4.02.2020:
* ലഡാക്, സിയാച്ചിന്‍ പ്രദേശങ്ങളില്‍ വിന്യസിപ്പിച്ചിട്ടുള്ള സൈനികര്‍ക്ക് കൊടും തണുപ്പിനെ അതിജീവിക്കാന്‍ സാധ്യമായ ബൂട്ടുകളും വസ്ത്രങ്ങളും നല്കുന്നതില് വീഴ്ച വരുത്തിയതില്‍ ഇന്ത്യന്‍ ആര്‍മിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. 7.74 കോടി രൂപ അധികം ചെലവാക്കി വാങ്ങിയ 31,779 കിടക്കകളും തണുപ്പില്‍ ഉപയോഗിക്കുന്ന മുഖംമൂടികളും നിലവാരമില്ലാത്തവയാണെന്നും സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു.
* ബജറ്റ് അവതരണ ദിവസം ഓഹരി വിപണിയില്‍ ഇടിവ് സംഭവിച്ചതിന് കാരണമെന്താണെന്ന ചോദ്യത്തിന് വിചിത്ര മറുപടി നല്കി ധനമന്ത്രി നിര്‍മലാ സീതാരാമന്. വ്യവസായി കൂട്ടായ്മയായ ഫിക്കി സംഘടിപ്പിച്ച പരിപാടിയിലാണ് ഇതിന്റെ വിശദീകരണം ആവശ്യപ്പെട്ട് ധനമന്ത്രിയോട് ചോദ്യമുയര്‍ന്നത്. എന്തുകൊണ്ടാണ് ബജറ്റ് അവതരണ ദിവസം സെന്‍സെക്സ് ഇടിഞ്ഞത് എന്ന ചോദ്യത്തിന്, സെന്‍സെക്സ് മികച്ച പ്രകടനത്തില്തന്നെയായിട്ടാണ് താന്‍ കണ്ടതെന്നായിരുന്നു നിര്‍മലാ സീതാരാമന്റെ മറുപടി.
* പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്കൂളില്‍ നാടകം അവതരിപ്പിച്ച വിദ്യാര്‍ത്ഥികളെ കര്‍ണാടക പൊലീസ് ചോദ്യം ചെയ്യാനെത്തിയത് മൂന്നുതവണ. സ്കൂളിലെ പ്രധാനാധ്യാപികയ്ക്കും ഒരു വിദ്യാര്‍ത്ഥിയുടെ മാതാവിനുമെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ‘ഡി.വൈ.എസ്.പി ബസവേശ്വര ഹീരയും മറ്റ് രണ്ട് പൊലീസുകാരും കൂടിയാണ് കുട്ടികളെ ചോദ്യം ചെയ്തത്. 12 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ നാലുമണിയോടെ മാത്രമാണ് അവര്‍ അവസാനിപ്പിച്ചത്’ തൗസീഫ് മടിക്കേരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രസ്താവനകള്‍ നടത്താന്‍ സ്കൂളില്‍നിന്നും പഠിപ്പിക്കുന്നുണ്ടോ, സി.എ.എ, എന്‍.ആര്.സി വിഷയങ്ങളില്‍ തെറ്റായ വിവരങ്ങളാണോ സ്കൂള്‍ നല്‍കാറുള്ളത് എന്നതടക്കമുള്ള ചോദ്യങ്ങളാണ് പൊലീസുകാര്‍ വിദ്യാര്‍ത്ഥികളോട് ചോദിച്ചു. എ.ബി.വി.പി പ്രവര്ത്തകന് നിലേഷ് രക്ഷാലയുടെ പരാതിയിന്മേലാണ് പൊലീസ് സ്കൂളിനെതിരെ ജനുവരി 26ന് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ജനുവരി 30ന് പൊലീസ് പ്രധാനാധ്യാപികയെയും വിദ്യാര്‍ത്ഥിയുടെ മാതാവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രധാനാധ്യാപിക ഫരീദാ ബീഗം വിദ്യാര്‍ത്ഥിയുടെ ഉമ്മ നജമുന്നീസ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കുറ്റപത്രം തയ്യാരാക്കിയിരിക്കുന്നത്. ഇതിന്റെ കൂടെ മനപ്പൂര്‍വ്വമായ അപമാനിക്കല്‍, മനപ്പൂര്‍വ്വം സമാധാനം നശിപ്പിക്കാന്‍ ശ്രമിക്കല്‍, വിരോധമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.