ഹൗസാബായ് പാട്ടീല്‍ രാജ്യത്തിന്റെ സ്വാതന്ത്യത്തിനുവേണ്ടി പൊരുതി. മേല്‍പ്പറഞ്ഞ നാടകത്തിലുണ്ടായിരുന്ന അവരും സഹപ്രവര്‍ത്തകരും തൂഫാന് സേന യുടെ (ചുഴലിക്കാറ്റ് അഥവാ ചക്രവാത സൈന്യം) ഭാഗമായിരുന്നു. 1943-ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സാത്താരയിലെ പ്രതിസര്‍ക്കാരിന്റെ അല്ലെങ്കില്‍ താത്കാലികമായി, ഒളിവില്‍ പ്രവര്‍ത്തിച്ച സര്‍ക്കാരിന്റെ സായുധ വിഭാഗമായിരുന്നു സേന. ആസ്ഥാനകേന്ദ്രം കുണ്ഡല് ആയിരുന്ന പ്രതിസര്‍ക്കാര്‍ അതിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഏതാണ്ട് 600 (അല്ലെങ്കില്‍ അതിലധികം) ഗ്രാമങ്ങളില്‍ സര്‍ക്കാരായി പ്രവര്‍ത്തിച്ചു. ഹൗസാബായിയുടെ അച്ഛന് ഐതിഹാസികനായിരുന്ന നാനാ പാട്ടീല്‍ ആയിരുന്നു പ്രതിസര്‍ക്കാരിന്റെ തലവന്‍.
“എനിക്ക് മൂന്ന് വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു”, അവര്‍ പറഞ്ഞു. “എന്റെ അച്ഛന് നേരതെതന്നെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തില്‍ പ്രചോദിതനായിരുന്നു. മുന്‍കാലങ്ങളില്‍ അദ്ദേഹം ജ്യോതിബ ഫൂലെയുടെ ആശയങ്ങളിലും ആകൃഷ്ടനായിരുന്നു. തുടര്‍ന്ന് മഹാത്മാ ഗാന്ധിയുടെ ആശയങ്ങളാലും. തലാഠി [വില്ലേജ് അക്കൗണ്ടന്റ് ] ജോലി ഉപേക്ഷിച്ച് അദ്ദേഹം സമരത്തില്‍ ചേര്‍ന്നു [മുഴുവന്‍ സമയം]… നമ്മുടേതായ സര്‍ക്കാര്‍ കൊണ്ടുവരികയായിരുന്നു ഉദ്ദേശ്യം. കൂടാതെ ബ്രിട്ടീഷ് സര്‍ക്കാരിന് [ശക്തമായ] ക്ഷതമേല്‍പ്പിക്കുക എന്നതും. അങ്ങനെയെങ്കില്‍ നമുക്ക് അതില്‍നിന്നും സ്വതന്ത്രമാകാന്‍ കഴിയും.”
ബ്രിട്ടീഷുകാര്‍ ഹൗസാബായിയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ ലേലത്തില്‍ വില്ക്കാന് ശ്രമിച്ചു. പക്ഷെ വാങ്ങാനായി ആരെയും കണ്ടെത്താന്‍ പറ്റിയില്ല. അവര്‍ ഓര്‍മ്മിക്കുന്നു: “എല്ലാദിവസവും രാവിലെയും വൈകുന്നേരവും അവിടെ ഒരു ദവണ്ഡി – ഗ്രാമത്തില്‍ പൊതു പ്രഖ്യാപനങ്ങള്‍ നടത്താന്‍ നിയോഗിക്കപ്പെട്ട വ്യക്തി – ഉണ്ടാകുമായിരുന്നു. ‘നാനാ പാട്ടീലിന്റെ പാടം ലേലത്തിനു വച്ചിരിക്കുന്നു’ എന്ന് അയാള്‍ വിളിച്ചു പറയുമായിരുന്നു. [പക്ഷെ] ആളുകള്‍ പറയുമായിരുന്നു, ‘നമ്മളെന്തിന് നമ്മുടെ നാനായുടെ പാടം എടുക്കണം? അയാള്‍ ഒന്നും മോഷ്ടിച്ചിട്ടുമില്ല, ആരെയും കൊന്നിട്ടുമില്ല’.”
— source ruralindiaonline.org | P. Sainath | Aug. 1, 2021