1942-ൽ പതാക ഉയർത്തുകയും അതിനു വില നൽകുകയും ചെയ്ത ഉത്തർപ്രദേശ് ഗ്രാമം

ഇപ്പോഴും അവർ പതാക താലൂക്ക് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നു. ഇവിടെത്തന്നെയാണ് ഓഗസ്റ്റ് 18-ന് അവർ അത് ഉയർത്തുന്നത്. 1942-ല്‍ ഇതേദിവസമാണ് ഉത്തർപ്രദേശിലെ ഘാസിപൂർ ജില്ലയിലെ ഈ ഭാഗത്തു നിന്നുള്ള ആളുകൾ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതത്ര്യം പ്രഖ്യാപിച്ചത്. അന്ന് മുഹമ്മദാബാദിലെ തഹസീൽദാർ വെടിയുതിർക്കുകയും ശേർപൂർ ഗ്രാമത്തിലെ എട്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. ശിവ് പൂജൻ റായ് നയിച്ച കോൺഗ്രസ്സുകാരായിരുന്നു ഇവരിൽ മിക്കവരും. മുഹമ്മദാബാദിലെ തഹസീൽ കെട്ടിടത്തിനു മുകളിൽ ത്രിവർണ്ണ പതാക ഉയർത്താൻ ശ്രമിക്കുന്നതിനിടയില്‍ അവർ വെടിയേറ്റു മരിച്ചു.

ബ്രിട്ടീഷുകാർ 129 നേതാക്കൾക്കെതിരെ ഓഗസ്റ്റ് 10-ന് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച ഗ്രാമത്തിലെമ്പാടും സമരങ്ങൾ ഉയര്‍ന്നുവന്നു. അവിടെ നേരത്തെതന്നെ പ്രശ്നങ്ങൾ തിളച്ചു മറിയുകയായിരുന്നു. 19-ഓടുകൂടി തദ്ദേശീയർ ഘാസിപൂരിന്‍റെ ഏതാണ്ട് എല്ലാഭാഗവും നിയന്ത്രണത്തിലാക്കുകയും മൂന്ന് ദിവസം സർക്കാരിനെ നയിക്കുകയും ചെയ്തു.

ജില്ലാ ഗസറ്റിയർ പറയുന്നതനുസരിച്ച് ബ്രിട്ടീഷ് പ്രതികരണം “ഒരു ഭീകര വാഴ്ച”യായിരുന്നു. പെട്ടെന്നുതന്നെ “ഗ്രാമങ്ങൾതോറും കവർച്ചയും കൊള്ളയും തീവെപ്പും ഉണ്ടായി.” പട്ടാളവും പോലീസും ‘ഇന്ത്യ വിടുക’ എന്ന ആവശ്യമുയര്‍ത്തിയ സമരക്കാരെ അടിച്ചമർത്തി. അടുത്ത കുറച്ചു ദിവസങ്ങളിൽ ജില്ലയിലുടനീളം ഏകദേശം 150 ആളുകളെ വെടിവച്ചിട്ടു. ഉദ്യോഗസ്ഥരും പോലീസുകാരും സാധാരണക്കാരിൽ നിന്നും ഏകദേശം 35 ലക്ഷം രൂപ കവർന്നെടുത്തെന്ന് രേഖകൾ പറയുന്നു. 74 ഗ്രാമങ്ങളാണ് കത്തിച്ചത്. ഘാസിപൂരിലെ ജനങ്ങൾ കൂട്ടായി 4.5 ലക്ഷം രൂപ പിഴയടച്ചു – അക്കാലത്തെ ഒരു വലിയ തുക.

ശിക്ഷയുടെ ഭാഗമായി ഉദ്യോഗസ്ഥർ ശേർപൂരിനെ ഒറ്റപ്പെടുത്തി. അവിടുത്തെ ഏറ്റവും പ്രായമുള്ള ദളിത് നിവാസിയായ ഹരിശരൺ റാം ആ ദിവസം ഓർമ്മിക്കുന്നു: “ഗ്രാമത്തിൽ ഒരു പക്ഷിപോലും അവശേഷിച്ചില്ല, പിന്നയല്ലേ മനുഷ്യർ. സാധിച്ചവരൊക്കെ പലായനം ചെയ്തു. കൊള്ള തുടർന്നുകൊണ്ടേയിരുന്നു.” എന്നിട്ടും ഘാസിപ്പൂരിനെ മൊത്തത്തിൽ ഒരു പാഠം പഠിപ്പിക്കണമായിരുന്നു. 1850-കളിൽ നീലം തോട്ടമുടമകളെ പ്രദേശവാസികൾ ആക്രമിച്ചപ്പോൾ മുതലുള്ള ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളുടെ രേഖകൾ ജില്ലയുടെ പക്കലുണ്ട്. വെടിയുണ്ടകളും ലാത്തികളും കൊണ്ടുള്ള ഒരു പാഠം ഇപ്പോൾ ഇത് പഠിച്ചു.

ഇപ്പോഴും മുഹമ്മദാബാദിലെ തഹ്സിൽ ഓഫീസ് രാഷ്ട്രീയ തീർത്ഥാടകരെ ആകർഷിക്കുന്നു. വർഷങ്ങളായുള്ള ഇതിന്‍റെ സന്ദർശക പട്ടികകയിൽ പ്രധാനമന്ത്രിമാരോ പിന്നീട് പ്രധാനമന്ത്രിമാരോ ആയിട്ടുള്ള 4 വ്യക്തികളും ഉൾപ്പെടുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രിമാരായിരുന്ന ഏതാണ്ടെല്ലാവരും തന്നെ ഇവിടെ വന്നിട്ടുണ്ട്. സാധാരണയായി ഓഗസ്റ്റ് 18-ന് സംഘടന തഹ്സീൽ ഓഫീസിൽ 8 രക്തസാക്ഷികളുടെ ഓർമ്മ ആചരിക്കുന്നുവെന്ന് ശഹീദ് സ്മാരക സമിതിയെ നയിക്കുന്ന ലക്ഷ്മൺ റായ് പറഞ്ഞു. സമരക്കാർ ഉപയോഗിച്ച യഥാർത്ഥ പതാക അദ്ദേഹം ഞങ്ങളെ കാണിച്ചു. ചിലതൊക്കെ പഴകി പിഞ്ചിയിരുന്നു, എങ്കിലും ഇവിടെ ശ്രദ്ധയോടെ സൂക്ഷിച്ചിരുന്നു. “വി.ഐ.പി.കളൊക്കെ ഇവിടെവന്ന് പതാക പൂജിക്കുന്നു”, അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു. “വരുന്ന വി.ഐ.പി.കളെല്ലാം ഇങ്ങനെ പൂജിക്കുന്നു.”

പൂജയിൽനിന്നും ശേർപൂരിന് കാര്യമായി ഒന്നും ലഭിച്ചിട്ടില്ല. വർഗ്ഗം, ജാതി, സമയം, വ്യവഹാരം എന്നിവയൊക്കെ സ്വാതന്ത്ര്യ സമര സേനാനികളുടെ വീര ത്യാഗങ്ങളുടെ ഓർമ്മകൾക്ക് നിറം നൽകുന്നു. “8 രക്തസാക്ഷികളാണ് ഉണ്ടായിരുന്നത്”, ഇവിടെയുള്ള ഒരു സർക്കാരേതര സംഘടന പ്രവർത്തകൻ പറഞ്ഞു. “പക്ഷെ രക്തസാക്ഷികൾക്കായി 10-ഓളം സ്മാരക കമ്മിറ്റികൾ ഉണ്ട്.” അവയിൽ ചിലത് ഔദ്യോഗികമായി ലഭിക്കുന്ന സാമ്പത്തിക സഹായത്തോടെ വൈവിധ്യമാർന്ന സ്ഥാപനങ്ങൾ നടത്തുന്നു. ശഹീദ് പുത്രൻമാര്‍ എന്ന് ഈ സ്ഥലത്ത് പ്രത്യേകമായി അറിയപ്പെടുന്ന രക്തസാക്ഷികളുടെ പുത്രന്മാർ അവയിൽ ചിലത് നിയന്ത്രിക്കുന്നു.

എന്തുമായി ബന്ധപ്പെട്ടായിരുന്നു ശേര്‍പൂരിന്‍റെ ത്യാഗം? എന്തായിരുന്നു അവിടുത്തെ ആളുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്? നിങ്ങള്‍ എങ്ങനെയാണ് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കുകയെന്നത് നിങ്ങളുടെ സാമൂഹ്യ സാമ്പത്തിക പദവിയെ ആശ്രയിച്ചിരിക്കും. ഔദ്യോഗികമായി അംഗീകരിച്ച 8 രക്തസാക്ഷികളും ഭൂമിഹാര്‍മാരായിരുന്നു. ബ്രിട്ടീഷ് ഭീകരതയെ നേരിടുമ്പോഴുള്ള അവരുടെ ധൈര്യം പ്രചോദനാത്മകമായിരുന്നു. എന്നിരിക്കിലും, ഇത്രത്തോളം പ്രബലമല്ലാത്ത സമുദായങ്ങളില്‍പെടുന്ന, പല സമയങ്ങളിലായി ഇതേപോലെ തങ്ങളുടെ ജീവനുകള്‍ കൊടുത്ത, മറ്റുള്ളവര്‍ സമാനമായി സ്മരിക്കപ്പെടുന്നില്ല. ഓഗസ്റ്റ് 18-ന് മുന്‍പും ശേഷവും നിരവധി യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. ഉദാഹരണമായി നന്ദ്ഗന്‍ജ് റെയില്‍വേ സ്റ്റേഷന്‍റെ നിയന്ത്രണം പിടിച്ചെടുത്ത 50 പേരെ ഓഗസ്റ്റ് 14-ന് പോലീസുകാര്‍ വെടിവച്ചുകൊന്നു. കൂടാതെ ഓഗസ്റ്റ് 19-നും 21-നുമിടയില്‍ അതിന്‍റെ മൂന്നുമടങ്ങ്‌ ആളുകളെ കൊന്നു.

അങ്ങനെയെങ്കില്‍, ആളുകള്‍ എന്തിനുവേണ്ടിയാണ് മരിച്ചത്? “സ്വാതന്ത്ര്യമല്ലാതെ മറ്റൊരു ആവശ്യവും ഇല്ലായിരുന്നു”, മുഹമ്മദാബാദിലെ ഇന്‍റര്‍ കോളേജിന്‍റെ പ്രിന്‍സിപ്പാളായ കൃഷന്‍ ദേവ് റായ് ഉറപ്പിച്ചു പറഞ്ഞു. ശേര്‍പുരിലും മറ്റിടങ്ങളിലുമുള്ള ഭൂവുടമകളായ മിക്ക ഭൂമിഹാര്‍മാരും ഈ രീതിയിലാണ് അതിനെ കണ്ടത്. ബ്രിട്ടീഷുകാര്‍ 1947-ല്‍ ഇന്ത്യ വിട്ടുപോയതോടെ കാര്യം അവസാനിച്ചു.

ശേര്‍പുരില്‍ താമസിക്കുന്ന പട്ടികജാതിക്കാരനായ ബാല്‍ മുകുന്ദ് വ്യത്യസ്തമായാണ് ഇതിനെ കണ്ടത്. വിപ്ലവത്തിന്‍റെ സമയത്ത് ചെറുപ്പക്കാരനായിരുന്ന അദ്ദേഹത്തിനും കൂടെയുണ്ടായിരുന്ന മറ്റുദളിതര്‍ക്കും മറ്റൊരു ലക്ഷ്യമാണ്‌ ഉണ്ടായിരുന്നത്. “ഞങ്ങള്‍ ആവേശഭരിതരായിരുന്നു”, അദ്ദേഹം പറഞ്ഞു. “ഞങ്ങള്‍ വിചാരിച്ചു ഭൂമി ലഭിക്കുമെന്ന്.” 1930-കളിലും പിന്നീടും സജീവമായിരുന്ന ഒരു കിസാന്‍ സഭാ പ്രസ്ഥാനം അത്തരം പ്രതീക്ഷകള്‍ ഉണര്‍ത്തി. 1952-ല്‍ ഉത്തര്‍പ്രദേശ്‌ സമീന്ദാരി ഉന്മൂലന, ഭൂപരിഷ്കരണ, നിയമം (Uttar Pradesh Zamindari Abolition and Land Reforms Act) നിലവില്‍ വന്നപ്പോള്‍ പ്രസ്തുത ആവേശം പുനരുജ്ജീവിക്കപ്പെട്ടു.

പക്ഷെ ഇതിന് അല്‍പ്പായുസ്സെ ഉണ്ടായിരുന്നുള്ളൂ.

ഗ്രാമത്തില്‍ ആകെയുള്ള 3,500 ദളിതരും ഭൂരഹിതരാണ്. “കൃഷിക്ക് ഭൂമിയോ?” പ്രാദേശിക ദളിത്‌ സമിതിയില്‍ നിന്നുള്ള രാധേശ്യാം ചോദിച്ചു. “ഞങ്ങളുടെ വീട് പോലും ഞങ്ങളുടെ പേരിലല്ല.” ഇത് ഭൂമി തീര്‍പ്പാക്കല്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന 35 വര്‍ഷത്തിനു ശേഷമുള്ള കാര്യമാണ്. സ്വാതന്ത്ര്യം സവിശേഷമായ ആനുകൂല്യങ്ങള്‍ കൊണ്ടുവന്നിട്ടുതന്നെയുണ്ട്. കുറച്ചുപേര്‍ക്ക്. ഭൂമിഹാര്‍മാര്‍ക്ക് അവര്‍ കൃഷിചെയ്തുകൊണ്ടിരുന്ന ഭൂമിക്കുള്ള പ്രമാണങ്ങള്‍ ലഭിച്ചു. ഭൂരഹിതരായ താഴ്ന്നജാതിക്കാര്‍ അവര്‍ ആയിരുന്നതുപോലെതന്നെ ആയിരിക്കുന്നു. “ഞങ്ങള്‍ വിചാരിച്ചു ഞങ്ങള്‍ക്കും മറ്റുള്ളവരെപ്പോലെ, അവരോടൊപ്പം, സ്ഥാനം ലഭിക്കുമെന്ന്”, ഹരിശരണ്‍ റാം പറഞ്ഞു.

1975 ഏപ്രിലില്‍ അവര്‍ക്ക് അവരുടെ സ്ഥാനം കാണിച്ചുകൊടുത്തു. ബ്രിട്ടീഷുകാര്‍ ഗ്രാമം കത്തിച്ചതിന് വെറും 33 വര്‍ഷത്തിനുശേഷം ദളിത്‌ ബസ്തി വീണ്ടും കത്തിച്ചു. ഇത്തവണ ഭൂമിഹാര്‍മാരാണ് അത് ചെയ്തത്‌. “കൂലിനിരക്കിനെ സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടായിരുന്നു”, രാധേശ്യാം പറഞ്ഞു. “അവരുടെ ബസ്തി യിലുണ്ടായ ഒരു സംഭവത്തിന്‍റെ പേരില്‍ ഞങ്ങളെ കുറ്റപ്പെടുത്തി. മനസ്സിലാക്കൂ, ഞങ്ങള്‍ അവരുടെ വീടുകളിലും പാടങ്ങളിലും പണിയെടുക്കുകയായിരുന്നു ഞങ്ങളുടെ വീടുകള്‍ കത്തിയെരിഞ്ഞുകൊണ്ടിരുന്നപ്പോള്‍!” 100-നടുത്ത് വീടുകള്‍ നശിപ്പിക്കപ്പെട്ടു. പക്ഷെ ശഹീദ് പുത്രന്മാര്‍ ആരും ഉള്‍പ്പെട്ടിരുന്നില്ല എന്ന് അവര്‍ വ്യക്തമാക്കി.

“ഇവിടെയുള്ള ദളിതർ സ്വതന്ത്രരല്ല”, അദ്ദേഹം പറഞ്ഞു. “സ്വാതന്ത്ര്യമില്ല, ഭൂമിയില്ല, പഠനമില്ല, വസ്തുവകകളില്ല, ജോലിയില്ല, ആരോഗ്യമില്ല, പ്രതീക്ഷയില്ല. ഞങ്ങളുടെ സ്വാതന്ത്ര്യം അടിമത്തമാണ്.”

ഇതിനിടയിൽ തഹ്സീൽ ഓഫീസിൽ പൂജകൾ തുടരുന്നു.

— സ്രോതസ്സ് ruralindiaonline.org | P. Sainath (പരിഭാഷ: റെന്നിമോന്‍ കെ. സി.)| Aug. 14, 2015

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )