വടക്കെ ഇന്‍ഡ്യയില്‍ കല്യാണങ്ങള്‍ക്ക് വരനെ കുതിരപ്പുറത്ത് വരുന്ന ഒരു ചടങ്ങുണ്ട്. പക്ഷേ അത് സവര്‍ണ്ണരുടെ കല്യാണത്തിനാണ്. ഇപ്പോള്‍ അവര്‍ണ്ണര്‍ അതേ ചടങ്ങ് നടത്തുമ്പോള്‍ ആ വരന്‍മാരെ തല്ലിക്കൊല്ലുന്ന സംഭവങ്ങളുണ്ടായി. നൂറ്റമ്പത് വര്‍ഷം മുമ്പ് കേരളത്തിലും ചാന്നാര്‍ ലഹളയിലെത്തിയ ഇതേ പ്രശ്നമുണ്ടായിട്ടുണ്ട്. അത് ഫ്യൂഡല്‍ കാലമായിരുന്നു. എന്നാല്‍ കേരളത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ അപൂര്‍വ്വമായെങ്കിലും ഉത്തരേന്‍ഡ്യ ഇന്നും ഫ്യൂഡലിസത്തില്‍ നിന്ന് മോചിതരായിട്ടില്ല.
ആധുനിക കാലത്ത് അല്‍പ്പം സാമൂഹ്യ ബോധമുള്ള ആര്‍ക്കും ഇത്തരം ഉയര്‍ത്തെഴുനേല്‍പ്പുകളെ തള്ളിപ്പറയാനാവില്ല. എന്നാല്‍ ഈ പ്രശ്നത്തെ ഫെയര്‍നെസ് ക്രീം വില്‍ക്കുന്ന കമ്പനികളുടെ പരസ്യത്തെലെന്ന പോലെ സ്ഥാപിത താല്‍പ്പര്യക്കാര്‍ അവരുടെ സ്വാര്‍ത്ഥതാല്‍പ്പര്യത്തിനായി ഉപയോഗിക്കുന്നത് തെറ്റാണ്. അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കാന്‍ ചെറായി ഭാഗത്തെ വൈദ്യുതി ക്ഷാമത്തെക്കുറിച്ചുള്ള പ്രചാരവേല നോക്കിയാല്‍ മതി. വൈദ്യുതി ക്ഷാമം അവിടെ യാഥാര്‍ത്ഥ്യമാണ്. ആ പ്രശ്നം പരിഹരിക്കണം. ആ സ്ഥലത്ത് വികസനം എത്തണം. ഒരു സംശയവും ഇല്ല.
പാവപ്പെട്ടവന്റെ പണക്കാരന്‍ പറയുന്ന സ്വപ്നം
എന്നാല്‍ ചില പരിസ്ഥിതി വാദികള്‍ അതിന് എതിര് നില്‍ക്കുന്നു. അവര്‍ എല്ലാ സൌകര്യങ്ങളും ഉപയോഗിക്കുന്ന പ്രിവിലേജുകളുള്ളവരാണ്. പാവപ്പെട്ടവനെന്തെങ്കിലും ചെയ്താല്‍ ഈ ഉന്നതര്‍ എപ്പോഴും തടസവുമായി വരും എന്നാണ് പ്രചാരവേലയുടെ ഭാഷ്യം. കേട്ടിട്ട് അത് ശരിയെന്ന് തോന്നുന്നില്ലേ? പാവപ്പെട്ടവന്റെ സ്വപ്നങ്ങളെ എന്തിന് ഈ ഉന്നതര്‍ തടയാന്‍ ശ്രമിക്കുന്നു?
അതാണ് ആ പ്രചാരവേലയുടെ വിജയം. ഈ വികസന വാദത്തില്‍ രഹസ്യമായി ഒളിവെച്ച ഒരു കാര്യം കൂടിയുണ്ട്. അത് മുതലാളിത്തത്തിന്റെ ക്ലാസിക് തന്ത്രമായ മറച്ച് വെക്കല്‍, അമൂര്‍ത്തമാക്കല്‍ എന്നതിനെക്കുറിച്ചാണ്. ആ കളിയാണ് ഇവിടെ നടക്കുന്നത്. അതായത് ആനയുടെ തുമ്പിക്കൈ മാത്രം കാണിച്ചിട്ട് അതാണ് ആനയെന്ന് പറയുന്നു. അപ്പോള്‍ ആന എങ്ങനെയിരിക്കും? ആന കുഴല് പോലിരിക്കും.
മറഞ്ഞിരിക്കുന്ന ചങ്ങലകള്‍
അത് മനസിലാക്കാന്‍ എളുപ്പമാണ്. ഒരു ചോദ്യം ചോദിക്കുക. വീട് പണിയുന്നത് പോലെ വാഹനം വാങ്ങുന്നത് പോലെ 40000 കുടുംബങ്ങള്‍ ഒത്ത് ചേര്‍ന്ന് അവരുടെ പണത്താല്‍ അവര്‍ തന്നെയുണ്ടാക്കുന്ന പദ്ധതിയനുസരിച്ചാണോ ഈ പദ്ധതി നടപ്പാക്കുന്നത്?
“അയ്യോ അല്ല. അവര്‍ പാവങ്ങളല്ലേ, അവര്‍ക്ക് എന്തറിയാം. അവര്‍ക്ക് വേണ്ടി ഞങ്ങളാണ് അതെല്ലാം ചെയ്യുന്നത്,” എന്ന് അധികാരികള്‍ പറയും.
അവിടെയാണ് പ്രശ്നം. സത്യത്തില്‍ യൂറോപ്പിലേയൊ അമേരിക്കയിലേയോ വിരമിച്ച അദ്ധ്യാപകരുടെ പെന്‍ഷന്‍ ഫണ്ടിലേക്ക് വരെ നീളുന്ന വലിയ ചങ്ങലകള്‍ ഇത്തരം പദ്ധതികളുടെ പിറകിലുണ്ടാകും. വലിയ പദ്ധതികളില്‍ മാത്രമല്ല, എന്തിന് നിങ്ങള്‍ ഒരു ചായക്കടയില്‍ കയറി ഒരു ചായകുടിച്ചാലും ആ ഈടപാടിന്റെ ഒരു ചെറിയ ശതമാനം വാള്‍സ്ട്രീറ്റിലേയും, സിറ്റി ഓഫ് ലണ്ടനിലേയും ഷൈലോക്കമാരുടെ കീശയിലേക്ക് എത്തും. അതിനെയാണ് ശരിക്കും ആഗോളവല്‍ക്കരണം എന്ന് പറയുന്നത്. പക്ഷേ അതും, നിങ്ങള്‍ക്ക് സായിപ്പിന്റെ നാട്ടിലെ സോപ്പ്, ചീപ്പ്, കണ്ണായി വാങ്ങാനുള്ള അവസരമായി നിങ്ങളെ തെറ്റിധരിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു.
മുതലാളിത്തം അതെല്ലാം മറച്ച് വെക്കും. പകരം കോളനിയില്‍ താമസിക്കുന്ന പാവപ്പെട്ട കുട്ടിക്ക് പഠിക്കാന്‍ വൈദ്യുതി എത്തിക്കുന്നതിനെ എതിര്‍ക്കുന്ന കഠിനഹൃദയരെ അപലപിക്കും. ശരിക്കും ഈ പാവപ്പെട്ടവര്‍ ഫെയര്‍നെസ് ക്രീം കമ്പനികളുടെ പരസ്യത്തിലെ പോലെ ഒരു മറയാണ്. തനിക്ക് ലാഭം കിട്ടാനായി നിങ്ങള് എന്റെ ഉല്പന്നങ്ങള്‍ വാങ്ങൂ എന്ന് ഏതെങ്കിലും ഒരു മുതലാളി പറയുമോ? അതിന്റെ കൂടിയ രൂപമാണ് ഇവിടെ നടക്കുന്നത്. state-finance-corporate സംഘത്തിന്റെ കളികള്‍.
ചൂഷണ പിരമിഡ്
ഇത് കേവലം ചെറായിലേക്കുള്ള വൈദ്യുത ലൈനിനെ മാത്രം സംബന്ധിച്ച കാര്യമല്ല. മുതലാളിത്തം നല്‍കുന്ന എല്ലാ വികസന പദ്ധതികളിലും ഉല്‍പ്പന്നങ്ങളിലും അത് അടങ്ങിയിരിക്കുന്നു. മുതലാളിത്ത വ്യവസ്ഥയില്‍ ഏത് പദ്ധതിയായാലും അതിന്റെ ശരിക്കുള്ള ഗുണഭോക്താക്കള്‍ ഏറ്റവും മുകളിലുള്ള 1% വരുന്ന പ്രിവിലേജുള്ളവരാണ്. പ്രസിഡന്റ് മുതല്‍ ചീഫ് സെക്രട്ടറി മുതല്‍ ceo മുതല്‍ താഴെ പ്യൂണ്‍ വരെയുള്ള വലിയൊരു ഘടന ഇതിനുണ്ട്. ഇത് ഒരു പദ്ധതി നടപ്പാക്കുന്ന ഒരു കമ്പനിയുടെ കാര്യമല്ല. അവര്‍ക്ക് പോലും മറ്റ് കമ്പനികളില്ലാതെ, സര്‍ക്കാരില്ലാതെ, ബാങ്കില്ലാതെ ഒന്നും ചെയ്യാനാവില്ലല്ലോ.
അങ്ങനത്തെ ഈ വ്യവസ്ഥയുടെ ഏറ്റവും മുകളിലുള്ളവര്‍ ഏറ്റവും കൂടുതല്‍ പങ്ക് സ്വന്തമാക്കുന്നു. താഴേക്ക് പോരും തോറും ആ പങ്ക് കുറഞ്ഞ് കുറഞ്ഞ് വരും. വെറും നാല് അതിസമ്പന്നര്‍ക്ക് ലോക ജനസംഖ്യയുടെ പകുതി വരുന്ന 350 കോടി ജനത്തേക്കാള്‍ സമ്പത്തുണ്ട് എന്ന് സ്ഥിതിയില്‍ നാം ഇന്ന് എത്തിയതില്‍ നിന്ന് എത്രമാത്രം ശക്തമായാണ് ഈ എഞ്ജിന്‍ പ്രവര്‍ത്തിക്കുന്നത് എന്ന് മനസിലായിക്കാണും.. അതുകൊണ്ട് ആ ഉന്നതരുടെ സാമ്പത്തിക വളര്‍ച്ചയുടെ ഉപകരണങ്ങള്‍ മാത്രമാണ് താഴെയുള്ള ദരിദ്രര്‍. സ്വപ്നം കാണിച്ച് പണിക്കാരായി മാറ്റപ്പെടുന്ന അവര്‍ എന്നും ദരിദ്രരായി നിലനില്‍ക്കും. എന്തിന് ഹെയ്തിയില്‍ ദുരന്ത സഹായം കൊടുക്കാന്‍ പോയ റെഡ് ക്രോസുകാരുടെ വരെ നിന്ദ്യമായ നിലയെക്കുറിച്ച് ഓര്‍ക്കുക.
ഇത് ഒരു പദ്ധതിയില്‍ തീരുന്നതല്ല. മുതലാളിത്തത്തിന് അനന്തമായ വികസനമാണ് വേണ്ടത്. കൂട്ടുപലിശയുടെ കണക്കാണത്. അതായത് ചതുരംഗ കളത്തില്‍ അരിയെണ്ണുന്ന കഥപോലെ. വളര്‍ച്ച അതിന് അനിവാര്യമാണ്. അല്ലെങ്കില്‍ ഈ പിരമിഡ് തകരും. അത്തരം സന്ദര്‍ഭങ്ങളാണ് ഇടക്കിടക്കുണ്ടാകുന്ന സാമ്പത്തികതകര്‍ച്ചയുടെ കാലം. അതിന്റെ ആഘാതവും അവര്‍ പാവം ബഹുജനങ്ങളുടെ തലയിലാണ് വെക്കുന്നത്. സാമ്പത്തികതകര്‍ച്ച പോലും ഉന്നതര്‍ക്ക് കൂടുതല്‍ ലാഭം നേടാനുള്ള അവസരമാണ്.
മുന്‍ഗണനാ ക്രമം ആരുടെ
പദ്ധതിയുണ്ടാകുന്നത് പോലും ഈ ഉന്നതരുടെ നിര്‍ബന്ധത്താലാണ്. Princeton University യിലെ Martin Gilens ഉം Benjamin I. Page നടത്തിയ ഒരു പഠനപ്രകാരം അമേരിക്കന്‍ സര്‍ക്കാര്‍ എടുക്കുന്ന 70% തീരുമാനങ്ങളും നിയമങ്ങളുമൊക്കെ സാധാരണ ജനത്തിന് ദോഷമായി പ്രവര്‍ത്തിക്കുന്നതാണ്. അവയെല്ലാം 1% ല്‍ വളരെ താഴെ വരുന്ന സമ്പന്നര്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്നതാണ്.
ഇത് മനസിലാക്കണമെങ്കില്‍ പുനരുത്പാദിതോര്‍ജ്ജ രംഗം നോക്കിയാല്‍ മതി. കാറ്റാടിയുടേയും സൌരോര്‍ജ്ജത്തിന്റേയും കാര്യം നോക്കൂ. കല്‍ക്കരിയും എണ്ണയും കണ്ടെത്തുന്നതിന് മുമ്പ് മനുഷ്യര്‍ കാറ്റാടി ഉപയോഗിച്ചരിന്നു. എന്നാല്‍ കല്‍ക്കരിയും എണ്ണയും ഉപയോഗിച്ച് തുടങ്ങിയതോടെ കാറ്റാടി ഇല്ലാതായി. 1881 ലാണ് ആദ്യത്തെ വാണിജ്യപരമായ സോളാര്‍ പാനല്‍ നിര്‍മ്മിച്ചത്. 1939 ല്‍ ആധുനിക സോളാര്‍ പാനലുകള്‍ വന്നു. 1970 ല്‍ ഒരു വാട്ട് പാനല്‍ സൌരോര്‍ജ്ജത്തിന് US$150 ഡോളര്‍ വില ആകുമായിരുന്നു. ഇന്നത് US$0.60 ഡോളറിലേക്ക് താഴ്ന്നു. ഫോസിലിന്ധനങ്ങള്‍ക്ക് ലോക രാജ്യങ്ങള്‍ പ്രതിവര്‍ഷം $63000 കോടി ഡോളര്‍ സബ്സിഡി കിട്ടുമ്പോള്‍ പുനരുത്പാദിതോര്‍ജ്ജത്തിന് വെറും $6500 കോടി ഡോളര്‍ സബ്സിഡി മാത്രമാണ് കിട്ടുന്നത്. ഇതില്‍ കൂടുതലും clean coal പോലുള്ള തട്ടിപ്പ് പദ്ധകകള്‍ക്കാവും കൂടുതല്‍ ചിലവാക്കുന്നത്. ജോണ്‍ സ്റ്റുവര്‍ട്ടിന്റെ ഈ പരിപാടിയില്‍ ഈ അവഗണനയെ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നത് കാണാം.
എന്തുകൊണ്ട് കാറ്റാടികളെ തുടര്‍ന്നും വികസിപ്പിച്ചില്ല? എന്തുകൊണ്ട് സോളാര്‍ പാനലുകളെ തുടക്കം മുതല്‍ പ്രോത്സാഹിപ്പിച്ചില്ല. led ബള്‍ബുകള്‍ക്ക് വരെയും അമേരിക്കയി ആക്രമണമുണ്ടായില്ലേ. എന്താണ് ഇവയുടെ കുഴപ്പം.
ചെറുതാകാന്‍ പാടില്ല
നിങ്ങള്‍ ഒരു കിലോ വാട്ടിന്റെ സോളാര്‍ നിലയം വീട്ടില്‍ സ്ഥാപിച്ചാല്‍ താത്വികമായി നോക്കിയാല്‍ മൊത്തം ഊര്‍ജ്ജക്കമ്പോളം ഒരു കിലോ വാട്ട് ചെറുതായി എന്നാണ് അര്‍ത്ഥം. അതായത് മുതലാളിത്തം ചെറുതായി. അതുപോലെ അടുത്ത 20 വര്‍ഷത്തേക്ക് ഒരു പരിപാലവും വേണ്ട. വികേന്ദ്രീകൃതമായ ചെറിയ നിലയങ്ങള്‍ സ്ഥാപിക്കാനും കഴിയും. സമ്പദ്‌വ്യവസ്ഥ ചെറുതാകും. രണ്ട് രൂപക്ക് എല്ലാവര്‍ക്കും അരികിട്ടും. ആര്‍ക്കാണതിന്റെ ഗുണം? തീര്‍ച്ചയായും ജനങ്ങള്‍ക്ക്.
അപ്പോള്‍ മുമ്പ് പറഞ്ഞ പ്രസിഡന്റ്, ചീഫ് സെക്രട്ടറി, ceo മാരൊക്കെ എന്ത് ചെയ്യും. അവര്‍ക്ക് പണി പോകും അല്ലങ്കില്‍ സമ്പത്ത് കുറയും. അതുകൊണ്ട് മുതലാളിത്തത്തെ കൂടുതല്‍ കൂടുതല്‍ വലുതാക്കുക എന്നത് ക്ഷുദ്രജീവികളുടെ ആവശ്യമാണ്. അതാണ് അവര്‍ വമ്പന്‍ പ്രൊജക്റ്റുകള്‍ കൊണ്ടുവരുന്നത്. അവര്‍ അറിഞ്ഞുകൊണ്ട് ബോധപൂര്‍വ്വം അങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നല്ല പറഞ്ഞത്. അതിന്റെ കാര്യമില്ല. കാരണം മുതലാളിത്ത വ്യവസ്ഥയില്‍ ജീവിക്കുന്നവര്‍ക്ക് തങ്ങളുടെ സ്ഥാനം അനുസരിച്ച് മൂലധനത്തിന്റെ ചലന നിയമങ്ങള്‍ക്ക് അടിമപ്പെട്ടേ ജീവിക്കാനാകൂ. അവര്‍ താനേ അത്തരം പ്രവര്‍ത്തികള്‍ ചെയ്യുകയും അതിന് ന്യായീകരണങ്ങള്‍ കണ്ടെത്തുകയും ചെയ്യും. അത്തരത്തിലുള്ള ഒരു തട്ടിപ്പാണ് ‘ഇതുവരെ ഒരുതരത്തിലും ഒരുവീട് സ്വപ്നം പോലും കാണാൻ കഴിയാത്തവൻ ചെറിയവീട് വെക്കുന്നു’ എന്ന കപടവാദം.
വികസനവാദികളുടെ വിലാപങ്ങള്‍ മുതലക്കണ്ണീര്‍ ആണ് അത്. സ്വാര്‍ത്ഥത മറച്ചവെക്കുകയും നിഷ്ഠൂര മുതലാളിത്തത്തിന് മറയുണ്ടാക്കുകയും ചെയ്യുകയാണ് അവര്‍. ഈ ഭൂമിയില്‍ എല്ലാവര്‍ക്കും സുഖമായി ജീവിക്കാനുള്ള അവകാശമുണ്ട്. അത് ഏതെങ്കിലും ഉന്നതരുടേയൊ കമ്പനികളുടേയോ ഔദാര്യമോ സേവനമോ അല്ല എന്ന് തിരിച്ചറിയുക.
ഭാഗം 1: ശാന്തിവനത്തിന്റെ അടിസ്ഥാന പ്രശ്നം ഭൂമാഫിയയുടേതാണ്
ഭാഗം 2: മുങ്ങാന്‍ പോകുന്ന മുനമ്പം-ചെറായിക്കാര്‍ക്ക് എത്ര നാളത്തെ വികസനമാണ് നിങ്ങള്‍ നല്‍കാന്‍ പോകുന്നത്?
ഭാഗം 3: പ്രിവിലേജില്ലാത്തവരുടെ വികസനം
ഭാഗം 4: ശാന്തിവനം എങ്ങനെ ഒരു പരിസ്ഥിതി പ്രശ്നമായി?
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.