2022 ജനുവരിയിൽ മഹാരാഷ്ട്രയിലെ അമരാവതിയിൽവെച്ച് 58 ഒട്ടകങ്ങളെ തടവിലാക്കിയ അസാധാരണ സംഭവങ്ങൾ ഓർക്കുമ്പോൾ, കമ്മഭായിയുടെ പ്രതീക്ഷ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു. ഒരു മാസത്തിനുശേഷം ഫെബ്രുവരിയിൽ ഒട്ടകങ്ങളെ വിട്ടയച്ചുവെങ്കിലും അവയുടെയെല്ലാം ആരോഗ്യം നശിച്ചിരുന്നു.
തടവിൽ കിടക്കുന്ന സമയത്ത് ആ ഒട്ടകങ്ങൾക്ക് കൃത്യമായ ഭക്ഷണം കിട്ടിയിരുന്നില്ലെന്ന് ഇടയന്മാർ പറയുന്നു. അവയെ തടവിൽ പാർപ്പിച്ചിരുന്ന ഗോരക്ഷാകേന്ദ്രം, പശുക്കളെ സൂക്ഷിക്കാനുള്ള സ്ഥലമായിരുന്നു.
2022 ഫെബ്രുവരി പകുതിയിൽ, തങ്ങളുടെ അഞ്ച് ഇടയന്മാരുടെ അടുത്തേക്ക് തിരിച്ചെത്തിയതുമുതൽ, അവ ഒന്നൊന്നായി ചാവാൻ തുടങ്ങി. ജൂലായ് മാസത്തോടെ 24 ഒട്ടകങ്ങൾ ചത്തു.
തങ്ങളിൽനിന്ന് വേർപെടുത്തി തടവിലാക്കിയതാണ് ഇതിനുള്ള കാരണമെന്ന് ആ ഒട്ടകങ്ങളുടെ ഉടമസ്ഥർ കുറ്റപ്പെടുത്തുന്നു. കമ്മഭായിയെപ്പോലെയുള്ള നാല് ഉടമസ്ഥർ രാബ്രി സമുദായാംഗങ്ങളാണ്. ഒരാൾ ഫക്കീറാനി ജാട്ടും. ഇവരെല്ലാവരും ഗുജറാത്തിലെ കച്ച്-ഭുജ് ജില്ലയിൽനിന്നുള്ള പരമ്പരാഗത ഒട്ടക ഇടയന്മാരാണ്.
ഓരോ ഒട്ടകത്തിനും ദിവസംതോറും ഭക്ഷണം കൊടുക്കാനുള്ള വകയിൽ, ഈ സാധുക്കളായ ഇടയന്മാരിൽനിന്ന് ദിവസവും 350 രൂപവീതം വാങ്ങുകയും ചെയ്തു. അതും അവയ്ക്ക് അനുയോജ്യമല്ലാത്ത ഭക്ഷണം. 4 ലക്ഷം രൂപയുടെ ബില്ലാണ് ഗോരക്ഷൺ സൻസ്ഥ നൽകിയത്. സന്നദ്ധസംഘടന എന്നാണ് ഈ ഗോസംരക്ഷണകേന്ദ്രം സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും, ഈ ഒട്ടകങ്ങളെ പരിപാലിക്കാൻ രാബ്രികളിൽനിന്ന് കനത്ത ഫീസാണ് അവർ ഈടാക്കിയത്.
ഒരുവർഷം മുമ്പ്, ഹൈദരബാദിൽനിന്നുള്ള ഒരു സ്വയം പ്രഖ്യാപിത മൃഗാവകാശ പ്രവർത്തകൻ അഞ്ച് ഇടയന്മാർക്കെതിരേ താലിഗാംവ് ദശാസർ പൊലീസ് സ്റ്റേഷനിൽ പരാതി ഫയൽ ചെയ്തു. ഹൈദരബാദിലെ ഇറച്ചിക്കടയിലേക്ക് ഒട്ടകങ്ങളെ കടത്തിക്കൊണ്ടുപോകുന്നു എന്നായിരുന്നു പരാതി. രാബ്രികൾ മഹാരാഷ്ട്രയിലെ വിദർഭയിൽ നിംഗാവ്ഹൻ എന്ന ഗ്രാമത്തിലായിരുന്നു ആ സമയത്ത് തമ്പടിച്ചിരുന്നത്. അമരാവതി ജില്ലാ പൊലീസ് സ്റ്റേഷന്റെ പരിധിയിലായിരുന്ന ആ ഗ്രാമത്തിൽവെച്ച് പൊലീസ് ആ അഞ്ച് ഇടയന്മാരെ അറസ്റ്റ് ചെയ്തു. മൃഗങ്ങൾക്കെതിരായ അക്രമം തടയൽ നിയമം 1960-ന്റെ സെക്ഷൻ 11 (1) (d) വകുപ്പുകൾ ചുമത്തി ഉടമസ്ഥരെ അറസ്റ്റ് ചെയ്യുകയും ഒട്ടകങ്ങളെ അമരാവതിയിലെ ഒരു ഗോരക്ഷൺ കേന്ദ്രയിൽ അടച്ചിടുകയും ചെയ്തു.
— സ്രോതസ്സ് ruralindiaonline.org | Jaideep Hardikar, Priti David, Rajeeve Chelanat | Jan. 27, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.