എന്താണ് ജാതി വ്യവസ്ഥ

പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യ സമൂഹം കൂടുതല്‍ സങ്കീര്‍ണ്ണമായതിന് ശേഷം രൂപപ്പെട്ട സാമൂഹ്യ സംഘടനാ രൂപമാണ് ജാതി. അത് ലോകത്തിലെ എല്ലാ സ്ഥലത്തും പ്രവര്‍ത്തിച്ച ഒരു കാര്യമായിരുന്നു. സമൂഹത്തിലെ ജനങ്ങളെ ഓരോ ഓരോ തൊഴിലുകള്‍ ചെയ്യുന്നവരായി വിഭജിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. തൊഴിലുകളെ ഉന്നതമെന്നും താഴ്ന്നതെന്നും പടിപടിയായി തരംതിരിച്ചിരുന്നു. അതുകൊണ്ട് ആ തൊഴിലുകളെടുക്കുന്ന ആളുകളും പടിപടിയായി തരംതിരിക്കപ്പെട്ടു. ഈ ഉച്ചനീചത്വമാണ് ജാതി വ്യവസ്ഥയുടെ അടിത്തറ. അതാണ് അതിന്റെ നിയമം.

ദൈവത്തിന്റെ മദ്ധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന പുരോഹിതനാണ് ഏറ്റവും ഉയര്‍ന്ന സ്ഥാനം. അയാള്‍ ദൈവത്തിന്റെ പ്രതിപുരുഷനായി രാജാവിനെ വാഴിക്കുന്നു. അങ്ങനെ ജാതിവ്യവസ്ഥയില്‍ രാജാവ് രണ്ടാം സ്ഥാനത്തെത്തി. പിന്നീട് താഴോട്ട് അനേകം ശാഖോപശാഖകളായി പിരിഞ്ഞ് തട്ട് തട്ടായി നില്‍ക്കുന്ന ഒരു പിരമിഡ് വ്യവസ്ഥയാണ് ജാതി വ്യവസ്ഥ.

ഒരു തട്ടിലെ ആള്‍ക്കാര്‍ അവര്‍ക്ക് മുകളിലുള്ള ആളുകളേക്കാള്‍ മോശക്കാരാണെന്ന് സ്വയം കരുതുകയും അവര്‍ക്ക് താഴെയുള്ളവരേക്കാള്‍ കേമരാണെന്നും കരുതുന്നു. മുകളിലുള്ളവര്‍ക്ക് വിധേയരായി കഴിയുക, താഴെയുള്ളവരെ അടിച്ചമര്‍ത്തുക. ഇതാണ് ഈ ഉച്ചനീചത്വ വ്യവസ്ഥയുടെ സ്വഭാവം. ഓരോ തട്ടിലുള്ളവരും അവരുടെ തട്ടിലുള്ളവരുമായുള്ളവരുമായാണ് സാധാരണ വിവാഹ ബന്ധത്തിലേര്‍പ്പെടാറുള്ളത്. അങ്ങനെയല്ലാത്ത ബന്ധങ്ങളുണ്ടായാല്‍ അതിനെ കൈകാര്യം ചെയ്യാനും വൈദഗ്ദ്ധ്യമുള്ളതാണ് വ്യവസ്ഥ. (1)

എന്തുകൊണ്ട് ജാതി വ്യവസ്ഥ

സമൂഹം എന്തുകൊണ്ടുണ്ടായി എന്നതിനെക്കുറിച്ച് മുമ്പ് എഴുതിയിരുന്നല്ല (2). അതില്‍ പറയുന്നത് പോലെ ഇന്നത്തെ സംഘടിതവും വളരെ ആസൂത്രിതവുമായ ഒരു ലോകമായിരുന്നില്ല ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ലോകത്തുണ്ടായിരുന്നത്. ആദിമ ഗോത്ര സമൂഹം കൂടുതല്‍ വലുതും സങ്കീര്‍ണ്ണവും ആയ വ്യവസ്ഥയിലേക്ക് മാറിയതിന് ശേഷം ജനത്തെ അടക്കി ഒതുക്കി നിര്‍ത്തി പണിയെടുപ്പിക്കാന്‍ മനുഷ്യവംശം കണ്ടെത്തിയ ഒരു ആസൂത്രണമാര്‍ഗ്ഗമായിരുന്നു വര്‍ഗ്ഗ വിഭജത്തിലടിസ്ഥാനമായ ജാതി വ്യവസ്ഥ. പല രാജ്യത്തും പല രീതിയിലാണ് അത് നടപ്പാക്കിയത്.

അത് സമൂഹത്തിലെ മുഴുവന്‍ ആളുകളേയും ഒരു ഫാക്റ്ററിയിലെ തൊഴിലാളികളെ പോലെ സംഘടിപ്പിച്ചു. തന്റെ ജാതിക്ക് ഏല്‍പ്പിച്ച കര്‍മ്മം ഒരു മടിയും കൂടാതെ ചെയ്യണമെന്നാണ് നിയമം. അല്ലെങ്കില്‍ പാപമാണ്. അങ്ങനെ ശമ്പളം കൊടുക്കാതെ പണിയെടുക്കുന്ന വിശ്രമം വേണ്ടാത്ത തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ ഫലമായി ഇന്‍ഡ്യ ലോക സമ്പദ്‌വ്യവസ്ഥയുടെ നെറുകയിലെത്തി.

ആരും ഇത് മുകളില്‍ നിന്ന് അടിച്ചേല്‍പ്പിച്ചതല്ല. തീര്‍ച്ചയായും പ്രചാരവേലകളുണ്ടായിരുന്നെങ്കില്‍ കൂടിയും, ഭരണഘടനാ വാദികള്‍ പോലും അതേ ഭരണഘടനയെ റദ്ദാക്കുന്ന ആധാറിന് വേണ്ടി സ്വയം തയ്യാറായി ക്യൂവില്‍ പോയി നില്‍ക്കുകയല്ലേയുണ്ടായത് (3). അതുപോലെ തന്നെയാണ് ജാതിവ്യവസ്ഥയും സ്ഥാപിതമായത്. (ഇനിയൊരു 3500 കൊല്ലം കഴിയുമ്പോഴാകും ആധാര്‍ ഭരണഘടനാ വിരുദ്ധമാണെന്ന് നമ്മുടെ പ്രഗല്‍ഭന്‍മാര്‍ പറയുക!) എല്ലാവരും കൂടിച്ചേര്‍ന്നാണ് അത് സ്വീകരിച്ചത്. പടിപടിയായി അത് കൂടുതല്‍ കര്‍ക്കശമായി വന്നു. ഉദാഹരണത്തിന് സ്റ്റാന്‍ഫോര്‍ഡ് ജയില്‍ പരീക്ഷണമെന്നത് പോലെ. (4)

പുറത്തുനിന്ന് അടിച്ചേല്‍പ്പിക്കുന്ന ഒരു വ്യവസ്ഥയും എതിര്‍പ്പുകളില്ലാതെ തുടരില്ല. അടിമത്തം നല്ല ഉദാഹരണമാണ്. ഒരു തരത്തില്‍ ജാതി വ്യവസ്ഥ എന്നത് വികേന്ദ്രീകൃത അടിമത്ത വ്യവസ്ഥ എന്ന് കരുതാം. അടിമത്തത്തെക്കാള്‍ കൂടുതല്‍ സ്വതന്ത്രമായതിനാല്‍ അത് സ്വയം തകര്‍ന്നില്ല.

മറ്റ് രാജ്യങ്ങളിലെ ജാതികള്‍

നമ്മുടെ രാജ്യത്ത് മാത്രല്ല ലോകത്തെ എല്ലാ രാജ്യങ്ങളിലും ജാതി വ്യവസ്ഥയുണ്ട്. എന്ന് മാത്രമല്ല ജാതി പേരുകളും ഉണ്ട്. ഉദാഹരണത്തിന് മദ്ധ്യകാലത്തെ ഇംഗ്ലണ്ടിലെ ചില ജാതി പേരുകളാണ് ചുവടെ കൊടുക്കുന്നത്.Taylor(തയ്യല്‍ക്കാരന്‍) Smith (കൊല്ലന്‍), Miller (for a miller), Farmer (for tax farmers or sometimes farmers), Thatcher (പുരമേയല്‍കാരന്‍), Shepherd (ഇടയന്‍), Potter (കുശവന്‍). ജര്‍മ്മനിയിലെ ചില ജാതി പേരുകളാണ്, Eisenhauer (iron hewer), Schmidt (കൊല്ലന്‍), Schneider (തയ്യല്‍ക്കാരന്‍). മാര്‍ഗരറ്റ് താച്ചര്‍ എന്നൊക്കെ പറയുമ്പോള്‍ കേമത്തരം തോന്നിയേക്കാം. സത്യത്തില്‍ മേച്ചില്‍കാരി മാര്‍ഗരറ്റ് എന്നാണ് ശരിക്കുള്ള അര്‍ത്ഥം. സായിപ്പിനോടുള്ള അടിമത്തം കൊണ്ടാണും നമ്മുടെ നാട്ടിലെ ജാതി അല്ലാത്തതിനാലുമാണ് നമുക്കത് കേമമായി തോന്നുന്നത്.

കൊല്ലപ്പണിക്കാരന്റെ മകന് പണി പഠിക്കാനുള്ള അവസരം സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ ആയതിനാല്‍ അയാള്‍ കൊല്ലപ്പണിക്കാരന്‍ തന്നെ ആകാനാണ് കൂടുതല്‍ സാദ്ധ്യത. ഇനി വാദത്തിന് വേണ്ടി അയാള്‍ക്ക് തയ്യലിനോടാണ് കൂടുതല്‍ താല്‍പ്പര്യം തോന്നിയാല്‍ തയ്യല്‍ക്കാരന്റെ കൂടെ കൂടി ആ പണി ചെയ്തേക്കാം.

പക്ഷേ ഈ ജാതികളെല്ലാം പണിക്കാരുടെ ജാതികളാണ്. അതായത് ദാസന്‍മാരുടെ ജാതികള്‍ നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ ശൂദ്രര്‍. ഇവര്‍ക്ക് ഒരിക്കലും പ്രഭു ആകാനോ രാജാവാകാനോ കഴിയുമായിരുന്നില്ല.

സമ്പന്ന മുതലാളിത്ത രാജ്യങ്ങളിലെ ജാതി വിവേചനം

എന്തിന് ഈ 21 ആം നൂറ്റാണ്ടിലും കമ്പോളസ്വാതന്ത്യചിന്തകരുള്‍പ്പടെ എല്ലാവരും പുകഴ്ത്തുന്ന മുന്‍നിര രാജ്യമാണല്ലോ ബ്രിട്ടണ്‍. രണ്ട് മൂന്ന് വര്‍ഷം മുമ്പ് അവിടുത്തെ പ്രതിപക്ഷ നേതാവായ ജറീമീ കോര്‍ബിന്‍ ബ്രിട്ടീഷ് രാജ്ഞി വന്നപ്പോള്‍ തല കുനിച്ചില്ല എന്നത് വലിയ വിവാദമായാണ്. എന്തുകൊണ്ട് അതൊരു പ്രശ്നമാകണം? അതേപോലെ മറ്റൊരു വിവാദമുണ്ടായത് ഒബാമ ബ്രിട്ടീഷ് രാജ്ഞിയെ കാണാന്‍ വന്നപ്പോഴാണ്. ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ, രാജ്ഞിക്ക് ഹസ്തദാനം നടത്തി എന്നതും ബ്രിട്ടീഷുകാരെ ചൊടിപ്പിച്ച വലിയൊരു പ്രശ്നമായിരുന്നു. രാജ്ഞിയെ ആരും തൊടാന്‍ പാടില്ല എന്നാണ് അലിഖിത ജാതി നിയമം. തൊട്ടെന്ന് മാത്രമല്ല അതും ഒരു കറുത്ത സ്ത്രീ! ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഉറഞ്ഞ് തുള്ളി. തൊട്ടുകൂടായ്മ ഇന്നും നിലനില്‍പ്പുണ്ട്. അതും നിങ്ങളുടെ ചക്കര രാജ്യത്ത്.

അത് മാത്രവുമുല്ല, ബ്രീട്ടീഷ് രാജ്ഞിക്ക് അവിടുത്തെ ജനാധിപത്യത്തിന് മേല്‍ വീറ്റോ അധികാരവുമുണ്ട്. അതായത് പരമാധികാരം രാജ്ഞിക്കാണ്. സര്‍ക്കാരിന്റേയും രാജ്ഞിയുടേയും താല്‍പ്പര്യം ഒന്നായതിനാല്‍ ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മാത്രം.

കാലിഫോര്‍ണിയയിലെ അന്നത്തെ ഗവര്‍ണര്‍ ആയിരുന്ന റൊണാള്‍ഡ് റെയ്ഗണ്‍ അന്നത്തെ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്സണിനെ ഫോണില്‍ ഒരിക്കല്‍ വിളിച്ചതിന്റെ രേഖ അടുത്തകാലത്ത് പുറത്തുവരികയുണ്ടായി. അതില്‍ അദ്ദേഹം അമേരിക്കക്ക് എതിരെ നിന്ന് വോട്ട് ചെയ്ത രാജ്യങ്ങളെക്കുറിച്ച് തന്റെ നിരാശ അറിയിച്ചതിന് ശേഷം ഇങ്ങനെ പറഞ്ഞു, “ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആ കുരങ്ങന്‍മാരുണ്ടല്ലോ—നശിക്കട്ടെ അവന്‍മാര്‍. അവര്‍ക്ക് ഷൂ ഇടുന്നത് അസുഖകരമായതാണെന്ന് തോന്നുന്നു.” നിക്സണ്‍ പൊട്ടിച്ചിരിച്ചു.(5)

ബ്രിട്ടീഷ് രാജകുമാരന്‍ ഹാരി രാജകുടുംബത്തില്‍ നിന്ന് രാജിവെച്ചു. അവര്‍ണ്ണര്‍ അറിഞ്ഞിരിക്കണം എന്തുകൊണ്ട് അദ്ദേഹം അത് ചെയ്തു എന്നത്. Meghan Markle യെ ഹാരി 2018 ല്‍ വിവാഹം കഴിച്ചതാണ് പ്രശ്നമായത്. വലിയ വംശീയ അധിഷേപമാണ് Meghan നും ഹാരിക്കും രാജകുടുംബത്തില്‍ നിന്നും ബ്രിട്ടീഷ് മാധ്യമങ്ങളില്‍ നിന്നും സഹിക്കേണ്ടിവന്നത്. കാരണം. മേഖന്റെ ജാതിയാണ്. അവര്‍ ശരിക്കും ഒരു കറുത്ത വംശജയല്ല. അവരുടെ അമ്മ മാത്രമാണ് കറുത്തവള്‍. കാഴ്ചയിലും അവള്‍ കറുത്തതല്ല എന്ന് മാത്രമല്ല, വെളുത്ത നിറമുള്ള സുന്ദരിയും, സിനിമ നടിയും സമ്പന്നയും ആണ്. എന്നിട്ടും അവര്‍ക്കുണ്ടായ കുട്ടിയെ പോലും ബ്രിട്ടീഷ് സമൂഹം വെറുതെ വിട്ടില്ല. വസ്ത്രം ധരിച്ച ചിമ്പാന്‍സിയെ കൊണ്ടുപോകുന്ന ഒരു ദമ്പതികളുടെ ചിത്രം കൊടുത്ത് അടിക്കുറിപ്പായി “Royal Baby leaves hospital” എന്നെഴുതിയാണ് BBC യിലെ മാധ്യമ പ്രവര്‍ത്തകന്‍ ആ കുട്ടിയുടെ ജനനം ആഘോഷിച്ചത്. ശരിക്കും ഒരു കറുത്ത സ്ത്രീയേയോ ആദിവാസി സ്ത്രീയേയോ ആണ് ഹാരി വിവാഹം കഴിച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു പുകില്. 2020 മാര്‍ച്ച് 31 ന് ബ്രിട്ടന്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്നും രാജിവെച്ച് ആ കുടുംബം ക്യാനഡയിലേക്ക് കുടിയേറി. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളാണ് ഇവ. ഈ 21ാംനൂറ്റാണ്ടിലെ 300 വര്‍ഷമായി മുതലാളിത്തവും ജ്ഞാനോദയവും ആധുനികതയും ഒക്കെ നടന്ന് നിങ്ങള്‍ പൊക്കിക്കൊണ്ട് നടക്കുന്ന രാജ്യത്തിന്റെ അവസ്ഥയാണിത്. ഇനിയും ആ കള്ളം ആവര്‍ത്തിക്കൂ, ഇന്‍ഡ്യയില്‍ മാാാാ…ത്രമേ ജാാാ….തിയുള്ളു എന്ന്.

മനുഷ്യ സമൂഹം സ്ഥിരമല്ല

എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതാണ് മനുഷ്യ സമൂഹം. ഓരോ കാലത്തിന്റെ അനുസരിച്ചുള്ള മാറ്റങ്ങള്‍ എപ്പോഴും ഉണ്ടാകുന്നു. പക്ഷെ അത് ജനങ്ങള്‍ക്ക് ഗുണകരമാകണമെന്ന് നിര്‍ബന്ധമില്ല. ന്യൂനപക്ഷമായ ഒരു ചെറിയ കൂട്ടം സമ്പന്നര്‍ അതിനെ എപ്പോഴും തങ്ങളുടെ ഗുണത്തിനായി നീക്കിക്കൊണ്ടിരിക്കും.

ഏകദേശം 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂറോപ്പില്‍ വലിയൊരു മാറ്റം സംഭവിച്ചു. ജന്മിത്വം അവസാനിച്ച് കമ്പോളത്തില്‍ അടിസ്ഥാനമായ ഒരു വ്യവസ്ഥയുണ്ടായി. ജന്‍മിക്ക് വേണ്ടി ജോലി ചെയ്യുന്നതിന് പകരം കമ്പോളത്തിന് വേണ്ടി ആളുകള്‍ ജോലി ചെയ്യാന്‍ തുടങ്ങി. പണം എല്ലാവരുടേയും കൈമാറ്റ ഇടനിലക്കാരനായി. ആ ഒരു വ്യവസ്ഥയിലെ പടിപടിയായ മാറ്റങ്ങള്‍ പണ്ടത്തെ പോലെ കുടുംബ തൊഴില്‍ ചെയ്യുന്നതിന് പകരം ഫാക്റ്ററിയിലെ ആസൂത്രിത തൊഴില്‍ ചെയ്യുന്ന വിദഗ്ദ്ധ തൊഴിലായി മാറി. ഫാക്റ്ററിയും കമ്പോളവും നഗര വല്‍ക്കരണവും ഒക്കെ പണ്ടത്തെ ജാതി വ്യവസ്ഥ യൂറോപ്പിലില്ലാതെയാക്കി. യൂറോപ്പില്‍ നിന്ന് ആ കമ്പോള വ്യവസ്ഥ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വികസിക്കുകയും അവിടുത്തേയും പരമ്പരാഗത സാമൂഹ്യ ക്രമത്തെ പടിപടിയായി ഇല്ലാതാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

ജാതിവ്യവസ്ഥക്കെതിരെ ബ്രിട്ടീഷുകാര്‍ വരുന്നതിന് മുമ്പ് ഒരു എതിര്‍പ്പും ഉണ്ടായതായി തെളിവുകളില്ല. അവര്‍ വന്നപ്പോള്‍ അതുവരെ ഉന്നതരായിരുന്നവര്‍ക്കും അവരുടെ ദൈവത്തിനും രാജാവിനും സ്ഥാനം നഷ്ടമായി. അത് ആളുകളുടെ വിമര്‍ശന ചിന്തയെ പ്രചോദിപ്പിച്ചു. ഒപ്പം കറുത്ത സായിപ്പന്‍മാരെ സൃഷ്ടിക്കാനുള്ള വിദ്യാഭ്യാസവും പുസ്തകങ്ങളും എല്ലാം വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചു.

ഇന്നത്തെ നമ്മുടെ അവസ്ഥയും പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥയും തമ്മില്‍ താരതമ്യം ചെയ്യുന്നവര്‍ക്ക് നാം വളരെ മോശക്കാരാണെന്ന തോന്നലുണ്ടാകാം. പക്ഷേ അത് ശരിയായ താരതമ്യമല്ല. നാം സ്വതന്ത്രരായിട്ട് 75 കൊല്ലങ്ങളല്ലേ ആയിട്ടുള്ളു. അതുകൊണ്ട് ശരിക്കും താരതമ്യം ചെയ്യേണ്ടത് ഇന്നത്തെ നമ്മുടെ രാജ്യവും 230 വര്‍ഷം മുമ്പത്തെ പടിഞ്ഞാറന്‍ രാജ്യങ്ങളുമായാണ്. അങ്ങനെ നോക്കുമ്പോള്‍ നാം വളരെ വേഗത്തില്‍ തന്നെ മാറിക്കൊണ്ടിരിക്കുന്നു എന്ന് കാണാന്‍ കഴിയും.

പക്ഷേ നമ്മുടെ രാജ്യം ഉള്‍പ്പടെ ലോകത്തെല്ലായിടത്തും എത്രത്തോളം ആഴത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാകുന്നു എന്നത് ഒരു ചോദ്യമാണ്. ജാതി വ്യവസ്ഥയുടെ അടിത്തറയായ ഉച്ചനീചത്വത്തിന് എന്ത് സംഭവിക്കുന്നു? തൊലിയുടെ നിറമോ ആത്മാവിന്റെ ഉള്ളടക്കമോ ഏതാണ് അളക്കപ്പെടുന്നത്? ആലോചിക്കുക.

അനുബന്ധം:

1. മിശ്രവിവാഹം പുരോഗമനവാദികള്‍ കൊണ്ടുവന്നതല്ല
2. സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്?
3. എന്താണ് ആധാര്‍?
4. https://en.wikipedia.org/wiki/Stanford_prison_experiment
5. റൊണാള്‍ഡ് റെയ്ഗണിന്റെ രഹസ്യമാക്കി വെച്ചിരുന്ന റിച്ചാര്‍ഡ് നിക്സണുമായുള്ള വംശീയ സംഭാഷണം

ജാതിയുടെ ഇന്നത്തെ ഉപയോഗം – ദളിത്, ഈഴവ, പിന്നോക്ക ജാതി ഫാസിസം


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ