സോളാര്‍ പാനലുകള്‍ അമേരിക്കന്‍ കുത്തകകള്‍ക്ക് നമ്മേ കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണോ

സൌരോര്‍ജ്ജ പാനലുകള്‍ക്ക് വില കൂടുതലാണ്. അവയെല്ലാം നിര്‍മ്മിക്കുന്നത് വിദേശ രാജ്യങ്ങളുമാണ്. അപ്പോള്‍ അമേരിക്കന്‍ കുത്തകക്കമ്പനികള്‍ നിര്‍മ്മിക്കുന്ന സോളാര്‍ വൈദ്യുത മൊഡ്യൂളുകള്‍ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങില്‍ വിറ്റ് അതേ കുത്തകകള്‍ സഹസ്ര കോടികള്‍ കൊള്ളയടിക്കുന്നതിനെ നാം അനുകൂലിക്കണോ എന്നത് വലിയൊരു ചോദ്യമാണ്.

കെ എസ് ഇ ബി നാലുരൂപക്ക് വില്‍ക്കുന്ന വൈദ്യുതിക്ക് പകരം അമേരിക്കന്‍ കുത്തകക്കമ്പനികളുടെ സോളാര്‍ പാനലുകള്‍ വെച്ച് 20 രൂപക്ക് സാധാരണക്കാരന് വിറ്റാല്‍ ലാഭകരമാകുമോ?

സത്യത്തില്‍ ഇത്തരം ചോദ്യങ്ങളെല്ലാം തട്ടിപ്പാണ്.

ഇതുമായി നേരിട്ട് ബന്ധമില്ലാത്ത ചിലകാര്യങ്ങള്‍ നോക്കൂ.

ഇന്‍ഡ്യ ഒരു ദിവസം ഇറക്കുമതിചെയ്യുന്നത് 30 ലക്ഷം ബാരല്‍ എണ്ണയാണ്. 2011-12 കാലത്ത് 7.26 ലക്ഷം കോടി രൂപയാ​ണ് വിദേശ രാജ്യങ്ങളില്‍ നിന്ന് എണ്ണവാങ്ങാന്‍ നാം ചിലവാക്കിയത്.

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം (2011) നാം 300, 625, 600 ടണ്‍ യുറേനിയം ഫ്രാന്‍സ്, റഷ്യ, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തു. ഇതിന് പ്രതി വര്‍ഷം ഏകദേശം 300 കോടി രൂപ ചിലവായി. നമ്മുടെ യുറേനിയം ആവശ്യകതയുടെ 50% വും ഇറക്കുമതി ചെയ്യുകയാണ്. 1188 കോടി രൂപയെങ്കിലും ഈ ഇനത്തില്‍ നാം പ്രതിവര്‍ഷം ചിലവാക്കുന്നുണ്ട്.

കമ്പ്യൂട്ടര്‍, മൊബാല്‍ തുടങ്ങി വിദേശത്തു നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാന്‍ നാം ഇപ്പോള്‍ 198000 കോടി രൂപയാണ് ചിലവാക്കുന്നത്. 2020 ല്‍ അത് 1920000 കോടി രൂപയാകും.

2013 ല്‍ നാം 900 ടണ്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്തു. കണക്ക് നിങ്ങള്‍ തന്നെ കൂട്ടിക്കോളൂ.

ഇതിനൊന്നും ഒരു പ്രശ്നവുമില്ല. Apple, BP, Intel, AMD, Sony, Samsung, Dell, Monsanto, DuPond, Cargill, Uniliver, P&G, Cola, Pepsi … ഇവരൊന്നും കുത്തകകളുമല്ല, വിദേശികളുമല്ല, അമേരിക്കനുമല്ല. പക്ഷേ സോളാര്‍ പാനല്‍ ഇറക്കുമതി ചെയ്താല്‍ വലിയ പ്രശ്നം. കുത്തക, അമേരിക്ക എത്ര ഭീകരം! ചത്താലും സോളാര്‍ വിറ്റ് അമേരിക്കയെ സമ്പന്നരാക്കാന്‍ മലയാളികള്‍ സമ്മതിക്കില്ല അല്ലേ!

അമേരിക്കക്ക് നിങ്ങളെ സോളാര്‍ ഡോളറൊന്നും വേണ്ട മാഷേ… അവര്‍ക്ക് പെട്രോ ഡോളറുണ്ടേ. അത് മതി അവര്‍ക്ക്. അതിന്റെ നിലനില്‍പ്പിനായി അവര്‍ എന്തും ചെയ്യും. നിങ്ങള്‍ അതിനായി പ്രതിവര്‍ഷം 7.26 ലക്ഷം കോടി രൂപയിലധികം അവര്‍ക്ക് കൊടുക്കുന്നുമുണ്ട്. എണ്ണ ഉത്പാദിപ്പിക്കുന്നത് അറബി രാജ്യങ്ങളാണെങ്കിലും അതിന്റെ കുത്തക നിയന്ത്രണം അമേരിക്കക്കാണ്. ഇറാനില്‍ നിന്ന് രൂപക്ക് എണ്ണ താരാം എന്ന് പറഞ്ഞിട്ട് അതുപോലും വേണ്ട എന്നാണ് നമ്മുടെ വലത് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇടതന്‍മാരോ തങ്ങളുടെ സ്വന്തം എണ്ണ ഉപഭോഗം കുറക്കാന്‍ തയ്യാറാവുന്നുണ്ട്? ഏയ്… കൂടുതല്‍ സബ്സിഡി കൊടുത്ത് എണ്ണ കൂടുതല്‍ ഉപയോഗിക്കാനാണ് അവര്‍ പറയുന്നത്.

അങ്ങനെ വരുമ്പോള്‍ സോളാര്‍ പാനലുകള്‍ അമേരിക്കന്‍ കുത്തക കമ്പനികള്‍ക്ക് കൊള്ളയടിക്കുകയാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അമേരിക്കന്‍ കുത്തക കമ്പനികളല്ല സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നത്. സത്യത്തില്‍ സൌരോര്‍ജ്ജ രംഗത്ത് കുത്തക എന്നവകാശപ്പെടാനുള്ള ഒരു കമ്പനിയുണ്ടോ എന്ന് പോലും സംശയമാണ്. കാരണം ഇപ്പോഴും ശൈശവാവസ്ഥയിലുള്ള സാങ്കേതിക വിദ്യയാണത്. ആരും കുത്തകയായിട്ടില്ല ഇതുവരെ.

പക്ഷേ അത് നമുക്ക് വിദേശ രാജ്യത്തുനിന്നും ഇറക്കുമതി ചെയ്യേണ്ടിവരുന്നതെന്തുകൊണ്ടാണ്. അതിന്റെ ഉത്തരം മിസ്റ്റര്‍ ക്ലീന്‍ രാജീവ് ഗാന്ധി പറയും. അദ്ദേഹമാണല്ലോ സാങ്കേതിക വിദ്യയുടെ യുഗത്തിലേക്ക് ഇന്‍ഡ്യയെ കൈപിടിച്ചുയര്‍ത്തിയത്. 80 കളില്‍ Electronics Corporation, Bharat Electronics പോലെ ഇലക്ട്രോണിക് വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതു മേഖലാ സ്ഥാപനങ്ങള്‍ ഇവിടെയുണ്ടായിരുന്നു. പ്രതിരോധ രംഗത്തും ഉപഭോഗ രംഗത്തും ഇത്തരം കമ്പനികളും നാടന്‍ സ്വകാര്യ കമ്പനികളും തങ്ങളാലായത് ചെയ്ത് മുന്നോട്ട് പോയിരുന്നു. എന്നാല്‍ ഗള്‍ഫ്, മറ്റ് വിദേശ സമ്പന്ന രാജ്യങ്ങളില്‍ കിട്ടുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ പല കാരണങ്ങള്‍ കൊണ്ടും നമ്മുടെ നാടന്‍ ഉത്പന്നങ്ങള്‍ക്കാവുമായിരുന്നില്ല. നാട്ടിലെ വ്യവസായത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്ന ശ്രമകരമായ ജോലിയേക്കാള്‍ എളുപ്പമാണ് വിദേശത്തുനിന്നും ഇവ ഇറക്കുമതി ചെയ്ത് നാടന്‍ ലേബലൊട്ടിച്ച് വില്‍ക്കുക. സാങ്കേതിക വിദ്യയുടെ ഗുണം വേഗം നമുക്ക് കിട്ടുകയും ചെയ്യും. മിസ്റ്റര്‍ ക്ലീന്‍ ആ എളുപ്പ വഴി സ്വീകരിച്ച് സ്വതന്ത്ര ഇന്‍ഡ്യയില്‍ സാങ്കേതികവിദ്യാ വിപ്ലവം സൃഷ്ടിച്ച രാജാവായി. ഇന്‍ഡ്യയിലേക്ക സാങ്കേതിക വിപ്ലവം കൊണ്ടുന്നത് രാജീവ് ഗാന്ധിയാണെന്ന് പൊങ്ങച്ചം പറയുന്ന അതേ ആള്‍ക്കാരാണ് സോളാര്‍ പാനല്‍ വിദേശകമ്പനികളെ സഹായിക്കാനാണെന്ന് മുറവിളി കൂട്ടുന്നത്. കോണ്‍ഗ്രസ് ബീജെപ്പി സര്‍ക്കാരുകളുടെ നയം കാരണമാണ് നമുക്കിന്ന് 1.98 ലക്ഷം കോടി രൂപയുടെ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടിവരുന്നത്.

എന്നാല്‍ ഇത് നമ്മുടെ ശൈശവാവസ്ഥയിലുള്ള ഇലക്ട്രോണിക് വ്യവസായത്തെ തകര്‍ക്കുകയാണ് ചെയ്തത്. നാം കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ക്ക് അടിമപ്പെട്ടു. അക്കാലത്ത് ചൈനയും ഇലക്ട്രോണിക് വ്യവസായത്തില്‍ ഒന്നുമല്ലായിരുന്നു. എന്നാല്‍ അവര്‍ ദീര്‍ഘ വീക്ഷണത്തോടെ പടിപടിയായി മുന്നേറി. ഒബാമ ഒരിക്കല്‍ ആപ്പിള്‍ ഓഫിസ് സന്ദര്‍ശിച്ചപ്പോള്‍ സ്റ്റീവ് ജോബ്സിനോട് ചോദിച്ചു, “എന്തെങ്കിലും കാരണവശാല്‍ നമുക്ക് ചൈനയിലേക്ക് പോയ തൊഴിലുകള്‍ തിരികെ അമേരിക്കയിലേക്കെത്തിക്കാനാവുമോ?”. ജോബ്സിന്റെ മറുപടി ഇങ്ങനെയായിരുന്നു, “അതിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട.” നമ്മുടെ അവസ്ഥയും അത് തന്നെ ചൈനയേയും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളേയും ഇലക്ട്രോണിക് വ്യവസായ രംഗത്ത് കവച്ചുവെക്കാന്‍ നമുക്കും ആവില്ല. കാരണം അവര്‍ അത്രയേറെ മുന്നോട്ടു പോയി. എന്നാല്‍ ദീര്‍ഘവീക്ഷണമുള്ള സര്‍ക്കാരുകളും അല്‍പ്പം ത്യാഗമനസ്സുള്ള ജനതയുമുണ്ടെങ്കില്‍ അത് നേടാവുന്നതേയുള്ളു.

അതിനാലാണ് നമുക്ക് സോളാര്‍ പാനലുകള്‍ വിദേശത്തു നിന്നും വാങ്ങേണ്ടിവരുന്നത്.

20 രൂപക്ക് സാധാരണക്കാരന് വിറ്റാല്‍ ലാഭകരമാകുമോ?

ഏത് സാങ്കേതികവിദ്യയാണ് തുടക്കില്‍ തന്നെ ലാഭകമായത്? ലോകത്ത് ഒരു സാങ്കേതിക വിദ്യയും ലാഭകരമായിരുന്നില്ല തുടക്കിത്തില്‍. ഫ്രാന്‍സിലേയോ മറ്റൊ ഒരു രാജാവ് അലൂമനീയം പാത്രത്തിലാണ് ആഹാരം കഴിച്ചിരുന്നതെന്ന് കേട്ടിട്ടുണ്ട്. അന്ന് അലൂമനിയം സ്വര്‍ണ്ണത്തേക്കാള്‍ വിലപിടിച്ച ലോഹമായിരുന്നു. എന്നാല്‍ പിന്നീട് മെച്ചപ്പെട്ട സാങ്കേതിക വിദ്യകളും മാസ് പ്രൊഡക്ഷനും ഒക്കെ കാരണം ഇന്ന് അലൂമനിയത്തിന്റെ വില വളരെ കുറഞ്ഞു.

എണ്ണയുടേയും കല്‍ക്കരിയുടേയും കാര്യവും ഇങ്ങനെയാണ്. കഴിഞ്ഞ 100 വര്‍ഷത്തെ പ്രവര്‍ത്തന ഫലമായി മുതിര്‍ന്ന സാങ്കേതിക വിദ്യയായിട്ടുകൂടി ഇന്നും ഫോസില്‍ ഇന്ധന വ്യവസായത്തിന് വലിയ സബ്സിഡിയാണ് നല്‍കി വരുന്നത്. ലോകം മൊത്തം ഫോസില്‍ ഇന്ധന ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി $30,000 കോടിയിലധികം ഡോളറാണ് പ്രതി വര്‍ഷം സബ്സിഡി നല്‍കുന്നു. അതാണ് അവയെ നമുക്ക് താങ്ങാവുന്ന നിലയിലെത്തിക്കുന്നത്. അവയുണ്ടാക്കുന്ന മലിനീകണം ഇല്ലാതാക്കാനും നമുക്ക് അതുണ്ടാക്കുന്ന രോഗങ്ങള്‍ ചികിത്സിക്കാനുമുള്ള ചിലവ് കൂടി പരിഗണിച്ചാല്‍ വില ആകാശംമുട്ടെയാകും. എണ്ണയും കല്‍ക്കരിയും, യുറേനിയവും എല്ലാം തീരുമ്പോള്‍ എന്ത് ചെയ്യും? അതപ്പോഴാകട്ടെ എന്ന് പറയുന്നത് ദീര്‍ഘവാക്ഷണമില്ലായ്മയാണ്. അതുകൊണ്ടാണ് ബദല്‍ പരിപാടികള്‍ ആലോചിച്ച് തുടങ്ങുന്നതിന്റെ പ്രസക്തി.

കഴിഞ്ഞ ദശാബ്ദങ്ങള്‍ മുതലുള്ള സൌരോര്‍ജ്ജ പാനലുകളുടെ വില പരിശോധിച്ചാല്‍ അത് നിരന്തരം കുറയുകയാണെന്ന് കാണാന്‍ കഴിയും. നാം പാനല്‍ വാങ്ങുമ്പോള്‍ സത്യത്തില്‍ ഈ സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കുള്ള സഹായം കൂടിയാണ് അത്.

വ്യക്തിപരമായി വീട്ടില്‍ സോളാര്‍ പാനല്‍ പാക്കേജ് വാങ്ങി സ്ഥാപിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ബാറ്ററി എന്ന അനാവശ്യ ചിലവാണ് അതിന് കാരണം. സ്മാര്‍ട്ട് ഗ്രിഡ്ഡ് വരട്ടെ എന്നിട്ടാവാം.

എന്താവണം നമ്മുടെ സൌരോര്‍ജ്ജ പദ്ധതി

ചാണ്ടിയൂര്‍ജ്ജത്തെക്കുറിച്ച് മുമ്പ് എഴുതിയിരുന്നല്ലോ. സര്‍ക്കാര്‍ പുനരുത്പാദിതോര്‍ജ്ജ രംഗത്ത് എന്താണ് മുന്‍ഗണനാ ക്രമത്തില്‍ ചെയ്യേണ്ടതെന്ന് അതില്‍ വ്യക്തമായി പറയുന്നുണ്ട്.
൧. ഏറ്റവും ആദ്യം നഷ്ടം കുറക്കാനുള്ള വഴികണ്ടെത്തുക. ഊര്‍ജ്ജ ദക്ഷത
൨. ഇറക്കുമതി ചെയ്യുന്ന പാനലിന് പകരം സൌര താപ വൈദ്യുതി പദ്ധതികള്‍ തദ്ദേശീയമായി വികസിപ്പിക്കുക. ഒപ്പം കാറ്റാടി, തിരമാല മുതലായവയും.
൩. സോളാര്‍ പാനലുകള്‍.

ഇതില്‍ ബാറ്ററി ഒരധിക ചിലവാണ്. അത് ഒഴുവാക്കാന്‍ smart grid സാങ്കേതിക വിദ്യ നടപ്പാക്കണം. ഓരോ വീട്ടിലും ഘടിപ്പിക്കുന്ന പാനലുകളുത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടില്‍ സംഭരിക്കാതെ, വീട്ടിലെ ആവശ്യത്തിലധികം വരുന്നത് ഗ്രിഡ്ഡിലേക്ക് കടത്തിവിടുന്ന പരിപാടിയാണിത്. smart grid വലിയ പദ്ധതിയായതുകൊണ്ട് അതനേക്കാള്‍ എളുപ്പം വേറൊരു വഴിയാണ്. എന്തിന് എല്ലാ വീട്ടിലും പാനല്‍ ഘടിപ്പിക്കുന്നു? അതിന് പകരം ആ പനലുകളെല്ലാം ഒരിടത്ത് ഒന്നിച്ച് സ്ഥാപിച്ചാല്‍ 10, 20 MW വരുന്ന പല നിലയങ്ങള്‍ സ്ഥാപിക്കരുതോ?

ഈ രണ്ടു രീതിയിലാണെങ്കിലും വേറൊരു പ്രശ്നവുമുണ്ട്. സൂര്യ പ്രകാശം പകല്‍ സമയത്താണ് കുടുതല്‍ കിട്ടുന്നത്. എന്നാല്‍ പകല് കുറവ് വൈദ്യുതി ഉപയോഗമേയുള്ള. അപ്പോള്‍ അധികം വരുന്ന വൈദ്യുതിയെന്ത് ചെയ്യും? ഗ്രിഡ്ഡ് മാനേജ്മെന്റ് എന്നത് വലിയ വിഷമം പിടിച്ച പണിയാണ്. പ്രത്യേകിച്ച് പീക് ലോഡ്. അടുത്ത കാലത്ത് ഉത്തരേന്ത്യയെ ഭാഗികമായി ബാധിച്ച വൈദ്യുതി തകരാര്‍ ഓര്‍ക്കുന്നുണ്ടാവും.

വൈദ്യുതി നിലയങ്ങള്‍ എപ്പോഴും ഒരു optimum load ല്‍ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ കൂടുതല്‍ ദക്ഷതയുണ്ടാവൂ. വണ്ടി അമിത വേഗതയെടുത്താല്‍ മൈലേജ് കുറയുന്നത് പോലെ. ഈ അവസരത്തില്‍ പകല്‍ അധികം ഉത്പാദിപ്പിക്കുന്ന സൌരോര്‍ജ്ജം സംഭരിച്ച് വെച്ച് പിന്നീട് പീക് ലോഡുള്ള സമയത്ത് ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ ഉപകാരമായിരിക്കും. ബാറ്ററി അധികചിലവാണെന്ന് മുമ്പ് പറഞ്ഞല്ലോ. എന്നാല്‍ വേറൊരു സംഭരണി നമുക്കുണ്ട്. അതാണ് ജല സംഭരണി. പകല്‍ അധികം കിട്ടുന്ന വൈദ്യുതി ഉപയോഗിച്ച് ജലത്തെ പമ്പ് ചെയ്ത് അണക്കെട്ടിലേക്ക് കയറ്റാം. രാത്രി ആ ജലം ഉപയോഗിക്കുകയുമാവാം.

അത്തരം ഒരു പദ്ധതിയെക്കുറിച്ചാണ് ആര്‍വിജി മേനോന്‍ പറഞ്ഞത്. കെഎസ്സ്ഇബി അങ്ങനെയൊരു പദ്ധതിയിടുന്നു എന്ന് അദ്ദേഹം പറയുന്നു. അത് വളരെ നല്ല കാര്യമാണ്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

4 thoughts on “സോളാര്‍ പാനലുകള്‍ അമേരിക്കന്‍ കുത്തകകള്‍ക്ക് നമ്മേ കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണോ

  1. നന്ദി, ജഗദീശ്,
    യാതൊരു യുക്തിയുമില്ലാതെ കാര്യങ്ങൾ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന ഈ ബ്ലോഗ് പോസ്റ്റും സന്ദർശിക്കുമല്ലോ.
    >>>
    Jagadees says:
    അത് കണ്ടിരുന്നു. അതുകൊണ്ടാണ് ഈ വിവരങ്ങള് വീണ്ടും എഴുതേണ്ടിവന്നത്. ഹിറ്റ റേറ്റ് കൂട്ടാന് വിവരക്കേടും സെന്സേഷണലിസവും ഉപയോഗിക്കുന്ന താങ്കള് പറഞ്ഞ ആ ലിങ്ക് നീക്കം ചെയ്തിട്ടുണ്ട്. ക്ഷമിക്കുക.

  2. അങ്ങനെയായിരുന്നില്ല ഒരുപക്ഷേ വേണ്ടതു്. അവിടെത്തന്നെ, ആയുധപ്പുരയിൽ തന്നെ ചെന്നു് ആളുകൾ ആ പോസ്റ്റും അതിന്റെ കമന്റുകളും വായിക്കട്ടെ. 🙂

    >>>
    Jagadees says:

    നമ്മളായി അവര്ക്ക് പ്രചരണം കൊടുക്കണോ?
    അവര്ക്കറിയാന് വയ്യാഞ്ഞിട്ടല്ല ഈ വിവരക്കേട് പറയുന്നത്.

  3. താങ്കളുടെ എല്ലാ പോസ്റ്റുകളും ചിന്തോദ്ദീപകവും വിശദവുമാണ്. അതിനു നന്ദിയറിയിക്കുന്നു. ഒരു വര്ഷം കഴിഞ്ഞ പോസ്റ്റ്‌ ആണിതെങ്കിലും ഇപ്പോഴും പ്രസക്തം. നമ്മുടെ ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ അടിസ്ഥാനത്തില്‍ സൌരോര്‍ജ പാനലുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ക്ക് ആരംഭമിട്ടാല്‍ അത് തീര്‍ച്ചയായും ഉപകാരപ്രദമാകില്ലേ? മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? ഒട്ടേറെ വിമര്‍ശനങ്ങള്‍ വായിച്ചിട്ടുണ്ട്? താങ്കളുടെ അഭിപ്രായം അറിയാന്‍ കൌതുകമുണ്ട്.

    1. നന്ദി സുഹൃത്തേ. സോളാര്‍ പാനലിന് പകരം പലകാരണങ്ങളാലും നാം സൌരതാപവൈദ്യുതിയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. അത് നാം തദ്ദേശിയമായി വികസിപ്പിക്കുകയും വേണം.
      മേക്ക് ഇന്‍ ഇന്ത്യക്ക് പകരം മേഡ് ഇന്‍ ഇന്ത്യ ബൈ ഇന്‍ഡ്യന്‍ ആണ് കൂടുതല്‍ നല്ലത്. കാരണം വിദേശികള്‍ ഇവിടെ നിക്ഷേപം നടത്തുന്നുവെങ്കില്‍ അത് നമ്മേ നന്നാക്കാനല്ല, അവരുടെ ലാഭത്തിനാണ്. നമ്മുടെ പണം പുറത്തേക്കൊഴുകുന്നത് കഴിയുന്നത്ര നാം തടയണം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )