ദീപക്കിന്റെ ആത്മഹത്യയിൽ ഷിംജിതക്ക് പങ്കില്ല

ഷിംജിത രണ്ട് കുറ്റങ്ങൾ ചെയ്തിട്ടുണ്ട്.

1. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്ന് കയറി. (1)
2. ഒരു വ്യക്തിക്കെതിരെ വിദ്വേഷ പ്രചരണം നടത്തി.

ഈ രണ്ട് കുറ്റങ്ങളല്ലാതെ വേറൊരു കുറ്റവും ആ സ്ത്രീ ചെയ്തിട്ടില്ല. എന്നാൽ ആ സ്ത്രീയെ കൊടും കുറ്റവാളിയായി ചിത്രീകരിക്കുന്നത് അങ്ങേയറ്റം തെറ്റായ കാര്യമാണ്. ആ സ്ത്രീയല്ല റീച്ച് വർദ്ധിപ്പിക്കാനായി ശ്രമിച്ചത്.

ഈ സംഭവുമായി യാതൊരു ബന്ധവും ഇല്ലാത്ത സാമൂഹ്യ മാധ്യമങ്ങളിലെ മറ്റ് ക്ഷുദ്രജീവികളായിരുന്നു റീച്ചിനായി ശ്രമിച്ചത്. ആത്മഹത്യ നടന്നതിന് ശേഷം സംഭവത്തിന് കൂടുതൽ കൂടുതൽ വൈകാരികത വന്നതിനാൽ വർദ്ധിച്ച വീര്യത്തോടെയാണ് ആളുകൾ തങ്ങളുടെ റീച്ചിനായി ഈ സംഭവത്തെ ഇപ്പോഴും ഉപയോഗിച്ച് മരണത്തിൽ നിന്ന് ലാഭമുണ്ടാക്കുന്നത്. വാർത്താ ചാനലകുളുടെ കാര്യം പറയേണ്ടല്ലോ. സത്യത്തിൽ ഈ സാമൂഹ്യ ക്ഷുദ്രജീവികൾ വാർത്താ ചാനലുകളെ അനുകരിക്കുകയാണ് ചെയ്യുന്നത്.

അങ്ങനെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധമാറ്റുന്ന വലിയ ഒരു വാർത്തയായി. എന്നാൽ അതിലൊന്നും ഷിംജിതക്ക് ഒരു പങ്കുമില്ല.

പക്ഷെ ദീപക് എന്തിന് ആത്മഹത്യ ചെയ്തു? ആരാണ് അതിന് ഉത്തരവാദി?

അത് മനസിലാകാൻ നമുക്ക് സംഭവങ്ങളുടെ ക്രമം ഒന്ന് പരിശോധിക്കാം.

ബസ് യാത്രക്കിടക്ക് ഒരു സ്ത്രീയെ ഒരു പുരുഷൻ അനാവശ്യമായി സ്പർശിച്ചതായി തോന്നി. (എന്തുകൊണ്ട് അങ്ങനെ തോന്നണം?(2)). ചിലപ്പോൾ അത് മനപ്പൂർവ്വമാകാം. എന്തായാലും അവർ സംശയിക്കുന്ന വ്യക്തിയുടെ വീഡിയോ സ്വകാര്യത ലംഘിച്ച് കൊണ്ട് എടുത്തു. പിന്നീട് അവരേയും ആ പുരുഷൻ അതേ രീതിയിൽ സ്പർശിച്ചു. അതും വീഡിയോയിൽ കിട്ടി. അവർ പരാതിപ്പെടാൻ പോയില്ല. അത് വലിയ കുറ്റമല്ല. ചിലപ്പോൾ ഭാവിയിൽ ഇനിയും അത് ആവർത്തിച്ചാൽ ഉപയോഗിക്കാനുള്ള ഒരു തെളിവായി സൂക്ഷിച്ചതാകാം. ഒന്നാമത്തെ തെറ്റ് സംഭവിച്ചു. അപ്പോഴും ദീപക്കിന് ഒന്നും സംഭവിച്ചിട്ടില്ല.

പിന്നീട് അവർ ആ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തി. (എന്തിന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തണം?(3)) അതോടുകൂടി ഷിംജിതയുടെ പ്രവർത്തികൾ അവസാനിച്ചു. അങ്ങനെ രണ്ടാമത്തെ തെറ്റ് സംഭവിച്ചു. പക്ഷെ അപ്പോഴും ദീപക്കിന് ഒന്നും സംഭവിച്ചിട്ടില്ല.

ഇനിയാണ് നാം ആരും ശ്രദ്ധിക്കാത്തതും എന്നാൽ വളരെ പ്രധാനപ്പെട്ടതുമായ സംഭവങ്ങളുടെ തുടക്കം.

ആ വീഡിയോ ആളുകൾ കാണുകയും കുറച്ച് പേർ കുറ്റവാളിയായ ദീപക്കിനെതിരെ ചീത്തപറയാൻ തുടങ്ങി. മറ്റ് ചിലർ ഷിംജിതേയും ചീത്തപറയാൻ തുടങ്ങി. ആളുകൾ ആ വീഡിയോ പങ്കുവെച്ചു. അതിനെക്കുറിച്ച് മറ്റ് പലരും അവരുടെ വീക്ഷണ വീഡിയകളും സൃഷ്ടിച്ചു. അവയും പ്രചരിക്കപ്പെട്ടു. അത് പ്രസിദ്ധപ്പെടുത്തിയത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രചാരമുള്ള ആളുകളായിരുന്നു. അതുകൊണ്ട് അവ കാട്ടുതീ പോലെ പടർന്നു. ദശലക്ഷക്കണക്കിന് ആളുകൾ ആ വീഡിയോ കണ്ടു. അതിൽ ഷിംജിതയെ കുറ്റവാളിയായി ആയിരുന്നു ചിത്രീകരിച്ചിരുന്നത്. വലിയ അധിക്ഷേപമാണ് ഷിംജിത പിന്നെ നേരിട്ടത്. ഷിംജിത തന്റെ വീഡിയോ നീക്കം ചെയ്യുകയും ദീപക്കിനെക്കാൾ കൂടുതൽ ചികിൽസ വേണ്ടത് സമൂഹത്തിനാണെന്ന് അഭിപ്രായപ്പെട്ട രണ്ടാമത്തെ വീഡിയോ പ്രസിദ്ധീകരിച്ചു.

ദീപക്കിന്റെ സുഹൃത്തുക്കളും അത് കണ്ടു. അത് ദീപക്കിനെ അറിയിച്ചു. അസത്യമാണ് അതെന്ന് അയാൾ പറഞ്ഞു. സുഹൃത്തുക്കളും അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപന ഉടയമും എല്ലാം ദീപക്കിന്റെ ഫോണിലൂടെ ആശ്വസിപ്പിച്ചു. നിയമ നടപടി എടുക്കാം എന്ന് തീരുമാനിച്ചു. ആ സമയത്തും സാമൂഹ്യ മാധ്യമ ക്ഷുദ്രജീവികൾ വിദ്വേഷ പ്രസംഗങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരുന്നു.

എന്നാൽ ഈ വർദ്ധിച്ച് വരുന്ന പ്രചരണം ദീപക്കിനെ അസ്വസ്ഥനാക്കുകയും അദ്ദേഹം വിഷാദത്തിലേക്ക് പെട്ടുപോകുയും ചെയ്തു. ഈ കാര്യം നേരിട്ട് സംസാരിക്കാൻ പറ്റുന്ന ആരും അദ്ദേഹത്തിന്റെ സമീപം ഉണ്ടായിരുന്നില്ല. ഫോണിലൂടുള്ള സാന്തനം അത് നിർത്തുമ്പോൾ ഇല്ലാതാകുമല്ലോ. അങ്ങനെ ആരും സഹായിക്കാൻ ഇല്ലാതായ അവസ്ഥയിൽ അദ്ദേഹം സ്വന്തം ജീവനൊടുക്കി.

ആരാണ് കുറ്റവാളികൾ

1. ആ സംഭവത്തെക്കുറിച്ച് വീഡിയോ പ്രചരിപ്പിച്ചവരും കണ്ടവരും വിദ്വേഷം പറഞ്ഞവരും

വീഡിയോ റിക്കോഡ് ചെയ്തപ്പോഴും അത് പ്രസിദ്ധപ്പെടുത്തിയപ്പോഴും ദീപക്കിന് ജീവനുണ്ടായിരുന്നു. പിന്നെ എപ്പോഴാണ് അദ്ദേഹത്തിന് ജീവൻ പോകുന്നത്?

ഒന്ന് ആലോചിക്കൂ, ഷിംജിത വീഡിയോ പ്രസിദ്ധീകരിച്ചു. ഒരു ആയിരം പേർ കണ്ടു. ആരും മറുപടി ഒന്നും പറയുന്നില്ല. പങ്കുവെക്കുന്നില്ല. അപ്പോൾ ദീപക്കിന് എന്ത് സംഭവിക്കും? ദീപക്ക് അവഗണിക്കും. സത്യത്തിൽ ഷിംജിത വീഡിയോ റിക്കോർഡ് ചെയ്തത് ദീപക്ക് കണ്ടു എന്നാണ് അവർ പറയുന്നത്. നീ എന്തുവേണമെങ്കിലും ചെയ്തോളു എനിക്ക് ഒരു പ്രശ്നവും ഇല്ല എന്ന മനോഭാവമായിരുന്നു. എന്നാൽ ആ വീഡിയോക്കുറിച്ച് മറ്റുള്ളവർ അഭിപ്രായം പറയുന്ന വീഡിയോകൾ പ്രചരിച്ചത് അയാൾ പ്രതീക്ഷിക്കാത്ത കാര്യമായിരിക്കും. ഈ ദശലക്ഷക്കണക്കിന് ആളുകൾ തന്നെക്കുറിച്ച് അനുകൂലിച്ചായായാലും പ്രതികൂലിച്ചായാലും ഒരു മോശം കാര്യം അറിയുന്നു എന്ന തോന്നലുണ്ടാകുമ്പോൾ ഒരു മനുഷ്യന് എന്ത് ചെയ്യാനാകും. മൊത്തത്തിൽ തകർന്ന് പോകും.

ആ വീഡിയോ വൻ തോതിൽ പകർത്തി പ്രചരിച്ചതിന് ശേഷമാണ് ആത്മഹത്യ സംഭവിക്കുന്നത്. ആരാണത് കണ്ടത്? ആരാണ് വെറുപ്പും ശകരവും ഒഴുക്കിയത്. മറ്റൊരാൾ വേറൊരാളെ കുറിച്ച് പ്രസിദ്ധപ്പെടുത്തിയ വീഡിയോ പകർത്തി തന്റേതായ കൂട്ടിച്ചേർക്കലും വരുത്തി സ്വന്തം റീച്ച് വർദ്ധിപ്പിക്കാനായി ശ്രമിച്ച ക്ഷുദ്രജീവികളും അത് വീണ്ടും പ്രചരിപ്പിക്കുകയും തെറിവിളി നടത്തുകയും ചെയ്ത ഈ നാട്ടിലെ സാമൂഹ്യ മാധ്യമങ്ങൾക്ക് അടിമകളായ വിഢികളും ആണ് അത്. കുറ്റവാളികൾ അവരാണ്.

2. സുഹൃത്തുക്കൾ

ഈ വീഡിയോ പ്രചരിച്ചതിന് ശേഷം ദീപക്കിന്റെ സുഹൃത്തുക്കൾക്ക് വേണമെങ്കിൽ അദ്ദേഹത്തെ നേരിൽ കണ്ട് അദ്ദേഹത്തെ സമാധാനിപ്പിക്കുകയോ കൂടെ നിൽക്കുകയോ ചെയ്യാമായിരുന്നു. എന്നാൽ ഈ മുതലാളിത്ത സമൂഹത്തിൽ അതിജീവിക്കാനുള്ള തത്രപ്രാടിൽ ആർക്കും അതിന് സാധിച്ചില്ല. അതിൽ ആരേയും കുറ്റം പറയാനാവില്ല. എന്നാൽ പുതിയ ഇരയോട് പ്രതികാരം ചെയ്യാനുള്ള ത്വര കാണുമ്പോൾ അവരും കുറ്റവാളികളാണ് എന്ന് പറയേണ്ടിവരും. അന്ന് ദീപക്കിനെ ഒറ്റക്ക് വിടാതെ നേരിട്ട് കണ്ട് കൂടുതൽ സമയം അയാൾക്കൊപ്പം ചിലവഴിച്ചിരുന്നെങ്കിൽ അയാൾ ജീവനോടെ ഇരിക്കുമായിരുന്നു. ഇപ്പോൾ കാണിക്കുന്ന ആവേശത്തിന്റെ അത്ര അദ്ധ്വാനം അതിന് വേണ്ടിവരില്ലായിരുന്നു.

‍സാമൂഹ്യ മാധ്യമങ്ങളും വിഢിഫോണുകളും മനുഷ്യരെ ഒറ്റപ്പെടുത്തുകയാണ്. ഫോണിലൂടെ ആശ്വാസം കിട്ടില്ല.

3. സാമൂഹ്യ മാധ്യമങ്ങൾ

വിദ്വേഷ പ്രസംഗ വീഡിയോ പ്രസിദ്ധീകരിക്കാവസരം കൊടുക്കുകയും അൾഗോരിഥം അത് പ്രചരിപ്പിക്കുകയും ചെയ്തു. കുറ്റവാളികൾ അവരാണ്.

മനുഷ്യരുടെ ശ്രദ്ധയെ വിറ്റ് കാശാക്കുകയാണ് സാമൂഹ്യ മാധ്യമങ്ങളുടെ ശരിക്കുള്ള പണി. അതായത് നിങ്ങളെന്തൊക്കെ കാണുന്നു, കേൾക്കുന്നു, ചിന്തിക്കുന്നു, എങ്ങനെ പ്രതികരിക്കുന്നു തുടങ്ങിയ വിവരങ്ങൾ നിങ്ങളിൽ നിന്ന് ശേഖരിച്ച് പണം കൊടുക്കുന്ന മൂന്നാമൻമാർക്ക് വിൽക്കുക. അതാണ് അവരുടെ ശരിക്കുള്ള വരുമാനം. പരസ്യം എന്നൊതൊക്കെ ഈ ചാരപ്പണിക്ക് പറയുന്ന മറയാണ്.

അതുകൊണ്ട് നിങ്ങളെ അവരുടെ പ്ലാറ്റ്ഫോമിൽ പിടിച്ച് നിർത്തേണ്ടത് അവരുടെ ആവശ്യമാണ്. എളുപ്പം ആളുകളുടെ ശ്രദ്ധ ആകർഷിക്കാവുന്ന വിവരങ്ങൾക്കാണ് ഈ പ്ലാറ്റ്ഫോമുകൾ പ്രാധാന്യം കൊടുക്കുന്നത്. അതറിയാൻ ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഗൗരവകരമായി ദശാബ്ദങ്ങൾ പഠിച്ച് അതിനെക്കുറിച്ച് സംസാരിക്കുന്നവരുടെ വീഡിയോകൾ എത്ര പേർ കാണുന്നു എന്ന് നോക്കുക. എന്നാൽ വിനോദം പോലുള്ള ബുദ്ധി വേണ്ടാത്ത നേരംപോക്കുകൾക്ക് ലക്ഷങ്ങളും കോടികളുമാണ് കാഴ്ചക്കാർ.

കാര്യങ്ങളെ കേവലമായ കറുപ്പും വെളുപ്പുമായി കണ്ട് പരസ്പരം തമ്മിലടിക്കുക. ഒരു കുറ്റവാളിയെ സൃഷ്ടിച്ച് അതിനെ ഇല്ലാതാക്കുക. ഇത് അവർ എപ്പോഴും ചെയ്യും.

സമൂഹത്തിലെ സാമൂഹ്യ പരവതാനി കീറിമുറിക്കുക എന്നതാണ് ഈ സാമൂഹ്യ മാധ്യമ സ്ഥാപനങ്ങളുടെ യഥാർത്ഥ ലക്ഷ്യം. ആളുകൾ തമ്മിലുള്ള സ്നേഹവും വിശ്വാസവും സഹകരണവും ഇല്ലാതാക്കി ആളുകളെ ഒറ്റപ്പെടുത്തുക. ഒറ്റപ്പെട്ട മനുഷ്യനെ എളുപ്പം നിയന്ത്രിക്കാനാകും. അതാണ് ഈ വ്യവസ്ഥക്ക് വേണ്ടത്. പക്ഷെ അതിന്റെ ഫലമായി

മനുഷ്യ സമൂഹത്തിലെ സാഹോദര്യവും പരസ്പര സഹായവും സ്നേഹവും എല്ലാം ഇല്ലാതാക്കി മനുഷ്യനെ ഒറ്റപ്പെടുത്തി ഒരു മൃഗമാക്കി ഒരു ചോദ്യവും ഇല്ലാത്ത സ്വന്തം കൂലിപ്പണിയുടെ അടിമയാക്കി മാറ്റാനായി നിർമ്മിച്ച ഉപകരണമാണ് സാമൂഹ്യ മാധ്യമങ്ങൾ (4).

എന്താണ് പരിഹാരം

സ്ഥിരം കേൾക്കുന്നത് പോലെ ഇനി ഒരു മനുഷ്യനും ഈ വിധിയുണ്ടാവരുത്. അതിനാൽ പ്രതിക്ക് ശക്തമായ ശിക്ഷകൊടുക്കണം എന്ന് എല്ലാവരും പറയുന്നു. നമുക്ക് അൽപ്പമെങ്കിലും ഉളുപ്പുണ്ടോ അത് പറയാണ്. എത്രകാലമായി ഈ സ്ഥിരം പല്ലവി നാം ആവർത്തിക്കുന്നു. (5). ശിക്ഷയല്ല പരിഹാരം. ഇത് വ്യവസ്ഥയുടെ പ്രശ്നമാണ്. വ്യവസ്ഥക്കാണ് ശിക്ഷ കൊടുക്കുക്കേണ്ടത്.

  • എത്ര ദേഷ്യമുണ്ടായാലും ഒരിക്കലും വിദ്വേഷ പ്രസംഗം നടത്തരുത്. കമന്റ് എഴുതരുത്, പങ്കുവെക്കരുത്, ലൈക്ക് ചെയ്യരുത്. സബ്ക്രൈബ് ചെയ്യരുത്.
  • സാമൂഹ്യ മാധ്യമങ്ങൾ കഴിയുമെങ്കിൽ ഉപേക്ഷിക്കുക.
  • സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് നിങ്ങൾക്ക് കിട്ടുന്നത് ചോരപ്പണമാണ്. ദയവ് ചെയ്ത് അതിന്റെ പങ്കുപറ്റരുത്. അത് ഒരു തൊഴിലായി മാറ്റാൻ ശ്രമിക്കരുത്.
  • നിങ്ങൾ സ്വയം ചിന്തിക്കുക. സാമൂഹ്യ മാധ്യമങ്ങളിൽ അഭിപ്രായം പറയുന്നവരെ അവജ്ഞയോടെ തള്ളിക്കളയുക.
  • അത് തെമ്മാടികൾക്കുള്ള മാധ്യമമാണ്. മാന്യരായ നിങ്ങൾ അതിൽ ഇടപ്പെട്ട് അതിന് മാന്യതയുണ്ടാക്കാൻ ശ്രമിക്കരുത്.
  • സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന പണത്തിന് 90% നികുതി ചുമത്തുക. സാമൂഹ്യമാധ്യമ അക്രമം നേരിട്ടവർക്ക് നഷ്ടപരിഹാരം കൊടുക്കാൻ അതുപകരിക്കും.

സാമൂഹ്യ മാധ്യമങ്ങളെന്താണ് ചെയ്യുന്നത് neritam.com/facehook

***

1. ശിക്ഷിച്ച് പ്രശ്നം പരിഹരിക്കാമെന്നത് തെറ്റിധാരണയാണ്. കുറ്റകൃത്യമില്ലാത്ത ലോകമാണ് വേണ്ടത്. എങ്ങനെ എന്നത് വലിയ വിഷയമാണ്.

2. ഇന്ന് ലോകം മൊത്തമുള്ള സ്ത്രീകൾ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. നിരന്തരം സ്ത്രീകൾക്കെതിരായ ആശയങ്ങൾ സിനിമകളിലൂടെയും ചാനലുകളിലൂടെയും പരസ്യങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നു. പീഡന സംഭവങ്ങൾ ചാനലുകൾക്കും സാമൂഹ്യ മാധ്യമങ്ങൾക്കും ചാകരയാണ്. സ്ത്രീയുടെ പക്ഷം എന്ന പേരിൽ അവർ തീവൃ വൈകാരികതയോടെ പ്രചരിപ്പിക്കുന്നു. ആ പ്രചാരവേലകളേൾക്കുന്ന സ്ത്രീകൾക്ക് അവരുടെ ഉള്ളൽ താൻ ആക്രമിക്കപ്പെടുകയാണോ എന്ന സംശയം എപ്പോഴും ഉണ്ടാകും.

3. അത് ഇപ്പോഴത്തെ ഒരു രീതിയാണ്.
മുതലാളിമാരുടേയും അകാധിപത്യ സർക്കാരുകളുയേും താൽപ്പര്യമമനുസരിച്ച് സ്ഥാപിതമായ മഹാ രഹസ്യാന്വേഷണ വ്യവസ്ഥ എല്ലാവരേയും അവരുടെ ചുറ്റുപാടുകളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച് രേഖപ്പെടുത്തണമെന്ന് നേരിട്ടല്ലാതെ ആവശ്യപ്പെടുന്നു. അത്തരം പോസ്റ്റുകൾക്ക് കാഴ്ചക്കാരുടെ എണ്ണം വെച്ച് ഈ സാമൂഹ്യ മാധ്യമങ്ങൾ ശമ്പളവും കൊടുക്കും. മാസം ദശലക്ഷക്കണക്കിന് രൂപ ഇങ്ങനെ ചാരപ്പണിയിലൂടെ സമ്പാദിക്കുന്ന കേമൻമാരും നമ്മുടെ നാട്ടിലുണ്ട്. ഇത് ഒരു സാമൂഹ്യ re engineering ആണെന്ന് മനസിലാക്കാനുള്ള ത്രാണിയില്ലത്ത ജനാധിപത്യ സർക്കാരുകളും ഇവർക്ക് അവർഡുകളും മറ്റ് സ്ഥാനങ്ങളും നൽകിപ്പോരുന്നു.

ഇക്കാലത്ത് ഒരു തൊഴിൽ കിട്ടാൻ എത്രമാത്രം വിഷമമാണ്. അപ്പോഴാണ് ഒന്നും പഠിക്കാതെ, പരീക്ഷ എഴുതാതെ ആർക്കും വേഗം പ്രശസ്തരും സമ്പന്നരും ആകാനുള്ള എളുപ്പവഴി അതും സർക്കാരും ബുദ്ധിജീവികളും എല്ലാവരും അംഗീകരിക്കുന്ന ഒരു വഴി തുറന്ന് കിട്ടിയാൽ ആരെങ്കിലും വെറുതെയിരിക്കുമോ? എല്ലാവരും തകൃതിയായി കണ്ടന്റ് നിർമ്മിക്കാൻ തുടങ്ങി. കുറ്റകൃത്യങ്ങളും കള്ളവും വിദ്വേഷ പ്രസംഗവും ആണ് സാമൂഹ്യമാധ്യമങ്ങളിൽ കാട്ടുതീ പോലെ ആണ് പരക്കുന്നത്. അവക്കാണ് ഏറ്റവും കൂടുതൽ കാഴ്ചക്കാർ. അതിനായി കുറ്റകൃത്യങ്ങൾ പോലും ചെയ്യാൻ ആളുകൾക്ക് മടിയില്ല. കുറച്ച് കാലം മുമ്പ് കുട്ടിയെ തട്ടിക്കൊണ്ട് പോയ ഒരു സംഭവം ഓർക്കുന്നുണ്ടായിരിക്കും.

ഈ കമ്പനികൾ പണം സ്വയം സൃഷ്ടിക്കുകയല്ലല്ലോ. പ്രചാരകർക്ക് ഇത്രയേറെ പണം കൊടുക്കുന്നുണ്ടെങ്കിൽ സാമൂഹ്യ മാധ്യമ കമ്പനികൾക്ക് എത്രയധികം പണം നേടിയിട്ടുണ്ടാകും?

4 ഈ മാധ്യമങ്ങൾ സമൂഹത്തിൽ എന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് വിശദമായ ലേഖനങ്ങൾ neritam.com/facehook എന്ന താളിൽ കൊടുത്തിട്ടുണ്ട്.

5. ഇരയും ചത്തു വേട്ടക്കാരനും ചത്തു, ഇനി ആര്‍ക്ക് ശക്തമായ ശിക്ഷ കൊടുക്കും


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ