മഴയെ പ്രതീക്ഷിച്ചുള്ള പുതിയ വൈദ്യുതോല്‍പ്പാദനം ഉപേക്ഷിക്കുക

അതിരപ്പള്ളിയില്‍ അണക്കെട്ട് വേണോ വേണ്ടയോ എന്ന തര്‍ക്കം പരിസ്ഥിതി സ്നേഹികളായ ജനങ്ങളും വൈദ്യുതി വകുപ്പിലെ ഉന്നതരും തമ്മില്‍ വീണ്ടും തുടങ്ങി. കേരളത്തിലെ വൈദ്യുതി വകുപ്പിനെ സംബന്ധിച്ചടത്തോളം വൈദ്യുതി എന്നാല്‍ ജലവൈദ്യുതി മാത്രമേയുള്ളു. ദശാബ്ദങ്ങളായി അവര്‍ ചെയ്യുന്ന പ്രവൃത്തിയില്‍ നിന്ന് അത് വ്യക്തമാണ്.

മഴയെ ആശ്രയിച്ചാണ് ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്‍ കാരണമായി ആഗോളതപനവും അതിനാലുണ്ടാകുന്ന കാലാവസ്ഥാ മാറ്റവും ലോക കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ടാക്കി. ഇനി ഭാവിയില്‍ എന്തൊക്കെ മാറ്റം വരും എന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. അങ്ങനെ വരുമ്പോള്‍ മഴ ദുര്‍ബലമോ ഇല്ലാത്തതോ ആയ കാലത്ത് നാം എങ്ങനെ വൈദ്യുതിയുല്‍പ്പാദിപ്പിക്കും എന്നത് ഒരു ചോദ്യമാണ്.

ജല വൈദ്യുത പദ്ധതികള്‍ നമുക്ക് അപൂര്‍വ്വമായ കാര്യമല്ല. നമുക്ക് അവ മാത്രമേയുള്ളു. ആ അവസരത്തില്‍ നാം കൂടുതല്‍ വൈവിദ്ധ്യമുള്ള മാര്‍ഗ്ഗങ്ങളിലേക്ക് തിരിയുകയാണ് ഉചിതം.

അതിരപ്പള്ളിയില്‍ കാടില്ല

ഈ പദ്ധതി വന്നാല്‍ മുങ്ങാന്‍ പോകുന്ന സ്ഥലം തരിശാണ്. അവിടെ കാടില്ല. പണ്ട് വെട്ടിക്കളഞ്ഞ മരത്തിന്റെ കുറ്റികളും കമ്യൂണിസ്റ്റ് പച്ചയും മാത്രമേയുള്ളു എന്നൊരു വാദം കണ്ടു. നഗരത്തിലെ കോണ്‍ക്രീറ്റ് പരപ്പിലും റോഡരികിലും മരം നട്ട് സംതൃപ്തിയടയുന്ന സമൂഹമാണ് നമ്മുടേത്. ഒറ്റപ്പെട്ട മരങ്ങള്‍ ആ സ്ഥലത്ത് ഇത്തിരി തണല്‍ നല്‍കുന്നു എന്നതൊഴിച്ച് വലിയ ഗുണമൊന്നും പൊതുവായി ചെയ്യുന്നില്ല. (കാണുക- മരം നട്ടാല്‍ തീരുന്ന പ്രശ്നമല്ല ഇത്)എന്നാല്‍ കാടുകളങ്ങനെയല്ല. കമ്യൂണിസ്റ്റ് പച്ച നിറഞ്ഞ ഈ സ്ഥലത്ത് എന്തുകൊണ്ട് നമുക്ക് ശരിക്കൊരു കാട് വളര്‍ത്തിക്കൂടാ? അതുകൊണ്ട് ആ സ്ഥലത്തെ അണകെട്ടി വെള്ളത്തില്‍ മുക്കുകയല്ല വേണ്ട്. നാം അതിനായി പ്രത്യേകിച്ചൊന്നും ചെയ്യേണ്ട. കാട് തനിയേ വളര്‍ന്നോളും. നാം ശല്യം ചെയ്യാതിരുന്നാല്‍ മാത്രം മതി.

കേരളം പരിഗണിക്കേണ്ട ഊര്‍ജ്ജോല്‍പ്പാദനം

വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഡസന്‍ കണക്കിന് മാര്‍ഗ്ഗങ്ങള്‍ ഇന്ന് ലോകത്ത് വിജയകരമായി ഉപയോഗിക്കുന്നുണ്ട്. അതില്‍ ഒന്നുമാത്രമാണ് സോളാര്‍ പാനല്‍. ജല വൈദ്യുതി വേണ്ട എന്ന പറഞ്ഞാല്‍ ഉടന്‍ തന്നെ ആളുകള്‍ കരുതുന്നത് സോളാര്‍ പാനലുകളാണ് പരിഹാരം എന്നാണ്. ഇത്തരം സങ്കുചിത ചിന്തയും വെള്ളി വെടിയുണ്ട ആശയങ്ങളും തള്ളിക്കളയണം.

വ്യക്തിപരമായ രീതിയില്‍ നമ്മുടെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ മുമ്പില്‍ വരുന്ന ലഭ്യമായ ഒരു പരിഹാരമാണ് സോളാര്‍ പാനല്‍. അപ്പോള്‍ പോലും ഊര്‍ജ്ജ ദക്ഷത എന്ന മറ്റൊരു മാര്‍ഗ്ഗവും നമ്മുടെ മുമ്പിലുണ്ട് എന്ന കാര്യം ഓര്‍ക്കണം. അപ്പോള്‍ വീട്ടില്‍ ഊര്‍ജ്ജ ദക്ഷത വര്‍ദ്ധിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സോളാര്‍ പാനലിന് വില കൂടുതലാണ്. അതുകൊണ്ട് കാശുള്ളവര്‍ക്ക് അത് സ്ഥാപിക്കാം.

എന്നാല്‍ ഒരു സര്‍ക്കാര്‍ തങ്ങളുടെ ഊര്‍ജ്ജ നയം രൂപീകരിക്കുമ്പോള്‍ ഇങ്ങനെ സങ്കുചിതമായി ചെയ്യാന്‍ പാടില്ല. ദീര്‍ഘ വീക്ഷണത്തോടെ എല്ലാ വശങ്ങളും പഠിച്ചിട്ട് വേണം ചെയ്യാന്‍. വിദേശ നിര്‍മ്മിതാമായ സോളാര്‍ പാനല്‍ വന്‍തോതില്‍ സ്ഥാപിക്കുന്നത് എളുപ്പമുള്ള പണിയാണ്. പക്ഷേ അവ നമ്മുടെ നാട്ടിലുല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ ചിലവും കുറയും ധാരാളം തൊഴിലവസരങ്ങളും കിട്ടും. എന്നാല്‍ രാജീവ് ഗാന്ധിയുടെ കാലം മുതല്‍ക്കുള്ള നയങ്ങള്‍ കാരണം നമ്മുടെ ഇലക്ട്രോണിക്സ് വ്യവസായം തകര്‍ന്നു. അതുകൊണ്ട് നമുക്കൊരിക്കലും ഏഷ്യന്‍ രാജ്യങ്ങളുമായി മല്‍സരിക്കാനാവില്ല.

ഗ്രിഡ്ഡില്‍ ബന്ധിപ്പിച്ച സോളാര്‍ പാനല്‍

ഓരോ വീട്ടിലും ബാറ്ററി ഉപയോഗിക്കുന്ന സോളാര്‍ പാനല്‍ സംവിധാനം അത്ര നല്ലതല്ല. അതിന് പകരം ബാറ്ററി ഒഴുവാക്കി ഗ്രിഡ്ഡില്‍ ബന്ധിപ്പിച്ച സോളാര്‍ സംവിധാനമാണ് വേണ്ടത്. അതുപോലെ feed-in-tariff സംവിധാനവും കൊണ്ടുവരണം. വീടുകളില്‍ നിന്ന് ഗ്രിഡ്ഡിലേക്ക് ഒഴുകുന്ന വൈദ്യുതിക്ക് ഉയര്‍ന്ന വില വീട്ടുകാര്‍ക്ക് നല്‍കണം.

എല്ലാ വീടുകളിലേ പാനലുകള്‍ ഗ്രിഡ്ഡിലേ ഘടിപ്പിക്കുക ചിലപ്പോള്‍ വിഷമകരമാകും. അതുകൊണ്ട് ഒരു കേന്ദ്രീകൃത സോളാര്‍ കമ്പനി രൂപീകരിക്കുക. ആളുകള്‍ക്ക് അതില്‍ നിക്ഷേപനം നടത്താം. കമ്പനി ആ തുകകള്‍ സമാഹരിച്ച് ഗ്രിഡ്ഡില്‍ ബന്ധിപ്പിച്ച വലിയ സോളാര്‍ നിലയങ്ങള്‍ പല സ്ഥലത്ത് സ്ഥാപിക്കാം. വീട് വാങ്ങുന്നവര്‍ വിലയുടെ ഒരു നിശ്ഛിത ശതമാനം ഈ കമ്പനിയില്‍ നിക്ഷേപിക്കണം എന്ന നിയമം കൊണ്ടുവരണം.

ബാറ്ററി എന്ന അധിക ചിലവ് ഇത് വഴി ഒഴുവാക്കാനാവും. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തന്നെ ഇത് ചെയ്യണം.

എന്നാല്‍ പുനരുത്പാദിതോര്‍ജ്ജം എന്നത് സോളാര്‍ പാനല്‍ മാത്രമല്ല. അതില്‍ സൌരതാപനിലയം, കാറ്റാടികള്‍, സമുദ്രോര്‍ജ്ജം എന്നിവയും പ്രധാനപ്പെട്ടവയാണ്. ആ രംഗത്താണ് നാം നിക്ഷേപങ്ങള്‍ നടത്തേണ്ടത്. രാത്രിയില്‍ പോലും പ്രവര്‍ത്തിക്കുന്ന സൌരതാപനിലയം ഇന്ന് ലോകത്തുണ്ട്. ഇനിയുള്ള കാലം ഇത്തരം ഊര്‍ജ്ജ സ്രോതസ്സുകളുടേയതാണ്. അവ നമ്മുടെ നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാന്‍ നമുക്ക് ധാരാളം സ്ഥിരമായ തൊഴിലവസങ്ങള്‍ സൃഷ്ടിക്കാനാവും.

നമുക്ക് ഇപ്പോള്‍ തന്നെ വളരേധികം ജലവൈദ്യുത പദ്ധതികളുണ്ട്. ഇനി ആ രംഗത്ത് നിക്ഷേപം നടത്തരുത്. ബദല്‍ മാര്‍ഗ്ഗങ്ങളിലേക്ക് മാറുക.

ഈ വിഷയത്തെക്കുറിച്ച് ധാരാളം ലേഖനങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്ന വിഭാഗങ്ങളായി കൊടുത്തിട്ടുണ്ട്:
സൗരോര്‍ജ്ജം (136)
പവനോര്‍ജ്ജം (76)
പുനരുത്പാദിതം (124)
രാത്രിയിലും പ്രവര്‍ത്തിക്കുന്ന സൗരോര്‍ജ്ജ നിലയം
അണക്കെട്ട് (8)


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ