കെ. വേണുവിന്റെ വിക്കീലീക്സ് ലേഖനത്തേക്കുറിച്ച്

ശ്രീ. കെ. വേണു മാതൃഭൂമി പത്രത്തില്‍ ഡിസംബര്‍ 18 ആം തീയതി വിവരസാങ്കേതിക വിദ്യയും ജനാധിപത്യവുമെന്ന പേരില്‍ ഒരു ലേഖനം എഴുതി. അത് പ്രധാനമായി വിക്കീലീക്സിനേക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. എന്നാല്‍ തുടക്കത്തിലെ സാമാന്യവത്കരണത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വയറിനേക്കുറിച്ച് പറയുന്നുണ്ട്. അതില്‍ കടന്നുകൂടിയ ചില അബധ ധാരണകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

ലിനസ് ടോര്‍വാള്‍ഡ്സ് താന്‍ വികസിപ്പിച്ചെടുത്ത തുറന്ന പ്രവര്‍ത്തന പ്രവര്‍ത്തന വ്യവസ്ഥ മനുഷ്യ സമൂഹത്തിന് അര്‍പ്പിച്ചുവെന്നും, ലിനസ് ടോര്‍വാള്‍ഡ്സ് മനുഷ്യ സമൂഹത്തിന് അന്തര്‍ലീനമായ സമൂഹവത്കരണ പ്രക്രിയയുടെ പ്രതിഫലനമാണെന്നും അതില്‍ വിശേഷിപ്പിക്കുന്നുണ്ട്.

ഇത് പൂര്‍ണ്ണമായും ശരിയല്ല. ലിനസ് ടോര്‍വാള്‍ഡ്സ് വികസിപ്പിച്ചെടുത്ത ലിനക്സ് സമൂഹത്തിന് തുറന്നുകൊടുത്തു എന്നത് ശരിയാണ്. പക്ഷേ അതിന് കാരണം സമൂഹവത്കരണ പ്രക്രിയ ആയിരുന്നില്ല. പകരം അദ്ദേഹം ലിനക്സ് നിര്‍മ്മിക്കാനുപയോഗിച്ച ഉപകരണത്തിന്റെ ലൈസന്‍സ് ഉപയോഗിച്ച് പ്രസിദ്ധപ്പെടുത്തിയതാണ് കാരണം. അദ്ദേഹത്തിന്റെ പില്‍കാലത്തെ ചരിത്രം നോക്കിയാല്‍ അദ്ദേഹത്തിന് സമൂഹ്യബോധത്തോട് പുച്ഛമായിരുന്നു എന്ന് നമുക്ക് കാണാം. അത് മാത്രവുമല്ല ലിനസ് ടോര്‍വാള്‍ഡ്സ് അദ്ദേഹത്തിന്റെ കോളേജ് പ്രൊജക്റ്റായി നിര്‍മ്മിച്ച് ലിനക്സ് വളരെ ചെറിയ സംവിധാനമായിരുന്നു. അതിനെ ഇന്നത്തെ രീതിയില്‍ വളര്‍ത്തിയെടുത്തതില്‍ ശ്രീ വേണു പറയുന്നതുപോലെ സാമൂഹ്യ ബോധമുള്ള ധാരാളം സന്നദ്ധപ്രവര്‍ത്തകരുടെ അദ്ധ്വാനഫലമായിട്ടാണ്. കൂടാതെ പുതിയ പുതിയ സാദ്ധ്യതകള്‍ ലഭ്യമാക്കാന്‍, 3000 ല്‍ അധികം സന്നദ്ധപ്രവര്‍ത്തക പ്രോഗ്രാമെഴുത്തുകാര്‍ ലിനക്സ് എന്ന പ്രോഗ്രാമിന് വേണ്ടി ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ ലിനസ് ടോര്‍വാള്‍ഡ്സ് ലിനക്സ് നിര്‍മ്മാണത്തിന്റെ തുടക്കം കുറിക്കുന്നതിന് 8 വര്‍ഷങ്ങള്‍ക്ക് മുമ്പ് Free Software Foundation (FSF) എന്നൊരു പ്രസ്ഥാനം അമേരിക്കയില്‍ ആരംഭിച്ചിരുന്നു. ഒരു സ്വതതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റവും മറ്റ് ഉപയോഗ പ്രോഗ്രാമുകളും നിര്‍മ്മിക്കുകയും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ ഈ കാലത്ത് പരമ്പരാഗത പകര്‍പ്പവകാശ (copyright)നിയമങ്ങള്‍ തിരുത്തി, പകര്‍പ്പുപേക്ഷ (copyleft) എന്ന ആശയത്തിലടിസ്ഥാനമായ നിയമങ്ങള്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കപ്പെട്ട സ്വതന്ത്ര പ്രോഗ്രാമുകളെ(സോഫ്റ്റ്‌വയറുകളെ) കുത്തകകളില്‍ നിന്ന് സംരക്ഷികയുമായിരുന്നു അവരുടെ ലക്ഷ്യം. ഗ്നൂ (GNU) എന്ന പേരിലാണ് അവര്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തെ വിളിച്ചത്.

1983 മുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വയര്‍ പ്രവര്‍ത്തകര്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഘടകങ്ങള്‍ ഓരോന്നായി നിര്‍മ്മിച്ചുകൊണ്ടിരിക്കുകയായിരുന്നു. സഹായത്തിന് വ്യവസായികളെ സമീപിച്ചെങ്കിലും ആര്‍ക്കും സമൂഹനന്മക്കു വേണ്ടിയുള്ള ഈ ശ്രമത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. കൊള്ള ലാഭം വേഗത്തിലുണ്ടാക്കാനുള്ള വഴി ഇല്ലാത്തതിനാലാവാം. ഈ ശ്രമം വിജയിക്കില്ല എന്നാണ് പലരും കരുതിയിരുന്നത്.

സ്വതന്ത്ര സോഫ്റ്റ്‌വയര്‍ പ്രവര്‍ത്തകര്‍ നിര്‍മ്മിക്കുന്ന പ്രോഗ്രാമുകളെ നാല് പ്രധാന അവകാശങ്ങള്‍ നല്‍കുന്ന ഒരു നിയമം വഴിയാണ് പ്രസിദ്ധപ്പെടുത്തിയത്. GNU General Public Licence എന്ന GPL ലൈസന്‍സ് പകര്‍പ്പുപേക്ഷയിലടിസ്ഥാനമായ നിയമമാണ്. നിലനില്‍ക്കുന്ന നിയമ വ്യവസ്ഥയുടെ കരുക്കള്‍ ഉപയോഗിച്ച് നന്നെ സ്വതന്ത്ര സോഫ്റ്റ്‌വയറുകളെ മറ്റുള്ളവര്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് സംരക്ഷിക്കുകയാണിത് ചെയ്യുന്നത്. GPL അല്ലാതെ മറ്റ് പല ലൈസന്‍സുകളും സ്വതന്ത്ര സോഫ്റ്റ്‌വയര്‍ പ്രസ്ഥാനം(FSF) വികസിപ്പിച്ചിട്ടുണ്ട്.

GPL ലൈസന്‍സ്, അടിസ്ഥാന നിയമങ്ങള്‍

 1. പ്രവര്‍ത്തിപ്പിക്കാനുള്ള സ്വാതന്ത്രം.
 2. സ്വന്തം ആവശ്യത്തിന് വേണ്ടി പ്രോഗ്രാം പരിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം. ഇങ്ങനെ പരിഷ്കരിക്കണമെങ്കില്‍ സോഴ്സ് കോഡ് എന്ന ബ്ലൂപ്രിന്റ് ഉപയോഗിക്കുന്ന ആളിന് ലഭ്യമാകണം. കുത്തക സോഫ്റ്റ്‌വെയറുകളില്‍ അത് രഹസ്യമാണ്.
 3. പ്രോഗ്രാം പങ്കുവെക്കാനുള്ള സ്വാതന്ത്ര്യം. ഇവിടെയാണ് പകര്‍പ്പവകാശം പ്രശ്നമുണ്ടാക്കുന്നത്. കുത്തക സോഫ്റ്റ്‌വെയറുകള്‍ പകര്‍പ്പവകാശത്തോടെ പ്രസിദ്ധീകരിക്കുന്നതിനാല്‍ അവ ആരെങ്കിലും കോപ്പിചെയ്യുന്നത് നിയമവിരുദ്ധമാണ്. അങ്ങനെ ചെയ്യുന്നവരെ കടല്‍കൊള്ളക്കാര്‍ എന്നാണ് യഥാര്‍ത്ഥ കടല്‍കൊള്ളക്കാരായ കമ്പനികളും അധികാരികളും വിളിക്കുന്നത്. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വയര്‍ പകര്‍പ്പുപേക്ഷയാണ് ആധാരമാക്കുന്നത്. അത് കോപ്പിചെയ്യുന്നതിനെ തടയുന്നില്ല. പക്ഷേ കോപ്പി ചെയ്യുമ്പോള്‍ അത് സ്വീകരിക്കുന്നവനും GPL ലൈസന്‍സില്‍ പറഞ്ഞ എല്ലാ അവകാശങ്ങളും ലഭിക്കണം എന്നുമാത്രം. അതായത് കോപ്പി കിട്ടുന്നവനും അത് കോപ്പിയെടുത്ത് വിതരണം ചെയ്യാം.
 4. പരിഷ്കരിക്കരിച്ച പ്രോഗ്രാമുകളും പങ്ക് വെക്കാനുള്ള അവകാശം. 2 ഉം 3 ഉം കൂടിച്ചേര്‍ന്ന അവകാശമാണിത്.

ഇത്തരത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം (FSF) വികസിപ്പിച്ചെടുത്ത ഒരു പ്രോഗ്രാമാണ് GCC (Gnu C Compiler). കമ്പൈലര്‍ എന്ന വിഭാഗത്തിലുള്ള പ്രോഗ്രാമാണിത്. കമ്പൈലര്‍ ഒരു ദ്വിഭാഷിയാണ്. മനുഷ്യന്‍ പ്രോഗ്രാമെഴുതുന്ന ഭാഷ കമ്പ്യൂട്ടറുകള്‍ക്ക് മനസിലാവില്ല. അവ വേറൊരു ഭാഷയാണ് സംസാരിക്കുന്നത്. അതുകൊണ്ട് സോഴ്സ് കോഡ് എന്ന് വിളിക്കുന്ന മനുഷ്യ ഭാഷയിലെ എഴുത്തിനെ കമ്പ്യൂട്ടര്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ് ഈ കമ്പൈലര്‍ പ്രോഗ്രാമിന്റെ ജോലി. (ഇതും ഒരു പ്രോഗ്രാമാണ്!)

നൂറുകണക്കിന് ചെറു പ്രോഗ്രാമുകളുടെ ഒരു സമ്മേളനമാണ് ഒരു ഓപ്പറേറ്റിങ് സിസ്റ്റം. ഉദാഹരണത്തിന് കാറിനെ നോക്കൂ. എത്രയേറെ ചെറുതും വലുതുമായ ഘടകങ്ങളാണ് കാറിലുള്ളത്. ഏറ്റവും പ്രധാനം എഞ്ജിന്‍ ആണ്. പക്ഷേ എഞ്ജിന്‍ കൊണ്ട് മാത്രം കാര്‍ ആവുകയില്ലല്ലോ. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. നാം ഇന്ന് ലിനക്സ് എന്ന് വിളിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ആയിരക്കണക്കിന് പ്രോഗ്രാമുകള്‍ ഉണ്ട്. അതില്‍ ഒന്നു മാത്രമാണ് ശരിക്കും ലിനക്സ് എന്നു വിളിക്കുന്ന പ്രോഗ്രാം.

ലിനസ് ടോര്‍വാള്‍ഡ്സ് 1991 ല്‍ ലിനക്സ് പ്രോഗ്രാം എഴുതാന്‍ തുടങ്ങി. താരതമ്യേന ലഘുവായ monolithic കേര്‍ണല്‍ രൂപകല്‌പന(Architecture)യില്‍ അടിസ്ഥാനമായി വികസിപ്പിച്ച അതില്‍ അദ്ദേഹം ഒറ്റക്കലായിരുന്നു പ്രവര്‍ത്തിച്ചത്. MINIX എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സംഘത്തിലേക്കാണ് ലിനസ് ആദ്യം ഇങ്ങനെയൊരു പരിപാടി തുടങ്ങുന്നു എന്ന് അറിയിച്ചത്. അവരില്‍ ധാരാളം പേര്‍ ലിനക്സിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം നിര്‍മ്മിച്ച നേരത്തേ പറഞ്ഞ GCC യും Bash എന്ന മറ്റൊരു ഗ്നൂ പ്രോഗ്രാം ഉള്‍പ്പടെ ധാരാളം ഗ്നൂ പ്രൊജക്റ്റുകള്‍ ആദ്യം മുതലേ ലിനക്സ് ഉപയോഗിച്ചിരുന്നു. 0.01 വെര്‍ഷന്‍ ലിനക്സ് സ്വന്തമായ ലൈസന്‍സ് അടിസ്ഥാനമായാണ് പ്രസിദ്ധപ്പെടുത്തിയത്. വെറും ലിനക്സ് പ്രോഗ്രാം ഒന്നുമല്ലെന്നും ഗ്നൂവിന്റെ ഘടകങ്ങളാണ് കൂടുതലും ഉപയോഗക്കുന്നത് എന്നും അദ്ദേഹം ആദ്യത്തെ റിലീസില്‍ തന്നെ പറഞ്ഞിരുന്നു. പിന്നീട് 0.99 വെര്‍ഷന്‍ ലിനക്സില്‍ സ്വന്തമായ ലൈസന്‍സ് ഉപേക്ഷിച്ച് ഗ്നൂ പ്രൊജക്റ്റുപയോഗിക്കുന്ന GPL ലൈസന്‍സില്‍ തന്നെ ലിനക്സ് പ്രോഗ്രാമും പ്രസിദ്ധപ്പെടുത്താന്‍ അദ്ദേഹം തയ്യാറായി. അദ്ദേഹം എടുത്ത ഏറ്റവും നല്ല ഒരു തീരുമാനമായിരുന്നു അത് എന്ന് അദ്ദേഹം പില്‍കാലത്ത് പറയുകയുണ്ടായി. അല്ലെങ്കില്‍ ലിനക്സ് സാധാരണ കോളേജ് പ്രജക്റ്റ് പോലെ പൊടിപിടിച്ച് കിടന്നേനെ.

ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം നിര്‍മ്മിക്കാന്‍ അനേകായിരം പ്രോഗ്രാമുകള്‍ എഴുതണമെന്ന് നേരത്തേ പറഞ്ഞല്ലോ. ശക്തരായ കമ്പനികളുടെ പോലും സഹായമില്ലാതെ ഇവ എഴുതണമെങ്കില്‍ വലിയ നിശ്ചയദാര്‍ഢ്യം കൂടിയേതീരു. പ്രോഗ്രാമിന്റെ സങ്കീര്‍ണതയില്‍ ഏറ്റവും വലുത് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കാമ്പ് ആയ ലിനക്സ് പോലുള്ള പ്രോഗ്രാമുകളാണ്. അവയേ കേര്‍ണല്‍ പ്രോഗ്രാമെന്നു വിളിക്കുന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വൈഷമ്യത്തിന്റെ പരമോന്നതിയിലുള്ള മൈക്രോ കേര്‍ണല്‍ എന്ന തരം കേര്‍ണല്‍ പ്രോഗ്രാമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം വികസിപ്പിക്കാന്‍ ശ്രമിച്ചത്. 1986 ല്‍, അതായത് ലിനക്സ് ഉണ്ടാകുന്നതിനും അഞ്ച് കൊല്ലം മുമ്പ്, ആണ് അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പലതവണ രൂപകല്‌പന(Architecture) മാറ്റി. പക്ഷേ ഇന്നുവരെ അത് വിജയകരമായി പ്രവര്‍ത്തിപ്പിക്കാനാവുന്ന രീതിയില്‍ വികസിപ്പിക്കാനായില്ല.

1991 ല്‍ ലിനക്സ് പ്രോഗ്രാം പ്രസിദ്ധപ്പെടുത്തിയപ്പോള്‍ ടോര്‍വാള്‍ഡ്സ് ഗ്നൂ വിന്റെ ഘടകങ്ങളും ചേര്‍ത്താണ് പ്രസിദ്ധപ്പെടുത്തിയത്. പക്ഷേ അദ്ദേഹം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ ബന്ധപ്പെടുകയൊന്നും ചെയ്തില്ല. GPL ലൈസന്‍സിന്റെ പ്രത്യേകത കൊണ്ടുതന്നെ ആര്‍ക്കും ഈ പ്രോഗ്രാമുകളൊക്കെ കോപ്പിചെയ്യാനും വിതരണം ചെയ്യാനും അവകാശമുണ്ടല്ലോ. ടോര്‍വാള്‍ഡ്സ് ചെയ്തതുപോലെ മറ്റുള്ളവരും ലിനക്സ് കേര്‍ണല്‍ പ്രോഗ്രാമും ആയിരക്കണക്കിന് ഗ്നൂ പ്രോഗ്രാമുകളും ചേര്‍ത്ത് വിതരണം ചെയ്തു തുടങ്ങി. അതോടൊപ്പം ആയിരക്കണക്കിന് പുതിയ സന്നദ്ധപ്രവര്‍ത്തര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി ധാരാളം പ്രോഗ്രാമുകള്‍ എഴുതിക്കൊണ്ടിരിക്കുന്നു. ഇന്ന് 25000 ത്തോളം സ്വതന്ത്ര പ്രോഗ്രാമുകള്‍ ഡബിയന്‍ എന്ന വിരണക്കാരുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിലുണ്ട്.

പക്ഷേ ഈ വിതരണക്കാരില്‍ മിക്കവര്‍ക്കും ഇത് ഗ്നൂ പ്രോജ്ക്റ്റിന്റെ ഭാഗമായി നിര്‍മ്മിച്ച പ്രോഗ്രാമുകളാണ് ഇവയെന്ന് അറിയില്ലായിരുന്നു. അതോ അറിയാത്തതായി നടിച്ചു. അവരെല്ലാം ഇതിന് ലിനക്സ് എന്ന് വിളിച്ചു. പക്ഷേ ലിനക്സ് എന്നത് ഗ്നൂവിന്റെ 25000 പ്രോഗ്രാമുകളില്‍ ഒന്നു മാത്രമാണ്. അതുകൊണ്ട് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ആവശ്യപ്പെടുന്നത് ഈ ഓപ്പറേറ്റിങ് സിസ്റ്റത്തെ ഗ്നൂ/ലിനക്സ് എന്ന് വിളിക്കണമെന്നാണ്. അല്‍പ്പം അംഗീകാരം ഗ്നൂവിനും കൊടുത്തുകൂടെ. കുറഞ്ഞപക്ഷം അവരല്ലേ ഇത് തുടങ്ങിയതും നിയമങ്ങളുണ്ടാക്കിയും കൂടുതല്‍ പണി എടുത്തതും.

എന്തുകൊണ്ട് ഗ്നൂ മറക്കപ്പെടുന്നു
ഒരു പൊതു പ്രശ്നത്തിന് പരിഹാരം പൊതുവായി കാണുന്നത് അത്ര അംഗീകാരമുള്ള രീതിയല്ല. ഉദാഹരണം പൊതു ഗതാഗത പ്രശ്നം. പൊതു ഗതാഗതം മെച്ചമാക്കാനുള്ള പരിപാടികള്‍ക്ക് പകരം ആളുകള്‍ അത് പരിഹരിക്കുന്നത് സ്വന്തം കാര്‍ വാങ്ങിയാണല്ലോ. അതുപോലെ തന്നെ രക്ഷക സങ്കല്‍പ്പവും സമൂഹത്തില്‍ പ്രചാരമുള്ള ആശയമാണ്. ഒരു രക്ഷകന്‍ പ്രത്യക്ഷപ്പെട്ട് നമ്മുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും എന്ന വിശ്വാസം. കാലാകാലങ്ങളില്‍ നാം നമ്മുടെ നിലവാരമനുസരിച്ച് പുതിയ പുതിയ രക്ഷകരെ കണ്ടെത്തിക്കോണ്ടിരിക്കുന്നു. “ലിനക്സ്” എന്ന പേരും ലിനസ് ടോര്‍വാള്‍ഡ്സും അങ്ങനെയുള്ളതാണ്.

അധികാരികളെ (മൂലധനം) സംബന്ധിച്ചടത്തോളം ജനങ്ങള്‍ സംഘം ചേര്‍ന്ന് ഒരു പൊതുപ്രശ്നം പരിഹരിക്കുന്നത് ഒട്ടും താല്‍പ്പര്യമുള്ള വിഷയമല്ല. കാരണം അത് അധികരികളുടെ ശക്തി ക്ഷയിപ്പിക്കും. 80 കള്‍ വരെ ജനങ്ങള്‍ സംഘടിതരായിരുന്നു. സമൂഹത്തില്‍ അതിന്റേതായ മൂല്യങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ജനങ്ങള്‍ ഒറ്റപ്പെട്ടു. ജനാധിപ്യപരമായി സംഘടിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതെയായി. അത് അധികാരികളുടെ ശക്തി വളരേറെ വര്‍ദ്ധിപ്പിച്ചു. 70,000 കോടി ഡോളറിന്റെ ധനസഹായം ആ പ്രശ്നം ഉണ്ടാക്കിയവര്‍ക്ക് തന്നെ നല്‍കാന്‍ വെറും മൂന്ന് പേജ് നിയമം മതി. ഒരു പരമാധികാര രാജ്യത്തെ ആക്രമിച്ച് അവിടുത്തെ സ്ത്രീകളേയും കുട്ടികളേയും കൊന്നൊടുക്കാന്‍ വെറുമൊരു കള്ളം പറഞ്ഞാല്‍ മതി. ഈ അവസരത്തില്‍ ജനങ്ങള്‍ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് സംഘം ചേരുന്നത് അവര്‍ക്ക് തീരെ അംഗീകരിക്കാനാവില്ല. അതുകൊണ്ട് മുഖ്യധാരാ മാധ്യമങ്ങള്‍ സ്വാതന്ത്ര്യത്തെ കൈയ്യൊഴിഞ്ഞു. പിന്നെയെന്തുണ്ട് ബാക്കി? സാങ്കേതിക മികവ് മാത്രം.

അതാണ് ടോര്‍വാള്‍ഡ്സും അദ്ദേഹത്തേ പോലുള്ള മറ്റ് ചിലരും പ്രചരിപ്പിക്കുന്ന ആശയം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആശയത്തെ ടോര്‍വാള്‍ഡ്സിന് പുച്ഛമാണ്. ഒരു ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞത് ആശയപരമായ കാരണം കൊണ്ട് ഒരു പ്രോഗ്രാം ഉപയോഗിക്കാതിരിക്കുന്നവര്‍ വിഡ്ഢികളാണെന്നാണ്. കൂടാതെ അവര്‍ ചിന്തിക്കുന്നത് തലച്ചോറുകൊണ്ടല്ല പകരം ലൈംഗികാവയവം കൊണ്ടാണെന്നു പറഞ്ഞാണ് അദ്ദേഹം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ അപമാനിച്ചത്. അദ്ദേഹത്തിന്റെ പോലെ സാങ്കേതിക മികവ് മാത്രം താല്‍പ്പര്യമുള്ള ഒരു കൂട്ടം ആളുകള്‍ 1998 ല്‍ ഓപ്പണ്‍ സോഴ്സ് പ്രസ്ഥാനം ആരംഭിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ആരംഭിച്ച് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെ ഒരു സംരംഭം തുടങ്ങിയത് എന്ന് ഓര്‍ക്കണം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സെഴ്സ് കോഡ് ഓപ്പണ്‍ ആയി നല്‍കുന്നെങ്കില്‍ പിന്നെ എന്തിന് വേറൊരു ഓപ്പണ്‍ സോഴ്സ് പ്രസ്ഥാനം? ഉട്ടോപ്യയെന്ന് വ്യവസായികള്‍ തള്ളിക്കളഞ്ഞ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിജയകരമായി ഓപ്പറേറ്റിങ് സിസ്റ്റം നിര്‍ച്ചപ്പോള്‍ അതിലെ സ്വാതന്ത്ര്യത്തെ ഒഴുവാക്കി സാങ്കേതിക മികവ് മാത്രം കേന്ദ്രീകരിച്ച് സോഫ്റ്റ്‌വെയര്‍ വികസനം നടത്താണ് ഓപ്പണ്‍ സോഴ്സ് പ്രസ്ഥാനം. ലൈസന്‍സിന്റെ കാര്യത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം കണിശക്കാരാണ്. സ്വാതന്ത്ര്യം തന്നെ അവര്‍ക്ക് പ്രധാനം. ഓപ്പണ്‍ സോഴ്സ്കാര്‍ക്ക് ലൈസന്‍സ് പ്രശ്നമല്ല. അതുകൊണ്ട് സ്വാതന്ത്ര്യം നല്‍കുന്ന ചില പ്രോജക്റ്റുകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും ഓപ്പണ്‍ സോഴ്സ് പ്രസ്ഥാനവും ഒന്നിച്ച് പ്രവര്‍ത്തിക്കാറുണ്ട്.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഭാവി
വിജയകരമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കമ്പനികളെ കുത്തക കമ്പനികള്‍ വിലക്ക് വാങ്ങിക്കൊണ്ടിരിക്കുകയാണ്. കമ്പനി എന്നാല്‍ കുറച്ച് ശമ്പളം ലഭിക്കുന്ന ജോലിക്കാരും വളരേധിക്കം സന്നദ്ധപ്രവര്‍ത്തരും ചേര്‍ന്നതാണ് പലപ്പോഴും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കമ്പനികള്‍. ഡാറ്റാബേസ് വിഭാഗത്തിലുള്ള MySQL എന്നൊരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉണ്ട് MySQL AB എന്നൊരു കമ്പനി ആണ് അത് നിര്‍മ്മിച്ചത്. വളരെ വിജകരമായ ആ കമ്പനി സോഫ്റ്റ്‌വെയര്‍ കോര്‍പ്പറേറ്റ് ഭീമന്‍ ഒറക്കിള്‍(Oracle Corporation)ന്റെ കൈവശമാണ് . അതുപോലെയൊന്നാണ് QT എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ച Trolltech എന്ന കമ്പനി. അതിനെ നോക്കിയ(Nokia) വിലക്ക് വാങ്ങി. അങ്ങനെ അനേകം പിടിച്ചടക്കല്‍. ഈ വലിയ കുത്തക കമ്പനികള്‍ ഇപ്പോള്‍ രണ്ട് വിഭാഗത്തിള്ള (സ്വതന്ത്രവും കുത്തകയും) സോഫ്റ്റവെയറുകള്‍ നല്‍കുന്നു. പക്ഷേ അത് എത്ര നാള്‍ കാണുമെന്നതിന് ഒരു ഉറപ്പുമില്ല. ഒരു ദിവസം അവരുടെ മൊത്തം സ്വതന്ത്ര സോഫ്റ്റവെയറുകളും കുത്തകയായി മാറാം.

സാങ്കേതികവിദ്യാ അതിവിദഗ്ധര്‍ക്ക്(geeks) സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വളരെ പ്രീയപ്പെട്ടതായി. പ്രസ്ഥാനത്തിന്റെ അടിസ്ഥാനമായ സ്വാതന്ത്ര്യം എന്ന ആശയത്തേക്കാളേറെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും, വികസനവും, പ്രചരണവും ഈ അതിവിദഗ്ധര്‍ ചെയ്തു. ഈ അരാഷ്ട്രീയവത്കരണത്തിന്റെ ഫലമായി സ്വതന്ത്ര സോഫ്റ്റ്‌വയര്‍ പ്രസ്ഥാനം നിര്‍മ്മിച്ച സമൂഹം തന്നെ സ്വതന്ത്ര സോഫ്റ്റ്‌വയര്‍ ആശയങ്ങളെ വൈചിത്ര്യങ്ങളായി കാണുന്നു.

ഒന്നും നമുക്ക് സൗജന്യമായി ലഭിക്കുന്നതല്ല. സ്വാതന്ത്ര്യവും അങ്ങനെതന്നെ. നേടിയ സ്വാതന്ത്ര്യം നാം കണ്ണിലെണ്ണയൊഴിച്ച് കാക്കുന്നതു പൊലെ കാത്തു സൂക്ഷിക്കണം. അല്ലെങ്കില്‍ അത് ജനാധിപത്യം പോലെ നഷ്ടപ്പെടും. അമേരിക്കന്‍ ഭരണഘടന ജനാധിപത്യമൂല്യങ്ങളിലാണ് വിശ്വസിക്കുന്നത്. എന്നാല്‍ അതേ ഭരണഘടന അനുസരിച്ചെന്ന പേരില്‍ പ്രവര്‍ത്തിക്കന്ന അമേരിക്ക ഇന്ന് ഒരു ഫാസിസ്റ്റ് ഏകാധിപത്യ രാജ്യമാണ്. അതുകൊണ്ടാണ് മറ്റുള്ളവര്‍ പുച്ഛിച്ചിട്ടും വിഷമങ്ങള്‍ സഹിച്ച് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം സ്വാതന്ത്ര്യത്തിന് അത്യധികം പ്രാധാന്യം നല്‍കുന്നത്.

ശ്രീ വേണുവിനേ പോലുള്ളവര്‍ക്ക് ഈ രംഗത്തിനകത്ത് നടക്കുന്ന വിശദമായ കാര്യങ്ങള്‍ അറിയാനുള്ള അവസരം കുറവാണ്. കൂടാതെ മാധ്യമങ്ങള്‍ അരാഷ്ട്രീയവത്കരണവും വിഗ്രഹ നിര്‍മ്മാണവും പ്രീയമായതു കൊണ്ട് ടോര്‍വാള്‍ഡിനേയും മറ്റും മാത്രം ലേഖനങ്ങളെഴുതും. അതും തെറ്റിധാരണകള്‍ സ്ഥിരപ്പെടുത്താനും സഹായിക്കും. നമ്മുടെ നാട്ടിലെ ഒരു സെലിബ്രിറ്റിയാണ് ശ്രീ. കെ വേണു. ധാരാളം ആളുകള്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വായിക്കുന്നുണ്ട്. അപ്പോള്‍ ഇത്തരത്തിലുള്ള ഒരു തെറ്റ് വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ ഗീബല്‍സിന്റെ തന്ത്രം പോലെ കള്ളം സത്യമായി മാറും. ശ്രീ വേണുവിനോട് ബന്ധമുള്ള ആരെങ്കിലും ഈ കുറിപ്പ് അദ്ദേഹത്തിനെത്തിച്ചു കൊടുക്കണമെന്ന് അപേക്ഷിക്കുന്നു. അതല്ല അദ്ദേഹം മനപ്പൂര്‍വ്വമാണ് ഇത് ചെയ്യുന്നതെങ്കില്‍ ഒന്നും പറയാനില്ല.

ഇവിടെ പറഞ്ഞതെല്ലാം വ്യക്തിപരമായ അഭിപ്രായങ്ങളാണ്. വിശദമായ പരിശോധനക്കും ചര്‍ച്ചകള്‍ക്കും ശേഷം ശരികള്‍ സ്വീകരിക്കുക.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

15 thoughts on “കെ. വേണുവിന്റെ വിക്കീലീക്സ് ലേഖനത്തേക്കുറിച്ച്

 1. ഇപ്പോഴും സ്കൂളുകളിലായും കോളേജുകളിലായും കുട്ടികളെ പഠിപ്പിക്കുന്നത് തന്നെ ലിനക്സ് OS എന്ന് തന്നെയാണ്. Linux എന്താണെന്ന് പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും അറിയില്ലായെന്നുള്ള മറ്റൊരു വാസ്തവം. hurd എന്നൊരു മറ്റൊരു kernel ില്‍ കൂടി gnu work ചെയ്യുന്ന കാര്യം എത്ര പേര്‍ക്ക് അറിയാം. അത് പോലെ തന്നെ grub/lilo പോലുള്ള boot loader ഇല്ലാതെ എങ്ങനെയാണ് ഒരു OS boot ആകുന്നത്.

 2. ഏകദേശം ഇതേ ആശയം തന്നെ അദ്ദേഹം കുറച്ചു കാലം മുന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിരുന്നു. അദ്ദേഹത്തിനു് ഈ മേഖലയിലുള്ള അറിവില്ലായ്മയാകാം കാരണം.

  “കെ.വേണു(മാതൃഭൂമി ആഴ്ചപതിപ്പു്): “…. വിവരസാങ്കേതിക വിദ്യയുടെ രംഗത്തു് സമീപകാലത്തുണ്ടായ ഒരു സംഭവവികാസം മുതലാളിത്തത്തില്‍ അന്തര്‍ലീനമായ സമൂഹവത്കരണപ്രക്രിയയെ ഭംഗിയായി അനാവരണം ചെയ്യുകയുണ്ടായി. ബില്‍ഗേറ്റ്സ് എന്ന ഒരു അമേരിക്കന്‍ യുവാവ് താന്‍ ആവിഷ്കരിച്ച സോഫ്റ്റ്‌വെയര്‍ സംവിധാനം ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായപ്പോള്‍, ലിനസ് ടൊര്‍വാള്‍ഡ്സ് എന്ന ഒരു യൂറോപ്യന്‍ ചെറുപ്പക്കാരന്‍ താന്‍ ആവിഷ്കരിച്ച സംവിധാനം മുഴുവന്‍ മനുഷ്യ സമൂഹത്തിനുമായി തുറന്നു കൊടുത്തു. ലിനസ് ടൊര്‍വാള്‍ഡ്സ് എന്തെങ്കിലും പ്രത്യയ ശാസ്ത്രത്തിന്റെ പേരിലല്ല അതു ചെയ്തതു്. ഓരോ മനുഷ്യനിലും അന്തര്‍ലീനമായ സാമൂഹിക ഘടകമാണു് അതിനു് പ്രേരണ. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനങ്ങള്‍ അതില്‍ നിന്നുടലെടുത്തതിനു് ഇപ്പോള്‍ പ്രത്യയ ശാസ്ത്രങ്ങളുണ്ടെങ്കിലും ലിനക്സിന്റെ രൂപവത്കരണം ഒരു സ്വാഭാവിക ചരിത്രപ്രക്രിയയായിരുന്നു. ലിനക്സിന്റെ പ്രവര്‍ത്തനം മുതലാളിത്ത ചട്ടക്കൂടില്‍ തന്നെയാണു് നടക്കുന്നതെങ്കിലും അതിന്റെ കേന്ദ്ര ഉറവിടങ്ങള്‍ സ്വതന്ത്രമായതുകൊണ്ടു് അതുപയോഗിക്കുന്നവര്‍ക്കു് കിട്ടുന്ന നേട്ടം വളരെ വലുതാണു്. വളരെ ചെറിയ തോതിലുള്ള സ്വകാര്യവത്കരണമേ അതിനു് മുകളില്‍ നടക്കുന്നുള്ളൂ. പൊതുവില്‍ അതു സമൂഹവത്കൃത ഉള്ളടക്കമായി തന്നെ നിലകൊള്ളുന്നു….”

  1. മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിച്ചില്ലായിരുന്നു. അപ്പോള്‍ ഇത് അദ്ദേഹത്തിന്റെ സ്ഥിരമായ കാഴ്ചപ്പാടാണെന്ന് തോന്നുന്നു. അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിയുന്നവര്‍ ശരിക്കുള്ള സംഭവങ്ങള്‍ അദ്ദേഹത്തെ അറിയിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. അല്ല, അദ്ദേഹത്തിന് ചര്‍ച്ചയോ സംവാദത്തിനോ താല്‍പ്പര്യമുണ്ടങ്കില്‍ അതിനും ശ്രമിക്കണം.

 3. മനോഹരമായ ലേഖനം- സാങ്കേതിക മികവുള്ളവര്‍ സമൂഹത്തിലെ സെലിബ്രേറ്റികള്‍ മാത്രമായി മാറുന്ന കാലത്ത് രണ്ടിന്റെയും ഉള്ളിലേകിറങ്ങിയ ഈ അന്യേഷണത്തിനു നൂറു മികവുണ്ട്.

 4. വേണുവിന്റെ ലേഖനം വായിച്ചിട്ടില്ല പക്ഷേ താങ്കളുടെ ലേഖനം വളരെ നന്നായി. വസ്തുതാപരമായി കാര്യങ്ങളെ വിശദീകരിക്കുന്ന നല്ലൊരു ലേഖനം. നന്ദി.

 5. in the documentary Revolution OS, Torvalds openly says “Calling Linux GNU/Linux is just ridiculous ” and the reason he says is that there are other Linuxes like RedHat linux and xxx Linux.

  Nice article. Nice to see that L. Torvalds is not entirely defamed in this article. He do have the space he deserves.

  Nandi Jagadeesan.

 6. Very good and informative article.
  Recent articles of Sri K Venu the depth and completeness of his earlier articles. He seems romanticizing the so called “positive sides of Capitalism” sited by Marx. But Marx analysis was based on his studies on the growth of Capitalism in Briton. That pattern was not followed anywhere else.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )