ഒരു കുറ്റകൃത്യം സംഭവിച്ചു. അത് അതേപോലെ സംപ്രേക്ഷണം ചെയ്യുന്നത് ഉചിതമല്ല. കേള്‍ക്കുമ്പോള്‍ നിങ്ങള്‍ സത്യസന്ധമായി, പച്ചയായി കാര്യങ്ങള്‍ അവതരിപ്പിച്ചു എന്ന തോന്നലുണ്ടായേക്കാം. പക്ഷെ അത് തെറ്റാണ്. മനുഷ്യ സമൂഹത്തിലെ ഒരു കാര്യവും പച്ചയായി നേരെ നടക്കുന്നതല്ല. എല്ലാം അതിനേക്കാള്‍ വലിയ മറ്റ് പലതിനേയും മറച്ച് വെച്ചുകൊണ്ട് സംഭവിക്കുന്നതാണ്.
ഉദാഹരണത്തിന് നിങ്ങള്‍ കടയില്‍ പോയി ഒരു ചായ കുടിച്ചു. വെറും സാധാരണമായ പച്ചയായ കാര്യം. എന്നാല്‍ അതിന് ദൂരെ സിറ്റി ഓഫ് ലണ്ടനിലേക്കും വാള്‍സ്ട്രീറ്റിലേക്കും വരെ നീണ്ട് പോകുന്ന ഒരു ചങ്ങലയുണ്ട്. അത് നമുക്ക് പച്ചയായി കാണാനാവില്ല. അതുകൊണ്ട് പച്ചയായി പറയുന്നു എന്നതുകൊണ്ട് കാര്യമില്ല. ജനത്തിനെ എങ്ങനെ ബാധിക്കുന്നു എന്ന് പരിഗണിച്ച് വേണം ആശയങ്ങള്‍ പ്രക്ഷേപണം ചെയ്യേണ്ടത്.
കുറ്റകൃത്യം നടന്നു. മാധ്യമം അത് അവരുടെ രേഖയില്‍ രേഖപ്പെടുത്തണം. അതിനെ പിന്‍തുടരണം. കുറ്റകൃത്യത്തില്‍ വാദി സര്‍ക്കാരാണല്ലോ. അപ്പോള്‍ പോലീസ് സ്വമേധയാ കേസെടുക്കും. അങ്ങനെ ചെയ്തോ എന്ന് നോക്കണം. അത് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കണം. അവര്‍ വീണ്ടും വിമുഖത കാണിക്കുന്നുവെങ്കില്‍ ചെറിയ ഭീഷണിപ്പെടുത്തല്‍ നടത്തണം. നമ്മള്‍ ഇത് വാര്‍ത്തയാക്കും പോലീസ് മറുപടി പറയേണ്ടിവരും എന്ന് അവര്‍ക്ക് മുന്നറീപ്പ് കൊടുക്കണം. പിന്നെയും ഫലമില്ലെങ്കില്‍ ആഭ്യന്തരവകുപ്പിനേയും രാഷ്ട്രീയ നേതൃത്വത്തേയും അറിയിക്കുകയും മുന്നറീപ്പ് കൊടുക്കുകയും വേണം. ഇതിലൊന്നിലും ഫലം കാണുന്നില്ലെങ്കില്‍ ആ കുറ്റകൃത്യത്തെക്കുറിച്ചും പോലീസിന്റേയും സര്‍ക്കാരിന്റേയും അനാസ്ഥയേയും കുറിച്ച് വാര്‍ത്ത കൊടുക്കണം.
കുറ്റകൃത്യം വിവരിക്കരുത്
വാര്‍ത്ത കൊടുക്കുക എന്നതില്‍ നിന്നും നടന്ന സംഭവത്തെക്കുറിച്ച് നിറംപിടിപ്പിച്ച വിവരണം കൊടുക്കരുത്. ഓര്‍ക്കുക മൂന്നരക്കോടി ആളുകളോടാണ് പറയുന്നത്. അപ്പോള്‍ സംഭവത്തെ പൊതുവായിട്ട് വേണം അവതരിപ്പിക്കാന്‍ ഒരിക്കലും സവിശേഷമായ വിവരം കൊടുക്കരുത്. അതായത് കൃത്യം, അതിന്റെ ചുറ്റുപാട്, വ്യക്തികള്‍, അവരുടെ വിശേഷണങ്ങള്‍ ഒന്നും പറയരുത്.
കൃത്യത്തെ പൊതുവായി പറയുകയും പോലീസും സര്‍ക്കാരും കോടതിയും കാണിക്കുന്ന അനാസ്ഥയെ കുറ്റകൃത്യമായി അവതരിപ്പിക്കണം. അതായത് സമൂഹത്തെ സംബന്ധിച്ചടത്തോളം ആദ്യത്തെ ശരിക്കുള്ള കുറ്റകൃത്യത്തിന് പ്രാധാന്യം ഇല്ല. പകരം പോലീസും സര്‍ക്കാരും കോടതിയും കാണിക്കുന്ന കുറ്റകൃത്യമാണ് സമൂഹത്തെ സംബന്ധിച്ചടത്തോളം കുറ്റകൃത്യം. മാധ്യമങ്ങള്‍ക്കും അത് തന്നെയാണ് ശരിയായ കുറ്റകൃത്യം.
ദിവസവും പിന്നെ എന്തു ചെയ്യും
ഏതെങ്കിലും ഒരു സ്ഥലത്ത് നടന്ന കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍ പൊതുജനം അറിയേണ്ട കാര്യമില്ല. നമ്മുടെ ഉള്ളിലെ മൃഗീയതയാണ് അത്തരം കാര്യങ്ങള്‍ അറിയണം എന്ന് ആകാംഷയുള്ളതാകുന്നത്. (അത് നന്നായി അറിയാവുന്നവരാണ് സിനിമാക്കാരും സീരിയലുകാരും. കളക്റ്ററുടെ കഥാപാത്രമാണെങ്കിലും അത് രോഷാകുലനാകുകയും ആക്രമിക്കുകയും ചെയ്യുന്നത് അതുകൊണ്ടാണ്.) അത് നമ്മെ കൂടുതല്‍ മൃഗീയരാക്കുകയേയുള്ളു.
അതിന് പകരം നമുക്ക് ദിവസവും ഓരോ തരം കുറ്റകൃത്യങ്ങളുടെ മൊത്തം സ്ഥിതി എത്രയെന്ന് വാര്‍ത്തയാക്കാം. ആഴ്ചയിലെ തോതും മാസത്തിലെ തോതും, വര്‍ഷത്തിലെ തോതും കൊടുക്കാം. അത് ഗുണകരമായ വാര്‍ത്തയാണ്. തോത് കൂടുന്നുണ്ടെങ്കില്‍ അത് കുറക്കാനുള്ള ശ്രമം സര്‍ക്കാരും ജനങ്ങളും ചെയ്യണമെന്ന് ആവശ്യപ്പെടുകയും പഠനങ്ങള്‍ നടത്തുകയും വേണം. ആ പഠനങ്ങളും വാര്‍ത്തയാകണം.
ഇതൊക്കെ കൂടുതല്‍ അദ്ധ്വാനവും സമയവും വേണ്ട കാര്യങ്ങളാണ്. ആളുകളെ പിടിച്ചിരുത്തില്ല. ആകാംഷയുണ്ടാക്കില്ല. വാര്‍പ്പ് മാതൃകകളുണ്ടാക്കില്ല. പകരം സമൂഹം കൂടുതല്‍ സമാധാനപരമാകും.
ഉത്തരവാദിത്തമുള്ള മാധ്യമങ്ങള്‍ ഇങ്ങനെ വേണം പ്രവര്‍ത്തിക്കാന്‍. അതുകൊണ്ട് ഈ ഗതികെട്ട കാലത്ത് ഫലത്തിലെ തെമ്മാടികളാകാതിരിക്കാന്‍ ശ്രമിക്കുക.
ഭാഗം 1: മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒരു അപേക്ഷ
നോട്ട്:
വാര്‍ത്ത അറിയുക എന്നത് സാമൂഹ്യമായ ഒരു ആവശ്യകതയാണ്. ആ ആവശ്യകതയുടെ ഇടത്തിലേക്ക് കടന്നു കയറുന്നതുകൊണ്ടാണ് ഇവരെ മാധ്യമങ്ങള്‍ എന്ന് വിളിക്കുന്നത്. എന്ന് കരുതി നിങ്ങള്‍ ചെയ്യുന്ന തെമ്മാടിത്തരങ്ങള്‍ക്ക് ന്യായീകരണമല്ല നിങ്ങളെ ആശ്രയിക്കുന്ന ഞാന്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍. പറഞ്ഞത് മനസിലായോ, അതായത് വിമര്‍ശകര്‍ക്ക് നാളെ ഒരു ആവശ്യം വരുമ്പോള്‍ നിങ്ങള്‍ ഇടപെട്ടെന്ന് പറഞ്ഞ് ഞെളിയേണ്ടാ എന്നാണ് പറഞ്ഞത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.