ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം

രണ്ട് പേര്‍ക്ക് സംസാരിച്ചിരിക്കുന്നതില്‍ താല്‍പ്പര്യമുണ്ടെന്നു കരുതുക. സുപ്രീം കോടതിയുടെ അനുമതിയോടെ തന്നെ അവര്‍ അങ്ങനെ സംസാരിച്ചെന്നിരിക്കും. എന്നുകരുതി അവരെ സംസാര തൊഴിലാളികള്‍ എന്ന് വിളിക്കുമോ? വെറും പണത്തിന്റെ കൈമാറ്റം നടന്നു എന്ന കാരണത്താല്‍ അവരെ തൊഴിലാളികളെന്ന് പറയാന്‍ കഴിയില്ല. ഇല്ല. കാരണം പ്രയോജനപ്രദമായ അദ്ധവാനം ഉണ്ടാകാതെ തന്നെ പണത്തിന്റെ കൈമാറ്റം നടക്കാം. ചിലപ്പോള്‍ നാം നമുക്ക് ഇഷ്ടമുള്ള ആളുകള്‍ക്ക് (ഭിക്ഷക്കാരല്ലവര്‍ക്കും)ദാനം കൊടുക്കുന്നു, ഗുണ്ടകള്‍ കത്തി/(കോപ്പീറൈറ്റ്, പേറ്റന്റ്) കാണിച്ച് പണം വാങ്ങുന്നു. ഗുണ്ടകളെ നാം ഗുണ്ടാ തൊഴിലാളികള്‍ എന്ന് വിളിക്കുണ്ടോ? അവരുടോ ക്ഷേമത്തിനായി ചാനല്‍ വിഗ്രഹങ്ങള്‍ അലമുറയിടാറുണ്ടോ?

തൊഴിലാളി എന്നാല്‍ അസംസ്കൃത വസ്തുക്കളില്‍ അദ്ധ്വാനം പ്രയോഗിച്ച് മൂല്യ വര്‍ദ്ധിത ഉത്പന്നമുണ്ടാക്കുന്നവരാണ്. അവര്‍ക്ക് യന്ത്രങ്ങള്‍ ഉള്‍പ്പടെ അതിനുള്ള അവസരമുണ്ടാക്കിക്കൊടുക്കുന്നവരാണ് മുതലാളികള്‍/കോര്‍പ്പറേറ്റ്. തൊഴിലാളിയുടെ അദ്ധ്വാനം അസംസ്കൃത വസ്തുക്കള്‍ക്ക് വര്‍ദ്ധിത മൂല്യമുണ്ടാക്കുന്നു. അതാണ് മിച്ചമൂല്ല്യം. അത് അവസരമുണ്ടാക്കിയ മുതലാളിക്കും തൊഴില്‍ ചെയ്ത തൊഴിലാളിക്കും അവകാശപ്പെട്ടതാണ്. എത്ര ശതമാനം വീതം എന്നും മുതലാളിയുടെ ആവശ്യമുണ്ടോ എന്നും ഉള്ളത് തര്‍ക്കവിഷയമാണ്. അമേരിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ Fire the Boss എന്നൊരാശയവും പുതിതായി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.

‘ലൈംഗിക തൊഴിലാളി’ എന്ന് വിളിക്കുന്ന വേശ്യകള്‍ യഥാര്‍ത്ഥത്തില്‍ മൂല്യ വര്‍ദ്ധിത ഉത്പന്നമുണ്ടാക്കുന്നില്ല. നേരത്തേ പറഞ്ഞതുപോലെ അവര്‍ ‘ഉപഭോക്താവ്’ എന്ന് വിളിക്കുന്ന ആളുമായി സംസാരിച്ചിരിക്കുന്നതുപോലുള്ള ഒരു പ്രവര്‍ത്തിയിലേര്‍പ്പെടുന്നു. ഇതില്‍ രണ്ടു പേരും ഒരു പോലെ സംതൃപ്തി നേടുകയും ചെയ്യുന്നു. സംതൃപ്തിയെന്ന് പറഞ്ഞത് തലച്ചോറിലെ ചില രാസമാറ്റങ്ങള്‍ ആണ്. ആഹാരം കഴിക്കുമ്പോളും ലൈംഗിക വേഴ്ച്ച നടക്കുമ്പോഴുമാണ് ജീവികളില്‍ ഏറ്റവുമധികം സംതൃപ്തി തോന്നുന്നത്. അത് പരിണാമപരമായ കാര്യങ്ങളാണ്. dopamine എന്ന രാസസ്തു ആണ് ഈ സംതൃപ്തി ജനിപ്പിക്കുന്നത്. തൊഴിലാളി മൂല്യവര്‍ത്ഥിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുമ്പോള്‍ ലൈംഗിക വേഴ്ച്ചയുടെ ഫലമായി dopamine ആണ് ഉത്പാദിപ്പിക്കപ്പെടുന്നത്. അത് അതില്‍ പങ്കെടുത്ത ആളുകളില്‍ രണ്ടുപേരിലും ഒരുപോലെ ഉണ്ടാകുമ്പോള്‍ എന്തടിസ്ഥാനത്തില്‍ ഇതിനെ തൊഴിലെന്ന് പറയും? (അതില്‍ ഒരാള്‍ മറ്റൊരാളിന് പണം കൊടുക്കണം എന്നതാണ് ഇതിലെ തെറ്റായ വശം. അതിനെതിരെ വേണമെങ്കില്‍ പോലീസിന് കേസെടുക്കാവുന്നതാണ്.)

dopamine effect നെ കളിയായി കാണേണ്ട. അടിസ്ഥാനപരമായി വിലകൊടുത്ത് വാങ്ങുന്ന ലൈംഗിക വേഴ്ച്ചയെ dopamine വാങ്ങല്‍ എന്ന് പറയാം. മയക്കുമരുന്നുകളും dopamine ഉത്പാദനം കൂട്ടി സംതൃപ്തി നല്‍കുന്നവയാണ്. കിഴക്കനേഷ്യയിലെ ചില രാജ്യങ്ങളിലെ(തായ്‌ലാന്റ് ആണെന്ന് തോന്നുന്നു) ചില ഫാക്റ്ററികള്‍ തൊഴിലാളികള്‍ കൂടുതല്‍ സമയം സംതൃപ്തിയോടെ ജോലി ചെയ്യാന്‍ മയക്ക്മരുന്ന് നല്‍കാറുണ്ടായിരുന്നു. വേശ്യാവൃത്തിയെ വിഗ്രഹവത്കരിക്കുന്നതും നിയമനുസൃതമാക്കുന്നതും അത്തരത്തിലുള്ള പ്രവര്‍ത്തിയാണ്.

സമൂഹത്തില്‍ ജനങ്ങളെ ബോധവാന്‍മാരകാതെ അധികാരികളുടെ ആജ്ഞകള്‍ അനുസരിക്കുന്ന virtual അടിമയാക്കുക. എന്ത് ചിന്തിക്കണം എന്ന് വരെ അധികാരികള്‍ അവരുടെ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. അടിമക്ക് സ്വയം തോന്നും തനിക്ക് എന്തിനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന്. എത്ര സുസ്ഥിരമായ വ്യവസ്ഥ.

എന്നാല്‍ വേശ്യകള്‍ ആ സംതൃപ്തി നേടാണിത് ചെയ്യുന്നതെന്നല്ല ഇതിനര്‍ത്ഥം. വേശ്യാവൃത്തിക്ക് കാരണം ദാരിദ്ര്യമാണ്. അവര്‍ ഒരു സാമൂഹ്യപ്രശ്നമാണ് വെളിച്ചത്ത് കൊണ്ടു വരുന്നത്. അത് സമൂഹത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പരിഹരിക്കാനാവില്ല. ചൂഷണത്തിലടിസ്ഥാനമായ വ്യവസ്ഥയില്‍ നല്‍ക്കുന്ന സമൂഹമാണ് വേശ്യകളെ സൃഷ്ടിക്കുന്നത്. ‘ലൈംഗിക തൊഴിലാളി’ എന്ന പേര് കൊടുത്ത് വ്യഭിചാരത്തിന് ദിവ്യത്വം കൊടുക്കുന്നത് ചൂഷണത്ത വ്യവസ്ഥയെ സംരക്ഷിക്കാനാണ്.

  • എന്തുകൊണ്ടാണ് ചിലര്‍ പണക്കാരായും ചിലര്‍ ദരിദ്രരായും ജനിക്കുന്നത്?
  • എന്തുകൊണ്ടാണ് ചിലര്‍ ജീവിതകാലം മുഴുവന്‍ 15 മണിക്കൂറില്‍ കൂടുതല്‍ പണിയെടുത്തിട്ടും, ആഹാരത്തിനും മരുന്നിനും ദൈവത്തിനും കൊടുനുള്ളത്ര മാത്രം പോലും പണം നേടാന്‍ കഴിയാത്തത്?
  • എന്തുകൊണ്ടാണ് ചിലര്‍ ഒന്ന് കൈ വീശി കാണിക്കുമ്പോള്‍ തന്നെ കോടിക്കണക്കിന് പണം അവരുടെ അക്കൗണ്ടിലേക്ക് ഒഴുകി എത്തുന്നത്?

ആരോടും സഹാനുഭൂതി കാണിക്കേണ്ട കാര്യമില്ല. ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും മനുഷ്യര്‍ക്കും തുല്യമായി ജീവിക്കാനവകാശമുണ്ട്. അത് മറ്റാരുടെയെങ്കിലും ഔദാര്യമോ സേവനമോ അല്ല.
ആ തുല്യത ഭൂമിയിലെ മനുഷ്യന്റെ നിലനില്‍പ്പിന് അവശ്യമാണ്.

ഈ പ്രവര്‍ത്തിയെടുക്കുന്ന ആളുകളെ അപമാനിക്കുകയോ പുച്ഛിക്കുകയോ അല്ല ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളേയും മനുഷ്യരേയും, അവരുടെ ജാതി, മത, വര്‍ഗ്ഗ, ഭാഷ, തൊഴില്‍ തുടങ്ങിയ എല്ലാ വിഭജനങ്ങള്‍ക്കുമതീതമായി ഒരുപോലെ ബഹുമാനിക്കണം എന്നതാണെന്റെ പക്ഷം.

ഭാഗം 2: വേശ്യാവൃത്തി സേവന മേഖലയിലെ ഒരു തൊഴിലോ?

(1/3)


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

25 thoughts on “ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം

  1. വളരെ പ്രാധാന്യമേറിയ ഈ വിഷയത്തില്‍ ശരിയും വ്യക്തവുമായ ഒരു നിലപാട് ഈ പോസ്റ്റ് സംഭാവന ചെയ്തിരിക്കുന്നു. വേശ്യാവൃത്തിയെ തൊഴിലെന്നു വിശേഷിപ്പിക്കുന്നതില്‍ ന്യായമില്ലെന്നു മാത്രമല്ല, തൊഴില്‍ എന്ന മഹനീയ പദത്തെത്തന്നെ നിന്ദ്യമായി ഉപയോഗിക്കുകയും ചെയ്യേണ്ടിവരുന്നു. ഒരു സേവനമെന്നോ ചൂഷണമെന്നോ വാടക ബിസിനെസ്സെന്നോ വിശേഷിപ്പിക്കേണ്ടതായ ഈ പ്രവൃത്തിയെ തൊഴിലായി മഹത്വവല്‍ക്കരിക്കാതെ സാമൂഹ്യ അസമത്വത്തിന്റെ രോഗലക്ഷണമായിത്തന്നെ കാണേണ്ടിയിരിക്കുന്നു.

    ഹൈന്ദവമതം സമൂഹത്തെ ജാതീയമായി വിഭജിക്കുന്നതിനും, ഉച്ചനീചത്വ സൃഷ്ടിയിലൂടെ സാമൂഹ്യ ചൂഷണത്തിന്റെ ഉപകരണമായിത്തന്നെ വേശ്യാവൃത്തിയെ (സംബന്തത്തെ) ഉപയോഗിച്ചിരുന്നല്ലോ. മാത്രമല്ല,
    അധികാര സ്ഥാനങ്ങളുടെ മാറ്റങ്ങളെ നിര്‍വ്വീര്യമാക്കുന്നതിനും സാമൂഹ്യ മാറ്റങ്ങളെ പ്രതിരോധിക്കുന്നതിനും, ചിന്തയും തപസ്സും വഴിതെറ്റിക്കുന്നതിനും, അനശ്വരത പ്രധാനം ചെയ്യുന്ന അമൃത് കൈവശപ്പെടുത്തുന്നതിനും ദേവലോകത്തെ ആസ്ഥാന വേശ്യകളായ ഉര്‍വശി,രംഭ,തിലോത്തമമാരെയും പെണ്‍‌വേഷം കെട്ടിയ മഹാവിഷ്ണുവിന്റെ മോഹിനി രൂപത്തേയും ബ്രാഹ്മണ്യം വിദഗ്ദമായി ഉപയോഗിച്ചിരുന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്.

  2. ലൈംഗികതൊഴിലാളി എന്ന പദപ്രയോഗം തെറ്റ് തന്നെയാണ്. പിന്നെ ചൂഷണം എന്നത് ഒരു പ്രകൃതിനിയമം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അത് ഒരു യാഥാര്‍ഥ്യമായി അംഗീകരിക്കേണ്ടതുണ്ട്. ചരക്ക് കൈമാറ്റത്തിന് പണം എന്നൊരു മീഡിയം കണ്ടുപിടിച്ചതാണ് ചൂഷണം ഇങ്ങനെ സാര്‍വ്വത്രിമാകാന്‍ കാരണം. ഇനി പണം കണ്ടുപിടിച്ചില്ലെങ്കിലും ബലവാനും സംഘടിതരും ദുര്‍ബ്ബലരെയും അസംഘടിതരെയും ചൂഷണം ചെയ്യുമായിരുന്നു. പണം കണ്ടുപിടിച്ചതാണ് സാമൂഹ്യജീവിതം അനായായാസമാക്കിയത്. പണത്തിന്റെ വിതരണവും കേന്ദ്രീകരണവും ഒന്നും ധാര്‍മ്മികമായല്ല നടക്കുന്നത്. അങ്ങനെയാകാനും സാധ്യതയില്ല. തനിക്ക് അടുത്തവനേക്കാള്‍ അധികം വേണം എന്ന ചിന്തയാണ് ഓരോരുത്തരെയും നയിക്കുന്നത്. ഈ ചിന്തയാണ് സമൂഹത്തിന്റെ മുന്നേറ്റത്തിന്റെ നിയമം. ചിലര്‍ എല്ലാവര്‍ക്കും സമത്വം എന്നൊരു ആശയം പറയുന്നുണ്ട്. അതൊരു വിഷ് ഫുള്‍ തിങ്കിങ്ങ് മാത്രമാണ്. അത് പറയുമ്പോഴും മനസ്സില്‍ നിന്ന് തനിക്ക് മറ്റവനേക്കാളും വേണം എന്ന ആഗ്രഹം അവര്‍ക്ക് ഒഴിവാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. ഒരു വിധം സൌകര്യം ഉണ്ടാവുകയും എന്നിട്ടും തനിക്ക് ഇനിയും ചില കുറവുകള്‍ ഉണ്ടെന്ന് കരുതുകയും ചെയ്യുന്നവരാണ് സോഷ്യലിസത്തെ കുറിച്ച് പറയുന്നത്. എന്നാല്‍ ഒന്നും ഇല്ലാത്തവര്‍ അവരുടെ ലോകത്ത് ഇപ്പറയുന്നവരേക്കാളും സംതൃപ്തിയോടെ ജീവിക്കുന്നുമുണ്ട്. എന്നാല്‍ പണം അധികം കൈവശമുള്ളവരെ ചൂണ്ടിക്കാണിച്ച് അവരോട് പകയുണ്ടാക്കാനും നക്സല്‍ പോലെയുള്ള സംഘടനയുണ്ടാക്കാനും ചിലര്‍ക്ക് കഴിഞ്ഞേക്കും. അതൊന്നും ശാശ്വതമായ പരിഹാരത്തിലേക്ക് നയിക്കുകയില്ല. ചൂഷണരഹിതമായ സമൂഹം എന്നത് മനുഷ്യന്‍ പുറമേക്ക് പറയുന്ന ഒരു സ്വപ്നം മാത്രമാണ്. പറയുന്നവനും തനിക്കുള്ളത് പങ്ക് വയ്ക്കാനോ എനിക്കിത് മതി എന്ന് തീരുമാനിക്കാനോ തയ്യാറാവില്ല. ചില സിദ്ധാന്തങ്ങള്‍ വായിച്ച് മനസ്സിലാക്കുന്നത് കൊണ്ടുള്ള ഹാംഗ് ഓവര്‍ മാത്രമാണ് ഇത്തരം ചിന്തകള്‍.

    ആശംസകള്‍..

  3. കെപിഎസ്സ് മാഷേ,
    സമൂഹം എന്നത് പ്രകൃതിയുടെ സൃഷ്ടിയല്ല. മനുഷ്യന്റെ ബോധപൂര്‍‌വ്വമായ സൃഷ്ടിയാണ്. അതുകൊണ്ട് തന്നെ ഏത് തരം നിയമങ്ങള്‍ വേണം എന്നത് മനുഷ്യന് തീരുമാനിക്കാവുന്നതേയുള്ളു.

    ചൂഷണം എന്നത് ഒരു പ്രകൃതിനിയമം അല്ല. ആണെങ്കില്‍ മനുഷ്യവംശം ഒരിക്കലും നിലനില്‍ക്കില്ലായിരുന്നു. കാരണം അതിജീവനത്തിനുള്ള ഒരു ആനുകൂല്യവും മനുഷ്യമില്ല. ജനിച്ചുവീണ മനുഷ്യ കുഞ്ഞിന് 15 വര്‍ഷത്തോളം സംരക്ഷണവും വിദ്യാഭ്യാസം പോലുള്ള പദ്ധതികളിലൂടെ അതിജീവന മാര്‍ഗ്ഗങ്ങള്‍ പഠിപ്പിച്ചുകൊടുക്കുന്ന മാതാപിതാക്കളുടേയും സമൂഹത്തിന്റേയും ചൂഷണത്തിനതീതമായ സഹായമില്ലെങ്കില്‍ മനുഷ്യ കുഞ്ഞിന് ഒരു ദിവസം പോലും ജീവിക്കാനാവില്ല.

    ചൂഷണം എന്നത് ഒരു പ്രകൃതിനിയമം ആണെന്ന് ഒരു വാദത്തിന് വേണ്ടി അംഗീകരിച്ചാല്‍ മനുഷ്യര്‍ ജീവിക്കേണ്ടത് പ്രകൃതി നിയമമനുസരിച്ചാവാണം. അതായത് കാട്ടിലെ പഴവര്‍ഗ്ഗങ്ങള്‍ നിന്ന് വേട്ടയാടി ജീവിക്കണം. നാം അങ്ങനെ ആണോ ജീവിക്കുന്നത്? ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന മൃഗമാണ് മനുഷ്യന്‍. അതുകൊണ്ട് ബോധപൂര്‍വ്വമുള്ള നിയമങ്ങളുമാവണം അവനുണ്ടാകേണ്ടത്.

    സോഷ്യലിസ്റ്റുകള്‍ അവരുടെ സംതൃപ്തിക്കുറവുകൊണ്ടാണ് സമത്വത്തേക്കുറിച്ച് പറയുന്നതെന്നത് അടിസ്ഥാനമില്ലാത്തതാണ്. അവര്‍ എന്തുകാരണം കൊണ്ടോ അത് പറഞ്ഞോട്ടെ. അതിനെ അംഗീകരിക്കാതിരിക്കുന്നതിന് സഹായിക്കുന്ന എന്ത് വസ്തുനിഷ്ട അറിവുണ്ട്?

    ചിലര്‍ പണക്കാരായും ചിലര്‍ ദരിദ്രരായും ജനിക്കുന്നത് വെറും ഹാംഗ് ഓവര്‍ ചിന്തകള്‍ ആണോ മാഷേ? യാഥാര്‍ത്ഥ്യമല്ലേ. കാടന്‍ നിയമങ്ങള്‍ കാരണം ദരിദ്രരുടെ നിലനില്‍പ്പിനായുള്ള പരക്കംപാച്ചിലല്ലേ ഈ സമ്പന്നരെ സൃഷ്ടിക്കുന്നത്.

    പ്രകൃതി നിയമമെന്ന് വരുത്തിത്തീര്‍ക്കുന്ന ഈ കാടന്‍ ചൂഷണ വ്യവസ്ഥകാരണം ഭാവിയിലെ മനുഷ്യരുള്‍പ്പടെ ഭൂമിയെ ജീവജാലങ്ങള്‍ നിലനില്‍പ്പ ഭീഷണിയെ നേരിടുകയാണ്.

    നക്സല്‍ പോലെയുള്ള സംഘടന ഗുണ്ടാ സംഘങ്ങളാണ്. ബലം പ്രയോഗിച്ചല്ല മാറ്റങ്ങളുണ്ടാക്കേണ്ടത്.

  4. നാം മനുഷ്യര്‍ക്ക് ശരിയായി ആശയവിനിമയം ചെയ്യാന്‍ കഴിയാറില്ല. അത് ഭാഷയുടെ പരിമിതികൊണ്ടല്ല. ചൂഷണം എന്നത് ഒരു പ്രകൃതിനിയമം പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ഞാന്‍ പറഞ്ഞത്. ചൂഷണം എന്നത് പ്രകൃതിനിയമമാണെന്ന് ഞാന്‍ പറഞ്ഞതായാണ് ജഗദീശ് വായിച്ചത്. പോലെയാണ് എന്ന പ്രയോഗം ശ്രദ്ധിച്ചതേയില്ല. അതാണ് നമ്മുടെ കുഴപ്പം. മുന്‍‌വിധിയോടെ മാത്രമേ സംസാരിക്കാന്‍ കഴിയൂ എന്നതാണ് മനുഷ്യര്‍ തമ്മിലുള്ള ആശയവിനിമയം അസാദ്ധ്യമാക്കുന്നത്.

    “സമൂഹം എന്നത് പ്രകൃതിയുടെ സൃഷ്ടിയല്ല. മനുഷ്യന്റെ ബോധപൂര്‍‌വ്വമായ സൃഷ്ടിയാണ്. അതുകൊണ്ട് തന്നെ ഏത് തരം നിയമങ്ങള്‍ വേണം എന്നത് മനുഷ്യന് തീരുമാനിക്കാവുന്നതേയുള്ളൂ .“ എന്ന് ജഗദീശ് പറഞ്ഞല്ലോ. അതെ അത് തന്നെയാണ് ഞാനും പറയുന്നത്. ഏത് തരം നിയമങ്ങള്‍ വേണമെന്ന് മനുഷ്യര്‍ക്ക് തീരുമാനിക്കാം. അത് തന്നെയാണ് സത്യത്തില്‍ എന്നും സംഭവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യര്‍ തീരുമാനിക്കുന്ന നിയമങ്ങള്‍ തന്നെയാണ് നടക്കുന്നത്, നടക്കാന്‍ പോകുന്നതും. മനുഷ്യര്‍ ബോധപൂര്‍വം ഉണ്ടാക്കുന്നതല്ലാതെ ബാഹ്യമായ ഒരു നിയമവും മനുഷ്യര്‍ക്ക് ബാധകമല്ല. ഇപ്പോള്‍ എന്തൊക്കെയാണോ നടക്കുന്നത് അതിന്റെ ഉത്തരവാദികള്‍ മനുഷ്യര്‍ തന്നെ. എന്നാല്‍ മനുഷ്യര്‍ ഒറ്റക്കെട്ടായല്ല ഈ നിയമങ്ങള്‍ ഉണ്ടാക്കുന്നത്. എല്ലാവരുടെയും താല്പര്യങ്ങള്‍ ചേര്‍ന്ന് ഒരു നിയമം ഉണ്ടാകുന്നു. അതാണ് ഞാന്‍ പ്രകൃതിനിയമം പോലെ എന്ന് പറഞ്ഞത്. സമൂഹത്തെ എല്ലാവരും ചേര്‍ന്ന് തന്റെ ഭാഗത്തേക്ക് വലിച്ചടുപ്പിക്കാന്‍ ശ്രമിക്കുന്നു. ഏത് ഭാഗത്തേക്കാണോ ശക്തി അധികം സമാഹൃതമാകുന്നത് ആ ഭാഗത്തേക്ക് സമൂഹം ചരിക്കുന്നു. പണക്കാരനായി ജനിക്കുന്നതും പാവപ്പെട്ടവനായി ജനിക്കുന്നതും ഇതൊക്കെ ആരോടാണ് ചോദിക്കുന്നത് ജഗദീശേ? തെരുവില്‍ ഭിക്ഷയെടുത്ത് ജീവിയ്ക്കുന്നവരും കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നുണ്ട്. ഭിക്ഷ യാചിക്കാന്‍ മാത്രമാണ് ആ കുഞ്ഞുങ്ങളെ അവര്‍ ഉപയോഗിക്കുന്നത്. ആ കുട്ടികള്‍ അങ്ങനെ ജനിച്ചതിന് ആരാണ് കുറ്റക്കാര്‍ ? എല്ലാ കുറ്റങ്ങളും ആരുടെയോ മേലെ ചാരാനുള്ള മനോഭാവത്തെയാണ് ഞാന്‍ ഹാംഗ് ഓവര്‍ എന്ന് വിശേഷിപ്പിച്ചത്. ഞാന്‍ തര്‍ക്കുത്തരത്തിന് വേണ്ടി പറയുന്നതല്ല. എന്റെ ചിന്തകള്‍ പങ്ക് വയ്ക്കുന്നു എന്ന് മാത്രം. സര്‍ക്കാര്‍ എന്നാല്‍ സര്‍വ്വരക്ഷകന്‍ അല്ല. ജനങ്ങളുടെ ചെലവിലും വിശ്വാസത്തിലും നിലനില്‍ക്കുന്ന മനുഷ്യര്‍ നിര്‍മ്മിക്കുന്ന ഒരു സംവിധാനം മാത്രമാണ് എന്ന് മാത്രം പറഞ്ഞു വയ്ക്കുന്നു. ഇതിലപ്പുറം ഒരു സംവാദത്തിന് മുതിരുന്നില്ല.

  5. എല്ലാവരുടെയും താല്പര്യങ്ങള്‍ ചേര്‍ന്ന് ഒരു നിയമം ഉണ്ടാകുന്നു എന്നാണ് താങ്കള്‍ പറയുന്നത്. ഇത് ശരിക്കും അങ്ങനെ ആണോ? ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങള്‍ ചേര്‍ന്നാണ് നിയമങ്ങളും തീരുമാനവും ഉണ്ടാകുന്നത്? ref: സ്പെക്ട്രം അഴുമതി.

    മനുഷ്യരിലെ ശക്തര്‍ അവര്‍ക്കനുകൂലമായ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതുകൊണ്ടാണ് ഈ ലേഖനത്തിന് കാരണമായ പ്രശ്നം ഉണ്ടായത്. അതിനെ മറച്ച് വെക്കുന്നവരെ കുറ്റപ്പെടുത്താതിരിക്കാന്‍ നിര്‍വ്വാഹമില്ല.

    ഒന്നുകില്‍ നമുക്ക് എല്ലാം നമുക്കതീതമെന്ന് കരുതി ഇപ്പോഴുള്ള നിയമത്തിന്റെ സുഖങ്ങളമുഭവിച്ച് കഴിയാം, അല്ലെങ്കില്‍ ‘ഇത്തരം ചില പ്രശ്നങ്ങളുണ്ട്, അത് പരിഹരിച്ചാല്‍ നന്നായിരുന്നു’ എന്ന് ശക്തരോട് പറഞ്ഞ് അത് മാറ്റാന്‍ ശ്രമിക്കാം. എന്ത് ചെയ്യണമെന്ന് ഓരോരുത്തരുടേയും ‘സ്വാതന്ത്ര്യമാണ്’.

  6. മനുഷ്യര്‍ ജനിക്കുന്നത് മറ്റ് ജീവികളെ പോലെ തുല്യരായാണ്. പക്ഷേ എന്തുകൊണ്ടാണ് ചിലമനുഷ്യര്‍ ശക്തരായത്. അവരെ ശക്തരാക്കുന്നതില്‍ എനിക്ക് പങ്കുണ്ടോ? അങ്ങനെയെങ്കില്‍ അവരുടെ ശക്തി കുറക്കാന്‍ എനിക്ക് കഴിയുമോ?
    എങ്ങനെയാണ് നമ്മുടെ മനസില്‍ ആശയങ്ങളുണ്ടാകുന്നത്? ആരാണ് ആശയങ്ങള്‍ സൃഷ്ടിക്കുന്നത്?

    ഇത്തരത്തിലുള്ള ധാരാളം ചോദ്യങ്ങള്‍ നാം ചോദിച്ച് അവക്കുള്ള വസ്തുനിഷ്ടമായ ഉത്തരം കണ്ടെത്തി പ്രവര്‍ത്തിക്കണം.

  7. ചർച്ചയിൽ വിഷയം മാറിയോ എന്നൊരു സംശയം,
    ജഗദീശ്, ഒരു സ്ത്രീ വേശ്യയായി ജനിക്കുന്നതല്ല, മറിച്ച് അവൾ ഇന്നത്തെ മുതലാളിത്ത സമൂഹത്തിന്റെ ഉല്പന്നമാണെന്നറിയാമല്ലോ?. ഒരു സ്ത്രീയും ആഗ്രഹിച്ചിട്ടല്ല വേശ്യയാവുന്നത്, സാഹചര്യം,അനുഭവം,വിശപ്പ്, ഇങ്ങനെയുള്ള തികച്ചും സാമൂഹികമായ അനിവാര്യതയിലൂടെ മാത്രമാണ് അവരതിൽ എത്തിച്ചേരുന്നത്. ഇവരെ തൊഴിലാളികളെന്ന് പോലും വിളിക്കാൻ പാടില്ല എന്ന് താങ്കൽ പറയുമ്പോൾ വീണ്ടും സമൂഹം അവരോട് കാണിക്കുന്ന ക്രൂരത ഓർത്ത് പരിതപിക്കാനെ കഴിയുകയുള്ളൂ /മഹാകഷ്ടമെന്നെ പറയാൻ കഴിയൂ.
    അതിന് താങ്കൾ പറയുന്ന ഒരുകാരണം രണ്ട് പേരും സുഖം അനുഭവിക്കുന്നു എന്നാണ്, താങ്കളുടെ അഭിപ്രായത്തി/അനുഭവത്തിൽ ശരിയാരിക്കാം(തെറ്റിദ്ധരിക്കരുത്). പക്ഷെ ഒരു നേരത്തെ ഭക്ഷണത്തിനും മക്കളുടെ സ്കൂൾ പഠനത്തിനും വേണ്ടി അന്യന്റെ വിഴുപ്പുപേറുന്ന സമൂഹ സൃഷ്ടികൾ (വിധിക്കപ്പെട്ടവർ) എന്ത് സുഖമാണ് ആ വേഴ്ചയിൽ അനുഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. ചിലപ്പോൾ മുതലാളി നീട്ടുന്ന ചീഞ്ഞനോട്ട് കയ്യിൽ കിട്ടുമ്പോൾ അനുഭവിക്കുന്ന സുഖമെന്ന് പറഞ്ഞാൽ മനസ്സിലാവും, ഏത് തൊഴിലാളിയും അനുഭവിക്കുന്നത് പോലെ.
    പിന്നെ വേശ്യകളെ കുറിച്ചാണെങ്കിൽ, എല്ലാം നഷ്ടപ്പെട്ടെന്ന് ധരിക്കുന്ന/ ക്ഷീണിച്ചെത്തുന്ന/മാനസ്സികമായി തളർന്ന് വരുന്ന ഒരാൾക്ക് ചെറിയ നിമിഷത്തേക്കെങ്കിലും ഇത്തിരി മനസ്സമാധാനം നൽകാൻ താങ്കൾ തൊഴിലാളികല്ലെന്ന് പറയുന്നവർ നൽകുന്നെന്ന് പറഞ്ഞാൽ അതിശയൊക്തിയാകില്ല എന്നാണ് എന്റെ വിശ്വാസം. ഒരർഥത്തിൽ പറഞ്ഞാൽ ലോകത്ത് ഒരു തൊഴിലാക്കും അവരുടെ മുതലാക്ക് ചെയ്ത് കൊടുക്കാൻ പറ്റാത്ത സുകൃതം എന്ന് വേണമെങ്കിൽ പറയാം (വേശ്യാവൃത്തിയെ ഞാൻ അനുകൂലിക്കുന്നെന്ന് ഇതിനാൽ അർഥമാക്കരുത്)

  8. പ്രശ്നത്തെ എന്റെ അനുഭവത്തിലെ സംതൃപ്തിയാക്കാനുള്ള താങ്കളുടെ ശ്രമം മനസിലാക്കുന്നു. വളരെ മോശം.

    തൊഴിലിനേക്കുറിച്ചുള്ള വസ്തു നിഷ്ടമായ വിശകലനമാണ് ഇവിടെ നടത്തിയത്.

    സംതൃപ്തിയെന്ന് പറഞ്ഞത് തലച്ചോറിലെ ചില രാസമാറ്റങ്ങള്‍ ആണ്. ആഹാരം കഴിക്കുമ്പോളും ലൈംഗിക വേഴ്ച്ച നടക്കുമ്പോഴുമാണ് ജീവികളില്‍ ഏറ്റവുമധികം സംതൃപ്തി തോന്നുന്നത്. അത് പരിണാമപരമായ കാര്യങ്ങളാണ്. dopamine എന്ന രാസസ്തു ആണ് ഈ സംതൃപ്തി ജനിപ്പിക്കുന്നത്. തൊഴിലാളി മൂല്യവര്‍ത്ഥിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുമ്പോള്‍ ലൈംഗിക വേഴ്ച്ചയുടെ ഫലമായി dopamine ആണ് ഉത്പാദിപ്പിക്കപ്പെടുന്നത്. അത് അതില്‍ പങ്കെടുത്ത ആളുകളില്‍ രണ്ടുപേരിലും ഒരുപോലെ ഉണ്ടാകുമ്പോള്‍ എന്തടിസ്ഥാനത്തില്‍ ഇതിനെ തൊഴിലെന്ന് പറയും?

    ലേഖനത്തിന്റെ ആദ്യത്തില്‍ പറഞ്ഞതുപോലെ സംസാരത്തൊഴിലാളികളേയും ഗുണ്ടാ തൊഴിലാളികളേയും സമൂഹം അംഗീകരിക്കുന്നുണ്ടോ? ഗുണ്ടകളും ജീവിക്കാന്‍ വേണ്ടിയല്ലേ അത് ചെയ്യുന്നത്. ചാനലില്‍ പ്രത്യക്ഷപ്പെടാറുള്ള പിടിക്കപ്പെട്ടിട്ടുള്ള ഗുണ്ടകളേ കണ്ടാല്‍ വളരെ കഷ്ടം തോന്നും.

    മുതലാളിത്ത സമൂഹത്തിന്റെ ഉല്പന്നമാണെന്നറിയാമല്ലോ എന്ന് താങ്കള്‍ പറയുന്നവല്ലോ. മുതലാളിത്തം ഇതല്ലാതെ ധാരാളം വേറെ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ടല്ലോ. എങ്കില്‍ അതല്ലേ ശരിയാക്കേണ്ടത്. അത് ശരിയാക്കിയാല്‍ മറ്റെല്ലാ പ്രശ്നങ്ങളും ഇല്ലാതാവില്ലേ.

  9. ഇദ്ദാണ് (തെറ്റിദ്ധരിക്കരുത്) എന്ന് ആദ്യമേ എഴുതിയത്. ഉല്പന്നങ്ങൾ വേണ്ടയെന്നുള്ളത് കൊണ്ട് മാത്രം ഉണ്ടാവുന്നില്ല/ഉണ്ടാക്കുന്നില്ല. സംസാരവും ഗുണ്ടാപണിയും തൊഴിലായി ഉയർത്തിക്കാണിച്ച് വേശ്യകളേ തൊഴിലാളികളല്ലാതാക്കുന്നതിനെക്കുറിച്ച് ഞാനെന്ത് പറയാൻ.
    “വേഴ്ച്ചയുടെ ഫലമായി dopamine ആണ് ഉത്പാദിപ്പിക്കപ്പെടുന്നത്. അത് അതില്‍ പങ്കെടുത്ത ആളുകളില്‍ രണ്ടുപേരിലും ഒരുപോലെ ഉണ്ടാകുമ്പോള്‍ എന്തടിസ്ഥാനത്തില്‍ ഇതിനെ തൊഴിലെന്ന് പറയും?“ രണ്ടാൾക്കും ലാഭമുള്ള തൊഴിലുകളിൽ പങ്കെടുക്കുന്നവരെ തൊഴിലാളിയെന്ന് വിളിക്കാൻപാടില്ലെന്ന് പറയുന്നത് ഏത് തത്വത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാവുന്നില്ല. മുതലാളിത്വം ഇല്ലാതാക്കാൻ താങ്കളോട് കൈകോർക്കാൻ ഞാനും തയ്യാറാണ്. എന്ന് വെച്ച് വേശ്യയുള്ളടെത്തോളം അവരെ തൊഴിലാളിയെന്ന് വിളിക്കേണ്ടിവരും.

  10. മാഷേ തെറ്റിദ്ധരിക്കരുതെന്ന് താങ്കള്‍ക്ക് ശരിക്കും ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ /അനുഭവത്തില്‍ എന്ന പ്രയോഗത്തിന്റെ ആവശ്യമില്ല. അഭിപ്രായത്തില്‍ എന്ന് മാത്രം മതി. അധികം ടൈപ്പു ചെയ്യുകയും വേണ്ട. താങ്കളൊഴികെ മുകളില്‍ അഭിപ്രായം പറഞ്ഞ ആരും അങ്ങനൊരു പ്രയോഗം നടത്തിയിട്ടില്ലല്ലോ.

    യഥാര്‍ത്ഥത്തില്‍ തൊഴിലാളിയും മുതലാളിയും ഒരു വശത്തും മറുവശത്ത് ഉപഭോക്താവുമാണ്. തൊഴിലാളിക്കും മുതലാളിക്കും ആണ് മിച്ചമൂല്യം ലഭിക്കുന്നത്. ഉപഭോക്താവിനാണ് പണം നഷ്ടപ്പെടുന്നത്. ഉപഭോക്താവിനും തൊഴിലാളി/മുതലാളിക്കും ഒരു പോലെ ലാഭം കിട്ടുന്ന ബിസിനസ്സുകള്‍ ഇല്ല എന്നാണ് എന്റെ അറിവ്.

    വേശ്യാ തൊഴിലാളികളോടൊപ്പം ഗുണ്ടാതൊഴിലാളികളും, സംസാരത്തൊഴിലാളികളും വിജയിക്കട്ടേ.

  11. നിയമവിധേയമായി മറ്റൊരാൾക്ക്‌ വേണ്ടി ചെയ്യുന്ന തൊഴിൽ വേതനത്തിന്റെ അടിസ്ഥാനത്തിലാണെങ്ങിൽ തൊഴിൽ ചെയ്യുന്ന ആളെ തൊഴിലാളിയെന്ന്‌ തന്നെ വിളിക്കാം. സംസാരിച്ചിരിക്കുന്നതിന്‌ വേതനം ലഭിക്കുന്നുണ്ടെങ്ങിൽ സംസാരതൊഴിലാളിയെന്ന്‌ വിളിക്കണം! സർവീസ്സ്‌ മേഖലയിൽ ജോലി ചെയൂന്നവരെ തൊഴിലാളി യെന്ന്‌ വിളിക്കുന്നുണ്ടല്ലോ?

    സംതൃപ്തി ലഭിക്കുന്നതിനാൽ തൊഴിലാളിയെന്ന്‌ വിളിക്കാൻ പറ്റുകയില്ലയെങ്ങിൽ, കൃഷി പണി ചെയ്യുന്ന തൊഴിലാളി സംതൃപ്തി ലഭിക്കുന്നതിനാൽ തൊഴിലാളിയല്ലാതാകുമോ? രണ്ടുപേരും ഒരെപോലെ സംപ്തൃതി നേടുന്നു എന്നൊക്കെ എഴുതിയാൽ, കഷ്ടം. വേശ്യയിൽ dopamine ഒരു ശതമാനവും ഉപഭോക്താവിന്‌ 99%…. ഇതായിരിക്കുമോ ഒരേപോലെ സംപ്തൃതി!

    ലൈംഗീക തൊഴിലാളിയെന്ന പേർ നല്കിയത്‌ ചൂക്ഷണ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന്നല്ല, മറിച്ച്‌ എന്തിന്റെ പേരിലായാലും വേശ്യാവൃത്തിയിൽ ജീവിക്കുന്നവർക്ക്‌ മനുഷ്യവകാശങ്ങളുണ്ടെന്നും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ നരകിച്ച്‌ ജീവിക്കാതെ വേശ്യാവൃത്തിയിൽ നിങ്ങളോടൊപ്പം ഏർപ്പെട്ട വ്യക്തികളുടെ കൂടെ തന്നെ ജീവിക്കുക എന്ന സന്ദേശം നല്കുകയാണ്‌. രണ്ട്‌ പേർ ഒരേ “തെറ്റ്‌” ചെയ്തിട്ട്‌, ഒരാൾ മാത്രം വേശ്യ, മറ്റൊരാൾ മാന്യൻ!

    താഴെക്കിടയിലുള്ള വേശ്യവൃത്തിക്ക്‌ ദാരിദ്ര്യം മുഖ്യകാരണമാകുമ്പോൾ മദ്ധ്യ-ഉപരി വർഗ്ഗ വേശ്യാവൃത്തി ഏത്‌ ഗണത്തിൽ പെടുത്തും? വേശ്യാവൃത്തി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇത്‌ മുതലാളിത്തവുമായി കൂട്ടിക്കെട്ടുന്നതിൽ ഒരു യുക്തിയുമില്ല. നിരോധിച്ചാൽ ഇല്ലതാകുകയുമില്ല. ദാരിദ്ര്യം കുറയ്‌ക്കുന്നതിനനുസരിച്ച്‌ താഴെക്കിടയിലുള്ള വേശ്യകളെ ഇല്ലാതാക്കാം, കാരണം അവരാണ്‌ ഏറ്റവും കൂടുതൽ ചൂക്ഷണത്തിന്‌ വിധേയമാകുന്നത്‌, സമൂഹത്തിൽ നിന്നും ഉപഭോക്താവിൽ നിന്നും.

    സമത്വം…. ചുമ്മാ പറഞ്ഞാൽ പോരാ … എങ്ങനെ? എവിടെ?

  12. ആരും സ്വമനസാലേയല്ല വേശ്യകളാകുന്നത്. വേശ്യകള്‍ എന്നത് സ്ത്രീകള്‍ മാത്രമല്ല. കുട്ടികളുമുണ്ട്. താങ്കള്‍ പറഞ്ഞതുപോലെ അവരെ സര്‍വീസ്സ്‌ മേഖലയില്‍ ഉള്‍പ്പെടുത്തിയാലും, അടിസ്ഥാന പ്രശ്നത്തിന് പരിഹാരമാകുന്നില്ല. ധാരാളം സാമൂഹ്യപ്രശ്നങ്ങള്‍ കൂടുതലായി ഉണ്ടാകും.
    dopamine effect നെ കളിയാക്കേണ്ട. അടിസ്ഥാനപരമായി വിലകൊടുത്ത് വാങ്ങുന്ന ലൈംഗിക വേഴ്ച്ചയെ dopamine വാങ്ങല്‍ എന്ന് പറയാം. മയക്കുമരുന്നുകളും dopamine ഉത്പാദനം കൂട്ടി സംതൃപ്തി നല്‍കുന്നവയാണ്. കിഴക്കനേഷ്യയിലെ ചില രാജ്യങ്ങളില്‍ തൊഴിലാളികള്‍ കൂടുതല്‍ സമയം സംതൃപ്തിയോടെ ജോലി ചെയ്യാന്‍ മയക്ക്മരുന്ന് നല്‍കാറുണ്ടായിരുന്നു. വേശ്യാവൃത്തിയെ വിഗ്രഹവത്കരിക്കുന്നതും നിയമനുസൃതമാക്കുന്നതും അത്തരത്തിലുള്ള പ്രവര്‍ത്തിയാണ്.
    സമൂഹത്തില്‍ ജനങ്ങളെ ബോധവാന്‍മാരകാതെ അധികാരികളുടെ ആജ്ഞകള്‍ അനുസരിക്കുന്ന virtual അടിമയാക്കുക. എന്ത് ചിന്തിക്കണം എന്ന് വരെ അധികാരികള്‍ അവരുടെ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. അടിമക്ക് സ്വയം തോന്നും തനിക്ക് എന്തിനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന്. എത്ര സുസ്ഥിരമായ വ്യവസ്ഥ.

  13. “വേശ്യകള്‍ എന്നത് സ്ത്രീകള്‍ മാത്രമല്ല. കുട്ടികളുമുണ്ട്. “ സ്തീകള്‍ മാത്രമല്ല പുരുഷന്മാരും സെക്സ് തൊഴിലാളികളായുണ്ട് എന്നത് മറക്കരുത്. സ്ത്രീയും പുരുഷനും ചേര്‍ന്ന സെക്സ് മാത്രമല്ല പുരുഷനും പുരുഷനും ചേര്‍ന്നവ നമ്മുടെ കേരളത്തില്‍ തന്നെ നടക്കുന്നില്ലേ?

    ഇനി ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ഇതില്‍ ഏര്‍പ്പെടേണ്ടി വരുന്ന നിര്‍ഭാഗ്യര്‍ക്ക് സംതൃപ്തി കിട്ടുന്നുണ്ട് എന്ന് ഇത്ര തറപ്പിച്ച് പറയുവാന്‍ കഴിയുമോ? മുംബൈയിലെ റെഡ് സ്ടീറ്റിലുള്ളവര്‍ക്ക് ഒരു ദിവസം തന്നെ എത്ര കസ്റ്റമേഴ്സിനെ തൃപ്തിപ്പെടുത്തേണ്ടി വരിക? അവിടം സന്തര്‍ശിച്ച് ലേഖനമെഴുതിയവര്‍ പറയുന്നത് ശരിയെങ്കില്‍ ശാരീരികവും മാനസികവും ആയി തളര്‍ന്നിരിക്കുന്ന സമയത്ത് പോലും കസ്റ്റ്മേഴ്സിനെ അവര്‍ക്ക് സ്വികരിക്കേണ്ടി വരുന്നു. അങ്ങിനെയെങ്കില്‍ ആ സമയത്ത് അവരില്‍ എന്ത് ഡോപ്പാമിനാണ് ഉല്‍പ്പാദിപ്പിക്കുവാന്‍ പോകുന്നത്?

    ഇത്തരം തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ ഭൂരിപക്ഷത്തിനും ക്രൂരമായ പീഡനമാണ് നേരിടേണ്ടി വരിക എന്ന് വെളിപ്പെടുത്തിയിട്ടുള്ളപ്പോള്‍ താങ്കളുടെ ഡോപ്പാമിന്‍ വാദം നിലനില്‍ക്കുമെന്ന് തോന്നുന്നുണ്ടോ?

    പരസ്പര സ്നേഹത്തോടെയുള്ള ലൈംഗിക വേഴ്ചയില്‍ താങ്കള്‍ പറയുന്ന “തുല്ല്യ അളവിലുള്ള” ഡോപ്പാമിന്‍ ഉല്പാദിപ്പിക്കപ്പെട്ടേയ്ക്കാം. എന്നാല്‍ ലൈംഗിക തൊഴിലാളികളില്‍?

    ശരിയാണ് സമൂഹത്തിന്റെ പ്രശ്നമാണ് ഇത്തരം തൊഴിലാളികള്‍ ഉണ്ടാകുവാന്‍ കാരണം. പക്ഷേ അതിന് പരുഹാരം എന്തുണ്ട്? മുബൈയില്‍ റെഡ് സ്ട്രീറ്റില്‍ എന്ത് നടക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം എന്നിട്ടും എന്തേ ഗവണ്മെന്റുകള്‍ റെഡ് സ്ട്രീറ്റ് ഇല്ലാതാക്കുവാന്‍ തുനിയുന്നില്ല?

    സര്‍ക്കാരുകള്‍ക്ക് കഴിയില്ല എങ്കില്‍ ഇതില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് അവരെ രക്ഷിക്കുവാന്‍ സംഘടിക്കേണ്ടിയിരിക്കുന്നു.

    പോക്കറ്റ് മണിക്ക് വേണ്ടി ശരീരം പങ്ക് വെയ്ക്കുന്ന പുത്തന്‍ സെക്സ് വില്‍പ്പനയല്ല മറിച്ച് ഇതിലേയ്ക്ക് വഞ്ചിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെടുവാനാകാതെ കഴിയുന്ന ഭാഗ്യം കെട്ടവര്‍ക്കാണ് നമ്മുടെ പിന്തുണ വേണ്ടത്.

  14. ക്രൂരമായ പീഡനമാണ് നേരിടുന്നത് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ പരിഹാരം എന്ത്?
    ഇത് നിയമവിധേയമാക്കുകയാണോ ചെയ്യേണ്ട്?

    ആസിയാന്‍ കരാറുപോലുള്ള കര്‍ഷക വിരുദ്ധ നിയമങ്ങള്‍ നടപ്പാക്കി കൃഷിക്കാരെ ആത്മഹത്യ ചെയ്യിപ്പിച്ച് അവരുടെ കുടുംബംങ്ങള്‍ ദരിദ്രമാക്കി അവരുടെ സ്ത്രീകളെ വേശ്യകളാക്കിയ ശേഷം വേശ്യവൃത്തി പാര്‍ശ്വവത്കരണത്തിന്റെ പേരില്‍ നിയവിധേയമാക്കുക. അത് തെറ്റായ മാര്‍ഗ്ഗമാണ്.

    80 കള്‍ വരെ സര്‍ക്കാര്‍ ചെയ്തിരുന്ന ജനക്ഷേമ പരിപാടികളില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തി എല്ലാം കച്ചവടമാക്കി. അതിനെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ആവശ്യത്തിനും അതിലധികം അനാവശ്യത്തിനും മാധ്യമവിചാരണയും കള്ള പ്രചരണവും ദിവസവും നിടത്തുന്നു.

    എന്താണ് അടിസ്ഥാന പ്രശ്നം എന്നതിലാണ് സമൂഹത്തിന് ഇപ്പോള്‍ ശ്രദ്ധ വേണ്ടത്.

  15. ജഗദീഷ്… വേശ്യയെന്ന്‌ വിളിച്ചാൽ അടിസ്ഥാന പ്രശ്നം മാറുമോ? ഇല്ലല്ലോ? തൊഴിലാളിയെന്ന്‌ വിളിച്ചാൽ തൊലിപുറമെയുള്ള കൊച്ചു പ്രശ്നമെങ്ങിലും മാറികിട്ടുമല്ലോ?

    ഞാൻ സർവീസ്സ്‌ മേഖലയെ ചൂണ്ടികാണിക്കാൻ കാരണം താങ്ങൾ പണം, ഉല്പാദനം, മൂല്യവർദ്ധിത ഉൽപന്നം, അദ്ധ്വാനം തുടങ്ങിയവയെ കൂട്ടുപിടിച്ച്‌ വേശ്യകൾ തൊഴിലാളിയല്ലയെന്ന്‌ സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴല്ലെ?

    dopamine നെ ഞാൻ കളിയാക്കിയതല്ല. പക്ഷെ സംപ്തൃതി രണ്ടുപേരിലും “ഒരേ അളവിൽ” എന്ന്‌ താങ്ങൾ പറയുകയും അതിന്‌ dopamine ന്റെ സഹായം തേടുകയും ചെയ്യുന്നു. അതിന്റെ അളവാണ്‌ എന്റെ കമെന്റിൽ! വിശദമായി മനോജിന്റെ കമന്റിലുണ്ട്‌.

    80 കൾ വരെ ജനക്ഷേമ പരിപാടികളിൽ നിന്ന്‌ അവരെ മാറ്റി നിരുത്തുവൻ കാരണം അവർ “വേശ്യകളായിരുന്നു”. സാമൂഹ്യദ്രോഹം ചെയുന്നവർ. പകൽ വെളിച്ചത്തിൽ കാണരുത്. അവരെ ദ്രോഹിക്കുന്നവർക്കെതിരെ ഒരു ശിക്ഷയും വേണ്ട. ഇതായിരുന്നു നമ്മുടെ പൊതു സമൂഹത്തിന്റെ മനോഭാവം.

    പട്ടിണിയിലൂടെ എത്തിപ്പെടുന്ന താഴെക്കിടയിലുള്ള ലൈംഗീക തൊഴിലാളികളെ സാമ്പത്തിക ഉന്നമനത്തിലൂടെ ബോധവൽകരണത്തിലൂടെ ഒരു പരിധി വരെ മാറ്റിയെടുക്കാം.

    ആസിയാൻ കരാറും വേശ്യവൃത്തിയും…. എവിടെക്കാണ്‌ യാത്ര?

  16. വേശ്യവൃത്തിയെ നിയമപരമായി അംഗീകരിച്ച വ്യവസ്ഥയാക്കുന്നതിനാണ് തൊഴിലാളി എന്ന് വിളിക്കുന്നത്. അതോടുകൂടി ഇവര്‍ക്ക് പ്രശ്നങ്ങളില്ലാത്ത ജനവിഭാഗമായി അധികാരികള്‍ക്ക് കണക്കാക്കാം. അതിനേക്കാള്‍ ശരി ദാരിദ്ര്യത്തിന് കാരണമാകുന്ന വിഷയങ്ങള്‍ ഇല്ലാതാക്കലാണ്.
    പൊതുവായി സേവന മേഖലയില്‍ എന്തൊക്കെ വേണമെന്നുള്ളത് ചര്‍ച്ച ചെയ്യേണ്ട വേറൊരു വിഷയമാണ്. അതുപോലെ dopamine effect നെക്കുറിച്ചും. ഇവയെക്കുറിച്ച് പ്രത്യേക ലേഖനങ്ങള്‍ വേറെ എഴുതാം.
    ദാരിദ്ര്യം ഉണ്ടാകുന്ന വഴികളിലൊന്നിന്റെ ഉദാഹരണത്തിനാണ് ആസിയാന്‍ കരാറിനേക്കുറിച്ച് പറഞ്ഞത്.

  17. വേശ്യാവൃത്തിയെ നിയമവിധേയമാക്കി, ഏർപ്പെടുന്നവരെ തൊഴിലാളികൾ എന്ന്‌ വിളിച്ച്‌, അവർക്ക്‌ എല്ലാവിധ മനുഷ്യവകാശങ്ങളും തൊഴിലവകാശങ്ങളും അനുവദിച്ച്‌ നീതിപൂർവം ഇടപെടുക, കണ്ണടച്ചാൽ ഇരുട്ടാവില്ല.

    നന്ദി.

  18. വേശ്യകളുടെ ഉപഭോക്താക്കള്‍ ആയ പകല്‍ മാന്യന്‍മാരെ വിളിക്കാന്‍ പാകത്തിന് നല്ലൊരു വാക്ക് പോലും ഇല്ല നമ്മുടെ ഭാഷകളില്‍.( വിടന്‍ എന്ന് ഒരു ഭംഗി വാക്കായി വിളിക്കാം) രംഭയും മേനകയും ദേവദാസികള്‍ ആയ നര്‍ത്തകിമാര്‍. അവരെ ആസ്വദിക്കുന്ന ദേവന്മാര്‍ എല്ലാം, മാന്യന്മാര്‍, ദൈവങ്ങള്‍. നമ്മള്‍ അവരെ പൂജിക്കുന്നു. അതുപോലെ തന്നെ അല്ലെ വേശ്യകള്‍, ലൈങ്കിക തൊഴിലാളികള്‍ എന്നൊക്കെ വിളിച്ചു ഇക്കൂട്ടരെ ആക്ഷേപിക്കുമ്പോള്‍ ( അവരെ ആദരിക്കണം എന്നല്ല) ഇവരുടെ ചൂഷണം ചെയ്യുന്ന പുരുഷ വര്‍ഗത്തെ ആരും കാണാതെ പോകുന്നത്. സമൂഹത്തില്‍ ഇവര്‍ എന്നും മാന്യര്‍ ആയി ജീവിക്കുകയും ചെയ്യുന്നു. വേശ്യകളെ ശ്രിഷ്ടിക്കുന്നത് പുരുഷ മേധാവിത്വ മനോഭാവികള്‍ ആണ്. സ്ത്രീകളെ വെറും ഒരു ലൈങ്കിക ഉപകരണമായി കാണാന്‍ അവര്‍ക്ക് വെളിച്ചം കാണിക്കുന്നത് പുരുഷാധിപത്യ മതങ്ങളും (എല്ലാം പുരുഷന്മാര്‍ ഉണ്ടാക്കിയതാണല്ലോ) ആണ്.

  19. ഇവിടെ വന്ന എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും നന്ദി.

    ഇനിയും കമന്റുകള്‍ പ്രതീക്ഷിക്കുന്നു. അവ എന്റെ ആശയങ്ങളെ തെറ്റ് തിരുത്തി കൂടുതല്‍ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. നന്ദി.

  20. ഒരു വേശ്യാ സമൂഹം നില നില്‍ക്കുന്നത് ശക്തമായ ഒരു ചൂഷണ വ്വ്യവസ്ഥിതി നില നില്‍ക്കുമ്പോഴാണ്. ദാരിദ്ര്യത്തിന്റെ കൂടി ഉല്പന്നമാണ് അത്. അതിനെ മഹത്വ വല്‍ക്കരിക്കുന്നത് അക്കൂട്ടരോട് ചെയ്യുന്ന അങ്ങേയറ്റത്തെ നീതി കേടാണ്. വന്‍ മാഫിയാ സംഘങ്ങളും , കുറ്റകരമായ ചൂഷണം കൂടീ ഉള്‍പ്പെട്ടതാ‍ണ് വേഷ്യാ വ്യവസ്ഥിതി. ഇച്ചാ ശക്തിയുള്ള സര്‍ക്കാരുകളും , പൊതുജനങ്ങളും ഈ ചൂഷിത സമൂഹത്തെ പുനരധിവസിപ്പിക്കേണ്ടതാണ്. ലൈംഗിക തൊഴിലാളികള്‍ എന്നൊക്കെ പറഞ്ഞ് ഇതിനെ മഹത്വ വല്‍ക്കരിക്കുന്നതിന്റെ പിന്നീലെ ലക്ഷ്യം അടിച്ചമര്‍ത്തലിന്റേത് തന്നെയാണ്.

  21. വേശ്യാവൃത്തി തൊഴിലായി അംഗീകരിച്ചാല്‍ മറ്റ് ധര്‍മ്മങ്ങള്‍ ഉള്ള അവയവങ്ങളെ പണിയായുധങ്ങളായി കരുതേണ്ടിവരും . പഴയോരു കഥ ഓര്‍മ്മവരുന്നു-
    പറമ്പില്‍ ആരോ നിക്ഷേപിച്ച വാറ്റുപകരങ്ങള്‍ കണ്ട് പോലീസ് ഗൃഹനാഥനെ അറസ്റ്റ് ചെയ്തു പ്പോള്‍ സരസനായ ആ വ്യക്തി പറഞ്ഞു
    എന്നാല്‍പ്പിന്നെ ബലാത്സംഗവും കൂടി ചാര്‍ജ്ജ് ചെയ്‍ചേക്കൂഅതിനുള്ള ഉപകരണവും എന്റെ കൈയ്യിലുണ്ടല്ലോ എന്ന്

ഒരു അഭിപ്രായം ഇടൂ