ചത്തീസ്‌ഗഡിലെ ദന്തേവാഡ ജില്ലയിലെ തന്റെ ഗ്രാമമായ ഭന്ദൻപദാറിലേക്ക് ഒരിക്കലും മടങ്ങില്ലെന്ന് സോയം ലിങ്കാമയും പറയുന്നു. “ഞങ്ങൾ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.’ ചത്തീസ്‌ഗഡിൽനിന്ന് രക്ഷപെട്ട് ആന്ധ്രപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ബുർഗംപാഡു മണ്ഡലത്തിലെ ചിപ്‌റുപാഡുവിൽ താമസിക്കുന്ന 27 കുടുംബങ്ങളിൽ ഉൾപ്പെട്ടവരാണ് സോയവും ഭീമയും.
ആന്ധ്രാപ്രദേശിലെ കിഴക്കൻ, പശ്ചിമ ഗോദാവരി ജില്ലകളിലും തെലങ്കാനയിലെ ഖമ്മം, വാറംഗൽ ജില്ലകളിലുമുള്ള ഇത്തരം കേന്ദ്രങ്ങൾ ആഭ്യന്തര കുടിയേറ്റക്കാരുടേതാണ്.
ചത്തീസ്ഗഡിന്റെ അതിർത്തിജില്ലകളായ സുഖ്‌മ, ദന്തേവാഡ, ബിജാപൂർ എന്നിവിടങ്ങളിൽനിന്നുള്ള ആദിവാസി സമൂഹങ്ങൾ, പ്രത്യേകിച്ച് ഗോണ്ട് (ആന്ധ്രയിലെ മുരിയ, ബാസ്തർ, കോയ വിഭാഗങ്ങൾ) വിഭാഗക്കാർ കാർഷികാനുബന്ധ തൊഴിലുകൾക്കായി അതിർത്തി സംസ്ഥാനത്തേക്ക് സ്ഥിരമായി കുടിയേറുന്നവരാണ്. എന്നാൽ, 2005-ൽ ചത്തീസ്ഗഡിൽ ഭരണകൂട പിന്തുണയോടെ രൂപംകൊണ്ട കലാപവിരുദ്ധസേനയായ സൽവാ ജുദുമിന്റെയും സംസ്ഥാന വിരുദ്ധ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെയും അക്രമങ്ങൾക്കിടയിൽ ഇവർ കുടുങ്ങിപ്പോയിരുന്നു. ഇക്കാരണത്താൽ വൻതോതിൽ കുടിയേറാൻ ആദിവാസികൾ നിർബന്ധിതരായി. അക്രമണങ്ങളിൽ ഇവരിൽപ്പലർക്കും തങ്ങളുടെ പൂർവികസ്ഥലവും വനവും നഷ്ടപ്പെട്ടു.
— സ്രോതസ്സ് ruralindiaonline.org | Translator : Aswathy T Kurup | Oct. 15, 2022