ ഒരു പക്ഷത്തിന്റെ വര്‍ഗ്ഗസമരത്തെ അദൃശ്യമാക്കി ഇരുട്ടില്‍ നിര്‍ത്തുന്നത് ഗൂഢലക്ഷ്യമാണെന്ന് മനസിലാക്കുക.

ഏതെങ്കിലും സംഭവമോ പ്രവര്‍ത്തിയോ വര്‍ഗ്ഗസമരമല്ല എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ തീര്‍ച്ചയാക്കിക്കോളൂ, അത് സമ്പന്നരുടെ വര്‍ഗ്ഗസമരാണെന്ന്. അങ്ങനെ മൊത്തത്തില്‍ നോക്കിയാല്‍ വര്‍ഗ്ഗസമരമല്ല, പകരം വര്‍ഗ്ഗ സമരങ്ങളേയുള്ളു. ആ വര്‍ഗ്ഗസമരങ്ങളുടെ ബലാബലങ്ങള്‍ അനുസരിച്ചാണ് ഇതുവരെയുള്ള മനുഷ്യ ചരിത്രവും ദൈനംദിന ജീവിതവും മുന്നോട്ട് പോകുന്നത്.

എന്നാല്‍ മനുഷ്യന്റേയും എന്തിന് പ്രകൃതിയിലെ ജീവന്റെ തന്നെ നിലനില്‍പ്പിന് പോലും സമ്പന്നരുടെ ഈ വര്‍ഗ്ഗസമരം ഒരു ഭീഷണിയായി മാറിയിരിക്കുന്നു. പരിസ്ഥിതി ദുരന്തങ്ങളും കാലാവസ്ഥാ മാറ്റവുമൊക്കെ കാണിക്കുന്നത് പ്രകൃതി തന്നെ പ്രതികരിച്ച് തുടങ്ങിയിരിക്കുന്നു എന്നാണ്. അതിനാല്‍ ഭാവി തലമുറകളുടെ നിലനില്‍പ്പിനായി വര്‍ഗ്ഗസമരങ്ങളില്‍ സാധാരണക്കാരുടെ പക്ഷം വിജയിക്കണം എന്ന തോന്നലാകും നമുക്കാദ്യം ഉണ്ടാകുക. അത് തെറ്റാണ്. വര്‍ഗ്ഗ സമരങ്ങളില്‍ ജനങ്ങളുടെ പക്ഷം വിജയിക്കുകയല്ല വേണ്ടത്, പകരം വര്‍ഗ്ഗ സമരങ്ങള്‍ തന്നെ അവസാനിക്കണം. അത് അവസാനിപ്പിക്കാതെ നമുക്ക് നിലനില്‍പ്പില്ല. അതിന് വര്‍ഗ്ഗങ്ങള്‍ ഇല്ലാതാകണം. പണത്തിന്റെ സ്വാധീനം ഇല്ലാതാകണം. എന്തിനേയും വില്‍പ്പനച്ചരക്കാക്കുന്ന രീതി അവസാനിപ്പിക്കണം. പണത്തിന് വേണ്ടിയുള്ള വില്‍പ്പനച്ചരക്കുകളുടെ കമ്പോളവും ഇല്ലാതാകണം. ഭൂമിയിലെ മനുഷ്യന്റെ ജീവിതത്തിന് അത് അനിവാര്യമാണ്.

തുടരും …..


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )