മാധ്യമങ്ങളുടെ വിഗ്രഹ നിർമ്മാണവും തകർക്കലും

മാന്യത ചമയുന്ന മാധ്യമങ്ങള്‍

മാധ്യമങ്ങളുടെ കണ്ണിലുണ്ണിയായ ഗുമസ്ഥ ഉന്നതന്‍ പൊതുസ്ഥലത്ത് വെച്ച് ഒരു മാധ്യമ പ്രവര്‍ത്തകനെ കൊന്നതിന് ശേഷം കേരളത്തിലെ മാധ്യമ സിംഹങ്ങളും സിംഹിണികളും രൂക്ഷമായ പ്രതിഷേധമാണ് തങ്ങളുടെ മാധ്യമങ്ങളിലൂടെ നടത്തുന്നത്. തന്റെ കടമ സത്യസന്ധമായി നിര്‍വ്വഹിച്ചതിനെ പ്രശംശിക്കുകയായിരുന്നു തങ്ങള്‍ മുമ്പ് ചെയ്തത് എന്നും അത് ആ ഗുമസ്ഥന്റെ ജീവിതകാലം മുഴുവനുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റല്ല എന്നും തങ്ങളോടുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മാധ്യമങ്ങള്‍ പറയുന്നു. മരിച്ചയാള്‍ ഒരു മാധ്യമപ്രവര്‍ത്തകനായതുകൊണ്ട് ഇത്ര പ്രാധാന്യം കിട്ടിയെന്നും അല്ലങ്കില്‍ കേസിന്റെ കഥതന്നെ മാറിയേനെ എന്നും ഓര്‍ത്ത് അവര്‍ നെടുവീര്‍പ്പിട്ടു.

അപ്പോള്‍ മരിച്ച ആള്‍ സാധാരണക്കാരനായിരുന്നെങ്കില്‍ ഈ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ധാര്‍മ്മികമായ ഉത്തരവാദമൊന്നുമില്ലേ? അവര്‍ പറയുന്നതനുസരിച്ച് അങ്ങനെയൊന്നുമില്ല. തങ്ങളുടെ ജാതിക്കാരനായതുകൊണ്ട് ഒപ്പം നില്‍ക്കും. നാടിന്റെ പൊതുബോധം സൃഷ്ടിക്കേണ്ടവരുടെ ചിന്താഗതിയാണിത്. ഗുമസ്ഥ ഉന്നതന്‍ ഒരു ചെറിയ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നവനാണ്. അയാളുണ്ടാക്കുന്ന നാശം അവിട മാത്രം നില്‍ക്കുന്നതാണെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ മൂന്നര കോടി ജനങ്ങളുടെ പൊതുബോധം സൃഷ്ടിക്കുന്നവര്‍ രാപകല്‍ പടര്‍ത്തുന്ന വിഷത്തിന്റെ വ്യാപ്തി സ്ഥലത്തിലല്ല പല തലമുറകളിലൂട കാലത്തിലേക്കും ആഴത്തില്‍ പടരുന്നതാണ്.

ഈ കൊലപാതകത്തില്‍ മദ്യം ഒരു ഘടകമാണെങ്കിലും പ്രധാന ഘടകം കൊലക്കുപയോഗിച്ച ആയുധമാണ്. അത് എല്ലാവര്‍ക്കും പ്രീയപ്പെട്ട കാറ് ആണ്. ആഗോളതപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതക ഉദ്‌വമനത്തിന്റെ ഒരു വലിയ ഭാഗം വരുന്ന ഈ ഉപകരണത്തേയും വിമര്‍ശനവിധേയമാക്കേണ്ടേ? തീര്‍ച്ചയായും വേണം. മലിനീകരണം കാരണം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന നഗരങ്ങള്‍ വര്‍ദ്ധിക്കുന്ന ഈ കാലത്ത് കാറുകളുടെ എണ്ണം കുറച്ചുകൊണ്ടുവരണം. റോഡുകളുടെ വീതി പരിമിതപ്പെടുത്തണം. വേഗതയാണ് ലോകത്തെല്ലായിടത്തും കൊലയാളിയായി എത്തുന്നത്. അമേരിക്കയില്‍ പോലും പ്രതിവര്‍ഷം 40000 പേര്‍ വാഹനത്താല്‍ കൊല്ലപ്പെടുന്നു. ഇപ്പോള്‍ ധാര്‍മ്മിക രോഷം കൊള്ളുന്ന ഈ മാധ്യമങ്ങളുടെ നലപാടെന്താണ്? ആ പൊതുബോധം സൃഷ്ടിക്കാനായ എന്ത് നടപടി ഇതുവരെ അവര്‍ എടുത്തു? ഒന്നുമില്ല. ശൂന്യം. പകരം ഈ പൊങ്ങച്ച ഉപകരണത്തിന് കൂടുതല്‍ പ്രചാരം കൊടുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്.

ദ്വന്ദങ്ങളെ സൃഷ്ടിക്കുക എന്ന ഫാസിസ്റ്റ് കര്‍മ്മമാണ് ഇവര്‍ എപ്പോഴും ചെയ്യുന്നത്. നല്ലവന്‍-ദുഷ്ടന്‍. എല്ലാ പ്രശ്നങ്ങളിലും കാര്യങ്ങളെ ഇങ്ങനെ കറുപ്പും വെളുപ്പുമായി നിരന്തരം അവതരിപ്പിക്കുന്നത് വഴി ജനങ്ങളുടെ പൊതുബോധവും അപ്രകാരമാകും. ഇദ്ദേഹത്തെ പുകഴ്തിക്കൊണ്ടിരുന്നപ്പോളും നായകനും വില്ലനുമുണ്ടായിരുന്നു. ആ സമയത്ത് ഗുമസ്ഥന് നായക സ്ഥാനമായിരുന്നു. വില്ലനായി നിന്നത് പിണറായി സര്‍ക്കാരായിരുന്നു. ഈ അപകടം നടന്നതിന് ശേഷം ഗുമസ്ഥനെ വില്ലനാക്കുകയും നായക സ്ഥാനം സ്വയം ഏറ്റെടുക്കുകയും ചെയ്തു. ഇതുവരെ ദൈവത്തെ പോലെ പുകഴ്ത്തിയിരുന്ന ഒരാളിലെ ഒറ്റ നിമിഷം കൊണ്ട് തെളിവ് പോലുമില്ലാതെ വളരെ മോശമായി അധിഷേപിക്കുന്ന? കാഴ്ചയാണ് കണ്ടത്.

ആത്മാര്‍ത്ഥകൊണ്ടൊന്നും ചെയ്യുന്നതല്ല അത്. മൃഗീയതയുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം കിട്ടുകയും അതിനാല്‍ കൂടുതല്‍ ലാഭം കിട്ടുമെന്ന ആര്‍ത്തിയാലാണത്. ഫാസിസ്റ്റുകള്‍ക്കും ഗുണകരമാണ് ഈ രീതി. സ്കൂളില്‍ നാം പാഠങ്ങള്‍ ഉരുവിട്ട് പഠിച്ചത് പോലെ സമൂഹത്തിന് നായകന്‍-വില്ലന്‍ പാഠങ്ങള്‍ ഉരുവിട്ട് പഠിപ്പിക്കുന്നത് വഴി ജനങ്ങളുടെ ചിന്താരീതിയും അങ്ങനെ മാറുന്നു. സദാചാരകൊലളും ആള്‍ക്കൂട്ട കൊലകളും നടക്കുന്നതിന്റെ ഒരു കാരണം ഇതാണ്.

കാര്യങ്ങള്‍ അറിയുക എന്നത് ജനങ്ങളുടെ ഒരു ആവശ്യമാണ്. ആ ഒരു സ്ഥലത്തേക്ക് കടന്ന് കൂടിയ കച്ചവട മാധ്യമ സ്ഥപനങ്ങള്‍ ജനത്തിന്റെ ആവശ്യകതയെ അവര്‍ക്കെതിരായി ഉപയോഗിക്കാനുള്ള ഒരു അവസരമായാണ് മാധ്യമപ്രവര്‍ത്തനത്തെ കാണുന്നത്. ജനങ്ങള്‍ അവശ്യം അറിയേണ്ട പൊതുവായ കാര്യങ്ങളെക്കുറിച്ച് പറയാതിരിക്കുകയും അതേ സമയം അവരുടെ ശ്രദ്ധമുഴുവന്‍ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുകയുമാണ് അവര്‍ ചെയ്യുന്നത്.

അതിനുള്ള വഴികളിലൊന്നാണ് സെലിബ്രിറ്റി നിര്‍മ്മാണം. ഇവിടെ പ്രതിയായ ഗുമസ്ഥനും താരമാകുന്നത് അങ്ങനെയാണ്. മുതലാളിത്തം രണ്ട് വശത്തുനിന്നും കളിക്കുമെന്ന് പറയുന്നത് പോലെ വിഗ്രഹ നിര്‍മ്മാണത്തിന് വലിയ അദ്ധ്വാനമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിച്ചത്. വലിയ ഒരളവ് സ്ക്രീന്‍ സമയം അതിന് വേണ്ടിവരും. ആ സമയമെല്ലാം സത്യത്തില്‍ മാധ്യമങ്ങള്‍ ചെയ്യുന്നത് ജനം ശരിക്കും അറിയേണ്ട വിവരങ്ങളെ മറച്ച് വെക്കുക എന്ന ധര്‍മ്മമാണ്. പിന്നെ കാലം ചെല്ലുമ്പോള്‍ അതേ വിഗ്രഹത്തില്‍ നിന്ന് എന്തെങ്കിലും തെറ്റുണ്ടായാല്‍ അത് സ്വാഭാവികമായി തന്നെ വലിയ വാര്‍ത്തയാകുകയും പിന്നീട് വിഗ്രഹനിഗ്രഹവും അരങ്ങേരും. അപ്പോഴും മാധ്യമങ്ങള്‍ ചെയ്യുന്നത് ജനം ശരിക്കും അറിയേണ്ട വിവരങ്ങളെ മറച്ച് വെക്കുക എന്നതാണ്.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഈ സാഹചര്യത്തില്‍ കഴിയുന്ന ഏക ഉന്നതന്‍ ഇയാളുമല്ല. മാധ്യമ രംഗത്തെ ഉള്‍പ്പടെ എല്ലാ രംഗത്തേയും ഉന്നതരുടെ ജീവിത രീതിയാണിത്. ഇതാണ് ആധുനിക ജാതിവ്യവസ്ഥ. ഈ പിരമിഡ് വ്യവസ്ഥയില്‍ എല്ലാം ഇങ്ങനേയേ ഇരിക്കൂ. അതുകൊണ്ട് ആത്മാര്‍ത്ഥതയുള്ളവര്‍ കേവലമായ കാര്യങ്ങൾക്ക് പകരം വ്യവസ്ഥയെ വിമര്‍ശിക്കുക എന്നതാണ്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ