കറന്‍സിയെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്

കേന്ദ്ര സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് വലിയ ചര്‍ച്ചകള്‍ സമൂഹത്തില്‍ നടന്നുവരികയാണല്ലോ. പലരും പഴയ പാഠപുസ്തകങ്ങളെല്ലാം തപ്പിയെടുത്ത് സാമ്പത്തിക ശാസ്ത്ര വിശദീകരണങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. എല്ലാം പണത്തിന്റെ ഉപഭോക്താവ് എന്ന അധികാരികള്‍ നമ്മേ പഠിപ്പിച്ച വീക്ഷണത്തിലുള്ള വിശകലനങ്ങളാണ്. ഒരു കുടുംബം, അതില്‍ അച്ഛന്‍ അമ്മക്ക് നൂറു രൂപ കൊടുത്തു അതില്‍ നിന്ന് പത്തു രൂപ … എന്നൊക്കെയുള്ള അതീവ ലളിതവല്‍ക്കരണം അതിലെല്ലാം കാണാം. സത്യത്തില്‍ അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ്. അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ സാമ്പത്തിക അടിയന്തിരാവസ്ഥയെ നാം നമുക്ക് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള പുനര്‍വായനക്കായി ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

രണ്ട് കരം കാഴ്ചപ്പാടുണ്ട്. ഒന്ന് പണത്തെക്കുറിച്ച് താഴെ നിന്ന് മുകളിലേക്കുള്ള വീക്ഷണം. രണ്ട് പണത്തെക്കുറിച്ച് മുകളില്‍ നിന്ന് താഴേക്കുള്ള വീക്ഷണം. ഇത് രണ്ടും കൂടിച്ചേരുമ്പോഴേ സത്യം മനസിലാവൂ.

ആദ്യത്തെ വീക്ഷണത്തില്‍ പണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായ നാം അത് ഉപയോഗിക്കുന്നതില്‍ അടിസ്ഥാനപ്പെടുത്തിയതാണ്. നാം കടയില്‍ പോയി നൂറുരൂപക്ക് സാധനം വാങ്ങുന്നു, നാം ജോലി ചെയ്ത് നൂറു രൂപ സമ്പാദിക്കുന്നു, പണമില്ലാത്ത അവസ്ഥയില്‍ കടം വാങ്ങുന്നു, അതിന് പലിശ കൊടുക്കണം, കടം നമുക്ക് നഷ്ടമാണ്, എത് കുറക്കാന്‍ ശ്രമിക്കണം തുടങ്ങി അനേകം ദൈനംദിന ഉദാഹരണങ്ങളാല്‍ പണത്തെക്കുറിച്ച് താഴെ നിന്ന് മുകളിലേക്കുള്ള വീക്ഷണം നമുക്ക് കാണാം. അധികാരികള്‍ക്ക് ഗുണകരമായതിനാല്‍ ഇതില്‍ ആദ്യത്തേതാണ് അവര്‍ നമ്മേ പഠിപ്പിക്കുന്നത്. നാം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന ആശയവും അത് തന്നെയാണ്.

ഉടന്‍ തന്നെ ഈ വീക്ഷണത്തെ പെരുപ്പിച്ച് രാജ്യത്തിന്റെ തലത്തിലേക്ക് ആളുകള്‍ എത്തിക്കും. വ്യക്തിപരമായി നാം എങ്ങനെ പണത്തെ ഉപയോഗിച്ചോ അതേ രീതിയില്‍ സര്‍ക്കാരിന്റെ പണ ഉപയോഗത്തേയും വീക്ഷിക്കും. കുടുംബത്തിന് കടം എന്നത് വലിയ ഒരു പ്രശ്നമായതിനാല്‍ സര്‍ക്കാരിനും അത് വലിയ പ്രശ്നമാണ്. അതുകൊണ്ട് കടം കുറച്ചുകൊണ്ട് വരണം. സര്‍ക്കാര്‍ അതിന് അനാവശ്യമായ ചിലവുകള്‍ കുറക്കണം. പട്ടാളം, പോലീസ്, ജനപ്രതിനിധികള്‍ക്കുള്ള ശമ്പളം ഇതൊന്നും കുറക്കാന്‍ പറ്റില്ല. പിന്നെ കുറക്കാന്‍ പറ്റുന്നത് ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന സേവനങ്ങളാണ്. അതായത് വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക സ്ഥാപനങ്ങള്‍, പെന്‍ഷന്‍ തുടങ്ങി ക്ഷേമരാഷ്ട്രം എന്ന പഴയ ആശയത്തിനായി സര്‍ക്കാര്‍ പണം ചിലവാക്കേണ്ട. അത് സ്വകാര്യ മുതലാളിമാര്‍ക്ക് വിട്ടുകൊടുക്കുക എന്ന നവഉദാരവല്‍ക്കണ നയങ്ങള്‍ക്ക് അടിത്തറയിടാനാണ് പണത്തിന്റെ താഴെ നിന്ന് മുകളിലേക്കുള്ള വീക്ഷണം ലോകം മൊത്തം പ്രചരിപ്പിക്കുന്നത്.

വ്യക്തികളും സര്‍ക്കാരും തമ്മിലുള്ള ഏറ്റവും വലിയ ഒരു വ്യത്യാസം അവര്‍ ബോധപൂര്‍വ്വം മറച്ച് വെക്കുകയാണ്. അതായത് സര്‍ക്കാരിന് സ്വന്തമായി പണം അച്ചടിക്കുന്ന യന്ത്രമുണ്ട്. വ്യക്തികള്‍ക്ക് അതില്ല. അതുകൊണ്ട് വ്യക്തികളേയും സര്‍ക്കാരിനേയും താരതമ്യം ചെയ്യുന്നത് തെറ്റാണ്.

യുദ്ധത്തില്‍ പങ്കെടുക്കുന്ന സമയത്തൊഴിച്ച് ലോകത്ത് ഒരു സര്‍ക്കാരും നഷ്ടത്തിലാവില്ല. അതാണ് സത്യം. അഥവാ ഏതെങ്കിലും രാജ്യം കടത്തിലാകുന്നെങ്കില്‍ അത് ബോധപൂര്‍വ്വമാണ്. അതി സമ്പന്നരില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും നികുതി പിരിക്കാതിരിക്കുകയും, ഖജനാവിലെ പണം തട്ടിപ്പ് ന്യായങ്ങള്‍ പറഞ്ഞ് അവര്‍ക്ക് സഹായമായി നല്‍കിയും, മറ്റ് കെടുകാര്യസ്ഥതയും ആണ് കാരണം. അതിന് പരിഹാരം സര്‍ക്കാര്‍ ചിലവ് കുറക്കലോ സ്വകാര്യവല്‍ക്കരണമോ അല്ല.

വ്യക്തികളായ നമ്മേ സംബന്ധിച്ചടത്തോളം മിച്ചം വെക്കുകയും ലാഭമുണ്ടാക്കുകയും ചെയ്യുന്നത് നല്ലതാണ്. സര്‍ക്കാരിനെ നേരെ വ്യക്തിയായി കാണുമ്പോള്‍ സര്‍ക്കാരും മിച്ചം വെക്കണമെന്നും ലാഭമുണ്ടാക്കണമെന്നും എന്ന ആശയത്തെയാണ് നാം അംഗീകരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ലഭമുണ്ടാക്കാനുള്ള കമ്പനിയല്ല. അത് എല്ലാ ജനങ്ങള്‍ക്കും സേവനം ചെയ്യാനായി എല്ലാ ജനങ്ങളും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഒന്നാണ്. സര്‍ക്കാര്‍ നടത്തുന്ന കമ്പനികള്‍ ലാഭമുണ്ടാക്കണം. ലഭമുണ്ടാക്കിയിട്ടുമുണ്ട്. അത് പൊതു ഉടമസ്ഥതയിലായതിനാല്‍ ആ ലാഭം രാജ്യത്തെ മൊത്തം ജനത്തിന്റെ പേരില്‍ സര്‍ക്കാരിലെത്തുന്നു.

മുകളില്‍ നിന്ന് താഴേക്കുള്ള വീക്ഷണം

ആ വീക്ഷണമാണ് ഏറ്റവും പ്രധാനം. കാരണം താഴെനിന്ന് നോക്കുമ്പോള്‍ നമുക്ക് അധികം കാണാന്‍ കഴിയില്ല. എന്നാല്‍ മുകളില്‍ നിന്ന് നോക്കിയാല്‍ ശരിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകും. സാമ്പത്തിക വിശകല കഥപറച്ചിലുകള്‍ സാധാരണ കേള്‍ക്കുന്ന ഒരു കാര്യമാണ് പണത്തിന്റെ അച്ചടി. നൂറ് രൂപ മൂല്യമുള്ള സ്വര്‍ണ്ണം റിസര്‍വ് ബാങ്കില്‍ വെച്ചാണ് സര്‍ക്കാര്‍ നൂറു രൂപ അച്ചടിക്കുന്നത്. സ്ഥിരം ഈ കഥ കേള്‍ക്കാം. വ്യക്തിഗത വീക്ഷണത്തെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ആ ആശയം. അതായത് പണം എന്നത് സര്‍ക്കാരിനും മുകളിലായ സാര്‍വ്വലൌകികമായ ഒന്നാണെന്ന് വരുത്തി തീര്‍ക്കുകയാണ് ലക്ഷ്യം. 90% ല്‍ അധികം ആളുകളും ഈ സ്വര്‍ണ്ണ വിശ്വാസം തലയില്‍ പേറുന്നവരാണ്.

പണത്തെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ് ഇതാണ്. കഴിഞ്ഞ 45 വര്‍ഷ‍ങ്ങളിലധികമായി ലോകത്തെ ഒരു രാജ്യവും സ്വര്‍ണ്ണത്തിലടിസ്ഥാനമായി കറന്‍സികള്‍ അച്ചടിക്കുന്നില്ല. കറന്‍സികള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. നമ്മുടെ വിശ്വാസം മാത്രമാണ് അതിന് അടിത്തറയായുള്ളത്.

അല്‍പ്പം ചരിത്രം

മൂല്യമുള്ള വസ്തുക്കളായിരുന്നു ആളുകള്‍ പണ്ട് ക്രയവിക്രയം ചെയ്യാനുപയോഗിച്ചിരുന്നത്. ഇന്നത്തെ കടലാസ് പോലെയല്ല. സ്വര്‍ണ്ണം, വെള്ളി, ചെമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള നാണയങ്ങള്‍ക്ക് അതിന് തന്നത്താനെ തന്നെ മൂല്യമുള്ളവയാണ്. ആദ്യകാലത്ത് നാണയങ്ങള്‍ ഈ വിലപിടിച്ച ലോഹങ്ങള്‍ കൊണ്ടുണ്ടാക്കി. ആളുകള്‍ ആ നാണയത്തില്‍ നിന്ന് ലോഹം ചുരണ്ടി എടുത്ത് പുതിയ നാണയങ്ങള്‍ നിര്‍മ്മിക്കുമായിരുന്ന തട്ടിപ്പും നടത്തിയിരുന്നു. ബ്രിട്ടണില്‍ അത്തരക്കാരെ തടയാന്‍ ഐസക് ന്യൂട്ടണാണ് നാണത്തിന്റെ അരികില്‍ വരയിടുന്ന സമ്പ്രദായം കൊണ്ടുവന്നത്. വലിയ ശാസ്ത്രജ്ഞന്‍ എന്ന ഒരു ചിത്രമാണ് ന്യൂട്ടണിനെക്കുറിച്ച് മിക്കവര്‍ക്കുമുണ്ടാകുക. എന്നാല്‍ പണത്തിന്റെ ഗുണമേന്മ ഉറപ്പാക്കുക എന്ന ജോലിയും അദ്ദേഹം ചെയ്തിട്ടുണ്ട്. അങ്ങനെ തട്ടിപ്പ് നടത്തുന്ന അനേകം പേരെ അദ്ദേഹം കണ്ടെത്തി തൂക്കിക്കൊന്നു.

പണത്തിന്റെ കുടുംബകഥ പറയുന്നവര്‍ക്ക് ദാരിദ്ര്യത്തെക്കുറിച്ചും കഥയുണ്ട്. പണ്ടുകാലത്ത് കൂടുതല്‍ ഉത്പാദനം നടത്തി മിച്ചമുണ്ടാക്കുന്നവര്‍ സമ്പന്നരും എത്ര അദ്ധ്വാനിച്ചിട്ടും വില്‍ക്കാന്‍ കഴിയാത്ത ഉല്‍പ്പന്നങ്ങളുണ്ടാക്കിയവര്‍ പാവപ്പെട്ടവരുമായി. ഇത് വലിയ കള്ളത്തരമാണ്. മൂല്യത്തിന് സാര്‍വ്വലൌകികമായ ഒരു സ്ഥിതിയുണ്ടെന്ന കള്ളത്തരമാണ് ഇവിടെ മറച്ച് വെക്കുന്നത്.

അധികാര വ്യവസ്ഥയാണ് പണത്തിന് നിയമസാധുത കൊടുക്കുന്നത്. അധികാരം ഇല്ലാതായാല്‍ പണവും ഇല്ലാതാകും. ഇവ തമ്മില്‍ പരസ്പര പൂരകമായ ബന്ധമാണുള്ളത്. ആരാണോ പണത്തെ നിയന്ത്രിക്കുന്നത് അവരാവും രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. അതുപോലെ ആരാണോ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് അവരാവും പണത്തെ നിയന്ത്രിക്കുന്നത്. സര്‍ക്കാരിനെ ഇല്ലാതാക്കണം എന്ന വാദിക്കുന്ന അമേരിക്കയിലെ തീവൃ വലതുപക്ഷം പോലും പോലീസിനോ പട്ടാളത്തിനോ ചിലവാക്കുന്ന പണം കുറക്കണം എന്ന് പറയില്ല. കാരണം അവര്‍ക്കറിയാം സമ്പത്തിന്റെ അടിസ്ഥാനം അധികാരമാണെന്ന്. അതുണ്ടൊണ് ഡോളറിന്റെ നിയമസാധുതക്കായി അമേരിക്ക ലോകം മൊത്തം ആയിരത്തിലധികം സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇടക്കിടക്ക് ആരെക്കൊണ്ടെങ്കിലും ബോംബ് പൊട്ടിച്ച് അവരുടെ സ്ഥാനത്തിന്റെ ആവശ്യകത സ്വയം പ്രചരിപ്പിക്കുന്നത്.

ചരിത്രത്തിലേക്ക് വീണ്ടും വരാം. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞപ്പോള്‍ എല്ലാ രാജ്യങ്ങളും തകര്‍ന്ന് തരിപ്പണമായി. എന്നാല്‍ യുദ്ധത്തില്‍ പേരിന് മാത്രം വൈകി പങ്കെടുത്ത അമേരിക്കക്ക് കാര്യമായ നഷ്ടമൊന്നും സംഭവിച്ചില്ല. രണ്ട് അണുബോംബ് പരാജയം സമ്മതിച്ച ജപ്പാനിലെ ജനത്തിന്റെ തലയിലിട്ട് തങ്ങളുടെ ശക്തി പ്രകടിപ്പിച്ചു. (ജര്‍മ്മനിയെ തകര്‍ത്ത് മുന്നേറിവന്ന ചെമ്പടയെ അടക്കി നിര്‍ത്താന്‍ വേണ്ടി മാത്രമായിരുന്നു ആ ദുഷ്ടകൃത്യം) അതുകൊണ്ട് ശക്തരായ അവരുടെ താല്‍പ്പര്യപ്രകാരമായ ബ്രട്ടന്‍വൂഡ് സംവിധാനം വന്നു. ഡോളര്‍ ലോകത്തിന്റെ കറന്‍സിയായി. (ബ്രിട്ടണും മറ്റും കോളനികളെ സ്വതന്ത്രമാക്കണമെന്നതും അവരുടെ ഒരു ആവശ്യമായിരുന്നു. നമ്മളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. ചൂഷണത്തിനായുള്ള മെച്ചപ്പെട്ട സംവിധാനങ്ങള്‍ സ്ഥാപിക്കാനറിയാവുന്നതുകൊണ്ടാണ്, ഉദാഹരണത്തിന് investor state dispute court). ഡോളര്‍ ലോക കറന്‍സിയായപ്പോള്‍ നല്‍കിയ ഒരു വാഗ്ദാനം, ഡോളര്‍ തിരികെ അമേരിക്കന്‍ സര്‍ക്കാരിന് കൊടുത്താലും അപ്പോള്‍ നിങ്ങള്‍ക്ക് സ്വര്‍ണ്ണം തിരിച്ച് തരും എന്നതാണ്.

ആധുനിക കാലം

1971 ല്‍ ഫ്രാന്‍സ് അവരുടെ സ്വര്‍ണ്ണം അമേരിക്കയോട് ആവശ്യപ്പെട്ടു. കരാറുകളുണ്ടാക്കുകയും പിന്നീട് തങ്ങളുടെ സൌകര്യത്തിന് അവ ലംഘിക്കുകയും ചെയ്യുന്ന അമേരിക്ക ഡോളറിന്റെ സ്വര്‍ണ്ണത്തിലേക്കുള്ള മാറ്റം എന്ന നിയമം എടുത്തു കളഞ്ഞാണ് അതിനോട് പ്രതികരിച്ചത്. ഇതിനെ Nixon Shock എന്ന് അറിയപ്പെടുന്നു. അങ്ങനെ ലോകം മൊത്തം കറന്‍സിയുടെ സ്വര്‍ണ്ണ അടിത്തറയില്ലാതെയായി. അതായത് ചരട് പൊട്ടിയ പട്ടം പോലെയുള്ള അവസ്ഥയിലെത്തി.

2008 ലെ സാമ്പത്തിക തകര്‍ച്ച ലോക രാജ്യങ്ങളെ പുനര്‍ചിന്തക്ക് പ്രേരിപ്പിച്ചു. അങ്ങനെയാണ് ഡോളറിന് ബദലായി BRICS സംഘം രൂപീകരിച്ചു. ചൈന സ്വര്‍ണ്ണത്തിലടിസ്ഥാനമായ കറന്‍സി കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിച്ച് വരുന്നു. ഡോളര്‍ തകര്‍ന്നാല്‍ ഏറ്റവും കുഴപ്പമുണ്ടാകുന്നത് ചൈനക്കാവും. കാരണം എറ്റവും കൂടുതല്‍ ഡോളര്‍ റിസര്‍വ്വുള്ളത് അവര്‍ക്കാണ്. പക്ഷേ ലോകപോലീസ് അത് അനുവദിക്കുമോ? BRICS നെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമം വിജയത്തിലേക്ക് പോകുന്നു. ബ്രസീലില്‍ കള്ള അഴിമതി ആരോപണം നടത്തി ഒരു സ്ത്രീയായ ഭരണാധികാരിയേ പോലും രാജിവെപ്പിച്ച് അഴിമതിക്കാരനെ അധികാരത്തില്‍ കയറ്റി. (ഫെമിനിസത്തിന്റെ മുതലക്കണ്ണീര്‍ കാണുമ്പോള്‍ കഷ്ടം തോന്നും.) ഇന്‍ഡ്യയില്‍ അധികാരിയയി ഒരു മുതലാളിയുടെ ഏജന്റിന് വലിയ പ്രചാരണം കൊടുക്കുന്നു. (അസൂയകൊണ്ട് പറയുന്നതാണെന്ന് കരുതിയാല്‍ മതി.)

പക്ഷേ ഇന്നും നമ്മെക്കൊണ്ട് സ്വര്‍ണ്ണത്തിന് കഥ വിശ്വസിപ്പിക്കാന്‍ കഴിയുന്നതാണ് അധികാരികളുടെ വിജയം. ഇടത്, വലത്, മേള്‍, കീഴ് എല്ലാ പക്ഷക്കാരും അത് വിശ്വസിക്കുന്നു. ആദ്യം നാം തകര്‍ക്കേണ്ടത് ആ വിശ്വാസത്തേയാണ്. പണത്തിന് ഒരു അടിത്തറയുമില്ല. അതത് കാലത്ത് നിര്‍മ്മിക്കുന്ന നിയമങ്ങളും അത് നടപ്പാക്കുന്ന പോലീസുമാണ് അതിന് അടിത്തറ നല്‍കുന്നത്. അപ്പോള്‍ ആ നിയമങ്ങള്‍ ആര്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെടുന്നു എന്നതാണ് ചോദ്യം.

ഇപ്പോള്‍ കള്ളന്‍മാര്‍ക്ക് നാണയം ചുരണ്ടിയാല്‍ തൂക്കിലേറും എന്ന പേടി വേണ്ട. നല്ല ഉദാരണം 2008 ലെ സാമ്പത്തിക തകര്‍ച്ചയാണ്. ഒരൊറ്റ ബാങ്കു മുതലാളിയും തൂക്കുകയറില്‍ തൂങ്ങുകയോ ജയിലില്‍ പോകുകയോ ചെയ്തില്ല. തട്ടിപ്പ് നടത്തിയ ബാങ്കുകളൊന്നയ ഗോള്‍മന്‍ സാച്ചസിന്റെ ceo ആയിരുന്നു അന്ന് അമേരിക്കയുടെ ട്രഷറി സെക്രട്ടറി. revolving door എന്നാണ് ഈ സംവിധാനത്തിന് അമേരിക്കയില്‍ പറയുന്നത്. കമ്പനി മുതലാളിമാരോ അവരുടെ ജോലിക്കാരോ സര്‍ക്കാരിന്റെ ഉന്നത സ്ഥാനങ്ങളില്‍ കയറും, രാഷ്ട്രീയക്കാര്‍ തിരികെ കമ്പനിയുടെ ഉന്നത സ്ഥാനങ്ങള്‍ വഹിക്കും. അതങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിരിക്കും. ഇപ്പോഴത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ര്‍ ആരാണെന്ന് താങ്കള്‍ തന്നെ അന്വേഷിച്ച് കണ്ടെത്തിക്കോളൂ

രാജ ഭരണം അവസാനിപ്പിച്ച് നാം ജനാധിപത്യമായപ്പോള്‍ ആ സമര വീര്യത്തിലടിസ്ഥാനമായ നിയമങ്ങളാണ് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ നിര്‍മ്മിച്ചത്. അതാണ് ഇന്‍ഡ്യയുടെ പുരോഗതിക്ക് കാരണമായത്. എന്നാല്‍ ഇന്ന് ആ വീര്യമൊക്കെ കെട്ടണഞ്ഞു. ഇനി മുതല്‍ മുതലാളിമാര്‍ മുതലാളിമാര്‍ക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കും. അങ്ങനെയുള്ള കാലത്ത് പൊതു ജനം ആകും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുക, പൊതു ജനം ആകും കുറ്റവാളികളാകുക. നോട്ട് പിന്‍വലിക്കല്‍ മാമാങ്കത്തില്‍ നാം അത് വ്യക്തമായി കാണുന്ന കാഴ്ചയാണ്.

ഭാഗം 2: ഡിജിറ്റല്‍ പണം എങ്ങനെ നിര്‍മ്മിക്കുന്നു?
ഭാഗം 3: കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു
അനു 1: ബാങ്കിനെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്

എനിക്ക് സാമ്പത്തിക ശാസ്ത്രം അറിയില്ല. ഗതികേടുകൊണ്ടാണ് അത് പഠിക്കാന്‍ ശ്രമിക്കുന്നത്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )