ഗൂഗിളില്‍ നാം തെരയുകയാണെന്ന് നമ്മള്‍ വിചാരിക്കുന്നു, സത്യത്തില്‍ ഗൂഗിള്‍ നമ്മളെ തെരയുകയാണ്

[ഇത്തിരി ദൈര്‍ഘ്യമേറിയ ലേഖനമാണ്. ആറ് മാസമെടുത്തു വിവര്‍ത്തനം ചെയ്യാന്‍. ദയവ് ചെയത് സമയമെടുത്ത് വായിക്കു. വളരെ പ്രധാനപ്പെട്ടതാണ്.]

‍ഷൊഷാന സുബോഫ് (Shoshana Zuboff) സംസാരിക്കുന്നു:

രഹസ്യാന്വേഷണ മുതലാളിത്തം പല രീതിയില്‍ കമ്പോള മുതലാളിത്തത്തിന്റെ ചരിത്രത്തില്‍ നിന്ന് വേറിട്ടതാണ്. എന്നാല്‍ ഒരു അടിസ്ഥാനപരമായ രീതിയില്‍ അത് ആ ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. കമ്പോളത്തിന് പുറത്ത് സജീവമായിരിക്കുന്നതിനെ എടുത്ത് കമ്പോള ചലനാത്മകതയിലേക്ക് കൊണ്ടുവന്ന് അതിനെ ഉല്‍പ്പന്നമായി മാറ്റി പിന്നീട് അതിനെ വില്‍കുകയും വാങ്ങുകയും ചെയ്യുന്നത് വഴി പരിണമിച്ച ഒന്നാണ് മുതലാളിത്തം എന്ന് നമുക്കറിയാം. അതുകൊണ്ട് വ്യാവസായിക മുതലാളിത്തം പ്രകൃതിയെ കമ്പോളത്തിന് വേണ്ടി ഏറ്റെടുക്കുന്നു. റിയലെസ്റ്റേറ്റായി അത് പുനര്‍ജനിക്കുന്നു. ആ ഭൂമിയെ വില്‍ക്കുകയും വാങ്ങുകയും ചെയ്യാം. കമ്പോളത്തിന് വേണ്ട് അത് പ്രവൃത്തിയെ (work) ഏറ്റെടുക്കുന്നു. തൊഴില്‍ ആയി (labor) അത് പുനര്‍ ജനിക്കുന്നു. അതിനെ പിന്നെ വില്‍ക്കുകയും വാങ്ങുകയും ചെയ്യാം.

രഹസ്യാന്വേഷണ മുതലാളിത്തം ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. എന്നാല്‍ അതിന്റെ കൂടെ ഒരു കറുത്ത തിരുവുണ്ട്. നമ്മുടെ കാലത്ത് രഹസ്യാന്വേഷണ മുതലാളിത്തം കമ്പോള ചനലനാത്മകതക്ക് വേണ്ടി അസംസ്കൃത വസ്തുക്കളുടെ ഒരു സൌജന്യ സ്രോതസ്സായി സ്വകാര്യ മനുഷ്യ അനുഭവങ്ങളെ ഏറ്റെടുക്കുകയും അതിനെ സ്വാഭാവ ഡാറ്റയായി മാറ്റുകയും ചെയ്യുന്നു. ഈ ഡാറ്റയെ പിന്നീട് അത്യാധുനിക കമ്പ്യൂട്ടിങ് കഴിവുകളുമായി കൂട്ടിച്ചേര്‍ത്ത് പ്രവചനങ്ങള്‍ – നാം ഭാവിയില്‍ എന്ത് ചെയ്യും എന്നതിന്റെ പ്രവചനങ്ങള്‍, നമ്മുടെ സ്വഭാവത്തിന്റെ പ്രവചനങ്ങള്‍, ഇപ്പോള്‍ നാം എന്തുചെയ്യും എന്നതിന്റെ പ്രവചനങ്ങള്‍, അല്‍പ്പം കഴിഞ്ഞെന്ത് ചെയ്യും തുടങ്ങിയ പ്രവചനങ്ങള്‍ – നിര്‍മ്മിക്കുന്നു. മനുഷ്യന്റെ ഭാവിയെ മാത്രം വില്‍ക്കുന്ന ഒരു പുതിയ തരം കമ്പോളത്തില്‍ ഈ പ്രവചനങ്ങള്‍ ബിസിനസ് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നു.

2000, 2001 കാലത്തെ ഗൂഗിളിലെ ഓണ്‍ലൈന്‍ പരസ്യങ്ങളുടെ സന്ദര്‍ഭത്തിലാണ് ഡോട്ട് കോം കുമിള പൊട്ടിയ സമയത്തെ സാമ്പത്തിക അടിയന്തിരാവസ്ഥയിലാണ് ഇത് ആദ്യം കണ്ടെത്തപ്പെട്ടത്. എന്നാല്‍ അതേ സാമ്പത്തിക യുക്തി ഇപ്പോള്‍ യാത്രചെയ്തിരിക്കുന്നത് ഗൂഗിളില്‍ നിന്ന് ഫേസ്‌ബുക്കിലേക്കും മൊത്തം സാങ്കേതികവിദ്യ വിഭാഗത്തിലേക്കും മാത്രമല്ല പകരം സാധാരണ സമ്പദ്‌വ്യവസ്ഥയിലേക്കാണ്. മൊത്തം സാമ്പത്തിക വിഭാഗത്തിലേക്ക്.

നാം ഇപ്പോള്‍ Cambridge Analytica വെളിപ്പെടുത്തലിന്റെ ഒന്നാം വാര്‍ഷികം ആകുകയാണല്ലോ. ഒരു വര്‍ഷം മുമ്പത്തെ വെളിവാക്കലിന്റെ ഒരു പ്രത്യാഘാതം ഡിജിറ്റല്‍ രംഗത്ത് എല്ലാം ഭംഗിയോടെയല്ല എന്ന് ലോകം മൊത്തമുള്ള നമ്മളെ പോലുള്ള ധാരാളം ആളുകളെ ജാഗരൂകരാക്കുക മാത്രമല്ല ബ്രിട്ടണില്‍ സര്‍ക്കാര്‍ ഇതിനെ വളരെ വളരെ ഗൌരവമായി എടുത്തു. ഫേസ്‌ബുക്കിനെ വിചാരണ ചെയ്യുന്ന പാര്‍ളമെന്ററി കമ്മറ്റി അവിടെ ഉണ്ടായി. ഈ കമ്മറ്റിക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാകാതിരുന്ന ഫേസ്‌ബുക്കില്‍ നിന്ന് ചോര്‍ന്ന രേഖകള്‍, രഹസ്യ രേഖകള്‍ ഒക്കെ കിട്ടി. കഴിഞ്ഞ ആഴ്ച അവര്‍ 108-താളുകളുള്ള ഒരു റിപ്പോര്‍ട്ട് പുറത്തിറക്കി. അത് വളരെ ശക്തമാണ്, വളരെ നാശമുണ്ടാക്കുന്നതാണ്. മറ്റ് കാര്യങ്ങളോടൊപ്പം അവര്‍ ഫേസ്‌ബുക്കിന്റെ സ്വഭാവത്തെ “ഡിജിറ്റല്‍ ഗുണ്ട (digital gangsters)” എന്ന് വിളിച്ചു. കാരണം ഫേസ്ബുക്ക് അടിസ്ഥാനപരമായി മോഷ്ടിക്കുകയാണ് ചെയ്യുന്നത് എന്ന് അവര്‍ക്ക് മനസിലായി. പ്രവചന ഉത്പന്നങ്ങളുണ്ടാക്കാനുള്ള അതിന്റെ ഉത്പാദന പ്രക്രിയക്ക് വേണ്ടി നമ്മുടെ സ്വകാര്യ മാനുഷിക അനുഭവത്തെ നിയമവിരുദ്ധമായി എടുക്കുന്നു. അത് പിന്നീട് അവര്‍ വില്‍ക്കുന്നു. അങ്ങനെയാണ് അവര്‍ പണമുണ്ടാക്കുന്നത്.

രഹസ്യാന്വേഷണ മുതലാളിത്തം ഫേസ്ബുക്കില്‍ തീരുന്ന ഒന്നല്ല എന്നതാണ് നാം അറിയേണ്ട ഒരു പ്രധാന കാര്യം. നാം ഫേസ്ബുക്കിനെ ഇത്തരത്തിലുള്ള സൂക്ഷ്മപരിശോധന നടത്തുന്നത് നല്ല കാര്യമാണ്. ഈ കോര്‍പ്പറേഷനെ അവസാനം നിയന്ത്രണങ്ങളിലെത്തിക്കാനായേക്കും. എന്നാല്‍ നമ്മുടെ വെല്ലുവിളികളുടെ ഒരു തുടക്കമാണ് അത്. അവസാനമല്ല.
രഹസ്യാന്വേഷണ മുതലാളിത്തം എന്നത് ഒരു സാമ്പത്തിക യുക്തിയാണ്. ഇപ്പോള്‍ തന്നെ ഫേസ്ബുക്കും അതിനപ്പുറത്തേക്കും വ്യാപിച്ചിരിക്കുന്ന ഒന്നാണത്. ഈ പുതിയ സാമ്പത്തിക യുക്തി വെറും ഒരു കമ്പനിയിലോ ഒരു കൂട്ടം കമ്പനികളിലോ ഒതുങ്ങുന്നതല്ല. അതിനെ അഭിസംബോധന ചെയ്യാനും ഇടപെടാനും നിയമവിരുദ്ധമാക്കാനുമായുള്ള സാമൂഹ്യ പ്രതികരണം നമുക്ക് വേണം.

രഹസ്യാന്വേഷണ മുതലാളിത്തം എന്നത് ഒരു സാമ്പത്തിക യുക്തിയാണെന്ന് നിങ്ങള്‍ മനസിലാക്കിക്കഴിഞ്ഞാല്‍ അത് സാങ്കേതിക വിദ്യപോലെയല്ല എന്ന് മനസിലാകും.
ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഏക വഴി ഈ പ്രവര്‍ത്തന രീതികളാണെന്നത് പ്രചരിപ്പിക്കപ്പെടുന്ന ഒരു വലിയ കള്ളമാണ്. ആ അനിവാര്യതാ പ്രചാരവേല നമ്മളിലേക്ക് ഒഴുക്കി വിടുകയാണ്. അതുകൊണ്ട് നമുക്ക് പ്രശ്നങ്ങളെ വേര്‍തിരിച്ച് കാണണം.

നമുക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യയുണ്ട്. അത് emancipatory, empowering, ജനാധിപത്യമുണ്ടാക്കുന്നതും ആണെന്ന് നാം കരുതുന്നു. ഇപ്പോള്‍ അതിന് അങ്ങനെയാകാം. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ഒരു സാമ്പത്തിക യുക്തി അതിനെ ഏറ്റെടുത്തു, ഹൈജാക്ക് ചെയ്തു. അതിന്റെ സാമ്പത്തിക ആജ്ഞാപനം അതിനെ ജനാധിപത്യവുമായി ഒരു കൂട്ടിയിടിയിലേക്ക് നയിച്ചു. മുകളില്‍ നിന്നും താഴെ നിന്നും. നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നതാണ് മനുഷ്യ സ്വഭാവത്തിലെ ഏറ്റവും ശക്തമായ പ്രവചനം എന്നതാണ് രഹസ്യാന്വേഷണ മുതലാളിമാര്‍ പഠിച്ച ഒരു കാര്യം. നമ്മുടെ സ്വഭാവത്തെ തൊടുക, സൂചനകൊടുക്കുക, സ്വാധീനിക്കുക, ട്യൂണ്‍ ചെയ്യുക, മേയിക്കുക വഴി അതിന്റെ വാണിജ്യ ഫലങ്ങളുണ്ടാക്കുക. ഇതിനാല്‍ അവര്‍ ഡിജിറ്റല്‍ ചുറ്റുപാടുകളില്‍ പിടിമുറുക്കി. എല്ലാ ഉപകരണങ്ങളും, നമ്മുടെ ഫോണ്‍ മുതല്‍ നമ്മുടെ ലാപ്ടോപ്പുകള്‍, സെന്‍സറുകള്‍, മുഖതിരിച്ചറിയലുകള്‍, സ്മാര്‍ട്ട് dishwasher, സ്മാര്‍ട്ട് ടെലിവിഷന്‍, സ്മാര്‍ട്ട് കാര്‍, സ്മാര്‍ട്ട് സിറ്റി. ഉറപ്പുള്ള പ്രവചനത്തിന് വേണ്ടി നമ്മുടെ സ്വഭാവത്തെ സൂചനകൊടുത്ത്, സ്വാധീനിച്ച്, ട്യൂണ്‍ ചെയ്യാന്‍ വേണ്ടി ഈ ഡിജിറ്റല്‍ infrastructure ഉം ഇപ്പോള്‍ രഹസ്യാന്വേഷണ മുതലാളിത്തത്തിന്റെ നിയന്ത്രണത്തിലാണ്. ആവശ്യത്തിന് സൂചനകള്‍ നല്‍കിക്കൊണ്ടാണിത്. ഇത് ഉയര്‍ന്ന ശാസ്ത്രീയ പ്രക്രിയയാണ്. അത് പൊങ്ങച്ചം പറഞ്ഞ് അത് ചെയ്യുന്നത് എപ്പോഴും നമ്മുടെ ബോധത്തിന് പുറത്താണ് നില്‍ക്കുന്നത്. അതുകൊണ്ട് നമുക്ക് എതിര്‍ക്കാനാകുന്നില്ല, നമുക്ക് പ്രതിരോധിക്കാനാകുന്നില്ല. നമുക്ക് വേണ്ട എന്ന് പറയാനാകുന്നില്ല. നമുക്ക് പുറത്ത് കടക്കാനും ആകുന്നില്ല. ഇതിനെയാണ് സ്വഭാവ മാറ്റത്തിനായുള്ള (behavioral modification) ആഗോള വഴി(means of) എന്ന് ഞാന്‍ പറയുന്നത്. വിമോചനപരമായും നമുക്ക് വേണ്ടി ജീവിതം തരുന്നതുമായ പ്രക്രിയയായും നമ്മുടെ ജീവിതത്തെ സഹായിക്കാനുമായി നാം നിര്‍മ്മിച്ച ഈ മഹത്തായ ഡിജിറ്റല്‍ രൂപകല്‍പ്പന (architecture)യുടെ അധികാരി ഇപ്പോള്‍ രഹസ്യാന്വേഷണ മുതലാളിത്തമാണ്. അത് അതിന്റെ വാണിജ്യപരമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നമ്മുടെ സ്വഭാവത്തിന് മാറ്റം വരുത്തുന്ന, മനുഷ്യ സ്വയം ഭരണാവകാശത്തിനെ (autonomy) നേരിട്ടാക്രമിക്കുന്ന, നമ്മുടെ തീരുമാനമെടുക്കല്‍ അവകാശത്തെ നേരിട്ടാക്രമിക്കുന്ന വ്യക്തി സ്വാതന്ത്യം എന്ന ആശയത്തെ മൊത്തത്തില്‍ നേരിട്ടാക്രമിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.

1970കളില്‍ Edward Kennedy, Sam Ervin എന്നിവരുള്‍പ്പെടുന്ന ഒരു സെനറ്റ് കമ്മറ്റിയുണ്ടായിരുന്നു. ഇവര്‍ മാസങ്ങളോളം യോഗം നടത്തി. സ്വാഭാവമാറ്റം വരുത്തുന്നത് ദ്രോഹകരമായ പ്രവര്‍ത്തിയാണെന്ന് അവര്‍ തീരുമാനിച്ചു. അത് പൂര്‍ണ്ണമായും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ്. ജയിലുകളിലും, സ്കൂളുകളിലും, ആശുപത്രികളിലും ഇത്തരത്തിലെ സ്വഭാവമാറ്റം വരുത്താനുള്ള പദ്ധതികള്‍ക്ക് വേണ്ടി സര്‍ക്കാരിന്റെ ഒരു പണവും ചിലവാക്കില്ല എന്ന് അവര്‍ തീരുമാനിച്ചു. ഇന്ന് 2019 ല്‍, കഴിഞ്ഞ രണ്ട് ദശാബ്ദമായി ജനാധിപത്യം ഉറങ്ങിക്കിടന്ന സമയത്ത്, രഹസ്യാന്വേഷണ മുതലാളിത്തത്തിന്റെ സംരക്ഷണത്തില്‍ ആര്‍ക്കെങ്കിലും വേണ്ട എന്ന് പറയുന്നതിന് മുമ്പ് തന്നെ, എന്താണ് സംഭവിക്കുക എന്ന് നമ്മളില്‍ മിക്കവരും തിരിച്ചറിയുകയോ മനസിലാക്കുകയോ പോലും ചെയ്യാതിരുന്നപ്പോള്‍ സ്വഭാവ മാറ്റം വരുത്തലിന്റെ ഒരു സര്‍വ്വവ്യാപിയായ വഴി നിര്‍മ്മിക്കാനുള്ള ഉത്തരവ് ഡിജിറ്റലിന് കൊടുക്കാന്‍ സ്വകര്യ മേഖലക്ക് കഴിഞ്ഞു.

നമ്മളിലേക്ക് ധാരാളം കള്ളങ്ങള്‍ ധാരാളം മംഗലഭാഷിതങ്ങള്‍(euphemism), ധാരാളം വഴിതെറ്റിക്കലുകള്‍ ഒക്കെ പ്രചരിപ്പിച്ചിരുന്നു. അവയെല്ലാം രഹസ്യാന്വേഷണ മുതലാളിത്തത്തിന് വിജയിക്കാനായുള്ള ചില പദ്ധതിതന്ത്രങ്ങള്‍ ആയിരുന്നു. ഒന്ന് സൌജന്യമാണെങ്കില്‍ നിങ്ങളാണ് അതിന്റെ ഉല്‍പ്പന്നം എന്നത് ആ ഉപായങ്ങളിലൊന്നാണ്. എല്ലാവരും ആ പ്രയോഗം കേട്ടിട്ടുണ്ടാവും. ഞാന്‍ അതിനെ തുടക്കത്തിലെ എതിര്‍ക്കുന്നു. നാം ഒരു സാമ്പത്തിക യുക്തിക്കകത്താണെന്ന്, സാങ്കേതികവിദ്യയിലല്ല, ഒരിക്കല്‍ നിങ്ങള്‍ മനസിലാക്കിക്കഴിഞ്ഞാല്‍ പിന്നെ പിന്നോട്ട് പോകുന്നത് പോലെയാണ്. നാം അത്ഭുതലോകത്താണ്. കണ്ണാടിയിലൂടെ നോക്കി നാം പിന്നോട്ട് പോകുകയാണ്. യാഥാര്‍ത്ഥ്യം എന്ന് പറയുന്ന ഒരു സ്ഥലത്ത് നാം എത്തിച്ചേരുന്നു. അവിടെ നമുക്ക് വ്യക്തമായി കാണാന്‍ കഴിയും. നമുക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞ് തുടങ്ങിയാല്‍ നാം കാണുന്നത് ഈ സേവനങ്ങള്‍ സൌജന്യമല്ല. ഇവ സൌജന്യമായി നമുക്ക് തോന്നും. എന്നാല്‍ അവര്‍ കരുതുന്നത് നമ്മള്‍ സൌജന്യമാണെന്നാണ്. നാം അവരുടെ സൌജന്യമായ അസംസ്കൃത പദാര്‍ത്ഥങ്ങളാണ്. നമ്മളാണ് ഉല്‍പ്പന്നങ്ങളെന്ന് നാം കരുതുന്നു. എന്നാല്‍ നാം ഉല്‍പ്പന്നങ്ങളല്ല എന്നാണ് അവര്‍ മനസിലാക്കുന്നത്. ആനക്കൊമ്പ് പോലെ നാം അസംസ്കൃത പദാര്‍ത്ഥത്തിന്റെ സൌജന്യമായ സ്രോതസ്സാണ്. നമ്മുടെ പ്രശ്നങ്ങളെന്താണ്, നമ്മുടെ ആവശ്യങ്ങളെന്താണ്, നമ്മുടെ ശരിക്കുമുള്ള വ്യാകുലതകളെന്താണ് എന്നത് പോലുള്ള നമ്മളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവഗണിക്കപ്പെടുന്നു. നമ്മളില്‍ അവര്‍ക്ക് ഒരു താല്‍പ്പര്യവും ഇല്ല. നമുക്ക് സന്തോഷമാണോ ദുഖമാണോ എന്നതില്‍ ഒരു കാര്യവും അവര്‍ക്കില്ല. നമ്മള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നോ അതോ മോശമായി പ്രവര്‍ത്തിക്കുന്നോ എന്നതും അവര്‍ക്ക് കാര്യമല്ല. നമ്മുടെ അനുഭവങ്ങളെ ചുരണ്ടിയെടുത്ത് ഡാറ്റയാക്കാവുന്നതരത്തിലുള്ള നാം ചെയ്യുന്ന പ്രവര്‍ത്തികളെ അവര്‍ക്ക് പ്രധാനമായിട്ടുള്ളു.

മറ്റ് ചില രസകരമായ കള്ളങ്ങളും ഇവിടെയുണ്ട്. നാം വിചാരിക്കുന്നത് നാം ഗൂഗിളില്‍ തെരയുകയാണെന്ന് നാം കരുതുന്നു. എന്നാല്‍ ഗൂഗിള്‍ നമ്മളിലാണ് തെരയുന്നത്. നാം കരുതുന്നത് ഈ കമ്പനികള്‍ക്കൊക്കെ സ്വകാര്യത സംരക്ഷണ നയങ്ങളുണ്ടെന്നാണ്. എന്നാല്‍ ആ നയങ്ങളെല്ലാം രഹസ്യാന്വേഷണ നയങ്ങളാണ്. നിങ്ങള്‍ക്ക് മറച്ച് വെക്കാനൊന്നുമില്ലെങ്കില്‍ നിങ്ങള്‍ക്ക് പേടിക്കാനൊന്നുമില്ല എന്നാണ് നമ്മളോട് അവര്‍ പറയുന്നത്. സത്യത്തില്‍ അവര്‍ മറക്കുന്നതെന്തെന്ന് നമ്മളോട് പറയുന്നില്ല. അതായത് നിങ്ങള്‍ക്ക് മറച്ച് വെക്കാനൊന്നുമില്ലെങ്കില്‍ നിങ്ങള്‍ ഒന്നും അല്ല. നമ്മേ നമ്മളാക്കുന്ന നമ്മേക്കുറിച്ചുള്ള എല്ലാം, നമ്മുടെ സവിശേഷ വ്യക്തിത്വങ്ങള്‍ (identities), വ്യക്തിപരമായ ആത്മാവ്, നമ്മുടെ വ്യക്തിത്വം, അഭിപ്രായ സ്വാതന്ത്ര്യം എന്ന ബോധം, പ്രവര്‍ത്തന സ്വാതന്ത്ര്യം, നമ്മുടെ ഭാവിയെക്കുറിച്ചുള്ള നമ്മുടെ അവകാശം, അതെല്ലാം നമ്മുടെ ഉള്ളില്‍ നിന്ന് വരുന്നതാണ്. അവ നമ്മുടെ ആന്തരികമായ വിഭവങ്ങളാണ്. അത് നമ്മുടെ സ്വകാര്യ ഇടങ്ങളിലാണുള്ളത്. അവ സ്വകാര്യമായിരിക്കുന്നതിന് ഒരു കാരണമുണ്ട്. കാരണം അങ്ങനെയാണ് അത് വളരുന്ന് വികസിച്ച് നമ്മളെ മനുഷ്യരാക്കുന്നത്. ആ മനുഷ്യര്‍ക്ക് ധാര്‍മ്മികമായ സ്വയംഭരണമുണ്ട്(autonomy). ഒരു ജനാധിപത്യ സമൂഹത്തെ അഭിവൃദ്ധിയിലെത്തിക്കുന്നത് അതാണ്.

– പുതിയ തലക്കെട്ട് : “പ്രചാരമുള്ള സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുകളില്‍ നിന്ന് ഫേസ്‌ബുക്ക് എങ്ങനെ വ്യക്തിപരമായ sensitive വിവരങ്ങള്‍ ശേഖരിക്കുന്നു എന്നതിനെക്കുറിച്ച് ഒരു അന്വേഷണം നടത്താം എന്ന വാഗ്ദാനം ന്യൂയോര്‍ക്കിലെ ഒരു നിയന്ത്രണ അധികാരി നല്‍കിയിട്ടുണ്ട്. മിക്ക ആപ്പുകളും ഉപയോക്താക്കളുടെ ശരീര ഭാരവും ആര്‍ത്തവചക്രവുമുള്‍പ്പടെ ധാരാളം വിവരങ്ങളും സാമൂഹ്യമാധ്യമ ഭീമന് അയച്ചുകൊടുക്കുന്നു എന്ന് The Wall Street Journal ല്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷമാണിത്.”

അതായത് എല്ലാ ആഴ്ചയും ഒരു നിര ചെറിയ അപവാദങ്ങള്‍ നടക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ ലഘു-അപവാദമായിരുന്നു അത്. അത്തരം ധാരാളം എണ്ണമുണ്ട്. എന്താണ് സംഭവിക്കുന്നതെന്നാല്‍, നാം ഒരു ലഘു-അപവാദത്തിന്റെ അടിസ്ഥനത്തില്‍ അണിനിരക്കുന്നു. നിങ്ങള്‍ രഹസ്യാന്വേഷണ മുതലാളിത്തത്തെക്കുറിച്ച് അറിയാമെങ്കില്‍, നിങ്ങള്‍ക്ക് അതിന്റെ സാമ്പത്തികശാസ്ത്ര അനിവാര്യതകള്‍ അറിയാമെങ്കില്‍ അതിന് വ്യാപ്തിയിലും പരപ്പിലുമുള്ല സ്വഭാവ ഡാറ്റ വേണം, അതിന് ഒരു scope ഉണ്ടാകണം. വിവിധങ്ങളായ സ്വഭാവ ഡാറ്റ വേണമെന്ന് മനസിലാകും. നമ്മുടെ പ്രവര്‍ത്തികളില്‍ ഇടപെടുകയും സ്വാധീനിക്കുകയും ചെയ്തതില്‍ നിന്നാണ് ആ ഡാറ്റ യഥാര്‍ത്ഥത്തില്‍ വരുന്നത്. അങ്ങനെ രഹസ്യാന്വേഷണ മുതലാളിയുടെ ദൈനം ദിന പ്രവര്‍ത്തികള്‍ ആയി ഈ ലഘു വിവാദങ്ങളെല്ലാം കൃത്യമായി പ്രവചിക്കാനാകും

Wall Street Journal ഗവേഷണം നടത്തിയ ഈ ആപ്പുകള്‍ – അതിനെക്കുറിച്ച് വിശദമായി എന്റെ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട് – നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുന്ന ഓരോ ആപ്പും നിങ്ങളുടെ വിവരങ്ങള്‍ മൂന്നാമന്‍മാര്‍ക്ക് കൊടുക്കുന്നവയാണ്. മിക്കവാറും എല്ലാ ആപ്പുകളും അത് ചെയ്യുന്നു. ഈ മൂന്നാമന്‍മാരെ നിങ്ങള്‍ നോക്കിയാല്‍ അതിലെ രണ്ട് ഭീമന്‍മാര്‍ ഫേസ്‌ബുക്കും ഗൂഗിളും ആണെന്ന് കാണാം. ഡാറ്റാ ഒഴുക്കുന്ന ഈ സൈറ്റുകളുടെ URLs ന്റെ ഉടമകളായിരിക്കുന്നത് ഫേസ്‌ബുക്കും ഗൂഗിളും ആണ്. അതിന്റെ അര്‍ത്ഥം എന്താണ്? നിങ്ങള്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്തു. നാം ഉപയോഗിക്കുന്ന മിക്ക ആപ്പുകളും നമ്മുടെ ജീവിതത്തെ സഹായിക്കുന്നതാണ്. തീര്‍ച്ചയായും നമ്മുടെ സ്ഥാപനങ്ങള്‍ അങ്ങനെയല്ല. നമുക്ക് ഈ ആപ്പുണ്ട്, അത് നമ്മുടെ ആരോഗ്യത്തെ സഹായിക്കുന്നു, നമ്മുടെ ശാരീരികസ്വാസ്ഥ്യത്തെ സഹായിക്കുന്നു, നമ്മുടെ ആര്‍ത്തവ ചക്രത്തെ പിന്‍തുടരാന്‍ സഹായിക്കുന്നു, നമ്മുടെ മാനസികാരോഗ്യത്തെ സഹായിക്കുന്നു. ഈ വളരെ വ്യക്തിപരമായ വിവരങ്ങളാണ് ആപ്പുകളിലേക്ക് പോകുന്നത്. അത് അവിടെ അവസാനിക്കുന്നില്ല. അത് മൂന്നാമന്‍മാരിലേക്ക് പോകുന്നു. പ്രധാനമായും ഭീമന്‍മാരായ ഫേസ്‌ബുക്കിലേക്കും ഗൂഗിളിലേക്കും.

ഈ പുസ്തകത്തിന് വേണ്ടി 7 വര്‍ഷം ഞാന്‍ പഠനം നടത്തി. ഈ ഗവേഷണത്തിന്റെ ഓരോ ഘട്ടത്തിലും ഞാന്‍ ഉച്ചത്തില്‍ അലറി കരയുമായിരുന്നു. ആരും അവിടെ ഉണ്ടായിരുന്നില്ല. എന്റെ ഭംഗിയുള്ള പട്ടി മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. പഠനത്തില്‍ നിന്ന് എനിക്ക് കിട്ടിയ ധാരാളം വെളിപാടുകള്‍ കാരണമാണത്. നാം 21ആം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്നത് സാമൂഹ്യ അസമത്വത്തിന്റെ ഒരു പുതിയ മണ്ഡലമായാണ് എന്നതാണ് അതില്‍ ഏറ്റവും വലിയ തിരിച്ചറിവ്. സാമ്പത്തിക അസമത്വത്തെ നാം ശ്രദ്ധിച്ചിട്ടുണ്ട്. അത് വളരെ പ്രധാനപ്പെട്ടതാണ്. മനുഷ്യ ചരിത്രത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയില്‍ സ്വകാര്യ രഹസ്യാന്വേഷണ മൂലധനത്താല്‍ അറിവിന്റെ സമമിതിയില്ലായ്മയെ സ്ഥാപനവല്‍ക്കരിച്ചു കൊണ്ടാണ് ഇപ്പോള്‍ നാം 21 ആം നൂറ്റാണ്ടില്‍ പ്രവേശിക്കുന്നത്. നമ്മെക്കുറിച്ച് അവര്‍ക്ക് എല്ലാം അറിയാം. നമുക്ക് അവരെക്കുറിച്ച് ഒന്നും അറിയില്ല.

മുതലാളിത്തത്തിന്റെ ഒരു പരിണാമമാണ് രഹസ്യാന്വേഷണ മുതലാളിത്തം. കമ്പോളത്തിന് പുറത്ത് ജീവിക്കുന്ന കാര്യങ്ങളെ എടുത്ത് അവയെ കമ്പോള ചടുലതയിലേക്ക് താഴ്ത്തിക്കെട്ടി ഉല്‍പ്പന്നമാക്കി വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന പണ്ടത്തെ മാതൃകയെ പിന്‍തുടരുകയാണ് അത് ചെയ്യുന്നത്. എന്നാല്‍ അതില്‍ ഇരുണ്ട ഒരു വഴിത്തിരുവുണ്ട്. അതിന്റെ തന്നെ ഉത്പാദന പ്രക്രിയക്ക് വേണ്ട അസംസ്കൃത വസ്തുവിന്റെ സൌജന്യ സ്രോതസ്സായി, നമ്മുടെ സ്വാകാര്യ മാനുഷികമായ അനുഭവങ്ങള്‍ക്ക് മേല്‍ രഹസ്യാന്വേഷണ മുതലാളിത്തം ഏകപക്ഷീയമായി അവകാശം പ്രഖ്യാപിക്കുകയാണ്. നമ്മുടെ അനുഭവങ്ങളെ അത് സ്വഭാവ ഡാറ്റകളായി വിവര്‍ത്തനം ചെയ്യുന്നു. ആ സ്വഭാവ ഡാറ്റകളെ പിന്നീട് ആളുകള്‍ ഇന്ന് AI എന്ന് വിളിക്കുന്ന യന്ത്ര ബുദ്ധിയായി ഉന്നത കമ്പ്യൂട്ടിങ് കഴിവുകളുമായി കൂട്ടിച്ചേര്‍ക്കുന്നു.

കൃത്രിമ ബുദ്ധി. ആ കറുത്ത പെട്ടിയില്‍ നിന്ന് വരുന്നത് നമ്മുടെ സ്വഭാവങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. നാം ഇപ്പോള്‍ എന്ത് ചെയ്യും, പിന്നീട് എന്ത് ചെയ്യും. നാം ഭാവിയില്‍ എന്ത് ചെയ്യും എന്ന് അറിയാന്‍ ധാരാളം ബിസിനസ്സുകള്‍ക്ക് താല്‍പ്പര്യമുണ്ട്. അതുകൊണ്ട് ഇത് ഒരു പുതിയ തരം കമ്പോളത്തെ സൃഷ്ടിച്ചു. നമ്മുടെ സ്വഭാവ ഭാവികളില്‍ നിന്ന് സ്വഭാവ ഭാവികളെ പ്രത്യേകമായി കച്ചവടം ചെയ്യുന്ന ഒരു കമ്പോളം. രഹസ്യാന്വേഷണ മുതലാളിമാര്‍ അവരുടെ പണമുണ്ടാക്കുന്നത് അവിടെയാണ്. നമ്മുടെ സ്വഭാവങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ വിറ്റ് ഗൂഗിള്‍, ഫേസ്ബുക്ക് പോലുള്ള ഈ സാമ്പത്തിക യുക്തിയുടെ വമ്പന്‍ അഗ്രഗാമികള്‍ വളരെ സമ്പന്നരായി. ആദ്യം അത് ലക്ഷ്യം വെച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ പരസ്യക്കാര്‍ക്ക് ആയിരുന്നു, ഇന്ന് ഇപ്പോള്‍ മൊത്തം സമ്പദ്‌വ്യവസ്ഥയിലെ ബിസിനസ് ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ്. തുടക്കത്തിലെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ പരസ്യത്തിന്റെ സന്ദര്‍ഭത്തില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല അതിപ്പോള്‍.

എങ്ങനെ നമുക്ക് നമ്മളെ സംരക്ഷിക്കാം? ആദ്യമായി ജനാധിപത്യം ഉറങ്ങിക്കിടന്ന കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലാണ് ഇത് വേര് പിടിച്ചതും തഴച്ച് വളര്‍ന്നതും. എങ്ങനെ അവര്‍ക്ക് രക്ഷപെടാനായി എന്നതാണ് ചോദ്യം. ഒരു കൂട്ടം ഉത്തരം അതിനുണ്ട്. 16ഓളം വിശദീകരണങ്ങള്‍ എനിക്കുണ്ട്. എന്നാല്‍ അതില്‍ ചിലത് ഏറ്റവും മുകളിലാണ്. അതിനെക്കുറിച്ചാണ് സംസാരിക്കേണ്ടത്.

ഒന്ന് നമ്മുടെ അറിവില്ലായ്മയാണ്. അത് ഈ മൊത്തം സമ്പ്രദായങ്ങളെക്കുറിച്ചാണ്. അതിനെ രഹസ്യാന്വേഷണ മുതലാളിത്തം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നാല്‍ ഇതെല്ലാം രഹസ്യമായാണ് ചെയ്യുന്നത്. സാമൂഹ്യ ബന്ധങ്ങളുടെ ഒറ്റ വഴി കണ്ണാടി, അതായത് രഹസ്യാന്വേഷണം, വഴിയാണ് ഇതെല്ലാം ചെയ്യുന്നത്. ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്ന വന്‍തോതിലുള്ള മൂലധനം നമ്മേ അറിവില്ലാത്തവരായി നിലനിര്‍ത്തുന്ന ഈ സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടിയുള്ളതാണ്. പ്രത്യേകിച്ചും, ഈ സംവിധാനം നമ്മുടെ തിരിച്ചറിവിനെ മറികടക്കുന്നതിനേക്കുറിച്ചുള്ളതാണെന്ന് സത്യത്തെ പൊങ്ങച്ചമായി വരുത്തിത്തീര്‍ക്കുന്ന തരത്തിലാണ് ഡാറ്റാ ശാസ്ത്രജ്ഞര്‍ അവരുടെ രീതികളെക്കുറിച്ച് എഴുതുന്നത്.

അത് വഴി സമ്മതിക്കുന്നു, എതിര്‍ക്കുന്നു, എനിക്ക് പങ്കെടുക്കാനാഗ്രമുണ്ട്, എനിക്ക് പങ്കെടുക്കാനാഗ്രഹമില്ല, ഞാന്‍ മല്‍സരിക്കാനാഗ്രഹിക്കുന്നു, ഞാന്‍ മല്‍സരിക്കാനിഷ്ടപ്പെടുന്നില്ല, ഞാന്‍ യുദ്ധം ചെയ്യാനാഗ്രഹിക്കുന്നു, ഞാന്‌ യുദ്ധം ചെയ്യാനിഷ്ടപ്പെടുന്നില്ല, എന്നൊക്കെ പറയാനുള്ള നമ്മുടെ അവകാശങ്ങളെ അവര്‍ മറികടക്കുന്നു. ഈതെല്ലാം ഒഴുവാക്കപ്പെടുന്നു. എതിര്‍ക്കാനുള്ള അവകാശം നമ്മളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടു. കാരണം അറിവില്ലായ്മയിലേക്ക് നമ്മേ നിര്‍മ്മിച്ചെടുക്കുന്നു(engineered).

നാം നമുക്ക് വേണ്ടി പ്രതിരോധിക്കുമ്പോള്‍ അത് എന്താണെന്ന് നം മനസിലാക്കാന്‍ തുടങ്ങണം. നാം തുടങ്ങുന്നത് അതിനൊരു പേരിട്ടാണ്. പേരിടല്‍ ശക്തിയാണ് അധികാരമാണ്. മനസിലാക്കള്‍ ശക്തിയാണ് അധികാരമാണ്. ഈ അറിവില്ലായ്മയെ മറികടക്കുന്നത് ശക്തിയാണ്. അതാണ് ആദ്യ പടി. ഡിജിറ്റല്‍ സാങ്കേതികവിദ്യയേയല്ല സാമ്പത്തിക യുക്തിയെയാണ് നാം കൈകാര്യം ചെയ്യുന്നത് എന്ന് ഒരിക്കല്‍ നാം തിരിച്ചറിഞ്ഞാല്‍ പിന്നെ ഡിജിറ്റല്‍ സാങ്കേതികവിദ്യയില്ലാതെ രഹസ്യാന്വേഷണ മുതലാളിത്തം സാദ്ധ്യമല്ല എന്ന് സങ്കല്പിക്കുക വളരെ എളുപ്പമാണ്. പാവകളിക്കാരനെക്കുറിച്ചാണ് നാം ഇവിടെ പറയുന്നത്. പാവയെക്കുറിച്ചല്ല. ഡിജിറ്റല്‍ സാങ്കേതികവിദ്യ വെറും പാവയാണ്. രഹസ്യാന്വേഷണ മുതലാളിത്തമാണ് പാവകളിക്കാരന്‍.

ഇതൊരു സാമ്പത്തിക യുക്തിയാണെന്ന് ഒരിക്കല്‍ നാം പേരിടുകയും തിരിച്ചറിയുകയും ചെയ്താല്‍, പേരിടുന്നതിനുപരിയായി യഥാര്‍ത്ഥത്തില്‍ ജനാധിപത്യ സമൂഹത്തിലെ പൌരന്‍മാരെന്ന നിലക്ക് പിന്നെ നമ്മുടെ ജോലി, നമ്മുടെ പുതിയ തിരിച്ചറിവിനെ ഉപയോഗിച്ച് നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളുടെ വിഭവങ്ങള്‍ വിളിച്ച് വരുത്തി നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെകൊണ്ട് ഈ പ്രക്രിയയില്‍ ഇടപെടുകയും അതിനെ നിയമവിരുദ്ധമാക്കുകയും ചെയ്യണം. മനുഷ്യന്റെ ഭാവിയെ കച്ചവടം ചെയ്യുന്നതില്‍ നിന്ന് പണമുണ്ടാക്കുന്ന തരത്തിലുള്ള മുതലാളിത്തത്തിന്റെ ഈ ആധിപത്യമുളള രൂപത്തിലെ സമൂഹത്തില്‍ നാം ജീവിക്കാനാഗ്രഹിക്കുന്നുവോ? കാരണം അത്തരത്തിലുള്ള ബിസിനസ് യുക്തിയുടെ പ്രത്യാഘാതങ്ങള്‍ രണ്ട് രീതിയില്‍ ജനാധിപത്യത്തെ നേരിട്ട് ആക്രമിക്കുന്ന തരത്തിലുള്ളതാണ്.

ഒന്നാമതായി മനുഷ്യന്റെ സ്വയം ഭരണാവകാശത്തെ ഇല്ലാതാക്കുന്നു. മനുഷ്യന്റെ സ്വയം ഭരണാവകാശത്തെ ശത്രുവായാണ് അത് കാണുന്നത്. കാരണം മനുഷ്യന്റെ സ്വയം ഭരണാവകാശം ഒരു ഘര്‍ഷണമാണ്. നമ്മുടെ അനുഭവത്തെ എടുക്കാന്‍ വിഷമാണ്. പ്രവചിക്കാവുന്ന സ്വഭാവ ഡാറ്റയുടെ ഏറ്റവും നല്ല സ്രോതസ്സില്‍ നിന്ന് പോലും നമ്മുടെ സ്വഭാവത്തെ സ്വാധീനിക്കാന്‍ വിഷമാണ്.എന്താണ് സംഭവിക്കുന്നത് എന്ന് നമുക്കറിയാമെങ്കില്‍ അങ്ങനെ ചെയ്യാന്‍ വിഷമമാണ്. കാരണം നാം എതിര്‍ക്കാനുള്ള വഴികള്‍ കണ്ടെത്തും. അതുകൊണ്ട് അത് സ്വയം ഭരണാവകാശത്തിന് എതിരാണ്. വ്യക്തിപരമായ പരമാധികാരത്തിന് അത് എതിരാണ്. നമ്മുടെ അനുഭവത്തിന്റെ പുറത്ത് നമുക്ക് തീരുമാനമെടുക്കാനുള്ള അവകാശത്തിനും അത് എതിരാണ്. അത് ജനാധിപത്യത്തെ അടിയില്‍ നിന്ന് ഇല്ലാതാക്കുന്നു. കാരണം വിമര്‍ശനാത്മക ചിന്തയുടെ ധാര്‍മ്മിക കേന്ദ്രമായി തങ്ങളെ കരുതുന്നതും സ്വയം ഭരണാവകാശത്തോടെ പ്രവര്‍ത്തിക്കുന്നതുമായ വ്യക്തികളില്ലാതെ നമുക്ക് അഭിവൃദ്ധിപ്രാപിക്കുന്ന ഒരു ജനാധിപത്യ സമൂഹമുണ്ടാക്കാനാവില്ല. അതാണ് ഒന്നാമത്തെ കാര്യം.

നമ്പര്‍ 2, മുകളില്‍ നിന്ന് അത് ജനാധിപത്യത്തെ ആക്രമിക്കുന്നു. 21ആം നൂറ്റാണ്ടിലേക്ക് നാം പ്രവേശിക്കുന്നത് അറിവിന്റെ തീവൃ അസമത്വം കൊണ്ടുവരുന്ന ഒരു പുതിയ തരത്തിലുള്ള സ്ഥാപന മാതൃകയോടുകൂടിയാണ്. മനുഷ്യ ചരിത്രത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തില്‍ സ്വകാര്യ രഹസ്യാന്വേഷണ മൂലധനത്തിന്റെ സംരക്ഷണത്തിന് താഴെ അറിവിന്റെ സമമിതിയില്ലായ്മയോടെ സ്വകാര്യ കമ്പനികളെ നമ്മള്‍ സ്ഥാപനവല്‍ക്കരിച്ചു. നമ്മേക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവര്‍ക്കറിയാം. നമുക്ക് അവരെക്കുറിച്ച് ഒന്നും അറിയുകയുമില്ല. നമ്മേക്കുറിച്ച് അവര്‍ക്കുള്ള അറിവ് മറ്റുള്ളവരുടെ ലാഭ നേട്ടമായി ഉപയോഗിക്കപ്പെടുന്നു. നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനോ ജീവിതം മെച്ചപ്പെടുത്താനോ അല്ല അത് ഉപയോഗിക്കുന്നത്. ഇത് അറിവിന്റെ വളരെ വലിയ ഒരു സമമിതിയില്ലായ്മ(asymmetry) ആണ്. അത് അധികാരത്തിലെ വലിയ സമമിതിയില്ലായ്മ ആയി വളരുന്നു. കാരണം വലിയ അറിവില്‍ നിന്നാണ് വലിയ അധികാരം വരുന്നത്. അവരുടെ വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നമ്മുടെ സ്വഭാവത്തെ മാറ്റുകയും സ്വാധീനിക്കുകയും ചെയ്യുന്ന അധികാരം ആണിവിടെ.
ജനാധിപത്യത്തിന് മേല്‍ ഇത് ദ്രോഹകരമായ, ദ്രവിപ്പിക്കുന്ന ഫലമാണുണ്ടാക്കുന്നത്.

ഒരു വര്‍ഷം മുമ്പുള്ള വെളിപ്പെടുത്തലുകളില്‍ ചെറിയ വ്യത്യാസത്തോടെ ഇതേ പ്രക്രിയകള്‍ Cambridge Analytica യും ഉപയോഗിച്ചു എന്ന് നാം കണ്ടു. അവര്‍ ചെയ്തത്
രഹസ്യാന്വേഷണ മുതലാളിത്തത്തിന്റെ എല്ലാദിവസത്തേയും പതിവ് പ്രക്രിയകളെ അല്‍പ്പം ചരിച്ച് വാണിജ്യ ഫലങ്ങള്‍ക്ക് പകരം രാഷ്ട്രീയ ഫലങ്ങള്‍ നേടാനായി ഉപയോഗിച്ചു. രാഷ്ട്രീയ പരിണതഫലത്തില്‍ മാറ്റങ്ങളുണ്ടാക്കാനായി നമ്മുടെ ഡാറ്റ ഉപയോഗിച്ച് യഥാര്‍ത്ഥ ലോകത്തെ നമ്മുടെ സ്വഭാവത്തിലും ചിന്തകളിലും വികാരങ്ങളിലും ഇടപെടാനും സ്വാധീനിക്കാനും കഴിയും എന്ന് അത് കാണിക്കുന്നു.

ധനികനായ Robert Mercer ന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയാണ് Cambridge Analytica. അയാള്‍ ട്രമ്പിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കും സംഭവാനകള്‍ കൊടുത്തിട്ടുണ്ട്. എങ്ങനെ വന്‍തോതില്‍ ഫേസ്‌ബുക്ക് ഡാറ്റ അനിയന്ത്രിതമായി പിടിച്ചെടുക്കാം എന്ന് ഈ കമ്പനി പഠിച്ചു. പിന്നീട് ഫേസ്‌ബുക്കില്‍ നിന്നും വന്‍തോതില്‍ ഡാറ്റ ശേഖരിക്കാനുള്ള അനുവാദം അവര്‍ വിലക്ക് വാങ്ങി. ഓരോ വ്യക്തിത്വ വിഭാഗങ്ങളെ മനസിലാക്കാന്‍ രഹസ്യാന്വേഷണ മുതലാളിത്തത്തിന്റെ പ്രക്രിയകള്‍ ഉപയോഗിച്ചു.
ബോധാതീതമായ സൂചനകളും സന്ദേശങ്ങളും വ്യക്തികള്‍ക്ക് കൊടുത്ത് അവരുടെ സ്വഭാവത്തില്‍ സ്വാധീനം ചെലുത്തുകയും അവരുടെ രാഷ്ട്രീയ അഭിപ്രായത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും, യഥാര്‍ത്ഥ ലോകത്തെ അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളേയും വോട്ടിങ് സ്വഭാവത്തേയും സ്വാധീനിക്കുകയും ചെയ്തു.

അവര്‍ വളരെ വിജയകരമായിരുന്നു എന്ന് നമുക്കറിയാം. forensics ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ സ്വാധീനത്തിന്റെ എല്ലാ അംശങ്ങളും നാം എന്നെങ്കിലും പൂര്‍ണ്ണമായും മനസിലാക്കുമെന്ന് നമുക്ക് അറിയില്ല. പക്ഷെ 2016 ലെ Brexit വോട്ടെടുപ്പിലും അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും അവര്‍ക്ക് ഭയങ്കരമായ സ്വാധീന ശേഷിയുണ്ടായിരുന്നു എന്ന് നമുക്കറിയാം. നമുക്കിത് അറിയാന്‍ കഴിഞ്ഞത് ഒരു whistleblower കാരണമാണ്. ഈ പദ്ധതിതന്ത്രത്തിന്റെ പ്രധാന ശില്‍പ്പികളിലൊരാളായ Chris Wylie എന്ന ചെറുപ്പക്കാരന്‍ കാരണമാണ്. അദ്ദേഹത്തിന്റെ എല്ലാ ദുര്‍വൃത്തികളോടൊപ്പം തന്നെ താനെന്താണ് ചെയ്തതെന്നും പൊതുജനങ്ങളോടും ലോകത്തെ എല്ലാ ജനങ്ങളോടും അത് വിശദീകരിക്കന്നത് വഴി നമ്മുടെ മാനവവംശത്തിന്റെ പശ്ചാത്തപിക്കുന്ന പാപിയായ മകനാകാനായ ധൈര്യവും കാണിച്ചു. നമ്മളെ ജാഗ്രതയുള്ളവരാക്കാന്‍ വേണ്ടിയാണ് അത് ചെയ്തത്.

“നിങ്ങളുടെ അനുമതിയോടെ നിങ്ങള്‍ ഞങ്ങള്‍ക്ക് വിവരങ്ങള്‍ തന്നു. നിങ്ങളുടെ സുഹൃത്തുക്കളാരാണെന്ന വിവരങ്ങള്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് തന്നാല്‍ ഞങ്ങള്‍ക്ക് ആ വിവരങ്ങളില്‍ ചിലത് ഉപയോഗിക്കാം. വീണ്ടും അത് നിങ്ങളുടെ അനുമതിയോടെയാണ്. നിങ്ങളുടെ തെരയലിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനാണ് അത്. … ആത്യന്തികമായി സംഭവിക്കുന്ന ഒരു കാര്യം
മുമ്പ് പറഞ്ഞ വാചകത്തില്‍ നിന്നുള്ള യുക്തി, നിങ്ങള്‍ മൊത്തം കാര്യം ടൈപ്പ് ചെയ്യേണ്ട കാര്യമില്ല എന്നതാണ്. കാരണം നിങ്ങളുടെ അനുവാദത്തോടെ ഞങ്ങള്‍ക്കറിയാം നിങ്ങളെവിടെയാണെന്നും നിങ്ങളെവിടെയായിരുന്നുവെന്നും. നിങ്ങളെന്താണ് ചിന്തിക്കുന്നതെന്ന് ഞങ്ങള്‍ക്ക് ഊഹിക്കാനാകും,” ഗൂഗിളിന്റെ മുമ്പത്തെ CEO ആയ എറിക് ഷ്മിഡ്റ്റ് (Eric Schmidt)

7 വര്‍ഷം മുമ്പ് ഈ പുസ്തകം എഴുതി തുടങ്ങുമ്പോള്‍ ഇവയില്‍ നിന്ന് ഒരു മാസത്തെ അവധിയെടുത്തു. ലോകത്തെ ഏറ്റവും മഹാന്‍മാരായ എല്ലാ മാജിക്കുകാരും അവരുടെ കഴിവുകളെക്കുറിച്ച് എഴുതിയ എല്ലാ മാന്വലുകളും ഞാന്‍ വായിക്കാന്‍ തുടങ്ങി. അതില്‍ നിന്ന് മഹാന്മാരായ മാജിക്കുകാരുടെ ഏറ്റവും പ്രധാനപ്പെട്ട കഴിവുകളിലൊന്ന് വഴിതെറ്റിക്കല്‍(misdirection) എന്ന ആശയമാണ്. നിങ്ങള്‍ ആളുകളുടെ ശ്രദ്ധ ഒരു വഴിക്ക് കൊണ്ടുപോകുന്നു. അത് മറ്റേ കൈകൊണ്ട് നിങ്ങളുടെ കൌശലം ചെയ്യാനാണ്.

കലാപരമായ വഴിതെറ്റിക്കലിനെക്കുറിച്ചാണ് നിങ്ങളിവിടെ കേട്ടത്: “നിങ്ങളുടെ അനുവാദത്തോടെ,” “നിങ്ങളുടെ അനുവാദത്തോടെ.” ലോകവിദ്വേഷത്തോടുള്ള കള്ളമാണ് അത്. കാരണം “നിങ്ങളുടെ അനുവാദത്തോടെ” എന്നതില്‍ നിന്ന് “ഞാന്‍ സമ്മതക്കുന്നു I agree” എന്നതിനെ അമര്‍ത്തി എന്നാണര്‍ത്ഥം. നമ്മളെല്ലാം അമര്‍ത്തുന്ന ഒരു പെട്ടിയാണ് “I agree”. കാരണം നമുക്ക് വേറെ വഴിയില്ല. ഗൂഗിളും മറ്റെല്ലാ രഹസ്യാന്വേഷണ മുതലാളിമാരും നമ്മുടെ സ്വകാര്യ അനുഭവങ്ങളെ ചുരണ്ടിയെടുത്ത് അതിനെ സ്വഭാവപരമായ ഡാറ്റയാക്കി മാറ്റുന്ന ഈ supply chains ലേക്ക് അടിവെച്ചടിവെച്ച് പോകുകയല്ലാതെ എല്ലാ ദിവസത്തേയും ഫലപ്രദമായ സാമൂഹ്യ പങ്കാളിത്തത്തിന് നമുക്ക് വേറെ വഴിയില്ല. അതുകൊണ്ട് നമ്മുടെ ഒരു ദിവസം പൂര്‍ത്തിയാക്കാനായി നമുക്ക് അവരുടെ പൂന്തോട്ടത്തല്‍ കളിക്കേണ്ടതായി വരുന്നു. നാം അനുമതി കൊടുക്കുന്നു എന്ന ആശയം വളരെ വലിയ കള്ളങ്ങളില്‍ ഒന്നാണ്. ഇത് ചെറിയ ഒരു ഭാഗം kabuki ആണ്. ഞാനാണ് സൂര്യന്‍. നിങ്ങള്‍ ചന്ദ്രനും. ഞാന്‍ പറയുന്നു നിങ്ങളെനിക്ക് അനുമതി തരൂ. നിങ്ങള്‍ പറയുന്നു, ശരി ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ നമുക്കെല്ലാം അറിയാം അതൊരു കള്ളമാണെന്ന്.

മറ്റൊരു മികച്ച വാക്യം മറ്റൊരു മികച്ച വഴിതെറ്റിക്കലിനായി(misdirection) Eric Schmidt പറഞ്ഞിട്ടുണ്ട്. സുരക്ഷാ ഏജന്‍സികള്‍ക്ക് അവരുടെ ചില ജോലികള്‍ക്കായി ഗൂഗിളിന്റെ തെരയല്‍ ഡാറ്റ ഉപയോഗിക്കുന്നു എന്ന സത്യത്തെക്കുറിച്ചുള്ള ചോദ്യം വന്നപ്പോള്‍ ആയിരുന്നു അത്. “തെരയല്‍ യന്ത്രങ്ങള്‍ കൈവശം വെക്കുന്നതാണ്” എന്നകാര്യം എല്ലാവരും മനസിലാക്കണം എന്നതായിരുന്നു അദ്ദേഹം നടത്തിയ ഒരു പ്രസ്ഥാവന. മറ്റൊരു സമര്‍ത്ഥനായ വഴിതെറ്റിക്കല്‍. തെരയല്‍ യന്ത്രങ്ങള്‍ അല്ല ഡാറ്റ കൈവശം വെക്കുന്നത്. രഹസ്യാന്വേഷണ മുതലാളിത്തമാണ് ഡാറ്റ കൈവശം വെക്കുന്നത്. പാവയെ പാവകളിക്കാരനില്‍ നിന്ന് നാം തീര്‍ച്ചയായും വേര്‍തിരിക്കണം. അതിനുള്ള മറ്റൊരു വഴിയാണ് ഇത്. ഇവര്‍ നിരന്തരം ആശയക്കുഴപ്പമുണ്ടാക്കുന്നു. കാരണം ഈ ഒരു വഴിയേ ഡിജിറ്റല്‍ ഭാവി പ്രവര്‍ത്തിക്കൂ എന്ന് നാം വിശ്വസിക്കണമെന്നാണ് അവരുടെ ആഗ്രഹം. അതുകൊണ്ട് നിങ്ങള്‍ പതുങ്ങിയിരിക്കണം, നിങ്ങള്‍ക്ക് അത് ശീലമാകണം. ഈ അനിവാര്യതയിലേക്ക് നിങ്ങള്‍ വിരമിക്കണം. ഇതൊരു കള്ളമാണ്. അതിനെ നാം നേരിടണം. നാം അതിനെ എതിര്‍ക്കണം.

പച്ചയായ നശീകണ മുതലാളിത്തത്തിന്റെ ആധിക്യമായ, വഞ്ചകനായ മുതലാളിത്തത്തെ എങ്ങനെ നേരിടണമെന്ന് നമ്മുടെ സമൂഹം ഭൂതകാലത്തില്‍ പഠിച്ചിട്ടുണ്ട് എന്നത് ഇതിനെക്കുറിച്ചുള്ള നല്ലകാര്യമാണ്. അതിനെ മുട്ടുകുത്തിക്കുകയും, ജനാധിപത്യ സമൂഹത്തിന്റെ തത്വങ്ങളുടെ പരിധിയിലേക്കും ജനങ്ങളുടെ യഥാര്‍ത്ഥ താല്‍പ്പര്യത്തിലേക്കും അതിനെ കൊണ്ടുവന്നു. Gilded Age ന്റെ അവസാനം അത് നാം ചെയ്തു. മഹാമാന്ദ്യത്തിന്റെ അവസാനം നാം അത് ചെയ്തു. യുദ്ധത്തിന് ശേഷമുള്ള കാലം അത് ചെയ്തു. പുതിയ നിയമങ്ങള്‍, പുതിയ നിയന്ത്രണ സംവിധാനങ്ങള്‍, പുതിയ രീതിയിലുള്ള സംഘടിത പ്രവര്‍ത്തനങ്ങള്‍ ഒക്കെ കൊണ്ട് നാം ജനാധിപത്യത്തെ കൊണ്ടുവന്നു. അത് സംഘടിത വിലപേശലും ട്രേഡ് യൂണിയനുകളും സമരം ചെയ്യാനുള്ള അവകാശവുമെല്ലാമായിരുന്നു. എന്നാല്‍ എത്രമാത്രം അപൂര്‍ണ്ണമായാലും, കമ്പോള ജനാധിപത്യം എന്ന് വിളിക്കുന്ന ഒന്നുകൊണ്ട് അമിതമാകുന്ന മുതലാളിത്തത്തെ നാം തടഞ്ഞ് നിര്‍ത്തിയിട്ട് അതിനെ ഒരു സന്തുലിതാവസ്ഥയിലേക്ക് എത്തിച്ചു. അത് മുമ്പും നാം ചെയ്തിട്ടുണ്ട്. ഇനിയും നമുക്കത് ചെയ്യാം [പക്ഷേ ചോദ്യമെന്നത് എന്തിന് ഇത് നാം ആവര്‍ത്തിക്കുന്നു എന്നതാണ്. ഈ വ്യവസ്ഥക്ക് അടിസ്ഥാനമായ പ്രശ്നമുണ്ട്. അത് തിരിച്ചറിയുക. അതാണ് ഈ എഴുത്തുകാര്‍ ഒഴുവാക്കുന്നത്.]

അല്‍പ്പം അറിവുള്ള മിക്ക ആളുകളും ചെയ്യുന്ന കാര്യങ്ങള്‍ ഞാനും ചെയ്യുന്നു. പരസ്യങ്ങളെ തടയാനുള്ള ചിലത്, പിന്‍തുടരലിനെ തടയുന്ന ചിലത്, എന്റെ സ്ഥാനം കൂട്ടിക്കുഴക്കുന്ന ഒരു ബ്രൌസര്‍ ഇത്തരത്തിലുള്ള വിവിധ കാര്യങ്ങള്‍. ഇവയെല്ലാം എന്നേ ദേഷ്യം പിടിപ്പിക്കുന്നു. കാരണം നമ്മളിതൊക്കെ കൊണ്ട് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് നമ്മുടെ സ്വന്തം ജീവിതം മറച്ച് വെക്കാനുള്ള വഴികള്‍ കണ്ടെത്തുകയാണ്. അത് എന്നേ ദേഷ്യം പിടിപ്പിക്കുന്നു. കാരണം 21ആം നൂറ്റാണ്ടിന്റെ പൌരന്‍ എന്ന നിലയില്‍, ജനാധിപത്യ സമൂഹത്തിലെ പൌരന്‍ എന്ന നിലയില്‍ നമുക്ക് നമ്മളെ മറച്ച് വെക്കാനായി വഴികള്‍ കണ്ടെത്തേണ്ടി വരുന്നു. നമ്മുടെ മുഖത്തും ശരീരത്തിലും ഉപയോഗിക്കാനുള്ള തുണികളും പ്രച്ഛന്നവേഷവും ആയി നമുക്ക് നമ്മുടെ ഏറ്റവും നല്ല കലാകാരന്‍മാരില്‍ ചിലര്‍ വരുന്നുണ്ട്. അതിനാല്‍ നമുക്ക് നിരത്തിലിറങ്ങുമ്പോള്‍ നമുക്ക് നമ്മളെ മുഖ തിരിച്ചറിയല്‍, ശബ്ദ തിരിച്ചറിയല്‍ സംവിധാനത്തില്‍ നിന്ന് സംരക്ഷിക്കാനാകും. ഇത് അസഹ്യമാണ്. എന്റെ കുട്ടികള്‍ വളരണം എന്ന് ഞാന്‍ ആഗ്രഹിക്കുന്ന ഒരു ലോകമല്ല അത്.

ഓണ്‍ലൈനില്‍ നമുക്ക് പരിചിതമായ സ്വയം സെന്‍സര്‍ ചെയ്യുന്ന സ്വയം പോലീസിങ്, മരവിപ്പിക്കുന്ന ഫലം ആണെന്ന് ഗവേഷകര്‍ പറയുന്നു. പക്ഷേ ഇപ്പോള്‍ നാം കാണുന്നത് യഥാര്‍ത്ഥ ലോകത്തിലെ, യഥാര്‍ത്ഥ ജീവിതത്തിലെ സെന്‍സറിങ്ങ് ആണ്. കാരണം ആര്‍ക്കും അവരുടെ ഫോണിലെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്യാമറ ഉണ്ടാകാം.

എന്നാല്‍ നമ്മളില്‍ മിക്കവര്‍ക്കും നമ്മേ എല്ലായിടവും റിക്കോഡ് ചെയ്യന്നു എന്നത് അസഹ്യമായ കടന്ന് കയറ്റമാണ്. ഇത് കുട്ടികളിലും അവരുടെ ജീവിതത്തില്‍ മൊത്തം സംഭവിക്കുന്നു. അതുകൊണ്ട് കുട്ടികള്‍ക്ക് വേദിയിലല്ലത്തതായ ഒരു സ്ഥലമില്ല. സ്വന്തം ആന്തരിക വിഭവങ്ങളെ വളര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യാവുന്ന ഒരു സ്വകാര്യ സ്ഥലമില്ല. ജനാധിപത്യ സമൂഹത്തിന് അവശ്യം വേണ്ട ധാര്‍മ്മികമായ സ്വയംഭരണവും വ്യക്തിപരമായ വിലയിരുത്തലും നടത്താവുന്ന സ്ഥലമില്ലതായി.

നിയന്ത്രണങ്ങള്‍. ആദ്യമായി അത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവര്‍ത്തിച്ചിരുന്ന നിയന്ത്രണങ്ങള്‍ ഇനി പ്രവര്‍ത്തിക്കില്ല. ഉദാഹരണത്തിന് ഒരു നൂറ്റാണ്ട് മുമ്പ് ബാലവേലയെ നാം നേരിട്ടു. “ശരി, നമുക്കൊരു കൂടിയാലോചന നടത്താം. 7-വയസുകാരന്‍ ഒരു ദിവസം മൂന്ന് മണിക്കൂര്‍ മാത്രം ജോലി ചെയ്താല്‍ മതി” എന്ന് നമ്മളന്ന് പറഞ്ഞില്ല. നമ്മളത് ചെയ്തില്ല. “ബാലവേല ഇല്ല. ഫുള്‍സ്റ്റോപ്പ്. ആ കുട്ടികള്‍ വീട്ടിലായിരുന്നു. അവര്‍ സ്ക്കൂളില്‍ പോയി.”

ഇന്ന് ഡാറ്റ ഉടമസ്ഥതാവകാശത്തെക്കുറിച്ച് നമുക്ക് സംസാരിക്കാനാവുന്നില്ല. അത് 7-വയസുകാരന്‍ ഒരു ദിവസം മൂന്ന് മണിക്കൂര്‍ മാത്രം ജോലി ചെയ്താല്‍ മതി എന്ന് പറയുന്നത് പോലെയാണ്. കുതിര ലായം വിട്ടതിന് ശേഷമാണ് ഡാറ്റ ഉടമസ്ഥത. കാരണം ആദ്യമായി ഈ ഡാറ്റയില്‍ കൂടുതലും നിലനില്‍ക്കാനേ പാടില്ലാത്തതാണ്. Eric Schmidt എന്തൊക്കെ പറഞ്ഞാലും അതിന് വിരുദ്ധമായി നമ്മുടെ ജീവിതത്തില്‍ നിന്ന് നിയമവിരുദ്ധമായി എടുത്തതാണ് ഈ ഡാറ്റ. നമ്മുടെ അനുവാദമില്ലാതെ. അതുകൊണ്ട് നമുക്ക് അനുവാദം കൊടുക്കാനേ കഴിയില്ല.

നമുക്ക് ഈ ന്യൂജനറേഷന്‍ ഉണ്ട്. regulation ന്റെ പുതിയ നൂറ്റാണ്ട്. അത് ഈ പ്രത്യേക സംവിധാനങ്ങളെ തടസ്സപ്പെടുത്തുന്നു. സ്വകാര്യ മനുഷ്യ അനുഭവങ്ങള്‍ പരിധിയില്ലാത്തതാണെന്ന് അത് പറയുന്നു. മുതലാളിത്തത്തിന്റെ അടുത്ത കന്യകാത്വത്തിന് ലഭ്യമാക്കാനുള്ളതല്ല. സ്വകാര്യ മനുഷ്യ അനുഭവം ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാനമാണ്. അതിനെ ഒരു ഉല്‍പ്പന്നമായി മാറ്റാനാകില്ല. അതാണ് ഒന്നാമത്തെ കാര്യം.

നമ്മള്‍ തടസപ്പെടുത്തണം, behavioral futures markets നെ നിയമ വിരുദ്ധമാക്കണം. കാരണം സ്വഭാവ ഭാവിയെ വില്‍ക്കുന്ന ഒരു ബിസിനസിന്റെ പ്രത്യാഘാതം ജനാധിപത്യത്തെ തകര്‍ക്കുന്ന ഒരു ബിസിനസ് ആണ്. ബിസിനസ് ഉപഭോക്താക്കളുടെ ലാഭത്തിനായി, നമ്മുടെ സ്വഭാവത്തിന്റെ പ്രവചനത്തെ വില്‍ക്കുന്ന ഒരു മുതലാളിത്തത്താല്‍ ഭരിക്കപ്പെടുന്ന ഒരു സമൂഹത്തിന് ഒരു സ്വതന്ത്ര സമൂഹമാകാന്‍ സാദ്ധ്യമല്ല.

– ഫേസ്‌ബുക്ക്, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയവരെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെങ്കില്‍ അവര്‍ തന്നെയാണ് അവര്‍ക്കെതിരായ നിയന്ത്രണ നിയമങ്ങള്‍ എഴുതുന്നത്.

അത് അല്‍പ്പം നിരാശാജനകമാണെന്ന് എനിക്കറിയാം. ഒരു ചെറുപ്പക്കാരിയായ വിദ്യാര്‍ത്ഥിനിയായി ഞാന്‍ പഠിച്ച ഒരു കാര്യം — ബിരുദത്തിന് വേണ്ടി പഠിപ്പിക്കുമ്പോള്‍ (undergrad) എന്താണ് മില്‍റ്റന്‍ ഫ്രീഡ്മാന്‍ (Milton Friedman) University of Chicago യില്‍ പഠിപ്പിക്കുന്നത് എന്നറിയാനായി അദ്ദേഹത്തിന്റെ ക്ലാസുകളില്‍ ഞാന്‍ ഇരിക്കാറുണ്ടായിരുന്നു. ഇന്നത്തെ പൊതു സമ്മതമാണ് 20 വര്‍ഷം കഴിഞ്ഞുള്ള നിയമം എന്ന് ഫ്രീഡ്മന്‍ പറയുന്നത് ഒരു 17 വയസുകാരിയായിട്ടും എനിക്ക് ഓര്‍മ്മയുണ്ട്. അവിടെ ഒരു lag ഉണ്ട്. ഇന്ന് നമുക്ക് പൊതു സമ്മതം മാറ്റാനായാല്‍ അത് പുതിയ നിയമമായും നിയന്ത്രണമായും മാറാനായി 20 വര്‍ഷമൊന്നും വേണ്ടിവരില്ല. കുറച്ച് വര്‍ഷങ്ങളേ അതിനെടുക്കൂ. അത് ഒറ്റദിവസത്തില്‍ കഴിയില്ല. എന്നാല്‍ ആ രീതിയിലുള്ള വീക്ഷണം വെച്ച് നോക്കുമ്പോള്‍, സുക്കര്‍ബക്കിനേയും മറ്റ് രഹസ്യാന്വേഷണ മുതലാളിമാരേയും അഭിമുഖം നടത്തിയതില്‍ നിന്ന് നമ്മുടെ നിയമനിര്‍മ്മാതാക്കള്‍ (ജനപ്രതിനിധികള്‍) വെറും കേവല, വെറും blundering cluelessness ആണെന്നതില്‍ എനിക്ക് ഒട്ടും അത്ഭുതമില്ല

നമുക്ക് ചെയ്യാന്‍ ജോലികളുണ്ട്. ഈ ജോലി നമുക്ക് ചെയ്യാനാകും. നമ്മുടെ തെരഞ്ഞെടുത്ത അധികാരികളെ കാര്യങ്ങള്‍ പഠിപ്പിക്കണം. അവര്‍ പഠിക്കുന്നില്ലെങ്കില്‍ നമുക്ക് വേറെ ആളുകളെ തെരഞ്ഞെടുക്കണം. ഈ പ്രശ്നം നമുക്ക് പരിഹരിക്കാനാകും. ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു. 20 ആം നൂറ്റാണ്ടിലും നമുക്ക് കോടതികളുണ്ട്. പൂര്‍ണ്ണമായും “robber barons” എന്ന് നാം വിളിക്കുന്ന വ്യവസായികളുടെ പക്ഷം പിടിച്ചാണ് ജഡ്ജിമാര്‍ തീരുമാനമെടുക്കുന്നത്. ചരിത്രത്തില്‍ ഈ എല്ലാ പ്രവര്‍ത്തികളേയും പുനര്‍വ്യാഖ്യാനം ചെയ്യപ്പെടും. ജനാധിപത്യം അവസാനം പ്രകാശത്തിലേക്കുള്ള അതിന്റെ വഴി കണ്ടെത്തും. അതാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ പ്രക്രിയയിലാണ് നാം ഇപ്പോള്‍. ഇതിന് 20 വര്‍ഷം പ്രായമായി. നാം തുടക്കത്തിലാണ്. അന്ത്യത്തില്ല. നാം അതിനെ പേര് വിളിക്കും നാം അതിനെ മെരുക്കും. നമ്മുടെ ജനാധിപത്യത്തെ വീണ്ടും പ്രവര്‍ത്തിപ്പിക്കുക. അതാണിപ്പോഴത്തെ ജോലി. 21 ആം നൂറ്റാണ്ടിലെ ഈ ജോലിക്കായി ഉണരുക.
________

Shoshana Zuboff
professor emerita at Harvard Business School and author of the new book, The Age of Surveillance Capitalism: The Fight for a Human Future at the New Frontier of Power.

— സ്രോതസ്സ് democracynow.org | March 01, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )