ബ്രാഹ്മണന്, ക്ഷത്രീയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്ന് നാല് പ്രധാന ജാതികളാണ് ഹിന്ദുമതത്തിലുള്ളത്. മതഗ്രന്ഥങ്ങളനുസരിച്ച് വിരാട് പുരുഷന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവര്‍ സൃഷ്ടിക്കപ്പെട്ടത്. ഈ നാല് കൂട്ടത്തിലും പെടാത്തവരെ അവര്‍ണ്ണര്‍ എന്നും വിളിക്കുന്നു. അതത് ജാതികളിലെ വ്യക്തികള്‍ തമ്മിലാണ് ഇവിടെ വിവാഹങ്ങള്‍ കൂടുതല്‍ നടക്കുന്നത്. അത് ജാതി വ്യവസ്ഥയെ എയര്‍ടൈറ്റായി നിലനിര്‍ത്തുന്നു എന്നും കരുതി പോരുന്നു. (1)
ജാതി വ്യവസ്ഥ കൊടിയ ഉച്ചനീചത്വവും തൊട്ടുകൂടായ്മയും അടിമത്തവും ആണ് അതത് ജാതികള്‍ക്ക് താഴെയുള്ളവര്‍ക്ക് സംഭാവന ചെയ്തത്. ഇതിനെതിരെ ആധുനിക ഇന്‍ഡ്യയില്‍ വലിയ സമരങ്ങളുണ്ടായിട്ടുണ്ട്. അതില്‍ ഒരു പ്രധാന സമരമാണ് ഇന്നും പ്രവര്‍ത്തിക്കുന്ന മിശ്രവിവാഹം. വ്യത്യസ്ഥ ജാതിയിലുള്ളവര്‍ വിവാഹം കഴിച്ചാല്‍ കാലക്രമത്തില്‍ ജാതിവ്യവസ്ഥ ഇല്ലാതാകും എന്നാണ് ഇവരുടെ ധാരണ. അതിനായി മിശ്രവിവാഹ പ്രോത്സാഹന കമ്മറ്റികളും ഇവിടെ ധാരാളമായുണ്ട്.
പക്ഷേ നിങ്ങള്‍ക്ക് ജാതിവ്യവസ്ഥയെക്കുറിച്ചോ ഹിന്ദുമതത്തെക്കുറിച്ചോ ഒരു ചുക്കും അറിയില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് ഇത്തരം തെറ്റിധാരണ വെച്ചുപുലര്‍ത്തുന്നത്.
മിശ്രവിവാഹം ആധുനികമല്ല
ആധുനിക കാലത്തെ പുരോഗമനകാരികളുടെ മനസിലുദിച്ച പുതിയ ഒരു ആശയമല്ല മിശ്രവിവാഹം. അത് പുരാതന കാലം മുതല്‍ക്കുള്ള ഒരു കാര്യമാണ്. പക്ഷേ വിപരീത ദിശയിലാണെന്ന് മാത്രം. ആധുനിക പുരോഗമനവാദികള്‍ ചിന്തിക്കുന്നതിന് മുമ്പേ ഹിന്ദുമതം പരിഹരിച്ചതാണ് മിശ്രവിവാഹത്തിന്റെ പ്രശ്നങ്ങള്‍.
ഹിന്ദുമതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളാണ് വേദങ്ങളും, സ്മൃതികളും, ഉപനിഷത്തുക്കളും മറ്റും. 3000 ഓളം വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ഈ പുസ്തകങ്ങളിലൂടെയാണ് ജാതിവ്യവസ്ഥ സ്ഥാപിക്കപ്പെട്ടത്. ജാതി വ്യവസ്ഥ ലംഘിച്ച് ആരെങ്കിലും വിവാഹം ചെയ്യുകയോ കുട്ടികളുണ്ടാകപ്പെടുകയോ ചെയ്താലെന്ത് സംഭവിക്കും എന്ന് തീര്‍ച്ചയായും ആ കാലത്തെ മനുഷ്യര്‍ ചിന്തിച്ചിട്ടുണ്ടാവും. അല്ല, ചിന്തിച്ചിട്ടുണ്ട്. അതാണ് മനുസ്മൃതിയുടെ 10 ആം അദ്ധ്യായം.
അതില്‍ ജാതിവ്യവസ്ഥ ലംഘിച്ചിട്ടുള്ള വിവാഹത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. നാല് ജാതികളേയുള്ളു. പിന്നെയുള്ളതെല്ലാം സങ്കര ജാതികളാണ്. ചണ്ടാളന്‍, നിഷാദന്‍, സൂതന്‍, മാഗധന്‍, തുടങ്ങി അനേകം. ഇത്തരം സങ്കര ജാതികള്‍ക്കും ഓരോരോ തൊഴിലുകള്‍ വിഭജിച്ച് നല്‍കിയിയ്യുണ്ട്. ഉദാഹരണത്തിന് ഭദ്രകാളി പൂജനടത്താന്‍ അധികാരികള്‍ ശൂദ്രന് ബ്രാഹ്മണസ്ത്രീയിലുണ്ടുവുന്ന കുട്ടിയായ പാരശരവര്‍ എന്ന ജാതിക്കാരാണ്. സങ്കര ജാതികള്‍ക്കും ഉച്ചനീചത്വങ്ങളുണ്ട്. ചണ്ഡാളനാണ് ഏറ്റവും താഴെയുള്ളത്. ഏറ്റവും നികൃഷ്ടനായത്. ഏറ്റവും അവജ്ഞയോടെയും, വെറുപ്പോടെയും പുഛത്തോടെയുമാണ് മനുസ്മൃതി സംസാരിക്കുന്നത്. (2)
ഇതില്‍ നിന്നും മിശ്രവിവാഹം ഒരു ന്യായ വൈകല്യം തന്നെയാണെന്ന് കാണാം. നിങ്ങള്‍ക്ക് മിശ്രവിവാഹം കഴിക്കണമെങ്കില്‍ നിങ്ങള്‍ക്കും നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആളിനും ജാതിയുണ്ടെന്ന് അംഗീകരിക്കണം. അങ്ങനെ അംഗീകരിക്കുകയാണെങ്കില്‍ ജാതിയുടെ ചില കാര്യങ്ങളല്ല, എല്ലാ കാര്യങ്ങളും നിയമങ്ങളും നിങ്ങള്‍ അംഗീകരിക്കുന്നു എന്ന് പറയേണ്ടി വരും. മനുസ്മൃതിയുടെ 10ാം അദ്ധ്യായവും ഉച്ചനീചത്വവും എല്ലാം നിങ്ങള്‍ അംഗീകരിക്കണം. അത് വഴി നിങ്ങള്‍ക്കോ നിങ്ങളുടെ അടുത്ത തലമുറക്കോ ജാതി ഇല്ലാതാകുകയല്ല ചെയ്യുന്നത്. അടുത്ത തലമുറയെ ചണ്ഡാളരാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സ്വാതന്ത്ര്യ സമരത്തിന്റേയും മഹാത്മാ ഗാന്ധിയുടേയും പ്രവര്‍ത്തനഫലമായുണ്ടായ മുന്നേറ്റം കാരണം അത് ഇതുവരെ പ്രകടമായിരുന്നില്ല എന്നേയുള്ളു.
അവര്‍ണര്‍ എന്തിന്?
എത്രൊക്കെ മോശക്കാരാണെന്ന് ചിത്രീകരിച്ചാലും അവര്‍ണര്‍ ജാതിവ്യവസ്ഥയുടെ അഭിഭാജ്യ ഘടകമാണ്. അവരില്ലെങ്കില്‍ ഈ വ്യവസ്ഥ നിലനില്‍ക്കില്ല. കാരണം പണിചെയ്യാന്‍ ആള് വേണ്ടേ. അമേരിക്കയില്‍ ഒബാമയും ട്രമ്പും ഒക്കെ കുടിയേറ്റക്കാര്‍ക്ക് എതിരെ വലിയ അടിച്ചമര്‍ത്തല്‍ നടത്തുന്നുണ്ട്. ട്രമ്പിന്റെ ഈ കാലത്ത് അതി ഭീകരമായ അടിച്ചമര്‍ത്തലാണ് കുടിയേറ്റക്കാര്‍ക്ക് സഹിക്കേണ്ടിവരുന്നത്. നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് പോലെയാണ് അവരെ അധിവസിപ്പിച്ചിരിക്കുന്നത് എന്ന് അവിടുത്തെ ജനപ്രതിനിധികള്‍ തന്നെ പറയുന്നു. പക്ഷേ ഈ കുടിയേറ്റക്കാര്‍ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകമാണ്. എന്തിന് ട്രമ്പിന്റെ ഹോട്ടലില്‍ പോലും ധാരാളം രേഖകളൊന്നുമില്ലാത്ത കുടിയേറ്റക്കാര്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നു. ഇന്‍ഡ്യയില്‍ അതുപോലത്തെ സ്ഥിതിയാണ് അവര്‍ണ്ണര്‍ക്ക്. ഇവിടെ പൌരത്വ നിയമം കൊണ്ടുവരുന്നതും മുതലാളിത്തത്തിന് വേണ്ടി ഇത്തരം പുതിയ ഒരു അവര്‍ണ്ണ ജാതിയുണ്ടാക്കാനാണ്.
ജാതി വ്യവസ്ഥിയലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗമാണ് ബ്രാഹ്മണസ്ത്രീകള്‍. കുട്ടികളെ പ്രസവിക്കുക എന്നതിനപ്പുറം അവര്‍ക്ക് ഒരു പ്രാധാന്യവും ഇല്ല. ഒരു വ്യക്തിയായി കണക്കാക്കിയിട്ടേയില്ല. ശാങ്കര സ്മൃതി പ്രകാരം ബ്രാഹ്മണ സ്ത്രീക്ക് ശുദ്രന്റെ സ്ഥാനമാണ് ജാതിവ്യവസ്ഥയില്‍. അങ്ങനെയുള്ള സ്ത്രീ അന്യജാതിക്കാരനെ വിവാഹം കഴിച്ചാല്‍ ബ്രാഹ്മണന് സന്തോഷമേയുണ്ടാകൂ. കാരണം അവളെ പുറത്താക്കാം. അവള്‍ക്കുണ്ടാകുന്ന കുട്ടികള്‍ അവര്‍ണ്ണരാകയാല്‍ അദ്ധ്വാനമുള്ള പണിചെയ്യാനുള്ള ആളുകളുടെ എണ്ണം കൂടുമല്ലോ. 20 ആം നൂറ്റാണ്ടിലും ഇന്‍ഡ്യയിലെ രാജകൊട്ടാരങ്ങളില്‍ കാറ്റ് കിട്ടാനായി മനുഷ്യന്‍ വീശുന്ന വിശറികളാണ് ഉപയോഗിച്ചിരുന്നത് എന്നതില്‍ നിന്നും മനുഷ്യാദ്ധ്വാനം എത്രമാത്രം ആവശ്യമായിരുന്നു എന്ന് മനസിലാകും.
അതുകൊണ്ട് മിശ്രവിവാഹം നടത്തി നിങ്ങള്‍ക്ക് ജാതി വ്യവസ്ഥയെ ഇല്ലാതാക്കാം എന്നത് വെറും വ്യാമോഹമാണ്. അത് പുതിയ അവര്‍ണ്ണ ജാതിയെ സൃഷ്ടിക്കുകയേ ചെയ്യൂ. അമ്മയുടേയും അച്ഛന്റേയും കുടുംബം ശുദ്ധമാണെങ്കിലേ അവര്‍ക്കുണ്ടാകുന്ന കുട്ടി വേദ അധികാരിയായ ബ്രാഹ്മണനാകൂ. അവനാണ് ഏറ്റവും മുകളില്‍. പക്ഷേ അവര്‍ പിരമിഡിന്റെ ഏറ്റവും മുകളിലുള്ളവരായതിനാല്‍ അധികം എണ്ണം വേണ്ട. അവര്‍ക്കെ ഉന്നത ദേവാലയങ്ങളില്‍ പുരോഹിതനാകാനാകൂ. അതിനെതിരെ നിയമവും വ്യവസ്ഥയും കൊണ്ടുവന്നതുകൊണ്ടും ഒരു കാര്യവും ഇല്ല. ആധുനിക കാലത്ത് വീട്ടില്‍ പൂജ ചെയ്യാന്‍ ശുദ്ധിയുള്ള ബ്രാഹ്മണന്‍ വേണോ അതോ സങ്കരയിനം ബ്രാഹ്മണന്‍ വേണോ എന്ന് ചോദിച്ചാല്‍ ചണ്ഡാളന്‍ പോലും ശുദ്ധ ബ്രാഹ്മണന്‍ മതിയെന്നേ പറയൂ. (എന്തുകൊണ്ട് എന്നത് താങ്കള്‍ക്ക് ഒരു ഗൃഹപാഠമാകട്ടേ.)
ജാതി ശുദ്ധി സ്വയം നിലനിന്നോളും
സതി വന്നത് ജാതി ശുദ്ധി നിലനിര്‍ത്താനാണെന്ന് അംബേദ്കര്‍ പറഞ്ഞു എന്ന് ദളിത് ബുദ്ധിജീവികള്‍ പറയുന്നു. ഒന്നുകില്‍ അവര്‍ അംബേദ്കറെ തെറ്റായി വായിച്ചതാവാം. അല്ലെങ്കില്‍ അംബേദ്കര്‍ തന്നെ തെറ്റാകാം. വിധവകളായ ബ്രാഹ്മണസ്ത്രീ ബ്രാഹ്മണ സമൂഹത്തിലെ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും. അവര്‍ മറ്റ് ജാതിക്കാരെ വിവാഹം കഴിക്കുമെന്നും അങ്ങനെ ജാതി ശുദ്ധി നശിച്ച് പോകുമെന്ന് ഭയന്ന ബ്രാഹ്മണരാണ് പുരുഷനില്ലാത്ത സ്ത്രീകളുടെ എണ്ണം കുറക്കാനായി വിധവകളെ ചുട്ടുകൊല്ലുന്ന ആചാരം നിര്‍മ്മിച്ചതെന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം.
ഇന്നത്തെ കാലത്തിന്റെ ബോധം വെച്ച് പ്രാചീന കാലത്തെ അളക്കുന്നതില്‍ നിന്നുണ്ടാകുന്ന മഹാ വിവരക്കേടാണിത്. വാദത്തിനായി അത് സമ്മതിച്ചാല്‍ തന്നെ പുരുഷനില്ലാത്ത സ്ത്രീകളുടെ എണ്ണം കുറക്കാനത്രക്ക് വ്യഗ്രതയുണ്ടെങ്കില്‍ ബഹുഭാര്യത്വം നടപ്പാക്കിയാല്‍ പോരെ. എന്തിന് ഈ ക്രൂര വിനോദം നടത്തുന്നു. സതി എന്നത് സ്ത്രീയെ ചെറുതാണെന്ന് വരുത്തിത്തീര്‍ക്കാനും അവളുടെ അസ്തിത്വം ഇല്ലാതാക്കാനുമുള്ള സാമൂഹ്യമനശാസ്ത്ര പാഠ്യ പദ്ധതിയാണ്. സതിക്ക് ചിലപ്പോള്‍ മറ്റ് കാരണങ്ങളും ഉണ്ടായേകാം. പക്ഷെ അതല്ലല്ലോ നമ്മുടെ വിഷയം.
സങ്കരയിനമുണ്ടാകുന്നതില്‍ ബ്രാഹ്മണന് ഒരു വ്യാകുലതയും ഇല്ല. ശരീരത്തിന്റെ അശുദ്ധിയും ഹീനതയും ഉപയോഗിച്ചാണ് ജാതിവ്യവസ്ഥ അതിന്റെ ഘടന രൂപീകരിക്കുന്നത്. പക്ഷേ ആ ശുദ്ധി നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളെല്ലാം മറ്റുള്ളവര്‍ അശുദ്ധരാണെന്ന് വരുത്താനുള്ള വ്യായാമങ്ങള്‍ കൂടിയാണ്.
ഉദാഹരണത്തിന് സ്മാര്‍ദ്ധവിചാരണയൊക്കെ സ്ത്രീകളുടെ ശുദ്ധി നിലനിര്‍ത്താനുള്ള ശിക്ഷകളാണെന്ന് വിചാരവും തെറ്റാണ്. ശുദ്ധി എന്ന ആശയത്തെ അടിവരയിടുക മാത്രമാണ് സ്മാര്‍ദ്ധവിചാരണ ചെയ്യുന്നത്. ‘പിഴച്ചവള്‍’ പുറത്ത് പോകട്ടെ, അടുത്തവള്‍ വരട്ടേ. പിന്നെ വിചാരണ ബ്രാഹ്മണ പുരുഷന് നല്ല നേരംപോക്കുമാകും.
പെണ്‍കുട്ടികള്‍ക്ക് വളരെ സ്നേഹത്തോടെയും സ്ഥാനത്തോടെയും വളര്‍ത്തുകയും അവരുടെ ഉന്നത വിദ്യാഭ്യാസത്തിന് ലക്ഷങ്ങള്‍ ചിലവാക്കുകയും ചെയ്യുന്ന ആധുനിക അണുകുടുംബനാഥ വീക്ഷണത്തിലൂടെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥയെ നോക്കി മനസിലാക്കുന്നതിലുണ്ടാകുന്ന തെറ്റുകൊണ്ടാണ് ബുദ്ധിജീവികള്‍ക്കിത് മനസിലാകാത്തത്. (3)
ഭഗവദ് ഗീതയില്‍ അര്‍ജുനന്റെ വലിയ വിലാപം കുലം നശിച്ച് പോകുന്നതും കുലസ്ത്രീ നശിച്ച് പോകുന്നതിനെക്കുറിച്ചുമാണ്. അര്‍ജ്ജുനനെ സമാധാനിപ്പിക്കുന്ന കൃഷ്ണന് അതൊന്നും ഒരു വിഷയമല്ല. കൃഷ്ണന്‍ പറയുന്നത് നീ നിന്റെ ജോലി ചെയ്യുക എന്നതാണ്. അതായത് കുല തൊഴിലിനാണ് പ്രാധാന്യം. ഇവിടെ നിങ്ങള്‍ ശുദ്ധഗതിക്കാരാകരുത്. അര്‍ജ്ജുനന്റെ സംശയം തീര്‍ക്കാന്‍ വേണ്ടിയല്ല കൃഷ്ണന്‍ ഉത്തരം പറയുന്നത്. കൃഷ്ണന്റെ ഉത്തരം പറയാനുള്ള അവസരമുണ്ടാക്കാനാണ് അര്‍ജ്ജുനന്‍ ചോദ്യമുണ്ടാക്കുന്നത് എന്ന് തിരിച്ചറിയുക. അതായത് ജാതി വ്യവസ്ഥ കൂടുതല്‍ ശക്തമാക്കാനായ ശ്രമമായിരുന്നു അത്.
ഇത് ഇന്‍ഡ്യയുടെ മാത്രം പ്രശ്നമല്ല. ലോകത്തൊരിടത്തും പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ജീവിത രീതി തുടരുന്നവരല്ലാത്ത ആരും സ്ത്രീകളെ തുല്യരായി കാണുന്നില്ല.
ഇപ്പോഴത്തെ മിശ്രവിവാഹങ്ങള്‍
രണ്ട് തരം മിശ്രവിവാഹങ്ങളാണ് ഇന്ന് നമ്മുടെ നാട്ടിലുള്ളത്. ഒന്ന്) വിദ്യാഭ്യാസം നേടി, സ്വന്തമായി ഒരു തൊഴില്‍ കണ്ടെത്തി സ്വന്തം കാലില്‍ നിന്ന ശേഷം തനിക്ക് ചേര്‍ന്ന പങ്കാളിയെ മറ്റ് മുന്‍വിധികളില്ലാതെ കണ്ടെത്തി വിവാഹം ചെയ്യുന്ന രീതി. രണ്ട്) പെണ്‍കുട്ടിക്ക് കൃത്യം 18 വയസ് ആകുമ്പോള്‍ തന്നെ നടത്തുന്ന ശൈശവ മിശ്രവിവാഹം. ഈ രണ്ടത്തെ വിഭാഗത്തില്‍ പെണ്‍കുട്ടി മിക്കവാറും സവര്‍ണ്ണ ജാതിക്കാരിയായിരിക്കും. അതുപോലെ ഒറ്റ മകളാകാനും സാദ്ധ്യത കൂടുതലാണ്. (പെണ്‍കുട്ടിയുടെ തന്തേം തള്ളേം എതിര്‍ത്താലും അവര്‍ ചത്ത് കഴിയുമ്പോള്‍ സ്വത്തെല്ലാം സ്വന്തമാകും.)
ഒരു വിദ്യാഭ്യാസവും, വരുമാനവും, സമ്പത്തും ഇല്ലാത്ത ഉത്തരവാദിത്തമില്ലാത്ത അലസരായ തിണ്ണനിരങ്ങികളായ ചെറുപ്പക്കാര്‍ക്ക് എളുപ്പത്തില്‍ ഏറ്റവും മെച്ചപ്പെട്ട ജീവിത പങ്കാളിയെ കണ്ടെത്താനുള്ള എളുപ്പ വഴിയാണിത്. സ്വന്തം സമുദായത്തില്‍ നിന്ന് തന്നെ അവഗണിക്കപ്പെടുന്ന ഇവര്‍ക്ക് സമ്പന്നയും സവര്‍ണ്ണയുമായ പെണ്‍കുട്ടി ഒരു സ്ഥാനം നിര്‍മ്മിച്ച് നല്‍കുന്നു. പിന്നെ അവരെ ആ സമുദായവും കുടുംബവും അവരുടെ പ്രസ്ഥാനങ്ങളും അംഗീകാരം നല്‍കി ഏറ്റെടുത്തോളും. സമ്പന്ന പിന്നോക്കക്കാരും തങ്ങളുടെ കേമത്തം തെളിയിക്കാനായി സവര്‍ണ്ണ സ്ത്രീ ചരക്കിനെ സ്വന്തമാക്കാറുണ്ട്.
വിവാഹം കഴിഞ്ഞ് പെണ്‍കുട്ടിക്ക് പഠിച്ച് കൂടെ തൊഴില്‍ കണ്ടെത്തിക്കൂടെ എന്നൊക്കെ ചോദ്യം ഉണ്ടായേക്കാം. വാദത്തിന് അത് സമ്മതിച്ചാലും ഒരു പ്രധാന ജീവിത തീരുമാനമെടുക്കാവുന്ന പ്രായമാണോ 18 വയസ്. പുരുഷന് വയസില്‍ പരിധിയില്ല. അടുത്ത കാലത്ത് തമിഴ് നാട്ടില്‍ വിവാദമായ ഒരു മിശ്രവിവാഹത്തില്‍ ബ്രാഹ്മണ വധുവിന് 19 വയസും ദളിത് വരന് 35 വയസും ആയിരുന്നു. ഇത്തരത്തിലെ മിശ്രവിവാഹവും പുതിയ കാര്യല്ല. പണ്ട് നമ്മുടെ നാട്ടില്‍ ഇതിനെ മണ്ണാപ്പേടി, പുലപ്പേടി എന്നൊക്കെ വിളിച്ചിരുന്നു!
മുതലാളിത്തത്തില്‍ എന്താണ് ജാതി
എല്ലാറ്റിനും അധികാരിയായ ബ്രാഹ്മണന്‍ വിരാട് പുരുഷന്റെ വായില്‍ നിന്ന് വന്നവരല്ലേ. പക്ഷേ ആധുനിക രാഷ്ട്രത്തില്‍ അതിന് പ്രസക്തിയില്ലല്ലോ. ആധുനിക കാലത്ത് നാം മുതലാളിത്തത്തിലാണ് ജീവിക്കുന്നത്. പക്ഷേ വിരാട് പുരുഷന്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ ആരായിരിക്കാം ഈ മുതലാളിത്തത്തില്‍ വിരാട് പുരുഷന്റെ വായില്‍ നിന്ന് വന്നവര്‍? അത് തീര്‍ച്ചയായും സിഇഓമാരും ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങളും, ഉന്നതരാഷ്ട്രീയക്കാരും, ഉന്നത ഉദ്യോഗസ്ഥരും, ഉന്നത നിയമജ്ഞരും, ഉന്നത മാധ്യമപ്രവര്‍ത്തകരുമാണ്. പക്ഷേ അത് ഇന്ന് നമുക്ക് മനസിലാകില്ല. അത് മനസിലാകണമെങ്കിലും ഒരു 3500 വര്‍ഷം കഴിയണം. അത്രയും കാലം മനുഷ്യന് ഭൂമിയില്‍ ജീവിതം സാദ്ധ്യമാണെങ്കില്‍ മാത്രം.
മിശ്രവിവാഹത്തില്‍ പുരോഗമനമോ വിപ്ലവകരമോ ആയ ഒന്നുമില്ല. അത് മനുസ്മൃതിയുടെ കാലം മുതല്‍ക്കേയുള്ളതാണ്. കെട്ടുന്ന മരുമക്കള്‍ ഏറ്റവും കേമരാകണം എന്ന ആഗ്രഹമുള്ള arranged marriage ലേത് പോലുള്ള ചിന്താഗതിയാണിത്. അതേ സമയം അവര്‍ണ്ണ ജാതികളുടെ വിമോചനത്തിനെ തകര്‍ക്കുന്ന പ്രക്രിയ കൂടിയാണത്. സ്വാര്‍ത്ഥതയും മുതലാളിത്തത്തിന്റെ വ്യക്തിമാഹാത്മ്യവാദവും മാത്രമാണ് അതിലുള്ളത്.
അതുകൊണ്ട് ‘ജാതിവ്യവസ്ഥയെ ഇല്ലാതാക്കാനായി ത്യാഗം ചെയ്യുന്നു, വിപ്ലവം നടത്തുന്നു’ എന്ന പുരോഗമന പൊങ്ങച്ചവും കള്ളത്തരവും കളഞ്ഞ് തനിക്ക് മെച്ചപ്പെട്ട വിവാഹം എന്ന പച്ചയായി പറഞ്ഞ് ഇഷ്ടപ്പെട്ട ആളുകളെ കല്യാണം കഴിക്കുക. ബ്രാഹ്മണമതമൊന്നും (മുതലാളിത്തം) നിങ്ങള്‍ കരുതുന്നത് പോലെ ലളിതമല്ല. നിങ്ങളുടെ ജീവിത വിജയത്തിനും, നിങ്ങള്‍ കേമനാണെന്ന് വരുത്തിത്തീര്‍ക്കാനും കപട രാഷ്ട്രീയ വാദങ്ങളുന്നയിക്കുന്നത് ഇരട്ടി ദോഷമാണ് പൊതുസമൂഹത്തിന് നല്‍കുന്നത്.
വ്യാകുലരായ മാതാപിതാക്കളോട്
കണ്ണിലെ കൃഷ്ണമണിപോലെ കൊണ്ടുനടന്നിരുന്ന തങ്ങളുടെ മക്കള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത വിവാഹത്തിന് തയ്യാറാകുന്നതില്‍ ധാരാളം മാതാപിതാക്കള്‍ക്ക് വലിയ വിഷമമുണ്ട്. അവരുടെ ആ വ്യാകുലത ന്യായമാണ്. എന്നാല്‍ കഴിഞ്ഞ നൂറ് വര്‍ഷങ്ങളായി നടത്തിവരുന്ന മിശ്രവിവാഹ പ്രചാരവേല കാരണം യാഥാസ്ഥിതികരല്ലാത്ത അവരിലെ ഒരു കൂട്ടം ആളുകള്‍ക്ക് ഇരട്ടി വിഷമമാണ് ഉണ്ടാകുന്നത്. മിശ്രവിവാഹത്തെ എതിര്‍ക്കാനും പറ്റുന്നില്ല, മക്കളെ ഉപേക്ഷിക്കാനും പറ്റുന്നില്ല. അത് തെറ്റാണ്. നിങ്ങള്‍ക്ക് മിശ്രവിവാഹത്തെ എതിര്‍ക്കാനുള്ള അവകാശം 100%ഉം ഉണ്ട്. ഭയക്കേണ്ട കാര്യമില്ല. മിശ്രവിവാഹത്തില്‍ പുരോഗനമായ ഒന്നും തന്നെയില്ല.
***
അനുബന്ധം
1. എന്താണ് ജാതി വ്യവസ്ഥ
2. ബ്രാഹ്മണിസവും ഹിന്ദുത്വവും
3. ചരിത്രം പഠിക്കേണ്ടത് എങ്ങനെ?
(പുതുക്കി: 2021/02/08)
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.