ബാങ്ക് ലയനം എന്തുകൊണ്ട് അപകടകരം

[ആദ്യമേ പറയട്ടേ ഞാന്‍ SBT ജോലിക്കാരനല്ല. ലോക സമ്പത്തിക രംഗത്തെ പിന്‍തുടരുന്ന ഒരു സാധരണക്കാരന്‍ മാത്രമാണ്.]

SBI അസോസിയേറ്റഡ് ബാങ്കുകളെ വിഴുങ്ങാന്‍ പോകുന്നതായി വാര്‍ത്ത കേട്ടിട്ടുണ്ടാവുമല്ലോ. ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. ഇടക്കിടക്ക് ആ വാര്‍ത്ത വരും. എന്നാല്‍ ഉടന്‍ തന്നെ ആ വാര്‍ത്ത തെറ്റാണെന്നും തങ്ങള്‍ അസോസിയേറ്റഡ് ബാങ്കുകളെ നിലനിര്‍ത്തുമെന്നും പറഞ്ഞ് SBI പത്രപ്രസ്ഥാവന ഇറക്കും. ഇത് നിരന്തരം നടന്നിരുന്ന കാര്യമാണ്. കുറച്ച് മാസം മുമ്പും അത്തരം വാര്‍ത്താദ്വന്ദങ്ങള്‍ വന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ അത് കൂടുതല്‍ ഗൌരവകരമായി എന്ന് തോന്നുന്നു. കാരണം SBI വാര്‍ത്ത നിഷേധിക്കുന്നില്ല. നിയമ സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന്റെ തലേ ദിവസമാണ് അവര്‍ ബോംബേയില്‍ യോഗം കൂടി 5 ബാങ്കുകളെ ലയിപ്പിക്കുന്നു എന്ന പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പിന്റെ ചൂടില്‍ ആ വാര്‍ത്ത അധികം ശ്രദ്ധിക്കപ്പെട്ടില്ല. പതിവു പോലെ SBT ബാങ്ക് യൂണിയന്‍ ഒരു ദിവസം സമരം നടത്തി തങ്ങളുടെ പ്രതികരണം വ്യക്തമാക്കി. (സത്യത്തില്‍ സമരം SBI യില്‍ ആയിരുന്നില്ലേ വേണ്ടത്?)

SBI ഉം മറ്റ് അസോസിയേറ്റഡ് ബാങ്കുകളും തമ്മിലിപ്പോഴുള്ള ബന്ധം, അസോസിയേറ്റഡ് ബാങ്കുകള്‍ക്ക് എത്രമാത്രം സ്വയംഭരണാവകാശമുണ്ട്, നിക്ഷേപമായി ശേഖരിക്കുന്ന പണം SBI കൊണ്ടുപോകുന്നുണ്ടോ എന്നൊക്കെയുള്ളതിനെക്കുറിച്ച് പൂര്‍ണമായി ധാരണ എനിക്കില്ല. അതുകൊണ്ട് ലയനത്തെക്കുറിച്ചുള്ള പൊതുവായ കാര്യമാണിവിടെ ചര്‍ച്ച ചെയ്യുന്നത്.

ലയനം

എല്ലാത്തരം ലയനങ്ങളും ചില പ്രത്യേക ഗുണങ്ങള്‍ നേടാനാണ് ശ്രമിക്കുന്നത്. അപകട സാദ്ധ്യത കുറക്കുകയും സാമ്പത്തിക പ്രവര്‍ത്തി മെച്ചപെടുത്തുക, കമ്പനിയുടെ പ്രവര്‍ത്തന ചിലവ് കുറക്കാനായി ഡിപ്പാര്‍ട്ട്മെന്റുകളില്‍ രണ്ടിടത്തുമുള്ളവയിലൊന്നിനെ ഇല്ലാതാക്കുക തുടങ്ങിയവയാണ് ഗുണങ്ങളായി പറയുന്നത്.

ബാങ്കുകള്‍ ലയിക്കുമ്പോള്‍ ഉണ്ടാകുന്ന കാര്യങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.

ആര്‍ക്കാണ് ഗുണം

ലയനം കൊണ്ട് കേരളത്തിലേയും അതുപോലെ അതത് സംസ്ഥാനങ്ങളിലേയും ജനങ്ങള്‍-ഉപയോക്താക്കള്‍ക്ക് എന്തു ഗുണം കിട്ടും? ചെക്ക് ബുക്കിന്, ATM കാര്‍ഡിന്, SMS ന് ഒക്കെ പണം കൊടുക്കണം. SBI യുടെ നിയമപ്രകാരം നിങ്ങളുടെ അകൌണ്ടില്‍ പണം എത്തിയാല്‍ കുറഞ്ഞത് 10 രൂപാ അവര്‍ ഫീസായി പിടിക്കും. അത് നിങ്ങള്‍ തന്നെ നിങ്ങളുടെ അകൌണ്ടിലേക്ക് SBI യുടെ മറ്റൊരു ബ്രാഞ്ചില്‍ നിന്ന് പണമടച്ചാലും ഈ പിഴിയലുണ്ടാവും. ഒരിക്കല്‍ തീവണ്ടി ടിക്കറ്റെടുക്കാന്‍ ഞാന്‍ SBI അകൌണ്ടുപയോഗിച്ചു. അതിന് അവര്‍ 10 രൂപാ ഫീസ് വാങ്ങി. അതല്ല തമാശ. ആ യാത്ര നടത്താനാവഞ്ഞതിനാല്‍ പിന്നീട് ടിക്കറ്റ് റദ്ദാക്കി. IRCTC പണം അകൌണ്ടിലേക്ക് റീഫണ്ട് ചെയ്തു. അന്നേരവും ഈ ഷൈലോക്കുമാര്‍ 10 രൂപാ പിടിച്ചു. (ഓഹരിക്കമ്പോളത്തിലെ ബാങ്ക് ആര്‍ക്ക് വേണ്ടി അത് ചെയ്യുന്നു എന്ന് വ്യക്തമല്ലേ.)

നിക്ഷേപകരുടെ കാര്യമോ? പണ്ട് നിക്ഷേപങ്ങള്‍ക്ക് 12% പലിശയിട്ടിയിരുന്നു. ഇന്നത് 7% ആണ്. അത് ഇനിയും കുറയും.

ലയനത്തിന് ശേഷം ഞങ്ങള്‍ക്ക് ചെക്ക് ബുക്ക്, ATM കാര്‍ഡ്, SMS, ഫണ്ട് ട്രാന്‍സ്ഫര്‍ ഫീസുകളൊക്കെ സ്ഥിരമായി ഇല്ലാതാക്കുകയോ ഇളവ് ചെയ്യുകയോ ചെയ്യുമോ?
ലയനത്തിന് ശേഷം ഞങ്ങളുടെ നിക്ഷേപത്തിന് കൂടുതല്‍ പലിശ സ്ഥിരമായി കിട്ടുമോ?
(താല്‍ക്കാലിക ഓഫറുകളല്ല ഉദ്ദേശിക്കുന്നത്)

ഇത്തരം കാര്യങ്ങളൊന്നും അവര്‍ പറയുന്നില്ല. അതുകൊണ്ട് ബാങ്ക് ലയനം ഉപഭോക്താക്കളായ നമ്മളെ ഉദ്ദേശിച്ചുള്ളതല്ല എന്ന് ഈ ചോദ്യങ്ങളുടെ ഉത്തരത്തില്‍ നിന്ന് നമുക്ക് മനസിലാകും.

ചോയിസ് ഇല്ലാതാകുന്നു

ഏത് ലയനത്തിന്റെ ആദ്യ ഫലം എന്നത് ഉപഭോക്താക്കള്‍ക്ക് ചോയിസ് ഇല്ലാതാകുന്നു എന്നതാണ്. ഫീസിന്റെ കാര്യത്തില്‍ SBI യുടെ അത്ര കഴുത്തറക്കല്‍ SBT ചെയ്യുന്നില്ല. ഇപ്പോഴത്തെ സ്ഥിതിയില്‍ അസംതൃപ്തരായ ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍ SBT യിലേക്ക് മാറ്റാം. ലയനത്തിന് ശേഷം അത്തരമൊരു തീരുമനെടുക്കല്‍ സാദ്ധ്യമാവില്ല. കാരണം വേറെ ചോയിസ് ഇല്ല എന്ന സ്ഥിതിയിലെത്തും. ഇപ്പോള്‍ SBIയുടെ സഹ ബാങ്കുകളാണെങ്കിലും ഭാവിയില്‍ എല്ലാ ദേശസാല്‍ക്കരിച്ച ബാങ്കുകളിലേക്കും അത് വ്യാപിപ്പിക്കാനാണ് സാദ്ധ്യത.

കുത്തകയാകുന്നു

ലയനത്തിന് ശേഷം ബാങ്ക് മുമ്പത്തേക്കാള്‍ വലുതാകുന്നതിനാലും ഉപഭോക്താക്കള്‍ക്ക് മറ്റ് ചോയിസുകള്‍ ഇല്ലാതാകുന്നതിനാലും കമ്പോളത്തിലെ ഒരു കുത്തകയായി മാറുന്നു. അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് എന്ത് തീരുമാനവും ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയും. ഫീസുകളും സര്‍വ്വീസ് ചാര്‍ജ്ജുകളുമൊക്കെ വര്‍ദ്ധിച്ചാലും ആര്‍ക്കും ഒന്നും തിരിച്ച് പറയാനോ പ്രവര്‍ത്തിക്കാനോ കഴിയാത്ത അവസ്ഥയാകും ഉണ്ടാകാന്‍ പോകുന്നത്.

മുതലാളിത്ത വ്യവസ്ഥയുടെ ഗുണമായി ആളുകള്‍ പറയുന്നത് പരസ്പരം മല്‍സരിക്കുന്ന സ്ഥാപനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു എന്നതാണല്ലോ. അതാണിവിടെ ഇല്ലാതാവുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, മൂലധനത്തിന്റെ സ്വഭാവമാണെന്ന് പണ്ടേ അറിവുള്ളവര്‍ മുന്നറീപ്പ് നല്‍കിയിട്ടുള്ളതാണ്.

അമേരിക്കയിലെ സ്ഥിതി

അമേരിക്കയിലെ കാര്യമാണെങ്കില്‍ എല്ലാ രംഗത്തിലും ഇത്തരം ലയനങ്ങള്‍ നടക്കുകയാണവിടെ. മരുന്ന് കമ്പനികള്‍, എണ്ണക്കമ്പനികള്‍, വിമാനകമ്പനികള്‍, മാധ്യമ കമ്പനികള്‍, കാര്‍ഷിക കമ്പനികള്‍, ആശുപത്രികള്‍ തുടങ്ങി സമസ്ത മേഖലയിലും വന്‍ തോതില്‍ ലയനം നടക്കുന്നു.

1934 ല്‍ അമേരിക്കയില്‍ FDIC ഇന്‍ഷുറന്‍സുള്ള 14,146 വാണിജ്യ ബാങ്കുകളുണ്ടായിരുന്നു. 1985 ആയപ്പോഴേക്കും 14,417 വരെയെത്തി. എന്നാല്‍ പിന്നീട് റീഗണും ക്ലിന്റണും ഒക്കെ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കി. അത്തരം സര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായി ഇപ്പോള്‍ 5260 ബാങ്കുകളേയുള്ളു. അതായത് ബാങ്കുകളുടെ എണ്ണത്തില്‍ 64% കുറവാണ് സംഭവിച്ചിരിക്കുന്നത്.

ഇനിയും അത് കുറഞ്ഞുവരും. Federal Deposit Insurance Corporation ന്റെ തലവനായ Thomas Hoenig നടത്തിയ പഠനമനുസരിച്ച് JPMorgan Chase, Citibank, Bank of America, Wells Fargo എന്നീ വെറും നാല് ബാങ്കുകള്‍ക്ക് 2012 ലെ അമേരിക്കയുടെ മൊത്തം GDPയുടെ 97% ആസ്തിയുണ്ട്. ഈ നാല് പേര്‍ക്ക് അമേരിക്കയുടെ എല്ലാ കാര്യത്തിലും എത്രമാത്രം ഏകാധിപത്യപരമായ സ്വാധീനമുണ്ടാകും എന്നത് താങ്കള്‍ക്ക് ഊഹിക്കാവുന്നതേയുള്ള.

പൊതുമേഖലാ ബാങ്കുകളുടെ ഗുണം മനസിലാക്കിയ അമേരിക്കക്കാര്‍ ഇപ്പോള്‍ പൊതുമേഖലാ ബാങ്കുകള്‍ക്കായി ശ്രമം നടത്തുകയാണ്. ഉദാരരണത്തിന്, http://www.publicbankinginamerica.org/.

തീരുമാനമെടുക്കല്‍ കൂടുതല്‍ വിദൂരത്താകുന്നു

നേരത്തെ തിരുവനന്തപുരത്ത് എടുത്തിരുന്ന തീരുമാനങ്ങള്‍ ഇനിമുതല്‍ ഡല്‍ഹിയിലാവും എടുക്കുക. തീരുമാനമെടുക്കല്‍ വിദൂരത്താകുന്നതോടെ ബ്യൂറോക്രസി വര്‍ദ്ധിക്കുകയേയുള്ളു. അതു പോലെ ഏറ്റവും താഴെയുള്ള ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ മനസിലാവുന്നതില്‍ പിഴവുകളുണ്ടാവും.

അതായത് കാര്യങ്ങള്‍ കൂടുതല്‍ രഹസ്യാത്മകമാകും. ഉദാഹരണത്തിന് അടുത്തിടെ കണ്ട ഒരു റിപ്പാര്‍ട്ടാണ് ക്ലസ്റ്റര്‍ ബോംബ് നിര്‍മ്മാണത്തിന് SBI വായ്പ കൊടുക്കുന്നു എന്നത്. ക്ലസ്റ്റര്‍ ബോംബ് നിരോധിക്കപ്പെട്ട ബോബുകളാണ്. ഒരു വിദേശ രാജ്യമായ അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനിക്കാണ് ഈ വായ്പ കിട്ടിയത്. ഈ രാജ്യത്ത് വായ്പ വാങ്ങാനാളില്ലാഞ്ഞിട്ടാണോ അവര്‍ ഇത് ചെയ്യുന്നത്? ആഗോള മൂലധനത്തിന്റെ കളികള്‍ക്ക് നമ്മുടെ പണം എത്തിക്ക എന്ന ഉദ്ദേശമാണ് ഈ ലയനത്തിന്റേയും സ്വകാര്യവല്‍ക്കരണത്തിന്റേയും പിറകില്‍.
കൊലയാളി SBI യിലെ അകൌണ്ട് ക്ലോസ് ചെയ്യുക അവരുമായി ഇടപാട് നടത്തരുത്.

പുതിയ സേവനങ്ങള്‍ കണ്ടെത്തുന്നത് കുറയും

കണ്ടുപിടുത്തങ്ങളുടെ ആവശ്യകത കുറയും എന്നത് എല്ലാത്തരത്തിലുള്ള ലയനങ്ങളുടേയും പൊതു സ്വഭാവമാണ്. കാരണം ലയനത്തിന് ശേഷം കമ്പനി കൂടുതല്‍ വലിയ കുത്തകയായി മാറുന്നു. പിന്നെ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തി ഉപഭോക്താക്കളെ സ്വാധീനിക്കേണ്ട കാര്യമില്ലല്ലോ. ബാങ്കിന്റെ കാര്യത്തില്‍ വരുമ്പോള്‍ അത് പുതിയ സേവനങ്ങളും ഉപഭോക്തൃ പരിഗണനകളും ആണ്. ഉപഭോക്താക്കള്‍ക്ക് വേറെ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ബാങ്ക് എന്ത് ചെയ്താലും അവര്‍ സഹിച്ചോളും.

ജോലിക്കാരുടെ പ്രശ്നങ്ങള്‍

ഇരട്ടിപ്പുള്ള ഡിപ്പാര്‍ട്ട്മെന്റുകള്‍ അടച്ചുപൂട്ടാം എന്നതാണ് ലയനങ്ങളുടെ ഒരു ഗുണമായി പറയുന്നത്. അങ്ങനെ വരുമ്പോള്‍ കുറച്ച് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. അതൊരു പ്രശ്നമാണ്. അതുപോലെ ഒരുപാട് ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടിവരും. നമുക്ക് വേണ്ടാത്ത ലയനം സാദ്ധ്യമാക്കാനുള്ള ഭീമമായ മനുഷ്യാധ്വാനം കണക്കില്‍ പെടാത്ത വലിയൊരു ചിലവാണ്.

(ബാങ്കുകളില്‍ നിന്ന് മോശം അനുഭവങ്ങള്‍ ധാരാളം എനിക്കും കിട്ടിയിട്ടുണ്ട്. മിക്കവരുടേയും സ്ഥിതി അങ്ങനെയാണ്. ബാങ്കെന്നല്ല, ഏത് ഓഫീസിലും കാര്യങ്ങള്‍ അങ്ങനെയാണ്. നമ്മുടെ ജാതി വ്യവസ്ഥയുടെ ഫലമായാണ് അത്തരം സ്വഭാമമുണ്ടാകുന്നത്. അത് വേറൊരു പ്രശ്നമാണ്. എന്നാല്‍ ഇപ്പോഴുള്ള പ്രശ്നം ബാങ്ക് ജോലിക്കാര്‍ക്ക് ജോലിപോകും എന്ന് പറഞ്ഞ് അവരുടെ മാത്രം പ്രശ്നമായി കാണരുത്.
നമ്മുടെ വ്യക്തിപരമായ അനുഭവത്തെ മാറ്റിവെച്ച്, നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ഇളക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തിക്കെതിരെ ബാങ്ക് ജോലിക്കാരോടൊപ്പം നിന്ന് സമരം ചെയ്യുകയാണ് വേണ്ടത്. അതുപോലെ ഉദ്യോഗസ്ഥരും ജനങ്ങളോട് സഹായ മനസോടെ മര്യാദക്ക് പെരുമാറാന്‍ പഠിക്കുകയും വേണം. ഇനിയുള്ള കാലം ഏത് സമരവും വിജയക്കണമെങ്കില്‍ എല്ലാവരും ഒത്ത് ചേര്‍ന്ന് സമരം ചെയ്തെങ്കിലേ ശരിയാവു.)

തകര്‍ച്ചയുടെ ആഘാതം

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്. 2008 ല്‍ അമേരിക്കയിലെ സാമ്പത്തിക തകര്‍ച്ചയുടെ കാലത്ത് അധികാരികള്‍ പ്രചരിപ്പിച്ച ആശയമാണ് “Too big to fail” എന്നത്. അതായത് ബാങ്കുകള്‍ വളരെ വലുതാണെന്നും അവ കരാന്‍ പാടില്ലാത്തതാണെന്നും, അതുകൊണ്ട് ജനങ്ങളുടെ നികുതിപ്പണം അവര്‍ക്ക് കൊടുത്ത് ബാങ്കുകളെ രക്ഷിക്കണമെന്നുമാണ് അമേരിക്കയിലെ രാഷ്ട്രീയക്കാര്‍ പറഞ്ഞത്. പറഞ്ഞതുപോലെ സര്‍ക്കാര്‍ 14 ട്രില്യണ്‍ ഡോളര്‍ ധനസഹായം ബാങ്കുകള്‍ക്ക് കൊടുത്തു. ജനങ്ങളെ കുടിയിറക്കപ്പെടുന്ന അവസരത്തിലാണ് ഇത് സംഭവിച്ചത്. ജനം “Too big to fail is too big to exist” എന്ന മുദ്രാവാക്യത്തോടെ സമരം ഇപ്പോഴും തുടരുന്നു.

വലുതാകും തോറും തെറ്റുകളുണ്ടാകുന്നതിന്റെ സാദ്ധ്യതകളും വര്‍ദ്ധിക്കും. അത് വലിയ കുഴപ്പങ്ങള്‍ക്കും കാരണമാകും. വലിയ ബാങ്കിലുണ്ടാകുന്ന കുഴപ്പം വളരെ വലിയ ആഘാതമാകും സൃഷ്ടിക്കുക.

ഉദാഹരണത്തിന് 2008 ലെ അമേരിക്കയിലെ സാമ്പത്തിക തകര്‍ച്ചയുടെ തുടക്കം റിയലെസ്റ്റേറ്റ് കുമിള പൊട്ടിയതാണ്. റിയലെസ്റ്റേറ്റുമായി ബന്ധമുള്ള സാമ്പത്തിക സ്ഥാപനങ്ങളെ മാത്രം ബാധിച്ച് അവിടെ നിന്നാല്‍ മതിയായിരുന്നു. എന്നാല്‍ അതിലുള്‍പ്പെട്ടിരുന്ന ബാങ്കുകള്‍ അതിഭീമന്‍മാരായ സ്വകാര്യ ബാങ്കുകളായിരുന്നു. അവര്‍ തകരാന്‍ വിസമ്മതിച്ച്, അമേരിക്ക മൊത്തം തകരും എന്ന് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ധനസഹായം നേടിയെടുത്ത് രക്ഷപെടുകയാണുണ്ടായത്. നഷ്ടം സംഭവിച്ചത് അമേരിക്കയിലെ ജനങ്ങള്‍ക്കാണ്. അവരുടെ നികുതി പണമാണ് ബാങ്കുകള്‍ക്ക് കൊടുത്തത്. എന്നാല്‍ തകര്‍ച്ച അവിടെയും നിന്നില്ല, അത് ലോകം മൊത്തം വ്യാപിക്കുകയും യൂറോപ്പിലെ ചില രാജ്യങ്ങള്‍ തന്നെ പാപ്പരാകുകയും ചെയ്തു. സ്വന്തം സമ്പദ്‌വ്യവസ്ഥ വിദേശികള്‍ക്ക് തുറന്നുകൊടുക്കാന്‍ വെമ്പുന്നവര്‍ ഓര്‍ക്കേണ്ട കാര്യമാണ്. (നിങ്ങളുടെ പെഴ്സിലെ പണം കൈകാര്യം ചെയ്യാന്‍ അന്യനെ നിങ്ങള്‍ അനുവദിക്കുമോ?)

സ്വകാര്യവല്‍ക്കരണത്തിനായുള്ള കുറുക്കു വഴി

ബാങ്കുകള്‍ എന്നത് രാജ്യത്തിന്റെ രക്തമാണ്. ജനങ്ങള്‍ക്ക് സേവനം ചെയ്യുക എന്നതാണ് അതിന്റെ ലക്ഷ്യം. എന്നാല്‍ സ്വതന്ത്ര ഇന്‍ഡ്യയിലെ ബാങ്കുകള്‍ അടിക്കടി തകരുന്ന(അമേരിക്കയിലേത് പോലെ) അവസരത്തില്‍ അതിനൊരു പരിഹാരമായാണ് ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ ബാങ്കുകളെ ദേശസാല്‍ക്കരിച്ചത്. അത് വിജയമായിരുന്നു. ബാങ്കിങ് തകര്‍ച്ച എന്നൊരു സംഭവം നമുക്ക് ഓര്‍മ്മയിലേയില്ല. അത് വെറും ആകസ്മികമായി സംഭവിച്ചതല്ലന്ന് മനസിലാക്കുക.

ഇന്‍ഡ്യയുടെ സാമ്പത്തിക ഭദ്രതയുടെ അടിത്തറ എന്നത് ദേശസാല്‍ക്കരിച്ച ബാങ്കുകളും LIC പോലുള്ള സാമ്പത്തിക സ്ഥാപനങ്ങളുമാണ്. അതുകൊണ്ടാണ് നമ്മുടെ നാട്ടില്‍ അമേരിക്കയിലേതു പോലുള്ള സാമ്പത്തിക തകര്‍ച്ചകള്‍ സംഭവിക്കാത്തത്. അമേരിക്കയില്‍ പോലും ദേശസാല്‍ക്കരിക്കപ്പെട്ട ബാങ്കുകള്‍ 2008 ലെ സാമ്പത്തിക തകര്‍ച്ച ബാധിക്കാത്തവയായിരുന്നു. ഇപ്പോള്‍ അവിടെ ദേശസാല്‍ക്കരിക്കപ്പെട്ട ബാങ്കുകള്‍ക്കായി ജനങ്ങളുടെ മുറവിളി തുടങ്ങിയിട്ടുണ്ട്. ആ സമയത്താണ് സമ്മേഴ്സ്, ഗൈത്നര്‍ പോലുള്ള കൊള്ളക്കാര്‍ നമ്മളെ ഉപദേശിക്കാന്‍ ഇവിടെ വരുന്നത് എന്ന് ഓര്‍ക്കുക.

ഉദാരവല്‍ക്കരണ, ആഗോളവല്‍ക്കരണ നയങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ തുടങ്ങിയതോടെ ബാങ്കിങ്ങും സേവനത്തിന് പകരം ലാഭമുണ്ടാക്കാനായുള്ള ഉപകരണങ്ങളായി മാറി. സാധാരണക്കാരുടെ പേര് പറഞ്ഞ് ബാങ്കുകളുടെ ഓഹരികള്‍ കമ്പോളത്തില്‍ വിറ്റഴിച്ചു. എന്നാല്‍ സാധാരണക്കാരൊന്നും ഓഹരികള്‍ വാങ്ങില്ലെന്നും ഓഹരികളുടെ 99.9% വും അതിസനമ്പന്നരും വിദേശികളുമാണ് സ്വന്തമാക്കുന്നതെന്നും നമുക്കറിയാവുന്ന കാര്യമാണ്. നമ്മുടെ നിക്ഷേപം വാങ്ങി ഇടപാടു നടത്തി ഓഹരിയുടമകള്‍ക്ക് വേണ്ടി നമ്മളില്‍ നിന്ന് ഫീസ് വാങ്ങി കൊള്ള ലാഭം നേടുന്ന കൊള്ളക്കാരായി ബാങ്കുകള്‍ മാറി. അതുകൊണ്ടൊണ് ചെക്ക് ബുക്കിനും, ATM നും പിന്നെ ടൈംടേബിളുനുമൊക്കെ(തമാശ) നമ്മളില്‍ നിന്ന് ഫീസ് വാങ്ങുന്നത്.

SBI ഓഹരികമ്പോളത്തിലുള്ള ഒരു ബാങ്കാണ്. പടിപടിയായി സര്‍ക്കാര്‍ അവരുടെ പക്കലുള്ള ഓഹരികള്‍ പൂര്‍ണ്ണമായും വില്‍ക്കും. SBIയുമായി ലയിക്കുന്നതോടെ മറ്റ് സ്റ്റേറ്റ് ബാങ്കുകളും സ്വകാര്യവല്‍ക്കരിക്കപ്പെടുകയാകും ഫലം. എന്നാല്‍ അത് അവിടെ നില്‍ക്കില്ല. ഭാവിയില്‍ ദേശസാല്‍ക്കരിക്കപ്പെട്ട എല്ലാ ബാങ്കുകളും ഇത്തരത്തില്‍ ഓഹരിക്കമ്പോളത്തിലേക്ക് എത്തിക്കും.

ബാങ്കുകള്‍ ലാഭമുണ്ടാക്കാനുള്ള സ്ഥാപനമല്ല

കമ്പനികള്‍ ലാഭത്തിനായുള്ള സ്ഥാപനങ്ങളാണ്. എന്നാല്‍ ബാങ്ക് അങ്ങനെയല്ല. നിക്ഷേപകരാണ് ബാങ്കിനെ സൃഷ്ടിക്കുന്നത്. അവ ലാഭത്തിനായുള്ളവയല്ല. ഉത്പാദനപ്രവര്‍ത്തനത്തില്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും വേണ്ട കൃത്യ അളവ് മൂലധനം, കൃത്യ സമയത്ത്, കൃത്യ സ്ഥലത്ത് എത്തിക എന്നത് മാത്രമാണ് ബാങ്കുകളുടെ ധര്‍മ്മം. സമ്പദ്‌വ്യവസ്ഥക്ക് വേണ്ടി അവ സേവനമാണ് ചെയ്യുന്നത്. ആ സേവനത്തിന് വേണ്ട ചിലവിലേക്ക് ഉപയോക്താക്കളില്‍ നിന്നും ചെറിയ ഒരു തുക ഫീസായി വാങ്ങിയാണ് അത് ചെയ്യുന്നത്. (പക്ഷേ ആഗോളവല്‍ക്കരണത്തിന് ശേഷം ബാങ്കും ലാഭത്തിനായുള്ള കമ്പനിയായി മാറി. പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം വാങ്ങുന്ന പൊതുജനബാങ്കുകള്‍ ഊഹക്കച്ചവടത്തിന് പോകരുത്. അത് വേറൊരു പ്രശ്നം.)

സ്വകാര്യവല്‍ക്കരണം എന്നാല്‍ മെച്ചപ്പെട്ട അനുഭൂതിയുണ്ടാകാന്‍ നമ്മേ അവര്‍ സാര്‍ സാര്‍ എന്നൊക്കെ വിളിക്കുകയോ ലഘുപാനീയങ്ങള്‍ തന്ന് സന്തോഷിപ്പിക്കുകയോ ചെയ്യുക മാത്രമല്ല. ഒരുപക്ഷേ ജനത്തെ കൈയ്യിലെടുക്കാന്‍ ഇപ്പോള്‍ അവര്‍ അത്തരം മാറ്റത്തിന് തയ്യാറായേക്കും. അതല്ല കാര്യം നമ്മളില്‍ നിന്ന് ഊറ്റിയെടുക്കുന്ന പണത്തിന്റെ കാര്യത്തിലും (കാണുക സ്വകാര്യവത്കരണം എന്ന തട്ടിപ്പ്) അതിന്റെ സുരക്ഷിതത്വത്തിലുമാണ് നമുക്ക് ഭീതി.

ഉപഭോക്താക്കളും ജനങ്ങളുമാണ് അതിന്റെ ഇര. അമേരിക്കയിലേത് പോലെ അടിക്കടി സാമ്പത്തിക തകര്‍ച്ചയും ഉണ്ടാകും. തകര്‍ച്ച എന്നത് ചിലര്‍ക്ക് അതി ഭീമമായി പണം കൊയ്യാനുള്ള അവസരമാണ്. (…) അത്തരത്തിലുള്ള ഒരു ഭാവി നാം ആഗ്രഹിക്കുന്നില്ലെങ്കില്‍ സര്‍ക്കാരിനെ ഈ നടപടിയില്‍ നിന്ന് തീര്‍ച്ചയായും പിന്‍തിരിപ്പിക്കുക. അതിനുള്ള പ്രവര്‍ത്തികള്‍ ചെയ്യുക.

അതുപോലെ ബാങ്കുകളെ പഴയതു പോലെ ഒരു സേവനമായി മാറ്റുക. ബാങ്കുകള്‍ ഒരിക്കലും ലാഭമുണ്ടാക്കാന്‍ പാടില്ല. കാരണം അത് ഭാവിയിലെ തകര്‍ച്ചയുടെ മുന്നറീപ്പാണ്. നിക്ഷേപകരും ജനങ്ങളുമാണ് ഇരകള്‍. ബാങ്കുകള്‍ ഓഹരിക്കമ്പോളത്തില്‍ നിന്ന് പിന്‍മാറണം. നാം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കണം. അതിനായി എല്ലാ ബാങ്ക് ഉപഭോക്താക്കളും ചേര്‍ന്നൊരു ബാങ്ക് ഉപഭോക്തൃ സംഘം രൂപീകരിക്കണം.

മനുഷ്യനെ തമ്മിലടിപ്പിക്കുന്നത് ശ്രദ്ധമാറ്റാനാണ്. വിവാദങ്ങളെ ശ്രദ്ധിക്കാതെ, സാമ്പത്തിക രംഗത്ത് നടക്കുന്ന കാര്യങ്ങളെ സസൂഷ്മം നിരീക്ഷിക്കുക.

ഓടോ: പേരിന് മഹത്തായ ലക്ഷ്യങ്ങളുണ്ടെങ്കിലും ലയനത്തിന്റെ ഫലം മിക്കപ്പോഴും പരാജയമാണെന്നതാണ് വേറൊരു സത്യം.
#savesbt


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “ബാങ്ക് ലയനം എന്തുകൊണ്ട് അപകടകരം

  1. വാലറ്റം വങ്കിലായില്ലെ? ഈ തീരുമാനം അവര്‍ നടപ്പിലാക്കും. നമുക്കെന്ത് ചെയ്യാന്‍ കഴിയും. ഒറ്റബാങ്കിന്റെ കീഴിലാക്കുകയും നിക്ഷേപകരെപ്പറ്റി മനസിലാക്കുവാനും, നികുതി ഈടാക്കുവാനും സര്‍ക്കാരിന് ഉപകാരപ്പെടും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )