മുങ്ങാന്‍ പോകുന്ന മുനമ്പം-ചെറായിക്കാര്‍ക്ക് എത്ര നാളത്തെ വികസനമാണ് നിങ്ങള്‍ നല്‍കാന്‍ പോകുന്നത്?

ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിത്തീര്‍ന്നുണ്ട്. ചെറായി, മുനമ്പം, പള്ളിപ്പുറം, എടവനക്കാട്, വടക്കേക്കര എന്നിവിടങ്ങളിലെ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തടസവും ഇല്ലാതാക്കി ഈ പ്രദേശത്തേക്ക് വികസനം കൊണ്ടുവരുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. അതിനായി 20 വര്‍ഷം മുമ്പേ തുടങ്ങിയതാണ് ഈ പദ്ധതി. ഇപ്പോള്‍ ഏകദേശം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന അത് പ്രിവിലേജുകളൊന്നുമില്ലാത്ത പാവങ്ങളായ 40000 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം കിട്ടുമെന്ന് സര്‍ക്കര്‍ വക്താക്കള്‍ പറയുന്നു. പദ്ധതിക്ക് ഇതുവരെ 30 കോടി രൂപ ചിലവായി.

ഈ ഗുണഭോക്താക്കള്‍ താമസിക്കുന്ന ഭൂപ്രദേശത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ? അത് തീര പ്രദേശമാണ്. കടലിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങള്‍. സമുദ്ര നിരപ്പില്‍ നിന്ന് വെറും രണ്ട് അടി മാത്രം പൊക്കമുള്ള സ്ഥലങ്ങള്‍. ചിലടത്ത് 5 അടിയെങ്കിലും പൊക്കമുണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ സ്ഥലം നിവാസിയായ ഒരാള്‍ പറഞ്ഞത് അത് ഇത്തിരി അഹങ്കാരമാണെന്നാണ്. എന്തായാലും തീരത്തോട് ചേര്‍ന്ന ഉയരം കുറഞ്ഞ സ്ഥലങ്ങളാണിത്.

ഈ തീരത്തിന്റെ ആയുസ്

ആഗോളതപനം എന്നൊരു വാക്ക് ഇന്ന് സാധാരണയായി കേള്‍ക്കുന്ന ഒന്നാണ്. ഫോസിലിന്ധങ്ങള്‍ കത്തിക്കുന്നത് വഴി അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുകയും അത് ഭൂമിക്ക് ചുറ്റും ഒരു പുതപ്പ് പോലെ ആവരണം ചെയ്യകുയും. ഭൂമിയിലെ ചൂട് ശൂന്യാകാശത്തിലേക്ക് പോകുന്നത് തടയുകയും ചെയ്യുന്നത് വഴി ഭൂമിയിലെ ശരാശരി താപനില വര്‍ദ്ധിപ്പിക്കുന്ന പ്രക്രിയയാണ് ആഗോളതപനം. നമ്മുടെ സമ്പദ്‌വ്യവസ്ഥ മൊത്തത്തില്‍ ഫോസിലിന്ധനങ്ങളുടെ അടിസ്ഥാനത്തിലായതുകൊണ്ട് നാം ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും ഹരിതഗൃഹവാതകള്‍ എന്ന് വിളിക്കുന്ന ആഗോളതപനത്തിന് കാരണമാകുന്ന വാതകങ്ങളുടെ ഉദ്‌വമനത്തിന് കാരണമാകുന്നു.

അത് നിയന്ത്രിക്കാനായി ലോകത്ത് കുട്ടികള്‍ വരെ പഠിപ്പ് മുടക്കി സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാലമാണ്. അത് വളരെ അടിയന്തിരമായ കാര്യമായതു കൊണ്ടാണ് അങ്ങനെ. 11 വര്‍ഷത്തിനകം നാം അത് നിയന്ത്രിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഒരിക്കലും തിരിച്ച് വരാന്‍ പറ്റാത്തവിധമുള്ള വലിയ മാറ്റങ്ങളുണ്ടാവുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കിയിട്ടുണ്ട്.

ചൂട് കൂടുന്നതിന്റെ ഫലമായി ലോകത്തെ മഞ്ഞിന്റെ കേന്ദ്രങ്ങളെല്ലാം അതിവേഗം ഉരുകിക്കൊണ്ടിരിക്കുകയാണ്. ഈ ഉരുകിയെത്തുന്ന വെള്ളം സമുദ്ര ജല നിരപ്പ് ഉയര്‍ത്തുന്നു. ഈ പ്രദേശങ്ങളുള്‍പ്പടെ കേരളത്തിന്റെ തീരപ്രദേശത്തെ എല്ലാം അത് ബാധിക്കും. കടല്‍ ക്ഷോഭത്തിന്റെ തീവൃതയും വര്‍ദ്ധിക്കും.അപ്പോള്‍ നാം ഈ പറയുന്ന പ്രദേശത്തുകാരെ എന്ത് ചെയ്യും? തീര്‍ച്ചയായും മാറ്റിത്താമസിപ്പിക്കേണ്ടതായി വരും.

ഇരട്ടി ലാഭം

അങ്ങനെയുള്ള അവസരത്തിലാണ് സര്‍ക്കാര്‍ മുങ്ങാന്‍ പോകുന്ന സ്ഥലത്തേക്ക് വികസനം കൊണ്ടുവരുന്ന എന്ന വ്യാജേന ലൈന്‍ വലിക്കുന്നത്. ഈ ലൈനും സമ്പദ്‌വ്യവസ്ഥയിലെ ഒരു പ്രവര്‍ത്തി ആയതിനാല്‍ അതും ഹരിതഗൃഹവാതക ഉദ്‌വമനത്തിന് കാരണമാകുന്നു. അതായത് മഞ്ഞുരുകല്‍ പ്രക്രിയ ഒന്നുകൂടി നേരത്തെയാക്കുന്നു. ആ പ്രദേശം വാസയോഗ്യമല്ലാതാകുമ്പോഴോ, അപ്പോള്‍ അവരെ മാറ്റി താമസിപ്പിക്കാനുള്ള പ്രവര്‍ത്തിയാവും ചെയ്യുക. (ഇങ്ങനെയൊന്നും സംഭവിക്കരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന)

മുതലാളിത്തം എപ്പോഴും അങ്ങനെയാണ്. രണ്ട് വശത്തുനിന്നും കളിക്കും. ആദ്യത്തെ പ്രവര്‍ത്തികൊണ്ട് ഒരു പ്രശ്നമുണ്ടാക്കും. പിന്നെ അത് പരിഹരിക്കാനായും പ്രവര്‍ത്തിക്കും. ഈ രണ്ട് സമയത്തും അവര്‍ ലാഭം കൊയ്തെടുക്കും.

ഒന്ന് റാഡിക്കാലായി ചിന്തിച്ചാലോ

1. ഈ തുക പുനരധിവാസത്തിന് ഉപയോഗിച്ചാലോ

എന്തായാലും ഈ തീരപ്രദേശം മുങ്ങാന്‍ പോകുന്നതാണ്. അതുകൊണ്ട് ഈ ജനങ്ങളെ എന്തായാലും പുനരധിവസിപ്പിക്കണം. എന്തുകൊണ്ട് ഈ 30 കോടി രൂപ സര്‍ക്കാരിന് തന്നെ തിരികെ വായ്പയായി കൊടുത്താലോ? 7-8 വര്‍ഷം കഴിയുമ്പോള്‍ ഈ തുക ഇരട്ടിയാകും. മൊത്തം പുനരധിവാസത്തിന് തികഞ്ഞില്ലെങ്കിലും ഒരു മുന്‍കരുതലാണ്. പലിശ എന്നത് സാമൂഹ്യവിരുദ്ധമായ ഒന്നാണ്. അതുകൊണ്ട് ഈ മാര്‍ഗ്ഗം തെറ്റായ ഒന്നാണെങ്കിലും ഒന്നും ചെയ്യേണ്ട കാര്യമില്ല എന്ന ‘ഗുണം’ ഉണ്ട്!

2. 30 കോടി രൂപക്ക് എത്ര സോളാര്‍ പാനല്‍ വാങ്ങാനാകും? ഏത്ര കാറ്റാടി സ്ഥാപിക്കാനാകും?

പാനലിന്റെ വില ഒരു വാട്ടിന് 50 രൂപയാണ്. അപ്പോള്‍ 30 കോടി / 50 = 6 MW സോളാര്‍ പാനല്‍ വാങ്ങാം. ഒന്നിച്ച് വാങ്ങുമ്പോള്‍ 50 ല്‍ നിന്ന് കുറവ് നിരക്കില്‍ പാനല്‍ കിട്ടും. പാനല്‍ മാത്രം പോരല്ലോ. അനുബന്ധ സാമഗ്രികളും സ്ഥാപനങ്ങളും ഉള്‍പ്പടെ ഒരുപാട് ചിലവ് വേറെ വരുന്നുണ്ട്. ആ ചിലവ് ഈ കുറവില്‍ നിന്ന് കണ്ടെത്താനാകും. കണക്ക് കൂട്ടാന്‍ എളുപ്പത്തിന് അവയെ ഉള്‍ക്കൊള്ളിക്കുന്നില്ല.

ഒരു മണിക്കൂര്‍ ഈ പാനലുകള്‍ പ്രവര്‍ത്തിച്ചാല്‍ 6 MW ഉത്പാദിപ്പിക്കാം. അതായത് 6000 യൂണീറ്റ് വൈദ്യുതി. ദിവസം 5 മണിക്കൂര്‍ ഇങ്ങനെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ദിവസം 30000 യൂണീറ്റ് വൈദ്യുതി കിട്ടും. ഒരു മാസം 9 ലക്ഷം യൂണിറ്റ് വൈദ്യുതി. ഒരു വീടിന് മാസം 75 യൂണീറ്റ് വൈദ്യുതി എന്നത് ശരാശരി ഉപഭോഗമായി എടുത്താല്‍ 40000 കുടുംബങ്ങള്‍ക്ക് 30 ലക്ഷം യൂണിറ്റ് വൈദ്യുതി വേണ്ടിവരും. അതായത് മൊത്തം ആവശ്യകതയുടെ 30% സോളാര്‍ പാനലുകളില്‍ നിന്ന് കിട്ടും.

എന്നാല്‍ അത് ഒരു തുടക്കമാണ്. 9 ലക്ഷം യൂണിറ്റിന്റെ വിലയോ? 3 രൂപ വെച്ച് കൂട്ടിയാല്‍ 27 ലക്ഷം രൂപ വരും. ആ തുകക്ക് വീണ്ടും പാനലുകള്‍ സ്ഥാപിക്കാം. അപ്പോള്‍ പ്രതിമാസം 54 കിലോവാട്ട് പുതിയ പാനലുകള്‍ സ്ഥാപിക്കാം. അങ്ങനെ നിലയത്തിന്റെ ശേഷി പ്രതി മാസം 54 കിലോവാട്ട് എന്ന തോതില്‍ വര്‍ദ്ധിച്ച് വരും.

സംരക്ഷിക്കപ്പെട്ട ഊര്‍ജ്ജത്തെ പുതിതായി ഉത്പാദിപ്പിക്കുന്ന ഊര്‍ജ്ജമെന്ന് വേണമെങ്കില്‍ വിളിക്കാം. അതുകൊണ്ട് സാധാരണ ബള്‍ബുകള്‍ പോലുള്ള ഉപകരണങ്ങള്‍ നിരോധിക്കുകയും ഊര്‍ജ്ജ പ്രതിസന്ധിയുള്ള സ്ഥലങ്ങളില്‍ കുറവ് ഊര്‍ജ്ജം ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കുറഞ്ഞ നിരക്കല്‍ സര്‍ക്കാര്‍ കൊടുക്കുകയും ചെയ്യണം.

ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ധാരാളം തൊഴിലാളികളെ ആവശ്യമായി വരും. അത് ഈ പ്രിവിലേജില്ലാത്ത ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അതുവഴി അവര്‍ക്ക് മെച്ചപ്പെട്ട ജീവിതം കിട്ടും.

സാങ്കേതികവിദ്യയുടെ വളര്‍ച്ച

തത്വത്തില്‍ എല്ലാം ഗംഭീരം. പക്ഷേ വെയിലില്ലെങ്കിലോ? കാറ്റാടികള്‍ സ്ഥാപിക്കാം. രാത്രിയിലും വൈദ്യുതി കിട്ടും. ഉപയോഗം കഴിഞ്ഞ് അധികം വരുന്ന വൈദ്യുതിയോ. അത് സംഭരിക്കണം. ഊര്‍ജ്ജം സംഭരിക്കാന്‍ മെച്ചപ്പെട്ട മാര്‍ഗ്ഗങ്ങള്‍ ഇനിയും നാം കണ്ടെത്തിയിട്ടില്ല. ബാറ്ററികള്‍ തല്‍ക്കാലം ഉപയോഗിക്കാം. ജലത്തെ വൈദ്യുത വിശ്ലേഷണം ചെയ്ത് ഹൈഡ്രജന്‍ നിര്‍മ്മിച്ച് സംഭരിക്കുകയും ആവശ്യമുള്ളപ്പോള്‍ അത് കത്തിച്ച് വൈദ്യുതിയുണ്ടാക്കുന്ന സംവിധാനങ്ങള്‍ വികസിപ്പെച്ചെടുക്കാം. സോളാര്‍ താപവൈദ്യുത നിലയം പണിയാം. സ്പെയിനിലെ അത്തരം ഒരു നിലയം രാത്രിയിലും പ്രവര്‍ത്തിക്കുന്നതാണ്.

ഈ രംഗത്തേക്ക് ഗവേഷണം നടക്കണമെങ്കില്‍ അതൊരു സാങ്കേതിക പ്രശ്നമായി സാങ്കേതിക വിദഗ്ദ്ധരുടെ മുന്നിലെത്തണം. സാങ്കേതിക പ്രശ്നങ്ങളെ മറികടക്കാനായി മനുഷ്യര്‍ ബുദ്ധിയുപയോഗിക്കോമ്പോഴാണ് ശാസ്ത്രവും സാങ്കേതികവിദ്യകളും വളരുന്നത്. എന്നാല്‍ പദ്ധതി എന്ന് പറയുമ്പോള്‍ തന്നെ അപ്പുപ്പന്റെ കാലത്തെ സിവില്‍ എഞ്ജിനീയറിങ്ങ് പ്ലാനുമായി ചാടിയിറങ്ങി പണിതുടങ്ങുകയാണെങ്കില്‍ ഒരിക്കലും ഗവേഷകരുടെ മുമ്പിലേക്ക് സാങ്കേതിക തടസങ്ങളൊന്നും എത്തില്ല. തടസങ്ങളുണ്ടാകാതിരുന്നാല്‍ അവര്‍ ചിന്തിക്കുകയും പ്രശ്നത്തെ മറികടക്കാന്‍ പരിശ്രമിക്കുകയും ചെയ്യില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളെ പങ്കെടുപ്പിക്കണം. നമ്മുടെ സ്ഥാപനങ്ങളില്‍ നിന്ന് ഒരു നല്ല ഗവേഷണ പ്രബന്ധങ്ങളുമുണ്ടാകുന്നില്ല എന്ന പരാതി വരുന്നത് അവരെ ഗൌരവമുള്ള സാമൂഹ്യ ഓഡിറ്റിങ്ങുള്ള പരിപാടികളില്‍ പങ്കെടുപ്പിക്കാത്തതുകൊണ്ടാണ്.

(ഇതൊന്നും ഈ അവസാന നിമിഷം പറയേണ്ട കാര്യമല്ല എന്ന് കരുതേണ്ട. ഇത് അവസാനത്തെ ലൈന്‍ വലിക്കലല്ലല്ലോ. ഭാവിയിലെ ആസൂത്രണത്തിന്റെ മുന്‍ഗണനാ ക്രമങ്ങളും രീതിയും ബ്രിട്ടീഷുകാരുടേത് പോലെയാകാന്‍ പാടില്ല. അതിന് റാഡിക്കലായി തന്നെ ചിന്തിക്കുകയാണ് ആദ്യം വേണ്ടത്.)

നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം

kseb ഇത്ര ധൃതി പിടിച്ച് ശാന്തിവനത്തില്‍ ടവര്‍ സ്ഥാപിച്ചത് തങ്ങള്‍ നിക്ഷേപം നടത്തിപ്പോയി, ഇനി മാറ്റമുണ്ടാക്കുന്നത് നഷ്ടമാണെന്ന് വാദിക്കാനാണ്. അപ്പോള്‍ ഈ 30 കോടി മുടക്കി ലൈന്‍ വലിച്ച് വൈദ്യുതി കൊടുത്താല്‍ നഷ്ടമില്ലാതിരിക്കുമോ?

വക്താക്കളുടെ അഭിപ്രായം വെച്ച് നോക്കിയാല്‍ ഈ പ്രദേശത്ത് പ്രിവിലേജില്ലാത്ത ആളുകളാണ് താമസിക്കുന്നത് എന്ന മനസിലാകും. അപ്പോള്‍ അവരുടെ വൈദ്യുതോപഭോഗം കുറവായിരിക്കും ഈ 40000 കുടുംബങ്ങളും സൌജന്യ സ്ലാബിലാണ് വൈദ്യുതി ഉപയോഗിക്കുന്നതെങ്കില്‍ ksebക്ക് വളരെ കുറവ് വരുമാനമല്ലേ കിട്ടൂ? അത് നഷ്ടമല്ലേ? ഇനി പേരിന് 50% പ്രിവിലേജുള്ളവര്‍ അവിടെ താമസിക്കുന്നുവെന്ന് കരുതിയാലും പദ്ധതി ലാഭം ആകുമോ. അപ്പോള്‍ പിന്നെ നഷ്ടത്തെക്കുറിച്ച് പറയുന്നതെന്തിന്?

പശ്ചിമഘട്ടത്തിലെ പോലെ noc വേണമെന്ന ഉത്തരവുണ്ടായിട്ടും അത് പാലിക്കാതെ ചില ‘പ്രിവിലേജില്ലാത്തവര്‍ക്ക്’ kseb വൈദ്യുതി ബന്ധം നല്‍കിയ വാര്‍ത്ത മുമ്പ് കേട്ടിട്ടുണ്ടാവുമല്ലോ. അതുപോലെ തീരപ്രദേശത്തെ ചില ‘പ്രിവിലേജില്ലാത്തവര്‍ക്ക്’ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വില്‍ക്കാനുള്ള ഒരു പുക മറയാണോ ഈ 40000 കുടുംബങ്ങള്‍ എന്ന സംശയം അപ്പോഴുയരുന്നു.

ഓടോ:
എന്തായാലും ശാന്തിവനം പ്രശ്നം ഒരു പരിസ്ഥിതി പ്രശ്നമല്ല. അത് ഭൂമാഫിയ പ്രശ്നവും രാഷ്ട്രീയ, ഉദ്യോഗസ്ഥ, യൂണിയന്‍ ഫ്യൂഡല്‍ അധികര തെമ്മാടിത്തരത്തിന്റേയും പ്രശ്നമാണ്.

ഭാഗം 1: ശാന്തിവനത്തിന്റെ അടിസ്ഥാന പ്രശ്നം ഭൂമാഫിയയുടേതാണ്
ഭാഗം 2: മുങ്ങാന്‍ പോകുന്ന മുനമ്പം-ചെറായിക്കാര്‍ക്ക് എത്ര നാളത്തെ വികസനമാണ് നിങ്ങള്‍ നല്‍കാന്‍ പോകുന്നത്?
ഭാഗം 3: പ്രിവിലേജില്ലാത്തവരുടെ വികസനം
ഭാഗം 4: ശാന്തിവനം എങ്ങനെ ഒരു പരിസ്ഥിതി പ്രശ്നമായി?


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

4 thoughts on “മുങ്ങാന്‍ പോകുന്ന മുനമ്പം-ചെറായിക്കാര്‍ക്ക് എത്ര നാളത്തെ വികസനമാണ് നിങ്ങള്‍ നല്‍കാന്‍ പോകുന്നത്?

 1. ദാ… പറഞ്ഞ് തീര്‍ന്നില്ല പദ്ധതി റഡി. എന്തൊരു ശുഷ്കാന്തി….
  വികസനം കൊടുത്ത ചെറായിലെ 40000 കുടുംബങ്ങള്‍ക്കും ഇത് കിട്ടുമോ കണ്ണൂരിസ്റ്റേ?

  മത്സ്യത്തൊഴിലാളി തീരത്തെ വീട് സ്വയം ഒഴിഞ്ഞാൽ 10 ലക്ഷം രൂപയോ ഫ്‌ളാറ്റോ നൽകും ……
  Jun 20, 2019
  https://www.mathrubhumi.com/print-edition/kerala/fishermen-special-rehabilitation-project-kerala-government-1.3886365

 2. { മത്തി (ചാള) വീണ്ടും കേരളത്തെ ചതിക്കുന്നു.
  മധ്യ ശാന്തസമുദ്രത്തിൽ ചൂട് കൂടിയതു മൂലം അറബിക്കടലിലുണ്ടായ പ്രത്യാഘാതമാണ് ചാളയുടെ വരവിനെ ബാധിച്ചതെന്ന് ശാസ്ത്രസമൂഹം വിലയിരുത്തുന്നുണ്ട്.
  2012-ൽ സംസ്ഥാനത്ത് നാലു ലക്ഷം ടൺ ചാളയാണ് ലഭിച്ചത്. 2016-ൽ 48,000 ടണ്ണായി അത് കുത്തനെ കുറഞ്ഞു. 2017-ൽ ഒന്നേകാൽ ലക്ഷം ടണ്ണായി. അതേസമയം കഴിഞ്ഞ വർഷം വെറും 77,000 ടൺ ചാള മാത്രമാണ് കേരളത്തിനു കിട്ടിയത്. } https://www.mathrubhumi.com/print-edition/kerala/sardine-in-kerala-coast-1.3891975

  ഓഹോ..നമുക്കൊരു 110kv ലൈന്‍ വലിച്ചാലോ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )