കൊറോണക്കാലത്തെ സ്വാതന്ത്ര്യചിന്തകൾ

എഴുതിയത്: ഡോ. വി. ശശി കുമാർ
(ലേഖനത്തിലെ അഭിപ്രായങ്ങള്‍ എഴുത്തുകാരന്റെ മാത്രമാണ്.)

പശ്ചാത്തലം

ആർക്കും എന്തിനും ഉപയോഗിക്കാനും പകർത്തിക്കൊടുക്കാനും പഠിക്കാനും മാറ്റംവരുത്താനും ഉപയോക്താവിനു സ്വാതന്ത്ര്യം നൽകുന്നതാണ് സ്വന്ത്രസോഫ്റ്റ്‍വെയർ (Free Software) എന്നും ഫ്ലോസ് (Free, Libre and Open Source Software, FLOSS) എന്നും മറ്റും അറിയപ്പെടുന്ന സോഫ്റ്റ്‍വെയറുകൾ. സ്വാതന്ത്ര്യം എന്ന ആശയത്തിന് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാണ് സ്വതന്ത്ര സോഫ്റ്റ്‍വെയർ എന്നു വിളിക്കുന്നത്. എന്നാൽ അതിനു രഹസ്വസ്വഭാവം ഇല്ലാത്തതുകൊണ്ടാണ്, അതായത് അതിന്റെ മൂലരൂപമായ സോഴ്സ്കോ‍ഡ് തുറന്നതായതുകൊണ്ടാണ് അതിനെ ഓപ്പൺസോഴ്സ് എന്ന് വിളിക്കുന്നത്. കാഴ്ചപ്പാടിലുള്ള ഈ വ്യത്യാസമൊഴിച്ചാൽ അവ ഒന്നുതന്നെയാണ് എന്നതുകൊണ്ടാണ് രണ്ടുപേരുകളും ചേർത്തു വിളിക്കാൻ പലരും താൽപ്പര്യപ്പെടുന്നത്. അമേരിക്കയിൽ എംഐടിയിലെ റിച്ചാഡ് സ്റ്റോൾമാൻ ഇന്ന് മലയാളികൾക്ക് അപരിചിതനല്ല. എല്ലാ സ്ക്കൂൾ വിദ്യാർഥികളും അദ്ദേഹത്തെക്കുറിച്ചും അദ്ദേഹം തുടങ്ങിവച്ച പ്രസ്ഥാനത്തെക്കുറിച്ചും പഠിക്കുന്നുണ്ട് എന്നതിനാൽ അതേപ്പറ്റി കൂടുതൽ വിവരിക്കുന്നില്ല.

എന്നാൽ, സാമ്പത്തികശേഷി കുറഞ്ഞവർക്കുകൂടി എല്ലാത്തരം സോഫ്റ്റ്‍വെയറുകളും ലഭ്യമാക്കുന്നു എന്നതാണ് സ്വതന്ത്രസോഫ്റ്റ്‍വെയറിന്റെ ഒരു മെച്ചം എന്ന കാര്യം ഇവിടെ എടുത്തുപറയേണ്ടതുണ്ട്. കാരണം ഇന്നത്തെ ലോകത്തിൽ അറിവിനാണ് വലിയ പ്രാധാന്യമുള്ളത് എന്നതുകൊണ്ടും അറിവ് ലഭിക്കാൻ ഇന്നുള്ള ഏറ്റവും നല്ല മാർഗം കംപ്യൂട്ടറും ഇന്റർനെറ്റുമാണ് എന്നതിനാലും അവ ഉപയോഗിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നത് വിദ്യാഭ്യാസവും ആരോഗ്യരക്ഷയും മറ്റും നിഷേധിക്കപ്പെടുന്നതുപോലെതന്നെയാണ്.

ഈ കൊറോണക്കാലത്തെ ചിന്തകളിൽ ഒന്നു് അതിനുള്ള മരുന്നിനെപ്പറ്റിയും പ്രതിരോധമരുന്നിനെപ്പറ്റിയുമാണ്. ദ ഗാർഡിയൻ എന്ന പത്രത്തിൽ പ്രസിദ്ധീകരിച്ചുവന്ന ഒരു കുറിപ്പാണ്(1). ഇപ്പോൾ ഈ ലേഖനത്തിന് പ്രചോദനമായത്. കുറച്ചുകാലത്തിനുള്ളിൽത്തന്നെ കോവിഡ്-19നുള്ള പ്രതിരോധമരുന്നും ചികിത്സയും ആധുനികവൈദ്യശാസ്ത്രം കണ്ടെത്തുമെന്ന് ആ കുറിപ്പിൽ പറയുന്നു. എന്നാൽ, എയ്ഡ്സിനുള്ള ചികിത്സയുടെ കാര്യത്തിലെന്നുപോലെ അത് വളരെ വിലകൂടിയതും മിക്കവർക്കും താങ്ങാനാകാത്തതും ആയിത്തീരില്ലേ എന്ന ആകാംക്ഷയാണ് ആ കുറിപ്പിൽ പ്രധാനമായി എടുത്തുപറഞ്ഞത്. ആധുനികവൈദ്യശാസ്ത്രത്തെ നിയന്ത്രിക്കുന്നത് വലിയ ഫാർമ കമ്പനികളാണ് എന്നതാണ് ഇതിനുള്ള കാരണം. കമ്പ്യൂട്ടർ സോഫ്റ്റ്‍വെയറിന്റെ കാര്യത്തിൽ മൈക്രോസോഫ്റ്റ് ചെയ്തതുപോലെതന്നെ അവർ ചില്ലറവിൽപ്പനക്കാരെയും അധ്യാപകരെയും (മരുന്നിന്റെ കാര്യത്തിൽ ഡോക്ടറന്മാരെയും)(2) കൈക്കൂലി കൊടുത്ത് വരുതിയിൽ നിർത്തിയിരിക്കുന്നതിനാൽ കമ്പനിയുടെ താൽപ്പര്യങ്ങൾക്കപ്പുറം കാര്യങ്ങൾ നടത്താൻ സർക്കാരിനുപോലും വളരെ പ്രയാസമാണ്. ഈ സമാനതയും അതിന്റെ യുക്തിപരമായ പരിസമാപ്തിയുമാണ് ഈ ലേഖനത്തിലെ പ്രതിപാദ്യം.

സ്വതന്ത്രവും തുറന്നതുമായ ഔഷധം

അപ്പോൾ എന്താണ് അതിനുള്ള പ്രതിവിധി? ഫ്ലോസ് പോലെ സ്വതന്ത്രവും തുറന്നതുമായ ഔഷധവും ചികിത്സാരീതിയുമുണ്ടാക്കാനാകുമോ? ഉണ്ടാക്കേണ്ട ആവശ്യമില്ല, ഇപ്പോഴേ ഉണ്ടു് എന്നതാണു് രസകരമായ കാര്യം. പകർപ്പവകാശം, പേറ്റന്റ് തുടങ്ങിയ നിയന്ത്രണങ്ങൾ ചരിത്രപരമായി താരതമ്യേന അടുത്തകാലത്തുണ്ടായതാണു്. ആദ്യത്തെ പകർപ്പവകാശനിയമം കൊണ്ടുവരുന്നത് ഇംഗ്ലണ്ടിലെ ആൻ രാജ്ഞിയാണ്. അതിന്റെ ഉദ്ദേശ്യംതന്നെ, അതുവരെ പ്രസാധകർ ഇഷ്ടംപോലെ അച്ചടിച്ച് വിൽക്കുകയും അതിന്റെ ലാഭം മുഴുവനും സ്വയം നേടുകയും ചെയ്തിരുന്ന സ്ഥിതിക്ക് മാറ്റം വരുത്തുകയും രചയിതാവിന് ഇനിയും രചിക്കാനുള്ള പ്രോത്സാഹനം എന്ന നിലയ്ക്ക് ലാഭവിഹിതം നൽകുകയും ചെയ്യുക എന്നതായിരുന്നു. അച്ചടി പ്രചാരത്തിൽവരുന്നതിനുമുമ്പ് ഇതുപോലെ ധാരാളം പകർപ്പുകളുണ്ടാക്കി വിൽക്കുക എന്നത് എളുപ്പമല്ലായിരുന്നതിനാൽ ഈ പ്രശ്നംതന്നെ ഇല്ലായിരുന്നു. പഴയസമൂഹങ്ങളിൽ എല്ലാ രചനകളും അറിവുകളും സ്വതന്ത്രമായിരുന്നു (മിക്കവാറുമെല്ലാം എന്നു പറയേണ്ടിവരും)(3). ചുരുക്കിപ്പറഞ്ഞാൽ പഴയകാലത്തെ അറിവുകളെല്ലാം സ്വതന്ത്രവും തുറന്നതുമായിരുന്നു. അക്കൂട്ടത്തിൽ സാഹിത്യം മാത്രമല്ല മറ്റു് അറിവുകളും ഉൾപ്പെട്ടിരുന്നു. ആർക്കുവേണമെങ്കിലും ഏതുവിഷയവും പഠിക്കാമായിരുന്നു (ചിലയിടങ്ങളിൽ ചില നിയന്ത്രണങ്ങളുണ്ടായിരുന്നു എന്ന കാര്യം വിസ്മരിക്കുകയല്ല. ഉദാഹരണമായി, ചില യൂറോപ്യൻ രാജ്യങ്ങളിൽ സ്ത്രീകൾ ഗണിതശാസ്ത്രം പഠിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതു് നിയന്ത്രിച്ചിരുന്നു. ഇറ്റലിയിലെ പ്രശസ്തഗണിതശാസ്ത്രജ്ഞയായ ഇപ്പാത്തിയയെ കൊലപ്പെടുത്തിയതു് അവർ ഗണിതശാസ്ത്രം പഠക്കുകയും പ്രയോഗിക്കുകയും ചെയ്തതുകൊണ്ടാണു് എന്നു പറയപ്പെടുന്നുണ്ടു്. )

അക്കൂട്ടത്തിൽ വൈദ്യശാസ്ത്രവും ഉൾപ്പെട്ടിരുന്നു. ഇന്ത്യയിലെങ്കിലും, വൈദ്യശാസ്ത്രമോന്നതു് ഏതാനുംചില വിദഗ്ദ്ധർ മാത്രം കൈകാര്യം ചെയ്തിരുന്നതല്ല, വിദഗ്ദ്ധർ ഉണ്ടായിരുന്നെങ്കിലും മിക്കവർക്കും അത്യാവശ്യംവേണ്ട വൈദ്യശാസ്ത്രം അറിയാമായിരുന്നു. ആ വിധത്തിൽ അതു് വളരെ ജനകീയമായിരുന്നു. എന്നുതന്നെയല്ല, പലപ്പോഴും മരുന്നു തയാറാക്കാനുള്ള രീതി കുറിച്ചുകൊടുക്കുകയാണു് ഭിഷഗ്വരന്മാർ ചെയ്തിരുന്നതു്. ഉദാഹരണമായി, ആയുർവ്വേദത്തിൽ ഇന്നും പല വൈദ്യന്മാരും അപ്രകാരം കുറപ്പടി എഴുതിക്കൊടുക്കുന്നുണ്ടു്. എന്നാൽ, ജീവിതരീതിയിലുണ്ടായ മാറ്റങ്ങൾമൂലം മിക്കവർക്കും മരുന്നു് തയാറാക്കാനോ അതിനാവശ്യമായ കൂട്ടുകൾ കണ്ടെത്താനോ ഉള്ള സമയം കിട്ടാത്തതുകൊണ്ടു് കമ്പോളത്തിൽ കിട്ടുന്ന മരുന്നു് വാങ്ങേണ്ട അവസ്ഥയാണു് ഇന്നുള്ളതു്. ഇവിടെ പ്രസക്തമായ കാര്യം ആയുർവ്വേദം എന്ന ചികിത്സാസമ്പ്രദായം സ്വതന്ത്രസോഫ്റ്റ്‍വെയറിന്റെ കാര്യത്തിൽ എന്നതുപോലെ തുറന്നതും സ്വതന്ത്രവുമായിരുന്നു എന്നതാണു്. അതായതു്, അങ്ങനെയും ഒരു വൈദ്യശാസ്ത്രമുണ്ടു്. ഒന്നല്ല, ആയുർവ്വേദം കൂടാതെ സിദ്ധ, യുനാനി, തുടങ്ങിയ വൈദ്യശാസ്ത്രങ്ങളും ഇതുപോലെ സ്വതന്ത്രവും തുറന്നതുമാണു്. അതുപോലെതന്നെ ഈ കോവിഡ് ചികിത്സയിൽ ചൈനയിൽ വ്യാപകമായി ഉപയോഗിച്ചിരുന്നതാണു് ചൈനീസ് പരമ്പരാഗതചികിത്സ എന്നു് ചൈനീസ് സർക്കാർ പറയുകയും ആ അറിവു് അമേരിക്കയ്ക്ക് നൽകാമെന്നു് വാഗ്ദാനം ചെയ്യുകയും ചെയ്തതായി മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ ചികിത്സാസമ്പ്രദായങ്ങൾ ആധുനികവൈദ്യശാസ്ത്രവുമായി യോജിക്കുന്നതല്ല എന്നും അവ ശാസ്ത്രീയമല്ല എന്നും ആധുനികവൈദ്യശാസ്ത്രത്തിൽ വിദഗ്ദ്ധരായവർ പറയുമെന്നതു് സത്യമാണു്. ഇവിടെ രണ്ടു കാര്യങ്ങളാണു് അക്കാര്യത്തിൽ പറയാനുള്ളതു്. ഒന്നു്, അവ തീർച്ചയായും ആധുനികശാസ്ത്രത്തിന്റെ രീതിയിൽ ശാസ്ത്രീയമല്ല, കാരണം അവയുണ്ടായ കാലത്തു് ആധുനികശാസ്ത്രമില്ല. അങ്ങനെയല്ലാതായിരുന്നെങ്കിൽ അവയും ആധുനികവൈദ്യശാസ്ത്രവുംതമ്മിൽ വ്യത്യാസം ഉണ്ടാകില്ലായിരുന്നല്ലോ. ആധുനികശാസ്ത്രവുമായി യോജിക്കാത്തതുകൊണ്ടു് ആയുർവേദവും സിദ്ധവൈദ്യവും മറ്റും ഫലപ്രദമല്ല എന്നാണു് പറയുന്നതെങ്കിൽ അതു് തെറ്റാണു്, കാരണം അവയിലൂടെ രോഗം ഭേദമായ അനേകംപേർ ലോകത്തെമ്പാടുമുണ്ടു്.

അപ്പോൾപ്പിന്നെ എന്താണു് പ്രശ്നം? ഇനി ഈ ചികിത്സാരീതികൾ ആധുനികശാസ്ത്രം നിശ്ചയിക്കുന്ന രീതിയിൽ പരിശോധിച്ചു് തെളിയിക്കണം എന്നതാണെങ്കിൽ, മനുഷ്യരുടെ രോഗം ഭേദമാക്കാനുള്ള വിദ്യ ആവശ്യമാണു് എന്നു് വിശ്വസിക്കുന്ന തുറന്ന മനസ്സും സൗകര്യങ്ങളുമുള്ള ആർക്കും പഠനങ്ങൾ നടത്തി തെളിയിക്കാവുന്നതേയുള്ളൂ. ഒരു ചികിത്സാരീതി ഫലപ്രദമാണെന്നു കണ്ടാൽ അതു് ആധുനികശാസ്ത്രതിതിലൂടെ കണ്ടെത്തിയതല്ലെങ്കിലും ഉപയോഗിക്കുന്നതിനു് തടസ്സമില്ലല്ലോ, അല്ലേ? ഫലപ്രദമല്ല എന്നു കണ്ടെത്തിയാൽ അതുപയോഗിക്കണ്ട എന്നു തീരുമാനിക്കാമല്ലോ. ഒരു പഠനവും നടത്താതെ ഈ ചികിത്സാരീതികളൊന്നും ഫലപ്രദമല്ല എന്നു പറയുന്നതു് എത്രമാത്രം ശാസ്ത്രീയമാണു്? അതു് കാണിക്കുന്നതു് ഒരു വ്യക്തിയുടെ പക്ഷപാതപരമായ ചിന്ത മാത്രമല്ലേ?

സ്വതന്ത്രവൈദ്യോപകരണങ്ങളും തുറന്ന മരുന്നുകണ്ടെത്തലും

ആയുർവ്വേദം, സിദ്ധ, യുനാനി, തുടങ്ങിയവയുടെ കാര്യമവിടെ നിൽക്കട്ടെ. ആധുനികവൈദ്യശാസ്ത്രത്തിൽത്തന്നെ സ്വാതന്ത്ര്യത്തിന്റെ അലയൊലികൾ കേട്ടുതുടങ്ങി എന്നതു് ആശാവഹമായ കാര്യമാണു്.

അതിൽ, ഒരുപക്ഷെ ഏറ്റവും പ്രസിദ്ധവും പ്രസക്തവുമായതു് ശരീരത്തിൽ ഘടിപ്പിക്കേണ്ടതും അല്ലാതെ ഉപയോഗിക്കേണ്ടതുമായ ഇലക്‌ട്രോണിക് ഉപകരണങ്ങൾ സ്വതന്ത്രമായി രൂപകൽപ്പന ലഭ്യമാക്കിയിട്ടുള്ള ഫ്രീ ഹാഡ‌വെയറുകളായി വികസിപ്പിക്കാനുള്ള പദ്ധതിയാണു്. ഉദാഹരണമായി, ഈ കണ്ണി പരിശോധിക്കുക. അതുംകൂടാതെ, സോഫ്റ്റ്‍വെയറിന്റെ കാര്യത്തിലെന്നതുപോലെ, സ്വതന്ത്രമായി ഔഷധങ്ങൾ വികസിപ്പിക്കാനുള്ള ഓപ്പൺസോഴ്സ് ഡ്രഗ് ഡിസ്ക്കവറി എന്ന ആശയം പ്രാവർത്തികമാക്കിയതു് ഇന്ത്യയാണു്.

മുകളിൽപ്പറഞ്ഞ പ്രസ്ഥാനങ്ങൾ കുറച്ചൊക്കെ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടു് എന്നതു് ശരിയാണെങ്കിലും മുഖ്യധാനയിൽ കാര്യമായ സ്വാധീനം ചെലുത്താൻ അവയ്ക്കായിട്ടില്ല എന്നതു് സത്യമാണു്. എന്നാൽ, പരമ്പരാഗത വൈദ്യശാസ്ത്രങ്ങളായ ആയുർവ്വേദം, സിദ്ധ, യുനാനി, ചൈനീസ് പരമ്പരാഗത വൈദ്യശാസ്ത്രം, തുടങ്ങിയവയുടെ കാര്യം അത്രയും നിസ്സാരമല്ല, കാരണം ഇന്നും ഏതു് ആയുർവ്വേദാശുപത്രിയിൽ പോയി നോക്കിയാലും അവിടത്തെ തിരക്കു കണ്ടാൽ മനസ്സിലാകുന്നതു് അനേകംപേർ ആ രീതി പിൻതുടരുന്നുണ്ടു് എന്നതുമാത്രമല്ല, അനേകംപേർക്കു് ആശ്വാസവും കിട്ടുന്നുണ്ടു് എന്നതാണു്. പാശ്ചാത്യരാജ്യങ്ങളിൽ ആയുർവ്വേദത്തിനു് നേടാനായ പ്രചാരവും അതുതന്നെയാണു് സൂചിപ്പിക്കുന്നതു്.

ഈ പരമ്പരാഗതചികിത്സാരീതികളുടെ ഏറ്റവും വലിയ പോരായ്മ എന്നു പറയുന്നതു് അവയുടെ മരുന്നുകളും ചികിത്സാരീതികളും ആധുനികരീതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണു്. ആ പോരായ്മ പരിഹരിക്കാൻ വലിയ പ്രയാസമുള്ളതല്ല. ആയുർവ്വേദത്തിലും മറ്റും ഗവേഷണം നടത്താനായി ഇന്ത്യയിൽത്തന്നെ കേന്ദ്രസർക്കാരിന്റെ ഗവേഷണകേന്ദ്രങ്ങളുണ്ടു്. അവിടെയുള്ള ഏതാനും ഗവേഷകരെ ആ ജോലി ഏൽപ്പിച്ചാൽ ഏതാനും മാസങ്ങൾകൊണ്ടു് അതു് ചെയ്തുതീർക്കാവുന്നതേയുള്ളൂ.

ഉപസംഹാരം

ആധുനികബൈദ്യശാസ്ത്രം കുറേ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടു് എന്നതിനു സംശയമില്ല. എന്നാൽ, അതോടൊപ്പം അനേകം പ്രശ്നങ്ങളും സൃഷ്ടിച്ചിട്ടുണ്ടു്. അവയിൽ പ്രധാനപ്പെട്ട ഒന്നാണു് ഔഷധവ്യവസായികളുടെ ശക്തമായ നിയന്ത്രണം. ആ നിയന്ത്രണം അമേരിക്കയിലെ ഔഷധങ്ങൾക്കു് നിർമ്മാണാനുമതി നൽകുന്ന വകുപ്പിൽവരെ (United States Food and Drug Administration, FDA) വരെ എത്തുന്നു എന്നാണു് കരുതപ്പെടുന്നതു്. ഇന്ത്യയിലെങ്കിലും അതു് ഡോക്ടറന്മാരെയും ചില്ലറ മരുന്നുകടക്കാരെയുംവരെ സ്വാധീനിക്കുന്നുണ്ടു് എന്നതു് കേരളത്തിലുള്ള ആയിരക്കണക്കിനു് മെഡിക്കൽ റെപ്രസന്റേറ്റീവുമാർക്കു് സാക്ഷ്യപ്പെടുത്താനാകുന്നതാണു്.

എന്നാൽ, പരമ്പരാഗതവൈദ്യശാസ്ത്രങ്ങൾ ഇന്നും സ്വതന്ത്രവും തുറന്നതുമായി തുടരുന്നുണ്ടു്. അവയുടെ രീതികളെയും ഔഷധങ്ങളെയും ആധുനികശാസ്ത്രത്തിന്റെ രീതിയിൽ സാക്ഷ്യപ്പെടുത്തിയെടുക്കാനായാൽ ആധുനികവൈദ്യശാസ്ത്രത്തിലെ പല പ്രശ്നങ്ങളും ഇല്ലാത്ത പുതിയൊരു ചികിത്സാരീതി വികസിപ്പിച്ചെടുക്കാനും ഇന്നത്തെ കോവിഡ് പ്രതിസന്ധി തരണംചെയ്തു കഴിയുമ്പോഴെങ്കിലും വൈദ്യശാസ്ത്രത്തിന്റെ കാര്യത്തിൽ ലോകത്തിൽത്തന്നെ ഒരു നായകസ്ഥാനം നേടിയെടുക്കാനും ഇന്ത്യയക്കായേക്കാം. ഇതുപോലത്തെ മഹാമാരികൾ ഇനിയും വരും എന്നാണു് ശാസ്ത്രജ്ഞർപോലും പറയുന്നതു്. അതിനു് കാലാവസ്ഥാവ്യതിയാനവും ആവാസവ്യവസ്ഥകളുടെ നാശവും തുടങ്ങി പല കാരണങ്ങളുണ്ടു്. അപ്പോഴെങ്കിലും പരമ്പരാഗതമായ രീതിയിലുള്ള ചികിത്സ കണ്ടെത്താനായാൽ എത്രമാത്രം മെച്ചം അതുകൊണ്ടുണ്ടാകാം എന്നതു് ഈ കോവിഡ് ലോക്ക്ഡൗൺ കാലത്തു് ചിന്തനീയമായ കാര്യമാണു്.
_____

1. https://www.theguardian.com/commentisfree/2020/apr/15/corona-virus-treatment-drug-companies
2. എല്ലാ ഡോക്ടറന്മാരും അങ്ങനെയല്ല എന്നത് ആശ്വാസകരം
3. അതിനന് അപവാദമായുണ്ടായിരുന്നത് പ്രധാനമായും ഇന്ത്യയിലെ ജാതിവ്യവസ്ഥയനുസരിച്ചുണ്ടായിരുന്ന നിയന്ത്രണങ്ങളാണ്.

***

ലേഖനത്തിലെ അഭിപ്രായങ്ങള്‍ എഴുത്തുകാരന്റെ മാത്രമാണ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “കൊറോണക്കാലത്തെ സ്വാതന്ത്ര്യചിന്തകൾ

  1. പാരമ്പര്യ വൈദ്യം എന്നത് തടികൊണ്ടുള്ള ചക്രം പോലെയാണ്. ഒരിക്കല്‍ അത് വിപ്ലവകരമായ ഒന്നായിരുന്നു. അതില്‍ നിന്നാണ് ഇന്ന് നാം കാണുന്ന ചക്രങ്ങളെല്ലാം ഉണ്ടായത്. ആധുനിക വൈദ്യവും അങ്ങനെയാണ്. പക്ഷേ അതിനെ മുതലാളിത്തം അതിന്റെ വികസന രീതിയായി ഏറ്റെടുക്കോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം പാരമ്പര്യ വൈദ്യത്തിലേക്ക് പോകുക എന്നതല്ല. എല്ലാവരും പൂര്‍ണ്ണമായി പാരമ്പര്യ വൈദ്യത്തിലേക്ക് പോയാല്‍ അപ്പോള്‍ മുതലാളിത്ത രീതികള്‍ ചേക്കേറുക പാരമ്പര്യ വൈദ്യത്തിലേക്കാകും. ഇതേ പ്രശ്നങ്ങള്‍ അപ്പോള്‍ അതിലും ഉണ്ടാകും. അതുകൊണ്ട് ഇപ്പോള്‍ പാരമ്പര്യ വൈദ്യത്തിന് സ്വതന്ത്ര സ്വഭാവം നിലനില്‍ക്കുന്നത് അത് പ്രധാന ഇടപാടല്ലാത്തതിനാലാണ്. ആധുനികവൈദ്യം സ്വതന്ത്രമാക്കാന്‍ പേറ്റന്റുകളും മറ്റും നിരോധിക്കുന്നതിലൂടെ കഴിയും. പക്ഷെ അതൊന്നും വൈദ്യത്തിന്റെ രീതിയുടെ പ്രശ്നമല്ല. ഏത് വൈദ്യമായാലും ശാസ്ത്രീയമായി തെളിയിക്കാനാകാത്തത് അറിഞ്ഞുകൊണ്ടോ അല്ലാത്തതോ ആയ തട്ടിപ്പാണ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )