പ്രിവിലേജുകാരുടെ പരിസ്ഥിതി വ്യാകുലതകള്‍

സവർണ്ണജാതികളിലെ ജനനം, സ്ഥിരവരുമാനമുള്ള ജോലി, പൂർവ്വികാർജിതസമ്പത്ത്, ഇവയൊക്കെ പ്രിവിലേജുകളിൽ ചിലതാണ്. നമ്മുടെ സമൂഹം മുതലാളിത്തം എന്ന സംവിധാനത്താല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിന് മാത്രമാണ് ഇത്തരം പ്രിവിലേജുകള്‍ ലഭ്യമാകുന്നത്. അത് ലഭ്യമാകുന്ന ആളുകള്‍ സാധാരണ അങ്ങനെയൊന്നുണ്ടെന്ന് ഭാവിക്കില്ല. കാരണം 99% പേര്‍ക്ക് അത് കിട്ടുന്നില്ല എന്ന യാഥാര്‍ത്ഥ്യം അപ്പോള്‍ അംഗീകരിക്കേണ്ടിവരും. ആ മനസാക്ഷിക്കുത്ത് ഒഴുവാക്കാനായി അങ്ങനെയൊന്ന് ഇല്ലന്ന് തന്നെ ഭാവിക്കും. ലോകം മൊത്തം സാമ്രാജ്യം വികസിപ്പിച്ച ബ്രിട്ടീഷുകാരെ സംബന്ധിച്ചടത്തോളം ആ സ്ഥലമെല്ലാം ആള്‍ താമസില്ലാത്ത പാഴ് ഭൂമിയാണെന്നും, അടിമത്തെ ന്യായീകരിക്കാനായി കറുത്തവര്‍ പൂര്‍ണ്ണ മനുഷ്യരല്ലെന്നും ഒക്കെ ഭാവിക്കുന്നത് ഉദാഹരണങ്ങളാണ്.

ഇനി പ്രിവിലേജില്ലാത്തവന്റെ കാര്യമോ? ഇന്‍ഡ്യയിലെ 80% ആളുകള്‍ ദിവസം 20 രൂപയില്‍ താഴെ വരുമാനത്തില്‍ ജീവിക്കുന്നവരാണ്. അവരുടെ ചിന്ത എന്താകും? തീര്‍ച്ചയായും അടുത്ത ദിവസവും 20 രൂപാ കിട്ടണമേ എന്ന പ്രാര്‍ത്ഥനയേയുണ്ടാകൂ.

എന്നാല്‍ ഈ രണ്ട് കൂട്ടത്തിലും പെടാത്ത ചിലരുണ്ട്. അവര്‍ പ്രിവിലേജുകാരാണ്. പക്ഷേ അവരുടെ പ്രിവിലേജിന്റെ ഒരു ചെറിയ ഭാഗം അവര്‍ പഠിക്കാനായി വിനിയോഗിക്കുന്നു. അങ്ങനെ അവര്‍ക്ക് കിട്ടുന്ന തിരിച്ചറിവ് സമൂഹത്തിന്റെ യാഥാര്‍ത്ഥ്യം കാണുന്നതിന് അവരെ സഹായിക്കുന്നു. പ്രിവിലേജിന്റെ ഗുണങ്ങള്‍ ഉപയോഗിക്കുന്നതോടൊപ്പം ധാര്‍മ്മികതയോടെ സധൈര്യം അവര്‍ ആ കാര്യങ്ങള്‍ സമൂഹത്തിലെ മൊത്തം ആളുകളുടേയും ഗുണത്തിനായി പ്രയോഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പരിസ്ഥിതിവാദികള്‍ അത്തരത്തിലൊരു കൂട്ടരാണ്.

എന്തുകൊണ്ട് പ്രിവിലേജുകാരന്‍ പരിസ്ഥിതിവാദിയാകുന്നു

വേണമെങ്കില്‍ അവര്‍ക്ക് മറ്റ് പ്രിവിലേജുകാരെ പോലെ കണ്ണടച്ച് ജീവിക്കാം. പക്ഷേ ചിലര്‍ അവര്‍ക്ക് കിട്ടിയ പ്രിവിലേജ് ഉപക്ഷിച്ച് ചെറിയ വീടും, ഫാഷനല്ലാത്ത വസ്ത്രവും, പൊതു ഗതാഗതവും ഒക്കെ ഉപയോഗിച്ച് പാരിസ്ഥിതിക കാല്‍പ്പാട് കുറച്ച് ജീവിക്കുന്നു. പൊതു സമൂഹത്തില്‍ നിന്ന് അവര്‍ക്ക് പരിഹാസവും അവജ്ഞയും മാത്രമേ ലഭിക്കൂ. (ചിലര്‍ക്ക് സെലിബ്രിറ്റി ആകാന്‍ കഴിഞ്ഞാല്‍ പിന്നെ മുതലാളിത്തം അവരെ പൂജിക്കും എന്നത് വേറൊരു കാര്യം.) ഇവര്‍ക്ക് ഇങ്ങനെ ചെയ്യേണ്ട ഒരു കാര്യവും ഇല്ല. സമ്പത്തുള്ളതുകൊണ്ട് ആര്‍ഭാടമായി ജീവിക്കാം. ഇവരില്‍ ചിലര്‍ സ്വന്തം പാരിസ്ഥിതിക കാല്‍പ്പാട് നോക്കാതെ പ്രിവിലേജ് മൊത്തം ഉപയോഗിച്ച് ആര്‍ഭാടത്തോടെ ജീവിക്കുന്നവരും ഉണ്ട്. പിന്നെ എന്തിന് ഈ വേഷം കെട്ട്?

പാരിസ്ഥിതിക പ്രശ്നം ഒരു രാഷ്ട്രീയ പ്രശ്നമാണ്

പാരിസ്ഥിതിക പ്രശ്നത്തെ വ്യക്തിപരമായ ഒരു പ്രശ്നമാണെന്ന് വരുത്തിത്തീര്‍ക്കുന്നത് മുതലാളിത്തത്തിന്റെ ഒരു തന്ത്രമാണ്. ലോകത്തെ 90% ജലം ഉപയോഗിക്കുന്നത് കൃഷിയും വ്യവസായവും ആണ്. നാം വ്യക്തിപരമായി എത്രയൊക്കെ ജലം സംരക്ഷിക്കാന്‍ ശ്രമിച്ചാലും ഈ 10% ന് അകത്തുള്ള കളിയേ ആകൂ അത്. അതില്‍ തന്നെ കൂടുതലും ഗോള്‍ഫ് കോഴ്സുകളും മറ്റ് പൂന്തോട്ടങ്ങളും പരിപാലിക്കാന്‍ വേണ്ടിയാണ് ചിലവാക്കുന്നത്. വ്യക്തിപരമായ ഊര്‍ജ്ജോപഭോഗം മൊത്തം ഊര്‍ജ്ജോത്പാദനത്തിന്റെ നാലിലൊന്നേ വരൂ. ബാക്കി മുഴുവനും വ്യവസായങ്ങളും വാണിജ്യവും ആണ്. വെറും നൂറ് കമ്പനികളാണ് ആഗോളതപനത്തിന് കാരണമാകുന്ന മലിനീകരണത്തിന്റെ 70% ഉം നടത്തുന്നത്. നിങ്ങളെന്തൊക്കെ തലകുത്തി മറിഞ്ഞാലും ബാക്കിയുള്ള 30% ന് അകത്തുള്ള കളികള്‍ മാത്രമാണ്. എന്നാല്‍ പ്രശ്നത്തെ നമ്മുടെ കുറ്റമാക്കി മാറ്റി പ്രചരിപ്പിക്കുന്നത് മുതലാളിത്തത്തിന്റെ ഇരയെ കുറ്റക്കാരനാക്കുന്ന, വാദിയെ പ്രതിയാക്കുന്ന ഗൂഢ തന്ത്രമാണ്. എല്ലായിടത്തും അവരത് ചെയ്യുന്നുണ്ട്. അതുകൊണ്ട് വ്യക്തിപരമായ ലളിത ജീവിതം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്. എന്ന് കരുതി എന്ത് ആര്‍ഭാടവും ആകാം എന്നല്ല അര്‍ത്ഥം.

വ്യക്തിപമായ പ്രവര്‍ത്തികളുടെ പ്രാധാന്യം

നമ്മുടെ ഓരോ പ്രവര്‍ത്തിയും പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതാണ്. അപ്പോള്‍ പരിസ്ഥിതിവാദിക്ക് ആ ആഘാതം പൂജ്യമാക്കണമെങ്കില്‍ വസ്ത്രം പോലും ഉപേക്ഷിച്ച് അയാള്‍ കാട്ടിലെ ഗുഹയിലേക്ക് പോകുകയോ ആത്മഹത്യ ചെയ്യുകയോ വേണ്ടി വരും. (കാട് എത്രനാളുണ്ടാകുമെന്നത് വേറൊരു ചോദ്യം.) പക്ഷേ അതോടുകൂടി പരിസ്ഥിതിവാദം എന്ന ആശയം തന്നെ പൊതു സമൂഹത്തിലില്ലാതെയാകും. അപ്പോള്‍ പരിസ്ഥിതിവാദികള്‍ മുന്നറീപ്പ് നല്‍കുന്ന പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടാതെ അതേ പോലെ നടപ്പാക്കപ്പെടും. അത് ഭൂമിയിലെ മനുഷ്യജീവിതം തന്നെ ഇല്ലാതാക്കും. അതുകൊണ്ട് ചെറിയ പരിസ്ഥിതി ആഘാതം ഉണ്ടെങ്കില്‍ കൂടി അവരുടെ പ്രവര്‍ത്തനം സമൂഹത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. എങ്കിലും പരിസ്ഥിതിവാദികളുടെ ആര്‍ഭാടജീവിതത്തെ ന്യായീകരിക്കുകയല്ല ഇവിടെ. അത്തരം വ്യക്തികളുടെ തെറ്റുകളെ ആര്‍ക്കും ചൂണ്ടിക്കാണിക്കാം. അവര്‍ക്ക് തെറ്റ് തിരുത്താന്‍ അവസരം കൊടുക്കണം. സത്യത്തില്‍ അതൊരു പരീക്ഷയാണ്. അതില്‍ നിന്നും പൊതു സമൂഹത്തിന് കള്ളനാണയങ്ങളെ തിരിച്ചറിയാനാകുമല്ലോ.

വ്യക്തിപമായ പ്രവര്‍ത്തികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അത് പരിസ്ഥിത രാഷ്ട്രീയ പ്രാധാന്യമാണ്. രാഷ്ട്രീയ പ്രശ്നത്തിന് രാഷ്ട്രീയമായാണ് പരിഹാരം കണ്ടെത്തേണ്ടത്. അല്ലാതെ വ്യക്തിപരമായല്ല. ഉദാഹരണത്തിന് ആഗോളതപനത്തിന് കാരണക്കാരായ ആ നൂറ് കമ്പനികളെകൊണ്ട് അതിന് പരിഹാരം കണ്ടെത്തണണെങ്കില്‍ നമുക്ക് രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടാകണം. ആ പൊതുബോധത്തിലേക്ക് ജനത്തെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ വേണ്ട ഒരു നല്ല സന്ദേശമാണ് നമ്മുടെ ലളിത ജീവിതം. ഗാന്ധിജി പറഞ്ഞത് പോലെ നാം കാണാനാഗ്രഹിക്കുന്ന മാറ്റം നമ്മുടെ ജീവിതത്തില്‍ തന്നെ കൊണ്ടുവരുന്ന പ്രവര്‍ത്തി. പക്ഷേ അങ്ങനെ ചെയ്യാന്‍ കഴിയാത്ത ഏതെങ്കിലും ഒരു വ്യക്തിയെ അതുകൊണ്ട് പരിസ്ഥിതി വിരുദ്ധനായി ചിത്രീകരിക്കുന്നത് ദുരുദ്ദേശമാണ്. അത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാനുള്ള തന്ത്രം മാത്രമാണ്.

പാരിസ്ഥിതിക ദുരന്തം പ്രിവിലേജില്ലാത്തവന്റെ പ്രശ്നമാണ്

നമ്മളിവിടെ ജാതി എന്ന് വിളിക്കുന്ന വംശീയ പ്രശ്നം ലോകം മൊത്തമുള്ളതാണ്. മുതലാളിത്തം പോലെ ഉച്ചനീചത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ശൃേണീകൃത വ്യവസ്ഥയാണ് ഈ വംശീയതയും. വെറും നാല് ശതകോടീശ്വരന്‍മാര്‍ക്ക് ലോകത്തിലെ പകുതി ജനത്തിനേക്കാള്‍ സമ്പത്തുണ്ട്. അവരാണ് ഏറ്റവും മുകളില്‍. അവര്‍ക്ക് താഴെയായി പല ശൃേണികളില്‍ ബാക്കിയുള്ള ജനങ്ങളും. ഏറ്റവും അടിയില്‍ പ്രിവിലേജില്ലാത്ത ഒന്നുമില്ലാത്തവരുടെ വലിയ ജനക്കൂട്ടവും. അതില്‍ കൂടുതലും കറുത്തവരും, പിന്നോക്കക്കാരും ആയിരിക്കും. ഇതാണ് സാമൂഹ്യ ഘടന.

അവിടേക്ക് ഒരു പാരിസ്ഥിതിക ദുരന്തം സംഭവിക്കുമ്പോള്‍ അത് തുല്യമായാവില്ല വിതരണം ചെയ്യപ്പെടുന്നത്. ഈ പ്രിവിലേജുകാരുടെ വര്‍ഗ്ഗത്തെ അത് ഒരിക്കലും ബാധിക്കുകയില്ല. അഥവാ ബാധിച്ചാലും അവര്‍ക്ക് വേഗം പഴയ സ്ഥിതിയിലേക്ക് എത്താനാകും. എന്നാല്‍ പ്രിവിലേജില്ലാത്തവരുടെ കാര്യം അങ്ങനെയല്ല. ചൂട് അസഹ്യമായിരുന്ന ഈ വേനല്‍ക്കാലത്ത് പ്രിവിലേജുകാര്‍ക്ക് അതൊരു പ്രശ്നമല്ല. കാരണം അവര്‍ക്ക് ഫാനോ ഏസിയോ വാങ്ങിവെച്ചാല്‍ മതിയല്ലോ. പക്ഷേ അത് വാങ്ങാന്‍ കഴിവില്ലാത്ത പ്രിവിലേജില്ലാത്തവര്‍ക്കോ? തീച്ചൂട് സഹിക്കേണ്ടി വരുന്നു. ഈ ഫെബ്രുവരി അവസാനവാരം മുതൽ മേയ് അവസാനവാരം വരെ കേരളത്തില്‍ 1,668 പേർക്ക് ആണ് പൊള്ളലേറ്റത്. ഇതില്‍ ഒരാളും പ്രിവിലേജുകാരല്ല. അതുകൊണ്ട് തലതിരിഞ്ഞ നമ്മുടെ വികസനം കാരണം പ്രിവിലേജില്ലാത്തവരാണ് ഏറ്റവും മോശം ഫലം അനുഭവിക്കേണ്ടിവരുന്നത്. പക്ഷേ വികസനത്തിന്റെ ഗുണം ഏകദേശം മുഴുവനും കൊണ്ടുപോകുന്നതോ പ്രിവിലേജുകാരും. ഇതിനെയാണ് പാരിസ്ഥിതിക അനീതി എന്ന് വിളിക്കുന്നത്.

അമേരിക്കയിലെ ഫ്ലിന്റിന്റെ കാര്യമെടുക്കൂ. ഒരു സമ്പന്ന വെള്ളക്കാരനും ഈയം കലര്‍ന്ന ഈ കുടിവെള്ളം കുടിക്കേണ്ടി വന്നിട്ടില്ല. കറുത്തവനും ലത്തീന്‍കാരനും ദരിദ്ര വെള്ളക്കാരനും അവരുടെ കുട്ടികളും മാത്രമേ അത് കുടിക്കേണ്ടി വന്നുള്ളു. അതുപോലെ വായൂ മലിനീകരണം, ജല മലിനീകരണം തുടങ്ങി എല്ലാ പരിസ്ഥിതി പ്രശ്നങ്ങളും സഹിക്കുന്നത് ഈ പ്രിവിലേജില്ലാത്തവരാണ്.

പ്രിവിലേജുകാരുടെ ആര്‍ഭാട ജീവിതത്തിന്റെ സ്വര്‍ഗ്ഗ ലോകം സിനിമയിലൂടെയും സീരിയലിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും കാണിച്ച് കൊടുത്ത്, വികസനം വഴി അവര്‍ക്കും അതുപോലുള്ള ഒരു സ്വര്‍ഗ്ഗരാജ്യം ഉണ്ടാകും എന്നൊരു മിഥ്യാധാരണയുണ്ടാക്കിയെടുത്ത്, അവരെക്കൊണ്ട് പണിയെടുപ്പിക്കേണ്ടത് പ്രിവിലേജുകാരുടെ ആവശ്യമാണ്. പക്ഷേ അതൊരു മിധ്യാ ധാരണയാണെന്ന് മാത്രമല്ല ആത്മഹത്യാപരമാണ് താനും. ഇപ്പോള്‍ തന്നെ ഇലാന്‍ മസ്കും കൂട്ടരും ചൊവ്വയിലേക്ക് കുടിയേറാനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. അവിടേക്കുള്ള ഒരു പെട്ടകത്തിലും ഒരു പ്രിവിലേജില്ലാത്തവനും ഉണ്ടാകില്ല എന്ന് 100% ഉറപ്പല്ലേ.

നമുക്ക് ഒരു ഭൂമിയേയുള്ളു. ഇപ്പോഴത്തെ തോതില്‍ നാം 1.6 ഭൂമി എന്ന തോതിലാണ് അതിനെ ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതായത് ഭൂമിയിലെ എല്ലാവര്‍ക്കും അമേരിക്കക്കാരെ പോലെ ജീവിക്കണമെങ്കില്‍ നമുക്ക് അഞ്ചോ ആറോ ഭൂമി വേണ്ടിവരും. Earth Overshoot Day എന്ന മറ്റൊരു സൂചകം കൂടിയുണ്ട്. പ്രകൃതിക്ക് ഒരു വര്‍ഷം കൊണ്ട് പുനസൃഷ്ടിക്കാവുന്ന വിഭവങ്ങളുടെ ഉപയോഗത്തിന്റെ കണക്കാണത്. 2000ത്തില്‍ അത് സെപ്റ്റംബര്‍ അവസാനമായിരുന്നു. 2016 ആയപ്പോഴേക്കും അത് ഓഗസ്റ്റ് 8 ആയി. അതായത് ഒരു വര്‍ഷം കൊണ്ട് പ്രകൃതിക്ക് ഉത്പാദിപ്പിക്കാനാവുന്ന വിഭവങ്ങള്‍ മൊത്തവും 2016 ലെ ആദ്യത്തെ 8 മാസമായപ്പോഴേക്കും നാം ഉപയോഗിച്ച് കഴിഞ്ഞെന്ന്. അതായത് ബാക്കി കാലം നാം കടത്തിലാണ് ഓടുന്നത്. ആരില്‍ നിന്ന് കടം വാങ്ങുന്നു? സംശയം വേണ്ട, നിങ്ങളുടെ മക്കളില്‍ നിന്ന് തന്നെ. അവര്‍ക്ക് ഉപയോഗിക്കേണ്ട വിഭവങ്ങള്‍ നിങ്ങള്‍ പിടിച്ച് പറിക്കുന്നു.

പ്രിവിലേജുകാരുടെ ഉത്തരവാദിത്തം

ഉയര്‍ന്ന പ്രിവിലേജുകാര്‍ക്ക് കൂടിയ ഉത്തരവാദിത്തം സമൂഹത്തോടുണ്ട്. കാരണം അവരുടെ പ്രിവിലേജ് സത്യത്തില്‍ ബാക്കിയുള്ള സമൂഹത്തിന്റെ ഒരു ഔദാര്യമാണ്. കൂടാതെ നാം ഓരോ വ്യക്തികള്‍ക്കും വെറുതെയങ്ങ് ജീവിച്ച് പോകാന്‍ പറ്റാത്ത ഒരു കാലമാണ് 21 ആം നൂറ്റാണ്ട്. കാരണം ഇത് പ്രത്യാഘാതങ്ങളുടെ യുഗമാണ്. അതുകൊണ്ട് ധാര്‍മ്മിക ബോധമുള്ള, ഉത്തരവാദിത്തമുള്ള ഒരു പ്രിവിലേജുകാരന്‍ എന്താണ് ചെയ്യേണ്ടത്?

പണ്ട് സമൂഹത്തിലെ കുറച്ച് പേര്‍ക്ക് മാത്രമേ വിദ്യാഭ്യാസത്തിന് അവസരം കിട്ടിയിരുന്നുള്ളു. പക്ഷെ ചുരുക്കം ചില പ്രിവിലേജുകാര്‍ അത് തെറ്റാണെന്നും എല്ലാവര്‍ക്കും വിദ്യാഭ്യാസം ചെയ്യാനവസരം വേണമെന്ന് ആവശ്യപ്പെട്ടു. പണ്ട് വഴി നടക്കാന്‍ ചിലര്‍ക്കേ അവകാശമുണ്ടായിരുന്നുള്ളു. എന്നാല്‍ ചില പ്രിവിലേജുകാര്‍ അത് തെറ്റാണെന്നും എല്ലാവര്‍ക്കും വഴി നടക്കാന്‍ അവകാശം വേണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ അനേകം ആവശ്യങ്ങള്‍ ഉന്നയിക്കപ്പെട്ടുവെങ്കിലും പൊതു സമൂഹം അത് അംഗീകരിച്ചില്ല. അവര്‍ ആക്രമിക്കപ്പെട്ടു. പക്ഷേ അതിലൊന്നും കുലുങ്ങാതെ ആ ധീരര്‍ മുന്നോട്ട് പോയി. അവര്‍ വിളിച്ച് പറഞ്ഞു, “ചുണയുള്ള നായര് മണിയടിക്കും. ഇല നക്കി നായര് പുറത്തടിക്കും”. കാലം അവര്‍ ശരിയെന്ന് തെളിയിച്ചു.

ഭാഗം 2: പ്രിവിലേജില്ലാത്തവരുടെ വികസനം


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )