മറ്റ് ആദിവാസി സ്ത്രീകളോടൊപ്പം അവര്‍ പാടത്ത് പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ അവരുടെ ഗ്രാമമായ സാലിഹാനില്‍നിന്നും ഒരു യുവതി നിലവിളിച്ചുകൊണ്ട് ഓടിയെത്തിയിട്ടു പറഞ്ഞു: “അവര്‍ ഗ്രാമം ആക്രമിക്കുന്നു, അവര്‍ നിങ്ങളുടെ അച്ഛനെ മര്‍ദ്ദിച്ചു. അവര്‍ നമ്മുടെ വീടുകള്‍ക്ക് തീയിടുന്നു.”
“അവര്‍” സായുധരായ ബ്രിട്ടീഷ് പോലീസ് ആയിരുന്നു. ബ്രിട്ടീഷ് ഭരണത്തിന് വെല്ലുവിളിയായി തോന്നിയ ഒരു ഗ്രാമത്തെ അവര്‍ അടിച്ചമര്‍ത്തി. മറ്റ് നിരവധി ഗ്രാമങ്ങളെ പൂര്‍ണ്ണമായും നശിപ്പിക്കുകയും കത്തിച്ചു കളയുകയും അവരുടെ ധാന്യങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. വിമതര്‍ക്ക് അവരുടെ അവസ്ഥകള്‍ മനസ്സിലാക്കി കൊടുക്കുകയായിരുന്നു.
സബര്‍ ഗോത്രത്തില്‍പ്പെട്ട ദേമതി ദേയി സബര്‍ എന്ന ആദിവാസി സ്ത്രീ ചെറുപ്പക്കാരികളായ മറ്റ് 40 സ്ത്രീകളോടൊപ്പം സാലിഹാനിലേക്ക് പാഞ്ഞെത്തി. “എന്‍റെ അച്ഛന്‍ രക്തംവാര്‍ന്ന് നിലത്ത് കിടക്കുകയായിരുന്നു”, പ്രായമായ ആ സ്വാതന്ത്ര്യസമര സേനാനി പറഞ്ഞു. “അദ്ദേഹത്തിന്‍റെ കാലില്‍ ഒരു വെടിയുണ്ട ഉണ്ടായിരുന്നു.”
മങ്ങിപ്പോകുമായിരുന്ന മനസ്സിനെ ഈ ഓര്‍മ്മയാണ് ഉണര്‍ത്തുന്നത്. “ദേഷ്യംവന്ന ഞാന്‍ തോക്കും പിടിച്ചുനിന്ന ആ ഓഫീസറെ ആക്രമിച്ചു. അക്കാലത്ത് പണിയെടുക്കാനായി പാടത്തോ അല്ലെങ്കില്‍ വനത്തിലോ പോകുമ്പോള്‍ ഞങ്ങളെല്ലാവരും ലാത്തി എടുക്കുമായിരുന്നു. വന്യമൃഗങ്ങള്‍ വന്നാല്‍ നിങ്ങളുടെ കൈയില്‍ എന്തെങ്കിലും ഉണ്ടായിരിക്കണം.”
അവര്‍ ഓഫീസറെ അക്രമിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന മറ്റ് 40 സ്ത്രീകളും സേനയില്‍ ബാക്കിയുണ്ടായിരുന്നവരുടെ നേര്‍ക്ക് ലാത്തികളുമായി തിരിഞ്ഞു. “ആ തെമ്മാടിയെ ഞാന്‍ റോഡിലൂടെ ഓടിച്ചിട്ടടിച്ചു. അയാള്‍ക്ക് അമ്പരപ്പുമൂലം ഒന്നും ചെയ്യാന്‍പറ്റിയില്ല. അയാള്‍ ഓടി”, അവര്‍ ദേഷ്യത്തോടെ, പക്ഷെ അടക്കിപ്പിടിച്ച്, പറഞ്ഞു. അവര്‍ അയാളെ അടിച്ച് ഗ്രാമത്തിലൂടെ ഓടിച്ചു. പിന്നീടവര്‍ സ്ഥലത്തുനിന്ന് അച്ഛനെയുമെടുത്തുകൊണ്ടുപോയി. പിന്നീട് മറ്റൊരു പ്രക്ഷോഭം നയിക്കുന്നതിനിടെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. പ്രദേശത്തെ ബ്രിട്ടീഷ് വിരുദ്ധ യോഗങ്ങളുടെ പ്രധാന സംഘാടകന്‍ കാര്‍ത്തിക് സബര്‍ ആയിരുന്നു.
ദേമതി ദേയി സബര്‍ പിന്നീട് അറിയപ്പെട്ടത് നുവാപാഡ ജില്ലയില്‍ അവര്‍ ജനിച്ച ‘സാലിഹാന്‍’ എന്ന ഗ്രാമത്തിന്‍റെ പേരിലാണ്. ഒഡീഷയിലെ ഒരു സ്വാതന്ത്ര്യസമര സേനാനി സായുധനായ ഒരു ബ്രിട്ടീഷ് ഓഫീസറെ ലാത്തികൊണ്ട് നേരിട്ട പ്രവൃത്തി ആഘോഷിക്കപ്പെട്ടു. അവരില്‍ ഒരു നിര്‍ഭയത്വം ഉണ്ട്, ഇപ്പോഴും. എന്നിരിക്കിലും അസാധാരണമായി എന്തെങ്കിലും താന്‍ ചെയ്തിട്ടുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നില്ല. അതെക്കുറിച്ച് അവര്‍ ആലോചിക്കാറുമില്ല. “അവര്‍ ഞങ്ങളുടെ വീടുകള്‍ നശിപ്പിച്ചു, വിളകള്‍ നശിപ്പിച്ചു. കൂടാതെ അവര്‍ എന്‍റെ അച്ഛനെ ആക്രമിച്ചു. തീര്‍ച്ചയായും ഞാന്‍ അവരോട് യുദ്ധം ചെയ്യുമായിരുന്നു.”
വര്‍ഷം 1930 ആയിരുന്നു, അവര്‍ക്ക് ഏതാണ്ട് 16 വയസ്സും. ലഹള നടക്കുന്ന പ്രദേശങ്ങളില്‍ നടക്കുന്ന സ്വാതന്ത്ര്യ അനുകൂല യോഗങ്ങള്‍ ബ്രിട്ടീഷ് ഭരണം അടിച്ചമര്‍ത്തുകയായിരുന്നു. ‘സാലിഹാന്‍ കലാപവും വെടിവയ്പും’ എന്നറിയപ്പെട്ടതെന്തോ അതിന്‍റെ ഒരു സവിശേഷതയായിരുന്നു ബ്രിട്ടീഷുകാര്‍ക്കും അവരുടെ പോലീസിനുമെതിരെയുള്ള ദേമതിയുടെ ആക്രമണം.
— സ്രോതസ്സ് ruralindiaonline.org | P. Sainath ( പരിഭാഷ: റെന്നിമോന്‍ കെ. സി.) | Aug. 14, 2015
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.