വായനയുടെ പ്രാധാന്യമെന്ത്

ഭൂമിയിലെ എല്ലാ ജീവികള്‍ക്കും അവരുടേതായ ഒരു ആശയ വിനിമയ രീതി, അഥവാ ഭാഷയുണ്ട്. എന്നാല്‍ മനുഷ്യന്റെ ആശയവിനിമയ രീതി അത്യന്തം സങ്കീര്‍ണ്ണമാണ്. അതിലെ ഒരു പ്രധാന കാര്യം ആണ് അക്ഷരങ്ങള്‍. അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് നാം ആശയത്തെ രേഖപ്പെടുത്തിവെക്കുന്നത്. അതിനെ എഴുത്തെന്നും പിന്നീട് ആവശ്യമുള്ളപ്പോള്‍ പുനര്‍സൃഷ്ടിക്കുന്നതിനെ വായന എന്നും വിളിക്കുന്നു.

നാം വെറുതെ കാണുന്നത് വായിക്കുമെങ്കിലും അത് അത്ര ലളിതമായ കാര്യമല്ല. ആദ്യം വായിക്കേണ്ടതിന്റെ ആദ്യത്തെ വരിയിലെ ആദ്യത്തെ അക്ഷരത്തെ ശ്രദ്ധിക്കുന്നു. പിന്നീട് അതിനടുത്തുള്ള അക്ഷരം ആദ്യത്തെതിനെ സ്വാധീനിക്കാത്തതാണെങ്കില്‍ അത് അതുപോലെ ശബ്ദം ഉച്ചരിക്കുന്നു. ഇനി സ്വാധീനിക്കുന്നതാണെങ്കില്‍ അവ രണ്ടും ചേര്‍ത്തുള്ള ശബ്ദം ഉച്ചരിക്കുന്നു. അത് തുടരുന്നു. ശബ്ദങ്ങള്‍ ചേര്‍ത്ത് വാക്കും വാക്കുകള്‍ ചേര്‍ത്ത് വാചകവും ഉച്ചരിക്കുന്നു. അതിനോടൊപ്പം ആ വാക്കുകളുടെ അര്‍ത്ഥവും മനസിലേക്ക് വരുകയും ചെയ്യുന്നു. ഇത് ഒരു തരത്തിലെ ഡീകോഡിങ്ങാണ്. അത് അത്ര എളുപ്പമല്ല. പുറമെ നിന്ന് നോക്കുമ്പോള്‍ പ്രത്യേകിച്ച് ഒരു അര്‍ത്ഥവുമില്ലാത്ത കുത്തിവരകളില്‍ നിന്ന് നാം ഒരു അര്‍ത്ഥം ഉണ്ടാക്കിയെടുക്കുകയാണ്. കേഴ്‌വിയേക്കാളും കാഴ്ചയേക്കാളും സങ്കീര്‍ണ്ണമാണത്.

നാം എങ്ങനെ വായിക്കുന്നു

മൂന്ന് കാര്യങ്ങളാണ് വായനക്ക് വേണ്ടത്.

  1. വായിക്കുന്ന അക്ഷരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
  2. അക്ഷരങ്ങള്‍ ചേര്‍ത്ത് നിന്ന് വാക്ക് നിര്‍മ്മിക്കണം.
  3. വാക്കിന്റെ അര്‍ത്ഥം മനസിലാക്കണം.

ആദ്യത്തെ കാര്യം ശ്രദ്ധയാണ്. നമ്മുടെ തലച്ചോറിന്റെ ശ്രദ്ധ മാറ്റിക്കൊണ്ടിരിക്കുന്ന ധാരാളം സംഭവങ്ങള്‍ നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ നിന്നുള്ള അനേകായിരം സന്ദേശങ്ങളാണ് നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ തലച്ചോറിലേക്ക് എത്തുന്നു. അടുക്കളയില്‍ നിന്ന് നല്ല മണം. നിങ്ങള്‍ കൊതിയുണ്ടാക്കുന്ന ആ ആഹാരത്തെക്കുറിച്ച് ആലോചിച്ചു. പുറത്ത് ആരൊക്കെയോ ഉച്ചത്തില്‍ സംസാരിക്കുന്നു. അതാരാണെന്ന് അറിയണം. ഫോണ്‍ അടിക്കുന്നു. എടുക്കേണ്ടേ. സ്മാര്‍ട്ട് ഫോണ്‍ ചിലച്ചു. പോസ്റ്റിന് കമന്റ് വന്നതാകും. നോക്കേണ്ടേ. മറുപടി അയക്കേണ്ടേ. നല്ല സിനിമ ടിവിയില്‍ കാണിക്കുന്നു. അങ്ങനെ എത്രയധികം സന്ദേശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

അതിലൊന്നും പെട്ട് പോകാതെ ശ്രദ്ധ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ചങ്കിലേ നമുക്ക് വായന തുടങ്ങാന്‍ കഴിയൂ. ദൃഢചിത്തത എന്ന സ്വഭാവം ആണ് അതിന് വേണ്ടത്. അതായത് നാം നമ്മുടെ ചോതനകളെ നിയന്ത്രിച്ച് നമുക്ക് ആവശ്യമായ കാര്യത്തിലേക്ക് കൊണ്ടുവന്ന് അത് ചെയ്യാന്‍ ആവശ്യപ്പെടുന്നു.

രണ്ടാമത്തെ കാര്യം അക്ഷരം തിരിച്ചറിയുകയും അവ ചേര്‍ത്ത് വാക്കുകളും വാചകങ്ങളും നിര്‍മ്മിച്ചെടുക്കണം. വരയുടെ ആകൃതി മനസിലാക്കി നേരത്തെ പഠിച്ചുവെച്ചിരിക്കുന്ന ആകൃതിയുമായി താരതമ്യം ചെയ്ത് അക്ഷരം തിരിച്ചറിയുന്നു,

മൂന്നാമതായി അക്ഷരങ്ങള്‍ ചേര്‍ന്ന വാക്കിന്റെ അര്‍ത്ഥവും നേരത്തെ പഠിച്ച് വെച്ച് ഓര്‍മ്മയില്‍ സുക്ഷിച്ച് വെച്ചിരിക്കുന്നതാണ്. അതും തിരിച്ചറിയുന്നു. വാക്കുകളെ കൂട്ടിച്ചേര്‍ത്ത് വാചകങ്ങളുണ്ടാക്കുമ്പോള്‍ അതിന്റെ അര്‍ത്ഥവും കൂട്ടിച്ചേര്‍ത്ത് എഴുതി വെച്ചിരിക്കുന്ന ആശയത്തെ മനസിലാക്കുന്നു.

തലച്ചോറിന്റെ ഉപയോഗം

ഈ പ്രവര്‍ത്തിക്കെല്ലാം തലച്ചോറിന്റെ കൂടുതല്‍ അദ്ധ്വാനം വേണം. അദ്ധ്വാനിക്കണമെങ്കില്‍ എന്ത് വേണം? ഊര്‍ജ്ജം വേണം. അതായത് വായിക്കുമ്പോള്‍ തലച്ചോറിലേക്ക് കൂടുതല്‍ ഊര്‍ജ്ജവും ഓക്സിജനും മറ്റ് പോഷകങ്ങളും എത്തിക്കണം. അപ്പോള്‍ കൂടുതല്‍ രക്തം അവയെ തലച്ചോറിലെത്തിക്കും.

നമ്മുടെ നെറ്റിയുടെ പിറകില്‍ വരുന്ന prefrontal cortex എന്ന ഭാഗമാണ് ഇതിലെ പ്രധാന ഭാഗവും നിയന്ത്രണവും നടത്തുന്നത്. യുക്തി ചിന്തയുടെ ഭാഗമാണിത്. തലച്ചോറിന്റെ ആഴത്തിലെ വൈകാരിക ഭാഗത്തെ അപേക്ഷിച്ച് ഈ ഭാഗത്തിന് താരതമ്യേനെ ശക്തി കുറവാണ്. കാരണം അത് ജീവന്റെ അടിസ്ഥാന ആവശ്യങ്ങളായ ആഹാരം കഴിക്കുക, ജീവന്‍ സംരക്ഷിക്കുക, പ്രത്യുല്‍പ്പാദനം നടത്തുക എന്നീ കാര്യങ്ങള്‍ക്ക് ഉയര്‍ന്ന യുക്തി ചിന്തയുടെ ആവശ്യമില്ലല്ലോ. അവയെല്ലാം തലച്ചോറിന്റെ ആഴത്തില്‍ hard wired ആയ കാര്യങ്ങളാണ്.

ചിലര്‍ക്ക് പുസ്തകം കണ്ടാല്‍ തന്നെ ഉറക്കം വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ. എന്തുകൊണ്ടാണെന്നോ, വായന അത്യധികം ഊര്‍ജ്ജ ചിലവുള്ള പരിപാടിയാണ്. നമ്മുടെ തലച്ചോറ് നല്ല മടിയനും. കാരണം ഊര്‍ജ്ജത്തിന്റെ ദൌര്‍ലഭ്യം ആണ്. അതിന്റെ ആഴത്തിലെ സര്‍ക്യൂട്ടുകള്‍ ഊര്‍ജ്ജ ചിലവ് കുറക്കാനായി നിര്‍ബന്ധിക്കും. അതിന്റെ ഫലമായാണ് നിങ്ങള്‍ക്ക് ഉറക്കം വരുന്നത്.

എന്നാല്‍ prefrontal cortex ലെ സര്‍ക്യൂട്ടുകള്‍ക്ക് ശക്തിയുണ്ടെങ്കില്‍ അതിനെ മറികടക്കാന്‍ ആവശ്യപ്പെടും. ഇതില്‍ ആര്‍ക്കാണ് ഏറ്റവും കൂടതല്‍ ശക്തി എന്നതിന് അനുസരിച്ചാകും ഉറങ്ങണോ വേണ്ടയോ എന്ന് തീരുമാനം ഉണ്ടാകുക. ആ ശക്തി നമ്മുടെ പരിശീലനത്തില്‍ നിന്ന് ഉണ്ടായിവരുന്നതാണ്. കുട്ടികളെ ശ്രദ്ധിച്ചാലറിയാം അവര്‍ക്ക് ഒരു കാര്യത്തിലും ശ്രദ്ധയുണ്ടാവില്ല. അപ്പോഴും ചിത്രശലഭത്തെ പോലെ പാറിക്കളിക്കും. എന്നാല്‍ സ്കൂള്‍ വിദ്യാഭ്യാസത്തോടെ അവരില്‍ മാറ്റം ഉണ്ടാകുന്നു. പരീക്ഷക്ക് വേണ്ടി പഠിക്കുന്നത് ഉറങ്ങാന്‍ പറയുന്ന സര്‍ക്യൂട്ടുകളെ കവച്ചുവെക്കുന്നു. (ചിലര്‍ക്ക് അത് കഴിയില്ല. ദാരിദ്ര്യവും, വീട്ടിലെ ചുറ്റുപാടും മറ്റ് പല ഘടകങ്ങളും അതിന് കാരണമാണ്.) അവരുടെ prefrontal cortex ശക്തമാകുന്നു. ആ ഗതി നിലനിര്‍ത്താനായാല്‍ അവര്‍ക്ക് പരീക്ഷകളില്‍ നല്ല വിജയം ഉറപ്പാണ്.

പഠനം ലളിതമാക്കുകയോ, ഉപകരണ അടിസ്ഥാമാക്കുകയോ ചെയ്യുന്നത് തലച്ചോറിന്റെ ശേഷിയെ നശിപ്പിക്കുന്നു. അതുപോലെ സ്മാര്‍ട്ട് ഫോണും സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളും ടിവി ചാനലുകളും കുട്ടികളുടെ ശ്രദ്ധിക്കാനുള്ള ശേഷിക്ക് വലിയ ദോഷം ചെയ്യുന്നു. പരീക്ഷ ജയിക്കാന്‍ വേണ്ടി മാത്രമുള്ള ചിന്തിക്കേണ്ട ആവശ്യമില്ലാത്ത പഠനം കാരണം വിദ്യാര്‍ത്ഥികളുടെ തലച്ചോറുപോലും ഇക്കാലത്ത് ചവറായിക്കൊണ്ടിരിക്കുകയാണ്. സത്യത്തില്‍ ശ്രദ്ധിക്കാനുള്ള നമ്മുടെ കഴിവിനെ നശിപ്പിക്കുകയാണ് മാധ്യമങ്ങളും, സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളുമെല്ലാം ചെയ്യുന്നത്.

എന്നാല്‍ വിദ്യാഭ്യാസം കഴിയുമ്പോള്‍ prefrontal cortex ന് വേണ്ടത്ര വ്യായാമം കിട്ടാത്തതിനാല്‍ അവിടേക്കുള്ള പോഷക ലഭ്യത കുറയുകയും സര്‍ക്യൂട്ടുകള്‍ നശിച്ച് പോകുകയും ചെയ്യും. തലച്ചോറിന് പ്ലാസ്റ്റിസിറ്റിയുള്ളതിനാല്‍ പഴയതുപോലെ ശ്രദ്ധയും ഏകാഗ്രതയും വേണ്ട പ്രവര്‍ത്തികള്‍ വീണ്ടും ചെയ്താല്‍ തിരികെ ആ ശക്തി നേടിയെടുക്കാവുന്നതാണ്.

കഥാ സാഹിത്യത്തേക്കാള്‍ ഗുണം കഥയല്ലാത്ത ഗദ്യമാണ്

കഥ അടിസ്ഥാനത്തിലെ സാഹിത്യ രചനകള്‍ ധാരാളം പ്രസിദ്ധപ്പെടുത്തുണ്ട്. വായന എന്ന് പറയുമ്പോള്‍ ആളുകള്‍ മിക്കപ്പോഴും കഥ, നോവല്‍, നാടകം, കവിത തുടങ്ങിയ സാഹിത്യ രചനകളെ ആകും മിക്കവാറും ഉദ്ദേശിക്കുന്നത്. അവയെല്ലാം വൈകാരികമായ രചനകളാണ്. അവ വായിക്കാന്‍ നമുക്ക് മുമ്പ് പറഞ്ഞ മൂന്ന് പ്രവര്‍ത്തികളുടെ ആവശ്യമുണ്ടെങ്കിലും അതിന്റെ വൈകാരിക സ്വഭാവം കാരണം നമ്മേ പിടിച്ചിരുത്തും. അതായത് നമ്മളായി ഏകാഗ്രതയുണ്ടാക്കേണ്ട കാര്യമില്ല. എന്നാല്‍ കഥയല്ലാത്ത ഗൌരവ വിഷയങ്ങളാണെങ്കില്‍ മുഷിപ്പനാണ്. നിങ്ങളുടെ നിശ്ഛയദാര്‍ഢ്യം കൊണ്ട് മാത്രമേ അത് വായിക്കാനാകൂ. എന്നിരുന്നാലും വായന തീരെയില്ലാത്ത ആളുകള്‍ക്ക് വായന തുടങ്ങാന്‍ കഥ സാഹിത്യ രചനകള്‍ ഉപകരിക്കും.

വായന കൊണ്ട് കിട്ടുന്ന ഗുണം

നാം എന്തെങ്കിലും വായിക്കുമ്പോള്‍ അതില്‍ നിന്ന് നമുക്ക് അതില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ കിട്ടുമെന്നതില്‍ സംശയമില്ലാത്ത കാര്യമാണ്. എന്നാല്‍ നാം അറിയാതെ നമുക്ക് കിട്ടുന്ന വലിയ ഒരു ഗുണം എന്നത് നമ്മുടെ തലച്ചോറിന്റെ വികാസമാണ്. തലച്ചോറിലെ കോശങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യം കിട്ടും. കൂടുതല്‍ വികസിക്കും. അതായത് നിങ്ങളുടെ ബുദ്ധി വികസിക്കും. prefrontal cortex ലെ സര്‍ക്യൂട്ടുകള്‍ക്ക് ശക്തി കൂടും. അതിനാല്‍ വൈകാരികതയെ മറികടന്ന് കൂടുതല്‍ യുക്തിപരമായ തീരുമാനമെടുക്കാന്‍ അത് നിങ്ങളെ സഹായിക്കുന്നു. അവര്‍ക്ക് ജീവിതത്തില്‍ സമാധാനം ഉണ്ടാകും. സാമൂഹ്യ വ്യവസ്ഥയും കുടുംബ വ്യവസ്ഥയും പ്രകൃതി തന്നെയും അത്യന്തം തകര്‍ച്ചയില്‍ അമരുന്ന ഈ കാലത്ത് നല്ല ശക്തമായ ഒരു തലച്ചോറുണ്ടാകുന്നത് നിങ്ങള്‍ക്ക് വ്യക്തിപരമായും സമൂഹത്തിന് മൊത്തത്തിലും കിട്ടുന്ന ഒരു വലിയ കാര്യമാണ്.

അതുകൊണ്ട് വായനയുടെ ഗുണം വ്യക്തിക്ക് മാത്രമല്ല കിട്ടുന്നത്, സമൂഹത്തിനും കിട്ടുന്നു. ഉയര്‍ന്ന ബോധ നിലവാരം അതുണ്ടാക്കും. ഉയര്‍ന്ന ബോധമുള്ള പൌരന്‍മാരുടെ സമൂഹവും ഉയര്‍ന്ന ബോധമുള്ളതാകും. നിങ്ങള്‍ക്ക് മുമ്പിലേക്ക് വരുന്ന കാര്യങ്ങളെ വൈകാരികമല്ലാതെ യുക്തിപരമായി വിശകലനം ചെയ്യാന്‍ ജനങ്ങളെ അത് സഹായിക്കുന്നു. അതിനാല്‍ സമൂഹത്തില്‍ നാം ഇന്ന് കാണുന്ന എല്ലാ ദോഷങ്ങളും ഇല്ലാതാകും. എല്ലാവര്‍ക്കും സമാധാനപരമായി ജീവിക്കാവുന്ന ഒരു ലോകം ഉണ്ടാകും. എന്തുകൊണ്ട് എന്ന ചോദ്യം ചോദിക്കാനുള്ള ശക്തി അത് നല്‍കും. അതുകൊണ്ട് കുറഞ്ഞത് ഒരു ദിവസം ഒരു മണിക്കൂറെങ്കിലും മറ്റ് ശല്യങ്ങളില്‍ ശ്രദ്ധ പോകാത്ത വായന ശീലിക്കുക.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )