നികേഷിനെ പിന്തുണച്ചാല്‍ പൊട്ടക്കിണറ്റിലെ തവളകള്‍ ചിരിച്ച് ചാവുമോ

പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ നികേഷിനെ നികുതി അടക്കാത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു.

ഞാന്‍ ടെലിവിഷന്‍ കാണുന്ന ആളല്ല. സീരിയലായാലും വാര്‍ത്തയായാലും അത് ജനദ്രോഹമാണ് ചെയ്യന്നതെന്നാണ് എന്റെ അഭിപ്രായം പൊതുവെ എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യം തെറ്റെന്ന് പറഞ്ഞ് സ്ഥാപിച്ചെടുക്കുക എളുപ്പമല്ലാത്തനിനാലും ഈ ലേഖനത്തിന്റെ ലക്ഷ്യം വേറൊന്നാകയാലും അതിന് മുതിരുന്നില്ല. ഇപ്പോഴുള്ള പ്രശ്നം നികേഷിന്റെ അറസ്റ്റാണ്.

ഈ സംഭവത്തെ പല frame ലൂടെ കാണാം. നികുതിയുടെ സാങ്കേതികത, നികേഷിന്റെ വ്യക്തിപരമായ ചരിത്രം, നികേഷ് ചെയ്യുന്ന തെറ്റും ശരിയും, റിപ്പോര്‍ട്ടര്‍ ചാനലിന്റെ കുഴപ്പങ്ങള്‍, ബിസിനസ്സ് നടത്തുന്നതിലെ കഴിവില്ലായ്മ, തുടങ്ങിയവ. ഇതെല്ലാം പ്രശ്നത്തെ ഒറ്റപ്പെടുത്തി നടത്തുന്ന വിശകലനങ്ങളാണ്. അതായത് മറ്റൊന്നും കാണാതെ ഒന്നില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തുന്ന വിശകലങ്ങള്‍. അത് തീര്‍ച്ചയായും ശരിയാണ്. അങ്ങനെ വിശകലനം നടത്തുകയും വേണം. എന്നാല്‍ പ്രശ്നത്തെ സാമൂഹ്യമായും, സമഗ്രമായും, ചരിത്രപരമായും വിശകലനം ചെയ്യുന്നതും കൂടി സമൂഹത്തിന് പ്രാധാന്യമുണ്ടാകേണ്ട കാര്യം ആണ്. നികേഷിന്റെ കേസില്‍ മാത്രമല്ല എല്ലാ പ്രശ്നങ്ങളും അങ്ങനെയൊരു വിശകലനം സമൂഹം ചെയ്യേണ്ടതായുണ്ട്. നിര്‍ഭാഗ്യവശാല്‍ അത്തരം ചര്‍ച്ചകള്‍ നമുക്ക് കുറവാണ്.

BJP സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്റലിജന്‍സ് വകുപ്പില്‍ നിന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഭീകരവാദികളാണെന്ന പരമ രഹസ്യമായ ഒരു രേഖ മാധ്യമങ്ങളിലേക്ക് ‘ചോര്‍ന്നു’. രാജ്യം മൊത്തം ഒരേ സ്വരത്തില്‍ വിഢിപ്പെട്ടിയിലെ സംസാരിക്കുന്ന തലകള്‍ പരിസ്ഥിതി പ്രവര്‍ത്തകരെന്ന ദുഷ്ഠന്‍മാരെക്കുറിച്ച് അലമുറയിട്ടു. അവുടെ ആവശ്യം ഒന്നായിരുന്നു.

അതായത് പരിസ്ഥിതി പ്രവര്‍ത്തരെ ഭീകരവാദികളെന്ന് മുദ്രകുത്തണം. പിന്നീട് ഭീകരതെക്കെതിരെയുള്ള യുദ്ധം എന്ന പേരില്‍ അവരെ അടിച്ചമര്‍ത്താന്‍ എളുപ്പമാണ്. വമ്പന്‍ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കുറച്ച് പേര്‍ക്ക് കൂലിപ്പണി കിട്ടുമെങ്കിലും വളരേറെ പേരെ കുടിയിറക്കുകയും, തൊഴില്‍ ഇല്ലാതാക്കുകയും, മലിനീകരണം കാരണം രോഗികളാക്കുകയും ചെയ്യും. അതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ സമരം ചെയ്താല്‍ ഭീകരവാദികളെന്ന മുദ്രയുണ്ടെങ്കില്‍ പ്രശ്നബാധിതരല്ലാത്ത പൊതുജനം സമരത്തോട് ആഭിമുഖ്യം കാണിക്കില്ല. സമരക്കാരെ അടിച്ചമര്‍ത്തുന്നതും പൊതു ജനം അവഗണിക്കും. തങ്ങളെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളും ഭീകരവാദികളുമാണെന്ന് സമൂഹമനസിലേക്ക് അച്ചടിച്ച് വെക്കുകയായിരുന്നു ആ ചോര്‍ച്ചയുടെ ഉദ്ദേശം. ഒരു നൂലില്‍ കോര്‍ത്ത മുത്തുകളായ മാധ്യമങ്ങള്‍ തങ്ങളുടെ ധര്‍മ്മം നിര്‍വ്വഹിച്ചു. (സത്യത്തില്‍ ചോര്‍ന്നു എന്ന് പറയുന്നതും തട്ടിപ്പാണ്. കൂടുതല്‍ ജനശ്രദ്ധകിട്ടാനും ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ… എന്ന് വരുത്തിത്തീര്‍ക്കാനുമാണ് അധികാരികളറിഞ്ഞുകൊണ്ടുള്ള ചോര്‍ച്ച നാടകം.)

അതിന്റെ ഫലം ആദ്യം പ്രകടമായത് വിദേശത്ത് വെച്ച് നടക്കുന്ന ഒരു സമ്മേളനത്തിന് പോകാനായി ഗ്രീന്‍പീസ് ഇന്‍ഡ്യയുടെ നേതൃത്വം വഹിക്കുന്ന വ്യക്തിയായ പ്രിയ പിള്ള. വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. പിന്നീട് കോടതിയില്‍ പോയ അവരെ തടഞ്ഞ് വെക്കാന്‍ സര്‍ക്കാരിന് അധികാരമില്ല എന്ന് വിധി പ്രഖ്യാപിച്ചു. സാമൂഹ്യപ്രവര്‍ത്തരെ നടയുന്ന പട്ടിക റദ്ദാക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ടീസ്റ്റാ സെടള്‍വാഡ് ഗുജറാത്തിലെ വംശഹത്യ അനുഭവിച്ച ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ പ്രവര്‍ത്തകയാണ്. കൊല ചെയ്യപ്പെട്ടവരുടെ ഓര്‍മ്മക്കായി ഒരു പ്രദര്‍ശനാലയം നിര്‍മ്മിക്കണം എന്ന് അവരുടെ സംഘടന തീരുമാനിക്കുകയും അതിനായി സംഭാവനകള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അവര്‍ ആ പദ്ധതി ഉപേക്ഷിച്ചു. എന്നാല്‍ പിരിച്ചെടുത്ത പണം ആര്‍ക്കും കൊടുത്തില്ല എന്ന് പറഞ്ഞ് ചിലര്‍ കേസ് കൊടുത്തു. ഉടനേ പോലീസ് സിംഹങ്ങള്‍ നീതി നടപ്പാക്കാന്‍ ചാടിവീണു. എന്നാല്‍ ഈ പ്രശ്നത്തിലും കോടതി ടീസ്റ്റക്ക് അനുകൂലമായ വിധിയാണ് ഇതുവരെ നല്‍കിയത്.

വിദേശത്തെ കഥകളോ

ജൂലിയാന്‍ അസാഞ്ജ് കഴിഞ്ഞ 3 വര്‍ഷത്തിലധികമായി വീട്ടറസ്റ്റിലെന്ന പോലെയാണ് ജീവിക്കുന്നത്. ഇക്വഡോര്‍ എന്ന നട്ടെല്ലുള്ള അന്തസ്സുള്ള ഒരു ചെറുരാജ്യം അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നല്‍കിയിട്ടും അവിടെ എത്താനുള്ള വഴി കിട്ടിയിട്ടില്ല. അദ്ദേഹം സ്വീഡനിലെ രണ്ട് സ്ത്രീകളെ ബലാല്‍ക്കാരം ചെയ്തു എന്ന് ആരോപിച്ച് അവര്‍ കേസ് കൊടുത്തു. അതിന്റെ ചോദ്യം ചെയ്യലിന് വേണ്ടി കോടതിക്ക് അദ്ദേഹത്തെ സ്വീഡനില്‍ വേണം. എന്നാല്‍ സ്വീഡന്‍ അമേരിക്കയിലേക്ക് തന്നെ നാട് കടത്തും എന്ന പേടി അദ്ദേഹത്തിനുണ്ട്. വെറും പേടിയല്ല. അമേരിക്കയില്‍ 9/11 ന് ശേഷം രഹസ്യ കോടതിയും രഹസ്യവിധിയും ഒക്കെയുണ്ട്. അതായത് എല്ലാം രഹസ്യം. അതുകൊണ്ട് നല്ല ഒരു വിചാരണ ലഭിക്കാന്‍ സാദ്ധ്യതയില്ല എന്നതാണ് പേടി. ലോകത്തെ ഭീകരമായ ഒരു നീതിന്യായ വ്യവസ്ഥയാണ് അമേരിക്കയില്‍. അസാഞ്ജിന് പ്രശ്നമായത് വിക്കീലീക്സ് എന്ന വിവരങ്ങള്‍ പേര് പുറത്ത് പറയാതെ പ്രസിദ്ധപ്പെടുത്താനുള്ള സംവിധാനമായിരുന്നു. ലോക പോലീസിന്റെ തനി നിറം അവരുടെ തന്നെ അഭിപ്രായത്തില്‍ ലോകത്തെ കാണിച്ചുകൊടുത്തു. ഇനി എത്രനാള്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലെ ഒരു മുറിയില്‍ അദ്ദേഹത്തിന് കഴിയേണ്ടിവരും എന്നറിയില്ല. അസാഞ്ജ് ചാടിപ്പോകാതിരിക്കാന്‍ ലക്ഷക്കണക്കിന് പൌണ്ട് ചിലവാക്കി ബ്രിട്ടണ്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആരോണ്‍ ഷ്വാര്‍ട്സിനെ നിങ്ങള്‍ മറന്നു കാണില്ല. എല്ലാ ഗവേഷണ പ്രബന്ധങ്ങള്‍ ലോകത്തുള്ള എല്ലാവര്‍ക്കും ലഭ്യമാകണമെന്ന ഉദ്ദേശത്തോടെ ആ പയ്യന്‍ തനിക്ക് കിട്ടിയവ പ്രസിദ്ധീകരിച്ചു. MIT ക്ക് പരാതിയില്ല, JSTOR ന് പരിഭവമില്ല. എന്നാല്‍ അമേരിക്കന്‍ സര്‍ക്കാരിന് സഹിച്ചില്ല. ആ അത്ഭുത പ്രതിഭയെ പീഡിപ്പിച്ച് തൂക്കിക്കൊന്നു എന്ന് ഞാന്‍ പറയും. (ആരോണ്‍ ഷ്വാര്‍ട്സിനെക്കുറിച്ചുള്ള സിനിമ ഇവിടെ കാണാം..)

John Kariakou, William Binney, Kirk Wiebe, Thomas Drake, Jeffrey Sterling തുടങ്ങി എത്ര അനേകം ആത്മാര്‍ത്ഥയുള്ള പൌരന്‍മാരാണ് സത്യം തുറന്ന് പറഞ്ഞതിനാല്‍ അമേരിക്കന്‍ ഫാസിസ്റ്റ് സര്‍ക്കാരിന്റെ യാനതകള്‍ അനുഭവിക്കുന്നത്.

നാസികളെ പോലെ ഒബാമയും ഒരു കൊലപാതക പട്ടിക (kill list) കരുതുന്നുണ്ട്. അതത് ആഴ്ച്ചയില്‍ അയാള്‍ ലോകത്തെ ആരെയൊക്കെ കൊല്ലണം എന്നതിന്റെ പട്ടികയാണ് ആ കൊലപാതക പട്ടിക. അതുപോലെ ഒരു നിരീക്ഷണ പട്ടിക (Watch list) അയാള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. അമേരിക്കന്‍ പൌരന്‍മാരില്‍ ആരൊക്കെ ഭാവിയില്‍ ഭീകരവാദികളാകും എന്നതിന്റെ പട്ടികയാണത്. ആ പട്ടിയകയില്‍ പേരുള്‍പ്പെട്ടാല്‍ പിന്നെ നിങ്ങള്‍ക്ക് ജോലി കിട്ടില്ല, വിമാന യാത്ര ചെയ്യാന്‍പറ്റില്ല തുടങ്ങി ഒരുപാട് പ്രശ്നങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. അത്തരത്തിലുള്ള ഒരു പട്ടിക ഹിന്ദുമത ഗുരുവായ ഒബാമയില്‍ നിന്ന് ശിഷ്യന്‍ ഇന്‍ഡ്യയില്‍ നിര്‍മ്മിച്ചതിന്റെ തെളിവാണ് പ്രിയാ പിള്ളയെ വിമാനത്തില്‍ നിന്ന് ഇറക്കിവിടാന്‍ ഇടയാക്കിയ സംഭവം.

ഇതാണ് ലോകത്തിന്റെ ഇന്നത്തെ അവസ്ഥ. ഫാസിസം ലോകത്തെ മൊത്തം അടിച്ചമര്‍ത്തുന്നു. ഫാസിസം എന്നാല്‍ സ്വകാര്യ മുതലാളിമാര്‍ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ എന്നാണ് അര്‍ത്ഥം. സ്വകാര്യ മുതലാളിമാര്‍ സര്‍ക്കാരിനെ നിയന്ത്രിക്കുമ്പോള്‍ അവര്‍ അതി സമ്പന്നരായി മാറും. 1978 ല്‍ അമേരിക്കയിലെ ഒരു തൊഴിലാളിക്ക് $48000 ഡോളര്‍ ശമ്പളം കിട്ടിയിരുന്നപ്പോള്‍ ഏറ്റവും മുകളിലെ 1% വരുന്നവര്‍ക്ക് $393000 ഡോളര്‍ സമ്പത്ത് നേടി. 2010 ആയപ്പോള്‍ തൊഴിലാളികളുടെ ശമ്പളം $33000 ഡോളറായി കുറയുകയും ഏറ്റവും മുകളിലെ 1% ക്കാരുടെ സമ്പത്ത് $1101000 ഡോളര്‍ ആയി കൂടുകയും ചെയ്തു. അമേരിക്കയിലെ ഏറ്റവും സമ്പന്നരായ 400 പേര്‍ക്ക് അമേരിക്കയുടെ ജനസംഘ്യയുടെ പകുതി(15 കോടി) ആളുകള്‍ക്കുള്ള സമ്പത്തിനേക്കാള്‍ കൂടുതല്‍ സമ്പത്തുണ്ട്. ഇന്ന് ലോകത്തെ വെറും 80 പേര്‍ക്ക് മൊത്തം ജനസംഖ്യയുടെ പകുതി അതായത് 350 കോടി ജനങ്ങളേക്കാള്‍ സമ്പന്നരാണ്. (അമേരിക്കയിലെ അസമത്വത്തേക്കുറിച്ചൊരു സിനിമ ഇവിടെ പങ്ക്‌വെച്ചിട്ടുണ്ട്.)

ഈ അസമത്വത്തിലേക്ക് ജന ശ്രദ്ധ തിരിയാതിരിക്കാനും, ഈ വ്യവസ്ഥ അതുപോലെ നിലനിര്‍ത്താനും സ്വകാര്യ മുതലാളിമാരുടെ സര്‍ക്കാരുകള്‍ക്ക് കടുത്ത നടപടികളിലേക്ക് പോകേണ്ടിവരും. അവര്‍ വര്‍ഗ്ഗീയത, ഭീകരത, ദേശീയത, തുടങ്ങിയ പലതും കാട്ടി ജനത്തെ പേടിപ്പിച്ച്, തമ്മിലടിപ്പിച്ച് ശരിക്കുള്ള പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധയകറ്റി അടിമകളാക്കും. അതിന് അവരെ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉപകരമാണ് മാധ്യമങ്ങള്‍. അത് വെറും ടെലിവിഷന്‍ ചാനല്‍ മാത്രമല്ല സിനിമ, പരസ്യങ്ങള്‍, പത്രം തുടങ്ങി എല്ലാം ഉള്‍പ്പെടുന്നതാണ്.

നികുതി വെട്ടിപ്പിന് അറസ്റ്റ് ചെയ്യേണ്ടീയിരുന്നത് ആരേയായിരുന്നു

ഈ കഴിഞ്ഞ ബഡ്ജറ്റിലെ ഒരു പ്രധാന കാര്യം സമ്പത്തിനുള്ള നികുതി എടുത്തുകളഞ്ഞതാണ്. വളരെ നല്ല ഒരു നികുതിയായിരുന്നു സമ്പത്തിനുള്ള നികുതി. നിങ്ങളുടെ സമ്പത്ത് അത് എങ്ങനെ കിട്ടിയാലും അതിന് നികുതി കൊടുക്കണം എന്നതാണ് ആ നിയമം പറയുന്നത്. അതിസമ്പന്നരായ ആരും ജോലിചെയ്ത് ശമ്പളം വാങ്ങുന്നവരല്ല. അവര്‍ക്ക് കമ്പനിയുടെ ബോണസ്, ആനുകൂല്യങ്ങള്‍, ഓഹരി, ആസ്തികള്‍ എന്നിവയില്‍ നിന്നുള്ള പണം എന്നിവയാണ് സാമ്പത്തിക സ്രോതസ്സ. സമ്പത്തിനുള്ള നികുതി എടുത്തുകളഞ്ഞതില്‍ നിന്നും സമ്പന്നരെ നികുതിയില്‍ നിന്ന് ഒഴുവാക്കിയിരിക്കുകയാണ്. നികതിഭാരം മുഴുവന്‍ തെഴില്‍ ചെയ്യുന്ന പൊതുജനത്തിന്റെ തലയില്‍ വന്നു പതിക്കുന്നു. അതും പോരാത്തതിന് കോര്‍പ്പറേറ്റ് നികുതി 30% ല്‍ നിന്ന് 25% ആയികുറക്കുകയും ചെയ്തു.

ബാംഗ്ലൂരില്‍ ജോലി ചെയ്തിരുന്ന സമയത്ത് നികുതി അടക്കാത്തതിന്റെ പേരിലുള്ള രസകരമായ വാര്‍ത്തകള്‍ മിക്കപ്പോഴും കേള്‍ക്കാമായിരുന്നു. ഇന്‍ഫോസിസ്, വിപ്രോ പോലുള്ള കമ്പനികള്‍ തൊഴിലാളികളില്‍ നിന്ന് പിരിച്ചെടുത്ത tax deducted at source ഉള്‍പ്പടെ നികുതി അടക്കാതിരിക്കും. (അമേരിക്കയില്‍ tax deducted at source നെ ലാഭത്തിന് മുകളിലെ ലാഭമായാണ് കണക്കാക്കുന്നത്.) നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കമ്പനിയുടെ മുമ്പില്‍ വന്ന് ചെണ്ട കൊട്ടുന്നതാണ് സര്‍ക്കാരിന്റെ പ്രതികരണം. അടുത്ത ദിവസത്തെ പത്രത്തില്‍ ആ വാര്‍ത്തയുമുണ്ടാവും. എന്നാല്‍ ഒരു നാരായണ മൂര്‍ത്തിയോ പ്രേംജിയോ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. സത്യമിതാണ്, 7 കൊല്ലം കൊണ്ട് 26 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് വായ്പ്കള്‍ എഴുതിത്തള്ളി. ഇതുവരെ കോര്‍പ്പറേറ്റ് നികുതി കുടിശിക 3 ലക്ഷം കോടി രൂപയാണ്.

മാധ്യമ ഉടമകള്‍

1983 ല്‍ അമേരിക്കയിലെ മാധ്യമങ്ങളുടെ 90% ത്തിന്റേയും ഉടമസ്ഥര്‍ 50 കമ്പനികളായിരുന്നു. 2011 അതേ 90% മാധ്യമങ്ങളേയും നിയന്ത്രിച്ചത് വെറും 6 കമ്പനികള്‍ മാത്രം.. കഴിഞ്ഞ വര്‍ഷം പലചരക്ക് വില്‍പ്പനക്കാരനായ Amazon ന്റെ മുതലാളിയും ഒരു പത്രം അങ്ങ് വാങ്ങി, Washington Post.

232 മാധ്യമ ഉദ്യോഗസ്ഥരാണ് (media executives) 27.7 കോടി അമേരിക്കക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നത്. 8.5 ലക്ഷം ആളിന് ഒരു മാധ്യമഉദ്യോഗസ്ഥന്‍. മര്‍ഡോക്കിന്റെ Fox ചാനലില്‍ കാലാവസ്ഥാ മാറ്റം, ആഗോള തപനം എന്നീ വാക്കുകള്‍ ഉച്ചരിക്കാന്‍ പോലും പാടില്ല എന്ന മെമ്മോ അയാള്‍ കൊടുത്ത കാര്യം ഓര്‍ക്കുക. നമുക്കും 10 കോടിയാളിന് ഒരു മാധ്യമജോലിക്കാന്‍ എന്ന അവസ്ഥ വന്നാല്‍ ഞാന്‍ വെറും 10 ഫോണ്‍ ചെയ്താല്‍ മതിയല്ലോ എന്റെ ഗോമാതാവേ… ഹാ ലോകം കൈപ്പിടിയില്‍… എത്ര മനോഹരമായ ധീരൂഭായിസ്വപ്നം.

നരേന്ദ്ര മോഡി എന്ന റൊണാള്‍ഡ് റെയ്ഗണ്‍

റൊണാള്‍ഡ് റെയ്ഗണ്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്നു. 1970 കള്‍ മുതല്‍ ഇന്ന് വരെ ധാരാളം പ്രസിഡന്റ്മാര്‍ അധികാരത്തിലെത്തിയെങ്കിലും എല്ലാവരും ഒരേ നയം തുടരാന്‍ വേണ്ട ഘടന സ്ഥാപിച്ചത് റെയ്ഗണ്‍ പ്രസിഡന്റായിരുന്ന കാലത്താണ്. അയാള്‍ സ്വയം അറിഞ്ഞുകൊണ്ട് ചെയ്തതാവണമെന്നില്ല. മൂലധനം അത് ചെയ്യിച്ചതാവും. 1930 കളിലെ മാന്ദ്യ കാലം മുതല്‍ 1970 കള്‍ വരെ അമേരിക്ക മദ്ധ്യവര്‍ഗ്ഗക്കാരുടെ സ്വര്‍ഗ്ഗമായിരുന്നു. ശമ്പളവും, സമ്പത്തും, സന്തോഷവും എല്ലാം ഉയര്‍ന്നുയര്‍ന്ന് വന്നുകൊണ്ടിരുന്നു. അതേസമയം കോര്‍പ്പറേറ്റ് നികുതി 92% വരെ ഉയര്‍ന്ന കാലവുമായിരുന്നു. അതിതൊക്കെ തടയിട്ട് രാജ്യത്തെ വേറൊരു വഴിക്ക് കൊണ്ടുപോകുന്നതിന് തുടക്കം കുറിച്ചയാളാണ് റെയ്ഗണ്‍. ഇന്ന് അമേരിക്കയില്‍ കോര്‍പ്പറേറ്റ് നികുതി 30% ല്‍ താഴെയാണ്.

ഈ റെയ്ഗണിനും മോഡിക്കും തമ്മില്‍ എന്ത് ബന്ധമാണെന്ന് നിങ്ങള്‍ക്ക് തോന്നാം. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതിന് ശേഷം അമേരിക്കയില്‍ സന്ദര്‍ശനത്തിന് പോയി. അവിടെ രാഷ്ട്രീയക്കാരെല്ലാം വലിയ സ്വീകരണമാണ് മോഡിക്ക് നല്‍കിയത്. മോഡി “ലോകത്തിന്റെ അടുത്ത റൊണാള്‍ഡ് റെയ്ഗണ്‍ ആയിത്തീരും.” എന്ന് വരെ റിപബ്ലിക്കന്‍ സെനറ്ററായ Pete Sessions പറഞ്ഞു. അത് മാധ്യമങ്ങളില്‍ വാര്‍ത്തയാകുയും ചെയ്തു. ഇത്രമാത്രം പുകഴ്ത്താന്‍ മോഡിക്ക് എന്താണ് പ്രത്യേകത? തീര്‍ച്ചയായും തൊഴില്‍ ചെയ്ത് ജീവിക്കുന്നവരെ റെയ്ഗണ്‍ എങ്ങനെ തകര്‍ത്തുവോ അതുപോലെ മോഡിയും ഇന്‍ഡ്യയില്‍ പണിയെടുത്ത് ജീവിക്കുന്നവരുടെ(99%) നാശം ചെയ്യും എന്ന് വിശ്വാസത്തിലല്ലേ അത് പറഞ്ഞത്.

നായകന്‍മാരുണ്ടാകുന്നതങ്ങനെയാണ്. മോഡിയെ ഒരിക്കലും വിമര്‍ശിക്കരുതെന്ന ആജ്ഞ തുടക്കില്‍ തന്നെ കോര്‍പ്പറേറ്റുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. കൂട്ടത്തില്‍ മാധ്യമങ്ങളെ ഏറ്റെടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ മോഡിയുടെ ചെറുപ്പകാലത്തെ പുകഴ്ത്തിക്കൊണ്ട് കുട്ടികള്‍ക്ക് ചിത്രകഥാ പുസ്തകം വരെ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. താന്‍ ഇന്‍ഡ്യയുടെ ഏകാധിപതിയാണെന്ന് പൊതുജനം തിരിച്ചറിയണം എന്നതാണ് ഇത്തരത്തിലുള്ള പരിപാടികളുടെ ലക്ഷ്യം. അങ്ങനെയൊരു metaphor സ്ഥാപിച്ചെടുത്താല്‍ പിന്നീട് വലിയ എതിര്‍പ്പുകളുണ്ടാവില്ല. അതിന് ശേഷം എതിര്‍ക്കുന്ന ന്യൂനപക്ഷത്തെ കൊന്നൊടുക്കിയാലും പൊതുജനത്തിന്റെ ശ്രദ്ധയില്‍ അത് പെടുകയുമില്ല. അവര്‍ അത് കാര്യമാക്കുകയുമില്ല.

നികേഷ് തെറ്റോ ശരിയോ എന്നതല്ല പ്രശ്നം

വിവിധ തരം ആളുകളുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ ഫാസിസത്തിന് ഒരു തലവേദനയാണ്. പട്ടാള ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന സമൂഹമാണ് അവര്‍ക്ക് വേണ്ടത്. അതുകൊണ്ട് എതിര്‍പ്പിന്റെ, വിസമ്മതിയുടെ നേരിയ കണിക പോലും സമൂഹത്തിലുണ്ടാവാന്‍ പാടില്ല. അങ്ങനെ ചെയ്യാനാന്‍ കഴിഞ്ഞതുകൊണ്ടാണ് വിയറ്റ്നാം യുദ്ധത്തിനെതിരെ അമേരിക്കയില്‍ വലിയ പ്രക്ഷോഭങ്ങളുണ്ടാകുകയും സര്‍ക്കാരിന് തോല്‍വി സമ്മതിച്ച് പിന്‍വാങ്ങേണ്ടിയും വന്നത്. എന്നാല്‍ വിയറ്റ്നാം യുദ്ധത്തിനേക്കാള്‍ പതിന്‍മടങ്ങ് ഭീകരമാണ് ഇറാഖ് യുദ്ധവും അതിന്റെ അനുബന്ധയുദ്ധങ്ങളും പരിണത ഫലങ്ങളും. സോഷ്യന്‍ മീഡിയയും ഇന്റര്‍നെറ്റും ഏതോ വലിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് ഇവിടെ പുരോഗമനക്കാര്‍ പറയുന്നത് (അതുകൊണ്ട് അവര്‍ തച്ചിനിരിന്ന് ഷേറ് ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്യുന്നു. മൊതലാളി കാര്യങ്ങളെല്ലാം എളുപ്പമാക്കിത്തന്നു.) എന്നിട്ടും അമേരിക്കയില്‍ വലിയ ചലനങ്ങളൊന്നും ഉണ്ടായില്ല. എന്തിന് അമേരിക്കന്‍ ഭരണഘടന തന്നെ ലംഘിച്ചുകൊണ്ട് സര്‍ക്കാര്‍ പൌരന്‍മാരെ നിരീക്ഷിക്കുന്നു എന്ന് സ്നോഡന്‍ തെളിവ് സഹിതം വിവരിച്ചിട്ടും ങേഹേ… ഒരു ചലവുമില്ല. അതുപോലെ ജഡമായ സമൂഹത്തേയാണ് മുതലാളിമാര്‍ക്ക് വേണ്ടത്. അതിന് ഒരു നേരിയ വിസമ്മതം പോലും പാടില്ല.

നികേഷ് തെറ്റോ ശരിയോ എന്നതല്ല പ്രശ്നം. റിപ്പോര്‍ട്ടര്‍ നല്ല ചാനലാണോ എന്നതുമല്ല പ്രശ്നം. നമ്മുടെ എല്ലാ പ്രശ്നങ്ങളിലും അവര്‍ ഇടപെട്ട് നമ്മേ സഹായിച്ചിട്ടുണ്ടോ എന്നതുമല്ല പ്രശ്നം. ഏതെങ്കിലും ഒരു മാധ്യമത്തിന്റെ ഔദാര്യമല്ല നമ്മുടെ ജനാധിപത്യം. നമ്മുടെ എല്ലാം മൊത്തത്തിലുള്ള രാഷ്ട്രീയ നിലപാടുകളാവണം അത്. നാം സ്വതന്ത്ര ഇന്‍ഡ്യയിലെ പൌരന്‍മാര്‍ സര്‍ക്കാരിനേക്കാള്‍, രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍, മതങ്ങളേക്കാള്‍, ജാതികളേക്കാള്‍, കമ്പനികളേക്കാള്‍, മാധ്യമങ്ങളെക്കാള്‍ ഒക്കെ വളരെ ഉയരത്തിലുള്ളവരാണ്. നാമാവണം അവകളൊക്കെ ഏങ്ങനെ നമ്മേ സേവിക്കണം എന്ന കാര്യം നിര്‍വ്വചിക്കേണ്ടത്. അതിന് ഭരണഘടന പ്രതീക്ഷിക്കുന്ന നിലയില്‍ നാം വളരണം.

ഇപ്പോഴത്തെ പ്രശ്നത്തില്‍ നിന്ന് നികേഷിന് തലയൂരാനായേക്കും. എന്നാലും മൂലധനത്തിന്റെ കുത്തൊഴുക്കില്‍ ഇത്തരം ചെറു ചാനലുകള്‍ പിടിച്ച് നില്‍ക്കില്ല. അവ ഒന്നൊന്നായി അവര്‍ ഏറ്റെടുക്കും. അമേരിക്കയിലേതു പോലെ ഇവിടെയും ഒന്നോ രണ്ടാ മാധ്യമ കോര്‍പ്പറേറ്റുകളാവും മൊത്തം ജനത്തിനും എല്ലാ വിവരങ്ങള്‍ നല്‍കുക. അങ്ങനെയുള്ള ഒരു കാലത്ത് മാധ്യമങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍/വാര്‍ത്തകള്‍ എന്ന മുതലാളിമാരുടെ PR എങ്ങനെ നേരിടണമെന്ന പഠനവും, ജനപ്രതിബന്ധതയുള്ള ബദല്‍ മാധ്യമങ്ങളുടെ നിര്‍മ്മാണവും വികസവും എങ്ങനെ ചെയ്യണമെന്നുള്ള മുന്നൊരുക്കങ്ങളാകണം നാം ഇപ്പോള്‍ മുതല്‍ക്കേ ചെയ്ത് തുടങ്ങേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം.

നമുക്കെല്ലാം വ്യത്യസ്ഥമായ വിശ്വാസങ്ങളും, ഭാഷയും, പ്രദേശവും ഒക്കെയുണ്ട്. അത് നമ്മുടെ വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്ന് പണക്കാരെ അകറ്റി നിര്‍ത്തേണ്ടത് നമ്മുടെയെല്ലാം ആവശ്യമാണ്.

പരാതികള്‍ക്കൊക്കെ നീതി കിട്ടുന്നു എന്ന തോന്നലിനാല്‍ നീതിന്യായ വ്യവസ്ഥയും ഭരണഘടനയും നമ്മേ രക്ഷിച്ചോളും എന്ന് കരുതുന്നത് വ്യാമോഹമാണ്. ജനം കരുതിയിരുന്നില്ലെങ്കില്‍ അടുത്തു തന്നെ അവയും ഇല്ലാതാകും. കേന്ദ്രീകരിച്ച മൂലധനത്തെ തോല്‍പ്പിക്കാനൊന്നിനുമാവില്ല, ജനങ്ങളുടെ തിരിച്ചറിവിനൊഴിച്ച്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

4 thoughts on “നികേഷിനെ പിന്തുണച്ചാല്‍ പൊട്ടക്കിണറ്റിലെ തവളകള്‍ ചിരിച്ച് ചാവുമോ

 1. വളരെ നല്ല ലേഖനം. ഇപ്പോൾ തന്നെ ഒന്നിലധികം വാർത്താ മാധ്യമങ്ങൾ വായിച്ചാലേ ഒരു പരിധി വരെയെങ്കിലും ഒരു നിഗമനത്തിൽ എത്താൻ കഴിയൂ എന്ന അവസ്ഥ ആയിട്ടുണ്ട്‌. ഇപ്പോൾ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് അതാത് മാധ്യമങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് അവരുടെ അഭിപ്രായങ്ങൾ കുത്തി നിരച്ചാണ്. IBN ചാനലിനു പുറകെ സണ്‍ നെറ്റ് വർക്കിനെയും കോർപ്പറേറ്റ് കുത്തകകൾ ഏറ്റെടുക്കാൻ പോകുന്നു എന്നതെല്ലാം ഫഷിസം പിടി മുറുക്കുന്നതിന്റെ സൂചനകൾ തന്നെയാണ്.

 2. ഉള്ളടക്കത്തോടും ഉദ്ദേശ്യശുദ്ധിയോടും അനുഭാവം പുലർത്തിക്കൊണ്ടു പറയട്ടെ, “ഫാസിസം എന്നാല്‍ സ്വകാര്യ മുതലാളിമാര്‍ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ എന്നാണ് അര്‍ത്ഥം” എന്നത് ശരിയല്ല. ഫാസിസത്തെ അതിലളിതവൽക്കരിക്കലും ആഴമില്ലായ്മയെ ദ്യോതിപ്പിക്കലുമാവും അത്.

  1. മറുപടിക്ക് നന്ദി സുഹൃത്തേ.
   സ്വകാര്യ മുതലാളിമാര്‍ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ എന്നത് ലളിത വല്‍ക്കരണമോ, ആഴമില്ലായ്മയോ അല്ല.
   എന്തിന് വേണ്ടിയാണ് ഫാസിസ്റ്റ് സര്‍ക്കാരുണ്ടാകുന്നത്? ജനത്തിന് വേണ്ടിയോ? ജനത്തിന്റെ കഷ്ടപ്പാടിനെ അവര്‍ മുതലെടുക്കുന്നുണ്ട് എന്നത് സത്യമാണ്. പക്ഷേ അവര്‍ നേരിട്ടോ അല്ലാതെയോ പ്രവര്‍ത്തിക്കുന്നത് മൂലധന ശക്തികള്‍ക്ക് വേണ്ടിയാണ്. അങ്ങനെ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ക്കെതിരെ നമ്മുടെ നാട്ടില്‍ കൂടുതല്‍ പ്രതിഷേധങ്ങളുണ്ടാകുന്നതിനാല്‍ ആവാം നമുക്ക് ചിലപ്പോള്‍ ഫാസിസത്തെക്കുറിച്ച് വേറൊരു വീക്ഷണം തോന്നുന്നത്.
   സാമ്പത്തികം എന്ന ഏറ്റവും അടിസ്ഥാന പ്രശ്നത്തെ ലക്ഷ്യം വെച്ചങ്കിലേ ഫാസിസത്തെ തോല്‍പ്പിക്കാനാവൂ. അല്ലെങ്കില്‍ ഭാവിയില്‍ നമ്മളും ഫാസിസ്റ്റുകളായി മാറും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )