പ്രയറീ വോളുകള്‍(Prairie Voles) എന്നൊരു ജീവിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേള്‍ക്കാന്‍ വഴിയില്ല. കാരണം നമ്മുടെ നാട്ടിലുള്ള ജീവിയല്ല അത്. അമേരിക്കയില്‍ കാണപ്പെടുന്ന എലിയേപ്പോലുള്ള ഒരു ചെറിയ സസ്തനികളാണിവ. ഭൂമിക്കടിയിലെ മാളങ്ങളില്‍ താമസിക്കുന്നു. ഇവക്കൊരു പ്രത്യേകതയുണ്ട്. അവ ഒരിക്കലും ഇണ പിരിയാറില്ല എന്നതാണ് ആ പ്രത്യേകത. അതായത് അത് ആദ്യം കണ്ടെത്തുന്ന ഇണയുമായി മരണം വരെ വിശ്വസ്ഥത പുലര്‍ത്തുന്നു. ഇണകളിലൊന്നിന്റെ മരണ ശേഷമോ? ജീവിച്ചിരിക്കുന്ന ഇണ പിന്നീടൊരിക്കലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടില്ല. ഹോ.. എത്ര ആത്മാര്‍ത്ഥമായ ബന്ധം അല്ലേ. കവികളും സാഹിത്യകാരും (പഴയത്. ആധുനികര്‍ ആഭാസകളും ആഭാസന്‍മാരുമാണല്ലോ. പണമാണല്ലോ അവര്‍ക്ക് വലുത്.) കാല്‍പ്പനികതയോടെ വാഴ്ത്തുന്ന ഉദാത്ത ബന്ധം.
അതേ സമയം മനുഷ്യനോ. മജ്ജയെ മരവിപ്പിക്കുന്ന തരത്തിലുള്ള അതിക്രമങ്ങളാണ് നാം മാധ്യമങ്ങളിലൊക്കെ കാണുന്നത്. സമൂഹത്തില്‍ ഉന്നതരെന്ന് കരുതപ്പെടുന്ന, ഉയര്‍ന്ന ജോലിയും സ്ഥാനവുമുള്ള ആളുകള്‍ പോലും അതി ക്രൂരമായ പ്രവര്‍ത്തികള്‍ ചെയ്യുന്നു. ജീവപരിണാമത്തിന്റെ മുത്ത് എന്ന് വിശേഷിപ്പിക്കുന്ന, വലിയ തലച്ചോറുള്ള, മനുഷ്യരെ പോലും നാണിപ്പിക്കുന്ന തരത്തിലെ ‘മഹത്വമാര്‍ന്ന’ ജീവിതം വെറും ‘മൃഗമായ’ ഈ ജീവികള്‍ക്ക് എങ്ങനെയാണ് നയിക്കാനാവുന്നത്?.
അതിന്റെ രഹസ്യം മനസിലാക്കിയാല്‍ മനുഷ്യര്‍ക്ക് അത് ഉപകാരപ്പെട്ടേക്കാം അല്ലേ. സത്യത്തില്‍ അതെല്ലാം മുമ്പ് തന്നെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുള്ള കാര്യമാണ്. അതില്‍ മഹത്വവും ഉദാത്തവുമായി ഒന്നും ഇതിലില്ല. പരിണാമത്തിന്റേയും ന്യൂറോളജിയുടേയും കളികള്‍ മാത്രം.
ലൈംഗിക സദാചാരത്തിന്റെ ശാസ്ത്രം
നമ്മുടെ അനുഭവങ്ങളും ചിന്തകളും പ്രവര്‍ത്തികളുമെല്ലാം അടിസ്ഥാനപരമായി നമ്മുടെ തലച്ചോറിലെ കോശങ്ങളുലൂടെ പായുന്ന സിഗ്നലുകളാണ്. ശരീരം നിര്‍മ്മിക്കുന്ന neurotransmitters എന്ന് വിളിക്കുന്ന ജൈവ രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് സിഗ്നലുകള്‍ സഞ്ചരിക്കുന്നത്. ഈ സിഗ്നലുകള്‍ തലച്ചോറിനകത്ത് പുതിയ ന്യൂറല്‍ സര്‍ക്യൂട്ടുകള്‍ നിര്‍മ്മിക്കുകയോ, ശക്തമാക്കുകയോ, ദുര്‍ബലമാക്കുകയോ, മറ്റ് ന്യൂറോട്രാന്‍സ്മിറ്ററുകളേയും ഹോര്‍മോണുകളേയും ഉത്പാദിപ്പിക്കുകയോ ഒക്കെ ചെയ്യാം. അതില്‍ പ്രധാനപ്പെട്ട ഒരു ഹോര്‍മോണാണ് ഡോപ്പമിന്‍. മുമ്പൊരു ലേഖനത്തില്‍ പറഞ്ഞത് പോലെ (ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ്) ജീവികളില്‍ സന്തോഷവും, സംതൃപ്തിയും നല്‍കുന്ന ഹോര്‍മോണാണ് അത്. തലച്ചോറിലെ ventral tegmental area (VTA) ഭാഗത്താണ് ഡോപ്പമിന്‍ ഉത്പാദിപ്പിക്കപ്പെടുന്നത്.
തലച്ചോറിലെ പരിശോധകന്‍
തലച്ചോറിനകത്ത് ഒരു പരിശോധകനുണ്ട്, ഒരു സമ്മാന സംവിധാനം (Reward system). സമ്മാനം(Reward) എന്നാല്‍ സംത്രപ്തിക്ക് നല്‍കുന്ന മാര്‍ക്ക് എന്ന് കരുതാം. ഒരു സിഗ്നല്‍ എത്രമാത്രം ഡോപ്പമിന്‍ ഉത്പാദിപ്പിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്ക്. എത്രമാത്രം സംതൃപ്തി കിട്ടി എന്നര്‍ത്ഥം. അതായത് ഡോപ്പമിന്റെ കൂടിയ ഉത്പാദനം കൂടുതല്‍ സംതൃപ്തിയും അതുവഴി കൂടുതല്‍ മാര്‍ക്കും നേടും.
വരുന്ന എല്ലാ സിഗ്നലുകളേയും പരിശോധിച്ച് മാര്‍ക്കിട്ട്, ആ വിവരം പട്ടികയായി സൂക്ഷിക്കുകയാണ് പരിശോധകന്റെ ജോലി. തലച്ചോറിലെ mesolimbic dopamine system ല്‍ ആണ് ഈ പരിശോധകന്‍ സ്ഥിതിചെയ്യുന്നത്. vasopressin, oxytocin, dopamine, corticosterone എന്ന 4 പ്രധാന ന്യൂറോ ട്രാന്‍സ്മിറ്ററുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സംതൃപ്തിക്ക് കാരണമയ ഉത്തേജനത്തെ VTA-NAc എന്ന ഈ സര്‍ക്യൂട്ട് കണ്ടെത്തി അതിന് ഒരു സമ്മാനവും(മാര്‍ക്ക്) നല്‍കി ആ ഉത്തേജനത്തിന്റെ പേരില്‍ രേഖപ്പെടുത്തും.. ഉത്തേജനം എന്നതുകൊണ്ട് ഡോപ്പമിന്റെ ഉത്പാദനത്തിന് കാരണമായ സംഭവത്തെയാണ് ഉദ്ദേശിക്കുന്നത്.
സാധാരണ ആഹാരം, ലൈംഗികവേഴ്ച്ച എന്നിവക്കാണ് ഏറ്റവും അധികം ഡോപ്പമിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുക. പരിണാമപരമായ കാരണത്താലാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. (ഡാര്‍വിനോ നമ:) എന്നാല്‍ ഹെറോയിന്‍ പോലുള്ള മയക്ക് മരുന്നുകള്‍ക്കും ഉയര്‍ന്ന തോതില്‍ ഡോപ്പമിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. കൂടാതെ ചീട്ട് കളി പോലുള്ള പ്രവര്‍ത്തികളും ഡോപ്പമിന്‍ ഉത്പാദിപ്പിക്കും. തലച്ചോറിനുള്ള പ്ലാസ്റ്റികത, അതായത് രൂപമാറ്റം നടത്താനുള്ള കഴിവ്, കാരണം ഓരോ തലച്ചോറിനും സ്വന്തമായി സാഹചര്യമനുസരിച്ച് അവനവന്റേതായ കൂടുതല്‍ ഡോപ്പമിന്‍ നല്‍കുന്ന അനുഭവങ്ങള്‍ കണ്ടെത്താനാവും.
സമ്മാന സംവിധാനം മാര്‍ക്കിടുന്ന എല്ലാ സംഭവങ്ങളും, അതുമായി ബന്ധപ്പെടുത്തി അതിന്റെ മാര്‍ക്കും തലച്ചോര്‍ ഓര്‍മ്മയില്‍ ഒരു പട്ടികയായി സൂക്ഷിക്കുന്നുണ്ട്. സംഭവം എന്ന് പറയുമ്പോള്‍ ആ ഉത്തേജനവും, പരിസ്ഥിതിയും, ചുറ്റുപാടും, കാഴ്ച്കളും, നിറം, മണവും തുടങ്ങി പഞ്ചേന്ദ്രിയങ്ങളില്‍ നിന്ന് കിട്ടുന്ന മുഴുവന്‍ വിവരങ്ങളും ആണ്. ഇതില്‍ പലതും നമ്മുടെ ബോധ മനസ് തിരിച്ചറിയുന്നുണ്ടാവില്ല. (ബോധമനസിന് കിട്ടുന്ന സ്ഥലത്തല്ല ഇത്. കാണുക – താങ്കള്‍ക്കെത്ര ബോധമുണ്ട്.)
വ്യായാമവും പേശീബലവും
നാം വ്യായാമം ചെയ്യുമ്പോള്‍ രക്തം കൂടുതല്‍ അതത് പേശികളേക്ക് കൂടുതല്‍ ഒഴുകുന്നു എന്ന് നമുക്ക് അറിയം. പേശിയിലേക്ക് കൂടുതല്‍ രക്തം അതായത് പോഷകങ്ങള്‍ എത്തുന്നതിനാല്‍ അതിന് ആരോഗ്യവും ശക്തിയും കൂടും.
തലച്ചോറും ഒരു വലിയ പേശിയാണ്. പക്ഷേ അവിടെ ന്യൂറല്‍ സര്‍ക്യൂട്ടുകളാണ് പ്രവര്‍ത്തിയെടുക്കുന്നത്. അവയെക്കൊണ്ട് ജോലി കൂടുതല്‍ ചെയ്യിപ്പിച്ചാല്‍ അവിടേക്ക് രക്തത്തിലൂടെ കൂടുതല്‍ പോഷകങ്ങളെത്തുകയും അവക്ക് ശക്തി കൂടുകയും ചെയ്യും. അതായത് ഉത്തേജനം വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍, അതേ ന്യൂറല്‍ സര്‍ക്യൂട്ടുകള്‍ വീണ്ടും പ്രവര്‍ത്തിക്കപ്പെടുന്നതാനാല്‍ അവയുടെ ശക്തി കൂടും എന്ന് സാരം. ഉത്തേജനവും അതിന് കരണമാകുന്ന സംഭവവും തമ്മിലുള്ള ബന്ധം മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ശക്തമായി തലച്ചോറിലെ സമ്മാന സംവിധാനം രേഖപ്പെടുത്തും. അതായത് ആവര്‍ത്തനം മൂലം ആ സംഭവത്തിന്റെ മാര്‍ക്ക് കൂടിക്കൊണ്ടിരിക്കും. കൂടുതല്‍ കൂടുതല്‍ പ്രീയപ്പെട്ടതാകും.
പ്രയറീ വോളുകളിലേക്ക് ഇനി നമുക്ക് തിരിച്ച് വരാം
തലച്ചോറിലെ ഈ സമ്മാന സംവിധാനം കാരണം പ്രയറീ വോളുകള്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ആ ഇണകളുടെ തലച്ചോറില്‍ ഉയര്‍ന്ന തോതില്‍ ഡോപ്പമിന്‍ ഉത്പാദിപ്പിക്കപ്പെടും. പരിശോധകന്‍ അതിന് മാര്‍ക്കിട്ട് സൂക്ഷിമ്പോള്‍ ആ സംഭവുമായി ബന്ധമുള്ള എല്ലാ കാര്യങ്ങളും കൂടി സൂക്ഷിക്കുമെന്ന് മുമ്പ് പറഞ്ഞല്ലോ. അതില്‍ ഏറ്റവും പ്രധാനമായത് ഇണ എന്ന രണ്ടാമത്തെ ജീവിയാണ്. അതിനാല്‍ മറ്റുള്ള പ്രയറീ വോളുകളേക്കാള്‍ അതിന്റെ പങ്കാളി കൂടുതല്‍ പ്രീയപ്പെട്ടതായി മാറുന്നു. തന്റെ ഇണയുമായല്ലാതെ ഒരു ബന്ധമുണ്ടാക്കാന്‍ ഈ സമ്മാന സംവിധാനം പ്രോത്സാഹനം നല്‍കാത്തതിനാല്‍ വേറെ ബന്ധങ്ങളൊന്നും ഉണ്ടാകുന്നുമില്ല. ഇണകളിലൊന്ന് മരിച്ചാലും ജീവിച്ചിരിക്കുന്ന ഇണക്ക് പുതിയ ബന്ധമുണ്ടാക്കുന്നതില്‍ നിന്ന് തടയുന്നതും ഈ സമ്മാന സംവിധാനമാണ്.
മണ്ണിരകളിലും ഈച്ചകളിലും കാക്കകളിലും ഒക്കെ സമ്മാന സംവിധാനം കാണപ്പെടുന്നുണ്ട്. ഏകദേശം 100-200 കോടി കൊല്ലങ്ങള്‍ക്ക് മുമ്പാണ് ചില ജീവികളില്‍ ഈ വ്യൂഹം പരിണമിച്ചതെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതാണ് പ്രയറീ വോളുകളുടെ ലൈംഗിക സദാചാരത്തിന്റെ രഹസ്യം.
മനുഷ്യനും പ്രയറീ വോളുകളും
വലിയ തലച്ചോറ് കാരണം മനുഷ്യ കുഞ്ഞ് പൂര്‍ണ്ണമായി വളര്‍ച്ചയെത്തായാണ് ജനിക്കുന്നത്. കുറഞ്ഞത് 4,5 വര്‍ഷം മുതിര്‍ന്നവരുടെ സഹായമുണ്ടെങ്കുിലേ അവന് ജീവന്‍ നിലനിര്‍ത്താനാകൂ. അതുപോലെ സഹായത്തിന് ഒരാള്‍ കൂടെയുള്ളതും നല്ലതാണല്ലോ. പ്രയറീ വോളുകളുകളുടെ തലച്ചോറിലുള്ള അതേ സര്‍ക്യൂട്ടുകളും അതേ ന്യൂറോ ട്രാന്‍സ്മിറ്റര്‍ രാസവസ്തുക്കളും നമ്മുടെ തലച്ചോറിലുമുണ്ട്. അതുകൊണ്ട് പ്രയറീ വോളുകളുടെ തലച്ചോറിലുണ്ടായതു പോലുള്ള അടയാളപ്പെടുത്തല്‍ മനുഷ്യന്റെ തലച്ചോറിലും ഉണ്ടാകുന്നുണ്ട്. ആവര്‍ത്തിക്കപ്പെടുന്നത് വഴി ആ അടയാളപ്പെടുത്തല്‍ കൂടുതല്‍ ശക്തമാകുകയാണ്. അങ്ങനെ പരിണാമ സിദ്ധാന്തപ്രകാരം മനുഷ്യവംശത്തില്‍ ഈ സ്വഭാവമുള്ള മനുഷ്യ സ്പീഷീസുകളേ നിലനിന്നുള്ളു. പിന്നീട് മനുഷ്യ സമൂഹം സങ്കീര്‍ണ്ണമായി. അപ്പോഴും അതത് കാലത്ത് ശക്തമാകുന്ന ആശയസിദ്ധാന്തങ്ങള്‍ അവരുടെ അറിവിന്റെ പരിധിയില്‍ നിന്നുകൊണ്ട് നിലനില്‍പ്പിന്റെ അടിസ്ഥാനമായ ഈ സിദ്ധാന്തങ്ങളെ നിയമങ്ങളുപയോഗിച്ച് നടപ്പാക്കി പോന്നു. സദാചാരമെന്ന് അതിനെ നാം വിളിക്കുന്നു.
ഭാഗം 1: സദാചാരം എങ്ങനെയുണ്ടായി
തുടരും …
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
പ്രയറീ വോളുകള്‍ ആദ്യമായിട്ട് കേള്‍ക്കുന്ന അറിവാണെട്ടോ ,,ഈ അറിവുകള്‍ സദാചാരം വിളമ്പുന്നവരുടെ തലയില്‍ തന്നെ കടത്തിവിടാന്‍ വല്ല വഴിയും ഉണ്ടോ ?
പ്രയറീ വോളുകള്‍ മാത്രമല്ല മനുഷ്യരുള്‍പ്പടെ ധാരാളം ജീവികള്‍ ഇത്തരക്കാരാണ്.
അറിവുകള്‍ കടത്തിവിടുക എന്നതാണ് ഏറ്റവും വിഷമകരമായ കാര്യം. നമുക്ക് ചുറ്റുമുള്ളവരിക്ക് പങ്ക് വെക്കുക. അത് മാത്രമേയുള്ളു ഒരു വഴി.
മറുപടി എഴുതിയതിന് നന്ദി