മരം നട്ടാല്‍ തീരുന്ന പ്രശ്നമല്ല ഇത്

ഹോ… എന്തൊരു ചൂട് എന്ന് പറയാത്തവരാരും ഇപ്പോള്‍ നാട്ടിലുണ്ടാവില്ല. അസഹനീയമായ ചൂടാണ്. മുമ്പ് മറ്റ് സംസ്ഥാനങ്ങളില്‍ സംഭവിച്ചിരുന്നത് പോലെ സൂര്യാഘാതമേറ്റ് കേരളത്തിലും ആളുകള്‍ മരിച്ചു തുടങ്ങി. അതേ സമയം വികസനത്തിന്റെ പേരില്‍ കാട് വെട്ടിത്തെളിക്കുകയും കുന്നുകള്‍ ഇടിച്ച് നിരത്തുകയും ചെയ്യുന്നത് നാം എപ്പോഴും കേള്‍ക്കുന്ന വാര്‍ത്തയാണ്. കുടിയേറ്റ കര്‍ഷകര്‍ കൃഷിയുടെ പേരില്‍ വന്‍തോതില്‍ മുഴുവന്‍ ജനങ്ങളുടേയും സ്വത്തായ കാട് വെട്ടിനശിപ്പിച്ച് ഭൂമി സ്വന്തമാക്കുന്നു.

ഇതിനാലൊക്കെ സമൂഹത്തിലെ മൊത്തമാളുകളുടേയും ശ്രദ്ധ ചൂടുകൂടുന്നതിനെക്കിറിച്ചും പരിസ്ഥിതി നാശത്തെക്കുറിച്ചുമൊക്കെ ഉണ്ടായിട്ടുണ്ട്. പരിസ്ഥിതി സംഘടനകളും വ്യക്തികളും, സര്‍ക്കാര്‍ വകുപ്പുകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, മത സംഘടനകള്‍, ക്ലബ്ബുകള്‍ തുടങ്ങി സകലരും ഭൂമിയെ തണുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അതില്‍ ഏറ്റവും പ്രചാരമുള്ളത് മരത്തൈകള്‍ നടുന്നതാണ്. കാടിനെക്കുറിച്ചുള്ള ഗ്രഹാതുരത്വം കൊണ്ടോ മരം നമുക്ക് തണല്‍ തരുന്നു എന്ന വ്യക്തിപരമായ അനുഭവത്താലോ ആകാം ഇത്. എന്തായാലും സകലരും തച്ചിന് മരത്തൈ വെക്കുകയാണ്.

മരം വെച്ചാല്‍ ചൂടു കുറയുമോ?

മരം തണലും തണുപ്പും നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലാത്ത കാര്യമാണ്. അതൊരു air cooler പോലെയാണ്. സൂര്യപ്രകാശം കഴിവതും മണ്ണിലോ, സിമന്റിലോ, ടാറിലോ അടിക്കാതെ ഇലകളില്‍ അടിക്കുന്ന രീതിയില്‍ നമുക്ക് ചുറ്റുപാടിനെ മാറ്റാന്‍ കഴിഞ്ഞാല്‍ നഗരത്തിലെ താപ ദ്വീപ് എന്ന പ്രതിഭാസം ചെറുതാക്കാനും അതുവഴി അവിടുത്തെ അതിരൂക്ഷമായ ചൂടും ഇല്ലാതാക്കാനും കഴിയും.

എന്നാല്‍ നഗരത്തില്‍ മാത്രമല്ല ചൂടുകൂടുന്നത്. കോണ്‍ക്രീറ്റും ടാറും ഇല്ലാത്ത കുഗ്രാമങ്ങളിലും താപനില സഹിക്കാന്‍ പറ്റാത്ത വിധം കൂടുന്നു. എന്നാല്‍ നാം ഇപ്പോള്‍ അനുഭവിക്കുന്ന തീവൃ കാലാവസ്ഥക്ക് മറ്റ് കാരണങ്ങളുമുണ്ട്. കാലാവസ്ഥാ മാറ്റമെന്ന് പൊതുവില്‍ പറയുന്ന ആഗോളതപനത്തിന്റെ പാര്‍ശ്വഫലമാണ് ഈ അത്യുഷ്ണം. അത്യുഷ്ണം മത്രമല്ല തീവൃകാലാവസ്ഥ. അത് പേമാരിയും, കൊടുംകാറ്റും വരള്‍ച്ചയും ഒക്കെയാണ്. പണ്ട് കാലത്ത് അപൂര്‍വ്വങ്ങളായി സംഭവിച്ചിരുന്ന ഈ തീവൃകാലാവസ്ഥ ഇനി ഒരു സാധാരണ സംഭവമാകും. വര്‍ഷം തോറും അതിന്റെ ശക്തി കൂടിവരും. മഴകിട്ടുന്ന സ്ഥലങ്ങളില്‍ മഴയില്ലാതെയാവും മരുഭൂമിയില്‍ മഴ പെയ്യും. കാലാവസ്ഥയുടെ താളം മൊത്തത്തില്‍ തെറ്റും.

എന്തുകൊണ്ട് കാലാവസ്ഥ മാറുന്നു

ഹരിതഗ്രഹവാതകങ്ങള്‍ എന്ന് വിളിക്കുന്ന ചില വാതകങ്ങള്‍ ഭൂമിക്ക് ചുറ്റും ഒരു പുതപ്പ് പോലെ വര്‍ത്തിച്ച് ഭൂമിയിലെ ചൂട് പുറത്ത് പോകാതെ തടയുന്നതിനാലാണ് ഭൂമിയുടെ ശരാശരി താപനില കൂടുന്നത്. ആഗോളതപനം എന്ന് ഇതിനെ നാം വിളിക്കുന്നു. അത് ഈ അത്യുഷ്ണമല്ല. എന്നാല്‍ ആ മാറ്റം കാലാവസ്ഥയില്‍ വളരെ വലിയ ആഘാതമാണ് ചെയ്യുന്നത്. നിറവും മണവും ഇല്ലാത്ത കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2), മീഥേന്‍, നൈട്രജന്‍ ഓക്സൈഡുകള്‍, ഫ്രിഡ്ജിലും ഏസിയിലും ഉപയോഗിക്കുന്ന വാതകങ്ങള്‍ എന്തിന് നീരാവി പോലും ഇതില്‍ ഉള്‍പ്പെടും. (ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗോളതപനം, കാലാവസ്ഥാമാറ്റം തുടങ്ങിയ വിഭാഗങ്ങള്‍ കാണുക.)

ഭൂമിയില്‍ സുസ്ഥിരമായ ഒരു കാലാവസ്ഥ പ്രദാനം ചെയ്യുന്നതില്‍ ഹരിതഗ്രഹവാതകങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ആ പുതപ്പ് ഇല്ലായിരുന്നെങ്കില്‍ ഭൂമിയില്‍ വലിയ തണുപ്പായേനെ. പക്ഷേ ഇപ്പോള്‍ പ്രശ്നം ആ പുതപ്പിന്റെ കട്ടി കൂടുന്നതാണ്. ഊര്‍ജ്ജോല്‍പ്പാദനം, വ്യാവസായിക കൃഷി, വനനശീകരണം, വ്യവസായം, ഗതാഗതം എന്നിവയാണ് ഹരിതഗ്രഹവാതകങ്ങളുടെ പ്രധാന സ്രോതസ്സുകള്‍. അതില്‍ വനനശീകരണം പ്രധാനമായും നടത്തുന്നത് കൃഷിക്ക് വേണ്ടിയാണ്.

epa.gov

അങ്ങനെ വ്യവസായവല്‍ക്കരണത്തിന് ശേഷം കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 280 ppm ല്‍ നിന്ന് 404 ppm ലേക്ക് വര്‍ദ്ധിച്ചു. ഇതില്‍ ഏറ്റവും വലിയ പ്രശ്നം കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ വന്‍തോതില്‍ കത്തിക്കുന്നതാണ്. 1760കള്‍ മുതല്‍ക്കുള്ള ഈ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പ്രതിവര്‍ഷം 2 ppm എന്ന തോതിലാണ് CO2 അന്തരീക്ഷത്തിലേക്ക് തള്ളുന്നത്.

കാടും ഒറ്റപ്പെട്ട മരവും

സസ്യങ്ങള്‍ ജീവിക്കാനും വളരാന്‍ വേണ്ടി അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ സ്വീകരിച്ച് ഓക്സിഡന്‍ പുറത്തുവിടുമല്ലോ. അപ്പോള്‍ മരം വെച്ചാല്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കുറയേണ്ടേ എന്ന സംശയമുണ്ടാക്കാം. അതുപോലെ വനനശീകരരണത്തെക്കുറിച്ച് വ്യാകുലരായ ആളുകളെ സംബന്ധിച്ചടത്തോളം പകരം മരം വെക്കുക എന്നത് ഒരു പരിഹാരമായി തോന്നും. എന്നാല്‍ കാടും മരവും തമ്മില്‍ വ്യത്യാസമുണ്ട്. കാട് ശരിക്കും കാര്‍ബണ്‍ സംഭരണിയാണ്. വളരെ വലിയ മരങ്ങള്‍ മുതല്‍ കുറ്റിക്കാടും പുല്ലുകള്‍ വരെയുള്ള ജൈവവ്യവസ്ഥയാണത്. കരീല ഉള്‍പ്പടെയുള്ള ജൈവാവശിഷ്ടങ്ങള്‍ അവിടെ കിടന്ന് ജീര്‍ണിച്ച് പുതിയ സസ്യങ്ങള്‍ക്ക് വളമാകുന്നു. എന്നാല്‍ കാടുകള്‍ വെട്ടി നശിപ്പിക്കുന്നതിന് പകരം ഒറ്റപ്പെട്ട മരം വെച്ചതുകൊണ്ട് കാടിന്റെ ഗുണം കിട്ടില്ല. മരത്തില്‍ നിന്ന് വീഴുന്ന ഇലകള്‍ പോലും മണ്ണില്‍ ചേരാന്‍ അനുവദിക്കാതെ ആളുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് വേനല്‍കാലത്ത് പോലും നമ്മുടെ നാട്ടില്‍ കാണുന്ന ഒരു കാഴ്ചയാണ്.

പുറത്തുനിന്നുള്ള കാര്‍ബണ്‍

കാര്‍ബണ്‍ പല രൂപത്തില്‍ പ്രകൃതിയില്‍ കാണപ്പെടുന്നുണ്ട്. CO2 അതിന്റെ വാതക അവസ്ഥയിലും സസ്യ-ജന്തുജാലങ്ങളില്‍ അത് ഖരാവസ്ഥയിലും, കടലില്‍ ലയിച്ച് ചേര്‍ന്ന് ദ്രാവകമായി, തണുത്ത മഞ്ഞില്‍ മീഥേന്റെ permafrost മണ്ണായും കാണപ്പെടുന്നു.

അതിനെക്കുറിച്ച് നമുക്ക് ഒരു ചിന്താ പരീക്ഷണത്തം നടത്താം. നമ്മുടെ അന്തരീക്ഷത്തില്‍ CO2 ന്റെ രൂപത്തില്‍ 2 ടണ്‍ കാര്‍ബണും സസ്യങ്ങളില്‍ 1 ടണ്‍ കാര്‍ബണും ഉണ്ട് എന്ന് കരുതുക. അങ്ങനെ മൊത്തം 3 ടണ്‍. നാം വികസത്തിന്റെയും മറ്റും പേരില്‍ കുറച്ച് മരം വെട്ടി കാട് വെളുപ്പിച്ചു. വെട്ടിയ മരം കത്തിയും ജീര്‍ണ്ണിച്ചും കാര്‍ബണ്‍ വീണ്ടും അന്തരീക്ഷത്തിലെത്തി CO2ന്റെ അളവ് 2.5 ടണ്‍ ആക്കി. ഈ അവസരത്തില്‍ നാം വീണ്ടും അത്രതന്നെ കാട് സ്വാഭാവികമായി സൃഷ്ടിച്ചാല്‍ CO2ന്റെ അളവ് 2 ടണ്‍ ആയി കുറക്കാനാവും.

ഇതാണ് സാധാരണയുള്ള കാര്‍ബണ്‍ ചക്രം. ഒരു നിശ്ഛിത അളവ് വാതകമായി അന്തരീക്ഷത്തിലും ഒരു നിശ്ഛിത അളവ് ഖരാവസ്ഥയിലും എപ്പോഴും നിലനില്‍ക്കും. ഒരു സന്തുലിതാവസ്ഥ നിലനില്‍ക്കുന്നു എന്ന് സാരം.

പക്ഷേ നാം അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ പുറത്തുനിന്ന് പമ്പ് ചെയ്യുകയാണെങ്കുലോ? നാം അന്തരീക്ഷത്തിലേക്ക് എല്ലാ ദിവസവും 1 കിലോ വീതം പുറത്തുനിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് തള്ളിയാല്‍ കാലക്രമേണ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 2 ടണ്‍ എന്നത് 3 ആകും 4 ആകും.. അങ്ങനെ മരം വെച്ചാലും ഇല്ലെങ്കിലും അത് കൂടിക്കൊണ്ടിരിക്കും. കാരണം അധികം വന്നു ചേരുന്ന കാര്‍ബണ്‍ നമ്മുടെ മൊത്തം 3 ടണ്‍ എന്ന് ആദ്യത്തെ കണക്കില്‍ പെടാത്തതാണല്ലോ.

wikimedia.org

ഭൂമിയുടെ അന്തരീക്ഷം, അതിന്റെ ഉപരിതലം ഏന്നീ വ്യവസ്ഥകളെയാണല്ലോ നാം ഇവിടെ പരിഗണിച്ചത്. എന്നാല്‍ അതിന്റെ ഭാഗമല്ലാത്ത ഭൂഗര്‍ഭ വ്യവസ്ഥയെയാണ് പുറത്തുനിന്ന് എന്നതുകൊണ്ട് ഉദ്ദേശിച്ചത്. അവിടെ നമ്മുടെ കോടിക്കണക്കിന് വര്‍ഷങ്ങള്‍ങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന സസ്യങ്ങളുടേയും ജന്തുക്കളുടേയും അവശിഷ്ടങ്ങള്‍ മാറ്റങ്ങള്‍ സംഭവിച്ച് ഫോസില്‍ ഇന്ധനങ്ങളായി കിടപ്പമുണ്ട്. അവ നമ്മുടെ ഇപ്പോഴത്തെ വ്യവസ്ഥയുമായി ബന്ധമില്ല. എന്നാല്‍ അത് കുഴിച്ചെടുത്ത് കത്തിക്കുമ്പോള്‍ നാം സന്തുലിതാവസ്ഥ തകര്‍ത്ത്, നമ്മുടെ പരിസ്ഥിതിയുടെ രാസഘടന വളരെ വലിയ തോതില്‍ മാറ്റുകയാണ് ചെയ്യുന്നത്.

ഒരു ദിവസം നാം 2.2 കോടി ടണ്‍ കല്‍ക്കരിയും 9.27 ബാരല്‍ എണ്ണയും ആണ് കത്തിക്കുന്നത്. ആ പ്രവര്‍ത്തി അനസ്യൂതം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മരം വെച്ചതുകൊണ്ട് കാര്യമായ ഗുണമൊന്നും കിട്ടാന്‍ പോകുന്നില്ല. മരത്തിന് കൂടി വന്നാല്‍ പണ്ടത്തെ സന്തുലിതാവസ്ഥയുണ്ടായിരുന്ന കാലത്തെ CO2വില്‍ കുറച്ച് സംഭരിക്കാം. പക്ഷേ നാം ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയുണ്ടാകുന്ന CO2വിനെ എങ്ങനെ തിരിച്ചെടുക്കും? ഭൂമി മുഴുവന്‍ മരം വെച്ചാലും അത് സാദ്ധ്യമല്ല. അതുകൊണ്ട് ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിന്റെ അളവ് കുറക്കുക എന്നതാണ് ഏറ്റുവും പ്രധാനപ്പെട്ട കാര്യം. ഒരു തുള്ളി എണ്ണയും, ഒരു തരി കല്‍ക്കരിയും പോലും ഇനി ഖനനം ചെയ്യരുത് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

മരം നടലിന്റെ ദൂഷ്യ ഫലം

അതത് നാടിന്റെ തനതായ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല. അത് നല്ലതാണ്. നാം അത് ചെയ്യണം. പക്ഷെ അത് നാം ശ്രദ്ധിക്കാത്ത മറ്റ് ചില കുഴപ്പങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

നടാനുള്ള മരത്തൈ മിക്കപ്പോഴും നഴ്സറികളില്‍ വളര്‍ത്തുന്നവയാണ്. അത് പിന്നീട് ലോറികളില്‍ കയറ്റി പരിപാടി സ്ഥലങ്ങളിലെത്തിക്കുന്നു. ഈ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനുള്ള വിശിഷ്ടാഥിതികള്‍ മിക്കപ്പോഴും വളരെ ദൂരം എണ്ണ കുടിയന്‍മാരായ SUV കാറുകളുലോ, വിമാനങ്ങളിലോ യാത്ര ചെയ്താവും എത്തുക. പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകളും അവിടെയെത്തുക എണ്ണ കത്തിച്ചാണ്. കൂടാതെ അതിന്റെ പ്രചരണം, നടത്തിപ്പ് ഇതിനൊക്കെ മുമ്പ് പറഞ്ഞ ഫോസിലിന്ധങ്ങള്‍ കത്തിക്കണം. ഫലമോ ഈ പരിപാടി കാരണം തന്നെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിച്ചു.

മരത്തിന് ജീവനുള്ള കാലം വരെ അത് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുക്കും. പക്ഷെ അത് മരിച്ചാലോ. വലിച്ചെയുത്ത കാര്‍ബണ്‍ ഡൈ ഓക്സൈഡ് വീണ്ടും തിരിച്ച് അന്തരീക്ഷത്തിലെത്തും. അപ്പോള്‍ ഈ വെച്ച മരത്തൈ എത്രകാലം ജീവിച്ചിരിക്കും എന്നതിനെക്കുറിച്ച് എന്തെങ്കിലും പഠനം നടന്നിട്ടുണ്ടോ? ഒരു 10% മരത്തൈകള്‍ പോലും 5 വര്‍ഷം ജീവിച്ചിരിക്കുമോ എന്ന് സംശയമാണ്. എല്ലാ വര്‍ഷവും പരിസ്ഥിതി വിശേഷ ദിനങ്ങളില്‍ എപ്പോഴും മരത്തൈ നടല്‍ വലിയ ചടങ്ങാണ്. ഇപ്പോള്‍ ഈ വേനല്‍ കാലത്ത് മാത്രമാണ് ആദ്യമായി വിശേഷദിവസമല്ലാതെ വന്‍തോതില്‍ മരത്തൈ നടല്‍ വാര്‍ത്ത കേള്‍ക്കുന്നത്. കടുത്ത വേനല്‍കാലത്ത് മരത്തൈ നടുന്നതിന്റെ ഔചിത്യം തീരെ മനസിലാവുന്നില്ല. മഴക്കാലത്തോ, ഈര്‍പ്പവും തണുപ്പുമുള്ള കാലത്താണ് മരം നടാനുള്ള നല്ല സമയം.

കൈ നനയാതെയുള്ള മീന്‍പിടുത്തം

എന്നാല്‍ മരം നടല്‍ പരിപാടി ഇതിലേക്കാള്‍ വലിയ ഒരു ദൂഷ്യ ഫലം ചെയ്യുന്നുണ്ട്. യഥാര്‍ത്ഥ പ്രശ്നങ്ങളെ തൊടുകപോലും ചെയ്യാതെ എന്നാല്‍ നാം എന്തൊക്കെയോ ചെയ്തന്ന് വരുത്തിത്തീര്‍ത്ത് സംതൃപ്തിയുണ്ടാക്കുന്ന പ്രവണതയുടെ ഒന്നാതരം ഉദാഹരണമാണ് മരം നടല്‍.

Nature Climate Change എന്ന ജേണലിന്റെ പഠന പ്രകാരം ഇന്ന് ലോകത്തിലെ 40% ആളുകളും കാലാവസ്ഥാമാറ്റം എന്ന വാക്ക് പോലും കേട്ടിട്ടില്ലാത്തവരാണ്. (24×7 മാധ്യമങ്ങള്‍ക്ക് നന്ദി). പ്രശ്നങ്ങള്‍ക്ക് പരിഹാരം സാങ്കേതിക വിദ്യ കണ്ടെത്തിക്കോളും എന്ന് കരുതിയിരിക്കുന്നവരാണ് ബാക്കിയുള്ള 60% പേരില്‍ വലിയൊരളവ് ആളുകള്‍. സിനിമയും, പാട്ടും, നൃത്തവും, കോമഡിയും, ടെലിവിഷനുമൊക്കെ കിണഞ്ഞ് ശ്രദ്ധാമാറ്റം നടത്തിയിട്ടും ഒരു ചെറിയ കൂട്ടം ആളുകള്‍ പരിസ്ഥിതി നാശത്തിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരെ ശരിയാ പ്രശ്നത്തിന് പരിഹാരം കാണാതെ വഴിതിരിച്ച് വിടുകയാണ് മരം വെക്കല്‍ ചെയ്യുന്നത്.

ദാഹിക്കുന്ന പക്ഷിക്ക് ഒരു പാത്രം വെള്ളം കൊടുക്കുക എന്ന പേരിലെ ഒരു ചിത്രം (ആന്റീ)സോഷ്യല്‍ മീഡിയകളില്‍ സ്ഥിരം കറങ്ങി നടക്കുന്ന ഒന്നാണ്. മരമെല്ലാം വെട്ടി പറമ്പ് മുഴുവന്‍ കോണ്‍ക്രീറ്റ് പാകി, കാറും, എസിയും, വര്‍ഷം തോറും പുതിയ മൊബൈല്‍ ഫോണും ഒക്കെ വാങ്ങിക്കൂട്ടി മാധ്യമങ്ങിലൂടെ പ്രചരിക്കുന്ന കൃത്രിമ ജീവിതം നയിക്കുന്നവര്‍ക്കുള്ള ഒരു രക്ഷപെടലാണത്. നാം എന്ത് ചെയ്താലും കുഴപ്പമില്ല ഒരു പാത്രം വെള്ളം പുറത്തുവെച്ചാല്‍ മതി. എന്റെ ജോലി കഴിഞ്ഞു എന്ന സംതൃപ്തി മനസിലുണ്ടാവും. ഇത്തരം പ്രചരണങ്ങള്‍ സ്വാഭാവികമായുണ്ടാവുന്നതല്ല. ജനങ്ങളെ മണ്ടന്‍മാരാക്കാന്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടവയാണ് അവ. അതറിയാതെ നമ്മളും അത്തരം ചിത്രങ്ങള്‍ പങ്കുവെക്കുന്നു. സമൂഹവും പ്രകൃതിയും വളരെ സങ്കീര്‍ണമായ വ്യവസ്ഥകളാണ്. അതില്‍ എന്തെങ്കിലും ഞൊടുക്ക് വേലകള്‍കാട്ടി അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താം എന്ന് കരുതുന്നത് വ്യാമോഹമാണ്.

മരം നടലും അത്തരം തട്ടിപ്പ് പ്രവര്‍ത്തനമാണ്. പ്രശ്നങ്ങളെക്കുറിച്ച് അല്‍പ്പമെങ്കിലും ബോധമുള്ളവരെ ശരിയായ പരിഹാരം ചെയ്യുന്നതില്‍ നിന്ന് ഇത് തടയുന്നു. നിഷ്കളങ്കരായ ജനങ്ങളും ഇത്തരം പരിപാടികള്‍ നടത്തുന്നവരും എന്തോ മഹത്തായ പരിപാടി തങ്ങള്‍ ചെയ്തു എന്ന ബോധത്തില്‍ സായൂജ്യമടയുമ്പോള്‍ യഥാര്‍ത്ഥ പ്രശ്നത്തെക്കുറിച്ചുള്ള അവരുടെ ബോധത്തെ മുളയിലേ നുള്ളിക്കളയുകയാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 350 ppm ന് താഴെ നിര്‍ത്തിയാലേ ഭൂമിയില്‍ ജീവികള്‍ക്ക് ജീവിക്കാനുള്ള സുസ്ഥിരമായ കാലാവസ്ഥയുണ്ടാകൂ എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതുകൊണ്ട് നാം അനുഭവിക്കുന്ന അത്യുഷ്ണം എന്ന തീവൃകാലാവസ്ഥ ഇല്ലാതാക്കണമെങ്കില്‍ CO2 ന്റെ അളവ് 350 ppm ന് താഴെ കൊണ്ടുവരണം. അതുകൊണ്ട് പരിഹാരം എന്നത് ആ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ എത്താതെ തടയുക എന്നതാണ്. അതിന് എന്തൊക്കെ ചെയ്യാനാവും എന്നാണ് നാം ആലോചിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും.

എന്താണ് പരിഹാരം

ഫോസിലിന്ധങ്ങളില്‍ അടിസ്ഥാനമായ സമ്പദ്‌വ്യവസ്ഥയാണ് നമുടേത്. നാം എന്ത് ചെയ്താലും അതിന് തുല്യമായി ഒരളവ് ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കപ്പെടും. അതുകൊണ്ട് സമ്പദ്‌വ്യവസ്ഥയെ ഫോസിലിന്ധനങ്ങളില്‍ നിന്ന് മോചിപ്പിക്കണം. വ്യക്തിപരമായി ചെയ്യാവുന്ന കാര്യമല്ല അത്. ദേശീയ അന്തര്‍ ദേശീയ തലത്തില്‍ ചെയ്യേണ്ട കാര്യമാണത്. എന്നാല്‍ കഴിഞ്ഞ 21 വര്‍ഷമായി കാലാവസ്ഥാ സമ്മേളനം എന്ന പേരില്‍ ലോക രാഷ്ട്രങ്ങള്‍ ഒരു പ്രഹസനമാണ് നടത്തിവരുന്നത്. ഇപ്പോള്‍ കഴിഞ്ഞ പാരീസിലെ COP21 എന്ന സമ്മേളനം ഒരു തട്ടിപ്പാണ് എന്ന് പ്രശ്സ്ത കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജെയിംസ് ഹാന്‍സന്‍ തുറന്ന് പറഞ്ഞത് ഓര്‍ക്കുക.

ഫോസിലിന്ധന കമ്പനികള്‍ക്ക് ഈ പ്രശ്നങ്ങളെക്കുറിച്ച് 1960കള്‍ മുതലേ അറിയാമായിരുന്നു. അവര്‍ മനപ്പൂര്‍വ്വം ആ വിവരം മറച്ച് വെക്കുകയും നേരെ എതിരേയുള്ള പ്രചാരണ പരിപാടികള്‍ നടത്തുകയും ചെയ്തു. ജനങ്ങളുടെ ഇച്ഛാശക്തിയില്ലെങ്കില്‍ രാഷ്ട്രീയക്കാരെ ഫോസിലിന്ധന കമ്പനികളാവും നിയന്ത്രിക്കുക. നാം ഈ പ്രശ്നം തിരിച്ചറിഞ്ഞ് രാഷ്ട്രീയക്കാരെ കൊണ്ട് സമ്പദ്‌വ്യവസ്ഥയെ ഫോസിലിന്ധനങ്ങളില്‍ നിന്ന് മോചിപ്പിക്കാനുള്ള ശരിയായ തീരുമാനമെടുപ്പിക്കലാണ് നാം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം.

അതോടൊപ്പം വ്യക്തിപരമായി നമുക്ക് ചെയ്യാവുന്ന കാര്യങ്ങള്‍:

  1. തീര്‍ച്ചയായും മരങ്ങള്‍ വെക്കണം. പക്ഷെ അത് നമ്മേ അന്ധരാക്കരുത്. പ്രശ്നത്തിന്റെ ആഴവും പരപ്പും മനസിലാക്കാന്‍ ശ്രമിക്കണം.
  2. നമ്മുടെ ജീവിതരീതി മാറണം. കമ്പോളത്തിന് വേണ്ടി ജീവിക്കരുത്. നമുക്ക് അത്യാവശ്യമായ കാര്യങ്ങളേ നാം വാങ്ങാവൂ, ചെയ്യാവൂ. പൊങ്ങച്ചം കാണിക്കാനായി ഒന്നും ചെയ്യരുത്. ഉപഭോഗം കുറക്കുക. പൊങ്ങച്ച സംസ്കാരം പ്രചരിപ്പിക്കുന്ന സിനിമ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങള്‍ കാണാതിരിക്കുക. താരങ്ങളുടെ ആര്‍ഭാടജീവിതത്തിന് നാം പ്രചരണം നല്‍കരുത്.
  3. രാസവളങ്ങളുടെ ഉല്‍പ്പാദനവും ഫോസില്‍ ഇന്ധനങ്ങള്‍ ധാരാളം കത്തിക്കുന്നുണ്ട്. അതുകൊണ്ട് വ്യാവസായിക കൃഷിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കുക. പകരം ജൈവകൃഷിയുടെ ആഹാരം കഴിക്കുക.
  4. യാത്ര കഴിവതും ഒഴുവാക്കുക. കഴിയുമെങ്കില്‍ പൊതു ഗതാഗതം ഉപയോഗിക്കുക. സ്വന്തമായ കാര്‍ യാത്ര ഉപേക്ഷിക്കുക. നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഏസി ഓണ്‍ ചെയ്തിരിക്കരുത്.
  5. LED ബള്‍ബ് പോലുള്ള ദക്ഷത കൂടിയ ഉപകരണങ്ങള്‍ ഉപയോഗിക്കുക. എന്തെങ്കിലും ഓഫ് ചെയ്യാനാവുമെങ്കില്‍ അതാണ് ഏറ്റവും നല്ല കാര്യം. ഊര്‍ജ്ജം ലാഭിക്കുന്നത് അതി ഉത്പാദിപ്പിക്കുന്നതിന് തുല്യമാണ്.
  6. വലിയ വീട് വെക്കാതിരിക്കുക. സിമന്റുല്‍പ്പാദനം ഒരുപാട് ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്ന വ്യവസായമാണ്. അതുകൊണ്ട് ചെറിയ വീട് വെക്കുക, വീടിന് ചുറ്റും കോണ്‍ക്രീറ്റ് പാകാതിരിക്കുക.
  7. മൊബൈല്‍, ഇലക്ട്രോണിക് ഉള്‍പ്പടെയുള്ള എല്ലാ ഉല്‍പ്പന്നങ്ങളേയും അതിന്റെ അവസാനത്തെ തുള്ളി ജീവനുള്ളത് വരെ ഉപയോഗിക്കുക. ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കരുത്, പകരം LCD മൊണിറ്ററുള്ള ഡസ്ക്ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുക. ഇന്റര്‍നെറ്റ് എപ്പോഴും ഓണാക്കിയിട്ടേക്കരുത്.
  8. വീട്ടില്‍ പൊങ്ങച്ച പുല്‍ത്തകിടി വെച്ചുപിടിപ്പിക്കരുത്. പകരം മരങ്ങളും കുറ്റിച്ചെടികളും, പൂച്ചെടികളും വെക്കുക. പക്ഷേ അവക്ക് രാസവളം ഇടരുത്.
  9. പ്രാദേശികമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക
  10. സോളാര്‍ പാനലുകളും കാറ്റാടികളും സ്ഥാപിക്കുക. സൌരതാപനിലയങ്ങളാണ് നമുക്ക് യോജിച്ചത്. അവയും കാറ്റാടികളും നാട്ടില്‍ നിര്‍മ്മിക്കു. തൊഴിലവസരങ്ങള്‍ അവ നല്‍കും.

(ഇവയെക്കുറിച്ച് ധാരാളം ലേഖനങ്ങള്‍ അതത് വിഭാഗങ്ങളായി ഈ സൈറ്റില്‍ കൊടുത്തിട്ടുണ്ട്.)

ഇതില്‍ ചിലതൊക്കെ വിഷമം പിടിച്ച കാര്യമാണെന്നറിയാം. കുറഞ്ഞ പക്ഷം ഈ പൊങ്ങച്ച സംസ്കാരത്തെ പ്രചരിപ്പിക്കാതിരിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞാല്‍ അതാണ് വലിയ കാര്യം.

ഒരു മാസം കൂടി കഴിയുമ്പോള്‍ മഴ പെയ്തു തുടങ്ങും. മിക്കവാറും പേമാരിയെന്ന തീവൃ കാലാവസ്ഥയാവും അത്. ‘ചൂടോ? അതെന്തുവാ’ എന്ന് അപ്പോള്‍ ചോദിച്ചുകൊണ്ട് നാം മഴയെ ശപിക്കും. അതുവരെ നമുക്ക് ചിത്രങ്ങള്‍ കണ്ട് സായൂജ്യമടഞ്ഞ് തണുപ്പിച്ച മുറികളില്‍ കഴിയാം.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

2 thoughts on “മരം നട്ടാല്‍ തീരുന്ന പ്രശ്നമല്ല ഇത്

  1. Very informative , simple and well arranged just felt like reading a NCERT text book…!!
    But I have to disagree to some points.
    ആലുവ ശിവരാത്രി മണപ്പുറത്തു ഒരു കുട്ടി വനം ഉണ്ട്,അത്ര കുട്ടി ഒന്നും അല്ലാട്ടോ 😉
    അത് പ്രൊഫസർ സീതാരാമനും കൂട്ടരും ചേർന്നു നട്ട് വളർത്തിയത് ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല .
    അത് പോലെ മരം നടൽ വിപ്ലവങ്ങൾ നടക്കുന്നുണ്ട് നമുക്ക് ചുറ്റും.

    പിന്നെ മീഡിയ നമുക്ക് കാണിക്കുന്നതും നാം കാണുന്നതും കുറെ ഗിമിക്ക് കളും ഉടായിപ്പ് കളും ആണ് എന്നത് സത്യം ആണ്.

    ചേട്ടന്റെ ലേഖനം മരം നടൽ നിരുത്സാഹപ്പെടുത്തുന്നുണ്ടോ എന്നൊരു തോന്നൽ ..
    മരം നടൽ നടക്കട്ടെ ആ പേരിൽ നടക്കുന്ന പബ്ലിസിറ്റി സ്റ്റണ്ടുകൾ തിരിച്ചറിയാൻ ഉള്ള ബോധം സമൂഹത്തിനു ഉണ്ടായാൽ മതി.

    ആ രീതിയിൽ ഉള്ള ശ്രമം ആരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നിലാ എന്നത് ഖേദകരമാണ്

    1. നിരുത്സാഹപ്പെടുത്തുന്നുണ്ടോ എന്നൊരു തോന്നലുണ്ടാവേണ്ട കാര്യമില്ല. ഒന്നാമത്തെ പ്രവര്‍ത്തിയായി മരം നടലിനെ കൊടുത്തിട്ടുണ്ടല്ലോ.
      “ആരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നിലാ” എന്നത് സത്യമാണ്. അതിന് കാരണമാണ് ഈ ലേഖനത്തില്‍ വിവരിച്ചത്. ജനത്തിന് തീര്‍ച്ചയായും താല്‍പ്പര്യമുണ്ട്. പക്ഷേ അവരുടെ ശ്രദ്ധ പ്രശ്നത്തില്‍ നിന്ന് ബോധപൂര്‍വ്വം മാറ്റപ്പെട്ടിരിക്കുകയാണ്.
      നന്ദി സുഹൃത്തേ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )