ഡിജിറ്റല്‍ പണം അപകടകരം

500, 1000 നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പൊതുജനത്തിന് മേല്‍ വലിയ ഒരു ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ആഘാതത്തിന്റെ ഒരു ലക്ഷ്യം ജനങ്ങളെ കൊണ്ട് cashless economy യിലേക്ക് മാറാന്‍ പ്രേരിക്കുക എന്നാണെന്നും പറയുന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍, “വാട്ട്സ് ആപ്പെടുത്ത് ഫേസ്‌ബുക്കില്‍ കുത്തിയിട്ട്, യൂസർ ഐഡി വാങ്ങി എസ്.എ.എസ് അയച്ച് …” എന്ന് തുടങ്ങി ജനങ്ങളെ ഡിജിറ്റല്‍ പണം കൈകാര്യം ചെയ്യാന്‍ തയ്യാറാക്കുന്ന അക്ഷമരായ സാങ്കേതികവിദ്യാ കുതുകികള്‍ മാത്രമേയുള്ളു. നോട്ട് പിന്‍വലിക്കലിന്റെ തീ പാറുന്ന ചര്‍ച്ച നടക്കുമ്പോഴും ഡിജിറ്റല്‍ പണത്തിന്റെ കാര്യം പറയുമ്പോള്‍ എല്ലാത്തരം മാധ്യമങ്ങളിലും എല്ലാവര്‍ക്കും എതിരഭിപ്രായമില്ല. എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ രാജ്യം തയ്യാറായോ എന്ന ഒരു പ്രായോഗിക ചോദ്യം കുറച്ചുപേര്‍ ചോദിക്കുന്നതല്ലാതെ, പൊങ്ങച്ച പ്രകടനത്തിനപ്പുറം എന്താണീ കുന്തം എന്ന അടിസ്ഥാന ചോദ്യം നാം ചോദിക്കേണ്ടേ?

പേപ്പര്‍ കറന്‍സിയും ഡിജിറ്റല്‍ കറന്‍സിയും

നമുക്ക് സൌകര്യപ്രദമെന്ന് തോന്നിയാലും സാധനം എന്താണെന്ന് പരിശോധിച്ചല്ലേ നാം സാധനങ്ങള്‍ സ്വീകരിക്കാറ്. അതുകൊണ്ട് പേപ്പര്‍ കറന്‍സിയില്‍ നിന്ന് ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറിയാല്‍ നമുക്ക് എന്തൊക്കെ കിട്ടും, എന്തൊക്കെ നഷ്ടപ്പെടും എന്ന ചോദ്യമാണ് നാം ആദ്യം ചോദിക്കേണ്ടത്. പക്ഷേ ഒരു അര്‍ദ്ധരാത്രി എല്ലാ ജനാധിപത്യ മര്യാദകളേയും ലംഘിച്ച് 85% വരുന്ന കറന്‍സികള്‍ പിന്‍വലിച്ച് ബോധപൂര്‍വ്വം ആഘാതം സൃഷ്ടിക്കുക വഴി ജനത്തിന് അത്തരം ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ് അവര്‍ ചെയ്തത്.

പേപ്പര്‍ കറന്‍സിയുടെ സവിശേഷത

 • അത് ഭൌതികമായി തന്നെ നിങ്ങള്‍ക്ക് സ്വന്തമാണ്. നിങ്ങള്‍ക്കത് സ്പര്‍ശിക്കാം, പോക്കറ്റിലിടാം, മടക്കാം, പേഴ്സില്‍വെക്കാം, ഫ്രെയിം ചെയ്തുവെക്കാം ഏത് ഭൌതിക വസ്തുവിനേയും പോലെ കണക്കാക്കാം. എന്നിരുന്നാലും അതിന്റെ മൂല്യം എന്നത് ഒരു വിശ്വാസമാണെന്ന് മുമ്പെഴുതിയിരുന്നത് കണ്ടുകാണുമെന്ന് കരുതുന്നു. (കറന്‍സിയെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്)
 • നിങ്ങളാണ് അതിന്റെ ഉടമ. ആരുടേയും അനുമതിയോ, സമ്മതിയോ, ഔദാര്യമോ അതിന് വേണ്ട.
 • ആരോടും പറയാതെ അത് നിങ്ങള്‍ക്ക് ഉപയോഗിക്കാനാവും. അതായത് anonymous ആയി അത് ചിലവാക്കാം.
 • സര്‍ക്കാരിന് മാത്രമേ നോട്ട് അടിക്കാനാവൂ. വേറെ ആരും നോട്ട് അടിച്ചാല്‍ അത് കള്ളനോട്ട് ആകും.

ഡിജിറ്റല്‍ കറന്‍സിയുടെ സവിശേഷത

 • അത് ലഭിക്കാന്‍ ബാങ്കില്‍ പോകേണ്ട കാര്യമില്ല.
 • ഉപയോഗിക്കാന്‍ എളുപ്പമാണ്.

അങ്ങനെ അനേകം ഗുണങ്ങളുണ്ടെങ്കിലും പേപ്പര്‍ കറന്‍സിയുടെ മുകളില്‍ പറഞ്ഞ മൂന്ന് ഗുണങ്ങളും ഇതുവഴി നമുക്ക് നഷ്ടമാകും.

 • ഭൌതികമായ ഒരു നിലനില്‍പ്പ് ഡിജിറ്റല്‍ കറന്‍സിക്കില്ലാത്തതിനാല്‍ നമ്മളാവില്ല അതിന്റെ ഉടമ. എവിടെയോയുള്ള ഒരു സെര്‍വ്വര്‍ നമ്മുടെ സ്ക്രീനില്‍ തെളിയിക്കുന്ന നമ്പരായി മാത്രമേ അതിന് നിലനില്‍പ്പുള്ളു.
 • അതിന്റെ ഉപയോഗത്തിന് നമ്മള്‍ക്കതീതമായ ഒരു അനുമതിയുടെ ആവശ്യമുണ്ട്. ആ അനുമതി കിട്ടിയില്ലെങ്കില്‍ നമുക്ക് ഇടപാട് നടത്താനാവില്ല.
 • മറ്റൊരു കമ്പനി നല്‍കുന്ന സേവനമായതിനാല്‍ ഡിജിറ്റല്‍ കറന്‍സിക്ക് പ്രത്യേകം ഫീസും മറ്റും അവര്‍ക്ക് ചാര്‍ത്താനാവും
 • നിങ്ങളുടെ anonymity ന‍ഷ്ടപ്പെടുന്നു. നിങ്ങള്‍ നില്‍ക്കുന്ന സ്ഥാനം, ആരുമായി ഇടപാട് നടത്തുന്നു തുടങ്ങിയ എല്ലാ വിവരങ്ങളും സിസ്റ്റം അനന്തമായ കാലത്തേക്ക് രേഖപ്പെടുത്തി വെക്കുന്നു. (Edward Snowden പുറത്തുകൊണ്ടുവന്ന എല്ലാ പ്രശ്നങ്ങളും ഓര്‍ക്കുക.)
 • ഈ പണത്തിന്റെ നിര്‍മ്മാണ സ്രോതസ് പരിശോധിക്കാനാവില്ല. സ്ക്രീനിലെ വെറും ഒരു സംഖ്യമാത്രമാണത്.

എന്നിരുന്നാലും ഈ ഈ കുഴപ്പങ്ങള്‍ ഒഴുവാക്കി ഡിജിറ്റല്‍ കറന്‍സികള്‍ വേണമെങ്കില്‍ നിര്‍മ്മിക്കാനാവും. എന്നാല്‍ ഇവിടെ ഡിജിറ്റല്‍ കറന്‍സി അടിച്ചേല്‍പ്പിക്കുന്നവരെ സംബന്ധിച്ചടത്തോളം അവരുടെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ അവര്‍ അത് ചെയ്യില്ല.

കടുത്ത സാങ്കേതികവിദ്യാവാദികള്‍ക്കും ഫാഷന്‍ പ്രേമികള്‍ക്കും പൊങ്ങച്ചക്കാര്‍ക്കും ഇതൊക്കെ പുഛിച്ച് തള്ളാനുള്ള വെറും ആരോപണങ്ങള്‍ മാത്രമാവും. പ്രായോഗികമായി പല കാര്യങ്ങളും അവര്‍ക്ക് നിര്‍ദ്ദേശീക്കാനുമുണ്ടാകും. എന്നാല്‍ കാര്യങ്ങള്‍ ഇതിലും കൂടുതല്‍ സങ്കീര്‍ണമാണ്. അതിനാല്‍ ആ പ്രായോഗിക പ്രശ്നങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.

താരതമ്യ പഠനം

ശരി നാം cashless economy യിലേക്ക് പോകുകയാ എന്ന് പറഞ്ഞ് എടുത്തു ചാടേണ്ട കാര്യമുണ്ടോ? മദ്ധ്യവര്‍ഗ്ഗത്തിന്റെ സാങ്കേതികവിദ്യാ പൊങ്ങച്ചത്തിനും സമ്പന്ന രാജ്യങ്ങളില്‍ ജീവിക്കുന്ന അവരുടെ മക്കളും മരുമക്കള്‍ ഫോണിലൂടെ അറിയിക്കുന്ന വാഴ്തലുകള്‍ക്കുമപ്പുറം ഈ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് എന്ത് നമുക്കറിയാം. സമ്പദ്‌വ്യവസ്ഥയിലെ 97% പണവും ഡിജിറ്റല്‍ ആയ ബ്രിട്ടണിലെ 10% MP മാര്‍ക്ക് പോലും പണം എങ്ങനെയുണ്ടാവുന്നു എന്ന് അറിയില്ല. അപ്പോള്‍ ഈ രംഗത്തെ നമ്മുടെ കാര്യം പറയാനുണ്ടോ? അതുകൊണ്ട് നമുക്ക് വളരെ മുമ്പേ ഡിജിറ്റലായ ആ രാജ്യങ്ങളിലെ സ്ഥിതി നാം ഒന്ന് നിരീക്ഷിക്കണം. അതിന് ശേഷമേ എടുത്ത് ചാടാവൂ.

അല്‍പ്പം ചരിത്രം

1844 ന് മുമ്പ് ബ്രിട്ടണില്‍ നോട്ടുകള്‍ അടിച്ചിരുന്നത് സ്വകാര്യ ബാങ്കുകളായിരുന്നു. തങ്ങളുടെ കൈവശമുള്ള സമ്പത്തിലും അധികം നോട്ടുകള്‍ അടിച്ചിറക്കി സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയതിനെ തുടര്‍ന്ന് 1844 ല്‍ യാഥാസ്ഥിതിക സര്‍ക്കാര്‍ Bank Charter Act കൊണ്ടുവന്ന് സ്വകാര്യ ബാങ്കുകളെ നോട്ട് അടിക്കുന്നതില്‍ നിന്ന് വിലക്കുകയും ആ ചുമതല Bank of England ന് കൊടുക്കുകയും ചെയ്തു. നമ്മുടെ റിസര്‍വ്വ് ബാങ്ക് പോലുള്ള ബ്രിട്ടണിലെ ബാങ്കാണത്. ഒരു ശതാബ്ദത്തിലധികം കാലം ആ രീതി തുടര്‍ന്നു വന്നു. അതായത് നോട്ട് അടിക്കാന്‍ സര്‍ക്കാരിന് മാത്രമേ അവകാശമുള്ളു. 1971 വരെ കൈവശമുള്ള സ്വര്‍ണ്ണത്തിന്റെ അടിസ്ഥാനമായി ആയിരുന്നു ലോകത്തെ എല്ലാ കറന്‍സികളും അടിച്ചിരുന്നത്. എന്നാല്‍ 1971 ല്‍ നിക്സണ്‍ ആ അടിസ്ഥാനം ഇല്ലാതാക്കി (ഭാഗം 1). അപ്പോഴും സര്‍ക്കാരായിരുന്നു കറന്‍സികളുടെ നിര്‍മ്മാണം നടത്തിയിരുന്നത്. നമ്മുടെ രാജ്യത്ത് ആ ജോലി ചെയ്യുന്നത് റിസര്‍വ്വ് ബാങ്ക് ആണ്. മിക്ക രാജ്യങ്ങളിലും സെന്‍ട്രല്‍ ബാങ്ക് എന്നാണ് അതിനെ വിളിക്കുന്നത്. അമേരിക്കയില്‍ അത് ഫെഡറല്‍ റിസര്‍വ്വ് ആണ്. സാമ്പത്തിക വളര്‍ച്ച, നശിച്ച് പോകുന്ന നോട്ടുകള്‍, ബാങ്കുകാരുടെ കളികള്‍ തുടങ്ങിയ പല കാര്യങ്ങളും കണക്കാക്കി അവര്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് ഓരോ വര്‍ഷവും പുതിയ നോട്ടുകള്‍ അടിച്ചിറക്കിയിരുന്നു. അടിക്കുന്നത് കൂടുതലോ കുറവോ ആയാല്‍ പണപ്പെരുപ്പമോ, പണഞെരുക്കമോ ആകും ഫലം. അതുകൊണ്ട് സര്‍ക്കാര്‍ വളരെ സൂക്ഷിച്ചാണ് മിക്കപ്പോഴും നോട്ട് അടിക്കുന്നത്.

1980കള്‍ക്ക് ശേഷം കമ്പ്യൂട്ടര്‍ വ്യാപകമായി ബാങ്കിങ് മേഖലയില്‍ ഉപയോഗിച്ച് തുടങ്ങി. നിങ്ങളുടെ പണം കമ്പ്യൂട്ടര്‍ സ്ക്രീനിലെ ഒരു അക്കങ്ങളായി മാറി. സ്വര്‍ണ്ണത്തിന് പകരം ബാങ്ക് നല്‍കുന്ന പേപ്പര്‍ ഉപയോഗിച്ചത് പോലെ ആളുകള്‍ക്ക് സ്ക്രീനിലെ അക്കങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യാനുമുള്ള സംവിധാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഡബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് (സിനിമ: ക്രഡിറ്റ് കാര്‍ഡിന്റെ രഹസ്യ ചരിത്രം), ഓണ്‍ലൈന്‍ ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് തുടങ്ങി അനേകം സംവിധാനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഇന്ന് ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയില്‍ 95% ല്‍ അധികം പണവും ഇത്തരത്തില്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ്. ഉദാഹരണത്തിന് ബ്രിട്ടണിലെ സമ്പദ്‌വ്യവസ്ഥയില്‍ വെറും 3% മാത്രമാണ് സര്‍ക്കാര്‍ അച്ചടിക്കുന്ന കറന്‍സികളും നാണയങ്ങളും. ബാക്കി 97% പണവും ഡിജിറ്റല്‍ കറന്‍സിയായാണ് നിലനില്‍ക്കുന്നത്.

അവ നമുക്ക് വളരെ വളരെ സൌകര്യപ്രദമായ ഉപയോഗം ആണ് നല്‍കുന്നത്. അതിനാല്‍ നേരത്തെ തന്നെ ഡിജിറ്റല്‍ കറന്‍സികളുടെ cashless economy യിലേക്ക് മാറിയ പൊങ്ങച്ചക്കാരും സാങ്കേതിവിദ്യാവാദികളും എല്ലാം നടത്തുന്ന ഈ സൌകര്യങ്ങളുടെ പുകഴ്ത്തല്‍ മാത്രമേ ഇപ്പോള്‍ എവിടെയും കേള്‍ക്കുാന്നുള്ളു. എന്നാല്‍ ഈ പണം എവിടെനിന്നു വന്നു എന്ന് ആരും ചോദിക്കാറില്ല.

ബാങ്കിങ്ങിന്റെ തട്ടിപ്പ്

നമുക്കെല്ലാം അറിയാവുന്നതാണ് ബാങ്കിന്റെ പ്രവര്‍ത്തനം അല്ലേ? നാം നമ്മുടെ അകൌണ്ടില്‍ മിച്ചം വരുന്ന ചെറിയ തുകയിടുന്നു. അങ്ങനെ അനേകം പേര്‍ നിക്ഷേപിക്കുന്ന പണത്തില്‍ നിന്ന് പണത്തിന്റെ ആവശ്യമുള്ളവര്‍ക്ക് ബാങ്ക് വായ്പ കൊടുക്കുന്നു. അവരില്‍ നിന്ന് ഈടാക്കുന്ന പലിശയുടെ ഒരു പങ്ക് നിക്ഷേപകര്‍ക്കും ബാക്കി ബാങ്കും എടുക്കുന്നു. അതാണ് നമുക്ക് അറിയാവുന്ന ബാങ്കിങ്, അല്ലേ? എന്നാല്‍ ആധുനിക ബാങ്കിങ്ങിനെ സംബന്ധിച്ചടത്തോളെ ഇത് ശുദ്ധ വിവരക്കേടാണ്. (ഭാഗം 4). പേപ്പര്‍ കറന്‍സി സ്വര്‍ണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് അടിക്കുന്നതെന്ന വിശ്വാസം പോലെയുള്ള ഒരു വിവരക്കേട്.

പണം അഥവാ കടം

1704 ലെ Promissory Notes Act ന് ശേഷമാണ് ഇതെല്ലാം തുടങ്ങിയത്. അതോടുകൂടി കടം എന്നത് ഒരു ‘negotiable’ ഉപകരണമായി മാറി. സമ്പദ്‌വ്യവസ്ഥ cashless ആയതോടെ ഈ പ്രവര്‍ത്തിയുടെ തീവൃതയും വേഗതയും വര്‍ദ്ധിച്ചു. ആ തോതില്‍ ബാങ്കുകളുടെ ലാഭവും വര്‍ദ്ധിച്ചു. cashless economy യിലെ വലിയ സൌകര്യത്തിന്റെ ശരിക്കുള്ള ഫലം എന്നത് പണത്തിന്റെ നിര്‍മ്മാണത്തെ നാം സ്വകാര്യവല്‍ക്കരിച്ചു എന്നതാണ്. അതായത് കള്ളനോട്ടടിക്കാരന്‍ ചെയ്യുന്ന പ്രവര്‍ത്തി. ഇപ്പോള്‍ അത് വലിയ ബാങ്കുകളാണ് ചെയ്യുന്നത് എന്ന് മാത്രം.

2014 മാര്‍ച്ചില്‍ Bank of England പുറത്തുവിട്ട “Money Creation in the Modern Economy” എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു:
“വാണിജ്യ ബാങ്കുകള്‍ പുതിയ ലോണ്‍ കൊടുക്കുമ്പോള്‍ ബാങ്ക് ഡിപ്പോസിറ്റിന്റെ രൂപത്തില്‍ അവര്‍ പണം നിര്‍മ്മിക്കുന്നു. ഉദാഹരണത്തിന് ആരെങ്കിലും ഒരു വീട് വാങ്ങാന്‍ കടം എടുക്കുന്നുണ്ടെങ്കില്‍ അതിന് ആയിരക്കണക്കിന് പൌണ്ട് ബാങ്ക് നോട്ടുകള്‍ കൊടുത്താവില്ല അത് ചെയ്യുന്നത്. പകരം അത് അവരുടെ ബാങ്ക് അകൌണ്ടില്‍ വായ്പയുടെ വലിപ്പത്തിന് തുല്യം തുക ക്രഡിറ്റ് ചെയ്യുകയാണ്. ആ നിമിഷം പുതിയ പണം നിര്‍മ്മിക്കപ്പെടുന്നു” – bankofengland.co.uk

നിങ്ങള്‍ വീട് വാങ്ങാനായുള്ള വായ്പക്കായി ബാങ്കിനെ സമീപിക്കുമ്പോള്‍ ബാങ്ക് നിങ്ങള്‍ക്ക് തിരിച്ചടക്കാന്‍ കഴിയുമോ ഇല്ലയോ എന്നൊക്കെയുള്ള നിങ്ങളുടെ യോഗ്യതകള്‍ പരിശോധിക്കുന്നു. തൃപ്തികരമെന്ന് തോന്നിയാല്‍, മാസം തോറും ഇത്ര പണം പലിശ സഹിതം തിരിച്ചടച്ചോളും എന്ന നിങ്ങളുടെ കടപ്പാടിന്റെ അടിസ്ഥാനത്തില്‍ മുമ്പ് പറഞ്ഞ പോലെ ബാങ്ക് പണം വായുവില്‍ നിന്ന് സൃഷ്ടിച്ച് നിങ്ങളുടെ അകൌണ്ടില്‍ ക്രഡിറ്റ് ചെയ്യുന്നു. അങ്ങനെ നമ്മുടെ അകൌണ്ടിലെ ആ കടം കിട്ടിയ പണം നാം സിമന്റ് വാങ്ങാനായി ചിലവാക്കുമ്പോള്‍ നമ്മുക്ക് കിട്ടിയ കടത്തിന്റെ ഒരു ഭാഗം സിമന്റ് കടക്കാരന് നല്‍കുകയാണ്. അയാള്‍ അത് പച്ചക്കറിവാങ്ങാന്‍ ചിലവാക്കുമ്പോള്‍ പച്ചക്കറിക്കച്ചവടക്കാരനും കടത്തിന്റെ ഒരു പങ്ക് കിട്ടുന്നു. അങ്ങനെ മുകളില്‍ നിന്ന് നോക്കുമ്പോള്‍ നമ്മുടെ കൈവശമുള്ള പണം എന്ന് പറയുന്നത് സത്യത്തില്‍ മറ്റാരെങ്കിലും എടുത്ത കടമാണ്. ഇനി നിങ്ങള്‍ നിങ്ങളുടെ കടം വീട്ടിക്കഴിയുമ്പോള്‍ ആദ്യം നിര്‍മ്മിക്കപ്പെട്ട പണം നശിക്കുന്നു. നിങ്ങള്‍ മാസം തോറും അടക്കുന്ന പലിശ ബാങ്കിന്റെ ലാഭമാണ്. ശൂന്യതയില്‍ നിന്ന് കിട്ടുന്ന ലാഭം. അത് അവര്‍ കീശയിലിടുന്നു.

പ്രത്യാഘാതം

ഈ വ്യവസ്ഥ ബാങ്കുകള്‍ക്ക് 1844 ന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് പോകാന്‍ സൌകര്യം കൊടുക്കുകയാണ്. അതായത് ബാങ്കുകള്‍ തന്നെ നോട്ട് അച്ചടിക്കുന്ന അവസ്ഥ. സമ്പദ്‌വ്യവസ്ഥ അസ്ഥിരമാകുകയും, പണവും അധികാരവും കേന്ദ്രീകരിക്കുകയും, അസമത്വം വര്‍ദ്ധിക്കുകയുമാകും ഫലം. കിട്ടുന്ന പലിശ മുഴുവന്‍ ലാഭമായതിനാല്‍ നല്ല കാലത്ത് കൂടുതല്‍ കടം കോടുക്കണം എന്ന പ്രവണത ബാങ്കുള്‍ക്ക് കൂടിവരും. കൂടുതല്‍ ആളുകള്‍ വാങ്ങുന്നത്, ദൌര്‍ലഭ്യമുള്ള ഭൂമി, വീട് പോലുള്ള വസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകും. മോശം കാലത്ത് തിരിച്ചും. എന്നാല്‍ പണത്തിന്റെ നിര്‍മ്മാണം നേരെ തിരിച്ചാണ് വേണ്ടത്, നല്ല കാലത്ത് കുറവും മോശം കാലത്ത് കൂടുതലും. ബാങ്കാണ് പണം നിര്‍മ്മിക്കുന്നതെങ്കില്‍ അവര്‍ അത് ചെയ്യില്ല. 2008 ന്റെ സാമ്പത്തിക തകര്‍ച്ചയില്‍ അത് വ്യക്തമായിരുന്നല്ലോ.

എന്താണ് നമുക്ക് വേണ്ടത്

സാങ്കേതികവിദ്യ മൊത്തം കുഴപ്പമാണെന്നും, എല്ലാം ഉപേക്ഷിക്കണമെന്നും ഒന്നുമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സമ്പന്ന രാജ്യങ്ങളില്‍ തന്നെ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തായി അവിടെ ജനകീയമായ ശ്രമം നടക്കുന്നുണ്ട്. നമ്മുടെ നാട്ടിലും അത്തരം ശ്രമമാണ് ഉണ്ടാവേണ്ടത്. കള്ളപ്പണം, പാകിസ്ഥാന്‍, ഭീകരവാദം എന്ന സ്ഥിരം തട്ടിപ്പുകള്‍ കേട്ട് സ്വയം ഊളകളാവരുത്. (97% പണവും ഡിജിറ്റല്‍ കറന്‍സിയായാ ബ്രിട്ടണും അമേരിക്കയുമാണ് ലോകത്തിലെ ഏറ്റവും വലിയ കള്ളപ്പണ സമ്പദ്‌വ്യവസ്ഥകള്‍)

മുകളില്‍ പറഞ്ഞ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനം Fractional reserve banking ആണ്. അത് പുതിയ കാര്യമൊന്നുമല്ല. പക്ഷെ ബാങ്ക് പുതിയതായി നിര്‍മ്മിക്കുന്ന പണത്തിന് തുല്യമായി റിസര്‍വ്വ് ബാങ്ക് കൂടുതല്‍ കറന്‍സി അച്ചടിക്കേണ്ടത് ഒരു പ്രശ്നമാണ്. എന്നാല്‍ സമ്പദ്‌വ്യവസ്ഥ cashless ആയാല്‍ ആ പ്രശ്നം പരിഹരിക്കാനാവും. അതിനാണ് കോര്‍പ്പറേറ്റുകളാല്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ ഡിജിറ്റല്‍ സ്നേഹത്തിന്റെ അടിസ്ഥാനം.

cashless economy ഒക്കെ നല്ലതാണ്. പക്ഷേ ജനങ്ങളാവണം അതിന്റെ ഉടമ. സുതാര്യമായാവണം തീരുമാനങ്ങളെടുക്കേണ്ടത്. തീരുമാനങ്ങള്‍ ജനകീയമാകണം. Fractional reserve banking ഉപേക്ഷിച്ച് Full Reserve Banking ലേക്ക് പോകാനുള്ള അവസരമൊരുക്കുന്ന ചര്‍ച്ചകളുണ്ടാകണം. സാങ്കേതികവിദ്യയുടെ മേന്മകളെക്കുറിച്ച് നാം പറയുന്നതോടൊപ്പം അതിന്റെ രാഷ്ട്രീയ വശത്തെക്കുറിച്ച് ചോദ്യം ചെയ്യാനും ചര്‍ച്ച ചെയ്യാനും തയ്യാറാവണം. അല്ലെങ്കില്‍ നാം സ്വയം ആപ്പ് കേറ്റുന്ന അവസ്ഥയിലെത്തും.

ഭാഗം 1: കറന്‍സിയെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്
ഭാഗം 3: കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു
അനു 1: ബാങ്കിനെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്

End fractional reserve banking

കൂടുതല്‍ വിവരങ്ങള്‍:

സിനിമ: പണം എവിടെ നിന്ന് വന്നു
സിനിമ: റിയല്‍ എസ്റ്റേറ്റ് മോചനദ്രവ്യത്തിന് വേണ്ടി
സിനിമ: കടാധിപത്യം – ഡറ്റോക്രസി
സിനിമ: പണം അധവാ കടം

ഓടോ:എനിക്ക് സാമ്പത്തിക ശാസ്ത്രം അറിയില്ല. ഗതികേടുകൊണ്ടാണ് അത് പഠിക്കാന്‍ ശ്രമിക്കുന്നത്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “ഡിജിറ്റല്‍ പണം അപകടകരം

 1. നാളെയുടെ പണമിടപാടില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ വഴിയും ആ-കൊമേഴ്സ് സംവിധാനത്തിലൂടെയുമാണു്. പക്ഷേ ഇന്ത്യയെപ്പോലെ ഒരു വികസ്വര രാജ്യത്തു് ഇത് രണ്ട് രീതിയില്‍ പ്രതിഫലിക്കും. പൊതുമേഖലാ ബാങ്കുകളില്‍ നിന്നു് കുത്തകകള്‍ക്ക് വഴിവിട്ട സഹായം ചെയ്തതാണു് ലോകപോലീസിന്റെ സാമ്പത്തിക ഭദ്രത തകര്‍ന്നത്. ഇന്ത്യയെ അത് ഒട്ടും ബാധിക്കാതിരുന്നത് കേവലം ഒരു പുസ്തകത്തിലെ സംഖ്യയായല്ല, ശരിയായ പണം അവന്റെ കൈവശം ഉണ്ട് എന്നുള്ളതു് തന്നെ. അതിനാല്‍ത്തന്നെ പണം എന്നത് ഇ-മണി സംവിധാനത്തോടൊപ്പം കറന്‍സിയായും നിലനില്‍ക്കേണ്ടത് അത്യാവശ്യമാണു്. ലോകത്തെ ഇന്റര്‍നെറ്റിനെ കൈകാര്യം ചെയ്യുവാന്‍ ശേഷിയുള്ള ഏതൊരു വന്‍കിട രാജ്യത്തിനും ഇവിടുത്തെ ബാങ്കിം ഇടപാടുകളെ തകര്‍ക്കാന്‍ ശ്രമം നടത്താം. അക്കൌണ്ട് ബാലന്‍സുകള്‍ കറന്‍സിയായി നിലനിന്നില്ലെങ്കില്‍ എന്ത് പ്രത്യാഘാതവും അതിന്റെ പരിണിതഫലമായി ഉടലെടുക്കാം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )